നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

==ഓണവും അമ്മയും കൂട്ടിനു ഒരു ബംഗാളിയും - ഒരു കൊച്ചു കഥ ==


Image may contain: 1 person, closeup
..
"ഡേയ് എല്ലാം കൂടി അറുപത്തിമൂന്ന് മാവേലിവേണം ""
"അറുപത്തിമൂന്നു മാവേലിയോ "
ജോസിന്റെ ഫോൺ വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി..
"ഇത് എന്തുവാടെയ് ഇത്.. എവിടുന്നുണ്ടാക്കും ഇത്രയും മാവേലിയെ "
"ഡേയ് എവിടുന്നുന്നെങ്കിലും ഉണ്ടാക്കിയെ പറ്റു.. നല്ല ഒരു തുകക്കാ ഞാൻ മൊത്തം കോൺട്രാക്ട് എടുത്തിരിക്കുന്നെ.. ഇന്നുമുതൽ ഔദ്യോഗിക ഓണാഘോഷം കഴിയും വരെ.. റിസോർട്, സ്റ്റാർ ഹോട്ടൽ, ജെവെലേറി, ടെക്സ്റ്റയിൽ ഷോപ്, പിന്നെ കോളേജ് ഗ്രൗണ്ടിൽ, വൈകിട്ട് ഓണാഘോഷ... പരിപാടികൾ... അങ്ങിനെ പലതും.... "
ജോസ് വല്ലാത്ത ഒരു എക്സൈറ്റമെന്റിൽ ആണെന്ന് മനസ്സിലായി...
"പക്ഷെ അറുപത്തിമൂന്ന് എന്നൊക്കെ പറഞ്ഞാൽ... പിന്നെ ഇത്രയും മാവേലിമാർക്കുള്ള കോസ്റ്റുംസ്... ഇനി ആകെ കുറച്ചു ദിവസമേയുള്ളു... "
"നമ്മുടെ സ്റ്റോർ റൂമിൽ കഴിഞ്ഞ വർഷത്തെ മാവേലിമാരുടെ ഐറ്റംസ് മിക്കവാറും കാണും.. ബാക്കി വേണ്ടത് നോക്കിയാമതി "ജോസ് ഒന്നുനിർത്തി വീണ്ടും തുടർന്നു...
'നാളെ ഞാൻ അങ്ങോട്ട് വരാം... നമുക്ക് ബംഗാളി കോളനിയിൽ ഒന്ന് പോകാം '
"ബംഗാളി മാവേലിയോ "തനിക്ക് അതിശയമായി....
"അല്ലാതെ പിന്നെ.. ഇത്രയും മലയാളികളെ എവിടുന്നു കിട്ടാനാ... കാശു കൊടുക്കാം എന്ന് പറഞ്ഞാ ഇവന്മാർ എന്ത് ജോലിയും ചെയ്യും.. പ്ലെയിൻ വരെ കഴുകി തുടച്ചു വൃത്തിയാക്കാൻ മടിയില്ലാത്ത പാർട്ടികളാണ്... "
"എന്നാലും ജോസെ. ഭാഷ വശമില്ലാത്ത ഇവന്മാർ എങ്ങിനെയാ.... "
"ഡാ കോപ്പേ.. അതിനു ഡയലോഗ് ഒന്നുമില്ല. ചുമ്മാ ആൾക്കാരെ അനുഗ്രഹിക്കുന്നതായിട്ടു "കൈപ്പത്തി "ചിഹ്നവുമായി അങ്ങ് നിന്നാ മതി.... "
"അപ്പൊ വാമനൻ... "
"ഹോ വാമനന് ഒന്നും റേറ്റിംഗ് ഇല്ലടെയ്.. ആർക്കും വേണ്ട...എന്തായാലും നാളെ പത്തുമണിയോടെ നമുക്കു സകല ബംഗാളി കോളനിയും തപ്പാം... പിന്നെ അറുപത്തിമൂന്ന് എന്ന് പറയുമ്പോ എഴുപതെങ്കിലും നമ്മൾ കരുതണം... "
"അയ്യോ. അതെന്തിന് "
"ഡാ ഏതെങ്കിലും മാവേലിമാർക്കു പനിയോ ജലദോഷമോ തുറലോ പിടിച്ചാൽ നീയോ ഞാനോപോയി നിൽക്കേണ്ടി വരും മാവേലിയായി....
"ദൈവമേ ഇതൊരു കുരിശാകുമോ... "
"കുരിശാകാതിരിക്കണമെങ്കിൽ നാളെ മുതൽ ഇറങ്ങണം.. ഞാൻ ഒമ്പതുമണിയോടെ അങ്ങ് വരാം... സകല ബംഗാളി കോളനിയും അരിച്ചു പെറുക്കണം..
"പൊതുവെ ഇപ്പൊ പണി കമ്മിയാ... ഇവന്മാര് വിളിച്ചാൽ വരും.. എന്തെങ്കിലും പണികിട്ടാൻ കാത്തിരിക്കയാണ്.... "
പിറ്റേ ദിവസം കാലത്തു തന്നെ ഓരോ അരിമണിയും അരിച്ചു പെറുക്കാനായി ഞങ്ങൾ ബംഗാളി കോളനികൾ സന്ദർശിക്കാൻ തുടങ്ങി....
പ്രതീക്ഷകൾ അസ്ഥാനത്താകുന്നില്ല... മണിക്കൂറുകൾക്കു അനുസരിച്ചാണ് കൂലി.. ചെയ്യുന്ന ജോലിയുടെ സമയം കണക്കിലെടുത്തൽ നാനൂറു രൂപ മുതൽ ആയിരം രൂപവരെ പോക്കറ്റിൽ വീഴും...
പലരും സമ്മതിച്ചു...
"തത്കാലത്തേക്ക് ഇത്രേം മതി.. ഓണമടുപ്പി ചാകുമ്പോഴേക്കും തിരക്ക് കൂടും.. തികയാതെ വരും... പിന്നെ ചിലപ്പോ ഷിഫ്റ്റ് ബേസിൽ പണിയെടുപ്പിക്കേണ്ടിവരും.. "ജോസ് ഒന്നുനിർത്തി..
"ബായി സാബ് "തലയുയർത്തിനോക്കി... നല്ല പൊക്കവും വണ്ണവുമുള്ള ഒരു ചെറുപ്പക്കാരൻ ബംഗാളി...
"ഇവൻ കസറും.. ശരിക്കും ഒരു മഹാബലി ചക്രവർത്തി ലുക്ക് ഉണ്ട് "താൻ മനസ്സിൽ പറഞ്ഞു...
"ഞാൻ എത്ര നേരം വേണമെങ്കിലും നിൽക്കാം സാബ്. രാത്രിയും പകലുമെല്ലാം.... "അറിയാവുന്ന മലയാളത്തിൽ അവൻ പറഞ്ഞു കൊണ്ടിരുന്നു..
"അങ്ങിനെ പണിചെയ്താൽ നീ തല കറങ്ങി വീണുപോകും "ജോസ് അവനോടായി പറഞ്ഞു...
"ഇല്ല സാബ്.. അതൊക്കെ ഞാൻ നോക്കിക്കോളാം "
"ശരി ശരി.. നീ നിന്റെ പേരും ഫോൺനമ്പറും എല്ലാം കൊടുക്ക്.. ഞാൻ വിളിക്കാം "
"ഞാൻ പറഞ്ഞില്ലേ.. പണത്തിനു വേണ്ടി ഇവന്മാർ എങ്ങിനെയും പണിയെടുക്കും.. ഒരു കുപ്പിവെള്ളവും കുടിച്ചു ഒരുകഷ്ണം റൊട്ടിയും തിന്ന് രാവുംപകലും അങ്ങു അധ്വാനിച്ചോളും... ഒരു മടിയുമില്ല "
"പാവം എന്തെങ്കിലും പണത്തിനു അത്യാവശ്യം കാണും.. അതാ ഇങ്ങനെ " എന്തോ അവനോട് ഒരു സഹതാപം തോന്നി.......
-------------------------------------------------------
ഇന്ന് തിരുവോണം... ടീവിയിൽ മുഴുവൻ സൂപ്പർ ബ്ലോക്ക് ബസ്റ്റർ പടങ്ങളാണ്.. ടിവിക്കു മുമ്പിൽ സമയം കളയുന്ന മിക്കവാറും മലയാളികളുടെ ഓണാഘോഷങ്ങൾ ആ സിനിമകൾ കണ്ടുതീരുന്നതോടെ കഴിയും...
പെട്ടെന്നാണ് കാളിംഗ്ബെൽ അടിച്ചത്.. ഇതാരാ ഓണത്തിന്റെയന്നു ഉച്ചനേരത്ത്.. വാതിൽ തുറന്നുനോക്കി..
"ങേ.". ഒരു നിമിഷം ഞെട്ടിപ്പോയി... സാക്ഷാൽ മഹാബലി കൈകൂപ്പിക്കൊണ്ട് പുഞ്ചിരിയോടെ നില്കുന്നു
"ആരാ മോനെ.. "അമ്മ അടുക്കളയിൽനിന്ന്
"മാ.. മ.. മ.. മാവേലി "
പെട്ടെന്ന് ശബ്ദം പുറത്തേക്കു വരാത്ത പോലെ... അടുക്കളയിൽ നിന്ന് വന്ന അമ്മയും ആ കാഴ്ച കണ്ടു ഒന്ന് പതറി..
"സാബ് മെ ഹും സാബ് "
സൂക്ഷിച്ചുനോക്കി... ഇത് അവനല്ലേ.. ആ ചെറുപ്പക്കാരൻ... നല്ല തടിയും പൊക്കവുമുള്ള ആ ബംഗാളി.. രാത്രിയും പകലുമെല്ലാം മടിയില്ലാതെ പണിയെടുത്തുകൊള്ളാം എന്ന് പറഞ്ഞവൻ...
"സാബ് ഒരു പാട് നന്ദിയുണ്ട് സാബ്...
എനിക്കൊന്നും മനസ്സിലായില്ല
"ഈ മഹാബലി എന്റെ അമ്മയെ രക്ഷിച്ചു.. സാബ് എനിക്ക് കൂടുതൽ പണിചെയ്യാൻ അനുവാദം തന്നപ്പോൾ കിട്ടിയപണവും പിന്നെ കുറച്ചു കടവും മേടിച്ചു നാട്ടിലേക്കയച്ചു..മാജിയുടെ ഒപ്പേറഷൻ ആയിരുന്നു.. സാബ്... 'അമ്മ രക്ഷപെട്ടു. സുഖായി ഇരിക്കുന്നു... ബഹുത് ബഹുത് ശുക്രിയ സാബ്.. "അവൻ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു
അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..
"ന്താ മോന്റെ പേര് "
'അമ്മ അവനോടായി ചോദിച്ചു..
"നസ്‌റുൽ ഇസ്ലാം
"ഇത് സാബിന്റെ അമ്മക്ക് എന്റെ വക "
'അമ്മ സന്തോഷത്തോടെ ആ ഓണക്കോടി കൈനീട്ടി മേടിച്ചു..
"സാബ് ഞാൻ പോട്ടെ.. ബഹുത് ശുക്രിയ സാബ്.. ഞാൻ ഒരു മണിക്കൂർ പെർമിഷൻ മേടിച്ചാണ് വന്നേക്കുന്നതു... പോട്ടെ '
"അയ്യോ അങ്ങിനെ പോകാൻ പറ്റില്ല... ഇന്ന് ഓണമാണ്.. മോൻ ഞങ്ങളുടെ കൂടെയിരുന്നു ഓണസദ്യ കഴിച്ചിട്ട് പോയാ മതി..."
അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവൻ ഞങ്ങളോടോപ്പമിരുന്നു സദ്യയുണ്ടു..
പോകാൻ നേരം 'അമ്മ അവനോട് വാത്സല്യത്തോടെ ചോദിച്ചു...
നസ്‌റുൽ മോന്റെ അമ്മയെ ഞങ്ങൾ കണ്ടില്ലല്ലോ.. ഒന്ന് കാണിക്കു "
അത് കേട്ടതും അവൻ സന്തോഷം കൊണ്ട് മതി മറന്നു... മൊബൈൽ എടുത്തു അവന്റെ അമ്മയെ കാണിച്ചു തന്നു...
"യെ ഹേ മേരാ മാ... അബ് ടിക്ക് ഹേ.. ഇപ്പൊ സുഖായിരിക്കുന്നു "
അവൻ യാത്ര പറഞ്ഞിറങ്ങി... അവൻ പോയ വഴിയെ ഞാനും അമ്മയും കുറച്ചുനേരം നോക്കി കൊണ്ടു നിന്നു....
"എത്ര ഭാഗ്യവതിയാ അവന്റെ അമ്മ.. ഇങ്ങനെ സ്നേഹിക്കുന്ന ഒരു മകനെ ദൈവം കൊടുത്തില്ലേ "
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..
"സ്നേഹിച്ചു വലുതാക്കിയ മക്കളുടെ സ്നേഹം കിട്ടാതെ പോകുമ്പോളെ അതിന്റെ വേദനയറിയൂ... ആയിരം സൂചികൊണ്ട് നെഞ്ചിൽ കുത്തുന്ന വേദനയെക്കാളും വലുതാണത്.. "
അമ്മക്ക് സഹിയ്ക്കാനായില്ല..
കൊച്ചുകുട്ടികളെപോലെ വിതുമ്പി കരഞ്ഞു...പെട്ടെന്ന് ആ കരച്ചിലിന് ശക്തി കൂടി അമ്മയെ ഞാൻ ചേർത്തുപിടിച്ചു.. എന്റെ മാറിൽ തല വെച്ച് 'അമ്മ അപ്പോഴും വിതുമ്പുകയായിരുന്നു... എന്റെ ഈ പ്രിയപ്പെട്ട റ്റീച്ചറമ്മ...
ഒന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ 'അമ്മ നഷ്ടപെട്ട തനിക്കു ഒന്നാം ക്‌ളാസിലെ ബാലപാഠങ്ങൾ പറഞ്ഞുതന്ന ഈ ടി ച്ചറമ്മയായിരുന്നു പിന്നീട് തന്റെ അമ്മ. ആവോളം സ്നേഹം തന്നു... വാത്സല്യം തന്നു..
എന്നാ പിന്നീട് വളർത്തി വലുതാക്കിയ മക്കൾ രോഗിയായ അവരെ ഒരമ്പലത്തിനു മുന്നിൽ നടതള്ളി എന്നറിഞ്ഞപ്പോൾ കൂടുതലൊന്നും ആലോചിച്ചില്ല.. കൂട്ടികൊണ്ടു പോന്നു.. എന്റെ ടീച്ചറമ്മയായി.. അല്ല എന്റെ സ്വന്തം അമ്മയായി...
അമ്മയെ ഞാൻ സ്നേഹത്തോടെ കെട്ടിപിടിച്ചു.. മനസ്സിൽ പറഞ്ഞു
"അമ്മക്ക് ഈ മോനില്ലേ അമ്മെ.... "
സ്നേഹം നിഷേധിക്കപെടുമ്പോൾ ഉണ്ടാകുന്ന വേദന അപ്രതീക്ഷിതമായി അത് തിരിച്ചു കിട്ടുമ്പോൾ ഇരട്ടിക്കും എന്നറിഞ്ഞു തുട ങ്ങുകയായിരുന്നു ഞാനപ്പോൾ
എന്റെ കണ്ണുകളും നനഞ്ഞിരിക്കുന്നു... ഞാൻ മനസ്സിലാക്കി.
Author:- Suresh Menon @ Nallezhuth

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot