നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

## തെരുവിന്റെ മകൾ ##

Image may contain: 1 person
പത്തു മാസം ചുമന്ന് നടന്ന് നൊന്ത് പ്രസവിച്ച അമ്മ ഒരു പെഴയാണെന്ന് നാട്ടുകാരും കൂട്ടുകാരും പറഞ്ഞ് നടന്നപ്പോഴൊന്നും ഞാനത് വിശ്വസിച്ചില്ല.കാരണം അന്നത്തെ പാവം ഒരു നാട്ടിൻ പുറത്തുകാരൻ നാലാം ക്ലാസുകാരന് പിഴച്ചവൾ എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് സത്യം പറഞ്ഞാൽ അറിയില്ലായിരുന്നു. ഓർമ്മ വെച്ച നാൾ മുതൽ ഞാൻ കാണുന്ന ഒരേ ഒരു മുഖമാണ് എന്റെ അമ്മയുടേത് .പലപ്പോഴും കൂട്ടുകാരുടെ പരിഹാസ കഥാപാത്രമായി ഞാൻ മാറിയപ്പോൾ ഒരിക്കൽ ഞാൻ എന്റെ അച്ഛനാരാണെന്ന് ചോദിച്ചു തെരുവിന്റെ മക്കൾക്ക് സ്വന്തവും ബന്ധവും ഒന്നും ഇല്ല ഇനി നിനക്ക് നിന്റെ അച്ഛൻ ആരാന്ന് അറിയണമെങ്കിൽ ഈ തെരുവിലെ ഓരോരുത്തരും നിന്റെ അച്ഛനാണ് അവർ നിനക്ക് വേണ്ടുവോളം സ്നേഹവും വാത്സല്യവും തരുന്നില്ലേ എന്നായിരുന്നു അമ്മയുടെ മറുപടി പക്ഷേ ആ പറഞ്ഞതിന്റെ പൊരുൾ എന്താന്നെന്ന് എനിക്ക് തിരിച്ചറിയാൻ കാലം ഒരുപാട് മുൻപോട്ട് നടക്കേണ്ടി വന്നു.
പലപ്പോഴും എന്നെ സ്ക്കൂളിലാക്കി ഇഷ്ട്ടിക കളത്തിലേക്ക് കഞ്ഞി വെയ്ക്കാൻ പോകുന്ന എന്റെ അമ്മയെ നിറകണ്ണുകളോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. ആ അമ്മയെ ഓർക്കുമ്പോൾ എനിക്ക് സ്നേഹവും ബഹുമാനവും മാത്രമാണ് തോന്നിയിട്ടുള്ളത്.സമൂഹത്തിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തളരാത്ത ഒരു പോരാളിയായിരുന്നു എന്റെ അമ്മ പലപ്പോഴും അതിൽ ഞാൻ അഭിമാനം കൊണ്ടിട്ടുമുണ്ട്.
വള്ളിനിക്കറിൽ നിന്നും പാൻറിലേക്ക് മാറിയ കാലം അതായത് എന്റെ യു പി സ്ക്കൂളിൽ നിന്ന് ഹൈസ്ക്കൂളിലേക്ക് എത്തിയ കാലം അന്നാദ്യമായാണ് എന്റെ ജീവിതത്തിൽ ഞാനൊരു ഹീറോ പരിവേഷത്തിലേക്ക് എത്തിയത് ഇഷ്ട്ടികകളത്തിലേക്ക് വരുന്ന ലോറി ഡ്രൈവറുമാരെ സ്ഥിരം പിടിച്ചു നിർത്താനുള്ള കുറ്റിയല്ലേടാ നിന്റെ അമ്മ എന്ന ചോദ്യത്തിന് കയ്യിലിരുന്ന ബാറ്റ് കൊണ്ട് ഞാനവന്റെ തല അടിച്ച് പൊളിച്ചു. നെറ്റിയിലൂടെ ഊർന്നിറങ്ങിയ ചോരയും പൊത്തിപ്പിടിച്ചവൻ തിരിഞ്ഞോടിയപ്പോഴും എന്റെ കലി അടങ്ങിയിട്ടുണ്ടായിരുന്നില്ല.
വൈകുന്നേരം വീട്ടിലേക്ക് ചെന്ന് കയറിയ ഞാൻ അന്നാദ്യമായാണ് അമ്മയോട് ഉച്ചത്തിൽ സംസാരിച്ചത്. ഇനി മുതൽ ഇഷ്ട്ടികകളത്തിൽ പണിക്ക് പോകുന്നത് എനിക്ക് ഇഷ്ട്ടമല്ലെന്നും അങ്ങിനെയാണേൽ നാളെ മുതൽ പഠിത്തവും നിർത്തി ഞാൻ പണിക്ക് ഇറങ്ങിക്കോളാം എന്ന് പറഞ്ഞപ്പോൾ നിനക്ക് ഇഷ്ട്ടമല്ലെങ്കിൽ ഞാൻ പോകുന്നില്ല എന്ന ഒറ്റ വാക്കിൽ അമ്മ ആ സീൻ അങ്ങ് ഒതുക്കിത്തീർത്തു .വീണ്ടും അമ്മയ്ക്ക് ഞാനൊരു മാലാഖയുടെ സ്ഥാനം കൊടുത്തു പക്ഷേ ആ മാലാഖ പുറം ചട്ടയണിഞ്ഞ ഒരു രാക്ഷസിയാണെന്ന് അധികം വൈകാതെ എനിക്ക് മനസ്സിലായി.
അമ്മയെ കഷ്ട്ടപ്പെടുത്താതെ സ്വന്തമായി നാല് കാശ് ഉണ്ടാക്കണം എന്ന ലക്ഷ്യവുമായാണ് ഞാനും എന്റെ ചില സുഹൃത്തുക്കളും ആക്രി കച്ചവടം തുടങ്ങിയത് പഴയ കുപ്പി ,പാട്ട, പേപ്പർ ഇതു തന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും. ഒരിക്കൽ ഓല മേഞ്ഞ ചാരായ ഷാപ്പിന്റെ പുറത്തോട്ട് കൂട്ടുകാരുമൊത്ത് കുപ്പി പെറുക്കാൻ പോയതായിരുന്നു ഞാൻ .ഓല വിടവിലൂടെ അകത്തുള്ള കാഴ്ച കണ്ട് എന്റെ ശ്വാസം നിലച്ചു. ഓർമ്മ വെച്ച നാൾ ഒരു ഷിഫോൺ സാരി മാത്രം ഉടുത്തു കണ്ടിരുന്ന എന്റെ അമ്മ മുട്ടോളം മാത്രമുള്ള ഒരു പാവാടയും ബ്ലൗസും ഉടുത്തു കൊണ്ട് കുടിയന്മാരുടെ കൂടെ ആടി ഉലയുകയാണ്. അഞ്ചിന്റെയും പത്തിന്റെയും നോട്ടുകൾ അമ്മയുടെ തലയ്ക്ക് മുകളിലൂടെ വലം വെയ്ക്കുന്നു .അത് പിടിച്ച് വാങ്ങി ബ്ലൗസിന്റെ സൈഡിൽ വെയ്ക്കുന്ന അമ്മയെ കണ്ടപ്പോൾ കയ്യിലിരുന്ന കുപ്പി പൊട്ടിച്ച് അടിവയറ്റിലേക്ക് കേറ്റാനാണ് എനിക്ക് ആദ്യം തോന്നിയത് .പക്ഷേ എന്തുകൊണ്ടോ എനിക്ക് അതിന് കഴിഞ്ഞില്ല.ഒലിച്ചിറങ്ങിയ കണ്ണുനീര് ആരും കാണാതെ തുടച്ച് നീക്കി ഞാൻ വിജനതയിലേക്കോടി.
പിന്നെ ഇന്ന് വരെ ഞാനാ സ്ത്രീയെ അമ്മയെന്ന് വിളിച്ചിട്ടില്ല അതിനും ശക്തമായൊരു കാരണം ഉണ്ട് പിന്നീടങ്ങോട്ട് എന്റെ എല്ലാ സംശയവും ശരിവെയ്ക്കുന്ന തരത്തിലായിരുന്നു അമ്മയുടെ ജീവിതം .അങ്ങിനെ ഒരു നാൾ SSLC പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയ ഞാൻ ലോകത്ത് ഒരു മകനും ഒരമ്മയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിലാണ് അന്ന് കണ്ടത്. കയ്യിലിരുന്ന ഹാൾ ടിക്കറ്റ് വലിച്ച് കീറി ഞാൻ അയാളുടെ അടുത്തേക്ക് നീങ്ങി. ഇറയത്തിരുന്ന പിച്ചാത്തി വലിച്ചൂരി അയാളെ ലക്ഷ്യമാക്കി ഞാൻ പാഞ്ഞടുത്തു .സർവ്വ ശക്തിയും എടുത്ത് അയാളെ കുത്താനായി കയ്യോങ്ങിയതും അമ്മ അയാളുടെ മുൻപിലേക്ക് കയറി നിന്നതും ഒരുമിച്ചായിരുന്നു. എന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ട് ഞാനാണ് അയാളെ ഇവിടെ വലിച്ച് കേറ്റിയത് അങ്ങനെയാണേൽ നിനക്ക് ആദ്യം എന്നെ തീർക്കാം എന്ന് പറഞ്ഞപ്പോൾ ആ കൊച്ച് പിച്ചാത്തി പിന്നെ അവർക്ക് നേരെ പൊങ്ങിയില്ല.
അടിമുടി തകർന്ന് നിന്ന എന്റെ കയ്യും പിടിച്ച് ആ തെരുവിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് അമ്മ എന്നേയും കൊണ്ട് പാഞ്ഞൂ. അവസാനം പൊട്ടി പൊളിഞ്ഞ ഒരു ഓലമേഞ്ഞ കൂരയ്ക്ക് മുൻപിൽ അമ്മ നിന്നു. അകത്തേക്ക് വിരൽ ചൂണ്ടി അടിവസ്ത്രം മാത്രം ധരിച്ച് കുടിച്ച് ബോധമില്ലാതെ കിടന്ന ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു. ഇതാണ് നിന്റെ അച്ഛൻ .നിന്റെ മാത്രമല്ല എന്റെയും.
അമ്മ പറഞ്ഞ വാക്കുകൾ ഒരു ഇടിത്തി വീണ പൊലെയാണ് എന്റെ കാതുകളിൽ മുഴങ്ങിയത്. ഒരു പതിനാറു വയസ്സുകാരിയിൽ സ്വന്തം മകളോട് തോന്നിയ ഒരു വാത്സല്യത്തിന്റെ ബാക്കിപത്രമാണ് ഞാൻ എന്ന് തിരിച്ചറിഞ്ഞപ്പോൾ ഭൂമി പിളർന്ന് താഴെ പോകുന്ന പൊലെയാണ് എനിക്ക് തോന്നിയത്. സ്വന്തം തന്ത കളഞ്ഞമാനം കാത്തു സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് അത് വിറ്റ് നിന്നെ നല്ല രീതിയിൽ വളർത്തുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി എന്ന് അമ്മ പറഞ്ഞ് തീർന്നപ്പോഴേയ്ക്കും അയാളുടെ നെഞ്ചിൽ എന്റെ കയ്യിലിരുന്ന പിച്ചാത്തി ഞാനൊരു ആറ് തവണയെങ്കിലും കുത്തിയിറക്കിക്കാണണം.
ഈ കാഴ്ച കണ്ട പാടെ അമ്മ അയാളുടെ നെഞ്ചിൽ നിന്നും എന്നെ വലിച്ച് താഴെയിട്ടു. ചോര പുരണ്ട കത്തി എന്റെ കൈയിൽ നിന്നും ബലമായി പിടിച്ച് വാങ്ങി എന്നെ ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു .ഒടുവിൽ ഇരുട്ടിലേക്ക് എന്നെ തള്ളിവിട്ട് ഓടി രക്ഷപ്പെടാൻ എന്നോട് ആവശ്യപ്പെട്ടു. അമ്മ സ്വയം പോലീസിന് കീഴടങ്ങുന്നത് വിദൂരതയിൽ നിന്നും നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞൊള്ളൂ. അമ്മ എന്ന രണ്ടക്ഷരത്തിന് ലോകത്തിൽ പ്രവചിക്കാനാത്ത മറ്റു ചില അർത്ഥങ്ങൾ കൂടി ഉണ്ടെന്ന് ആ ഒരൊറ്റ നിമിഷം കൊണ്ട് എനിക്ക് മനസ്സിലായി. അതിന് പകരം കൊടുക്കാൻ രണ്ടു തുള്ളി കണ്ണുനീർ മാത്രമേ എനിക്ക് അന്ന് ഉണ്ടായിരുന്നൊള്ളൂ അത് ഞാൻ സർവ്വ ചരാചരങ്ങളുടെ അമ്മയായ സാക്ഷാൽ ഭൂമിദേവിയ്ക്ക് സമർപ്പിച്ചു.
ശുഭം
രചന: സനൽ SBT

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot