Slider

സ്മൃതിമർമരങ്ങൾ

0
Image may contain: Surya Manu, outdoor
〰️〰️〰️〰️〰️〰️〰️
(രചന: സൂര്യ മനു)
കലി തുള്ളുക തന്നെയാണ് കാലവർഷം. ഭീമാകാരനായൊരു ഉരഗത്തെപ്പോലെ പ്രളയജലം അൽപ്പാൽപമായി കരയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. പടി കടന്ന് മുറ്റത്തേയ്ക്കു നാക്കു നീട്ടിക്കൊണ്ടിരിക്കുന്ന പ്രളയജലത്തിൽ ലക്ഷ്യമില്ലാതുഴറുന്ന പൊങ്ങുതടിയെപ്പോലെ ആ വൃദ്ധമനസ്സ് ബോധാബോധങ്ങളിലേക്ക് ചാഞ്ചാടിക്കൊണ്ടിരുന്നു.
"ഈ നശിച്ച മഴ... !"
നേർത്തും ചെരിഞ്ഞും ഇടയ്ക്കിടെ കെട്ടുപിണഞ്ഞും പെയ്തു കൊണ്ടിരിക്കുന്ന ഓർമകളിലേയ്ക്ക് പൊടുന്നനെ തെറിച്ചുവീണ ശബ്ദം കേട്ട് വൃദ്ധൻ ഒന്നു പിടഞ്ഞുണർന്നു. പാടുപെട്ട് കണ്ണുകൾ ചിമ്മിത്തുറക്കാനയാളൊരു ശ്രമം നടത്തി.
ഈർപ്പം തങ്ങി മങ്ങലേറ്റ ചില്ലുജാലകത്തിനപ്പുറമെന്ന പോലെ അവ്യക്തമാണ് കാഴ്ചകൾ.
പതിയെപ്പതിയെ കാഴ്ചകൾ തെളിച്ചം നേടുന്നതയാളറിഞ്ഞു.
"ദേവൂട്ടിയാണ്..." അയാൾക്കു ചിരി വന്നു പോയി. എങ്ങനെ ചിരിക്കാതിരിക്കും... ! നിറയെ ചുവന്ന പൂക്കളുള്ള അവളുടെ മഞ്ഞയുടുപ്പ് ചേറിൽ പുതഞ്ഞു പോയിരിക്കുന്നു."എന്തൊരു ഗമയായിരുന്നു പെണ്ണിന്," അയാളോർത്തു.
സ്കൂൾ തുറന്നതിന്റെ പുതുമോടിയിലായിരുന്നു ദേവൂട്ടി. പുതിയ ഉടുപ്പ്....പുതിയ കുട,... മഴ നനയാത്ത അലുമിനിയം പെട്ടി... സ്കൂൾ വിടാനായി കൂട്ടമണിയടിച്ച നേരത്താണ് എവിടെയോ ഒളിച്ചു മാറി നിന്ന മഴ ഓടിപ്പാഞ്ഞെത്തി കുട്ടികളുടെ കൂടെയിറങ്ങിയത്.
"കുടയിൽ കൂടെ നിർത്തുമോ " എന്നവൻ ചോദിച്ചപ്പോൾ ചുണ്ടുകൂർപ്പിച്ച് "ചെറുക്കനെന്റ കുടയിൽ കയറേണ്ട " എന്നു പറഞ്ഞ പത്രാസുകാരിയാണ്.
അല്ലേലും എന്തെങ്കിലും പുതിയതു കിട്ടിയാൽ പിന്നെ ദേവൂട്ടിയങ്ങനെയാണ്. കുളത്തിൽ നിന്ന് ആമ്പലു പറിക്കാനും വിരലിൽ തൂങ്ങി ഒറ്റത്തടിപ്പാലം കടക്കാനും ഇല്ലിമുളന്തൂമ്പു മുറിച്ചു കൊടുക്കാനും മുളളിൻ പഴം പറിക്കാനും പാടത്തെ ചേറിൽ പുതഞ്ഞു കിടക്കുന്ന ചെറുമീനുകളെ സൂത്രത്തിൽ കൈ കൊണ്ടു പൊത്തിപ്പിടിച്ചെടുത്ത് അവളുടെ കൈയിൽ കൊടുക്കാനും ഒറ്റമൈനയെ കണ്ടു കഴിഞ്ഞാൽ സ്കൂളിൽ നിന്നു തല്ലു കിട്ടാതിരിക്കാനായി കുഞ്ഞൊരടി കൊണ്ടു വേദനിപ്പിക്കാനും കൂടെ നിഴലായി നടക്കുന്ന സുകുവിനെ അപ്പോഴവളങ്ങു മറന്നുകളയും.
കഴിഞ്ഞ വർഷത്തെ പഠിപ്പിന്റെ അവശേഷിപ്പായ, മുക്കാൽ ഭാഗവും പൊട്ടിയടർന്നു പോയ സ്ലേറ്റ് തലയ്ക്കു മുകളിൽ പിടിച്ച്, ഇടതു കൈയിൽ തൂക്കുപാത്രവും ട്രൗസറിന്റെ തുമ്പും ചേർത്തു പിടിച്ച് മഴയ്ക്കൊപ്പം വരമ്പത്തുകൂടി പറക്കുന്നതിനിടെയാണ് ''പ്ലക്ക്'' എന്നൊരു ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കിയത്.
രണ്ടു കണ്ടം പിന്നിലായി, കാറ്റ് മുകളിലേക്കു വിടർത്തിയ പുള്ളിക്കുടയ്ക്കൊപ്പം പാടത്തെ ചേറിൽ വീണു കിടക്കുകയാണ് പുത്തനുടുപ്പുകാരി. തിരിഞ്ഞ് അവൾക്കു നേരെ നടക്കുമ്പോൾ മഴ അവനൊപ്പം ചെന്നില്ല. കാറ്റിനൊപ്പം ഓടിപ്പോയ്ക്കളഞ്ഞു.
പാടത്തു നിന്നും വലിച്ചുയർത്തി നേരെ നിർത്തുമ്പോഴും മുഖം വീർത്തു തന്നെയിരുന്നു. പക്ഷേ ഇപ്പോൾ ഗമയല്ല. ഒരു കാർമേഘത്തുണ്ട് മുഴുവനായുമുണ്ട് മുഖത്ത്... ഇപ്പോൾ പെയ്തടർന്നേക്കുമെന്ന മട്ടിൽ.
പാടത്തിനതിരിട്ട് കുത്തിയൊലിക്കുന്ന തോട്ടിലേക്കു നടക്കുമ്പോൾ അവളുടെ പെട്ടിയും കുടയും സുകുവിന്റെ കൈയിലും അവന്റെ പൊട്ടസ്ലേറ്റും തൂക്കുപാത്രവും അവളുടെ കൈയിലുമായിരുന്നു. തോട്ടുവക്കത്ത് അതെല്ലാം വെച്ച് അവനവളെ തോട്ടിലേക്കിറക്കി നിർത്തി ഉടുപ്പു കഴുകിക്കൊടുത്തപ്പോൾ മാനത്തു തെളിഞ്ഞ പോക്കുവെയിൽ പോലെ വാടിയൊരു ചിരി അവളുടെ ചുണ്ടിലും വിരിഞ്ഞു.
പക്ഷേ അതിനധികം ആയുസ്സുണ്ടായില്ല. അവന്റെ കൈ പിടിച്ച്‌ ആയത്തിൽ തോട്ടുവരമ്പത്തേയ്ക്കു കയറുന്നതിനിടെ അവളുടെ ചെരിപ്പൊരെണ്ണം തോട്ടിലെ ഒഴുക്കിൽ പെട്ടു മുന്നോട്ടു കുതിച്ചു. തളളി നിൽക്കുന്ന പുൽത്തിട്ടുകളിൽ തടഞ്ഞു നിന്നും, അവർ ഓടിച്ചെന്നു പിടിക്കാനൊരുങ്ങുമ്പോൾ വഴുതി മാറി ഊക്കോടെയൊഴുകിയും അതങ്ങനെ മുന്നോട്ട് മുന്നോട്ട്...
ഒടുവിൽ പാടത്തിന്നോരത്ത് വേനലിൽ കിണറായി കിടന്ന് വർഷത്തിൽ കുളമായി രൂപാന്തരം പ്രാപിച്ച് തോടിന്റെ ഒഴുക്കും പാടത്തിന്റെ പരപ്പും തന്നിലേക്കു ചേർത്തു കിടക്കുന്ന വന്യമായ വശ്യതയിൽ ആ കുഞ്ഞു ചെരിപ്പ് തന്റെ യാത്രയവസാനിപ്പിച്ചു.
ഓളങ്ങളിൽ അതങ്ങനെ താളം പിടിച്ചു കിടക്കുന്ന നേരത്ത് ദേവുട്ടിയുടെ കണ്ണുകൾ വീണ്ടും ചോർന്നൊലിക്കാൻ തുടങ്ങിയിരുന്നു. പിന്നെ ഒന്നുമോർക്കാതെ സുകുവങ്ങെടുത്തു ചാടുകയായിരുന്നു. കൈകൾ നീട്ടിത്തുഴഞ്ഞ് അടുത്തെത്തുമ്പോഴെല്ലാം അകലേയ്ക്കു തെളളിയകലുന്ന ചെരിപ്പിനെ പിൻതുടർന്നൊടുവിൽ കൈകാൽകുഴഞ്ഞു തളർന്നു പോയ നിമിഷം.. ആഴങ്ങളിലേക്കു മുങ്ങിപ്പിടഞ്ഞു പോകുമ്പോൾ നിഴൽ പോലെ നീണ്ടു വന്ന കൈകളിലേക്കു ചുരുണ്ടണഞ്ഞത്..
ഒരു നിമിഷത്തേയ്ക്ക് വൃദ്ധൻ ശ്വാസം കിട്ടാതൊന്നു പിടഞ്ഞു.ചെരിഞ്ഞു പറന്ന ഈറൻ തുള്ളികൾ അയാളുടെ മുഖത്തു ചിതറി വീണു.
"രാമനിപ്പോൾ ഈ വഴി വന്നില്ലായിരുന്നെങ്കിൽ.. !"
"അമ്മയാണോ... ചാറ്റൽ മഴ പോലെ അരികിലിരുന്ന് പതം പറഞ്ഞുരുകുന്നത്..." വ്യക്തമല്ലാത്ത കാഴ്ചകളെ വിട്ടു കളഞ്ഞ് അയാൾ ശബ്ദങ്ങൾക്കായി കാതോർത്തു.
"രാമൻ എന്നു തന്നെയാണോ കേട്ടത്... ? ഓർമകളുടെ പെയ്ത്തു നിന്നു പോയോ.. " ശൂന്യതയിലെന്തോ പരതും പോലെ അയാളുടെ കണ്ണുകൾ ഒന്നു വട്ടം കറങ്ങി അദൃശ്യമേതോ ബിന്ദുവിലുറച്ചു നിന്നു.
"മലവെള്ളം കയറിക്കയറി വരികയാണ്... ഒരു ദിവസം കൂടി ഇങ്ങനെ തുടർന്നാൽ വീടു തന്നെ.... ഇതു വരെ ഉണ്ടായിട്ടില്ല ഇങ്ങനെയൊരു മഴ ... " പരിഭ്രമിച്ചുയരുന്ന പെൺ സ്വരം വീണ്ടുമയാളെ കുടഞ്ഞുണർത്തി.
"നീയെന്തിനാടീ ദേവൂട്ടീ പേടിക്കുന്നത് " അയാൾക്കു വീണ്ടും ചിരി വന്നു.
"നീയോർക്കുന്നില്ലേ... കെട്ടു കഴിഞ്ഞ സമയത്ത്, വിരുന്നിന് കണ്ണന്നൂരിലെ മാമിയുടെ വീട്ടിൽ പോകുമ്പോൾ നമ്മൾ തോണി കാത്തു നിന്നു മടുത്തത്... പിന്നെ ചിറ മുറിച്ചു നടക്കാൻ തുടങ്ങിയത്. നിലയില്ലാതായ നേരത്ത് നിന്നെ തോളിൽ ചുമന്ന് ഞാൻ നീന്തിയത്... അല്ലേലും നീയങ്ങനെയല്ലേ.. ഒരു വിശ്വാസമില്ലാത്ത പോലെ... "
"പെട്ടെന്നിറങ്ങണം.. !"
"അച്ഛന്റെ ശബ്ദമാണോ അത്... " അയാൾ കാതുകളെ തുടർക്കാഴ്ചകൾക്കായി തുറന്നു വച്ചു..കാറ്റത്തലഞ്ഞ് തുരങ്കം താണ്ടിയെന്നോണം കാതിൽ വന്നലയ്ക്കുന്ന ശബ്ദങ്ങൾ. പാത്രങ്ങളുടെ കലമ്പൽ, ഏതോ വാഹനത്തിന്റെ ഇരമ്പൽ ...
" ദേവൂട്ടി..., നീയെന്തിനാ ഇങ്ങനെ തിരക്കുപിടിക്കുന്നത് .. അല്ലേലും എങ്ങോട്ടേലും പോകണമെന്നു പറഞ്ഞാൽ പറഞ്ഞാൽ പിന്നെ അവൾക്കൊടുക്കത്തെ ധിറുതിയാ ... നിൽക്കെടീ.. ഞാനും വരുന്നു... " വൃദ്ധൻ എഴുന്നേൽക്കാൻ ശ്രമിച്ചു.
" അച്ഛനിതെന്തു കിടപ്പാണീശ്വരാ.. എന്തൊക്കെയൊന്നു കെട്ടിപ്പെറുക്കിയെടുക്കണം... അതിനിടെ എത്ര നാളായി ഇങ്ങനെ... അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ ...." ആടിയുലഞ്ഞു കാതിലേയ്ക്കണയുന്ന ശബ്ദം..., വീണ്ടും ...
അച്ഛനെന്തു പറ്റിയെന്ന് അയാൾ വീണ്ടും ഓർമകളിൽ മുങ്ങിത്തപ്പാനിറങ്ങി. മറവിയുടെ ചെറു ചുഴികൾ അയാളെ മുക്കിത്താഴ്ത്തിക്കൊണ്ടിരിക്കുമ്പോൾ തനിക്കു നേരെ നീട്ടിത്തരുന്ന അസംഖ്യം കൈകൾ അയാൾ കണ്ടു.ദേവൂട്ടിയുടെ,,.. അച്ഛന്റെ.... അമ്മയുടെ...രാമേട്ടന്റെ... പിന്നെയും ഒരുപാടു കൈകൾ...
"അച്ഛൻ .... !"
" കഴിഞ്ഞെന്നാ തോന്നുന്നത് ....."
തനിക്കു ചുറ്റുമായി പിന്നീടുയർന്ന വേവലാതി കലർന്ന ശബ്ദങ്ങൾ ഒന്നും തന്നെ അയാൾ കേൾക്കുകയുണ്ടായില്ല.
വീടിന്റെ ഉമ്മറത്തോളം വളർന്ന മലവെള്ളത്തിൽ മഴ പെയ്തൊഴിഞ്ഞു കൊണ്ടേയിരുന്നു.
(അവസാനിച്ചു)
....... SuryaManu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo