"ഭാര്യയെക്കാൾ എനിക്കാവിശ്യം ഒരു സുഹൃത്തിനെയാണ് .തനിക്കതിനു കഴിയുമെങ്കിൽ എന്റെ ജീവിതത്തിലേക്ക് നിന്നെ ഞാൻ ക്ഷണിക്കുന്നു "
ഒട്ടും പ്രതീക്ഷിക്കാത്തതും വിസ്മയം തോന്നിയതുമായ അയാളുടെ ചോദ്യത്തിൽ മനസ്സൊന്നൽപ്പം പതറിയിരുന്നുവോ ? ..
പക്ഷേ ,പെണ്ണു കാണൽ ചടങ്ങിനിടയിൽ അത്തരമൊരു ചോദ്യം കേട്ടപ്പോൾ ഇയാൾക്ക് തലക്ക് വെളിവില്ലെന്ന വിചാരം എന്റെ ബോധോദയത്തിൽ തെളിഞ്ഞു നിന്നിരുന്നു ..
വീട്ടുകാർക്കെല്ലാം അയാളെയും കുടുംബത്തെയും കാര്യമായി ബോധിച്ചതിനാൽ ആ വട്ടനെ തന്നെ സ്വീകരിക്കാൻ മനസ്സിനെ പാകപ്പെടുത്തുക എന്ന ദൗത്യം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ ..അതിൽ പൂർണമായല്ലെങ്കിലും വിജയം കൈവരിക്കാൻ കഴിഞ്ഞു എന്നത് എന്റെ മിടുക്ക് തന്നെയായിരുന്നു ...
എങ്കിലും മനസ്സിൽ ഒരു കരട് അവശേഷിച്ചിരുന്നു ..അയാളിനി തന്നെ ഭാര്യയായി കാണില്ലേ ?..ഭാര്യയെക്കാൾ സുഹൃത്തിനെ തിരയുന്നൊരാൾ പിന്നെയെന്തിന് വിവാഹം കഴിക്കുന്നു ?..രണ്ടു ചോദ്യങ്ങളും എന്നെ വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിക്കുന്നതിനാൽ ഭാവി എനിക്കുമുൻപിൽ ഒരു ചോദ്യചിഹ്നമായിരുന്നു ...
വിവാഹത്തിന് ശേഷം ഇടക്കിടെ തന്റെ കാര്യങ്ങൾ ഇങ്ങോട്ട് വിളിച്ചന്വേഷിക്കുകയും , എങ്ങോട്ടെങ്കിലും യാത്ര തിരിക്കുകയാണെങ്കിൽ കൂട്ടിനു വരുന്നോ എന്ന ചോദ്യവും , സമയത്തിനു വീട്ടിലെത്തുന്ന പതിവും എനിക്കൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ ഉത്സാഹിക്കുന്നതെല്ലാം കണ്ടു നിൽക്കുന്നവരെ അസ്വസ്ഥമാക്കിയിരുന്നു എന്നതിൽ സംശയമില്ല ...ഇടക്കിടെ അതിന്റെയൊക്കെ പ്രത്യാഘാതം അമ്മായിമ്മയുടെയും നാത്തൂന്മാരുടെയും മുറുമുറുപ്പിൽ നിന്ന് ഞാൻ ഗ്രഹിച്ചെടുത്തിരുന്നു
ഇതിനെക്കുറിച്ചെല്ലാം ഞാനദ്ദേഹത്തോട് വേവലാതി പെടുമ്പോൾ ഒരു ചെറു ചിരിയോടെ തരുന്ന മറുപടി പലപ്പോഴും എന്നെ ഭ്രാന്തുപിടിപ്പിക്കുകയെ ചെയ്തിട്ടുള്ളൂ
"നോക്ക് ഞാനന്നേ പറഞ്ഞതല്ലേ നിന്നോട് എനിക്കൊരു സുഹൃത്തിനെയാണ് വേണ്ടത് ..ഭാര്യ എന്ന് പദവിക്കപ്പുറം ഞാൻ നിന്നിൽ നുകരാൻ ശ്രമിക്കുന്നത് സൗഹൃദമാണ് ..പരാതികൾക്കും പരിഭവങ്ങൾക്കുമിടയിൽ ഞെരിപിരിക്കൊള്ളുമ്പോഴെല്ലാം തോളോട് ചേർന്ന് നിൽക്കാൻ കഴിയുന്ന വികാരത്തെയാണ് ഞാൻ നിന്നിൽ നിന്നും കൂടുതലായി ആഗ്രഹിക്കുന്നത് "
അദ്ദേഹം പറയുന്നതെന്തെന്ന് തിരിച്ചറിയാനാകാത്ത പലപ്പോഴും മിഴിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞൊള്ളൂ ...
പരിചയക്കാർക്കെല്ലാം she is my wife & Also my best friend എന്ന് പരിചയപ്പെടുത്തുമ്പോൾ കേൾവിക്കാരെല്ലാം തന്നെ ഏതോ അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നത് കാണുമ്പോൾ തലകുനിച്ചു നിൽക്കുക ഒരു ശീലമാക്കി എടുക്കാൻ അധിക സമയമൊന്നും വേണ്ടിയിരുന്നില്ല തനിക്ക് ...
തന്റെ എല്ലാ കാര്യവും തന്നെക്കാൾ മനോഹരമായി മനസ്സിലാക്കാനും അത് നേടിയെടുക്കാനുള്ള പ്രചോദനവുമായി കൂടെ നിൽക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഭാര്യയായി തന്നെ അംഗീകരിക്കാനുള്ള മനഃപ്രയാസത്തെ കുറ്റപ്പെടുത്തി നോവിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ..
തന്നെ അംഗീകരിക്കാൻ മനസ്സിലാക്കത്തൊരാളുടെ കൂടെ പൊറുതി മടുത്തെന്ന് മനസ്സ് മന്ത്രിച്ചപ്പോ അദ്ദേഹത്തിനൊരു divorce നോട്ടീസ് ഞാൻ നേരിട്ട് തന്നെ കൊടുത്തു ..
അന്നാദ്യമായി ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു ..വിറയാർന്ന ശബ്ദത്തിൽ ഞാൻ ചെയ്ത തെറ്റെന്തെന്ന് അദ്ദേഹം ചോദിച്ചപ്പോൾ , എന്റെ കയ്യിൽ മറുപടി ഒന്നേ ഉണ്ടായിരുന്നുള്ളൂ
"ഒരു സുഹൃത്ത് ആയിരിക്കാൻ താലിയുടെ ആവിശ്യം വേണ്ടാ .."
ഒട്ടും കൂസലില്ലാത്ത എന്റെ മറുപടി അദ്ദേഹത്തെ കൂടുതൽ നിരാശയിലേക്ക് തള്ളി വിട്ടത് ആ മുഖത്ത് മിന്നി മറഞ്ഞ ഭാവമാറ്റങ്ങളിൽ നിന്നെനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു ...
"രാധികേ നീയെന്റെ സുഹൃത്താണെന്ന് പറഞ്ഞതിന് എനിക്കിത്രയും വലിയ ശിക്ഷ നൽകണോ ..ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യണമായിരുന്നു ...നീയെന്റെ ഭാര്യയാണെന്ന് ഈ സമൂഹം മൊത്തം അംഗീകരിക്കും ..പക്ഷേ നീയെന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടി ആയിരിക്കണം എന്ന് ഞാനാഗ്രഹിച്ചിരുന്നു ..സ്വന്തം ഭാര്യയേക്കാൾ മികച്ച ഒരു സുഹൃത്തിനെ ഭർത്താവിന് ലഭിക്കാനില്ലെന്ന് ഞാൻ വിശ്വസിക്കുന്നു ....ഒരു താലി ചരടിൽ നിന്നുകൊണ്ട് നീയാണെന്റെ മികച്ച മനസാക്ഷി സൂക്ഷിപ്പുകാരിയെന്ന് വിളിച്ചു പറയാൻ ഞാനതിയായി ആഗ്രഹിക്കുന്നു ..അതിനിത്രയും വലിയൊരു ശിക്ഷ നൽകേണ്ടിയിരുന്നില്ല ".
ഇടറിയ സ്വരത്തിൽ അദ്ദേഹം പറഞ്ഞവസാനിപ്പിക്കുമ്പോൾ അറിയാതെ എന്റെ മിഴികൾ ഒരു കടലൊഴുക്കി കളയാൻ തിടുക്കം കൂട്ടിയിരുന്നു ...
അദ്ദേഹത്തിന്റെ കൈകളിൽ നിന്ന് ഡിവോഴ്സ് നോട്ടീസ് വാങ്ങി കീറി കളഞ്ഞു ആ നെഞ്ചോട് ചേർന്ന് നിൽക്കുമ്പോൾ ഞാൻ പുതിയൊരു കാര്യം പഠിക്കുകയായിരുന്നു ...
ഒരു താലിയിൽ ബന്ധനത്തേക്കാൾ സ്വതന്ത്രത നിറഞ്ഞിരിക്കുന്നുണ്ടെന്ന സത്യം .
ശുഭം
NB:- ഒരു ഭർത്താവിന് കിട്ടാവുന്നതിലേറ്റവും നല്ല സുഹൃത്ത് അവന്റെ ഭാര്യയാണ്, ഭാര്യക്ക് തന്റെ ഭർത്താവും ..
__________________________
ഫർസാന വളാഞ്ചേരി
__________________________
ഫർസാന വളാഞ്ചേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക