
-----------------------------------
ഒന്നാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:
ദിവസങ്ങൾ കടന്നു പോയി. മാളവിക പുതിയ കോളേജിലെ അന്തരീക്ഷവുമായി ഏതാണ്ട് പൊരുത്തപ്പെട്ടു. പുതിയ കൂട്ടുകെട്ടുകൾ കിട്ടിയെങ്കിലും അതിൽ മതിമറന്നു പോകാതിരിക്കാൻ അവൾ പ്രേത്യേകം ശ്രദ്ധിച്ചു. അമ്മാവന്റെ വാക്കുകൾ ഓരോന്നും അവൾ ഇടയ്ക്കിടെ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ് അവൾ എന്നത് അവൾ പലരിൽ നിന്നും മറച്ചു വക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അതുപറയുമ്പോൾ സഹതാപം നിറഞ്ഞ നോട്ടം നേരിടേണ്ടി വരുമെന്നത് എന്നും അവൾക്ക് വേദന നിറഞ്ഞ കാര്യമായിരുന്നു.
കോളേജിലെ റാഗിങ്ങിനെപ്പറ്റി പലതവണ അവൾ കേട്ടിട്ടുണ്ടെങ്കിലും ദിവസങ്ങൾ ഇത്ര കടന്നു പോയിട്ടും അത് നേരിടേണ്ടി വന്നില്ല. സീനിയേഴ്സ് പലരും പരിചയപ്പെടുവാൻ വന്നെങ്കിലും അതൊന്നും ഒരു റാഗിങ് ആണെന്ന് അവൾക്ക് തോന്നിയില്ല. പക്ഷെ പലയിടത്തും പെൺകുട്ടികളെ സീനിയർ ചേട്ടന്മാർ പിടിച്ച് നിർത്തി റാഗ് ചെയ്ത് കരയിപ്പിച്ചു എന്നവൾ കേട്ടിരുന്നു. അതുകൊണ്ട് തന്നെ ഭയത്തോടെ ആണ് ഓരോ ദിവസവും അവൾ കോളേജിലേക്ക് വന്നുകൊണ്ടിരുന്നത്.
പക്ഷെ അധിക നാൾ രക്ഷപെട്ടു നടക്കാൻ അവൾക്കായില്ല. ഒരു വൈകുന്നേരം ക്ളാസ് കഴിഞ്ഞ് പോകാൻ നേരം അവൾ അവരുടെ കണ്ണിൽ പെടുക തന്നെ ചെയ്തു. ഒഴിഞ്ഞു മാറി പോകാൻ അവൾ ശ്രമിച്ചെങ്കിലും നടന്നില്ല.
"എവിടേക്കാടി രക്ഷപ്പെട്ടോടാൻ നോക്കുന്നത്?"
മാളവിക ഒന്നും മിണ്ടാതെ നിന്നു. ഭയം കൊണ്ട് അവളുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു. അവളുടെ മുഖത്തെ ഭീതി ഒരു ഹരം പോലെ അവർ ആസ്വദിക്കുകയും ചെയ്തു.
"എന്താടി നിന്റെ പേര്?"
"മാളവിക."
"എവിടാ നിന്റെ വീട്?"
"കാരക്കാട്."
"കാരക്കാട് എവിടെ?"
മാളു വീട് എവിടെയാണെന്ന് വിസ്തരിച്ച് പറയാൻ അല്പം മടിച്ചു.
"ചോദിച്ചത് കേട്ടില്ലേ...?"
"പള്ളിയുടെ അടുത്താ..."
"ഹ്മ്... നിനക്ക് പാട്ട് പാടാൻ അറിയാമോ?"
"ഹ്മ്..."
"വായ തുറന്ന് പറയെടി.."
"അറിയാം."
"എന്നാ നീ ഒരു ഡാൻസ് കളിക്ക്."
അവൾ ആകെ വിഷമിച്ചു. ഡാൻസ് ചെയ്യാൻ അറിയാമെങ്കിലും അങ്ങനെ ഒരു സാഹചര്യത്തിൽ അത് ചെയ്യാൻ സാധിക്കില്ലെന്ന് അവൾക്കറിയാം. കോളേജ് ഗേറ്റിന് പുറത്ത് റോഡിൽ നിന്നാണ് അവരുടെ ആക്രമണം. അവൾ വല്ലാതെ വിഷമിച്ചു. അവരുടെ മുഖഭാവം അവളിൽ ഭയം ജനിപ്പിക്കുകയും ചെയ്തു.
"എന്താ ഇത്ര താമസം..?"
"അത്.. ചേട്ടാ... എനിക്ക്..."
"നിനക്ക്...?"
"എനിക്ക്... എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ല."
"ആഹ്... അറിയുന്ന പോലെ മതി."
"ചേട്ടാ... പ്ലീസ് എനിക്കറിയില്ല."
"പറ്റില്ല. നീ ഡാൻസ് കളിച്ചിട്ടേ ഇന്നിവിടന്നു പോകുള്ളൂ."
"ചേട്ടാ.. എനിക്കറിയില്ല. വേണേൽ ഞാൻ ഒരു പാട്ട് പാടാം. എന്നോട് ഡാൻസ് ചെയ്യാൻ പറയരുത്."
അത്രയും പറയുമ്പോഴേക്കും അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.
"നീ ഡാൻസ് കളിക്കും. ഇല്ലെങ്കിൽ നിന്നെ ഞങ്ങൾ ആകെ മൊത്തം വർണ്ണിക്കും. നിന്റെ ഓരോ ശരീരഭാഗങ്ങളും ഞങ്ങൾ വിസ്തരിച്ച് വർണ്ണിക്കും. അത് മുഴുവൻ കേൾക്കാൻ ഉള്ള ശക്തി നിനക്കുണ്ടോ..? നീ ഒരു കൊച്ചു സുന്ദരിയാണല്ലോടി..?"
അത്രയും കൂടി കേട്ടപ്പോൾ അവളാകെ തകർന്നു പോയിരുന്നു. കണ്ണുനീർ ഇടതടവില്ലാതെ താഴേക്കൊഴുകി. വേദനയോടെ അവൾ നിന്നു. മുഖമുയർത്തി നോക്കാൻ പോലും അവൾ ഭയന്നു.
"എന്താടാ അവിടെ..?"
പെട്ടെന്നൊരു ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു. അത്രയും നേരം വല്ലാത്തൊരു ലഹരിയോടെ നിന്നിരുന്ന സീനിയേഴ്സിന്റെ മുഖം പെട്ടെന്ന് മങ്ങി. പതിയെ അവിടെ നിന്നും വലിയാനും പലരും ശ്രമം നടത്തി.
"റാഗിങ്ങാണോടാ...?"
"അല്ല സർ... ഞങ്ങൾ ചുമ്മാ പരിചയപ്പെടാൻ.."
"ഹ്മ്... ഉവ്വ... എന്നിട്ടാണോ ഈ കുട്ടി കരയുന്നത്...?"
അവർ ചമ്മിയത് പോലെ തലതാഴ്ത്തി നിന്നു.
"ഞാൻ കുറച്ച് നേരമായി നോക്കുവായിരുന്നു. ജൂനിയേഴ്സ് പെൺപിള്ളേർ വന്നിറങ്ങുമ്പോ തുടങ്ങും ഓരോരുത്തന്മാർ വട്ടമിട്ട് പറക്കാൻ. ഈ ബാച്ചിൽ ആൺപിള്ളേരും ഉണ്ടെടാ.. അവരെയൊന്നും നിന്റെ കണ്ണിൽ പെട്ടില്ലേ...?"
"ഉവ്വ് സർ. അവരെ വേറെ പരിചയപ്പെടുന്നുണ്ട്."
"ആഹാ.. ആദ്യം നീയൊക്കെ മര്യാദക്ക് പഠിക്ക്. ആ അസൈൻമെന്റ് ഒക്കെ സബ്മിറ്റ് ചെയ്യാൻ നോക്ക് എന്നിട്ട് മതി പരിചയപ്പെടൽ. പരിചയപ്പെടാൻ നടക്കുന്നു...."
ചിരിച്ചുകൊണ്ടാണ് അയാൾ അത്രയും പറഞ്ഞത്. അതുകൊണ്ട് തന്നെ അവർക്കിടയിൽ ഒരു സൗഹൃദം ഉണ്ടെന്നു അവൾക്ക് മനസ്സിലായി. എങ്കിലും അവൾ ആകെ വിഷമത്തിലായിരുന്നു. നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും കണ്ണുനീർ അനുസരണയില്ലാത്ത ഒഴുകിക്കൊണ്ടിരുന്നു.
"കുട്ടി പേടിക്കണ്ട. ഇതൊക്കെ ഇവര് വെറുതെ ജാഡ കാണിക്കുന്നതാ. ഇവര് ഭീകരന്മാർ ഒന്നുമല്ല. പൊയ്ക്കോളൂ. കരയണ്ട. ഇതൊരു ഇഷ്യൂ ആക്കണ്ട. ഒരു തമാശയായി കണ്ടാൽ മതി. കേട്ടോ..?"
വളരെ സൗമ്യമായി അയാൾ അത്രയും പറഞ്ഞപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി. തലയാട്ടിക്കൊണ്ട് മുഖം തുടച്ച് അവൾ നടന്നു നീങ്ങി. അതാരാണെന്ന് മനസ്സിലായില്ലെങ്കിലും നന്ദിയോടെ അയാളെ ഒന്നുകൂടി അവൾ തിരിഞ്ഞു നോക്കി. പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന അയാളുടെ മുഖം ഒരു രക്ഷകന്റേത് പോലെ അവൾക്ക് തോന്നി. ചെറുതായൊരു പുഞ്ചിരി അവളുടെ മുഖത്തും വിരിഞ്ഞു. ആശ്വാസത്തോടെ അവൾ വീട്ടിലേക്ക് പോയി.
******
******
തടവറയുടെ വാതിലിലെ ഇരുമ്പഴികളിൽ നെറ്റി മുട്ടിച്ച് അയാൾ വെറുതെ പുറത്തേക്ക് നോക്കി നിന്നു. രാത്രി കനത്ത് വരികയാണ്. ഉറങ്ങാൻ കഴിയുന്നില്ല. അയാൾ ആകാശത്തേക്ക് നോക്കി നിന്നു. അടുത്തടുത്ത് വരുന്ന ബൂട്ടിന്റെ ശബ്ദം കേട്ടെങ്കിലും അയാൾ നോക്കിയില്ല. ഒരു പോലീസുകാരൻ നടന്നടുത്ത് അയാളുടെ സെല്ലിന്റെ മുൻപിലെത്തി.
"എന്താടോ.. ഉറങ്ങാറായില്ലേ...?"
"ഉറക്കം വരുന്നില്ല സാർ.."
"ഹ്മ്.. നാളെ റിലീസല്ലേ..?"
"അതെ.."
"അതാ ഉറക്കം വരാത്തത്. സാരമില്ല. പോയി കിടക്ക്."
സൗമ്യമായിട്ടാണ് പറഞ്ഞതെങ്കിലും അതൊരു ആജ്ഞ ആയിരുന്നു. അതുകൊണ്ട് തന്നെ അയാൾ എതിർക്കാതെ പോയി കിടന്നു. ഉറങ്ങാൻ അയാൾക്ക് കഴിയുമായിരുന്നില്ല. നീണ്ട പത്തൊൻപത് വർഷത്തെ ജയിൽ വാസം നാളെ അവസാനിക്കുകയാണ്. അയാൾ ഇരുട്ടിലേക്ക് നോക്കി കിടന്നു, നാളത്തെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പ്രതീക്ഷിച്ചുകൊണ്ട്...
(തുടരും)
-ശാമിനി ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക