----------------
ഇന്ന് മഴക്കോളുണ്ടായിരുന്നെന്ന് ശാന്തേച്ചി പറഞ്ഞിരുന്നു. ഒരുപക്ഷെ മഴ പെയ്യണമെന്നു താൻ ആഗ്രഹിച്ചതിനാലാവും മഴ പെയ്യാഞ്ഞത്.
ഹോ, ഉഷ്‌ണിച്ചിട്ട് ഉറങ്ങാനും വയ്യല്ലോ. ഫാനാണെങ്കിൽ കിരു കിരാ ശബ്ദമുണ്ടാക്കി അതിനാൽ കഴിയാവുന്ന പരമാവധി വേഗത്തിൽ കറങ്ങുന്നുണ്ട്. എന്നിട്ടും താൻ വിയർത്തു കുളിച്ചു കൊണ്ടിരിക്കുന്നു.
ഭവ്യ ഫാനിന്റെ ശബ്‌ദത്തിനു താളം കൊടുക്കുവാൻ ശ്രമിച്ചു. ചില സിനിമ പാട്ടുകൾക്ക് ആ താളം ചേരുന്നുണ്ട്.
"രാരീ രാരീരം രാരോ... "
"രാരീ രാരീരം രാരോ... "
കിരു കിരാ, ഡ്രർർ... കിരു കിരാ..
ഭവ്യയ്ക്ക് ചിരി വന്നു. പിന്നെയും പല പാട്ടുകൾ അവൾ മനസ്സിൽ പാടി നോക്കി.
എപ്പോഴോ അവളുറങ്ങിപ്പോയി. പിന്നീട് പെട്ടെന്ന് ഞെട്ടിയുണർന്ന അവൾ കട്ടിലിലിരുന്ന് കൈവിരൽതുമ്പിലും കാലിന്നടിയിലും നെറ്റിയിലും മറ്റും മാറി മാറി മാന്തുവാനാരംഭിച്ചു.
തുടങ്ങീലോ കൊതുകിന്റെ 'കുടി'. ഭവ്യ കണ്ണടച്ച് ചെവിയോർത്തിരുന്നു.
മൂം.... കൊതുക് തനിക്കു ചുറ്റും പറക്കുന്നുണ്ട്. ചോര കുടിച്ചു മത്തു പിടിച്ചു പാടി നടക്കുവാ.
പെൺകൊതുകാണ് ചോര കുടിക്കാന്ന് കേട്ടിട്ടുണ്ട്. അവൾ മത്തു പിടിച്ചു ബോധമില്ലാതെ വീട്ടിൽ പോയി അവളുടെ കെട്ടിയോനെ തെറിയൊക്കെ വിളിച്ചു ചാവുവോളം തല്ലുമോ ആവോ. കുട്ടികൊതുക് അത് കണ്ട് പേടിച്ചു മനുഷ്യരുടെ ചെവിക്കു പിന്നിൽ ഒളിച്ചു നിൽക്കും.
പക്ഷെ, എന്ത് ചെയ്യാം, അതിന്റെ ഭീതി കലർന്ന, പതിഞ്ഞ ശ്വാസം കേട്ട്, മനുഷ്യൻ ആ കൊതുക് തന്നെ കടിച്ചുവെന്നു കരുതി, പാവത്തിനെ തല്ലികൊല്ലും. പാവം കുട്ടികൊതുക് .
അല്ലെങ്കിലും അച്ഛനമ്മമാർ തെറ്റ് ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുന്നതു പലപ്പോഴും ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കരായ മക്കളാവും. അവരെന്തു പിഴച്ചു.പാവങ്ങൾ.
അമ്മക്കൊതുകിനെ കൊല്ലുക തന്നെ.പാവം ഒരു കുട്ടികൊതുകെങ്കിലും രക്ഷപെട്ടോട്ടെ.ഭവ്യ ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റു ലൈറ്റ് ഓണാക്കി.
അതാ നിൽക്കുന്നു, മേലെ, ചുവരിൽ ചോരകുടിച്ചു വീർത്തു മത്തു പിടിച്ചു പറക്കാൻ പോലുമാവാതെ ഒരുത്തി. ഭവ്യ പതുക്കെ കയ്യെത്തിച്ചു,ആ കൊതുകിനിട്ടു ഒറ്റയടി കൊടുത്തു. ശേഷം കയ്യിലേക്ക് നോക്കി. ചതഞ്ഞ കൊതുക് പോയിട്ട് ചോരപ്പാടു പോലുമില്ലല്ലോ!
അവൾ വേഗം നിലത്തേക്ക് നോക്കി.അവിടെയും വീണിട്ടില്ലല്ലോ.
അതെന്തു മറിമായം. അവളുടെ ശവമെവിടെ?!
അവൾ വേഗം നിലത്തേക്ക് നോക്കി.അവിടെയും വീണിട്ടില്ലല്ലോ.
അതെന്തു മറിമായം. അവളുടെ ശവമെവിടെ?!
ഭവ്യ മുറി മുഴുവനും അരിച്ചു പെറുക്കാൻ തുടങ്ങി. ഇനി തല്ലു കൊണ്ട്, അത് തന്റെ തലയിലെങ്ങാനും വീണു കാണുമോ.അവൾ സ്വന്തം തലമുടിക്കെട്ട് ഊരി. പേൻ നോക്കുന്നത് പോലെ തലയിൽ മുഴുവനും തിരഞ്ഞു നോക്കി.അത് കഴിഞ്ഞ് ഉടുപ്പെല്ലാം ഊരിയിട്ടു തിരഞ്ഞു. ഇനി അതെങ്ങാനും ഉടുപ്പിനുള്ളിൽ ചത്തു വീണിട്ടുണ്ടെങ്കിലോ.
**********************************
"ഡോക്ടർ, ആ മൂന്നാം നമ്പർ സെല്ലിലെ രോഗി, ഈ നേരമായിട്ടും ഉറങ്ങാതെ പിച്ചും പേയും പറയുന്നു. പോരാത്തതിന് ഉടുതുണിയൂരിക്കളഞ്ഞാണ് അവളുടെ നിൽപ്പ്."
"സെഡേഷൻ കൊടുത്തേക്ക്,"അത് പറഞ്ഞു കൊണ്ട് രേവതി ഫോൺ വെച്ചു.അന്ന് രാത്രി രേവതിയ്ക്കായിരുന്നു ഡ്യൂട്ടി.
മൂം...
"നശിച്ച കൊതുക് ഒന്നുറങ്ങാനും സമ്മതിക്കില്ല". പോരാത്തതിന് ഡെങ്കിപ്പനിയുടെ കാലമാണ്.
രേവതി പതുക്കെയെഴുന്നേറ്റു കൊതുകുതിരി കത്തിച്ചു മേശപ്പുറത്തു വച്ചു.
സമയം വൈകിയാണെങ്കിലും അന്ന് രാത്രി ഭവ്യയും രേവതിയും നല്ലപോലെ ഉറങ്ങി.
അതേ സമയം, അപകടം 'മണത്തറിഞ്ഞ' കൊതുക്, ഒരിക്കലും ഉണരാത്ത ഉറക്കത്തിലേയ്ക്ക് യാത്രയായി.
By"
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക