നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുടിയേറ്റം

No photo description available.
കാറ്റിന്റെ മുന കൂർമ്പിച്ച്
കാർമേഘങ്ങൾ ഭൂപടം വരയ്ക്കുമ്പോൾ
ഇറ്റുവീഴുന്ന മഴത്തുള്ളികൾ
ദേശത്തിന്റെ അതിരുകളാകുന്നു?
വാനമിടിഞ്ഞു തോർന്ന തീരങ്ങളിൽ
പുതുമുളകൾ പുരാതന വംശഗാഥ രചിക്കവെ,
നീ മരങ്ങളുടെയും ഞാൻ
ഞാൻ മഴയുടെയും ദേശങ്ങളായി നിർവ്വചിക്കപ്പെട്ടു.
പ്രപഞ്ചം ചുരുങ്ങിയൊഴുകിക്കുറുകിയ
രാത്രികളിൽ
നിന്റെ കണ്ണുകളിൽ നിദ്ര വിളമ്പിയ വിസ്മയമായിരുന്നു, ഞാൻ.
നമുക്കന്യോന്യം മനസ്സിലാകാതെ പോയത്
മതങ്ങൾ നിനക്ക് പേരിട്ടതുകൊണ്ടായിരിക്കാം.
മതമില്ലാത്ത ഞാൻ മഴയായി
എന്നുമടർന്നു നിന്നു.
മണ്ണിന്റെ ഉറവകളിൽ
മാനത്തിന്റെ മനസ്സ് നട്ടു വയ്ക്കാൻ
മദിച്ചു ഞാനെത്തുമ്പോൾ
വെയിലിന്റ അത്ഭുതങ്ങളിലേക്ക്
ജന്മങ്ങളിൽ കുടിയേറാതിരിക്കാൻ
നമുക്കാവില്ലായിരുന്നു.
ദേശത്തിന്റെ, മതത്തിന്റെ പാരമ്പര്യത്തിന്റെ ഉറ പൊഴിച്ച്
ജന്മങ്ങളിലൂടെ നാം യാത്ര ചെയ്തു.
നാം നടന്നു കയറിയ കുന്നിടങ്ങളിൽ
താഴ്വാരങ്ങളിൽ
കടലാഴങ്ങളിൽ
മൃതിയടഞ്ഞ പൗരത്വ പ്രമാണങ്ങളെത്ര.
കുരുത്തുവിളഞ്ഞ് പഴുത്തsർന്ന മതങ്ങളുടെ, രാജ്യങ്ങളുടെ
അതിർവരമ്പുകൾക്കുമുകളിൽ
ഹൃദയങ്ങളെ വിളക്കിച്ചേർത്ത
നമുക്ക് പരസ്പരം രാജ്യമാകാം.
എന്റെ രാജ്യത്തിലേക്ക്
നീ എന്നും കുടിയേറുക.

Written by 
DevaManohar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot