Showing posts with label JyothirmayiSankaran. Show all posts
Showing posts with label JyothirmayiSankaran. Show all posts

ഉടഞ്ഞ കണ്ണാടി

Image may contain: 1 person
ഉടയും കണ്ണാടിതൻ ശബ്ദമൊന്നറിയാതെ-
യൊരു മൌനത്തെക്കീറിമുറിയ്ക്കേ, മനസ്സിലും
കരയാനെനിയ്ക്കൊട്ടും കഴിഞ്ഞില്ലല്ലോ, എന്റെ
വ്യഥയാ കണ്ണാടിയ്ക്കിന്നളന്നീടുവാനാമോ?
അറിയില്ലനുകമ്പ, യാർദ്രത ഞാനിത്രയും
ദിനമെത്രയോ നേരം നിനക്കൊത്തിരുന്നിട്ടും
പറഞ്ഞ പരിഭവം, നടിച്ച വികാരങ്ങ-
ളിവയൊന്നുമേ നിനക്കറിയാൻ കഴിഞ്ഞില്ലേ?
ഉടമ ഞാനേറ്റവുമഹങ്കാരത്താലെന്നു-
മളന്നെന്നെത്തന്നെയും, നിന്നിലെ വിശ്വാസത്താൽ
നിറഞ്ഞ പ്രതീക്ഷകളീവിധം തകരുമെ-
ന്നറിഞ്ഞില്ലല്ലോ, ചേതമെനിയ്ക്കേയുള്ളെന്നാണോ?
ഒരുങ്ങാൻ, ഉടയാട തൻ ഭംഗി നോക്കീടാനും
നിനക്കു മുന്നിൽ നിന്നു, ചിരിയ്ക്കാൻ പഠിച്ചൂ ഞാൻ
കരച്ചിൽ മറന്നോ ഞാൻ, നേരമില്ലല്ലോ, ഭംഗി
കരഞ്ഞാൽ കുറഞ്ഞീടുമെന്ന പേടിയാലാകാം.
കളയട്ടെയീ ചില്ലിൻ കഷണങ്ങൾ ഞാൻ ദൂരെ
ഇവയെൻ സ്വപ്നത്തിൽ ചീളുകളാണെങ്കിലും
ഉയരം താണ്ടാനായി പലതുമിതുപോലെ
കളയേണ്ടതായ് വരും, പൊട്ടിയില്ലെന്നാകിലും.
ഇനിയുമൊരു പുത്തൻ കണ്ണാടി തരുമത്രേ
നിറമേറിയ പലേ സ്വപ്നങ്ങളെനിയ്ക്കായി?
മറവിയ്ക്കേകാം മനം ചില വേള,യെന്നാലും
ഉടയാത്തതായെന്തു കണ്ടെത്താൻ കഴിഞ്ഞീടും

By JyothirmayiSankaran

കാലം

Image may contain: 1 person, eyeglasses

വളപ്പൊട്ടു തൻ കഷ്ണമെല്ലാം പൊറുക്കീ-
ട്ടെടുത്തിട്ടു പങ്കിട്ടുവച്ചും കളിച്ചും
മഷിത്തണ്ടു പൊട്ടിയ്ക്കലും, സ്റ്റേറ്റിനേറ്റം
തിളക്കം വരുത്തുന്നതും പോയ ബാല്യം.(ഭ്ജംഗപ്രയാതം)
മിഴിക്കോണുകൊണ്ടൊന്നു നോക്കാൻ മടിച്ചും
മനസ്സിന്നകത്തായൊളിച്ചൊട്ടു വച്ചും
നിനയ്ക്കുന്ന നേരം തുടുക്കും മുഖത്തിൻ
വെളിച്ചം പകർന്നോരു കൌമാരകാലം.
കുറച്ചൊക്കെ മോഹങ്ങളെത്തുന്നനേരം
തിരച്ചിൽ ന്നടത്തുന്നൊരാഘോഷകാലം
മടി,യ്ക്കില്ലനേരം, തിടുക്കത്തിൽ ലക്ഷ്യ-
ത്തിലെത്താൻ തുടിയ്ക്കുന്നൊരാ യൌവനം പോയ്.
മടുക്കുന്ന വേഷങ്ങൾ, ഞാണറ്റ പട്ടം
കണക്കേയുലഞ്ഞുള്ള നിൽ‌പ്പും കുരുക്കും
മനുഷ്യൻ മറക്കുന്നിതെല്ലാമൊടുക്കം
നമുക്കായിയൊന്നില്ല കൊണ്ടങ്ങുപോകാൻ.
.
(ഭുജംഗപ്രയാതം)
-ജ്യോതിർമയി ശങ്കരൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo