Showing posts with label ZubairCazrod. Show all posts
Showing posts with label ZubairCazrod. Show all posts

ഒരു റമദാൻ ഓർമ

Image may contain: 1 person

അയ്യോ നാട്ടാരേ ഓടി വരണേ എന്നെ പട്ടിണിക്കിട്ട് കൊല്ലുന്നേ എന്ന പുറത്ത് നിന്ന് അലറി വിളിക്കുംബോൾ ഉമ്മ ഓടി വന്ന് അത്താഴത്തിന് ബാക്കിയുണ്ടായിരുന്ന ദോശയും പരിപ്പ് കറിയും വിളംബി എന്റെ മുന്നിൽ വയ്ക്കും
ഞാൻ ആർത്തിയോടെ തിന്ന് ഏംബക്കവും വിട്ട് കള്ളക്കണ്ണോടെ ഉമ്മാനെ നോക്കും
അന്ന് എനിക്ക് ഒരു പത്ത് വയസ്സ് മാത്രെ ഉണ്ടാകു‌..വിശപ്പ് പണ്ടേ സഹിക്കാത്തവനാ എന്നാലും അത്താഴത്തിന് എണിച്ച് എല്ലാവരുടെ കൂടെ ഞാനും കഴിക്കും
നീ എന്തിന് എണിച്ചത് പത്ത് പന്ത്രണ്ട് മണിയാകുംബൊ നോംബ് നോക്കിനെന്ന് നാട്ടാരെ അറിയിക്കാനാ പെങ്ങൾടെ പരിഹാസം
അത് എനിക്കൊരു വാശി ആയിരുന്നു ഇന്നേതായാലും നോംബ് മുഴുമിക്കും ഞാൻ ശപദം ചെയ്തു.രണ്ട് മണി വരെ പിടിച്ച് നിന്നു ഇനി വയ്യ
ഉമ്മാ എനിക്ക് പയ്ക്കുന്ന്
ഉമ്മ കേട്ട ഭാവെ നടിക്കുന്നില്ല.
ഉമ്മാ എനിക്ക് പയ്ക്കുന്നു എന്നിട്ടും മൈന്റില്ല
പിന്നെ പതിവ് പോലെ പാറയ്ക്ക് മുകളിൽ കയറി ഒറ്റ നിലവിളിയാണ്
അയ്യോ നാട്ടാരെ ഓടി വരണെ എന്നെ പട്ടിണിക്കിട്ട് കൊല്ലുന്നേ
പക്ഷേ ഇന്ന് നിലവിളിച്ചതല്ലാതെ ഉമ്മ മൈന്റെ ചെയ്യുന്നില്ല.അല്ലെങ്കിൽ അങ്ങനെയല്ലല്ലോ
ഓടി വന്ന് തിന്നാൻ എന്തെങ്കിലും തരാറാണ് പതിവ്.
ഞാൻ ബൈര്യം കുറച്ച് കൂടുതലാക്കി .എന്നിട്ടും മൈന്റില്ല കുറച്ച് കൂടി അപ്പുറം നടന്ന് അയൽക്കാർ കൂടുതൽ പേർ കേൾക്കാൻ പാകത്തിൽ നിലവിളിച്ചു.
ആരും മൈന്റ് ചെയ്യുന്നില്ല.ആയിസഞ്ഞാഉം പാത്തിഞ്ഞായും ഒക്കെ അപ്പർത്തെ പൊരേന്ന് എത്തി നോക്കാൻ തൊടങ്ങി.എനിക്ക് തന്നെ നാണക്കേടായി തുടങ്ങി .
ഇന്ന് ഉമ്മാഉം പങ്ങളും രണ്ട് കൽപ്പിച്ചാണെന്ന് തോന്നുന്നു..കേട്ട ഭാവേ നടിക്കുന്നില്ല ഞാൻ തോൽവി സമ്മതിച്ചു കരഞ്ഞ് കരഞ്ഞ് ഒരു പരുവത്തിലായി തളർന്നിരുന്നു.
അങ്ങനെ തീരെ കാണാതിരിക്കാൻ ഉമ്മാക്കാവില്ലല്ലൊ അവസാനം എന്റെ മുന്നിൽ പത്തലും മീൻ ചാറും കൊണ്ട് വച്ച് ഉമ്മാന്റെ ഒരു
ഡയലോഗും മേലാൽ നീ അത്തായത്തിന് എണീച്ച് പോകരുത്.മഗ്രിബ് ആകാതെ പച്ച വെള്ളം തരൂല
ഉമ്മാ കുട്ട്യോൾക്ക് ഉച്ച വരെ നോക്കിയാ ഫുൾ നോംബ് നോക്കിയ പോലേന്നാണല്ലൊ ഉസ്താദ് പറഞ്ഞത്
അത് നിന്നെക്കാളും ചെറിയ കുട്ട്യോൾക്ക് നിനക്ക് പത്ത് വയസ്സ് കയിഞ്ഞ്.ഞാൻ ഒന്നും മിണ്ടിയില്ല പുറത്ത് നിന്നുള്ള ബൈര്യം കൊട്ക്കൽ അതോടെ നിന്ന്
പിന്നെയും ഒന്ന് രണ്ട് വർഷങ്ങൾ കടന്ന് പോയി
നോംബ് എടുക്കാൻ ശരീരം പാകപ്പെട്ടു.നോംബ് തുറക്കുംബോൾ തണുത്ത വെള്ളത്തിൽ സർബത്ത് കുടിക്കാൻ ഒരാശ
പത്ത് മിനുറ്റ് നടന്നാൽ നാട്ടിലെ പൈസക്കാരൻ മമ്മദലിയുടെ വീട്ടിൽ എത്താം അവിടെ കറന്റ് ഉണ്ട് .നാട്ടിൽ ഫ്രിഡ്ജും ടിവിയും വാഷിംഗ് മെഷീനുമൊക്കെയുള്ള ചുരുക്കം ചില പൊരകളിൽ ഒന്ന്.പിന്നെ ഒന്നും ആലോചിച്ചില്ല നേരെ മമ്മദലിയുടെ വീട്ടിലേക്ക്
എന്നെ കണ്ടതും ഒരു കിലോ സ്വർണം അണിഞ്ഞ ഒരു ഇഞ്ഞ ചിരിച്ച് കൊണ്ട് അടുത്തു വന്നു
എന്താ മോനേ
ഇഞ്ഞാ തണുത്ത വെള്ളം തര്യോ നോംബ് തൊറക്കുംബൊ സർബത്താക്കാൻ
അയിനെന്താ മോൻ നിക്ക് ഞാൻ നോക്കട്ടെ
ആ ഇഞ്ഞ അകത്ത് പോയതും മമ്മദലിയുടെ ശബ്ദം അകത്ത് നിന്ന്.
ഇല്ലാന്ന് പറഞ്ഞേക്ക് അല്ലെങ്കിൽ നാളെയും വരും.
ഒരു കുപ്പി വെള്ളല്ലെ ചോയിച്ചിറ്റത് ..അത് കൊടുത്താൽ കൂലി കിട്ടില്ലേ
കൂലി കിട്ടിയില്ലേലും ബാണ്ട നക്കി തിന്നാൻ ഗതിയില്ലാത്തോർക്കും തണുത്ത ബള്ളം തന്നെ ബാണായിരിക്കും
തണുത്ത വെള്ളത്തിൽ സർബത്ത് കുടിക്കാനുള്ള ആശയ്ക്കല്ലേ ഞാൻ പോയത്
ഞാൻ കേൾക്കാൻ പാകത്തിൽ ഇങ്ങനെ പറയണായിരുന്നോ
കുട്ടികളുടെ മനസ്സിൽ മുറിവേൽക്കാൻ നിസാരകാര്യം മതി ..അപമാന ഭാരത്താൽ ഞാൻ നിന്ന് ഉരുകി .എന്റെ കണ്ണിൽ നിന്ന് ഇറ്റ് വീണ കണ്ണീരിന് ചോരയുടെ മണം
കിട്ടിയില്ലല്ലെ ഉമ്മയുടെ ചോദ്യം
ഞാൻ ഒന്നും മിണ്ടിയില്ല .ഓറൊക്കെ വല്യ ആൾക്കാരല്ലെ പോട്ട് മോൻ ബാ നല്ല ബത്തക്ക ചൊരണ്ടി ഇട്ടിറ്റുണ്ട് നല്ല തണുപ്പുണ്ടാകും
എന്നെ സമാധാനിപ്പിക്കാൻ നോക്കിയതായിരിക്കും എന്റെ ഉമ്മ.എന്നാലും തണുത്ത വെള്ളത്തിൽ സർബത്ത് കുടിക്കാനുള്ള
ആശ മാറിറ്റ
പിറ്റേ ദിവസം എന്റെ മുന്നിൽ തെളിഞ്ഞ് നിന്നു ജാഡക്കാരൻ അപ്പുവിന്റെ മുഖം.വലിയ പരിചയം ഒന്നുല്ല കാണാറുണ്ട്.ഒരേ സ്കൂളിലാണ് പഠിക്കുന്നതും ..ഇത് വരെ മിണ്ടീറ്റ് പോലുല്ല വില കൂടിയ സൈക്കിളിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാറുണ്ട്..പൈസക്കാരൻ ചെക്കൻ എന്ന നിലയിലെ ഞാനും കൂട്ടുകാരും അവനെ കണ്ടിട്ടുള്ളു
അവന്റെ വീടും അടുത്താണ് പത്ത് മിനുട്ടേ നടക്കാനുള്ളു.TV fridge ഒക്കെ ഉണ്ടെന്നാണ് പറഞ്ഞ് കേട്ടത്.ഏതായാലും തണുത്ത വെള്ളം കിട്ടുമോന്ന് നോക്കാലോ
മനസ്സില്ലാ മനസ്സോടെയാണെങ്കിലും തണുത്ത വെള്ളത്തിൽ കസ് കസ് കുടിക്കാനുള്ള ആഗ്രഹത്തിൽ അങ്ങോട്ട് വെച്ച് പിടിച്ചു
വീടിനു മുന്നിൽ സൈക്കിൾ ഓട്ടുകയായിരുന്ന ജാഡക്കാരന്റെ മുഖത്ത് പാൽ പുഞ്ജിരി.
ആരാ എന്താ വേണ്ടെ
ഞാൻ നിന്ന് പരുങ്ങി കൊറച്ച് തണുത്ത വെള്ളം തരുമോ നോംബ് തൊറക്കുംബോ സർബത്ത് ആക്കാനാ
ഹാ തരാലോ അവൻ അകത്ത് പോയി ഒരു വലിയ കുപ്പി തണുത്ത വെള്ളം കൊണ്ട് വൻ തന്നു കീടെ ഒരു പാട്ടയിൽ കൊറേ ഐസും
മനസ്സ് നിറഞ്ഞു ശരീരം തണുത്തു കണ്ണിൽ നിന്ന് ഉതിർന്ന് വീണ കണ്ണുനീർത്തുള്ളിക്ക് ചോരയുടെ മണമില്ല നല്ല അസ്സൽ വജ്രത്തിന്റെ തിളക്കം
പൊറകിൽ നിന്ന് അവന്റെ അമ്മയുടെ ശബ്ദം
മോനേ എപ്പൊ വേണേലും വന്നോ കേട്ടോ

പെരുന്നാളിന് മധുരപലഹാരം കൊണ്ട് ആദ്യം ഞാൻ ഓടിയെത്തിയത് അപ്പുവിന്റെ വീട്ടിലേക്കായിരുന്നു.വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇന്നും ആ സുഹൃത് ബന്ധം നില നിൽക്കുന്നുണ്ടെങ്കിൽ ഓണവും വിഷുവും പെരുന്നാളും മാറി മാറി ഞങ്ങൾക്ക് ആഘോഷിക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ ചെറിയ കടപ്പാട് പൈസക്കാരൻ മമ്മദലിക്ക് കൂടി അവകാശപ്പെട്ടതാണ്
Zubair cazrod

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo