Showing posts with label SuryaManu. Show all posts
Showing posts with label SuryaManu. Show all posts

സ്മൃതിമർമരങ്ങൾ

Image may contain: Surya Manu, outdoor
〰️〰️〰️〰️〰️〰️〰️
(രചന: സൂര്യ മനു)
കലി തുള്ളുക തന്നെയാണ് കാലവർഷം. ഭീമാകാരനായൊരു ഉരഗത്തെപ്പോലെ പ്രളയജലം അൽപ്പാൽപമായി കരയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. പടി കടന്ന് മുറ്റത്തേയ്ക്കു നാക്കു നീട്ടിക്കൊണ്ടിരിക്കുന്ന പ്രളയജലത്തിൽ ലക്ഷ്യമില്ലാതുഴറുന്ന പൊങ്ങുതടിയെപ്പോലെ ആ വൃദ്ധമനസ്സ് ബോധാബോധങ്ങളിലേക്ക് ചാഞ്ചാടിക്കൊണ്ടിരുന്നു.
"ഈ നശിച്ച മഴ... !"
നേർത്തും ചെരിഞ്ഞും ഇടയ്ക്കിടെ കെട്ടുപിണഞ്ഞും പെയ്തു കൊണ്ടിരിക്കുന്ന ഓർമകളിലേയ്ക്ക് പൊടുന്നനെ തെറിച്ചുവീണ ശബ്ദം കേട്ട് വൃദ്ധൻ ഒന്നു പിടഞ്ഞുണർന്നു. പാടുപെട്ട് കണ്ണുകൾ ചിമ്മിത്തുറക്കാനയാളൊരു ശ്രമം നടത്തി.
ഈർപ്പം തങ്ങി മങ്ങലേറ്റ ചില്ലുജാലകത്തിനപ്പുറമെന്ന പോലെ അവ്യക്തമാണ് കാഴ്ചകൾ.
പതിയെപ്പതിയെ കാഴ്ചകൾ തെളിച്ചം നേടുന്നതയാളറിഞ്ഞു.
"ദേവൂട്ടിയാണ്..." അയാൾക്കു ചിരി വന്നു പോയി. എങ്ങനെ ചിരിക്കാതിരിക്കും... ! നിറയെ ചുവന്ന പൂക്കളുള്ള അവളുടെ മഞ്ഞയുടുപ്പ് ചേറിൽ പുതഞ്ഞു പോയിരിക്കുന്നു."എന്തൊരു ഗമയായിരുന്നു പെണ്ണിന്," അയാളോർത്തു.
സ്കൂൾ തുറന്നതിന്റെ പുതുമോടിയിലായിരുന്നു ദേവൂട്ടി. പുതിയ ഉടുപ്പ്....പുതിയ കുട,... മഴ നനയാത്ത അലുമിനിയം പെട്ടി... സ്കൂൾ വിടാനായി കൂട്ടമണിയടിച്ച നേരത്താണ് എവിടെയോ ഒളിച്ചു മാറി നിന്ന മഴ ഓടിപ്പാഞ്ഞെത്തി കുട്ടികളുടെ കൂടെയിറങ്ങിയത്.
"കുടയിൽ കൂടെ നിർത്തുമോ " എന്നവൻ ചോദിച്ചപ്പോൾ ചുണ്ടുകൂർപ്പിച്ച് "ചെറുക്കനെന്റ കുടയിൽ കയറേണ്ട " എന്നു പറഞ്ഞ പത്രാസുകാരിയാണ്.
അല്ലേലും എന്തെങ്കിലും പുതിയതു കിട്ടിയാൽ പിന്നെ ദേവൂട്ടിയങ്ങനെയാണ്. കുളത്തിൽ നിന്ന് ആമ്പലു പറിക്കാനും വിരലിൽ തൂങ്ങി ഒറ്റത്തടിപ്പാലം കടക്കാനും ഇല്ലിമുളന്തൂമ്പു മുറിച്ചു കൊടുക്കാനും മുളളിൻ പഴം പറിക്കാനും പാടത്തെ ചേറിൽ പുതഞ്ഞു കിടക്കുന്ന ചെറുമീനുകളെ സൂത്രത്തിൽ കൈ കൊണ്ടു പൊത്തിപ്പിടിച്ചെടുത്ത് അവളുടെ കൈയിൽ കൊടുക്കാനും ഒറ്റമൈനയെ കണ്ടു കഴിഞ്ഞാൽ സ്കൂളിൽ നിന്നു തല്ലു കിട്ടാതിരിക്കാനായി കുഞ്ഞൊരടി കൊണ്ടു വേദനിപ്പിക്കാനും കൂടെ നിഴലായി നടക്കുന്ന സുകുവിനെ അപ്പോഴവളങ്ങു മറന്നുകളയും.
കഴിഞ്ഞ വർഷത്തെ പഠിപ്പിന്റെ അവശേഷിപ്പായ, മുക്കാൽ ഭാഗവും പൊട്ടിയടർന്നു പോയ സ്ലേറ്റ് തലയ്ക്കു മുകളിൽ പിടിച്ച്, ഇടതു കൈയിൽ തൂക്കുപാത്രവും ട്രൗസറിന്റെ തുമ്പും ചേർത്തു പിടിച്ച് മഴയ്ക്കൊപ്പം വരമ്പത്തുകൂടി പറക്കുന്നതിനിടെയാണ് ''പ്ലക്ക്'' എന്നൊരു ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കിയത്.
രണ്ടു കണ്ടം പിന്നിലായി, കാറ്റ് മുകളിലേക്കു വിടർത്തിയ പുള്ളിക്കുടയ്ക്കൊപ്പം പാടത്തെ ചേറിൽ വീണു കിടക്കുകയാണ് പുത്തനുടുപ്പുകാരി. തിരിഞ്ഞ് അവൾക്കു നേരെ നടക്കുമ്പോൾ മഴ അവനൊപ്പം ചെന്നില്ല. കാറ്റിനൊപ്പം ഓടിപ്പോയ്ക്കളഞ്ഞു.
പാടത്തു നിന്നും വലിച്ചുയർത്തി നേരെ നിർത്തുമ്പോഴും മുഖം വീർത്തു തന്നെയിരുന്നു. പക്ഷേ ഇപ്പോൾ ഗമയല്ല. ഒരു കാർമേഘത്തുണ്ട് മുഴുവനായുമുണ്ട് മുഖത്ത്... ഇപ്പോൾ പെയ്തടർന്നേക്കുമെന്ന മട്ടിൽ.
പാടത്തിനതിരിട്ട് കുത്തിയൊലിക്കുന്ന തോട്ടിലേക്കു നടക്കുമ്പോൾ അവളുടെ പെട്ടിയും കുടയും സുകുവിന്റെ കൈയിലും അവന്റെ പൊട്ടസ്ലേറ്റും തൂക്കുപാത്രവും അവളുടെ കൈയിലുമായിരുന്നു. തോട്ടുവക്കത്ത് അതെല്ലാം വെച്ച് അവനവളെ തോട്ടിലേക്കിറക്കി നിർത്തി ഉടുപ്പു കഴുകിക്കൊടുത്തപ്പോൾ മാനത്തു തെളിഞ്ഞ പോക്കുവെയിൽ പോലെ വാടിയൊരു ചിരി അവളുടെ ചുണ്ടിലും വിരിഞ്ഞു.
പക്ഷേ അതിനധികം ആയുസ്സുണ്ടായില്ല. അവന്റെ കൈ പിടിച്ച്‌ ആയത്തിൽ തോട്ടുവരമ്പത്തേയ്ക്കു കയറുന്നതിനിടെ അവളുടെ ചെരിപ്പൊരെണ്ണം തോട്ടിലെ ഒഴുക്കിൽ പെട്ടു മുന്നോട്ടു കുതിച്ചു. തളളി നിൽക്കുന്ന പുൽത്തിട്ടുകളിൽ തടഞ്ഞു നിന്നും, അവർ ഓടിച്ചെന്നു പിടിക്കാനൊരുങ്ങുമ്പോൾ വഴുതി മാറി ഊക്കോടെയൊഴുകിയും അതങ്ങനെ മുന്നോട്ട് മുന്നോട്ട്...
ഒടുവിൽ പാടത്തിന്നോരത്ത് വേനലിൽ കിണറായി കിടന്ന് വർഷത്തിൽ കുളമായി രൂപാന്തരം പ്രാപിച്ച് തോടിന്റെ ഒഴുക്കും പാടത്തിന്റെ പരപ്പും തന്നിലേക്കു ചേർത്തു കിടക്കുന്ന വന്യമായ വശ്യതയിൽ ആ കുഞ്ഞു ചെരിപ്പ് തന്റെ യാത്രയവസാനിപ്പിച്ചു.
ഓളങ്ങളിൽ അതങ്ങനെ താളം പിടിച്ചു കിടക്കുന്ന നേരത്ത് ദേവുട്ടിയുടെ കണ്ണുകൾ വീണ്ടും ചോർന്നൊലിക്കാൻ തുടങ്ങിയിരുന്നു. പിന്നെ ഒന്നുമോർക്കാതെ സുകുവങ്ങെടുത്തു ചാടുകയായിരുന്നു. കൈകൾ നീട്ടിത്തുഴഞ്ഞ് അടുത്തെത്തുമ്പോഴെല്ലാം അകലേയ്ക്കു തെളളിയകലുന്ന ചെരിപ്പിനെ പിൻതുടർന്നൊടുവിൽ കൈകാൽകുഴഞ്ഞു തളർന്നു പോയ നിമിഷം.. ആഴങ്ങളിലേക്കു മുങ്ങിപ്പിടഞ്ഞു പോകുമ്പോൾ നിഴൽ പോലെ നീണ്ടു വന്ന കൈകളിലേക്കു ചുരുണ്ടണഞ്ഞത്..
ഒരു നിമിഷത്തേയ്ക്ക് വൃദ്ധൻ ശ്വാസം കിട്ടാതൊന്നു പിടഞ്ഞു.ചെരിഞ്ഞു പറന്ന ഈറൻ തുള്ളികൾ അയാളുടെ മുഖത്തു ചിതറി വീണു.
"രാമനിപ്പോൾ ഈ വഴി വന്നില്ലായിരുന്നെങ്കിൽ.. !"
"അമ്മയാണോ... ചാറ്റൽ മഴ പോലെ അരികിലിരുന്ന് പതം പറഞ്ഞുരുകുന്നത്..." വ്യക്തമല്ലാത്ത കാഴ്ചകളെ വിട്ടു കളഞ്ഞ് അയാൾ ശബ്ദങ്ങൾക്കായി കാതോർത്തു.
"രാമൻ എന്നു തന്നെയാണോ കേട്ടത്... ? ഓർമകളുടെ പെയ്ത്തു നിന്നു പോയോ.. " ശൂന്യതയിലെന്തോ പരതും പോലെ അയാളുടെ കണ്ണുകൾ ഒന്നു വട്ടം കറങ്ങി അദൃശ്യമേതോ ബിന്ദുവിലുറച്ചു നിന്നു.
"മലവെള്ളം കയറിക്കയറി വരികയാണ്... ഒരു ദിവസം കൂടി ഇങ്ങനെ തുടർന്നാൽ വീടു തന്നെ.... ഇതു വരെ ഉണ്ടായിട്ടില്ല ഇങ്ങനെയൊരു മഴ ... " പരിഭ്രമിച്ചുയരുന്ന പെൺ സ്വരം വീണ്ടുമയാളെ കുടഞ്ഞുണർത്തി.
"നീയെന്തിനാടീ ദേവൂട്ടീ പേടിക്കുന്നത് " അയാൾക്കു വീണ്ടും ചിരി വന്നു.
"നീയോർക്കുന്നില്ലേ... കെട്ടു കഴിഞ്ഞ സമയത്ത്, വിരുന്നിന് കണ്ണന്നൂരിലെ മാമിയുടെ വീട്ടിൽ പോകുമ്പോൾ നമ്മൾ തോണി കാത്തു നിന്നു മടുത്തത്... പിന്നെ ചിറ മുറിച്ചു നടക്കാൻ തുടങ്ങിയത്. നിലയില്ലാതായ നേരത്ത് നിന്നെ തോളിൽ ചുമന്ന് ഞാൻ നീന്തിയത്... അല്ലേലും നീയങ്ങനെയല്ലേ.. ഒരു വിശ്വാസമില്ലാത്ത പോലെ... "
"പെട്ടെന്നിറങ്ങണം.. !"
"അച്ഛന്റെ ശബ്ദമാണോ അത്... " അയാൾ കാതുകളെ തുടർക്കാഴ്ചകൾക്കായി തുറന്നു വച്ചു..കാറ്റത്തലഞ്ഞ് തുരങ്കം താണ്ടിയെന്നോണം കാതിൽ വന്നലയ്ക്കുന്ന ശബ്ദങ്ങൾ. പാത്രങ്ങളുടെ കലമ്പൽ, ഏതോ വാഹനത്തിന്റെ ഇരമ്പൽ ...
" ദേവൂട്ടി..., നീയെന്തിനാ ഇങ്ങനെ തിരക്കുപിടിക്കുന്നത് .. അല്ലേലും എങ്ങോട്ടേലും പോകണമെന്നു പറഞ്ഞാൽ പറഞ്ഞാൽ പിന്നെ അവൾക്കൊടുക്കത്തെ ധിറുതിയാ ... നിൽക്കെടീ.. ഞാനും വരുന്നു... " വൃദ്ധൻ എഴുന്നേൽക്കാൻ ശ്രമിച്ചു.
" അച്ഛനിതെന്തു കിടപ്പാണീശ്വരാ.. എന്തൊക്കെയൊന്നു കെട്ടിപ്പെറുക്കിയെടുക്കണം... അതിനിടെ എത്ര നാളായി ഇങ്ങനെ... അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ ...." ആടിയുലഞ്ഞു കാതിലേയ്ക്കണയുന്ന ശബ്ദം..., വീണ്ടും ...
അച്ഛനെന്തു പറ്റിയെന്ന് അയാൾ വീണ്ടും ഓർമകളിൽ മുങ്ങിത്തപ്പാനിറങ്ങി. മറവിയുടെ ചെറു ചുഴികൾ അയാളെ മുക്കിത്താഴ്ത്തിക്കൊണ്ടിരിക്കുമ്പോൾ തനിക്കു നേരെ നീട്ടിത്തരുന്ന അസംഖ്യം കൈകൾ അയാൾ കണ്ടു.ദേവൂട്ടിയുടെ,,.. അച്ഛന്റെ.... അമ്മയുടെ...രാമേട്ടന്റെ... പിന്നെയും ഒരുപാടു കൈകൾ...
"അച്ഛൻ .... !"
" കഴിഞ്ഞെന്നാ തോന്നുന്നത് ....."
തനിക്കു ചുറ്റുമായി പിന്നീടുയർന്ന വേവലാതി കലർന്ന ശബ്ദങ്ങൾ ഒന്നും തന്നെ അയാൾ കേൾക്കുകയുണ്ടായില്ല.
വീടിന്റെ ഉമ്മറത്തോളം വളർന്ന മലവെള്ളത്തിൽ മഴ പെയ്തൊഴിഞ്ഞു കൊണ്ടേയിരുന്നു.
(അവസാനിച്ചു)
....... SuryaManu

ഹൃദയത്തിലേയ്ക്കുള്ള വഴികൾ



°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
'അന്നമ്മച്ചിയുടെ അടുക്കള' ചാനലിൽ തലേന്നു പരിചയപ്പെടുത്തിയ 'ജിഞ്ചർ ചോക്കളേറ്റ് കേക്ക് ' മൃദുല ട്രേയിലേക്കെടുത്തു വെച്ചു. നേരത്തെ തയ്യാറാക്കി വച്ച ചോക്കളേറ്റും ഫെഷ്ക്രീമും ബട്ടറും ചേർത്തുരുക്കിയ ഗണാഷ് അതിനു മേലെ ശ്രദ്ധയോടെ ഒഴിച്ച് സെറ്റാവാനായി മാറ്റിവച്ചു.
അന്നത്തെ പ്രാതൽ അവൾ രണ്ടു ബ്രെഡിലും ബട്ടറിലും അവസാനിപ്പിച്ചു. ആവശ്യത്തിലുമധികം സമയമെടുത്തു കുളിച്ച് അവൾ നന്നായി ഒരുങ്ങി വന്നപ്പോഴേയ്ക്കും കേക്കും തയ്യാറായിക്കഴിഞ്ഞിരുന്നു. മേശപ്പുറത്ത് ഭംഗിയുള്ള പിങ്ക് സാറ്റിൻ തുണി വിരിച്ച് അതിനു മീതെ കേക്ക് എടുത്തു വെച്ചു. അരികത്തിരുന്ന നീണ്ട കഴുത്തോടു കൂടിയ മെലിഞ്ഞ ഫ്ലവർ വേസിൽ നിന്നും ഒരു വെള്ള ഡാലിയ കുനിഞ്ഞ് കേക്കിലേയ്ക്ക് സാകൂതം നോക്കുന്നുണ്ടായിരുന്നു.
രണ്ടടി പുറകോട്ടു മാറി നിന്ന് തന്റെ സൃഷ്ടിയെ മൊത്തത്തിൽ ഒന്നു വിലയിരുത്തിയ ശേഷം അവൾ സംതൃപ്തിയോടെ പുഞ്ചിരിച്ചു. പിന്നെ ഫോണെടുത്ത് പല ആംഗിളുകളിലായി അതിന്റെ ഫോട്ടോകളെടുത്തു. കൂട്ടത്തിൽ രണ്ടു സെൽഫികളും.
നല്ല രണ്ടു ഫോട്ടോകൾ എഡിറ്റു ചെയ്ത് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് നിമിഷങ്ങൾ കൊഴിയും മുമ്പേ, പ്രതീക്ഷിച്ചതു പോലെ തന്നെ അരവിന്ദിന്റെ ലൈക് ആദ്യം വന്നു. തൊട്ടുപിറകെ കേക്കിനേയും അതിന്റെ നിർമാതാവിനെയും അഭിനന്ദിച്ചു കൊണ്ട് അവനയച്ച ഹൃദയഹാരിയായ സന്ദേശങ്ങൾ ഇൻബോക്സിലെത്തി. അവളുടെ മനസ്സുനിറഞ്ഞ സന്തോഷം ചിരിയായി മുഖത്തുദിച്ചത് ഇമോജികളായി പറന്ന് അവനരികിലുമെത്തി.
"രാജീവിന്റെ ഭാഗ്യം... ദിവസവും ഒരു സുന്ദരിപ്പെണ്ണു തയ്യാറാക്കുന്ന വെറൈറ്റി ഫുഡ് കഴിക്കാമല്ലോ.." എന്ന സന്ദേശം എത്തിയപ്പോൾ മാത്രം മൃദുലയുടെ മുഖത്തെ ചിരി മാഞ്ഞു, എങ്കിലും ഒരു ചിരി ഇമോജി കൂടി ഇൻബോക്സിലേക്ക് കുടഞ്ഞിട്ട് അവൾ ഡാറ്റ ഓഫ് ചെയ്തു വെച്ചു.
സൗഹൃദത്തിന്റെ നിറങ്ങൾ ചേർത്ത് പ്രണയത്തിന്റെ സുഗന്ധം തൂവി അരവിന്ദ് അലങ്കരിച്ചു വിളമ്പുന്നത് ആസക്തിയുടെ കാമനകളാണെന്ന് അവൾക്കറിയാത്തതല്ല. പക്ഷേ ഏറെ തണുത്ത, രുചികെട്ട അവളുടെ ജീവിതത്തിലേയ്ക്ക് ലോകത്തിന്റെ ഏതോ കോണിലിരുന്ന് അയാളെയ്തു വിടുന്ന എരിവും മധുരവുമാർന്ന ചിന്തകളെ അവഗണിക്കാൻ അവൾക്കു കഴിയുമായിരുന്നില്ല താനും.
രാജീവ് ഇന്നും കഴിച്ചത് കഞ്ഞിയാണ്. അമ്മയ്ക്കു വേണ്ടി ഹോം നഴ്സ് തയ്യാറാക്കുന്ന, നന്നായി വേവിച്ചുടച്ച ഉപ്പ് കുറഞ്ഞ കഞ്ഞി അമ്മയ്ക്കരികിലിരുന്ന് ആസ്വദിച്ചു കഴിക്കുന്നതു കാണുമ്പോൾ ആ വലിയ വീട്ടിൽ താൻ തനിച്ചാകുന്നതായും, തളർന്നു കിടക്കുന്ന ആ അമ്മയോട് ഉള്ളിൽ വല്ലാത്തൊരു വെറുപ്പ് നുരഞ്ഞുയരുന്നതായും, ഒന്നു പൊട്ടിത്തെറിക്കാൻ പോലുമാവാതെ താൻ നിസ്സഹായയായി പോകുന്നതായും അവൾക്കു തോന്നി.
പുറത്തു നിന്നും ഭക്ഷണം കഴിക്കാൻ അയാളിഷ്ടപ്പെട്ടിരുന്നില്ല. ഉച്ചനേരത്ത് ഭക്ഷണം നിർബന്ധവുമല്ല. ഒന്നു രണ്ടു തവണ മൃദുലയ്ക്കൊപ്പം പുറത്തു പോയപ്പോൾ അവൾക്ക് ഇഷ്ടമുള്ളതു വാങ്ങിക്കൊടുത്ത് അയാൾ ഫ്രൂട്ട്ജ്യൂസ് മാത്രം കഴിച്ചു. അതേത്തുടർന്ന് അത്തരം യാത്രകൾ അവൾക്കും ഇഷ്ടമല്ലാതായി.
വീട്ടിലുള്ളപ്പോഴെല്ലാം അമ്മയുടെ മുറിയിൽ, അവർക്കൊപ്പമിരുന്ന് അയാൾ ആഹാരം കഴിക്കുന്നത് അവളിൽ വല്ലാത്ത അസഹ്യതയായി വളർന്നു വന്നു.. ഒരു കിടപ്പു രോഗിയുടെ മുറി, അത് എത്ര വൃത്തിയായി സൂക്ഷിച്ചതാണെങ്കിൽ തന്നെയും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നത് അവൾക്ക് തീർത്തും അരോചകമായിത്തോന്നിയിരുന്നു. ഭക്ഷണത്തോട് ഇത്രയും നിർമമതയുള്ള മനുഷ്യരുണ്ടാകുമോ എന്ന് അതിശയപ്പെടുന്നതിലുമുപരിയായി അങ്ങനെയൊരാൾ തന്റെ ഭർത്താവായതിൽ അവൾ ഖേദിച്ചു.
"ഭർത്താവിന്റെ ഹൃദയത്തിലേയ്ക്കുള്ള വഴി ഭക്ഷണമാണ്.."ആദ്യ വിരുന്നു കഴിഞ്ഞ്. രാജീവിനൊപ്പം ഇറങ്ങാനൊരുങ്ങുമ്പോൾ അടുക്കളയിലേയ്ക്കു വിളിച്ച് അമ്മ പറഞ്ഞു കൊടുത്ത രണ്ടാമത്തെ സാരോപദേശം ഓർക്കുമ്പോഴെല്ലാം അവളുടെ ചുണ്ടുകൾ പരിഹാസത്താൽ അൽപം ഏങ്കോണിച്ചു പോകാറുണ്ട്. ആദ്യത്തേത്,... അതു തന്നെ...! ഭർത്താവാണ് ഒരു സ്ത്രീയുടെ കാണപ്പെട്ട ദൈവമെന്ന്.
ഭർത്താവിനെ ദൈവം എന്നു പറയുന്നത്, തന്റെ കാര്യത്തിൽ കുറെയൊക്കെ ശരിയാണെന്ന് അവൾക്കു തോന്നാറുണ്ട്. അയാൾക്ക് ഒന്നിനോടും വഴക്കില്ല, പരാതിയില്ല, പരിഭവമില്ല. ഇങ്ങനെ മനുഷ്യരുണ്ടാകുമോ... ആദ്യമായി അയാൾ അവളോട് ഒരാഗ്രഹം പറഞ്ഞത് ഒരു കുഞ്ഞ് ഉടനെ വേണമെന്നാണ്. മരിച്ചു പോകും മുമ്പ് മകന്റെ കുഞ്ഞിനെ കാണാൻ അമ്മയ്ക്ക് അവസരമുണ്ടാക്കാനായിരിക്കുമതെന്ന് അവൾ ഊഹിച്ചെടുത്തു. അതു കൊണ്ടു തന്നെ ഒരു വർഷം കഴിഞ്ഞു മതി കുഞ്ഞെന്ന് അവൾ തന്റെ തീരുമാനമറിയിച്ചു. അപ്പോഴെങ്കിലും അയാളുടെ സ്ഥായിയായ സൗമ്യതയ്ക്ക് മാറ്റം വരുമെന്നും അയാൾ നിർബന്ധം പിടിച്ചേക്കുമെന്നും അവൾ പ്രതീക്ഷിച്ചെങ്കിലും പിന്നെയൊരിക്കലും അവർക്കിടയിൽ ആ വിഷയം ചർച്ച ചെയ്യപ്പെട്ടതേയില്ല.
പിന്നീടൊരിക്കൽ,.. ഒരിക്കൽ മാത്രം അയാളെ തന്റെ പ്രതിഷേധമറിയിക്കാനായി അവൾ മറ്റൊരു മുറിയിലേയ്ക്കു കിടപ്പുമാറ്റി. പിറ്റേന്ന് ഓഫീസിലേക്കിറങ്ങാൻ നേരം അവളുടെ കണ്ണിലെ നീർമുത്തുകൾ കണ്ടു പരിഭ്രമിച്ച അയാളോട് താൻ പിണങ്ങിയിട്ടും ശ്രദ്ധിച്ചില്ലല്ലോ എന്നവൾ പറഞ്ഞപ്പോൾ അയാൾ, "അറിഞ്ഞില്ലായിരുന്നു, ഇനി പിണങ്ങുമ്പോൾ അതൊന്നു മുൻകൂറായി പറയണേ ", എന്ന് ചിരിയോടെ പറഞ്ഞു പോകുമ്പോൾ എന്തിനായിരുന്നു പിണക്കം എന്നയാൾ ചോദിച്ചില്ലല്ലോയെന്നവൾ പരിഭവിക്കുകയും തൊട്ടടുത്ത നിമിഷം അങ്ങനെ ചോദിക്കാത്തതിൽ ആശ്വാസം കൊള്ളുകയും ചെയ്തു. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്ന് ഒരുപാടു പ്രതീക്ഷിക്കുന്ന തന്റെ വിഡ്ഢിത്തമോർത്ത് ലജ്ജ തോന്നിത്തുടങ്ങിയതിൽ പിന്നെയാണ് അവളുടെ ജീവിതം തീർത്തും വിരസവും നിർജ്ജീവവുമായിപ്പോയത്.
രാജീവിന്റെ വിവാഹാലോചന വരുമ്പോൾ, സ്ട്രോക്കു വന്നു തളർന്നു കിടക്കുന്ന അയാളുടെ അമ്മ അവൾക്ക് ഒരു ബുദ്ധിമുട്ടാകാനിടയുണ്ടെന്ന് അവളുടെ മാതാപിതാക്കൾക്ക് തോന്നിയെങ്കിലും, തന്റെയമ്മ മൃദുലയ്ക്കൊരിക്കലും ബാധ്യതയാവില്ലെന്ന് ആദ്യ വരവിൽ തന്നെ രാജീവ് അവർക്ക് ഉറപ്പു നൽകി. അയാളുടെ അന്തസ്സുറ്റ പെരുമാറ്റവും സൗമ്യമായ ചിരിയും അവരെ ആകർഷിച്ചപ്പോൾ ഭാവി ഭർത്താവിന്റെ സാമ്പത്തിക ഭദ്രത, ഒറ്റപ്പുത്രനെന്നപദവി, ഏക ബന്ധുവായ അമ്മ ഏറെക്കാലം ജീവിച്ചിരിക്കാനിടയില്ല തുടങ്ങിയ കാര്യങ്ങളായിരുന്നു മൃദുല പരിഗണിച്ച പ്ലസ് പോയിന്റുകൾ.
വിവാഹത്തിന്റെ ആദ്യ നാളുകളിൽ അവൾ ഏറെ സന്തുഷ്ടയായിരുന്നു. രാജീവിന്റെ അമ്മയെ നോക്കാനായി ഹോം നഴ്സുണ്ടായിരുന്നു. മൃദുലയുടെ ഇഷ്ടങ്ങൾക്കോ താൽപര്യങ്ങൾക്കോ രാജീവ് ഒരു തടസ്സവും പറഞ്ഞില്ല. അവൾക്കിഷ്ടമുള്ളപ്പോഴെല്ലാം വീട്ടിൽ പോകാനും അനുമതിയുണ്ടായിരുന്നു. പക്ഷേ ദിവസങ്ങൾ കടന്നു പോകുംതോറും, ഏതൊരു വിശിഷ്ട ഭോജ്യവും എന്നും കഴിച്ചാൽ മടുത്തു പോകുമെന്ന മട്ടിൽ ജീവിതത്തിന്റെ ഏകതാനത അവളെ ശ്വാസം മുട്ടിച്ചു തുടങ്ങി.
തുടർന്നു പഠിക്കാനോ ജോലിക്കു പോകാനോ താൽപര്യമില്ലാത്തതിനാൽ മൃദുല അവൾക്കേറെ പ്രിയപ്പെട്ട പാചക പരീക്ഷണങ്ങളിൽ മുഴുകി. അമ്മയോട് അതിവിധേയത്വം കാണിക്കുന്ന ഭർത്താവിനെ തന്നിലേയ്ക്കടുപ്പിക്കാൻ പുതുമയാർന്ന രുചിക്കൂട്ടുകൾ അവസരമൊരുക്കുമെന്നും അവൾ കരുതി. മനോഹരമായി രൂപകൽപന ചെയ്യപ്പെട്ട അടുക്കളയിൽ സ്വാദേറിയ വിഭവങ്ങൾ സുഗന്ധമുയർത്താൻ തുടങ്ങി. പക്ഷേ, ഏറെ പ്രതീക്ഷയോടെ അവൾ തയ്യാറാക്കി നൽകുന്ന ഭക്ഷണം രുചിച്ചെന്നു വരുത്തി അഭിപ്രായങ്ങളേതുമില്ലാതെ അയാൾ തിരികെ കൊടുക്കുമ്പോൾ, കരി പടരാത്ത അടുക്കളച്ചുമരുകളിലേയ്ക്ക് മിഴിനട്ട്, ഭക്ഷണത്തിന്റെ പേരിൽ ഒരു ഭർത്താവ് ഭാര്യയുടെ ഹൃദയത്തിൽ നിന്നും പുറത്തേയ്ക്കു വഴി വെട്ടിത്തുറക്കുന്ന ക്രൂരഫലിതമോർത്ത് അവൾ കയ്പ്പോടെ ചിരിച്ചു.
പകലിടവേളകളിൽ വീട്ടിൽ പോയി വരാറുള്ള ഹോം നഴ്സ് ആനിയമ്മയും അവരുടെ പേരക്കുട്ടികളും അവളുടെ വിഭവങ്ങളുടെ സ്ഥിരം ഉപഭോക്താക്കളായി മാറിയതോടെയാണ് മൃദുല തന്റെ അടുക്കള സൗരഭ്യങ്ങൾ ലോകർക്കു പങ്കിട്ടു നൽകാൻ തുടങ്ങിയതും അതിനു ലഭിക്കുന്ന സ്വീകാര്യതയിലും അഭിപ്രായങ്ങളിലും അഭിരമിക്കാനാരംഭിച്ചതും.
ചില നേരങ്ങളിൽ വിഭവങ്ങളിൽ ഉപ്പിന്റെയും മധുരത്തിന്റെയും എരിവിന്റെയും അളവുകളിൽ ഏറ്റക്കുറച്ചിലുകൾ വരുത്തി രുചികെടുത്തിയ ശേഷം ഫോട്ടോകളെടുത്ത് പോസ്റ്റു ചെയ്ത് അതിനു കിട്ടുന്ന മികച്ച അഭിപ്രായങ്ങളിലെ അപഹാസ്യതയോർത്ത് അവൾ ഊറിച്ചിരിക്കാറുണ്ടായിരുന്നു.
അരവിന്ദിനെ പരിചയപ്പെട്ടതിനു ശേഷം അത്തരം വികൃതികൾ അവൾ ഉപേക്ഷിച്ചു. അത്രയും സൂക്ഷ്മതയോടെ, സ്നേഹത്തോടെ അവളുടെ അടുക്കളയിൽ വിഭവങ്ങൾ തയ്യാറാക്കപ്പെട്ടു. മനോഹരമായി അലങ്കരിക്കപ്പെട്ട അവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി നിരവധിയാളുകളുടെ രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ചു.
ഒരു കഷ്ണം കേക്ക് മുറിച്ചെടുത്ത് രാജീവിനു നേരെ നടക്കുമ്പോൾ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അയാൾക്കറിയാനിടയില്ലെന്നു തന്നെ അവളുറപ്പിരുന്നു. പക്ഷേ, അവളെ അതിശയപ്പെടുത്തിക്കൊണ്ട് അതിൽ നിന്നും ചെറിയൊരു തുണ്ടെടുത്തു കഴിച്ചു കൊണ്ട് ഒരു സർപ്രൈസിന്റെ പൊലിമകളേതുമില്ലാതെ അയാൾ പറഞ്ഞു, "ഇന്നു തന്റെ ബർത്ഡേയല്ലേ. നമുക്കൊരിടം വരെ പോകാം. കേക്ക് അധികമുണ്ടെങ്കിൽ പൊതിഞ്ഞെടുത്തോളൂ. ആവശ്യം വരും"
ആദ്യമായാണ് ഒരുമിച്ചൊരു യാത്രയെക്കുറിച്ച് രാജീവ് മൃദുലയോടു പറയുന്നത്. അതു കൊണ്ടു തന്നെ ഏറെ ഉത്സാഹത്തോടെയാണ് അവൾ ഒരുങ്ങിയിറങ്ങിയത്. നഗരത്തിരക്കിന്റെ വർണശബളിമയിലൂടെ സശ്രദ്ധം കാറോടിക്കുന്ന രാജീവിന്റെ ശാന്തമായ മുഖത്തേയ്ക്കു നോക്കി, ഈ മനസ്സിലേയ്ക്കുള്ള വഴികൾ മാത്രമെന്തേ തനിക്കന്യമായിപ്പോയതെന്ന് അവൾ പലയാവർത്തി പരിതപിച്ചു.
കാർ ഒഴുകി നിന്നതൊരു ഓർഫനേജിനു മുന്നിലാണെന്നറിഞ്ഞതും അവളുടെ മുഖം വാടി. വർണക്കടലാസുകൊണ്ടു പൊതിഞ്ഞെടുത്ത കേക്ക് അവൾ മനഃപൂർവം തന്നെ കാറിൽ മറന്നു വെച്ചു.
അനാഥാലയത്തിലെ അന്തേവാസികളായ കുഞ്ഞുങ്ങൾ രാജീവിനെ കണ്ട് ഓടി വന്നു കെട്ടിപ്പിടിച്ചു. വയസ്സായ അമ്മമാർ അവരെ സ്നേഹപൂർവം അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവരുടെ മെസ്സ് ഹാളിൽ അവർക്കൊപ്പം, മൃദുലയുമൊന്നിച്ചിരുന്ന് വൈവിധ്യമാർന്ന വിഭവങ്ങൾ രാജീവ് രുചിയോടെ ഭക്ഷിക്കുന്നത് അവൾ വല്ലായ്മയോടെ കണ്ടു. ഈ മനുഷ്യൻ അണിയുന്നതെല്ലാം പൊയ്മുഖങ്ങളാണോ എന്നും അവൾ സംശയിച്ചു.
ഊണിനു ശേഷം ആ സ്ഥാപനത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് പ്രാർത്ഥനാ ഹാളിൽ സജ്ജീകരിച്ച സ്റ്റേജിൽ മൃദുലയെ അവർ വിശിഷ്ടാതിഥിയായി സ്നേഹത്തോടെ ക്ഷണിച്ചിരുത്തി. വാർഡൻ അവൾക്ക് ആശംസകൾ അർപ്പിക്കുകയും അന്നത്തെ ഭക്ഷണത്തിന് അവളോട് നന്ദി പറയുകയും ചെയ്തു.
തുടർന്നു നടത്തിയ ചെറുപ്രസംഗത്തിൽ വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു മണ്ണിടിച്ചിലിൽ തന്റെ മകനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ട ഒരമ്മ ആലംബമറ്റ് തന്റെ കുഞ്ഞിനൊപ്പം ആ അനാഥാലയത്തിൽ എത്തിച്ചേർന്നതും, ഇല്ലായ്മയുടെ വേദനയും കൂട്ടായ്മയുടെ സന്തോഷവും പങ്കിട്ടെടുത്തു കൂടെ കഴിഞ്ഞതും അവർ ഓർത്തെടുത്തു. പഠനത്തിൽ മിടുക്കനായ ആ മകൻ വളർന്ന് സ്വന്തം കാലിൽ നിൽക്കാനായപ്പോൾ അമ്മയുമൊരുമിച്ച് മാറിത്താമസിച്ചു. പക്ഷേ മകന്റെ വളർച്ച കണ്ട് ഏറെ നാൾ സന്തോഷത്തോടെ ജീവിക്കാൻ വിധി അവരെ അനുവദിക്കുകയുണ്ടായില്ല. തളർന്നു ശയ്യാവലംബിയായ അമ്മയെ മകൻ കൂടുതൽ ചേർത്തു പിടിക്കുകയാണുണ്ടായത്. ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുന്നതിനനുസരിച്ച് അനാഥാലയത്തിലെ മറ്റ് അന്തേവാസികൾക്കു കൂടി അവൻ തുണയായിത്തീർന്നത് സ്നേഹത്തോടും നന്ദിയോടും കൂടി അവർ സ്മരിച്ചപ്പോൾ രാജീവെന്ന സമസ്യയുടെ ഉത്തരം അൽപാൽപമായി മൃദുലയ്ക്കു മുന്നിൽ വെളിപ്പെടുകയായിരുന്നു.
തിരികെയുള്ള യാത്രയിൽ നഗരത്തിന്റെ നിറക്കൂട്ടുകളൊന്നും തന്നെ അവൾ കാണുകയുണ്ടായില്ല. റോഡരികിലെ മരച്ചുവട്ടിൽ ഒരു ഓലച്ചുമരിന്റെ പോലും മറയില്ലാത്തൊരടുക്കളയിൽ എരിയുന്ന, മൂന്നു കല്ലു ചേർത്തുവെച്ച അടുപ്പും അതിനു മുകളിൽ വെച്ച കലത്തിൽ വേവുന്ന കഞ്ഞിക്കായി ക്ഷമയോടെ കാത്തിരിക്കുന്ന കുരുന്നുകളും ആദ്യമായി കണ്ണിൽ തടഞ്ഞപ്പോൾ അവൾ രാജീവിനോട് കാർ നിർത്താനാവശ്യപ്പെട്ടു.
കേക്കെടുത്ത്, ഡോർ തുറന്നു പുറത്തിറങ്ങി ആ കുഞ്ഞുങ്ങൾക്കുനേരെ നടക്കുമ്പോൾ അവൾ രാജീവിന്റെ ഹൃദയത്തിലേയ്ക്കുള്ള വഴി കണ്ടെത്തിക്കഴിഞ്ഞിരുന്നു.
(അവസാനിച്ചു)

By Surya Manu

നിറക്കാഴ്ചകൾ (കഥ)

Image may contain: Surya Manu, outdoor
°°°°°°°°°°°°°°°°°°°°°°°°°°°°°°
സാന്ദ്ര കുളിച്ച് അലമാരയിൽ പതിച്ച കണ്ണാടിക്കു മുന്നിൽ വന്നു നിന്നു. കണ്ണാടി വല്ലാതെ മങ്ങിപ്പോയിരുന്നു. വിരലുകൾ കൊണ്ടൊന്നോടിച്ചപ്പോൾ പൊടിക്കുള്ളിൽ നിന്നും വീതിയിൽ ഒരു വക്രരേഖ തെളിഞ്ഞു വന്നതിൽ നാളുകൾക്കു ശേഷം അവൾ തന്റെ കണ്ണുകൾ കണ്ടു. ചുവന്നു കലങ്ങി... പോളകൾ വീർത്ത്...തടങ്ങൾ കറുത്ത്.. തിളക്കമറ്റ കണ്ണുകൾ.
പഴയൊരു കോട്ടൺ ടവലെടുത്ത് കണ്ണാടി തുടയ്ക്കുമ്പോൾ അവളുടെ കണ്ണിൽ തെളിഞ്ഞത് റോഡിൽ ചിതറിത്തെറിച്ചു കിടന്ന ചില്ലു കഷ്ണങ്ങളായിരുന്നു. ചോരയിൽ മുങ്ങിയ പരൽക്കഷ്ണങ്ങളെന്ന പോലെ....അവൾ കണ്ണുകൾ ഇറുക്കിയടച്ചു
അതു കാണുമ്പോൾ അവളറിഞ്ഞിരുന്നില്ല മണ്ണിലേക്കു പടർന്നൊഴുകിയതത്രയും ദീപക്കിന്റെ രക്തമായിരുന്നെന്ന്... കാറ്റിൽ പരന്നു തന്നെ വന്നു തൊട്ട ഗന്ധം അവന്റെ ജീവന്റെയായിരുന്നെന്ന് ...
"ആക്സിഡന്റിൽ പെട്ട ബൈക്ക് " എന്നു പറഞ്ഞ് ആരോ വിരൽ ചൂണ്ടിയിടത്ത് അവൾ കണ്ടു, രണ്ടു വണ്ടികൾക്കിടയിൽ പെട്ടു ഞെരിഞ്ഞ്, ചിറകൊടിഞ്ഞ നിലയിൽ ദീപക്കിന്റെ പ്രിയപ്പെട്ട ബുള്ളറ്റ് ...
കണ്ണിലേയ്ക്കരിച്ചു കയറിയ ഇരുട്ട് പിന്നീടെപ്പോഴാണിറങ്ങിപ്പോയത്?... അവൾ ഓർക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ നിന്നും തുന്നിക്കെട്ടി വന്ന അവന്റെ മുഖം തുറന്നു കാണിക്കേണ്ടെന്ന് ആരോ പറയുന്നത് അവ്യക്തമായി ഓർമയിലുണ്ട്.
"താനവനെ കാണണമെന്ന് വാശി പിടിച്ചോ?... അവനെ കണ്ടോ...? ഓർമകൾ ഓളം വെട്ടിയകലും പോലെ തോന്നിയപ്പോൾ അവൾ ഇരു കൈകൾ കൊണ്ടും നെറ്റിയുടെ ഇരുവശമമർത്തിക്കൊണ്ട് ബെഡിലേയ്ക്കിരുന്നു. കറുത്തു പോയ കൺതടങ്ങളിലൂടെ നീർ മുത്തുകൾ താഴേയ്ക്കുരുണ്ടു വീണു.
ഇനിയും വീട്ടിന്നകത്തിരുന്നാൽ താൻ ശ്വാസം മുട്ടി മരിച്ചു പോകുമെന്നവൾക്കു തോന്നി. എങ്ങും ... എവിടെയും... ദീപക്കിന്റെ ഗന്ധം, അവന്റെ നിറങ്ങൾ,.. ഓരോ കോണിലും അവന്റെ സാന്നിധ്യം,.. ചിരി ,... ശബ്ദം...അവൾ കാതുകൾ പൊത്തി. കണ്ണുകൾ ഇറുക്കിയടച്ചു.
സാന്ദ്രയുടെ അമ്മ ശ്രീദേവി വന്ന് വാതിൽ മെല്ലെ തുറന്നു നോക്കി.
"ഇന്ന് ഓഫീസിൽ പോകണം... " സാന്ദ്ര തന്നോടു തന്നെയെന്നോണം പറഞ്ഞു.
" പത്തു ദിവസം പോലുമായില്ല..." ശ്രീദേവിയമ്മ പൂർത്തിയാക്കിയില്ല.
സാന്ദ്ര മറുപടി പറയാതെ എഴുന്നേറ്റ് അലമാര തുറന്നു. ഭംഗിയായി അടുക്കി വെച്ച വസ്ത്രങ്ങളുടെ ഏറ്റവും മുകളിലായി അവളുടെ തൂവെള്ള സാരിയിരിപ്പുണ്ടായിരുന്നു. സാന്ദ്രയുടെ കഴിഞ്ഞ പിറന്നാളിന് ദീപക്കുമൊന്നിച്ചു പോയെടുത്തതാണത്. ബോഡിയിൽ നേർത്ത ഗോൾഡൻ എംബ്രോയ്ഡറിയോടു കൂടിയ, വീതി കുറഞ്ഞ ചുവന്ന ബോഡറുള്ള സാരി സെലക്ട് ചെയ്തത് ദീപക് തന്നെയായിരുന്നു.
അതുടുത്തു വന്നപ്പോൾ, "യൂ ആർ ലുക്കിങ്ങ് ലൈക് ആൻ ഏയ്ഞ്ചൽ " എന്നു പറഞ്ഞ് അവനവളെ പൊക്കിയെടുത്ത് ഒരു തവണ ചുറ്റിത്തിരിഞ്ഞ് "വോ രംഗ് ഭീ ക്യാ രംഗ് ഹേ... മിൽതാ നാ ജോ തേരേ ഹോഢ് കേ രംഗ് സേ ഹോ ബഹൂ ... "എന്നു മൂളിയതോർത്തപ്പോൾ അറിയാതൊരു ചിരി അവളുടെ ചുണ്ടിൻ കോണിൽ വിരിയുകയും തൊട്ടടുത്ത നിമിഷം അതു വാടിക്കൊഴിയുകയും ചെയ്തു.
വെള്ള സാരിയുടുത്ത് മുടി ചീകിക്കെട്ടി അടുക്കളയിൽ ചെന്ന് ഒരു ദോശയെടുത്തു കഴിച്ച് അവൾ സ്കൂട്ടറിലേയ്ക്കു കയറുമ്പോൾ ശ്രീദേവിയമ്മ പിറകെ ചെന്ന് എന്തോ പറയാനാഞ്ഞു, പിന്നെ എന്തോ ഓർത്ത് വേണ്ടെന്നു വെച്ചു.
കവലയിലൂടെ സാന്ദ്രയുടെ സ്കൂട്ടർ കടന്നു പോയപ്പോൾ, ബസ് സ്റ്റോപ്പിലിരുന്ന് ഒറ്റയ്ക്കും കൂട്ടമായും ബസ് കാത്തു നിൽക്കുന്ന തരുണികളുടെ പിന്നഴക് കണ്ണുകൾ കൊണ്ടു സ്കെച്ചു ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ലോലനെന്നറിയപ്പെടുന്ന ദിലീപൻ അതിശയിച്ചു കണ്ണു മിഴിച്ചു.
"സാന്ദ്രേച്ചി ട്രാക്കിലിറങ്ങിയോ"... എന്ന അവന്റെ ആത്മഗതം കേട്ട് മൊബൈൽ ഫോണിന്റെ അഗാധതലങ്ങളിലേക്ക് ആഴ്ന്നിറങ്ങിപ്പോയ ഫ്രീക്കൻ ഫൈസൽ പെട്ടെന്നുണർന്നുയർന്നു സ്കൂട്ടറിനു പിന്നാലെ തന്റെ ദൃഷ്ടി പറത്തി.
" പാവം ഇത്ര ചെറുപ്പത്തിലേ വെള്ള സാരിയുടുക്കേണ്ടി വന്നില്ലേ..." വീട്ടിലിരുന്നാൽ ഭാര്യ എന്തെങ്കിലും പണി പറഞ്ഞെങ്കിലോ എന്നു പേടിച്ച് ബസ് സ്റ്റോപ്പിനെ തന്റെ സ്ഥിരം ഒളിത്താവളമാക്കിയ കോങ്കണ്ണൻ സുകുമാരൻ നെടുവീർപ്പിട്ടു.
"കെട്ട്യോൻ മരിച്ചെന്നു കരുതി ഇന്നത്തെ കാലത്ത് ആരെങ്കിലുമിങ്ങനെ വെള്ള സാരിയുടുത്തു നടക്കുമോ?...അതും സാന്ദ്രേച്ചിയെപ്പോലൊരു കിടിലൻ ബ്യൂട്ടി...!"ലോലൻ ദിലീപൻ വെള്ളമിറക്കി.
"പറയാൻ പറ്റില്ല. അവരത്രേം സ്നേഹത്തിലായിരുന്നല്ലോ..." തേച്ച പെണ്ണിനെ ഒരുവൻ തല്ലുന്നതിന്റെ ടിക് ടോക് വീഡിയോയ്ക്ക് ഹാ.. ഹാ.. റിയാക്ഷൻ കൊടുത്തുകൊണ്ട് ഫ്രീക്കൻ ഫൈസൽ കമന്റിട്ടു.
തന്റെ ഭാര്യ വിലാസിനിയെ സ്മരിച്ചു കൊണ്ട് കയ്യിലിരുന്ന ഈർക്കിൽ കൊണ്ട് സുകുമാരൻ പല്ലിട കുത്തി.
പിറ്റേന്ന് സാന്ദ്രയണിഞ്ഞിറങ്ങിയത്, അവരുടെ ഒന്നാം വിവാഹ വാർഷികത്തിന് ദീപക് അവൾക്കു സമ്മാനിച്ച കറുത്ത ചുരിദാറാണ്. മിറർ വർക്കു ചെയ്തു തിളക്കം ചാർത്തിയ ആ വസ്ത്രം അവളെ അതി മനോഹരിയാക്കിയിരുന്നു.
" കണ്ടോ... കറുപ്പ് ...! ചേച്ചി ദു:ഖത്തിലാണ് " സാന്ദ്ര കടന്നു പോകുന്നതു കണ്ട് ലോലൻ ദിലീപൻ വിലയിരുത്തി.
"എന്തായാലും കിടുവേ...!!"ഫോണിൽ നിന്നു കണ്ണുയർത്തി ഫ്രീക്കൻ ഫൈസൽ തള്ളവിരലുയർത്തി ലൈക്കിട്ടു.
"എന്തോ... എനിക്കിതത്ര പന്തിയായി തോന്നുന്നില്ല. കെട്ടിയോൻ ചത്ത് പത്തുനാൾ തികയും മുമ്പേ ...കറുപ്പും വെളുപ്പുമിട്ട്... ചമഞ്ഞിറങ്ങിയേക്കുന്നവള് ... " കോങ്കണ്ണൻസുകുമാരൻ നെറ്റി ചുളിച്ച് തന്റെ നോട്ടം മാനത്തേയ്ക്കു വിക്ഷേപിച്ചു കൊണ്ട് ആരോടെന്നില്ലാതെ പിറുപിറുത്തു.
അടുത്ത ദിവസം പിങ്ക് ലാച്ചയണിഞ്ഞാണ് സാന്ദ്ര ഓഫീസിലേക്കിറങ്ങിയത്. അവരുടെ വിവാഹ നിശ്ചയ ദിവസം ധരിക്കാനായി ഒരു പാട് കടകളിൽ അലഞ്ഞാണ് ദീപക് അതു കണ്ടെത്തിയത്.പിങ്കിൽ മെറൂൺ നിറത്തിലുള്ള വലിയ പൂക്കൾ കട്ട് വർക്കു ചെയ്തു പിടിപ്പിച്ച, വെളുത്ത ലെയ്സുകൾ അതിരിടുന്ന ആ വസ്ത്രത്തിൽ ഒരു രാജകുമാരിയെപ്പോലെ അവൾ പുറത്തേക്കിറങ്ങുമ്പോൾ ശ്രീദേവിയമ്മ പിറകെ ഓടിച്ചെന്നു പറഞ്ഞു. "മോളേ ആൾക്കാര് പറയില്ലേ..?"സാന്ദ്രയത് കേട്ടതായി പോലും ഭാവിച്ചില്ല.
അന്ന് ബസ് സ്റ്റോപ്പിലിരുന്നവർ ആകെ ഇളകി മറിഞ്ഞു.
"ഇതാണ് ന്യൂ ജെൻ വിഡോ..." യെന്ന് ഫ്രീക്കൻ ഫൈസൽ വാവ് എക്സ്പ്രഷനിട്ടു ട്രോളി.
"എങ്കിലും ഇതൽപം കടന്ന കൈയായിപ്പോയി ..." എന്ന് വായിൽ നിറഞ്ഞ തുപ്പലിറക്കി ലോലൻ ദിലീപ് പ്രസ്താവിച്ചു.
"അഴിഞ്ഞാട്ടക്കാരി ... ത്ഫൂ...!!"കോങ്കണ്ണൻ സുകുമാരൻ പുച്ഛിച്ച് മണ്ണിലേയ്ക്കു നീട്ടിത്തുപ്പി.
ഇതൊന്നുമറിയാതെ വർണമനോഹരമായ വസ്ത്രങ്ങളിഞ്ഞ് ഓരോ ദിവസവും സാന്ദ്ര പുറത്തേക്കിറങ്ങി. കറുത്തു പോയ അവളുടെ ആകാശത്തു നിന്നും ആ വർണവസ്ത്രങ്ങളിലേയ്ക്ക് കണ്ണീർ പെയ്തിറങ്ങിക്കൊണ്ടേയിരുന്നു.
(അവസാനിച്ചു)
.....Surya Manu

മൗനമായ്.

Image may contain: Surya Manu, outdoor
മൗനം സംഗീതമാകുന്നത്
നിങ്ങളറിഞ്ഞിട്ടുണ്ടോ?
ഹൃദയം മറ്റൊന്നിനെ തൊട്ട്
കുളിർന്നു തരളിതമാകുന്നത്..?
കണ്ണിലെ പിടച്ചിലിൽ ആരവങ്ങളത്രയും
അമർന്നു മുങ്ങിപ്പോകുന്നത്..?
മറ്റാരുമറിയാതെ നാസികയിൽ
വന്നുരുമ്മുന്ന ഗന്ധം
ഉള്ളിനെ പൊള്ളിച്ചിട്ടുണ്ടോ?
ആർദ്രമൊരു നോട്ടത്തിൽ
ആവി പടർന്നു വിയർത്തിട്ടുണ്ടോ?
ചുമ്മാ ചിരിച്ചിട്ടുണ്ടോ..., പിന്നെ
ചുറ്റിനും കണ്ണോടിച്ചിട്ടുണ്ടോ?
ഉറക്കം മറന്നിട്ടുണ്ടോ? കണ്ണുകൾ
വിടർത്തി കിനാവു കണ്ടിട്ടുണ്ടോ?
ചിപ്പിക്കുള്ളിലൊരു മൺതരിയായ് ലോകം
ചുരുങ്ങിച്ചെറുതായിട്ടുണ്ടോ..
ഹൃദയം കുതിക്കുന്നത് താൻ പോലുമറിയാതിരിക്കാൻ
നിങ്ങളതിനെ വരിഞ്ഞു കെട്ടിയിട്ടുണ്ടോ?
എങ്കിൽ ...
നിങ്ങൾ പ്രണയിച്ചിട്ടുണ്ട് ...
പ്രണയം നമ്മെ പുണരുന്നതങ്ങനെയാണ്
മൗനമായ്.... മധുരമായ്....
... Surya Manu

മരുപ്പച്ചകൾ - Part 2


മരുപ്പച്ചകൾ - Part 1 Read here - https://www.nallezhuth.com/2019/06/Maruppachakal-Part-1.html

അപ്രതീക്ഷിതമായി പെയ്തൊഴിഞ്ഞ മഴയിൽ നനഞ്ഞു കിടന്ന റോഡിലൂടെ വീട്ടിലേയ്ക്ക് ഡ്രൈവുചെയ്യുമ്പോൾ മഹേഷ് ഏറെ അസ്വസ്ഥനായിരുന്നു.
ഫോൺ സൈലന്റ് മോഡിലായിരുന്നതിനാൽ തുടരെത്തുടരെയെത്തിയ, രാജശ്രീയുടെ പത്തോളം കോളുകൾ അറിയാതെ പോയി. പരിഭവം കാരണമാകാം തിരിച്ചുവിളിക്കുമ്പോൾ ഫോണെടുക്കുന്നുമില്ല. അത്യാവശ്യ കാര്യങ്ങളെന്തെങ്കിലുമാണെങ്കിൽ മെസേജ് അയക്കുമായിരുന്നല്ലോ എന്ന് അയാൾ ആശ്വസിക്കാൻ ശ്രമിച്ചു.
ഏറെ വെപ്രാളപ്പെട്ട് കോളിങ്ങ് ബെല്ലമർത്തിയപ്പോൾ, അനുക്കുട്ടിക്കു പകരം സുമിത്രയാണ് വാതിൽ തുറന്നത്. അമ്മയുടെ മുഖത്തെ ശാന്ത ഭാവം അയാളുടെ ഉള്ളിൽ അൽപം തണുപ്പു വീഴ്ത്തി.
" അമ്മേ,..അനുക്കുട്ടി? " അയാൾ ചോദിച്ചു.
"ഉറങ്ങുകയാണെന്നു തോന്നുന്നു." അവർ നിസ്സാരമട്ടിൽ പറഞ്ഞു.
ഈ സമയത്ത് അങ്ങനെയൊരു പതിവില്ലാത്തതാണല്ലോ എന്നോർത്ത് അയാൾ അകത്തേയ്ക്കു കയറി. ബാഗ് സോഫയിൽ വെച്ച് ഡ്രെസ് മാറ്റാൻ നിൽക്കാതെ കിച്ചനിലേയ്ക്കു നടന്നു.
അൽപം മുമ്പ് പെയ്തിറങ്ങിപ്പോയ കാർമേഘമെല്ലാം രാജശ്രീയുടെ മുഖത്ത് കൂടു കൂട്ടിയിരുന്നു.
"രാജീ... " അയാൾ പതിയെ വിളിച്ചു.
കലങ്ങിയ കണ്ണുകളോടെ രാജശ്രീ അയാളെ തറപ്പിച്ചു നോക്കി, പിന്നെ തലവെട്ടിച്ച് അടുക്കള ജനൽ തുറന്നിടുന്ന ഇത്തിരി ചതുരാകാശത്തേയ്ക്ക് നോക്കി മിണ്ടാതെ നിന്നു
"സോറി ... ബോസിന്റെ കാബിനിൽ കയറുമ്പോൾ ഫോൺ സൈലന്റാക്കിയതാണ്. പിന്നീടത് മറന്നുപോയി. " അയാൾ ക്ഷമാപണമെന്നോണം പറഞ്ഞു.
"പിന്നീടെത്ര തവണ ഞാൻ തിരിച്ചുവിളിച്ചു..? ഇത്രയ്ക്കൊക്കെ വിഷമിക്കാൻ എന്തുണ്ടായി രാജീ..."
അയാൾ തുടർന്നു ചോദിച്ചു.
"അച്ഛമ്മയും പേരക്കുട്ടിയും കൂടി എന്നെ നാണം കെടുത്തിക്കളഞ്ഞു. "രാജശ്രീ പൊട്ടിത്തെറിച്ചു.
'' അറിഞ്ഞോ ...? നിങ്ങടെയമ്മ കെട്ടുകണക്കിനു പണവുമായാണ് വന്നിരിക്കുന്നത് .. " അവൾ പുച്ഛഭാവത്തിൽ പറഞ്ഞു.
"മകൾ അതും കൊണ്ട് റ്റ്യൂഷനു പോയിരിക്കുന്നു. ഐ പാഡ് വാങ്ങാനാണു പോലും. ഇവളുടെ ട്യൂഷൻ ടീച്ചർ എന്നെ വിളിപ്പിച്ചു. അവരുടേയും കുട്ടികളുടെയും മുന്നിൽ വച്ച് എന്റെ തൊലിയുരിഞ്ഞു പോയി. " രാജശ്രീ കിതപ്പോടെ പറഞ്ഞു നിർത്തി.
മഹേഷ് അമ്മയെ നോക്കി. ആ മുഖത്ത് നിസ്സംഗഭാവം.
അമ്മയ്ക്കെവിടെ നിന്നാണ് പണം..? അയാൾ ചോദിച്ചു.
"ആ... എനിക്കറിയില്ല... നേരിട്ടങ്ങു ചോദിക്കണം." രാജശ്രീ ചൊടിച്ചു.
ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിലിരിക്കുന്ന സുമിത്ര മഹേഷിനെ അതിശയിപ്പിച്ചു. ഇങ്ങനൊരു ഭാവത്തിൽ അയാൾ തന്റെ അമ്മയെ കണ്ടിട്ടേയില്ല.
അയാൾ റൂമിലേയ്ക്കു നടന്നു. തട്ടി വിളിച്ചതും അനുക്കുട്ടി ഉണർന്ന് അച്ഛനെ കെട്ടിപ്പിടിച്ചു.
"അച്ഛാ ... അമ്മയെന്നെ അടിച്ചു. എനിക്കിഷ്ടല്ല അമ്മയെ... അച്ഛമ്മയാ നല്ലത്..." അവൾ വിതുമ്പി.
"സാരമില്ല." അയാൾ അനുവിനെ എടുത്ത് തോളിലേയ്ക്കു കിടത്തി. "വാ... അച്ഛൻ ചോദിക്കട്ടെ .."
അടുക്കളയിൽ ഏതോ പാത്രം വലിയ ശബ്ദത്തോടെ തറയിൽ വീഴുന്ന ശബ്ദം കേട്ടു .അവൾ അച്ഛനെ ഇറുക്കിപ്പിടിച്ചു.
"മോളിന്ന് റ്റ്യൂഷനു പോകുമ്പോൾ പൈസ കൊണ്ടു പോയോ?" അയാൾ ചോദിച്ചു.
"ഉം.. " അനുക്കുട്ടി മൂളി.
"എവിടുന്നാണ് പൈസ കിട്ടിയത്? അച്ഛമ്മ തന്നതാണോ ?"
"അല്ല. ഞാനെടുത്തതാ.." അനുവിന്റെ സ്വരം നേർത്തു. " അച്ഛമ്മേടെ കൈയിലുള്ളതൊക്കെ അനുക്കുട്ടിക്കുള്ളതാന്ന് അച്ഛമ്മ പറഞ്ഞല്ലോ ...''
"എത്ര കാലമായി അച്ഛനോട് ഐ പാഡ് വാങ്ങിത്തരാൻ പറയുന്നു ... "സങ്കടം കൊണ്ട് അവളുടെ വാക്കുകൾ മുറിഞ്ഞു.
"ക്ലാസ്സിലെ എല്ലാവർക്കുമുണ്ട്... പൈസ ഇല്ലാത്തതു കാരണമല്ലേ വാങ്ങാത്തത്..." കുഞ്ഞുഗദ്ഗദങ്ങൾ വീണ്ടുമുയർന്നു.
ശരിയാണ്.മഹേഷ് ഓർത്തു. പലപ്പോഴായി മകൾ ചോദിക്കുന്നു., വാങ്ങാമെന്ന് വാക്കു പറയുകയല്ലാതെ വാങ്ങിക്കൊടുക്കാൻ സാധിച്ചിട്ടില്ല .. ഇതുവരെ.. തന്റെ ഇല്ലായ്മയിൽ അയാളുടെ അഭിമാനത്തിനൽപം പൊള്ളലേൽക്കാതിരുന്നില്ല.
"അതിനെന്തിനാണ് പൈസയും കൊണ്ട് അങ്ങോട്ടു പോയത്? "അയാൾ അൽപം കയർത്തു ചോദിച്ചു.
.അനു താഴേക്ക് പിടഞ്ഞിറങ്ങി. ഓടി അച്ഛമ്മയുടെ മടിയിൽ മുഖം പൂഴ്ത്തി. " പൈസ തികയോന്ന് ഷോപ്പിലെ ചേട്ടനോട് ചോദിക്കാനാ.... " അവൾ തലയുയർത്താതെ പറഞ്ഞു.
" അവിടെ തൊട്ടടുത്തുള്ള മൊബൈൽ ഷോപ്പിൽ ഈ പൈസയും കൊണ്ട് അവൾ കയറിച്ചെന്നെന്ന് .. " രാജശ്രീ നൂറിന്റെ നോട്ടുകളുടെ ഒരു കെട്ട് മേശപ്പുറത്തു കൊണ്ടുവന്നു വെച്ചു. ഷോപ്പിലെ പയ്യൻ ടീച്ചറെ വിളിച്ച് ഇത് അവരെ ഏൽപ്പിച്ചു. പത്തു പതിനയ്യായിരം ഉലുവയുമായി ഐ പാഡ് വാങ്ങാൻ വാങ്ങാൻ നടക്കുന്നവള് ..! " രാജശ്രീ പല്ലുകൾ ഞെരിച്ചമർത്തി.
" കെട്ടി വെച്ചു പൂത്തു പോയതുപോലുണ്ട്...ഈ പണമൊക്കെ കയ്യിലുണ്ടായിട്ടാണോ മാസാമാസം ഇവിടുന്ന് കാശയച്ചുകൊടുത്തിരുന്നത്? " അവൾ സുമിത്രയ്ക്കു നേരെ ചീറ്റി...
അത്യാവശ്യം പണം മാത്രമേ താനയക്കാറുള്ളൂ. അതും ചില മാസങ്ങളിൽ വിട്ടു പോകും...സാധിക്കില്ല... മഹേഷോർത്തു. പിന്നെങ്ങനെ അമ്മയുടെ കൈയിൽ ഇത്രയും പണം? അഥവാ ഉണ്ടെങ്കിൽ തന്നെ അതും കൊണ്ടെന്തിനിങ്ങോട്ടു വന്നു... തന്റെ സാമ്പത്തിക പ്രയാസങ്ങൾ അന്യർക്കു മുന്നിൽ വെളിപ്പെട്ടതോർത്ത് അയാൾക്കും വല്ലാതെ ഈർഷ്യ വന്നു തുടങ്ങിയിരുന്നു.
അയാൾ അമ്മയ്ക്കു നേരെ തിരിഞ്ഞു. "അമ്മേ, പ്ലീസ്....എന്താണിതൊക്കെ?... എവിടുന്നാണിത്...? അയാൾ അസഹ്യതയോടെ മുരണ്ടു.
" അത് അരവിന്ദൻ മാഷിന്റെ പണമാണ് " സുമിത്ര അയാളെ ശാന്തമായി നേരിട്ടു.
അയാൾ ശക്തമായൊന്നു ഞെട്ടി. "എന്തിന്..??" അറിയാതെ അയാളുടെ ശബ്ദമുയർന്നു.
"നീ റ്റ്യൂഷൻ ഫീസായി കൊണ്ടു കൊടുത്ത പണമാണത്. നമ്മുടെ ബുദ്ധിമുട്ടറിയാവുന്ന കാരണം മാഷത് നിർമലടീച്ചർ വഴി എന്റെ കൈയിൽ തരുമായിരുന്നു. നീയത് അറിയരുതെന്ന് അവർക്കിരുവർക്കും നിർബന്ധമായിരുന്നു ... " അവർ പറഞ്ഞു.
കുറച്ചു നിമിഷങ്ങളിലേയ്ക്ക് അയാൾ വാക്കുകൾ മറന്നു പോയി... വല്ലാത്തൊരു മരവിപ്പിലേയ്ക്കയാൾ ആഴ്ന്നു പോയിരുന്നു.
ഓരോ മാസവും എത്ര ബുദ്ധിമുട്ടിയാണെങ്കിലും അമ്മ റ്റ്യൂഷൻ ഫീസ് തന്നു വിടാറുണ്ടായിരുന്നതയാളോർത്തു.അപകർഷതയില്ലാതെ പഠിക്കാനും അഭിമാനത്തോടെ ജോലി ചെയ്യാനും അയാൾക്കു സാധിച്ചത് അതുകൊണ്ടു മാത്രമാണ്.
"അമ്മ എന്തിനതു വാങ്ങി..?" അയാൾ വേദനയോടെ ചോദിച്ചു.. വലിയ ഉയരങ്ങളിലൊന്നുമെത്തിയില്ലെങ്കിലും താൻ എന്തൊക്കെയോ നേടിയെന്നൊരു വിശ്വാസം അയാൾക്കുണ്ടായിരുന്നു. ആ വിശ്വാസത്തിന്റെ കടയ്ക്കലാണ് കത്തി വീണിരിക്കുന്നത്.. തന്റെ ജീവിതം മാഷിന്റെ ഔദാര്യമായിരുന്നോ.. അയാൾക്ക് അമ്മയോടു വെറുപ്പു തോന്നി..
"അമ്മയതു വാങ്ങരുതായിരുന്നു.. " ഉള്ളിലെ പിടച്ചിലിൽ അയാളുടെ ശബ്ദം ചിലമ്പിച്ചുയർന്നു
"അന്നത്തെ അവസ്ഥയിൽ അവർ സ്നേഹത്തോടെ വച്ചുനീട്ടുന്നത് വേണ്ടെന്നു പറയാൻ തക്ക ദുരഭിമാനം അമ്മയ്ക്കുണ്ടായില്ല. എന്നാൽ നിന്നെയോർത്തപ്പോൾ അത് ചെലവാക്കാനും തോന്നിയില്ല." സുമിത്ര പറഞ്ഞു.മഹേഷ് കസേരയിലേയ്ക്കിരുന്നു. വികാര വിക്ഷോഭം കാരണം അയാളുടെ നെറ്റിയിലെ ഞരമ്പുകൾ പിടഞ്ഞു
" ഞാനീ പണം എണ്ണിയിട്ടില്ല. ഞാനിതിനെ പണമായിട്ടു കാണുന്നുമില്ല.." സുമിത്ര തുടർന്നു. "എന്റെ ദൈവങ്ങൾക്കൊപ്പമാണ് ഞാനിത് സൂക്ഷിച്ചത്.. പക്ഷേ എന്നെങ്കിലും ഇരട്ടിയായി തിരികെ കൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു..."
"ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്ത് എത്രയാ വേണ്ടതെന്നു വെച്ചാൽ കൊടുക്കാമായിരുന്നല്ലോ..." രാജി ഒച്ചവെച്ചു
"ഇപ്പോഴവർക്കാവശ്യം പണമല്ല..." സുമിത്ര ശാന്തയായി തുടർന്നു.
"ഞാൻ ചോദിച്ചിട്ടല്ല മാഷന്ന് ആ പണം തിരിച്ചു തന്നത്. ഇന്ന് ഈ പണം അദ്ദേഹത്തിന് കിട്ടിയാൽ അത് വെറും കടലാസിനു തുല്യമായിപ്പോകും... അനാരോഗ്യത്തിൽ താങ്ങായി കൂടെ നിൽക്കാൻ ഒരാളാണ് അദ്ദേഹത്തിനിപ്പോൾ ആവശ്യം.. ഇങ്ങോട്ടു വരും വരെയും ഞാനവിടെ പോയിരുന്നു... "
ഒന്നു നിർത്തി അവർ മഹേഷിന്റെ കണ്ണുകളിലേക്കുനോക്കി. "എനിക്കറിയാമായിരുന്നു ആളുകൾ ചിലതെല്ലാം പറയുന്നുണ്ടെന്ന്. എനിക്കവരെയൊന്നും പറഞ്ഞു ബോധ്യപ്പെടുത്താനാവില്ല. പക്ഷേ നീയറിയണം. ഇനിയെങ്കിലും..."
അറിയാതെ അയാളുടെ ശിരസ്സു താഴ്ന്നു. "ഈ പണം കൂടി ചേർത്ത് അനുക്കുട്ടിക്ക് വേണ്ടത് നീ വാങ്ങിക്കൊടുക്ക്." അവർ പറഞ്ഞു നിർത്തി.
പേമാരിക്കു ശേഷമുള്ള നിശ്ശബ്ദതയെന്നവണ്ണം പിന്നീടവിടാരും ശബ്ദിച്ചില്ല
"അമ്മയ്ക്ക് നാട്ടിലേയ്ക്കുള്ള ടിക്കറ്റ് ഉടനെ ശരിയാക്കണം., രാത്രി കിടക്കുന്ന സമയം മഹേഷ് രാജശ്രീയോടു പറഞ്ഞു
"ഉം. " അവൾ മൂളി
അവളും ദീർഘമായ ചിന്തയിലായിരുന്നു. ഇടയ്ക്കെപ്പോേഴോ അവൾ ചോദിച്ചു. "മഹേഷേട്ടാ...ഈ വർഷം സ്കൂളടച്ചാൽ ഞാനും മോളും നാട്ടിൽ പോകട്ടെ? മോളെ അടുത്ത വർഷം നാട്ടിലെ സ്കൂളിൽ ചേർത്തു പഠിപ്പിക്കാം.. "
അയാൾ അവിശ്വസനീയതയോടെ ഭാര്യയെ നോക്കി.
" എങ്കിൽ... നാലഞ്ചു വർഷം കൊണ്ട് ചെറിയൊരു സമ്പാദ്യമുണ്ടാക്കാൻ മഹേഷേട്ടനു സാധിക്കും. എന്നിട്ട് ഈ നാടുപേക്ഷിക്കാം... ഇനിയെങ്കിലും അമ്മയെ തനിച്ചാക്കിക്കൂടാ.." അവൾ കൂട്ടിച്ചേർത്തു.
നിറഞ്ഞ കണ്ണുകളോടെ ഭാര്യയെ പുണരുമ്പോൾ ആദ്യമായി അയാൾക്കവളെക്കുറിച്ച് ആകാശത്തോളം അഭിമാനം തോന്നി.
(അവസാനിച്ചു)
..... Surya Manu.

മരുപ്പച്ചകൾ - Part 1


"അച്ഛാ.. അച്ഛമ്മയെ കൂട്ടിക്കൊണ്ടുവരാൻ ഞാനും വരട്ടെ?"
ഗെയിം കളിച്ചു കൊണ്ട് ടിവിക്കു മുമ്പിലെ സോഫയിൽ ഒടിഞ്ഞു മടങ്ങിയിരുന്ന അനുക്കുട്ടി ടാബിൽ നിന്നു കണ്ണുയർത്താതെ അടുത്തു കസേരയിലിരുന്നു ടി.വി കാണുകയായിരുന്ന മഹേഷിനോടു ചോദിച്ചു.
ച്ലും... !!
ചില്ലുടയുന്ന ശബ്ദം കേട്ട് അനുക്കുട്ടി വലിയ കണ്ണടയ്ക്കു മുകളിലൂടെ അച്ഛനെ നോക്കി. ഉച്ചയൂണ് കഴിഞ്ഞുള്ള പാത്രം കഴുകലിലാണ് രാജശ്രീ.
ഇന്നിത് രണ്ടാമത്തെ ചില്ലു പാത്രമാണ് കിച്ചണിൽ വീണുടയുന്നത്. മഹേഷ് മകളെ സാരമില്ലെന്ന് കണ്ണടച്ചു കാണിച്ചു.
രാജശ്രീക്കു ദേഷ്യം വന്നാൽ അടുക്കളയൊരു യുദ്ധക്കളമാകും. ഒറ്റയാൾ തേരോട്ടത്തിൽ അവിടെ പലതും ഗളച്ഛേദം ചെയ്യപ്പെടും,.. അംഗഭംഗത്തിനിരയാക്കപ്പെടും.... തകർന്നു തരിപ്പണമാകാനും മതി.
ഈ സമയം അങ്ങോട്ടു പോകാതിരിക്കുന്നതാണ് നല്ലതെന്ന് അച്ഛനും മകൾക്കുമറിയാം.
മഹേഷ് ടി വിയുടെ വോള്യം അൽപം കൂട്ടി നിറങ്ങളുടെ ചലനാത്മകതയിലേയ്ക്ക് ശ്രദ്ധിച്ചിരുന്നു.
"ഈ അങ്കക്കലിക്ക് രാജിയെ കുറ്റപ്പെടുത്താനാവില്ല ," അയാളോർത്തു.ഈ ഒറ്റ ബെഡ് റൂം ഫ്ലാറ്റിലേയ്ക്ക് അമ്മ കൂടി വന്നാൽ കാര്യങ്ങൾ ആകെ താളം തെറ്റുമെന്നയാൾക്കറിയാം.
അത്യാവശ്യം വേണ്ട വീട്ടുപകരണങ്ങൾ കൊണ്ടും നിത്യോപയോഗ സാധനങ്ങളും കൊണ്ട് അവരുടെ ഹാളും റൂമും കിച്ചനും നിറഞ്ഞിരുന്നു. അഞ്ചു വയസ്സുകാരിയായ അനാമികയ്ക്കു പഠിക്കാനും പുസ്തകങ്ങൾ വയ്ക്കാനുമായി ബെഡ് റൂമിൽ സ്ഥലം കണ്ടെത്തിയതോടെ അലമാര ഹാളിലേക്കിറങ്ങി. ഓരോ ദിവസവും ഉയർന്നു വരുന്ന ആവശ്യങ്ങൾ, പലവിധ സാധനങ്ങളായി ഇവിടേയ്ക്ക് കയറി വരുന്നതല്ലാതെ ഒന്നും ഇറങ്ങിപ്പോകുന്നില്ല.
ഒരു പുതിയ ഫ്ലാറ്റെടുക്കണമെന്ന ആലോചന അവരുടെ സംഭാഷണങ്ങളിലേക്ക് പലവട്ടം കടന്നു വന്നിട്ടും, ഒത്തു പോകാനാവാത്ത ഫ്ളാറ്റ് വാടക ഒരുറച്ച തീരുമാനത്തിലെത്തുന്നതിൽ നിന്നും അയാളെ വിലക്കിക്കൊണ്ടിരുന്നു.
കാര്യങ്ങൾ ഇങ്ങനെയായിരിക്കെ അമ്മയെ കൂടി ഇങ്ങോട്ടു കൊണ്ടുവരണമെന്ന മഹേഷിന്റെ തീരുമാനം രാജശ്രീയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്.
വയസ്സായ അമ്മയെ നാട്ടിൽ തനിയെ നിർത്തിയാൽ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ എണ്ണിയെണ്ണിപ്പറഞ്ഞ് ഭാര്യയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോഴെല്ലാം തന്റെ വാക്കുകളിലെ ആത്മാർത്ഥതക്കുറവ് മഹേഷിനു തന്നെ തിരിച്ചറിയാനാവുന്നുണ്ടായിരുന്നു. പക്ഷേ അതിനുമപ്പുറം എന്തെങ്കിലും പറയാൻ അയാൾക്കു സാധിക്കുകയുമില്ലായിരുന്നു.
ഈ പ്രയാസം മുൻകൂട്ടി കണ്ടതുകൊണ്ട് പാസ്പോർട്ടെടുക്കലും വിസയടിക്കലുമുൾപ്പെടെയുള്ള കാര്യങ്ങൾ ഏതാണ്ടു വരുതിയിലായ ശേഷം മാത്രമാണ് അയാൾ അമ്മയെ കൊണ്ടുവരുന്ന കാര്യം ഭാര്യയോട് പറഞ്ഞത്. അന്നു തുടങ്ങിയ ശീതസമരമാണ് അടുക്കളയിലെ പൊട്ടലും ചീറ്റലും അനുക്കുട്ടിയെ ശകാരിക്കലുമായി തുടർന്നുകൊണ്ടിരിക്കുന്നത്.
ഒന്നര മാസം മുമ്പാണ് ലുലു മാളിൽ വെച്ച് നാട്ടിലെ പഴയ സ്നേഹിതൻ അൻവറിനെ മഹേഷ് കണ്ടത്. ഓരോ കട് ലറ്റിനും ചായയ്ക്കും മുകളിൽ പലതും പറ
ഞ്ഞിരുന്ന കൂട്ടത്തിൽ കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അറിയാൻ കഴിഞ്ഞ ചില കാര്യങ്ങൾ വളരെ പ്രയാസപ്പെട്ടാണ് അയാൾ മഹേഷിനോടു പറഞ്ഞത്.
മഹേഷിന്റെ പഴയ റ്റ്യൂഷൻ മാസ്റ്റർ അരവിന്ദൻ മാഷിന്റെ വീട്ടിൽ സ്ഥിരമായി അയാളുടെ അമ്മ പോകാറുണ്ടെന്നും, വിഭാര്യനായ അദ്ദേഹത്തെ ശുശ്രൂഷിക്കാനായി ചില രാത്രികളിൽ പോലും അമ്മയവിടെ തങ്ങാറുണ്ടെന്നും ഇതേക്കുറിച്ച് നിറം പിടിപ്പിച്ച പല കഥകളും നാട്ടിൽ പലരും പറഞ്ഞു നടക്കുന്നുണ്ടെന്നുമായിരുന്നു അത്. ഇപ്പോഴും അതൊന്നും വിശ്വസിക്കാൻ മഹേഷിനു സാധിച്ചിട്ടില്ല.
അമ്മയുടെ വലംകൈ വിരലുകളിൽ ചുറ്റിപ്പിടിച്ച ഇടം കൈയിലാണ് അയാളുടെ ഓർമകൾ ആരംഭിക്കുന്നത്. വെളുത്തു കൊലുന്നനെയുള്ള അമ്മയുടെ തെളിഞ്ഞ നെറ്റിയിൽ മായാതെ കിടക്കുന്ന ഭസ്മക്കുറിയുടെ നനവും, കറുത്ത കരയുള്ള മുണ്ടിന്റെയും നേരിയതിന്റെയും നേർത്ത കഞ്ഞിപ്പശമണവും വീടുവിട്ടിറങ്ങുങ്ങുമ്പോൾ അയാൾ കൂടെ കൂട്ടിയിരുന്നു. ഭേദപ്പെട്ട ഒരു ജോലി കണ്ടെത്തി ഇവിടെ നിലയുറപ്പിക്കും വരെയും അതുതന്നെയായിരുന്നു അയാളുടെ കരുത്ത്.
അരവിന്ദൻ മാഷ് അയാൾക്കു പിതൃതുല്യൻ തന്നെയായിരുന്നു.അമ്മ വീട്ടുജോലിക്കു സഹായിക്കാൻ പോയിരുന്ന നിർമല ടീച്ചറുടെ, സൗമ്യനും സഹൃദയനുമായ ഭർത്താവ്.
അക്കൗണ്ടൻസി മെയിനായെടുത്ത് ടൗണിലെ ഗവൺമെന്റ് കോളേജിൽ പഠനമാരംഭിച്ചെങ്കിലും ഇടവിട്ടുണ്ടാകുന്ന അലർജിക്കും ആസ്ത് മയ്ക്കും പുറമേ വിദ്യാർത്ഥി സമരങ്ങളും ചേർന്ന് മഹേഷിന്റെ പഠനം അവതാളത്തിലായ സമയത്താണ് അമ്മയുടെ ആവശ്യപ്രകാരം അരവിന്ദൻ മാഷ് അയാൾക്കു ട്യൂഷനെടുത്തു തുടങ്ങിയത്.
അക്കാലത്ത്, മഹേഷിന്റെ അസുഖം, ദൂരെ പട്ടണത്തിൽ പോയുള്ള പഠനം, ട്യൂഷൻ ഫീസ് എന്നിങ്ങനെ പല വിധ കാര്യങ്ങൾക്കു പണം കണ്ടെത്താനായി അമ്മ വേറെയും രണ്ടു വീടുകളിൽ ജോലിക്കു പോയിരുന്നു. പോസ്റ്റ് ഗ്രാജുവേഷനു ശേഷം മാഷിന്റെ തന്നെ പരിചയത്തിലൊരാൾ വഴിയാണ് ഇവിടുത്തെ ജോലി ശരിയായതും.
ചെറിയൊരു വാർപ്പു വീടുണ്ടാക്കി വാടക വീട്ടിൽ നിന്നും അതിലേയ്ക്കു മാറിയ ദിവസം അമ്മയെ ചേർത്തു പിടിച്ച്, "ഇനിയെന്റെയമ്മ കഷ്ടപ്പെടരുതെന്നു പറഞ്ഞപ്പോൾ അമ്മയുടെ കണ്ണിൽ വിരിഞ്ഞ നനവാർന്ന ചിരി അയാളുടെ മനസ്സുനിറച്ചിരുന്നു. വിവാഹശേഷം ഭാര്യ നിൽക്കേണ്ടത് ഭർത്താവിനൊപ്പമെന്നു പറഞ്ഞ് രാജശ്രീയെ ഇങ്ങോട്ടു കൊണ്ടുവരാൻ നിർബന്ധിച്ചതും അമ്മയായിരുന്നു.
നന്നേ ചെറുപ്പത്തിലേ വിധവയായ അമ്മയ്ക്ക് മറ്റൊരു വിവാഹത്തിന് താൽപര്യമുണ്ടോയെന്ന് താനൊരിക്കലും അന്വേഷിച്ചില്ലെന്ന് അയാൾ കുറ്റബോധത്തോടെ ഓർത്തു. എങ്കിൽ ഈ സമയത്ത് അമ്മ തനിച്ചാകില്ലായിരുന്നു. ഇങ്ങനെയൊന്നും കേൾക്കേണ്ടി വരില്ലായിരുന്നു. എപ്പോഴെങ്കിലും അമ്മ ആ രീതിയിൽ മാഷിനെ കണ്ടിട്ടുണ്ടാവുമോ എന്ന ചിന്ത അയാളുടെ മനസ്സിലേയ്ക്കു കടന്നു വന്നതും അമ്മയുടെ നിറകൺചിരി വന്നതിനെ മൂടിക്കളഞ്ഞു.
രണ്ടു വർഷം മുമ്പാണ് നിർമല ടീച്ചർ മരിച്ചത്. മക്കളില്ലാതെ പരസ്പരം താങ്ങും തണലുമായ ദമ്പതികളിലൊരാളുടെ വിയോഗം മറ്റേയാളെ പക്ഷാഘാതത്തിൽ കൊണ്ടു ചെന്നെത്തിച്ചതും ആയുർവേദ ചികിത്സയും മറ്റുമായി മാഷ് പിന്നീട് മെല്ലെ എണീറ്റു നടന്നു തുടങ്ങിയതുമെല്ലാം നോവായും ആശ്വാസമായും ആഹ്ലാദമായും അമ്മയുടെ ഫോൺ സംഭാഷണങ്ങളിൽ നിറഞ്ഞു. അപ്പോഴൊന്നും കാര്യങ്ങൾ മറ്റൊരു വഴിക്കു നീങ്ങുന്നതിനുള്ള സാഹചര്യം അയാൾ ഓർത്തതേയില്ല.
എന്തു തന്നെയായാലും കുറച്ചു നാളേക്കെങ്കിലും അമ്മയെ മാറ്റി നിർത്തുന്നതായിരിക്കും നല്ലതെന്ന തോന്നൽ അൻവറിനോട് യാത്ര പറഞ്ഞു പിരിയും മുമ്പേ മഹേഷിൽ ഉറച്ചിരുന്നു.
നാട്ടിലുള്ള ട്രാവൽ ഏജൻസിയിലേക്ക് വിളിച്ച് അമ്മയുടെ പാസ്പോർട്ടിന്റെ കാര്യങ്ങൾ എത്രയും പെട്ടെന്ന് ശരിയാക്കാൻ ഏർപ്പാടു ചെയ്ത ശേഷം മാത്രമാണ് അയാൾ അമ്മയെ വിളിച്ച് അക്കാര്യം പറഞ്ഞത്. ആദ്യം ചെറിയൊരു എതിർപ്പു പറഞ്ഞെങ്കിലും, അയാളുടെ സ്വരത്തിലെ ഗൗരവം മനസ്സിലാക്കിയാവണം പിന്നീടവർ വിസമ്മതതമൊന്നും പറഞ്ഞില്ല.
"മോള് റെഡിയായിക്കോ..." അയാൾ ക്ലോക്കിലേയ്ക്കു നോക്കി എഴുന്നേറ്റ് ഹാങ്ങറിൽ നിന്നും ഷർട്ടും പാന്റ്സുമെടുത്ത് മുറിയിലേയ്ക്കു കയറി. ആവശ്യത്തിലുമധികം ശബ്ദമുണ്ടാക്കി പാത്രങ്ങൾ കിച്ചൻറാക്കിലേക്ക് വച്ചു കൊണ്ടിരുന്ന അമ്മയെ ഒന്നെത്തി നോക്കി അനുക്കുട്ടി സ്വയം അലമാര തുറന്ന് ഒരു ഉടുപ്പെടുത്തു ധരിച്ച് പെട്ടെന്നു തയ്യാറായി.
എയർപോർട്ടിൽ നിന്നും ഇറങ്ങി വന്ന അച്ഛമ്മ സുമിത്രയെ അനുക്കുട്ടി ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. ഓർമയിലൊന്നും അമ്മയെ സാരിയുടുത്തു കണ്ടിട്ടിട്ടില്ലല്ലോ എന്നയാൾ ഓർത്തു. ആദ്യമായി വിമാനയാത്ര ചെയ്തതിന്റെ പരിഭ്രമത്തിലും പേടിയിലും സുമിത്ര കുഴഞ്ഞു പോയിരുന്നു.
മെലിഞ്ഞു ക്ഷീണിച്ചു പ്രായം ബാധിച്ചു തുടങ്ങിയ അമ്മയുടെ ശരീരവും ഓജസ്സറ്റ മുഖവും കാൺകേ അമ്മയെ അവസാനമായി കണ്ടത് നാലു വർഷം മുമ്പായിരുന്നെന്ന കുറ്റബോധത്തിന്റെ കനൽ വീണ് അയാളുടെ ഇടനെഞ്ചരിഞ്ഞു. ക്ഷീണിച്ച
കണ്ണുകളുയർത്തി അമ്മ അയാളെ നോക്കി ആർദ്രമായി ചിരിച്ചു.
കാറിലേയ്ക്കു കയറുമ്പോൾ, "രാജി വന്നില്ലേ മോനേ..." എന്ന ചോദ്യത്തിന്, "അവൾക്ക് വീട്ടിലെ ജോലി... അടുക്കളയിലെ തിരക്ക്.. അങ്ങനെയെന്തെല്ലാമോ അയാൾ അവ്യക്തമായി പറഞ്ഞൊഴിഞ്ഞു.
അനുക്കുട്ടി വലിയ സന്തോഷത്തിലായിരുന്നു. ആംഗലം കലർന്ന അവളുടെ ചോദ്യങ്ങൾ പലതും അച്ഛമ്മയ്ക്കു മനസ്സിലാകുന്നുണ്ടായിരുന്നില്ലെങ്കിലും അവർ അവളെ വാൽസല്യത്തോടെ ചേർത്തു പിടിച്ച് നെറ്റിയിലും മൂർദ്ദാവിലും ഉമ്മ വെച്ചു. ചിലപ്പോഴെല്ലാം എരിഞ്ഞിട്ടെന്ന പോലെ കണ്ണുകൾ ചിമ്മിത്തുറക്കുകയും സാരിത്തുമ്പുയർത്തി അവ മെല്ലെ തുടയ്ക്കുകയും ചെയ്തു.
ഹാളിലെ സോഫയ്‌ക്കു താഴെയായി അച്ഛമ്മയും പേരക്കുട്ടിയും കിടക്കാനിടം കണ്ടെത്തി.അച്ഛമ്മയുടെ അപരിചിതത്വം അനുക്കുട്ടിയും അവളുടെ കുറുമ്പുകൾ അച്ഛമ്മയും ഏറ്റെടുത്തു.വീട് ഒതുക്കി വെക്കാനും അടുക്കള ജോലികളിലും അമ്മ വലിയ സഹായമായതോടെ രാജശ്രീയുടെ ഈർഷ്യയും കുറഞ്ഞു വന്നു.
പാലിൽ പഞ്ചസാര അലിഞ്ഞു ചേരും പോലെ അമ്മ തന്റെ കുടുംബത്തിൽ മധുരം നിറയ്ക്കുന്നത് മഹേഷ് വിസ്മയത്തോടെ കണ്ടു.
........................... ............................ ..............................
(ഇതൊരു തുടർക്കഥയല്ല. അൽപം നീളക്കൂടുതൽ തോന്നിയതുകൊണ്ട് രണ്ടു ഭാഗങ്ങളാക്കുന്നു.)
തുടരും -  
ഒരു മണിക്കൂറിൽ അടുത്ത ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.

ചക്കരമുത്തി


°°°°°°°°°°°°°°°°°°°
"മുത്തീ... ചോറു തീർന്നല്ലോ...
ഇനിയിയെന്തു ചെയ്യും...?"
വേലിക്കപ്പുറത്തെ വീടിന്റെ അടുക്കളപ്പുറത്ത് നിന്ന് വിമലേച്ചി ചക്കരമുത്തിയോട് കൈമലർത്തിക്കാണിച്ചു.
പടി കയറി വരുന്നതേയുണ്ടായിരുന്നുള്ളു, മുത്തി.
"സാരമില്ല മോളേ.. ചോറു തന്നെ വേണമെന്നില്ല. എന്താള്ളത് ന്നു വച്ചാൽ അതു മതി... " മുത്തി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.
"ഒന്നും ഇരിക്കുന്നില്ല മുത്തീ... നാളെ വാ, ഞാനെന്തെങ്കിലും എടുത്തു വയ്ക്കാം." വിമലേച്ചി അകത്തേയ്ക്കു കയറിപ്പോയി.
"വിമലേച്ചി വെറുതെ പറയുകയാ.. " ഞാൻ അമ്മയോടു പറഞ്ഞു. അമ്മ കണ്ണുരുട്ടി.
വിമലേച്ചിയുടെ വാസൂട്ടൻ ചോറു വേണ്ടെന്നും പറഞ്ഞു കരയുന്നതും രാവിലത്തെ ദോശ തരട്ടെ എന്നു ചേച്ചി ചോദിക്കുന്നതുമൊക്കെ അൽപം മുമ്പാണ് ഞാൻ കേട്ടത്...
മുത്തി പരിഭവമില്ലാതെ തിരിഞ്ഞു നടന്നു. വാസൂട്ടൻ വിമലേച്ചി കാണാതെ ഉമ്മറവാതിലിലൂടോടി വന്ന് മുത്തിയുടെ കൈയിൽ തൊട്ടു വിളിച്ചു.
മുത്തി വാത്സല്യത്തോടെ അവന്റെ നെറുകയിൽ തലോടി. മടിശ്ശീലയഴിച്ച് അതിനുള്ളിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച ചക്കര ഒരെണ്ണമെടുത്ത് അവന്റെ കൈയിൽ കൊടുത്തു. വാസൂട്ടൻ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ചക്കരയൊന്നു കടിച്ചു.
എനിക്ക് വലിയ ഇഷ്ടമാണ് ചക്കരമുത്തിയെ. മാമൻ ഗൾഫിൽ നിന്നു കൊണ്ടുവരുന്ന ചോക്കളേറ്റ്, പൂരത്തിനു വാങ്ങിയ പലഹാരങ്ങൾ, പിറന്നാൾ കേക്ക്... എല്ലാത്തിൽ നിന്നും മുത്തിക്ക് ഒരോഹരി ഞാൻ കരുതി വയ്ക്കും
മുത്തി എപ്പോൾ വരും എന്നു പറയാൻ പറ്റില്ല. പക്ഷേ എപ്പോൾ വരുമ്പോഴും മുത്തിയുടെ മടിശീലയിലെ ഒരു ചക്കര ഈ പാറുക്കുട്ടിക്കുള്ളതാണ്.
അമ്പലപ്പറമ്പിന്റെ ഒരു മൂലയിൽ, കുത്തിക്കെട്ടിയ ഒറ്റമുറിച്ചായ്പ്പിലാണ് മുത്തിയുടെ താമസം. ഒറ്റയ്ക്കല്ല കേട്ടോ. അഞ്ചാറു പൂച്ചകൾ മുത്തിക്കൊപ്പമുണ്ട്. പിന്നെ അമ്പലപ്പറമ്പിൽ അലഞ്ഞു നടക്കുന്ന പട്ടികളും മുത്തിയുടെ സ്വന്തം ആൾക്കാരാണ്.
അമ്പലക്കുളത്തിനപ്പുറത്തെ പൊന്തക്കാട്ടിലെ കരിയിലക്കിളി മുതൽ ഞങ്ങളുടെ പൂളമരത്തിൽ കൂടു വച്ച കാക്കവരെ നേരം വെളുത്താൽ മുത്തിയുടെ മുറ്റത്തെത്തും. നാടുതെണ്ടിക്കിട്ടുന്ന ഭക്ഷണം മുത്തശ്ശി അവർക്കു പങ്കുവെച്ചു കൊടുക്കും.
അച്ഛൻ വീട്ടിലുണ്ടെങ്കിൽ മുത്തിക്ക് കാശ് കൊടുക്കാറുണ്ട്. ഓണം വിഷു പോലുള്ള ആണ്ടറുതികളിൽ മുത്തിക്ക് വീടുകളിൽ നിന്ന് ഇഷ്ടം പോലെ തുണിയും പണവുമൊക്കെ കിട്ടും.
മുത്തി പടി കടന്നു വരുന്നതു കണ്ടപ്പോൾ അമ്മ ഭീഷണിപ്പെടുത്തും പോലെ പറഞ്ഞു.
"പെണ്ണേ, നിന്റെ ചക്കര തീറ്റ നിർത്തിക്കോ ട്ടോ...
പല ജാതി ജന്തുക്കൾക്കൊപ്പമാണ് മുത്തിയുടെ താമസം എന്നു മറക്കണ്ട. വൃത്തിയും വെടിപ്പുമില്ലാതെ... "
മുത്തി ദിവസവും രണ്ടു നേരം അമ്പലക്കുളത്തിൽ കുളിക്കും. അലക്കി വെളുപ്പിച്ച മുണ്ടേ ഇടുക്കൂ. പല്ലില്ലാത്ത ആ ചിരിയോളം വൃത്തിയും ഭംഗിയുമുള്ള മറ്റൊന്ന് ഞാനിതുവരെ കണ്ടിട്ടില്ല.
"അമ്മയേക്കാളും വൃത്തിയുണ്ട് മുത്തിക്ക്... " ഞാൻ പിറുപിറുത്തു കൊണ്ട് മുത്തിയുടെ അടുത്തേയ്ക്കോടി.
പ്രാതലിനു ബാക്കി വന്ന ഇഡ്ഡലി അമ്മ മുത്തിക്കു കൊടുത്തു. ഉമ്മറപ്പടിയിലിരുന്ന് മുത്തി തുണിപ്പൊക്കണം കെട്ടഴിച്ച് അലുമിനിയത്തിന്റെ ഒരു വലിയ തൂക്കുപാത്രമെടുത്തു. ഇഡ്ഢലി അതിലേയ്ക്ക് പെറുക്കിയിട്ട് പാത്രമടച്ചു വെച്ചു.
എന്നിട്ട് ഒരു ചക്കരയെടുത്ത് എന്റെ കൈയിൽ തന്നു. അമ്മയുടെ കുറുമ്പു നോട്ടം കാണാത്ത മട്ടിൽ മുത്തിയോടൊട്ടിയിരുന്ന് ഞാനത് കഴിച്ചു.
അമ്മ മുത്തിക്കായി കുറച്ച് ചോറും കറിയും പ്ലേറ്റിലാക്കി കൊണ്ടുവന്നു വച്ചപ്പോഴേയ്ക്കും എവിടെ നിന്നാണെന്നറിയില്ല ചക്കിപ്പൂച്ച പറന്നെത്തി.
ആദ്യമുരുട്ടിയ ചോറുരുള മുത്തി ചക്കിക്കു കൊടുത്തു. ബാക്കി ചോറുണ്ട് കൈ കഴുകി വന്ന് പൊക്കണം മുറുക്കുമ്പോൾ ഞാൻ ചോദിച്ചു, "മുത്തിക്കു വയറു നിറഞ്ഞോ...?"
മുത്തി എന്നെ അണച്ചുപിടിച്ചു നെറുകയിൽ മുത്തി.
ഞാൻ അകത്തു പോയി തൊടിയിൽ നിന്നു പെറുക്കിക്കൊണ്ടുവന്നു വെച്ച പഴുത്ത മാങ്ങ മുത്തിക്കു കൊണ്ടു കൊടുത്തു. മുത്തി അതും പൊക്കണത്തിലിട്ടു.
എനിക്കൊരു കഥ പറഞ്ഞു തര്വോ മുത്തീ? ഞാൻ ചോദിച്ചു. മുത്തി വീണ്ടും പടിമേലിരുന്നു .അപ്പോൾ അമ്മയും വന്ന് തിണ്ണയിലിരുന്നു.
എന്റെ തലയിൽ വിരലോടിച്ച് ചക്കരമുത്തി കഥ പറയാൻ തുടങ്ങി.
"പണ്ടു പണ്ട് ഒരു നാട്ടിൽ ഒരു രാജാവും ഒരു റാണിയുമുണ്ടായിരുന്നു. അവർക്കു രണ്ട് ആൺമക്കളും. നല്ല മിടുക്കൻമാരായ രണ്ടു രാജകുമാരൻമാർ.. "
രാജാവിന്റെ കഥ എനിക്കിഷ്ടമാണ്. അച്ഛൻ കൊണ്ടുവന്ന പഞ്ചതന്ത്രം കഥകളിലെ രാജകുമാരന്മാരെ ഞാനോർത്തു. അവർ മണ്ടൻമാരായിരുന്നു...
"രാജാവിനു കൂട്ടുകാർ ഒരുപാടുണ്ടായിരുന്നു. റാണിയേക്കാളും മക്കളേക്കാളുമൊക്കെ ഇഷ്ടം അവരോടായിരുന്നു..." മുത്തി തുടർന്നു.
"ഒരിക്കൽ കൂട്ടുകാർക്കൊപ്പം കാട്ടിൽ നായാട്ടിനു പോയ രാജാവ് തിരിച്ചു വന്നില്ല...."
അതെന്താ മുത്തീ? ഞാൻ ചോദിച്ചു
"നായാട്ടിനിടെ അപകടത്തിൽ രാജാവ് മരിച്ചു പോയി. അതു തന്നെ... " മുത്തി അകലേയ്ക്കു നോക്കി ഒരു നിമിഷമിരുന്നു.
"രാജാവു മരിച്ചപ്പോൾ റാണിയും മക്കളും പട്ടിണിയിലായി. മക്കൾ വിശന്നു കരയാൻ തുടങ്ങിയപ്പോൾ റാണി പണിക്കു പോകാൻ തുടങ്ങി... അപ്പോൾ ആളുകൾ റാണിയെ കളിയാക്കിച്ചിരിച്ചു." മുത്തി ചിരിച്ചു.
"അതെന്തിനാ കളിയാക്കുന്നത്... " ഞാൻ ചോദിച്ചു.
"അവരൊന്നും വിശപ്പറിഞ്ഞിട്ടുണ്ടാവില്ല. അതാവും..." ഇത്തവണ മുത്തി ചിരിച്ചില്ല.
"മക്കളൊക്കെ പഠിച്ചു വലിയ ആൾക്കാരായപ്പോൾ അന്യനാട്ടിലൊക്കെ പോയി... അവിടെ വലിയ കൊട്ടാരങ്ങൾ പണിതു... പിന്നെ, ഓരോ രാജകുമാരിമാരെ കണ്ടെത്തി കല്യാണവും കഴിച്ചു. പഴയ കൊട്ടാരത്തിൽ അമ്മ മഹാറാണി തനിച്ചായി... "
"ഒരു ദിവസം മക്കളൊക്കെ റാണിയെ കാണാനെത്തി. എന്നിട്ട്, അമ്മ റാണി ഇങ്ങനെ തനിച്ചു കഴിഞ്ഞാൽ വലിയ കഷ്ടമാണെന്നു പറഞ്ഞു... " ഞാൻ അമ്മയെ നോക്കി. അമ്മയും കഥയിൽ ലയിച്ചിരിക്കുകയാണ്. ചക്കിപ്പൂച്ച മെല്ലെയെണീറ്റു വന്ന് മുത്തിയുടെ കാലിൽ മുഖമുരുമ്മിക്കിടന്നു.
ചക്കിയെ മെല്ലെ തലോടി മുത്തി തുടർന്നു. "ദൂരെ വലിയൊരു കൊട്ടാരമുണ്ടത്രെ. എല്ലാ സൗകര്യവുമുണ്ട്, എല്ലാ കാര്യങ്ങൾക്കും ജോലിക്കാരുണ്ട്. കൂട്ടിന് വേറെയും കുറേ അമ്മ റാണിമാരും അവിടെയുണ്ടെന്ന്... മഹാറാണി അങ്ങോട്ടു താമസം മാറ്റണമെന്ന് രാജകുമാരൻമാർ നിർബന്ധം പിടിച്ചു... "
എന്നിട്ട് റാണി പോയോ? ഞാൻ ചോദിച്ചു.
"ഇല്ല.... പിറ്റേന്ന് മക്കളുണരും മുമ്പേ റാണി നാടുവിട്ടു....!! അതു തന്നെ കഥ, പാറുക്കുട്ടിയേ... "
മുത്തി കൈകൊട്ടിച്ചിരിച്ചു. കൂടെ ഞാനും ചിരിച്ചു. പക്ഷേ ചിരിക്കിടയിൽ മുത്തിയുടെ കണ്ണുനനഞ്ഞതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.
ചക്കരമുത്തി നാളെ വര്വോ ...? എഴുന്നേറ്റ് പൊക്കണം മുറുക്കുന്ന മുത്തിയെ നോക്കി ഞാൻ ചോദിച്ചു.
"അറിയില്ല കുട്ടീ... " മുത്തി പറഞ്ഞു., "മുത്തി വന്നില്ലെങ്കിലും എന്റെ പാറുക്കുട്ടി ഈ ചക്കിപ്പൂച്ചയ്ക്ക് ഇത്തിരി ചോറു കൊടുക്കണം ട്ടോ... "
പൊക്കണമെടുത്ത് പടിയിറങ്ങും മുമ്പേ മുത്തി ഒരിക്കൽ കൂടി എന്നെ അണച്ചുപിടിച്ചു. മുത്തിയെ ചുറ്റിപ്പിടിച്ച് തണുത്ത വയറിൽ മുഖമമർത്തിയപ്പോൾ എന്തോ.. എന്റെ കണ്ണും നിറഞ്ഞു.
...... Surya Manu

ഇങ്ങനെ പോയാൽ


°°°°°°°°°°°°°°°°°°°°°°°°°°°°°°°
അഞ്ചു മണിക്കു ശേഷം ഞാൻ ബാഹുബലിയെയും കൂട്ടുകാരികളെയും കൂടു തുറന്നു വിടും. കോഴികളാണ്...
കൂട് അത്യാവശ്യം വലുതാണ്. ഉയരത്തിലുമാണ്. പകലൊക്കെ പട്ടികൾ റോന്തുചുറ്റി നടക്കാറുള്ളതു കാരണം ബാഹു വിന് പുറത്തിറങ്ങണമെന്നില്ല. പക്ഷേ ദേവസേനയോ അവന്തികയോ ലോലയോ അന്തമില്ലാതെ പുറത്തേയ്ക്ക് പറന്നിറങ്ങും.പിന്നെ ബാഹുവിന് നിൽപ്പുറയ്ക്കില്ല. പിന്നാലെ പറന്നു ചെന്ന് തലയ്ക്ക് മേടും.
വലിയ കരുതലാണ് കൂട്ടുകാരികളോട്. മനുഷ്യരെപ്പോലെയല്ല. പണ്ടെങ്ങനെയായിരുന്നോ... ഇപ്പഴും അതുപോലെ. ആൾവെയ്സ് കെയറിങ് ഏന്റ് റൊമാന്റിക്. അക്കാര്യത്തിലവനോട് ബഹുമാനം തോന്നും. സത്യം പറഞ്ഞാൽ ചിലയാളുകളെ കോഴി എന്നു വിളിക്കുന്നത് ശരിയല്ല. മനുഷ്യർക്കൊരിക്കലും കോഴിയാവാൻ കഴിയില്ല.
എന്തെങ്കിലുമൊരു ജീവിയെ വളർത്തിയേ പറ്റൂ എന്ന് മക്കൾ വാശി പിടിച്ചപ്പോഴാണ് പത്തു കോഴിയെ വാങ്ങിയത്. ജീവികളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് ഭർത്താവ് ഒന്നിനെയും വളർത്താൻ താൽപര്യപ്പെടാത്തത്. മിണ്ടാപ്രാണികളെ കൂട്ടിലിട്ടു വളർത്തുന്നതും വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുന്നതും ഇഷ്ടമല്ല.
ഒടുവിൽ എന്റെ സ്വന്തം റിസ്കിലാണ് കൂടൊരുക്കിയതും അവയെ കൊണ്ടുവന്നതും. എന്റെ അമ്മ കൂടെ നിന്നു മാർഗനിർദ്ദേശങ്ങൾ തന്നു.
രാവിലെ ജോലിക്കു പോകും മുമ്പേ വെള്ളവും തീറ്റയും കൊടുക്കണം. തിരിച്ചു വന്നാൽ കൂടു തുറന്നു വിടും. കൂടെ നിന്നു നോക്കിയില്ലെങ്കിൽ പട്ടി പിടിക്കും. കുറച്ചു ദിവസം മക്കൾ കൂടെ നിന്നു. പിന്നത്തെ കാര്യം തഥൈവ. ആദ്യത്തെ ആവേശം കഴിഞ്ഞാൽ അവരെന്റെ മാത്രം ബാധ്യതയാവുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഏറ്റെടുത്തത് എന്നതുകൊണ്ട് ക്ഷമിച്ചു. അല്ലാതെന്തു ചെയ്യാൻ...
കുറച്ചു വലുതായപ്പോൾ എന്താ ബഹളം !! രാവിലെ കൂട്ടിൽ ഇടിയും ചവിട്ടും കരച്ചിലും... ഒന്നും പറയണ്ട. ഇത്തിരി വൈകി എണീക്കുന്ന എനിക്ക് കിടക്കപ്പൊറുതിയില്ലാതായപ്പോൾ നാലെണ്ണത്തിനെ വിറ്റു. മുട്ടയിട്ടു തുടങ്ങിയ മൂന്നു പിടയും ഒരു പൂവനും മറ്റൊരു കൂട്ടിലേയ്ക്കു പോയി.
കൂടു തുറക്കുമ്പോഴേയ്ക്കും പുറത്തേയ്ക്കു ചാടാൻ ഏറെ വെപ്രാളം കാട്ടിയിരുന്ന മിസ് ബോൾട്ട് ഇത്തിരി വലിപ്പം കുറവായ കാരണം ആ കൂട്ടത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവരെത്തപ്പെട്ട കൂട് തീരെ ചെറുതാണെന്നും അവരെ പുറത്തു വിടാറില്ലെന്നും പിന്നീടവരെ സന്ദർശിക്കാൻ പോയ മക്കൾ പറഞ്ഞു. ഞാൻ പിന്നെ ആ വഴിക്കു പോയിട്ടില്ല.
അറയ്ക്കൽ അബുവിനൊരു വാട്ടം കണ്ടപ്പോൾ അതിനെ ഇറച്ചിയാക്കുന്നതാവും മറ്റുള്ളവയുടെ കൂടി ആരോഗ്യത്തിനു നല്ലതെന്ന അമ്മയുടെ അഭിപ്രായം നടപ്പിലാക്കപ്പെട്ടു. സഞ്ചിയിലാക്കി കടയിൽ കൊടുത്ത് ഡ്രെസ് ചെയ്യിച്ചു കൊണ്ടുവന്നത് ഞാൻ തന്നെയാണ്. കറി വെച്ചു. പക്ഷേ ഇളയവൻ കറി കൂട്ടിയില്ല. കാലിനു വയ്യാതെ തത്തിത്തത്തി നടന്നിരുന്ന നെയ്മറും ദയാവധത്തിനിരയാക്കപ്പെട്ടു. ആ കറി, മുഴുവൻ ചെലവാകാതെ ബാക്കിയായി.
ഇനിയുള്ള നാലു പേരാണ് ഇപ്പോൾ കൂട്ടിൽ കിടക്കുന്നത്. ഇതിനിടെ ഒരു പൂച്ചയും വന്നു കൂടി. ഓരോ ദിവസവും അവയോടുള്ള അടുപ്പം കൂടി വരുമ്പോൾ സത്യത്തിൽ ടെൻഷനാണ്. അനിവാര്യമായ വേദനകൾ വഴിയിൽ കാത്തു നിൽക്കുന്നു.
ദിവസേന രണ്ടോ മൂന്നോ മുട്ട കിട്ടിയിരുന്നത് ഇപ്പോൾ ഒന്നു കിട്ടിയാലായി എന്നായിട്ടുണ്ട്. ഇവയെ ഒഴിവാക്കി കുറച്ചു കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നതാവും നല്ലതെന്ന് അമ്മ ഈയിടെ വന്നപ്പോൾ പറഞ്ഞു. ആർക്കെങ്കിലും കൊടുക്കുക തന്നെ വേണ്ടി വരും. പാവം ബാഹു..! അങ്ങനെ വന്നാൽ അവനും നിസ്സഹായനായിപ്പോകും...
മുന്നിലെ പാത്രത്തിൽ കത്തിക്കു മുന്നിൽ മീനുകൾ കണ്ണു മിഴിച്ചു കിടക്കുന്നു. പൂച്ചയ്ക്കു വേണ്ടിയാണ് ദിവസവും മീൻ വാങ്ങുന്നത്. അവയും ജീവനാണെന്ന് പലപ്പോഴും മറന്നു പോകുന്നു.
ശ്ശെ .. കൈ മുറിഞ്ഞല്ലോ ... സാരമില്ല... ഇപ്പോൾ കുറച്ചാശ്വാസം തോന്നുന്നുണ്ട്.
.... Surya Manu

മെറ്റമൊർഫസസ്


"താൻ മദ്യപിക്കാറുണ്ടോ?" ആമുഖമൊന്നുമില്ലാതെ അവളുടെ കണ്ണുകളിലേയ്ക്കു നോക്കി ജയകൃഷ്ണൻ അതു ചോദിച്ചപ്പോൾ റസ്റ്ററണ്ടിലെ ശീതീകരിച്ച ഫാമിലി റൂമിലിരുന്ന് അഞ്ജന വിയർത്തു. അസ്വസ്ഥതയോടെ മുഖം താഴ്ത്തുമ്പോൾ എങ്ങനെയാണിയാൾ തന്റെ ഉള്ളു തുരന്നെടുക്കുന്നതെന്ന് അമ്പരപ്പോടെ അവളോർത്തു.
അത്യാവശ്യമായി സബ്മിറ്റു ചെയ്യേണ്ട ഒരു പ്രോജക്ട് ഡ്രാഫ്റ്റ് ചെയ്തു തീർക്കാനായി അൽപം ലേറ്റായി ഓഫീസിലിരിക്കേണ്ടി വന്ന ഒരു വൈകുന്നേരത്തിലാണ് മുമ്പിതുപോലെ ജയൻ അവളെ ഞെട്ടിച്ചു കളഞ്ഞത്. രണ്ടു കപ്പ് ചായയുമായി അവൾക്കരികിലെത്തി ഒന്നവൾക്ക് നൽകിക്കൊണ്ട് അയാൾ അഞ്ജനയ്ക്കെതിരെയിരുന്നു.
സീനിയർ ഓഫീസറെന്നതിന്റെ ബഹുമാനം നൽകാറുള്ളപ്പോഴും കേട്ടറിഞ്ഞ ചില കഥകൾ എപ്പോഴും അയാളിൽ നിന്നൽപം അകലം പാലിക്കാൻ അവളെ പ്രേരിപ്പിച്ചിരുന്നു. തന്റെ മുഖത്തു തന്നെയാണ് അയാൾ നോട്ടമുറപ്പിച്ചിരിക്കുന്നതെന്നു തോന്നിയപ്പോൾ മോണിറ്ററിൽ നിന്നും കണ്ണെടുത്ത് അയാളെ നോക്കി ഒന്നു ചിരിക്കാൻ ശ്രമിച്ചപ്പോഴാണ് അയാളതു പറഞ്ഞത്., "ഈ വലിയ കണ്ണുകൾ നിറയെ വേദനയാണല്ലോ" എന്ന്.
തീർത്തും അവിശ്വസനീയമായിരുന്നു അത്. രൂപത്തിലും ഭാവത്തിലും ജോലിയോടുള്ള ആത്മാർത്ഥതയിലും സഹപ്രവർത്തകരോടുള്ള ഇടപെടലിലും ഓഫീസിലെ ഏറ്റവും സ്മാർട്ടായ സ്റ്റാഫ് എന്ന പേര് അവൾ എല്ലായ്പ്പോഴും നില നിർത്തിയിരുന്നു. ശരത് പോലുമറിയാതെ, പുറത്തേയ്ക്കു തൂവാനനുവദിക്കാതെ. ഉള്ളിന്റെയുള്ളിൽ താൻ ഒളിപ്പിച്ചു വെച്ച വിഷാദങ്ങൾ അയാളെങ്ങനെ കണ്ടെടുത്തു എന്നവൾ പരിഭ്രമിച്ചു.
അവിവാഹിതനെങ്കിലും അയാൾക്ക് ചില ബന്ധങ്ങളുണ്ടെന്നും വല്ലാതെ അടുപ്പിക്കേണ്ടെന്നും ഒരിക്കൽ ചെവിയിൽ പറഞ്ഞത് തൊട്ടടുത്ത സീറ്റിലെ നയനയാണ്. ഇളം നീല ഡെനിം ഷർട്ടും ജീൻസുമിട്ട് അതീവ സുന്ദരനായാണ് അയാൾ അന്നെത്തിയിരുന്നത്. അയാൾ ചാർജെടുത്ത ശേഷം നയനയുൾപ്പെടെയുള്ള യുവതികൾക്കിടയിൽ ഒരു കിടമത്സരം നടക്കുന്നുണ്ടെന്നറിയാമായിരുന്നതിനാൽ അഞ്ജന അതിനു വേണ്ടത്ര ഗൗരവം നൽകിയിരുന്നില്ല.
അന്നയാളുടെ മുന്നിൽ നിന്നും ചിരിച്ചൊഴിവായെങ്കിലും വീണ്ടുമിതാ മറ്റൊരു ചോദ്യവുമായി അയാൾ തന്റെ സ്വകാര്യതകളിലേക്ക് കടന്നു വന്നിരിക്കുന്നു.
ഓഫീസ് വിട്ട് പുറത്തേക്കിറങ്ങി നീളൻ നടപ്പാതയിൽ വീണു കിടക്കുന്ന മഞ്ഞരളിപ്പൂക്കളെ നോവിക്കാതെ മെല്ലെ നടക്കുമ്പോഴാണ് അരികെ കാർ കൊണ്ടു നിർത്തി അൽപം അധികാര ഭാവത്തോടെ കയറാൻ പറഞ്ഞത്. അയാളെ അനുസരിച്ചത് അബദ്ധമായോ എന്ന് ഇപ്പോൾ അവൾക്കു തോന്നി. മറ്റുള്ളവർക്കു മുമ്പിൽ ഏറെ ചാതുരിയോടെ ചിരിച്ചു സംസാരിക്കാറുള്ള അവൾക്ക് അയാളുടെ മുന്നിൽ വച്ച് വായ് തുറക്കാൻ പോലും ഭയം തോന്നി.
"ജീവിതം പല പരീക്ഷണങ്ങളും നമുക്കു മുന്നിൽ തുറന്നു വെയ്ക്കും" അഞ്ജനയുടെ മൗനത്തെ മുറിച്ച് ജയൻ പറഞ്ഞു. "ചില താൽക്കാലിക രക്ഷപ്പെടലുകൾ നമ്മുടെ കണ്ണുകെട്ടിക്കളയും. വലിയ പരാജയത്തിലേയ്ക്ക് തള്ളിവീഴ്ത്താനുള്ള കാലത്തിന്റെ കളിയാണത്. "
വെയ്റ്റർ മുന്നിൽ കൊണ്ടു വെച്ച മിൽക്ക് ഷെയ്ക്ക് അൽപാൽപമായി വലിച്ചു കുടിക്കുമ്പോൾ അവളുടെ കണ്ണുകൾ മുന്നിലെ ചുമരിൽ വെച്ച വലിയ പെയിന്റിങ്ങിലായിരുന്നു.
കാൻവാസിന്റെ ധവളിമയിലേയ്ക്ക് ലയിച്ചു ചേരുന്ന നീലയുടെ നിറഭേദങ്ങൾ. അനന്തതയിലെവിടെയോ ഒന്നു ചേരുന്ന ആകാശവും കടലും. കാറ്റിൻ പ്രവേഗത്തെ, വിടർത്തി വലിച്ചുകെട്ടിയ പായ്കൾക്കുള്ളിലൊതുക്കി തിരമാലകളെ കീറി മുറിച്ചു നീങ്ങുന്ന കപ്പലും കടും നീല നിറങ്ങളിൽ തെളിഞ്ഞു നിന്നു. പായ്കൾ ചേർത്തു കെട്ടിയ നീളൻ കമ്പിനു മുകളിൽ അകലെ ചക്രവാളത്തിലേയ്ക്കു നോക്കി അക്ഷോഭ്യയായിരിക്കുന്ന കറുത്ത പക്ഷിയെ വരച്ചു ചേർക്കുമ്പോൾ ആ ചിത്രകാരന്റെ മനസ്സിൽ പ്രക്ഷുബ്ധമായ ഒരു കടലിളകിയിരുന്നിരിക്കാം എന്നവൾ സങ്കൽപിച്ചു.
വാഷ് റൂമിനു നേരെ നടക്കുമ്പോൾ പൊട്ടിവീണതുപോലെയാണ് ശ്വേത അഞ്ജനയുടെ മുന്നിലെത്തിയത്. ശരതിന്റെ പേഴ്സണൽ അസിസ്റ്റന്റായ മോഡേൺ സുന്ദരി. തന്നെ ചെത്തിയൊതുക്കി ശ്വേതയാക്കി മാറ്റുകയാണ് ശരതിന്റെ ലക്ഷ്യമെന്ന് അഞ്ജനയ്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.
ഹാഫ്സ്കർട്ടും ഹൈഹീൽസുമിട്ട് താളത്തിൽ നടന്ന് അടുത്തു വന്നപ്പോൾ പരിചിതമായൊരു ഗന്ധം അഞ്ജനയെ പൊതിഞ്ഞു. ഒരു ഞെട്ടലോടെ അവളാദ്യം തിരഞ്ഞത് ജയനെയാണ്. ക്യാഷ് കൗണ്ടറിനരികെ നിന്ന് അയാൾ ആരോടോ ഫോണിൽ സംസാരിക്കുകയാണെന്നു കണ്ടപ്പോൾ അവൾക്ക് ആശ്വാസം തോന്നി. തന്റെയുള്ളിൽ നിന്ന് ഇനിയുമൊരു രഹസ്യം കൂടി അയാൾ കണ്ടെടുക്കുന്നത് അവൾക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.
മുഖം കഴുകി, ജയനൊപ്പമെത്തി, പുറത്തേയ്ക്കു നടക്കുമ്പോൾ മുമ്പു പറഞ്ഞു നിർത്തിയതിന്റെ തുടർച്ചയെന്നോണം, റസ്റ്ററണ്ടിനു മുന്നിലെ, ചെത്തിയൊരുക്കിയ പൂന്തോട്ടത്തിൽ തെന്നിപ്പറക്കുന്ന ചെറുമഞ്ഞശലഭത്തെ നോക്കി അയാൾ പറഞ്ഞു, "ചില പുഴുക്കൾ പുഴുക്കളായിത്തന്നെ ഒടുങ്ങുമ്പോൾ മറ്റു ചിലത് ശലഭങ്ങളാകുന്നു.. "
പറഞ്ഞതിന്റെ സാംഗത്യം മനസ്സിലായില്ലെങ്കിലും അഞ്ജന വെറുതെ മൂളി.അയാളോട് യാത്ര പറഞ്ഞ് തന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടക്കുമ്പോൾ അവളാ വാക്യം മനസ്സിലുരുവിട്ടു നോക്കി.
അയാൾ എത്ര മാന്യനായിക്കോട്ടെ, തന്റെ ജീവിതത്തിലേയ്ക്കുള്ള കടന്നുകയറ്റം അവൾക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ചില കാര്യങ്ങളെക്കുറിച്ച് സമൂഹത്തിനെപ്പോഴും പക്ഷപാതപരമായ മുൻവിധികളുണ്ടെന്നവൾക്ക് തോന്നി.
സുലഭമായി മദ്യമൊഴുകുന്ന ഈ നാട്ടിൽ അതുപയോഗിക്കാത്ത പുരുഷൻമാർ തുലോം കുറവെങ്കിലും അതേക്കുറിച്ചു പരസ്യമായി പറയുന്നതോ മറ്റുള്ളവർ അറിയുന്നതോ മഹാപരാധമായാണ് ഇന്നും ആളുകൾ കാണുന്നത്. മദ്യപിക്കുന്ന സ്ത്രീകളുടെ കാര്യം അവർക്കു ചിന്തിക്കാൻ പോലും വയ്യ. നാശത്തിലേയ്ക്കുള്ള വഴിയെന്ന് ഒറ്റയടിക്കങ്ങു പറഞ്ഞു കളയും.
തെരുവുകാഴ്ചകളിലേയ്ക്ക് മിഴിയയച്ച് അവൾ മെല്ലെ നടന്നു. അച്ഛനമ്മമാർക്കൊപ്പം തുള്ളി നടക്കുന്ന കുഞ്ഞുങ്ങൾ, കൂട്ടിയിട്ട വസ്ത്രങ്ങൾക്കും പച്ചക്കറികൾക്കും ചെരിപ്പുകൾക്കും മുമ്പിൽ കൂട്ടം കൂടി കലമ്പുന്ന വഴി യാത്രികർ, ഇരുട്ടും മുമ്പ് വീടണയാനായി ഓടിപ്പിടഞ്ഞകലുന്നവർ, തട്ടുകടകളിലെ കൊതിപ്പിക്കുന്ന ഗന്ധത്തിനു ചുറ്റും നിരന്നാർക്കുന്ന യുവത്വങ്ങൾ,.. മുന്നിൽ കൂട്ടിയിട്ട ചെരിപ്പുകളിലേയ്ക്ക് കൂനിക്കൂടിയിരുന്ന് ജീവിതം തുന്നിക്കെട്ടുന്ന ചെരിപ്പുകുത്തിയും ഇരുളണയും മുമ്പ് പണി തീർക്കാനുള്ള ധൃതിയിലാണ്. ആളുകൾ ജീവിതം ആസ്വദിക്കുന്നതും അനുഭവിക്കുന്നതും തെരുവിലാണെന്നവൾക്കു തോന്നാറുണ്ട്.
മറ്റുള്ളവർ ചോദിക്കുമ്പോൾ വ്യായാമമെന്നു പറയാറുണ്ടെങ്കിലും ഇരമ്പി നീങ്ങുന്ന സാധാരണ ജീവിതം കൊതി തീരെ കാണാനാണ് അവൾ ഫ്ലാറ്റിൽ നിന്നും ഒന്നരക്കിലോമീറ്റർ അകലെയുള്ള തന്റെ ജോലി സ്ഥലത്തേയ്ക്കും തിരിച്ചും നടന്നു യാത്ര ചെയ്യുന്നത്.
ലിഫ്റ്റൊഴിവാക്കി അഞ്ചാമത്തെ നിലയിലുള്ള തങ്ങളുടെ അപ്പാർട്മെൻറിലേയ്ക്കുള്ള പടികൾ കയറുമ്പോൾ അവളുടെ കാലുകൾ പോലെ തന്നെ മനസ്സും തളർന്നുതുടങ്ങിയിരുന്നു. വാതിൽ തുറന്ന് അകത്തേയ്ക്കു കടക്കുമ്പോൾ അന്യഗ്രഹത്തിലെന്ന പോലെ നിശ്ശബ്ദത തളം കെട്ടി നിന്ന വിശാലമായ അകത്തളങ്ങൾ അവളെ ഭയപ്പെടുത്തി. വേഷങ്ങളഴിച്ചു വെച്ച് മേൽകഴുകി നഗരത്തിരക്കിലേയ്ക്കു തുറക്കുന്ന ജനാലപ്പടിയിൽ പുറത്തേയ്ക്കു മിഴിനട്ടിരിക്കുമ്പോൾ ഒറ്റമുളന്തണ്ടിൽ ഒറ്റയ്ക്കിരിക്കുന്ന ഒരു കറുത്ത പക്ഷിയാണ് താനെന്നവൾക്ക് തോന്നി.
രണ്ടു ദിവസമായി ശരത് ഒഫീഷ്യൽ ടൂറിലാണ്. അയാൾക്കായി ഭക്ഷണം കരുതിവെയ്ക്കേണ്ട ആവശ്യമില്ലാത്തതിനാൽ രാത്രിയിലെ ഭക്ഷണം അവളും ചില പഴങ്ങളിലൊതുക്കും. കുട്ടിക്കാലത്തെ വലിയ വേദനയായിരുന്ന വിശപ്പ് ഇപ്പോൾ ഏകാന്തതയ്ക്കു വഴി മാറിയിരിക്കുന്നു എന്നോർത്തപ്പോൾ അഞ്ജനയ്ക്കു മദ്യപിക്കണമെന്നു തോന്നി.
ഫ്രിഡ്ജ് തുറന്ന് ഒരു ഡ്രിങ്ക് ഫിക്സ് ചെയ്തെടുത്ത് അവൾ വീണ്ടും ജനലരികിലെത്തി. അനാഥാലയത്തിലെ അഴുക്കു പിടിച്ച ചുമരുകൾക്കിടയിൽ, വയറു നിറയെ ഭക്ഷണവും പാകമായ വസ്ത്രങ്ങളും കൊതിച്ചു തള്ളി നീക്കിയ ബാല്യത്തെയോർത്തു കൊണ്ട് അവൾ ആദ്യത്തെ സിപ്പെടുത്തു.
പിറന്നയുടൻ കഴുത്തുഞെരിച്ചു കൊല്ലാതെ , ഓടയിലേയ്ക്കു വലിച്ചെറിയാതെ, രണ്ടാനച്ഛന്റെ ക്രൂരതകൾക്കു വിട്ടുകൊടുക്കാതെ,... ഒരു കീറത്തുണിയിൽ പൊതിഞ്ഞ് പള്ളിമുറ്റത്തു തന്നെ കിടത്തി ഇരുളിലേയ്ക്കു മറഞ്ഞ അമ്മയുടെ അവ്യക്തമായ നിഴലോർമകളിൽ അവളുടെ ഹൃദയം കൃതജ്ഞതാനിർഭരമായി.
ബി ടെക് ചെയ്തു കൊണ്ടിരിക്കേ ഇഷ്ടമുള്ള കളിപ്പാട്ടത്തിനു വാശി പിടിച്ചെന്നോണം അച്ഛനമ്മമാർക്കൊപ്പം ഓർഫനേജിലെത്തിയ പൊടിമീശക്കാരൻ പയ്യനിലേയ്ക്ക് ഓർമകളെത്തിയപ്പോൾ അവൾ ഗ്ലാസ് വീണ്ടും ചുണ്ടോടു ചേർത്തു.
സാഹചര്യങ്ങളോടു പടവെട്ടി നല്ല മാർക്കോടെ എഞ്ചിനീയറിങ്ങ് പ്രവേശനം നേടിയ സുന്ദരിയായ അനാഥപ്പെൺകുട്ടിയെ ഒരു വലിയ വീട്ടിലെ പയ്യൻ സ്വന്തമാക്കാനാഗ്രഹിച്ചതും സ്റ്റേറ്റ്സിൽ സെറ്റിൽഡായ രക്ഷിതാക്കൾ അതിനെ പിന്തുണച്ചതും മാധ്യമങ്ങൾക്ക് വലിയ വാർത്തയായിരുന്നു. ആ ഉദാരതയുടെ തെളിവുകൾ ലാമിനേറ്റ് ചെയ്യപ്പെട്ട് പ്രദർശനത്തിനു വെച്ച ഷോക്കേസിലേയ്ക്ക് അവൾ കണ്ണോടിച്ചു.
വിവാഹത്തിന്റെ ആദ്യ നാളുകളിലെ ശരതിനെ ഓർത്തപ്പോൾ അഞ്ജനയുടെ മനസ്സിലേയ്ക്ക് ജയകൃഷ്ണൻ കടന്നു വന്നു. കണ്ണുകളിൽ നിറയെ കാരുണ്യം, സ്നേഹം, കരുതൽ... സമൂഹത്തിന്റെ പുറമ്പോക്കിലേയ്ക്കൊതുങ്ങിപ്പോകേണ്ടവൾ എത്തിച്ചേർന്ന സ്വപ്നസമാനമായ സാഹചര്യങ്ങൾ..
അച്ഛനുമമ്മയും മകനും ചേർന്നിരിന്നുള്ള മദ്യപാനം അരോചകമായി തോന്നിയെങ്കിലും പതിയെ അവൾ കൂടി അതിന്റെ ഭാഗമായി മാറുകയായിരുന്നു. അവരുടെ സോഷ്യൽ സ്റ്റാറ്റസിനും ശരതിന്റെ വാശികൾക്കും ഒപ്പമെത്താനായി അങ്ങനെ പരിചയമില്ലാത്ത പലതും പഠിച്ചെടുക്കേണ്ടതായി വന്നു. അനാഥക്കല്യാണത്തിന്റെ ആരവങ്ങളടങ്ങും മുമ്പേ ശരതിന്റെ അച്ഛനമ്മമാർ തിരിച്ചു പറന്നു. അവരവരുടെ ജീവിതങ്ങളിലേക്ക് ....
ഒരു നെടുവീർപ്പോടെ അഞ്ജന മൂന്നാമതും ഒരിറക്കു ദ്രാവകം കുടിച്ചിറക്കി. " ഇല്ല ...സ്വാർത്ഥമായ പെരുമാറ്റങ്ങൾക്ക് ശരതിനെ എങ്ങനെ കുറ്റപ്പെടുത്തും. അനാഥാലയത്തിൽ വളർന്നവൾക്ക് പട്ടിണി പങ്കുവെയ്ക്കാനാണെങ്കിൽ പോലും സഹ ജന്മങ്ങൾ ഒരുപാടുണ്ടായിരുന്നു. അവനോ...ആരുമില്ല...! ബോർഡിങ്ങിലേയ്ക്കു പറന്നെത്തുന്ന പണവും അതുകൊണ്ടു നേടിയെടുക്കാവുന്ന ആഢംബരങ്ങളുമല്ലാതെ...." അത്രയുമോർത്തപ്പോഴേയ്ക്കും അഞ്ജനയുടെ കണ്ണുകൾ സജലങ്ങളായി. ഗ്ലാസ്സിൽ ബാക്കിയായത് വാഷ്ബേസിനിൽ ഒഴിച്ചു കളഞ്ഞ് അവൾ വീണ്ടും ജനൽപ്പടിയിൽ വന്നിരുന്നു.
റോഡിലൊഴുകുന്ന വാഹനങ്ങൾക്കിടയിൽ നിന്ന് ശരതിന്റെ തിളങ്ങുന്ന ചുവപ്പു സ്വിഫ്റ്റ് കണ്ണിൽ തടഞ്ഞപ്പോൾ അഞ്ജന വാതിൽ തുറന്ന് ബാൽക്കണിയിലേക്കിറങ്ങി നിന്നു. ഗേയ്റ്റിനു പുറത്തു കാർ നിർത്തി കൂടെയിരുന്നയാളോട് കൈ വീശി എന്തോ പറഞ്ഞ് ധൃതിയിൽ നടന്നു വന്ന ശരത് സെക്കന്റുകൾക്കുള്ളിൽ മുറിയിലെത്തിയതു കണ്ട് അഞ്ജന അതിശയപ്പെട്ടു പോയി.
കയ്യിലെ സ്യൂട്ട് കേസിൽ നിന്നും മുഷിഞ്ഞ വസ്ത്രങ്ങളെടുത്തു പുറത്തേയ്ക്കിട്ട്, വാർഡ്റോബ് തുറന്ന് ഇസ്തിരിയിട്ടു വെച്ച ഷർട്ടും മറ്റും അതിലേയ്ക്കെടുത്തു വയ്ക്കുന്നതു കണ്ട് അഞ്ജന അടുത്തേയ്ക്കു ചെന്ന് അവനെ ചോദ്യഭാവത്തിൽ നോക്കി.
"സോറി ഡിയർ " അവനവളെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചപ്പോൾ അവന്റെ ഗന്ധം ആദ്യമായി അവളെ മടുപ്പിച്ചു. " ഒരു അർജന്റ് മീറ്റിങ്ങ്. രണ്ടു ദിവസത്തെ... " അവളെ വിടാതെ തന്നെ വേർപെടുത്തി നിർത്തി മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി അഭിനന്ദിക്കുന്ന മട്ടിൽ അവൻ പറഞ്ഞു. "... ആന്റ് യൂ ഫൗണ്ട് എ ഫ്രണ്ട്...! ശ്വേത നോസ് ഹിം... ഗ്രേറ്റ്... എൻജോയ് ബേബ്...." അവളെ വീണ്ടും ചേർത്തണച്ച് അവൻ പിൻകഴുത്തിൽ ചുംബിച്ചപ്പോൾ ദേഹമാകെ പുഴുക്കൾ നുരയ്ക്കുന്നതു പോലെ അവൾക്കു തോന്നി.
അവൻ പുറത്തേക്കിറങ്ങും മുമ്പേ അവൾ ബാത്റൂമിൽ കയറി ഡോറടച്ചു. നേരത്തെ കഴിച്ചതെല്ലാം ഇരട്ടിയിലധികമായി പുറത്തേയ്ക്കൊഴുകി.
തളർന്നു ബെഡിലേയ്ക്കു വീണ് പുതപ്പിൽ തന്നെ ചുറ്റിപ്പുതച്ചെടുക്കുമ്പോഴേയ്ക്കും അവളുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു. മനോഹരമായൊരു സ്വപ്നത്തിന്റെ പടവുകൾ കയറി അവളെത്തുമ്പോൾ ഒരു തുണ്ടു ഭൂമിയിൽ അഞ്ജനയിരുന്ന് മണ്ണൊരുക്കുകയായിരുന്നു. നോക്കി നോക്കിനിൽക്കെ അവിടെ നൂറായിരം ചെടികൾ തളിർത്തു വളരുകയും അവയിൽ അനേകം പുഷ്പങ്ങൾ പൂത്തു വിടരുകയും ചെയ്തു. എവിടെ നിന്നെല്ലാമോ ഇഴഞ്ഞെത്തിയ പുഴുക്കൾ അവൾക്കു ചുറ്റിനും നിരക്കുകയും അവളുടെ കരസ്പർശമേറ്റ മാത്രയിൽ ചിറകു മുളയ്ക്കപ്പെട്ട അവ പൂക്കളിൽ തത്തിപ്പറക്കുകയും ചെയ്യുന്നതു കണ്ട് അവൾ വിസ്മയം പൂണ്ടു നിന്നു. തൊട്ടടുത്ത നിമിഷത്തിൽ അവളുടെ ഇരു ചുമലുകളിലുമായി വലിയ വർണച്ചിറകുകൾ മുളപൊട്ടാൻ തുടങ്ങി.
..... Surya Manu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo