ഓഫീസിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റൂമിൽ എത്തിയിട്ടാണ് രാജീവ് മൊബൈൽ ഓൺ ചെയ്തത്. വീട്ടിലെ ലാൻഡ് ലൈനിൽ നിന്നും അഞ്ചു മിസ് കോളുകൾ.
ഗൾഫിലെ പ്രവാസിക്ക് നാട്ടിൽ നിന്നുള്ള ഫോണുകൾ എപ്പോഴും ഉത്കണ്ഠയുടേതായിരിക്കും, കാരണം എന്തെങ്കിലും അത്യാവശ്യമില്ലാതെ അവരുടെ വിശേഷങ്ങൾ അറിയാൻ ആരും അവരെ വിളിക്കുന്ന പതിവില്ലല്ലോ. പെട്ടെന്ന് തന്നെ വീട്ടിലേക്കു വിളിച്ചു. അമ്മയുടെ വേവലാതിയോടെയുള്ള സംസാരം…
'എടാ നമ്മുടെ രാജേഷ് ഒരു കുറുമ്പ് കാണിച്ചു, അവൻ ആ ജോൺ സാറിൻറെ മോളെയും കൂട്ടി വീട്ടിൽ വന്നു, അവനും കൂട്ടുകാരും ചേർന്നു രജിസ്റ്റർ കല്യാണം നടത്തി പോലും, നിന്നോട് പറയാൻ അവനു പേടി, അതാണ് ഞാൻ...ആ പിന്നെ നല്ല കുട്ടിയാടാ, അവനു നന്നായി ചേരും...പിന്നെ നീ ഒന്നു ജോൺ സാറിനെ വിളിക്കണം, നിന്നോട് അദ്ദേഹത്തിന് വലിയ കാര്യം ആണല്ലോ, പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുതെന്നു പറയണം, അവൻ ഒരുപാട് ഇഷ്ടപ്പെട്ടു പോയെടാ'.
പെട്ടന്നുള്ള അങ്കലാപ്പിൽ ശരി അമ്മേ, ഞാൻ വിളിക്കാം എന്നു പറഞ്ഞു ഫോൺ വെച്ചു. അപ്പോഴേക്കും വാട്സാപ്പിൽ ഏട്ടനെ 'പേടി'യുള്ള അനിയൻറെയും, നവ വധുവിൻറെയും ഫോട്ടോകൾ വന്നിരുന്നു.
താൻ ഡിഗ്രി അവസാന വർഷം പഠിക്കുമ്പോൾ ആയിരുന്നു അച്ഛൻറെ പെട്ടെന്നുള്ള മരണം. അമ്മയും, അനിയനും, അനിയത്തിയും അടങ്ങുന്ന കുടുംബത്തിൻറെ ഉത്തരവാദിത്തം മുഴുവൻ തൻറെ ചുമലിൽ ആയി. പണി തീരാത്ത വീടും, വീട്ടു ചിലവുകളും, വിദ്യാഭ്യാസ ചിലവുകളും എല്ലാം പഠനം മതിയാക്കി കൂലിപ്പണിക്ക് പോകാൻ നിർബന്ധിതനാക്കി.
ആ സമയത്തു തൻറെ പഠനവും മുന്നോട്ടു കൊണ്ട് പോകാൻ ഉപദേശിച്ചതും, എല്ലാ സഹായങ്ങളും ചെയ്തു തന്നതും, പിന്നീട് ഒരു സുഹൃത്ത് വഴി തനിക്ക് ഗൾഫിൽ ജോലി ശരിയാക്കി തന്നതും എല്ലാം ജോൺ മാഷായിരുന്നു.
താൻ ഇവിടെ വന്ന ശേഷമാണു വീടിൻറെ പണി പൂർത്തിയാക്കാൻ കഴിഞ്ഞതും, രാജേഷിനും, രജിതക്കും നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഴിഞ്ഞതും, രജിതയെ വിവാഹം ചെയ്തയച്ചതും എല്ലാം. കടങ്ങൾ വീട്ടിയും, ബാധ്യതകൾ നിറവേറ്റിയും ഒക്കെ ആയി നീണ്ട പതിനാല് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു തൻറെ പ്രവാസ ജീവിതത്തിന്!
അനിയത്തിയുടെ വിവാഹത്തിന് ശേഷം തൻറെ കല്യാണത്തിൻറെ കാര്യം ആലോചിക്കുന്ന സമയത്തു അടുത്ത വീട്ടിലെ നിഷയോടുള്ള തൻറെ പണ്ട് തൊട്ടേ ഉള്ള ഇഷ്ടം അമ്മയോട് തുറന്നു പറഞ്ഞിരുന്നു. എന്നാൽ അവർ വേറെ ജാതിയിൽ പെട്ടവരാണെന്നും, പെങ്ങളുടെ ഭർതൃ വീട്ടുകാർക്ക് വരെ നാണക്കേടാകുമെന്നും, നീ ഇപ്പോൾ ഒരു ഗൾഫ് കാരനാണ് അതിൻറെ നിലക്കുള്ള ബന്ധം വേണം എന്നൊക്കെ പറഞ്ഞു 'അമ്മ നിരുത്സാഹപ്പെടുത്തി.
അമ്മയോടും, കുടുംബത്തോടുമുള്ള കടമ നിറവേറ്റാൻ സ്നേഹിച്ച പെണ്ണിനെയും വേണ്ടെന്ന് വെക്കേണ്ടി വന്നു...പിന്നീട് വിവാഹ കാര്യത്തിൽ ഉള്ള തൻറെ അലസതയും, ലീവും, ജാതക പ്രശ്നങ്ങളും ഒക്കെയായി അതങ്ങനെ നീണ്ടു പോയി. വീട്ടിലേക്ക് വിളിക്കുന്നതിനിടയിലെ വിശേഷങ്ങളിൽ നിന്നും നിഷയുടെ കല്യാണം കഴിഞ്ഞ കാര്യം അമ്മയിൽ നിന്നും കേട്ടപ്പോൾ ഉണ്ടായ വിങ്ങൽ ഇപ്പോഴും നെഞ്ചിനകത്തുണ്ട്...
വാട്സാപ്പിൽ മെസ്സേജ് വന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ രാജേഷ് ആണ്..
'ഏട്ടാ 'അമ്മ ചോദിക്കുന്നു ജോൺ സാറിനെ വിളിച്ചോ എന്ന്, ഇല്ലെങ്കിൽ വേഗം പ്ലീസ്.' തങ്ങളുടെ ജീവിതത്തിൽ ഏറ്റവുമധികം കടപ്പാടുള്ള വ്യക്തിയോട് കാണിച്ച നന്ദികേടിന് മാപ്പപേക്ഷിക്കാൻ...ഏക മകളുടെ ഇറങ്ങി പോക്കിൽ തകർന്നിരിക്കുന്ന മനുഷ്യനോട് താൻ എന്ത് പറയും? എങ്ങനെ പറയും?
ഫോൺ എടുത്ത് ജോൺ മാഷിനെ വിളിക്കുമ്പോൾ മനസ് ശൂന്യമായിരുന്നു...
'ഹലോ, മാഷെ, ഞാൻ...'
'ഓഹ് രാജീവേ, നീ കൂടി അറിഞ്ഞിട്ടാണോ ഇതെല്ലാം, നിനക്കെങ്കിലും എന്നോട് ഇത് നേരത്തെ പറയാമായിരുന്നു...'
കരച്ചിലോടെ ഉള്ള മാഷിൻറെ സംസാരം കേട്ടതോടെ വാക്കുകൾ കിട്ടാതെ രാജീവ് പതറിപ്പോയി…
രാജേഷിന് സർക്കാർ സർവീസിൽ ജോലി കിട്ടിയപ്പോൾ, രജിതയുടെ വിവാഹ ശേഷമുള്ള ബാധ്യതകളിൽ തനിക്ക് വലിയ ആശ്വാസമാകുമെന്നു കരുതിയെങ്കിലും, അവൻ അവൻറെതായ കാര്യങ്ങൾക്കു മാത്രമാണ് പണം നീക്കി വെച്ചത്. താൻ പലിശയടക്കാൻ ബുദ്ധിമുട്ടിയ സമയത്തു അവൻറെ ഏറെ നാളത്തെ ആഗ്രഹം എന്ന പേരിൽ അവൻ ഒരു ബുള്ളറ്റ് വാങ്ങിയതിനെ,
'അവൻ ആരുടെ മുന്നിലും കൈ നീട്ടാതെ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വണ്ടി'എന്ന് അമ്മ പോലും വാഴ്ത്തിയിരുന്നു. പിന്നീട് അമ്മയുടെ ആഗ്രഹം നടത്താൻ എന്ന പേരിൽ ഒരു കാർ കൂടി വാങ്ങിയതോടെ അവൻ അതിൻറെ ലോൺ ബാധ്യത അടച്ചു തീർക്കുന്ന 'പ്രാരാബ്ധക്കാരനും', താൻ ഗൾഫിലെ സുഖ സൗകര്യങ്ങളിൽ കഴിയുന്നവനും ആയി.
'നമുക്ക് ഒരു വീട് കൂടി വേണ്ടേ മോനേ' എന്ന അമ്മയുടെ ചോദ്യത്തിൽ നിന്നും വീട് ആർക്കാണ് എന്ന ഏകദേശ രൂപവും കിട്ടിക്കഴിഞ്ഞതാണ്.
ഓരോ തവണയും നാട്ടിലേക്ക് പോകുമ്പോഴും ഇനിയൊരു തിരിച്ചു വരവ് ഇല്ല എന്ന തീരുമാനം എടുക്കുമെങ്കിലും, കട ബാധ്യതകൾ തന്നെ വീണ്ടും വീണ്ടും ഇവിടെയെത്തിച്ചു. വിശ്രമമില്ലാത്ത ഓട്ടത്തിനിടയിൽ ആരോഗ്യം പോലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ജോലി ചെയ്യുന്ന കമ്പനിയിൽ ഒരിക്കൽ നടത്തിയ ഫ്രീ ഹെൽത്ത് ചെക്കപ്പിൽ ഹൃദയത്തിന് ചെറിയ പ്രശ്നമുണ്ടെന്നും, ചികിത്സ നേടണമെന്നും ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും അതു മറ്റൊരു ചിലവാകും എന്നതിനാൽ അവഗണിച്ചു മുന്നോട്ടു പോവുകയാണ്...
കടങ്ങൾ ഒക്കെ ഏറെക്കുറെ വീട്ടിക്കഴിഞ്ഞിരിക്കുന്നു. ഇനി വേണം തനിക്ക് മാത്രമായി എന്തെങ്കിലും കരുതി വെക്കാൻ, ഒരു കൊച്ചു വീട് പണിയണം, അതിനു ശേഷം എന്തെങ്കിലും പണികൾ ചെയത് നാട്ടിൽ തന്നെ ജീവിക്കണം. പിന്നെ അകാലത്തിൽ ഭർത്താവ് മരിച്ച നിഷയെയും, കുട്ടിയേയും ജീവിതത്തിലേക്ക് ക്ഷണിക്കണം...താൻ വിളിച്ചാൽ അവൾ വരും.
അയാൾ കണ്ണാടിയിൽ നോക്കി. തനിക്ക് ഒരുപാട് വയസായതു പോലെ... മുപ്പത്തിയാറു വയസ് കഴിഞ്ഞിരിക്കുന്നു...ജീവിക്കാൻ മറന്നു പോയ പതിനാല് വർഷങ്ങൾ ശരീരത്തിൽ ഏൽപിച്ച മാറ്റങ്ങളിൽ അയാൾ തൻറെ ചെറുപ്പകാലം തിരഞ്ഞു.
രാവിലെ ജോലിക്കു പോകേണ്ടതാണ്. പതിവ് പോലെ ഭക്ഷണവും കഴിച്ചു, മൊബൈലിൽ അലാറവും വെച്ച് അയാൾ ഉറങ്ങാൻ കിടന്നു. എന്തോ മനസിന് വല്ലാത്ത ശാന്തത പോലെ. തൻറെ വിദ്യാലയവും, കൂട്ടുകാരും, പ്രിയപ്പെട്ടവർ എല്ലാവരും തന്നെ മാടി വിളിക്കുന്നതും താനൊരു കൊച്ചു കുട്ടിയായി മാറുന്നതുമെല്ലാം സ്വപ്നത്തിൽ മിന്നിമറഞ്ഞു...ചുണ്ടിൽ ചെറിയൊരു ചിരിയുമായി അയാൾ ഗാഢ നിദ്രയിലായി...
രാവിലെ അയാളെ ഉണർത്താനായി അലാറം തുടരെ അടിച്ചെങ്കിലും, ചുണ്ടിലെ ചിരി മാത്രം അവശേഷിപ്പിച്ചു അയാൾ അയാളുടെ ചെറിയ ലോകത്തിലേക്ക് യാത്രയായിരുന്നു...
-അനൂപ് കുമാർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക