നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അഞ്ചിതൾപ്പൂക്കൾ




എൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സ്ഥലമാണിത്. മൂന്നോ നാലോ സിമൻറ് കസേരകൾ ഉള്ള ഒരു കുഞ്ഞ് റെയിൽവേ സ്റ്റേഷൻ. ടിക്കറ്റ് കൗണ്ടറിനടുത്ത് പൂച്ചട്ടികൾ കൊണ്ടലങ്കരിച്ച ഒരു ചെറിയ കോർണർ ഉണ്ട്. ട്രെയിൻ കാത്തുനിൽക്കുന്ന മൂന്ന് കോളേജ് കുട്ടികൾ ആണ് ആ സ്ഥലം കൈ ഏറി ഇരിക്കുന്നത്. ഞാൻ കൗതുകത്തോടെ അവരെ നോക്കി..കയ്യിലുള്ള ഗിറ്റാർ വായിക്കുകയാണ് ആ കുട്ടികൾ.. അവരെ കൂടാതെ ഈ സ്റ്റേഷനിൽ അഞ്ചോ ആറോ പേർ മാത്രമേ ഉള്ളൂ.

ജീവിതത്തിൽ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ് എൻറെ ചില തോന്നലുകൾ. പലപ്പോഴും പലതും മുന്നേ കണ്ടു മറന്ന പോലെ. ജീവിതത്തിലെ ഓരോ സന്ദർഭങ്ങളിലൂടെ മുന്നേ സഞ്ചരിച്ച ഒരു പ്രതീതി.. മാലയിൽ മുത്തു കോർക്കുന്ന പോലെ ആരോ കോർത്ത് വെച്ച ജീവിതസന്ദർഭങ്ങൾ..
ആ കുട്ടികളുടെ മനോഹരമായ സംഗീതം എന്നെ എവിടെയോ കൊണ്ടുപോകുന്ന പോലെ തോന്നി..

എൻറെ മുന്നിലെ ബെഞ്ചിൽ ഇരിക്കുന്നത് ഏകദേശം അറുപതിനോടടുത്ത പ്രായമുള്ള ദമ്പതികളാണ്. അവരെ കണ്ടപ്പോൾ തന്നെ വല്ലാത്ത ഒരു അറ്റാച്ച്മെന്റ് ഫീൽ ചെയ്തിരുന്നു ചെയ്തിരുന്നു. ടെലിപ്പതി എന്നൊക്കെ പറയുന്നപോലെ എൻറെ മുന്നിലിരുന്ന അദ്ദേഹം പെട്ടെന്ന് എൻറെ നേരെ തിരിഞ്ഞു..

"മോനെ ട്രെയിൻ ഇന്ന് വൈകിയാണോ ഓടുന്നത്?"

ഞാനയാളുടെ മുഖത്ത് നോക്കി. വാർധക്യത്തിന്റെയൊ, ജീവിത പ്രശ്നങ്ങളുടെയോ ഒരു ലാഞ്ചന പോലും അദ്ദേഹത്തിൻറെ മുഖത്ത് ഇല്ലായിരുന്നു. നല്ല ഒരു പോസിറ്റീവ് ഫീൽ തരുന്ന മുഖഭാവം.

"ഹേയ് അല്ല ഒരു 20 മിനിറ്റ് കൂടെയുണ്ട്.."

അദ്ദേഹത്തിൻറെ ഭാര്യയും വളരെ സന്തോഷവതിയാണ്. അവരുടെ ആ സന്തോഷം എൻറെ മനസ്സിനെയും വല്ലാതെ സ്വാധീനിച്ചു. അയാളുടെ ഭാര്യ അവരുടെ ബാഗിൽ നിന്ന് ഒരു ചെറിയ പൊതി കൈയിലെടുത്തു. ചെറുതായിട്ടൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവർ അത് തന്റെ ഭർത്താവിനെ ഏല്പിച്ചു. ദീപാവലിക്ക് ഒക്കെ വാങ്ങുന്ന മധുര പലഹാരങ്ങൾ ആണ്..

***
"ചേട്ടാ .. ഒന്ന് വേഗം എടുക്കൂ.. ക്ലാസിൽ കയറാൻ സമയമായി.."
അനിതയുടെ വെപ്രാളം കൊണ്ടാണെന്ന് തോന്നുന്നു കടക്കാരനും ആകെ ടെൻഷനിലായി..
അയാൾ പൊതിഞ്ഞു കൊടുത്ത മധുര പലഹാരങ്ങൾ അവളും കൂട്ടുകാരികളും വീതിച്ചെടുത്ത് ബാഗിലാക്കി. ക്ലാസ് തുടങ്ങുമെന്ന പേടികൊണ്ട് അവരെല്ലാം വേഗത്തിൽ നടക്കുകയാണ്. ഞാനും സുഹൃത്തും കുറച്ചു ദൂരെ സൈക്കിളിൽ ഇരുന്ന് ഈ കാഴ്ചകളൊക്കെ നോക്കിക്കൊണ്ടിരിക്കുകയാണ്.. അവളുടെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാവും. എന്നോട് വളരെ കുറച്ചുമാത്രമേ അവൾ സംസാരിച്ചിട്ടുള്ളൂ. കൂടുതലും ചിരിക്കുകയാണ് പതിവ്.
ഈ വർഷം കൂടെ കഴിഞ്ഞാൽ ഈ നാട്ടിൽ നിന്ന് പോകേണ്ടിവരും. പട്ടണത്തിൽ ഒരു വീട് ശരിയായിട്ടുണ്ട് എന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടിരുന്നു. പിന്നെ പുതിയ സ്കൂൾ, പുതിയ കൂട്ടുകാർ. ആലോചിക്കുമ്പോൾ പലപ്പോഴും ഉറക്കം വരാറില്ലായിരുന്നു. പത്താം ക്ലാസ് ആയതുകൊണ്ടുതന്നെ നല്ല മാർക്കിൽ പാസാവണം, ആ ടെൻഷനിൽ ഇരിക്കുമ്പോഴാണ് ഇങ്ങനത്തെ ഓരോ ചിന്തകൾ.

**
"ഇതാ എടുത്തോളൂ.."
ആ അമ്മ മുന്നിലേക്ക് കുറച്ച് മധുര പലഹാരങ്ങൾ വെച്ചുനീട്ടി. ഞാൻ ഏതോ സ്വപ്നലോകത്ത് എന്നപോലെ ഞെട്ടിയുണർന്നു. വളരെ സന്തോഷത്തോടെ ഞാനത് വാങ്ങി. പിന്നെ തോന്നി അത് മുഴുവൻ വാങ്ങേണ്ടായിരുന്നൂ എന്ന്.നേരത്തെ പറഞ്ഞ പോലെ എന്തോ ഒരു ആകർഷണം എനിക്ക് ആ ദമ്പതികളോട് തോന്നിയിരുന്നു. ഞാനവരുടെ അടുത്തുള്ള സീറ്റിൽ ചെന്നിരുന്നു.

"നിങ്ങൾ പ്രണയിച്ചാണ് കല്യാണം കഴിച്ചത് അല്ലേ..!"

എൻറെ ചോദ്യം കേട്ട് അവർ പരസ്പരം ഒന്നുനോക്കി.

"തീർച്ചയായും.. ജീവിതാവസാനം വരെ പ്രണയിക്കും എന്നാണ് ഞങ്ങൾ തീരുമാനിച്ചത്.. കല്യാണം അതിനിടയിലെപ്പോഴോ നടന്നു.. ഇപ്പോഴും പ്രണയത്തിൻറെ യാത്രയിൽ തന്നെയാണ്..."

അദ്ദേഹത്തിന് മറുപടി എന്നെ വല്ലാതെ ചിന്തിപ്പിച്ചു..

"നിങ്ങൾ എങ്ങോട്ടാണ് യാത്ര?"

ഉള്ളിൽ എന്തോ ഒരു ആകാംക്ഷ തോന്നിയതുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു..

"ഇവളുടെ വീട്ടിലേക്കാണ്..എല്ലാമാസവും ഒരുതവണ പോകുന്നതാണ്.. ഇനി എത്രകാലം ഇങ്ങനെ പോകുമെന്ന് അറിയില്ല.. ഈ ഭൂമിയിൽനിന്ന് സ്വർഗ്ഗത്തിലേക്കുള്ള യാത്ര ഒരുമിച്ച് ആകാവൂ എന്നാണ് പ്രാർത്ഥന.."

അതു പറഞ്ഞപ്പോൾ അദ്ദേഹത്തിന് മുഖമാകെ വാടി.. ഭാര്യയും ആകെ വിഷമത്തിലായ പോലെ.. ഇത്രയും നേരം നിലനിന്നിരുന്ന സന്തോഷമായ അന്തരീക്ഷം ഞാൻ നശിപ്പിച്ച പോലെ തോന്നി..ഞാൻ മെല്ലെ വിഷയം മാറ്റി. ഇത്രയും കാലത്തെ സന്തോഷകരമായ ജീവിതത്തെ പറ്റി ആണ് പിന്നീടവർ സംസാരിച്ചത്. ചിലതൊക്കെ എന്നെ വല്ലാതെ ചിന്തിപ്പിച്ചു.

"ചേട്ടാ... പുസ്തകം വേണോ.."

ഒരാൾ കയ്യിൽ കുറെ പുസ്തകങ്ങളുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു. വായിക്കാൻ ഉള്ള ഒരു മാനസികാവസ്ഥയിൽ അല്ലാത്തതിനാൽ അയാളെ ചിരിച്ചുകൊണ്ട് തിരിച്ചയച്ചു.

**
എൻറെ കയ്യിലുള്ള പുസ്തകം ഞാൻ അവളുടെ നേരെ നീട്ടി. അവസാനത്തെ പിരീഡ് കഴിഞ്ഞാൽ സ്കൂളിൻറെ മുറ്റത്തുള്ള മാവിൻ ചുവട്ടിലേക്ക് വരാമെന്ന് അവൾ പറഞ്ഞിരുന്നു...നാളെ അവളുടെ അച്ഛനെയും അമ്മയുടെയും വിവാഹവാർഷികമാണ്. അവരുടെ ചിത്രങ്ങൾ വരച്ചു കൊടുക്കാമോ എന്ന് അവൾ ചോദിച്ചിരുന്നു. പത്താം ക്ലാസ് ആയതുകൊണ്ടുതന്നെ വെറുതെ വരച്ചിരുന്നാൽ വീട്ടിൽനിന്ന് വഴക്ക് കേൾക്കും. എന്നിട്ടും അവൾക്ക് വേണ്ടി ആയതുകൊണ്ടാണ് ഈ ചിത്രങ്ങളെല്ലാം വരച്ചത്.

"നീ വരച്ച ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്"

അവൾ സന്തോഷത്തോടെ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ബാഗിൽ നിന്ന് ഒരു മഷിപ്പേന എനിക്കു തന്നു. പുതിയ ഒരു ഹീറോ പേന ആണ് . അവൾ തന്ന സമ്മാനം ആയതുകൊണ്ട് ഞാൻ വളരെ സന്തോഷത്തോടെ വാങ്ങി. എന്നെ നോക്കി ഒന്നുകൂടി പുഞ്ചിരിച്ചുകൊണ്ട് അവൾ ആ പുസ്തകവും കൊണ്ട് നടന്നു നീങ്ങി.. ഈ സമയത്തിനിടയിൽ ഞാൻ ഒന്നും സംസാരിച്ചിരുന്നില്ല.. അത് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.. ഇനിയിപ്പോൾ പരീക്ഷയാണ്..ജീവിതത്തിൽ അവളെ ഒരിക്കൽ കൂടി കാണാൻ പറ്റുമോ എന്ന് പോലും അറിയില്ല... ആ മഷിപ്പേന ഞാൻ ഒന്ന് കീശയിൽ കുത്തി നോക്കി..സന്തോഷമാണോ സങ്കടമാണോ മനസ്സിൽ വരുന്നത്.
********
" ചേട്ടാ...മഷിപ്പേന ഉണ്ടോ..."

ഞാൻ ആ ദമ്പതികളുടെ അടുത്തു നിന്ന് മെല്ലെ സ്റ്റേഷന് പുറത്തേക്ക് വന്നു. എനിക്ക് സമയം പോകാൻ വേണ്ടി അവരെ ശല്യം ചെയ്യേണ്ട എന്ന് കരുതി. ഒരു കൗതുകം കൊണ്ടാണ് ആ ബുക്ക് സ്റ്റാളിൽ കയറിയത്..

ആയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു...

"ഇല്ല ചേട്ടാ..ഇപ്പൊ അതൊന്നും അങ്ങനെ ആരും വാങ്ങാറില്ല"

ചെറിയ ഒരു നിരാശ തോന്നി...പിന്നെ ഉള്ളിൽ ചിരി വന്നു...

" ഹലോ..എന്നെ പരിചയം ഉണ്ടോ..?"

പുറകിൽ നിന്ന് ഒരു പെൺകുട്ടി ചിരിക്കുന്നു..നല്ല ഒരു പുഞ്ചിരിയോടെ അവൾ അടുത്തേക്ക് വന്നു. ആ നിമിഷം ഞാൻ ആകെ വല്ലാതായിപ്പോയി. വർഷങ്ങൾ ഒത്തിരി കഴിഞ്ഞെങ്കിലും അവളുടെ മുഖത്ത് അവസാനം കണ്ട പുഞ്ചിരി ഇപ്പോഴും ഉണ്ടായിരുന്നു...

"അനിത അല്ലേ.."

സന്തോഷവും ആകാംക്ഷയും നിറഞ്ഞ ശബ്ദത്തോടെ ഞാൻ ചോദിച്ചു..
അവൾ മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചു.. പ്രത്യേകിച്ച് യാതൊരു മാറ്റവുമില്ല. അവളുടെ സംസാരം കുറച്ചുകൂടി എന്ന് മാത്രം. പലതിനും മറുപടി പുഞ്ചിരി തന്നെ.വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ എന്നെ ഏതോ ഒരു മായാലോകത്തേക്ക് കൊണ്ടുപോയി. സ്കൂൾ വിട്ടതിനു ശേഷമുള്ള ജീവിതവും ജോലിയും എല്ലാം ആയിരുന്നു ഞങ്ങളുടെ വിഷയം. സംസാരം പെട്ടെന്നുതന്നെ വിവാഹ ജീവിതത്തിലേക്ക് കടന്നു.

"അനിതയുടെ കല്യാണം കഴിഞ്ഞിട്ട് എത്ര വർഷമായി?"

"ഒരുവർഷം... അദ്ദേഹം ഗൾഫിൽ ആണ്...ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്.."

അത് പറഞ്ഞ് അവൾ അൽപനേരം മൗനത്തിലായി . വീണ്ടും പഴയ പുഞ്ചിരിയോടെ അവൾ എന്നെ നോക്കി. അതിൻറെ അർത്ഥം എനിക്ക് മനസ്സിലായി.

"ഇല്ല ഞാൻ വിവാഹം കഴിച്ചിട്ടില്ല...ഇൗ വർഷം വിവാഹ നിശ്ചയം നടത്തണമെന്നാണ് കരുതുന്നത്.."

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

"പ്രണയ വിവാഹമാണോ.. ?"

അവൾ വീണ്ടും പഴയ പുഞ്ചിരിയോടുകൂടി ചോദിച്ചു

"അതെ... ജാസ്മിൻ എന്നാണ് പേര്.. ജെസ്സി എന്ന് വിളിക്കും.. ഒരു ട്രെയിൻ യാത്രയിൽ വച്ച് ആണ് പരിചയപ്പെട്ടത്. ഇതേ സ്റ്റേഷനിൽ..."

ആ വാർത്ത അവൾക്ക് ഒരു അത്ഭുതമായിരുന്നു.

"ആഹാ കൊള്ളാമല്ലോ... ട്രെയിൻ യാത്രയിൽ വെച്ച് ഉള്ള പ്രണയം .. ഇന്‍റെറസ്റ്റിങ് ..."

അവൾക് ഒരു ആകാംക്ഷ ഉണ്ടെന്ന് എനിക്ക് മനസ്സിലായി

"അവൾ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറാണ്. . ട്രെയിനിൽ എൻറെ സീറ്റിന് അടുത്ത് അല്പം ജാടയിൽ ഒരു നോവലും വായിച്ച് ഇരിക്കുകയായിരുന്നു അവൾ ... ഞങ്ങൾ പുസ്തകത്തെപ്പറ്റി സംസാരിച്ചു... പിന്നെ വിഷയം ജീവിതമായി.. ഭാവിയെപ്പറ്റിയുള്ള കൺസെപ്റ്റ് ആയി. ഇതൊക്കെ ഞങ്ങൾ പരസ്പരം എന്തിനാണ് ചർച്ച ചെയ്തതെന്ന് രണ്ടുപേർക്കും മനസ്സിലായതുമില്ല. . പക്ഷേ എന്തോ ഒരു അറ്റാച്ച് മെൻറ് ഞങ്ങൾക്കിടയിൽ ഉണ്ടെന്ന് ആ യാത്രയിൽ തന്നെ തോന്നി. പിന്നെ കൂടുതൽ സംസാരിച്ചു... പിന്നീട് സംഭവിച്ചത് എല്ലാം ഒരു ഫാന്ടസി ആണ്..."


അനിത വീണ്ടും പഴയ മൗനത്തിൽ നിന്നു... പിന്നെ ഒന്ന് ചിരിച്ചു.. എന്നിട്ട് തോളിൽ തട്ടി പറഞ്ഞു.

"ഓക്കേ എനിവേ ഓൾ ദി ബെസ്റ്റ്. പിന്നെ തന്നെ ഞാൻ കഴിഞ്ഞ വർഷം ഇതേ സ്റ്റേഷനിൽവച്ച് കണ്ടിരുന്നു.... "

എന്നിട്ട് എന്തുകൊണ്ട് അവൾ എന്നെ വിളിച്ചില്ല. ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിനു മുന്നേ അവൾ തന്നെ മറുപടി പറഞ്ഞു...

"ഞാൻ അന്ന് നിൻറെ അടുത്തേക്ക് ഓടിവരാൻ ശ്രമിച്ചിരുന്നു... പക്ഷെ ടിക്കറ്റ് കൗണ്ടറിലെ ചേട്ടൻ ചതിച്ചു... പ്ലാറ്റ്ഫോം ടിക്കറ്റിനു പകരം എനിക്ക് ഒരു ജേണി ടിക്കറ്റ് ആയിരുന്നു തന്നത്... എൻറെ ഒപ്പം വരിയിൽ നിന്ന ആളുടെ ആയിരിക്കുമെന്ന് മനസ്സിലായി.. ഞാനത് തിരികെ കൊടുക്കാൻ പോയി.. തിരികെ വന്നപൊഴേക്കും തന്നെ കാണാതെ ആയി... കോൺടാക്ട് ചെയ്യാൻ കുറെ ശ്രമിച്ചിരുന്നു...പക്ഷേ..."

അവളുടെ മുഖത്ത് ആകെ ഒരു നിരാശ ബാധിച്ചിരുന്നു... ഞാൻ എന്തെങ്കിലും പറയുന്നതിനു മുന്നേ അവൾ വീണ്ടും തുടർന്നു..

"എൻറെ ചേട്ടനെ ഞാനൊരു മാട്രിമോണിയൽ സൈറ്റ് വഴി ആണ് പരിചയപ്പെട്ടത്.. അദ്ദേഹത്തിനെ കാണാനാണ് ആ ദിവസം ഞാൻ സ്റ്റേഷനിൽ വന്നത്... പക്ഷേ ആദ്യം കണ്ടതു നിന്നെ ആയിരുന്നു..."

അതും പറഞ്ഞ് അവൾ വീണ്ടും മൗനത്തിൽ ആയി ഇത്തവണ എനിക്കും ഒന്നും പറയാനില്ലായിരുന്നു ഞാനും നിശബ്ദനായി നിന്നു.. ഉള്ളിൽ വല്ലാത്ത ഒരു വിങ്ങൽ പോലെ തോന്നി... പഴയപോലെ തന്നെ പലകാര്യങ്ങളും ഞങ്ങൾ പറയാതെ പറഞ്ഞു.. മൗനത്തിന് വിരാമമിട്ടുകൊണ്ട് അവൾ യാത്ര ചോദിച്ചു..

"അപ്പോൾ ഞാൻ പോകുകയാണ് ഓഫീസ് ഉണ്ട് ..അച്ഛനെയും അമ്മയേയും യാത്രയാക്കാൻ വന്നതാണ്.. അവർ പണ്ടുമുതലേ തനിച്ചു പോകുന്നതാണ്.. അവർക്ക് ശല്യം ആകേണ്ടാ എന്ന് കരുതി ഞാൻ നേരത്തെ ഇറങ്ങി. "

ഇപ്പോൾ അവളുടെ മുഖത്തുള്ള വിഷമമെല്ലാം മാറിയിരുന്നു.. ഞാനും ഉള്ളിലെ വിഷമം ഒക്കെ മാറ്റി ഒന്ന് ഹാപ്പി ആയി

"അപ്പോൾ നീ കല്യാണത്തിന് വിളിക്ക്.."

അന്ന് സ്കൂളിൽവെച്ച് പിരിഞ്ഞ പോലെ ചിരിച്ചുകൊണ്ട് ഒരു പേപ്പറിൽ മൊബൈൽ നമ്പറും എഴുതി തന്നു അവൾ മടങ്ങി... അവളുടെ അച്ഛനും അമ്മയുമാണ് ഇത്രയും നേരം എന്നോട് സംസാരിച്ചത് എന്ന കാര്യം എനിക്ക് ഒരു അൽഭുതം ആയിരുന്നു... ഞാൻ വരച്ച ചിത്രങ്ങളെല്ലാം ഇപ്പോഴും ഉണ്ടോ എന്ന് അവളോട് ചോദിക്കാമായിരുന്നു... ട്രെയിൻ വരുന്ന അനൗൺസ്മെൻറ് കേട്ടതോടെ വീണ്ടും ഞാൻ സ്റ്റേഷനിലേക്ക് മടങ്ങി.. ട്രെയിൻ ഇന്ന് പതിവിലും ഒരു മണിക്കൂർ വൈകി ആണ്‌ വരുന്നത്..ജസ്സിയുമായി ആ ട്രെയിൻ മെല്ലെ സ്റ്റേഷനിലേക്ക് വന്നു..



*********
"രണ്ടു കോഫി .."


അവളുടെ മനോഹരമായ ശബ്ദം കേട്ടിട്ട് ആണെന്ന് തോന്നുന്നു കോഫീ ഷോപ്പിൽ ഉള്ള ചേട്ടൻ ഞങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ചു... കഴിഞ്ഞവർഷത്തെ ട്രെയിൻ യാത്രയ്ക്ക് ശേഷം ജെസ്സിയെ പിന്നീട് ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ.. ഫോണിലൂടെയുള്ള പരിചയമായിരുന്നു കൂടുതലും... അനിതയെ കണ്ടപ്പോൾ ഹൃദയത്തിന് കടന്നുകൂടിയ ആ വിങ്ങൽ ചെറുതായി കുറഞ്ഞ് വരുന്നുണ്ടായിരുന്നു... ജെസ്സി ഒരിക്കലും അനിതയെ പോലെ ആയിരുന്നില്ല... കൂടുതൽ സംസാരിക്കും...


"നീയെന്താ ആകെ ഒരു ചിന്തയിൽ ആയത്"

അവളുടെ ചോദ്യം പെട്ടെന്ന് എന്നെ ഉണർത്തി.. ആ കോഫീഷോപ്പ് ഏകദേശം വിജനമായിരുന്നു.. സത്യം പറഞ്ഞാൽ ഞങ്ങൾ മാത്രമേ ഉള്ളായിരുന്നു അവിടെ . മനോഹരമായ ഇന്റീരിയർ ഡിസൈൻ എനിക്ക് വല്ലാതെ ഇഷ്ട്ടപെട്ടു..ചെറിയ ശബ്ദത്തിൽ ഒരു ജാസ് സംഗീതം അവിടെ ഉണ്ടായിരുന്നു...

"ഞാൻ നമ്മുടെ ജീവിതത്തെ പറ്റി ആലോചിച്ചതാണ്... അന്ന് സ്റ്റേഷനിൽ നമ്മൾ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ... നീ എൻറെ തൊട്ടടുത്ത് വന്നില്ലായിരുന്നെങ്കിൽ നമ്മുടെ ജീവിതം ഇങ്ങനെ ഒന്നും ആകുമായിരുന്നില്ല..എനിക്ക് നിന്നെ കിട്ടുക പോലും ഇല്ലായിരുന്നു.."

അത് കേട്ട് അവൾ ചിരിച്ചു . എന്നിട്ടു പറഞ്ഞു...

"നിനക്കറിയാമോ... നമ്മളെല്ലാം കടലിലെ തിരമാലകൾ പോലെയാണ് . കാറ്റിനനുസരിച്ച് നമ്മൾ പല ദിശയിലും സഞ്ചരിച്ചുകൊണ്ടിരിക്കും... ചിലപ്പോൾ കൂട്ടിമുട്ടും ചിലപ്പോൾ വേർ പിരിയും..."


ജെസ്സി ഇങ്ങനത്തെ ഫിലോസഫി പറയുമെന്ന് ഞാൻ തീരെ കരുതിയിരുന്നില്ല അതുകേട്ടപ്പോൾ എനിക്ക് ചിരിവന്നു...

"നീ ചിരിക്കണ്ട ഇതെല്ലാം സത്യമാണ്... നിനക്കറിയാമോ അന്ന് നമ്മൾ കണ്ടുമുട്ടാൻ യാതൊരു ചാൻസുമില്ല ആയിരുന്നു.."

"അതെന്താ"

എനിക്ക് വല്ലാത്ത ആകാംക്ഷയായി

"കാരണം അന്ന് ഞാൻ ശരിക്ക് പോകേണ്ട ട്രെയിന് അല്ലായിരുന്നു അത്....'

"പിന്നെ??"

"ടിക്കറ്റ് കൗണ്ടറിൽ എന്തോ ഒരു മിസ്റ്റേക്ക്... കിട്ടിയത് പ്ലാറ്റ്ഫോം ടിക്കറ്റ് ആണ്..എൻറെ ടിക്കറ്റ് മാറി വേറെ ഒരു പെൺകുട്ടിക്ക് ആണ് കിട്ടിയത്... ആ കുട്ടി എന്തോ വെപ്രാളത്തിൽ ആയിരുന്നു...അതുകൊണ്ടാണ് അന്ന് അങ്ങനെ ഒക്കെ സംഭവിച്ചത്.. ടിക്കറ്റ് നോക്കാതെ അവൾ വേഗം പോയി.. പിന്നീട് ആ കക്ഷി തിരികെ വന്ന് ടിക്കറ്റ് മാറ്റി തന്നു...പക്ഷേ അപ്പോഴേക്കും എന്റെ ട്രെയിൻ മിസ്സ് ആയി ..."

വെയ്റ്റർ ഞങ്ങളുടെ മുന്നിൽ കോഫി കൊണ്ടുവെച്ചു... ജെസിയുടെ വാക്കുകൾ എൻറെ ഉള്ളിൽ ആയിരക്കണക്കിന് ചോദ്യങ്ങളായിരുന്നു സൃഷ്ടിച്ചത്.. ഇത്രയും ഞെട്ടിപ്പിച്ച ഒരു നിമിഷം എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു... എൻറെ അത്ഭുതം കണ്ടിട്ട് അവൾക്കും കാര്യം മനസ്സിലായില്ല...

"എന്തുപറ്റി?"

അവൾ ചോദിച്ചു

ഞാൻ എൻറെ മുഖഭാവം മാറ്റി ചിരിച്ചു..

"ഹേയ് ഒന്നുമില്ല ജെസ്സി... എനിക്ക് തോന്നിയത് ജീവിതം തിരമാലകൾ പോലെ അല്ല... നമ്മുടെ ഒക്കെ ജീവിതം ആരോ മാലയിൽ കോർക്കുന്ന മുത്തുകളാണ്... ചിലപ്പോൾ ചില മുത്തുകൾ വീണുപോകും...പകരം വേറൊരു മുത്ത് ആസ്ഥാനത്ത് കോർത്തിടും... എന്തൊക്കെ സംഭവിച്ചാലും അവസാനം അത് ഒരു മാലയായി മാറും"

അത് കേട്ട് അവൾ ഒന്നു ചിന്തിച്ചു... എന്നിട്ട് ചിരിച്ചു..

അവൾക്ക് ഇന്ന് വൈകുന്നേരം തിരികെ പോകേണ്ടതുണ്ട്... ആകെക്കൂടെ കുറച്ചു സമയം മാത്രമാണ് സംസാരിക്കാൻ കിട്ടുക... അതിങ്ങനെ ഫിലോസഫി പറഞ്ഞ് ഇരിക്കേണ്ട എന്നുകരുതി... പകരം വിവാഹ കാര്യവും ഭാവിജീവിതവും ഒക്കെയായി ഞങ്ങളുടെ ചർച്ച.... റെയിൽവേസ്റ്റേഷനും , അനിതയും , അവളുടെ മാതാപിതാക്കളും അവരുടെ യാത്രയും എല്ലാം മനസ്സിൽ നിന്ന് പതിയെ അലിഞ്ഞില്ലാതായി... ഇപ്പൊൾ മുന്നിൽ ജെസ്സി മാത്രം.....

എല്ലാവരെയും പോലെ ഞങ്ങളും ഒരു ജീവിതയാത്ര തുടങ്ങുകയാണ്.....

ദൈവം കോർത്തിട്ട മുത്തുകൾ പോലെ ഞങ്ങൾ മെല്ലെ സ്റ്റേഷനിലേക്ക് നടന്നു....

( അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot