Slider

രണ്ടാംകെട്ട് .

0

★-----------★
"ചേട്ടന്റെ മക്കൾ ഇതിന് സമ്മതിക്കുമോ?'
ഭദ്രയുടെ പെട്ടെന്നുള്ള ചോദ്യത്തിനു മുന്നിൽ
ഒന്നു പതറി.
"ഭദ്രേ..മക്കളാണ് എന്റെ എല്ലാം.അവർക്ക്ഞാനും
എനിക്ക് അവരും മാത്രമെ ഉള്ളു.അവരുടെ
ഇഷ്ട്ടങ്ങൾക്കു വേണ്ടിമാത്രമാണ് ഇതു വരെ
എന്റെ ജീവിതം മാറ്റി വച്ചത് .അവരുടെ
ചിറകുകൾക്കിപ്പോൾ ബലംവച്ചിരിക്കുന്നു."
ഭദ്രയുടെ കണ്ണുകൾ തന്റെ മുഖത്തുതന്നെ
ആയിരുന്നു.
"അച്ഛനൊരുകല്യാണം കഴിച്ചാലെന്താ ?എത്ര
നാളെന്നു വച്ചാ ഈ പരിപ്പുകറിയും ,ചോറും കഴിക്കുക..?"
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ചില
നേരങ്ങളിൽ ഇളയവൻ രാഹുൽ തന്നോട്
ചോദിക്കാറുള്ളത് ഓർത്തു.
"പിന്നെ...! കല്യാണം. ഒന്നു മിണ്ടാതെഇരുന്നു
കഴിക്കെടാ."തിരിഞ്ഞു തന്നോട്
"പൊന്നച്ചാ വെറുതെ പോലും അങ്ങിനെ ഒന്നും ചിന്തിക്കല്ലേ..പുറത്തിറങ്ങി നടക്കാനുള്ളതാണ്.."
മൂത്തമകൻ ഋഷിയുടെ വാക്കുകളിൽ പരിഹാസ ത്തിൽ പൊതിഞ്ഞ മുന്നറിയിപ്പ് ഉണ്ടായിരുന്നു.
"പുറത്തിറങ്ങി നടന്നാലെന്താ ആളുകൾ പിടിച്ചു.
മിഴുങ്ങുമോ..?ഏട്ടനൊന്നും ഈ ലോകത്തല്ലേ
ജീവിക്കുന്നത് ..?എനിക്ക് 'അമ്മ'ന്നു
വിളിക്കാൻ ഒരാള് വേണം."
രാഹുലിന്റെ ശബ്ദം ഉയർന്നു. അതിൽ
നേർത്തൊരു നൊമ്പരവും കലർന്നിരുന്നു.
"അങ്ങിനെയെങ്ങാനും സംഭവിച്ചാൽ എന്നെ
പിന്നെ ആരും കാണില്ല.. "
ഋഷിയുടെ ഉറച്ചവാക്കുകൾ .
"നിങ്ങൾ വഴക്കു കൂടേണ്ട.ഇത്രയും നാൾ
നമ്മൾ മൂന്നുപേരല്ലേ ഉണ്ടായിരുന്നുള്ളു..
ഇനിയും അങ്ങിനെ മതി.."
മക്കൾ കഴിച്ച പാത്രങ്ങളും എടുത്തുകൊണ്ട്
പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ ആരോടെന്നില്ലാതെ പറഞ്ഞു.
ഏഴുവർഷത്തെ പ്രണയത്തിനോടുവിൽ
വീട്ടുകാരുടെ സമ്മതമില്ലാതെ താനും സുധയും ഒന്നായി.സ്വന്തക്കാർ ശത്രുക്കളായപ്പോൾ നാട് വിടേണ്ടി വന്നു.
ആദ്യനാളുകൾകഷ്ട്ടപ്പാടിന്റെതായിരുന്നു. ചെറിയൊരുവാടകവീട്ടിൽ ജീവിതംതുടങ്ങി
പട്ടിണിആണെങ്കിലും സന്തോഷമായിരുന്നു.
ഞങ്ങളുടെ കൊച്ചു മുറിയിൽ പ്രണയവും ,
വിശപ്പും മാത്രം നിറഞ്ഞു നിന്നിരുന്നു.
എല്ലുമുറിയെ പണിഎടുക്കാനുള്ള മനസ്സുണ്ടായിരുന്നതിനാൽ കഷ്ട്ടപ്പാടുകൾ
പതിയെ അകന്നു.അതികം വൈകാതെ
സ്വന്തമായി സ്ഥലം വാങ്ങി.അതിൽ ചെറിയൊരു
വീടും ഉയർന്നു.
വീടിനോടു ചേർന്നു ഒരു കടമുറിതുറന്നു.
അടുത്തുസ്കൂൾ ഉള്ളത് കൊണ്ട് കുട്ടികൾക്കാ
വിശ്യമായ സാധനങ്ങൾവിൽക്കുവാൻവച്ചു..
ഇതിനിടയിൽ സുധയെ രണ്ടു കുട്ടികളുടെ അമ്മയായി കാലം മാറ്റിയിരുന്നു.
കച്ചവടം ലാഭകരമായ് മുന്നോട്ടു പോകവെ, സുധ ഒരുനാൾ കുഴഞ്ഞു വീണു.കുറച്ചു ദിവസമായി ഒരുപനിക്കോളുണ്ടായിരുന്നതുഅത്ര ഗൗരവമായി
എടുത്തില്ല.
ആശുപത്രിയിൽഎത്തിച്ചപ്പോൾ എലിപ്പനി എന്നു ഡോക്ടർസ്ഥിതികരിച്ചു.മൂന്നാം ദിവസം സുധയുടെ നിശ്ചലമായശരീരംഏറ്റുവാങ്ങുമ്പോൾ
നിറയുവാൻ തന്റെ കണ്ണുകൾ മാത്രമേ ഉണ്ടായി
രുന്നുള്ളു..
സുധയുടെ വീട്ടിൽവിവരമറിയിച്ചിട്ടും അവിടെ
നിന്നാരും വരികയില്ലെന്ന് തീർത്തു പറഞ്ഞു. 'അവരുടെ സുധ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞത്രേ.'
ചിതയെരിഞ്ഞു തുടങ്ങിയപ്പോൾതന്നെ
കാണികൾ പിരിഞ്ഞു.ബാക്കിയായ രണ്ടു
ജീവനുകൾ താനും ,ഋഷിമോനുംമാത്രമായി
രുന്നു.
അവളില്ല എന്ന സത്യം വിശ്വസിക്കാനാവാതെ ദിവസങ്ങൾ കടന്നു പോയി.വിശന്നുകരയുന്ന
ആറ് മാസം മാത്രം പ്രായമുള്ളരാഹുലിനെ എന്തുചെയ്യണമെന്ന് പോലും അറിയാതെ പകച്ചു നിന്നദിനങ്ങൾ.
അയൽവീടുകളിൽ മുലകൊടുക്കുന്ന അമ്മമാരുടെ മുന്നിൽ,അല്പം മുലപ്പാലിന്
വേണ്ടി യാചിച്ചു.
വീണ്ടും ചെന്നപ്പോൾ ചിരിച്ചമുഖങ്ങളിൽപതിയെ
നീരസത്തിൻ കറുപ്പ് പടരുന്നത് കണ്ടു മുഖം കുനിച്ചു.
"ഇവിടെയും കുട്ടികൾ ഉണ്ട്." അവർതുറന്നു
പറഞ്ഞു.
പക്ഷെ ഒരു മുഖത്ത്മാത്രം ചിരിയിൽഒളിപ്പിച്ച
നോവിന്റെ ശോണിമ കണ്ടു ഭദ്ര .
പ്രസവത്തിലെ അവളുടെ കുട്ടി മരിച്ചു.. ആർക്കും വേണ്ടാതെ കെട്ടികിടക്കുന്ന മുലപ്പാൽ ബോട്ടിലിലാക്കി തനിക്കു നൽകുമ്പോൾ അവളുടെ,മാറിലെ നനവ് വിഫലമായ പേറ്റുനോവിന്റെ അശേഷിപ്പുകൾ കാലത്തിന്റെ നെറുകിലെഒരിക്കലുമുണങ്ങാത്ത ശാപക്കറയാണെന്ന് ഉറക്കെ വിളിച്ചു
പറഞ്ഞുകൊണ്ടിരുന്നു.
ഭദ്രയുടെ വീടിന്റെ പടികൾ കയറുന്നത് പതിവായപ്പോൾ ഒരിക്കൽ അവളുടെ ഭർത്താവ് തന്റെ വഴിതടഞ്ഞു. അയാൾക്ക്‌
കള്ളുകുടിക്കാൻ പണത്തിനായി തന്റെ
നേരെ കൈ നീട്ടി... മുലപ്പാലിന്റെ വില .
ആ കൈകളിലേക്ക്പണം നൽകുമ്പോൾ
തന്റെ നോട്ടം ഭദ്രയുടെ ഒട്ടിക്കിടന്നിരുന്ന വയറിലേയ്ക്കായിരുന്നു.പിന്നീട് ആ പടികൾ കയറുമ്പോൾ അയാൾക്കുള്ളതും,ഭദ്രയുടെ വിശപ്പ്‌ മറ്റാനുള്ളതും കയ്യിൽകരുതിയായി
രുന്നു.
വർഷങ്ങൾ കഴിഞ്ഞു .മദ്യപിച്ചു നില തെറ്റി ഓടയിൽവീണു ഭദ്രയുടെ ഭർത്താവ് മരിച്ചു. അവളിലെ മുലപ്പാൽ വറ്റിയിട്ടും ഭദ്രയ്ക്ക് ചിലവിനുള്ളത് കൃത്യമായി അവളെ ഏൽപ്പിക്കുന്നത് ഇന്നു വരെ മുടക്കിയിട്ടില്ല .
വീട്ടിനകത്ത് കയറാതെ പടിക്കൽ നിന്നു ഏൽപ്പിച്ച് മടങ്ങുകയാണ് പതിവ് .
"ചിലവിനു കൊടുക്കാൻ ഇവൻ ആരാണ്
അവളുടെ ഭർത്താവോ, അതോ ....?"
നാട്ടുകാരുടെ പരിഹാസങ്ങൾ,കേൾക്കാത്ത ഭാവം നടിച്ചു.കഴിഞ്ഞ ഇടവപ്പാതിയിൽ ഒറ്റയ്ക്ക് കഴിയുന്ന ഭദ്രയെ ഇരുട്ടിന്റെ മറവിൽ ആരോ കയറി പിടിച്ചു. സംഭവം നാടറിഞ്ഞു.
സ്കൂളിലെ മലയാളം അദ്ധ്യാപകനായ വിനയൻ മാഷാണ് ഭദ്രയെ വിവാഹംകഴിക്കുവാൻ തന്നോട് ആവിശ്യപ്പെട്ടത് .നിരാലംബയായ പെൺകുട്ടിക്ക് ഒരു ജീവിതവുമാവും ,തനിക്കൊരു തുണയുമാവുമെന്നെല്ലാം മാഷ് വിസ്തരിച്ചു
പറഞ്ഞു .
ഭദ്രയ്ക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.
തന്റെ മക്കൾ സമ്മതിക്കുമോ എന്നായിരുന്നു അവളുടെ ഭയം .
തന്റെ തീരുമാനങ്ങൾ അവളെ അറിയിച്ച
ശേഷം ആദ്യമായ്അവളുടെമുഖത്ത്നോക്കി
ചിരിച്ചു .അവളുടെ മുഖത്ത്നാണത്തിന്റെ
നാരുകൾ മങ്ങലോടെതെളിഞ്ഞത് കണ്ടു .
---- ---------
ആരുമറിയാതെ അകലെയുള്ള ക്ഷേത്രത്തിൽ വച്ച് താലികെട്ട് .ശേഷം, ഭദ്രയുമായ് നേരെ വീട്ടിലെത്തുക .ഇതായിരുന്നു തീരുമാനം .മക്കൾ എതിർക്കുമെന്നകാര്യത്തിൽസംശയമില്ലവരുന്നത് എന്തായാലുംനേരിടാൻ തന്നെതീരുമാനിച്ചു.
കർമ്മിയുടെ കയ്യിൽ നിന്നും പൂജിച്ച താലിമാല വാങ്ങിഭദ്രയുടെകഴുത്തിലണിയിക്കാൻ
തുടങ്ങുമ്പോൾപെട്ടെന്നവിടെയക്ക് കയറി വന്ന ഋഷിയെയും ,രാഹുലിനെയും കണ്ടു ഞെട്ടി .
അവരുടെ തീക്ഷ്ണമായ നോട്ടത്തിന്
മുന്നിൽ അറിയാതെ തല കുനിഞ്ഞു പോയ്.
ഭദ്ര ഭയന്ന് തന്റെ പിന്നിലൊളിച്ചു.
''എന്താ അച്ഛാ ഇത് ?"
ഋഷിയുടെ ചോദ്യം അല്പം ഉറക്കെ ആയിരുന്നു .
"ഞങ്ങൾ അച്ഛന്റെ മക്കളല്ലെ ? ഒരു വാക്ക്
പറയാമായിരുന്നില്ലെ ?"
രാഹുലിന്റെ ചോദ്യം തന്നെ തളർത്തി .
"ആരുമറിയാതെ ഇവിടെ വന്ന് കല്യാണം
നടത്താൻ അച്ഛന് എങ്ങിനെ തോന്നി ?
അച്ഛൻ വാ .. വന്ന് വണ്ടിയിൽ കയറൂ.. നമുക്ക് പോകാം " ഋഷി തന്റെ കൈ പിടിച്ചു.
"അത് മോനെ .. ഭദ്ര" തന്റെ വാക്കുകളെമുറിച്ചു തന്നെയും കൊണ്ട് ഋഷി നടന്നു .
അറിയാതെ അവന്റെ പിന്നാലെ നടക്കുമ്പോൾ വിങ്ങിപ്പൊട്ടുന്ന ഭദ്രയെ മിന്നായം
പോലെ കണ്ടു മനസ്സു തകർന്നു .
പെട്ടെന്ന് ഋഷി ഒന്നു നിന്നു .ശേഷം തിരിഞ്ഞ്
ഭദ്രയോട് .
"അമ്മയോട് പ്രത്യേകം പറയണോ ?വേഗം വാ അമ്മേ ..''
ആ വാക്കുകൾ കേട്ട് വിശ്വാസം വരാതെ
പകച്ചു നിന്നു പോയ് .ഭദ്ര സന്തോഷത്താൽ
കരച്ചിലിന് ശക്തി കൂട്ടി .
"ഞങ്ങളുടെ അച്ഛന്റെ വിവാഹം ഇങ്ങിനെ ആരുമറിയാതെ നടക്കേണ്ടതല്ല .! ഞങ്ങൾ
നടത്തും .. ഗംഭീരമായ് ."ഋഷിയുടെചിരിയിൽ അവന്റെ അമ്മ സുധയുടെ സന്തോഷംകണ്ടു .
''ആരെയെങ്കിലും അമ്മെന്ന് വിളിക്കുകയാണെ
ങ്കിൽ അത് ഈ അമ്മയ്ക്കല്ലാതെമറ്റാർക്കാണ് അവകാശമുള്ളത് ?അമ്മയുടെ മുലപ്പാലല്ലെ അമ്മേ ഈ ഞാൻ ?"
രാഹുൽ ഭദ്രയുടെ കൈ പിടിക്കുമ്പോൾഅവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .
"അച്ഛനോട് ഈ കാര്യം അങ്ങോട്ട് പറയാനിരിക്കു
കയായിരുന്നു ഞങ്ങൾ .പക്ഷെ അതിന് മുന്നെ
അച്ഛൻ പണിപറ്റിച്ചു കളഞ്ഞു " ഋഷി ഗൗരത്തിൽ പറഞ്ഞു .
"എന്തായാലും, ഇനി അച്ഛന്റെ പരിപ്പ് കറി
കൂട്ടേണ്ടല്ലോ .. '' രാഹുൽ ഒന്നു നിർത്തിയശേഷം തുടർന്നു .
"അച്ഛന്റെ വിവാഹം മക്കളായ ഞങ്ങൾ നടത്തി തരുമ്പോൾ ..മക്കളായ ഞങ്ങളുടെ വിവാഹവും
സമയത്തിന് മുന്നെ തന്നെ നടത്തി പകരം വീട്ടണമച്ഛാ .. "
അത് കേട്ടെല്ലാവരും ചിരിച്ചു .
"ആദ്യംമൊട്ടെന്ന് വിരിയട്ടെ എന്നിട്ട്
ആലോചിക്കാം "
ഭദ്രയുടെ നാവു ചലിച്ചപ്പോൾ പൊട്ടിച്ചിരിഉയർന്നു.
ശുഭം .
By
Nizar vh.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo