Slider

"സുഭാഷ് ചന്ദ്രന്റെ സമുദ്രശില; അംബയുടേതും. ''

0
Image result for സമുദ്രശില
സമുദ്രശില - ഒരു ആസ്വാദനക്കുറിപ്പ്
*****************************************
Written by Abin Mathew Koothattukulam:- 
കഴിഞ്ഞ ദിവസമാണ് ശ്രി സുഭാഷ് ചന്ദ്രന്റെ " സമുദ്രശില" എന്ന പുതിയ നോവൽ വായിച്ചു കഴിഞ്ഞത് . വായനക്കപ്പുറവും മനസ്സിന്റെ വിടാതെ പിന്തുടരുന്ന ഈ വലിയ പുസ്തകത്തെ പറ്റി ഒരു ചെറിയ കുറിപ്പെങ്കിലും ഇടാതെ മനസ്സ് സമ്മതിക്കുന്നില്ല .മനുഷ്യന് ഒരാമുഖം എന്ന നോവലിന് ശേഷം ഇറങ്ങുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലാണ് സമുദ്രശില . പത്തു വർഷം കൊണ്ടു എഴുതി തീർത്തൊരു അത്ഭുത പുസ്തകം. കാലം തെറ്റിയുള്ള ചില വിവരണങ്ങൾ വായനയുടെ ആദ്യം എഴുത്തുകാരൻ സ്വയം സൃഷ്ടിച്ചെടുക്കുന്ന ചില കുഴച്ചലുകൾക്കു കാരണമാകുമെങ്കിലും പോകെ പോകെ കഥയിൽ വായനക്കാരനും സ്വയം ഇഴുകിചേരുന്നൊരു അനുഭവമായി മാറുകയാണ് സമുദ്രശില . ഒരു സ്ത്രീ യഥാർത്ഥമായി എന്താണ് ആഗ്രഹിക്കുന്നത് എന്ന അന്വേഷണമാണ് ഈ പുസ്തകം . ഉപാധികൾ ഇല്ലാത്ത സ്നേഹം തിരയുന്ന എഴുത്തുകാരന്റെ ഉള്ളിലെ തന്നെ സ്ത്രീയ്ക്ക് നൽകുന്ന ഒരു സങ്കീർത്തനം .
ഒരിയ്ക്കലും ഈ പുസ്തകം ആസ്വദിച്ചു മാത്രം നിങ്ങൾക്ക് വായിക്കാൻ കഴിയില്ല എന്ന് തന്നെ ഞാൻ ഉറപ്പിച്ചു പറയട്ടെ . തളർന്നു പോയ സ്വന്തം അമ്മയുടെ മലവും ഓട്ടിസ്റ്റിക്കായ മകന്റെ മലവും രേതസ്സും കലർന്ന വസ്ത്രം വൃത്തിയിക്കേണ്ടി വരുന്ന , ജീവിതം സാഹിത്യം പോലെ പറയുന്ന, ശരീരത്തിനും അപ്പുറത്തുള്ള സ്നേഹം തിരയുന്ന , ഉപാധികൾ ഇല്ലാത്ത സ്നേഹം തിരയുന്ന അംബ എന്ന സ്ത്രീയുടെ ചിതയ്ക്ക് സമാനമായ ജീവിതത്തിന്റെ അതിജീവനത്തിന്റെ എരിഞ്ഞടങ്ങലിന്റെ കഥയാണ് സമുദ്രശില .
ഭാഷയുടെ പെരുംതച്ചനാണ് സുഭാഷ് ചന്ദ്രനെന്ന് ആരാണ് പറഞ്ഞത് എന്നെനിക്കു ഓർമ്മയില്ല , എന്നാൽ ആ പ്രയോഗം ഒന്ന് കൂടി അരക്കിട്ടു ഉറപ്പിക്കുകയാണ് സമുദ്രശില . യാഥാർഥ്യത്തിനും ഭാവനയ്ക്ക് ഇടയ്ക്കുള്ള ഒരു ഭ്രമണ പഥത്തിലെ യാത്രക്കാരാവുകയാണ് ഓരോ വായനക്കാരനും കഥ തികച്ചും യാഥാർഥ്യമാണെന്നു ബോധ്യപ്പെടുത്താൻ അനുബന്ധമായി ചേർത്തിരിക്കുന്ന തെളുവുകളിൽ പോലും ഒരു എഴുത്തുകാരന്റെ ബുദ്ധി സാമർഥ്യം വായനക്കാരന് ദർശിക്കാനാകും . യഥാർത്ഥ ജീവിതമെന്നു തെളിവുകൾ നിരത്തുമ്പോഴും അതിൽ തന്നെ ഇതൊരു ഭാവനാസൃഷ്ടിയാണെന്നു തോന്നിപ്പിക്കുന്ന ഒരുപാട് അടയാളങ്ങൾ എഴുത്തുകാരൻ ബാക്കി വെയ്ക്കുന്നു . ഭാഷയുടെ നിലവാരം അതിന്റെ ഔന്നത്യത്തിൽ നിൽക്കുന്ന ഒരു അസാമാന്യ സൃഷ്ടിയാണ് സമുദ്രശില .
അംബ എന്ന കഥാനായികക്കു ഒപ്പം നിൽക്കുന്ന കഥാപാത്രമായി എഴുത്തുകാരനായ സുഭാഷ് തന്നെ അവതരിക്കുന്ന നോവൽ കൂടിയാണ് സമുദ്രശില . തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെ തന്റെ ചുറ്റുമുള്ള സന്ദർഭങ്ങളെയും വ്യക്തികളെയും ഭൂപ്രകൃതിയെയും എന്തിനു വാർത്തകളെ പോലും എത്ര മനോഹരമായാണ് തന്റെ നോവലിൽ സുഭാഷ് ചന്ദ്രൻ സന്നിവേശിപ്പിച്ചിട്ടുള്ളത്. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിൽ അവസാനിക്കുന്ന നോവൽ അംബ എന്ന സ്ത്രീയുടെ പ്രകൃതിയുടെ അനിവാര്യമായ എരിഞ്ഞടങ്ങലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്വയം കഥാപാത്രമായി വരുമ്പോൾ സംഭവിക്കാൻ ഇടയുള്ള ഒരുപാട് പ്രശ്നങ്ങളിൽ നിന്നും കഥാകാരൻ എങ്ങനെ അതിജീവിച്ചു എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ് .
ഈ നോവലിലെ കുറച്ചു വാചകങ്ങൾ എടുത്തു പറഞ്ഞില്ല എങ്കിൽ മനസ്സമാധനം കിട്ടില്ല എന്നതാണ് സത്യം .
" സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ " ഈ പുസ്തകത്തിലെ ഏറ്റവും ശക്തമായ വാചകം . ഏതൊരു പുരുഷനും ഉൾക്കൊള്ളാൻ ശ്രമിക്കാത്ത എന്നാൽ സാധിക്കാത്ത ഒരു സത്യത്തെ എത്ര ലാഘവത്തോടെയാണ് എഴുത്തുകാരൻ പറയുന്നത് .പറയുക മാത്രമല്ല വായന അവസാനിക്കുമ്പോൾ ഓരോ വായനക്കാരനും അത് സമ്മതിക്കുക തന്നെ ചെയ്യും . അതെ സ്ത്രീ തന്നെയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ .
കടൽ കാണാൻ ഒരുപാട് ആഗ്രഹിച്ച അംബയുടെ അമ്മയ്ക്ക് ഒരിക്കൽ പോലും കടലൊന്നു കാണാൻ കഴിയുന്നില്ല , അതിന്റെ ഇരമ്പൽ പോലും കേൾക്കാൻ സാധിക്കുന്നില്ല . കടല് കാണാൻ കഴിയാതെ ആ 'അമ്മ വീണു പോയപ്പോൾ വീണു പോയത് ഒരു വായനക്കാരനായ എന്റെ മനസ്സും കൂടി ആയിരുന്നു . ആ 'അമ്മ പറയുന്ന ഒരു വാചകം ഉണ്ട് . " നിനക്കിപ്പോൾ അറിയാമല്ലോ ..ഒരു കടലിനെ അടക്കി ഒളിപ്പിക്കാൻ മാത്രം വലുപ്പമുണ്ട് അമ്മമാരുടെ മനസ്സിന് " എന്ന് ..
സമുദ്രശിലയുടെ കേന്ദ്ര പ്രമേയമായ അംബ എന്ന സ്ത്രീ തിരയുന്നത് ഉപാധികൾ ഇല്ലാത്ത സ്നേഹമാണ് . അത് തന്നെയാണ് ഈ പുസ്തകത്തിന്റെ കാതലും . മറ്റൊരുപാട് വായനാനുഭവങ്ങൾ വായിച്ചതിനു ശേഷമാണു ഈ കുറിപ്പ് തയ്യാറാക്കുന്നത് . . ഭഗവത് ഗീതയും വ്യാസനും മഹാഭാരതത്തിലെ അംബയും ആന്റൺ ചെക്കോവും ഒക്കെ ചെറുതല്ലാത്ത കഥാപാത്രങ്ങളായി കടന്നു വരുന്നു എങ്കിലും ഇത് അംബയുടെ കഥയാണ് . സ്ത്രീയുടലിനു അപ്പുറത്തുള്ള സ്ത്രീയെ തിരയുന്ന ഒരു എഴുത്തുകാരന്റെ പുസ്തകമാണ് . ഉപാധികൾ ഇല്ലാതെ സ്നേഹം തിരയുന്ന ഒരു സ്ത്രീയുടെ ജീവിതമെന്ന പ്രഹേളികയുടെ അനാവരണമാണ് .വായനക്കപ്പുറവും മനസ്സിനെ മഥിക്കുന്നത് അംബയും അനന്തപത്മനാഭനും മാത്രമല്ല .. മറ്റൊന്ന് കൂടിയുണ്ട് . അതാണ് വെള്ളിയാങ്കല്ല് .
അറബിക്കടലിന്റെ മാറിൽ കിടക്കുന്ന വിജനമായ വെള്ളിയാങ്കല്ല് . മരിച്ചവരുടെ ആത്മാക്കൾ തുമ്പികളെ പോലെ പറന്നു നടക്കുന്ന വെള്ളിയാങ്കല്ല് . രണ്ടു തവണ എഴുത്തുകാരൻ വെള്ളിയാങ്കല്ല് യാത്ര വിവരിക്കുന്നുണ്ട് . ഒന്ന് എഴുത്തുകാരന് സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന യാത്ര . എഴുത്തുകാരൻ തന്നെ മാതൃഭൂമിയ്ക്കു വേണ്ടി എഴുതിയ യാത്ര വിവരണത്തിന്റെ ചുരുക്കെഴുത്തിന്റെ രൂപത്തിൽ .രണ്ടു അംബയും തന്റെ ആൺസുഹൃത്തും ചേർന്ന് നടത്തുന്ന യാത്ര അംബയുടെ ഭാഷയിൽ . രണ്ടും രണ്ടു വ്യക്തികൾ എഴുതിയ രീതിയിൽ അനുഭവമാക്കി മാറ്റുകയാണ് എഴുത്തുകാരൻ . ഉപാധികൾ ഇല്ലാത്ത സ്നേഹം . ഒരു സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നതെന്തു തുടങ്ങിയ ഒരുപാടു ചോദ്യങ്ങളുടെ ഉത്തരമാണ് ഒരുപക്ഷെ അംബയുടെ വെള്ളിയാങ്കല്ല് യാത്ര . പുരുഷൻ സ്ത്രീ ഉടലിന്റെ സുഖങ്ങളിൽ അഭിരമിക്കാൻ ഒരുങ്ങുമ്പോൾ ഒരു സ്ത്രീ തന്റെ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് എന്ത് എന്ന് ചോദ്യത്തിന്റെ ഉത്തരം . അംബയുടെ വെള്ളിയാങ്കല്ലു യാത്രയും , കേവലം ഏഴു ദിവസം കൊണ്ട് അംബ അനുരക്തയായ , റൂമി ജലാലുദിൻ എന്ന പുരാവസ്തു ഗവേഷണക്കാരൻ തന്നെ ഉപാധികൾ ഇല്ലാതെ സ്നേഹിക്കും എന്ന് വിശ്വസിച്ചു കൂടെ പോകുകയും അവസാനം അയാൾ ഒരു കന്നി മാസത്തിലെ പട്ടിയെ പോലെ തന്നെ ഭോഗിച്ചു എന്നു എഴുത്തുകാരനോട് പറയുന്ന ഭാഗത്തു വായനക്കാരനും അറിയാൻ സാധിക്കും .
എന്ത് കൊണ്ടാണ് ആഗ്നസ് വായിൽ വിരലിട്ടു ഛർദിച്ചതു എന്ന ചോദ്യം ചോദിച്ചു കൊണ്ട് എഴുത്തുകാരൻ വളരെ വിദഗ്ദമായൊരു പരകായ പ്രകാശം ചെയ്യുന്നുണ്ട് . ഛർദിക്കാൻ വന്നില്ല എങ്കിലും ആ സംഭവത്തിന്റെ ഭീകരത ഉള്ളിൽ നികത്താൻ സാധിക്കാതെ ഒരു ഞെട്ടൽ വായനക്കാരന് സമ്മാനിക്കുന്നുണ്ട് .
ചെകുത്താൻ മനുഷ്യനെ സൃഷ്ടിക്കുകയും മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിക്കുകയും ചെയ്തു എന്നൊരു വാചകം സമുദ്രശിലയിലുണ്ട് . അത് സത്യമാണെന്നും പലപ്പോഴായി എനിക്ക് തോന്നിയിട്ടുണ്ട് എന്നതാണ് വാസ്തവം . കർമ്മത്തിന്റെ ഉൽപ്പത്തി വരുന്നതും അത് പോലെ തന്നെ തിരുത്തലുകൾ ചെകുത്താന് മാത്രമേ സാധിക്കൂ എന്നും എഴുത്തുകാരൻ പറയാതെ പറയുന്നുണ്ട് . മൃതിമൂർച്ഛയും രതി മൂർച്ഛയും ഒരേ സമയം തന്റെ ഓട്ടിസവും സെറിബ്രൽ പൾസിയും ബാധിച്ച പുത്രൻ അനന്ത പത്മനാഭന് നൽകിയാണ് അംബ ജീവിതം അവസാനിപ്പിക്കുന്നത് . ഒരുപക്ഷെ ഒരു ആത്മഹത്യയിലും കൊലപാതകത്തിലും അവസാനിപ്പിക്കാൻ സാധിക്കുമായിരുന്നു ആ ഒരു ഭാഗം . അല്ലെങ്കിൽ തന്റെ മകനെ എഴുത്തുകാരനെയോ സുപ്രഭ പൈ യേ ഏൽപ്പിക്കാമായിരിന്നിട്ടും അത്തരം ഒരു തീരുമാനത്തിലേക്ക് അംബ എത്തിയെങ്കിൽ അത് ചൂണ്ടി കാട്ടുന്നത് എല്ലാ സിദ്ധാന്തങ്ങൾക്കും കാരണങ്ങൾക്കും ഇതിഹാസങ്ങൾക്കും ചിന്തകൾക്കും ഊഹങ്ങൾക്കും ഒക്കെ ഒരുപാട് അപ്പുറമാണ് സ്ത്രീ എന്ന പ്രഹേളിക എന്ന സത്യത്തിലേക്കാണ് . , ഇത്തരം ഒരു അവസാനത്തിലേക്കു കൊണ്ട് പോകുവാൻ അംബ തീരുമാനിക്കാനുള്ള കാരണവും വിരൽ ചൂണ്ടുന്നത് ഒരുപക്ഷെ അങ്ങോട്ട് തന്നെയാകാം .
വെള്ളിയാങ്കല്ലില്‍ തന്റെ കാമുകനുമായി വിവാഹത്തിന് പത്തു ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടുന്ന അംബ , അവന്‍ കൊണ്ട് വരുന്ന ഗര്‍ഭനിരോധന ഉറകളെ ഊതിപ്പെരുപ്പിച്ചു കെട്ടി കടലിലേക്ക് പറത്തിവിട്ട ശേഷം പരമമായ പ്രണയത്തിൽ മുഴുകുമ്പോള്‍ അംബ പറയുന്നു ഇതാണ് "ഉപാധികളില്ലാത്ത പ്രണയം" എന്ന് . എന്നാൽ ആദ്യ അധ്യായത്തിൽ വേദ വ്യാസനോടു അംബ ചോദിക്കുന്നു. ഒരു പക്ഷേ എന്നെയും വിചിത്രവീര്യനെ കൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു എങ്കില്‍ താങ്കള്‍ക്ക് എന്നിലും പുത്രയോഗം നല്‍കേണ്ടി വന്നിരുന്നെങ്കില്‍ എനിക്കു പിറക്കുന്നത് എങ്ങനെ ഉള്ള കുഞ്ഞാകും എന്നു . അത് സ്വേച്ഛയോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത ഒരു കുഞ്ഞാകും എന്നായിരുന്നു വ്യാസന്റെ മറുപടി . നവയുഗ അംബയില്‍ പിറന്നതോ സെറിബ്രല്‍ പൾസി പിടിപെട്ട ഒരു മകന്‍ . ഒടുവില്‍ അവന് അവന്‍ ഇന്റർനെറ്റ് സൈറ്റുകളിൽ അവൻ തിരഞ്ഞ ഇൻസെസ്റ് എന്ന ആഗ്രഹവും നിറവേറ്റി അവനെയും കൊണ്ട് അവള്‍ മരണത്തിലേക്ക് പോകുമ്പോള്‍ അവള്‍ പറയുന്നതു "ഉപാധികള്‍ ഇല്ലാത്ത സ്നേഹം എന്നത് സ്വയം ഒരു ഉപാധിയായി തീരും" എന്നാണ് .
ഓട്ടിസവും സെറിബ്രൽ പൾസിയും ബാധിച്ച കുട്ടികളിലെ ലൈംഗിക അഭിനിവേശം അടക്കാനുള്ള ശാസ്ത്രീയ വിദ്യ ഒരു പ്രമുഖ തെറാപ്പിസ്റ്റ് പറഞ്ഞു കൊടുത്തുവെങ്കിലും അത് സ്വീകരിക്കും മുൻപേ അവൻ അവന്റേതായ വഴി കണ്ടെത്തി കഴിഞ്ഞിരുന്ന എന്ന തിരിച്ചറിവാകാം അംബയെ പിന്തിരിപ്പിച്ചത് . അവസാനം അവൻ ആഗ്രഹിച്ചിരുന്ന എല്ലാ സുഖവും നൽകി അവനെ മരണത്തിലേക്ക് കൂടെ കൂട്ടുകയാണ് അംബ . അതിന്റെ പ്രതിഫലനമാകാം പ്രളയവും .. എന്നാൽ അംബ ചെയ്തതിൽ എന്താണ് തെറ്റ് എന്നെനിക്കു ഇപ്പോഴും തിരിച്ചെടുക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം . മൊബൈല്‍ ഫോണ്‍ അമിതോപയോഗം ആണ് കുട്ടികളെ മുഴുവന്‍ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളിവിടുന്നത് എന്ന്‍ ലോകത്തോട് പറയാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട് ഈ ഭാഗത്തിലൂടെ .
എഴുത്തുകാരനിലെ സ്ത്രീയാണ് താനെന്നും , തന്നിലെ പുരുഷനാണ് എഴുത്തുകാരനെന്നും അംബ അവസാന ഭാഗത്തു അവകാശപ്പെടുന്നതിലൂടെ ഉപാധികൾ ഇല്ലാത്ത ഒരു ഒന്ന് ചേരൽ വായനക്കാരന് അനുഭവയ്ക്കാൻ കഴിയുന്നുണ്ട് . ശരീരത്തിനും അപ്പുറത്തുള്ള സ്നേഹം . അശ്ലീലമെന്നു തോന്നിക്കുന്ന പല ഭാഗങ്ങളും ശ്ലീലമായി മികച്ച രീതിയിൽ എഴുത്തുകാരൻ അവതരിപ്പിക്കുന്നു . എഴുത്തുകാരന്റെ ഉള്ളിലെ സ്ത്രീ ആയിരുന്നു അംബ . ഒരു സ്പെഷ്യൽ 'അമ്മ ... പുരുഷനേക്കാൾ വലിയ മനുഷ്യൻ . കടലേക്കാൾ ആഴം ഒളിപ്പിച്ച മനസ്സുള്ളവൾ .. മാംസത്തിൽ പൊതിഞ്ഞ ഒരു പൊട്ടിക്കരച്ചിൽ .. . സ്പെഷ്യൽ കുട്ടികളെ ഏൽപ്പിക്കാൻ സ്പെഷ്യൽ അമ്മമാരേ തിരഞ്ഞെടുത്ത ദൈവത്തിനു എന്തേ തെറ്റ് പറ്റി , അങ്ങനെ ഉള്ളവർ അവരുടെ കൂടെ ജീവിതകാലം മുഴുവൻ ഉണ്ടാകണ്ടേ എന്ന ചോദ്യം അംബ ചോദിക്കുമ്പോൾ തീർച്ചയായും ദൈവം ഉണ്ടോ ..അതോ മനുഷ്യന്റെ വെറുമൊരു സൃഷ്ടി മാത്രമാണോ ദൈവമെന്നും അംബയെ പോലെ എഴുത്തുകാരനെ പോലെ എനിക്കും തോന്നിപ്പോയി .
കഥയിലേക്ക് ഒരു തിരിഞ്ഞു നോട്ടം ഞാൻ നടത്തുന്നില്ല . അത് വായിക്കേണ്ട അനുഭവിക്കേണ്ട ഒരു മഹാസൃഷ്ടിയാണ് . മനുഷ്യന് ഒരാമുഖം സൃഷ്‌ടിച്ച എഴുത്തുകാരൻ അതിനേക്കാൾ ഒരുപടി മുകളിലാണ് സമുദ്രശിലയിൽ നിൽക്കുന്നത് . കഥയുടെ കഥ വെളിപ്പെടുത്തുന്നില്ല, ഓരോ വാക്കും ഓരോ വരിയും ഓരോ പുറവും അറിഞ്ഞും തെളിഞ്ഞും നിറഞ്ഞും വായിച്ചെടുക്കേണ്ട അസുലഭമായ അനുഭൂതിപ്രക്രിയയാണ് സമുദ്രശില ആവശ്യപ്പെടുന്നത്. അതിനാല്‍ കഥ പറയുന്നില്ല.. വായിച്ചറിയുക, അനുഭവിക്കുക.. അനുഭൂതിതരാവുക.
വായനക്ക് ശേഷവും മനസ്സിൽ താങ്ങി നിൽക്കുന്ന വാക്കുകളാലും പ്രത്യക്ഷങ്ങളാലും സമ്പന്നമാണ് സമുദ്രശില . എഴുത്തുകാരനും അംബയും നടത്തുന്ന വെള്ളിയാങ്കല്ലു യാത്രയും , സോഫിയ ആന്റണിയുടെ റഷ്യൻ യാത്രയും കരിമ്പു എന്ന വാക്കിന്റെ ഉത്ഭവ കഥയും ആന്റൺ ചെക്കോവിന്റെ പരാമർശവും വായനനക്കു ശേഷവും കൂടെ കൂടും എന്നത് തീർച്ച .
അംബയും അനന്തപത്മനാഭനും സുഭാഷ് ചന്ദ്രനും നിങ്ങളെ ഉറങ്ങാൻ സമ്മതിക്കില്ല, വായനയെ തുടർന്നുള്ള രാത്രികളിൽ അത് തീർച്ചയാണ് .
പുസ്തകം : സമുദ്രശില ( നോവൽ )
പ്രസാധനം : മാതൃഭൂമി .
വില : 325 രൂപ .
എബിൻ മാത്യു കൂത്താട്ടുകുളം .@നല്ലെഴുത്ത് 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo