നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാനുപ്രിയ

Image may contain: sky and outdoor
***********
ഒത്തിരിക്കാലത്തെ എന്റെ ആഗ്രഹത്തിലേക്കുള്ള യാത്രയിലാണ് ഞാൻ. മനസ്സിൽ കരുതിയ മോഹങ്ങളൊക്കെയും സഫലീകരിക്കാൻ, ഒരു ദിവസമെങ്കിലും ഞാൻ കൊതിച്ചിരുന്നൊരു ജീവിതം അനുഭവിച്ചറിയാൻ... ശേഷം, സ്വപ്നം കണ്ടതെല്ലാം യാഥാർഥ്യമായ നിമിഷങ്ങളുടെ അനുഭൂതിയെ കുറിച്ച് എഴുതാനുമൊക്കെ കൂടിയാണ് ഈ യാത്ര.
ഞാൻ ഭാനുപ്രിയ. ശ്രീധറിന്റെ കാമുകി.ശ്രീധറിന് ഞാൻ ഭാനുവാണ്. അവന്റെ പ്രിയപ്പെട്ട എഴുത്തുകാരി.എന്റെ അക്ഷരങ്ങളെ അത്രമേൽ ആരാധിക്കുന്നവനും പ്രണയിക്കുന്നവനും ആണ് ശ്രീധർ. എന്നെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നവനാണ്. പേന പിടിക്കുന്ന എന്റെ വിരലുകളിൽ ആർദ്രമായി ചുംബിക്കുന്നവനാണ്.ഭാനു....എന്ന കാതരമായ വിളിയിൽ എന്നിലൊരു വസന്തം തീർക്കുന്നവനാണ്...
ശ്രീധർ കോളേജിലെന്റെ സീനിയർ ആയിരുന്നു. ഞാൻ ഒരിക്കൽപോലും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരുവൻ. എഴുത്തും കവിതയും സാഹിത്യ കൂട്ടായ്മകളുമായി ഞാനെപ്പോഴും ഒരുപറ്റം സുഹൃത്തുക്കളുടെ ഇടയിലായിരിക്കുമ്പോഴും, ക്യാമ്പസിലെ ഇടനാഴിയിൽ എവിടെയെങ്കിലും മറഞ്ഞിരുന്ന് എന്നെ കണ്ടോണ്ടിരുന്നവൻ. പഠനം കഴിഞ്ഞ് ക്യാമ്പസിൽ നിന്ന് പിരിയും വരെ ഞാൻ അവനെ അറിഞ്ഞിരുന്നില്ല എന്നത് ഒരു അത്ഭുതമായിരുന്നു. അവൻ അതിന് ഇടവരുത്തിയിരുന്നില്ലെന്ന് വേണം പറയാൻ.
വർഷങ്ങൾക്കുശേഷം എന്റെ ജീവിതത്തിലെ ദുരിതപർവ്വങ്ങൾക്കൊടുവിൽ ഈ നാല്പതാം വയസ്സിൽ അവനെന്നെ തേടിയെത്തിയത് സോഷ്യൽ മീഡിയയിലൂടെ ആണ്. ജീവിതത്തിലെ ഓട്ട പാച്ചിലിനിടയിൽ എവിടെയോ ഞാനറിയാതെ കൈമോശം വന്നുപോയ എന്റെ അക്ഷരങ്ങൾ വീണ്ടും പുനർജനിച്ചത് സോഷ്യൽമീഡിയയിലെ സാഹിത്യ കൂട്ടായ്മകളിലൂടെയാണ്. എനിക്കു മുന്നേ ശ്രീധർ ആ ഗ്രൂപ്പിലെ അംഗമായിരുന്നു എന്നത് തികച്ചും യാദൃശ്ചികം ആയിരുന്നു.
എന്നോ ഒരിക്കൽ ശ്രീധർ എനിക്ക് അയച്ച ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്യുമ്പോഴേക്കും എന്റെ അനേകം കഥകളുടെ വായനക്കാരനായി കഴിഞ്ഞിരുന്നു ശ്രീധർ. പഴയ പരിചയം വച്ച് എപ്പോഴോ ഇൻബോക്സിൽ എന്നോട് മിണ്ടാൻ വന്നിരുന്നെങ്കിലും ഞാൻ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നത് മൂലം അവൻ എന്റെ വായനക്കാരിൽ ഒരുവനായി മാത്രം ഫ്രണ്ട്ലിസ്റ്റിൽ തുടർന്നുപോന്നു.
എന്റെ വ്യക്തിപരമായ ചില പ്രശ്നങ്ങളിൽ പെട്ട് ഞാൻ ഏകാന്തതയും വിഷാദവും അനുഭവിച്ചിരുന്ന ദിവസങ്ങളിലാണ് ശ്രീധറിന്റെ സന്ദേശം വീണ്ടും എന്നെ തേടിയെത്തിയത്. പരസ്പരം വിശേഷങ്ങൾ മാത്രം ചോദിച്ചു പലപ്പോഴും ചാറ്റിങ് അവസാനിക്കാറാണ് പതിവ്. ഇടയിലെപ്പോഴോ യാത്രകളും എഴുത്തും ചർച്ചയ്ക്ക് വിഷയമായി. അവനോട് സംസാരിക്കുമ്പോൾ എന്നിൽ ഒരു പോസിറ്റീവ് എനർജി വന്നുനിറയുന്നതും ഞാൻ പരിസരം മറന്നു ഉറക്കെ പൊട്ടിച്ചിരിക്കുന്നതുമൊക്കെ എന്നിലെ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു.
പിന്നീടൊരിക്കൽ വളരെ മടിയോടെ ശ്രീധർ എന്റെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങിയിരുന്നു. നല്ലൊരു കൂട്ടുകാരനെ കിട്ടിയ സന്തോഷത്തോടെ ഞാൻ നമ്പർ കൊടുക്കുകയും ചെയ്തു. ചാറ്റിങ്ങും മെസ്സഞ്ചർ കോളുകളും ഒടുവിൽ ഫോൺകോളുകളിലേക്കു വഴിമാറി. ഒരു ദിനചര്യ പോലെ ശ്രീധർ എല്ലാ ദിവസവും എന്നെ വിളിച്ച് വിശേഷങ്ങൾ തിരക്കുക പതിവായി. ഞങ്ങൾ തമ്മിൽ കുടുംബത്തെപ്പറ്റിയും ജോലിയെ പറ്റിയുമൊക്കെ സംസാരിക്കാൻ തുടങ്ങി.എന്റെ വിവാഹമോചനവും തുടർന്നുള്ള ഏകാന്തതയും ഏറ്റവും വലിയ സങ്കടമായി ഞാൻ ശ്രീധറിനോട് പങ്കുവയ്ക്കുമ്പോൾ സൗമ്യമായ വാക്കുകൾ കൊണ്ട് അവൻ എന്നെ ആശ്വസിപ്പിക്കുമായിരുന്നു. പലകാരണങ്ങൾകൊണ്ടും നടക്കാതെപോയ ശ്രീധറിന്റെ വിവാഹത്തെപ്പറ്റി ഞാനും ആകുലതപ്പെട്ടിരുന്നു. ശ്രീധറിന്റെ ഒരു ഗൂഡസ്മിതത്തിൽ എന്റെ എല്ലാ ആശങ്കകൾക്കും ഉള്ള മറുപടി ഉണ്ട് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തൊക്കെയോ പറയാൻ ബാക്കി വച്ചുകൊണ്ട് പലപ്പോഴും ഞങ്ങൾ ഞങ്ങളുടെ സംസാരം അവസാനിപ്പിക്കും.
വർഷം ഒന്നു കഴിയുന്നു ഇപ്പോൾ. കോളേജ് ക്യാമ്പസിൽ നിന്നും പോന്നതിനു ശേഷം ഇതുവരെയും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. പലപ്പോഴും പരസ്പരം കാണണം എന്ന് രണ്ടുപേരും തീരുമാനിക്കും. അപ്പോഴൊക്കെയും രണ്ടുപേർക്കും എത്തിച്ചേരാൻ ആവാത്ത വിധം യാത്രകളിലായിരിക്കും ഞങ്ങൾ. എല്ലാ തിരക്കുകളും മാറ്റി വച്ച് ഞങ്ങൾക്കു മാത്രമായി ഒരു യാത്ര പോകാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരു യാത്രയുടെ ആരംഭത്തിലാണ് ഞാനിപ്പോൾ.എന്നെ കൂട്ടികൊണ്ടുപോകാനായി ശ്രീധർ ഇവിടെ എത്തും. ശേഷം ഞങ്ങൾ ഒന്നിച്ച് ഞങ്ങളുടെ സ്വപ്നങ്ങളുടെ പറുദീസയിലേക്ക് രണ്ടു കുഞ്ഞുതുമ്പികളെപ്പോലെ പാറിപ്പറക്കും.
***********
മലഞ്ചരിവുകൾക്കിടയിലെ നേർത്ത പാതയിലൂടെ ഒട്ടും തിടുക്കം ഇല്ലാതെ ഒരു കാർ, ശാന്തമായൊഴുകുന്ന ജലാശയത്തിലെ കളിയോടം പോലെ ഒഴുകി നീങ്ങുന്നു. വലതുവശത്ത് ശ്രീധറും അവന്റെ തോളിൽ മുഖം ചേർത്ത് ഭാനുവും.അവൾ പതിവിലേറെ സന്തോഷവതിയാണ്. ഇരുവശവും നരകയറി തുടങ്ങിയ മുടിയിഴകൾ കാറ്റിൽ പറക്കുന്നുണ്ട്. ആത്മസാക്ഷാത്കാരം നേടിയ മനസ്സോടെ ശ്രീധർ തന്റെ ഇടതു കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്. അവന്റെ കരവലയത്തിൽ ഒതുങ്ങി ഏതോ നിർവൃതിയിലെന്നവണ്ണം കണ്ണുകളടച്ച് ഭാനു. മലമുകളിൽ വന്ന് ചുംബിക്കുന്ന മേഘ കെട്ടുകളും ശാന്തമായൊഴുകുന്ന അരുവികളും പ്രശാന്തസുന്ദരമായ പ്രകൃതിയും അവരുടെ യാത്രയ്ക്ക് മിഴിവേകി. പറക്കാൻ ആഗ്രഹിച്ച ഒരുവളെ തടങ്കലിൽ നിന്നും മോചിപ്പിച്ച്, ചിറകുകൾ സ്വതന്ത്രമാക്കിയ പക്ഷിയെ പോലെ മനോഹരമായ ഭൂമികയിലേക്കയച്ച ആനന്ദം ശ്രീധറിലും കാണാമായിരുന്നു. വഴിയോര കാഴ്ചകൾ കണ്ട് ആശ്ചര്യപ്പെടുന്ന ഭാനുവിന്റെ മിഴികളിൽ ഒരു കുഞ്ഞിന്റെ ഭാവങ്ങൾ മിന്നിമറയുന്നത് ത്രസിക്കുന്ന ഹൃദയത്തോടെയാണ് ശ്രീധർ നോക്കിക്കണ്ടിരുന്നത്. അവന് അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ചുംബിക്കണമെന്ന് തോന്നി. ആ നിമിഷങ്ങളിൽ അവൾ അത്രമേൽ സുന്ദരിയായിരുന്നു.
കോടമഞ്ഞ് പുതഞ്ഞ സായാഹ്നം സമ്മാനിച്ചുകൊണ്ട് പ്രകൃതി പോലും അവരെ അനുഗ്രഹിച്ചു.മലനിരകളെയും അരുവികളെയും പൂക്കളെയും സാക്ഷിനിർത്തി ശ്രീധർ ഭാനുവിന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് പൂപോലുള്ള ആ അധരങ്ങളിൽ തന്റെ സ്നേഹ മുദ്രപതിപ്പിച്ചു. ഒന്നു പിടഞ്ഞുണർന്ന ഭാനു അവന്റെ നെഞ്ചോടു ചേർന്നു. പറയാതെ പോയൊരു പ്രണയം കാത്തുവെച്ചത് കൊണ്ടാണ് പെണ്ണേ ഇത്രയും കാലം ഞാൻ അവിവാഹിതനായി തുടർന്നതെന്ന് ശ്രീധർ തന്റെ നെഞ്ചിലൊട്ടി നിന്ന ഭാനുവിന്റെ കാതിൽ അടക്കം പറഞ്ഞു. അത്ഭുതത്തോടെയാണ് ഭാനു അത് കേട്ടത്. എന്നോ തനിക്ക് നഷ്ടമായ പ്രണയം തുടിക്കുന്ന മനസ്സ് തന്നിലേക്ക് തിരിച്ചെത്തിയത് പോലെ അവളുടെ മിഴികൾ വിടർന്നു. കവിളുകളിൽ അരുണിമ പടർന്നു. ഭാനു വീണ്ടും ദാവണിക്കാരിയായ ആ പഴയ യുവതിയായി. കൈകൾ കോർത്തുപിടിച്ചു കൊണ്ട് അവർ കാറിനടുത്തേക്ക് നടന്നു.
സന്ധ്യയ്ക്കു മുന്നേ അവർ തങ്ങൾക്കുവേണ്ടി എടുത്തിരുന്ന റിസോർട്ടിലെ ത്തി. യാത്രാക്ഷീണം രണ്ടുപേരെയും ഒരുപോലെ തളർത്തിയിരുന്നു. റിസപ്‌ഷനിൽ വിളിച്ചു രണ്ടു ചായ പറഞ്ഞു ശ്രീധർ ഭാനുവിന് അരികിലിരുന്നു. ഉള്ളിലൊതുക്കിയ സ്നേഹം അത്രയും തന്റെ വിരൽത്തുമ്പുകളിൽ തുടിച്ചു നിൽക്കുന്നതായി ഭാനുവിന് തോന്നി. റൂംബോയി കൊണ്ടുവച്ച ചായ ഫ്ലാസ്കിൽ നിന്നും പകർന്നെടുത്ത് ഭാനു ശ്രീധറിന് നേരെനീട്ടി. തന്റെയുള്ളിലെ ഭാര്യാ സങ്കല്പത്തിലെ സ്ത്രീ എന്നും ഭാനു ആയിരുന്നല്ലോ എന്ന് ശ്രീധർ ഓർത്തു. വർഷങ്ങളായി താൻ കാത്തുവച്ചിരുന്ന പ്രണയത്തെ നിർന്നിമേഷനായി അയാൾ നോക്കികണ്ടു.
മുറിയിലെ അരണ്ട വെളിച്ചത്തിൽ വൈഡൂര്യം പോലെ തിളങ്ങുന്ന മിഴിയിണകളിൽ നോക്കി ശ്രീധറും ഭാനുവും ഏറെ നേരം പരസ്പരം പുണർന്ന് കിടന്നു. തന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു പുരുഷന്റെ മാറിലെ ചൂട് ഭാനുവിനെ ഏറെ തരളിതയാക്കി. ഒരിക്കലും സംതൃപ്തി തരാതെ അവസാനിപ്പിക്കേണ്ടി വന്ന തന്റെ ദാമ്പത്യകാലം അവളോർത്തു. അടിച്ചമർത്തിയ തന്റെ മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും മുകുളങ്ങൾ വീണ്ടും അവളിൽ തളിരിടാൻ തുടങ്ങി. പ്രേമ വായ്പോടെ ഭാനു ശ്രീധറിന്റെ കഴുത്തിൽ തന്റെ ചുണ്ടുകൾ ചേർത്തു. ശ്വാസഗതിയുടെ താളങ്ങൾ വികാരങ്ങൾക്ക് ചിറകു നൽകി. ഭാനുവും ശ്രീധറും എല്ലാം മറന്ന് ഇഴുകിച്ചേർന്നു...
ഒട്ടൊരു കിതപ്പോടെ ശരീരങ്ങൾ വേർപെടുമ്പോൾ ഭാനുവിലെ സ്ത്രീത്വം ശ്രീധറെന്ന പുരുഷനാൽ അംഗീകരിക്കപ്പെടുകയായിരുന്നു. ആത്മ നിർവൃതിയോടെ മിഴികൾ അടച്ചു കിടന്ന ഭാനുവിന്റെ നഗ്നമായ മാറിടത്തിൽ മുഖം ചേർത്തു ശ്രീധറും തന്റെ പ്രണയസാഫല്യത്തെ അനുഭവിച്ചറിയുകയായിരുന്നു.
പിറ്റേന്ന് വെളുപ്പിനെ കുന്നിൻചെരുവിലെ ഏതോ മലദൈവങ്ങൾക്കു മുന്നിൽ ശ്രീധറിന്റെ താലിക്ക് വേണ്ടി ശിരസ്സ് കുനിക്കുമ്പോൾ ഭാനുവിലെ പെണ്ണ് പുനർജനിക്കുകയായിരുന്നു. അത്രമേൽ പ്രണയം കാത്തു വച്ചൊരു ഹൃദയം ശ്രീധറിന് സമ്മാനിക്കാൻ... ജീവിതത്തിൽ ആദ്യമായുള്ളതും ഇനിയൊരിക്കൽ ഉണ്ടാവാനിടയില്ലാത്തതുമായ ഒരു യാത്രക്കൊടുവിൽ ഭാനു ശ്രീധറിന്റേത് മാത്രമായി തീരുകയായിരുന്നു...
(ഗൗരികല്യാണി )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot