Slider

::::::| മായാമയൂരം |::::::

0
Image may contain: Giri B Warrier, closeup
കഥ | ഗിരി ബി. വാരിയർ
************************
"ഏട്ടൻ ഇവിടെ വന്ന് കെടക്ക്വാ? അമ്മ താഴെ അന്വേഷിക്കുന്നുണ്ട്"
ശബ്ദം കേട്ട് ടെറസ്സിൽ മലർന്ന് കിടന്നിരുന്ന അപ്പു തലയുയർത്തി നോക്കി. അമ്മിണിയാണ്. അപ്പുവിനേക്കാൾ പന്ത്രണ്ട് വയസ്സ് ഇളയതാണ് അമ്മിണി.
"നീ താഴോട്ട് ചെല്ല് ഞാൻ വരാം. "
"ഏട്ടാ , എനിക്ക് അച്ഛനെ ഒന്ന് കാണാൻ കൊതിയാവുന്നു. അച്ഛൻ വിളിച്ചില്ല്യല്ലോ ഇതുവരെ.. എനിക്ക് പേടിയാവുന്നു." അമ്മിണി പറഞ്ഞു..
"പേടിക്കണ്ട മോളെ, അച്ഛൻ വരും. അച്ഛന്റെ കൈയ്യിൽ മൊബൈൽ ഇല്ലാത്തോണ്ടല്ലേ വിളിക്കാത്തെ..."
"ഞാൻ അമ്മയോട് ചോദിച്ചു, അച്ഛൻ എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന്, അമ്മ ഒന്നും പറയണില്ല്യ .."
"നീയ്യെന്തിനാ അമ്മിണി പിന്നേം പിന്നേം ഒരേ കാര്യം അമ്മ്യോട് ചോദിക്കണേ, അമ്മ പറഞ്ഞില്ല്യേ അമ്മ്യോടൊന്നും പറഞ്ഞില്ല്യാന്ന് ."
"നീ താഴെ ചെല്ല്, ഞാൻ ഇപ്പൊ വരാം."
ഒരുവിധം അമ്മിണിയെ താഴേക്ക് അയച്ചു. അമ്മ എന്തിനാണാവോ അന്വേഷിച്ചത്.
പത്ത് ദിവസമായി അച്ഛനെ കാണാതായിട്ട്. പതിവുപോലെ കാലത്ത് ജോലിക്ക് പോയതാണ്, വൈകീട്ടും തിരിച്ചുവന്നില്ല. ഓഫീസിൽ അന്വേഷിച്ചപ്പോൾ പത്തുദിവസത്തെ ലീവ് എഴുതിവെച്ച് പോയതാണത്രേ. അങ്ങിനെയാണെങ്കിൽ ഇന്നോ നാളെയോ അച്ഛൻ വരും. പക്ഷെ അമ്മയോടൊന്നും പറയാതെ അച്ഛൻ എങ്ങോട്ടും പോകാറില്ല.
അപ്പു താഴെ ചെന്നപ്പോൾ അമ്മ മുറിയിൽ കണ്ണടച്ചു കിടക്കുന്നത് കണ്ടു. വിഷമിപ്പിക്കണ്ട എന്ന് കരുതി അപ്പു തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ പൂർണ്ണിമ വിളിച്ചു.
"നീ കുറച്ചു മുൻപ് എന്തോ പറയാൻ വന്നിരുന്നു. അപ്പോഴേക്കും ആരോ വന്ന കാരണം നീ പോയി."
"അമ്മേ, ഞാൻ ആലോചിക്ക്യാ ..." അപ്പു ഒരു അർദ്ധവിരാമം ഇട്ടു.
"എന്താ.. നിർത്തീത് ? പറയൂ.."
"ഞാൻ ആ ക്യാമ്പസ് സെലക്ഷനിലൂടെ ലഭിച്ച ജോബ് ഓഫർ സ്വീകരിച്ചാലോന്നു് ആലോചിക്ക്യായിരുന്നു "
"വേണ്ട അപ്പു, ഇപ്പോ എന്താ പറ്റ്യേ നിനക്ക്, അച്ഛന്റെ വല്ല്യ മോഹല്ലേ നീ എംബിഎ ചെയ്യണമെന്ന് "
"അത് സാരല്ല്യ , രണ്ടു കൊല്ലം ജോലി ചെയ്തിട്ട് വേണെങ്കിൽ പഠിക്കാലോ. "
"എന്തായാലും നിന്റെ പരീക്ഷ കഴിയട്ടെ എന്നിട്ട് തീരുമാനിക്കാം."
"അമ്മേ , ഞാനൊന്ന് പുറത്തിറങ്ങിയിട്ട് വരാം. വീട്ടിലിരിക്കുമ്പോൾ തലയ്ക്ക് വട്ടുപിടിക്കുന്ന പോലെ തോന്നുണു "
"അങ്ങാടിയിൽ നിന്നും എന്തെങ്കിലും വാങ്ങണോയെന്ന് അമ്മമ്മയോട് ചോദിച്ചോളൂ.."
തലയാട്ടിക്കൊണ്ട് അപ്പു പുറത്തേക്ക് നടന്നു പോകുന്നതും നോക്കി പൂർണ്ണിമ ഇരുന്നു.
****
പത്തുദിവസം മുൻപ് ഈ വർഷത്തെ വിവാഹവാർഷികത്തിന് മുൻപൊരിക്കലും ഇല്ലാത്ത ഒരു ആഘോഷമായിരുന്നു. എന്തെങ്കിലും മനസ്സിൽ കണ്ടിട്ടായിരുന്നുവോ ആവോ ജയേട്ടൻ പെരുമാറിയിരുന്നത്. പൂർണ്ണിമ കണ്ണുകൾ അടച്ച് ഒരിക്കൽ കൂടി ആ വൈകുന്നേരത്തെ സംഭവവികാസങ്ങൾ മനസ്സിൽ പുനഃസൃഷ്ടിച്ചു നോക്കി. പക്ഷേ പ്രത്യേകിച്ചൊന്നും ഇല്ല, വളരെ സന്തോഷവാനായിരുന്നു,
അന്ന് ദിവസം മുഴുവൻ പുറത്തായിരുന്നു. സിനിമയും കണ്ട് രാത്രി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് വീട്ടിൽ വന്നതാണ്. ഇത്രയും കാലം ഇല്ലാത്ത ഒരു പുതിയ ശീലം തുടങ്ങിയതിന് അന്ന് ജയേട്ടനുമായി വഴക്കുകൂടിയിരുന്നു. ഓഫീസിൽ നിന്നും കിട്ടിയ ബോണസ്സ് ചെലവഴിച്ചാണ് ഇത്രയും ആർഭാടത്തോടെ വാർഷികം ആഘോഷിച്ചത്. വളരെ സൂക്ഷിച്ചേ ജയേട്ടൻ പണം ചിലവഴിക്കാറുള്ളു. അപ്പുവിന്റെ എഞ്ചിനീയറിംഗ് അവസാന വർഷം ആയി, അവനെ എം.ബി.എ ക്ക് ചേർക്കണം, അമ്മിണിയേ ഡോക്ടർ ആക്കണം എന്നൊക്കെ മോഹങ്ങൾ ഉണ്ടായിരുന്നതാണ്.
എങ്ങിനെ ഓർത്തിട്ടും ഇതിലപ്പുറം ഒന്നും ഓർമ്മ വരുന്നില്ല. വീട്ടിലെത്തിയപ്പോൾ തന്നെ വൈകിയിരുന്നു. അടുത്ത ദിവസം ജോലിക്ക് പോകാനുള്ളതിനാൽ വീട്ടിൽ എത്തിയ ശേഷം നേരെ ഉറങ്ങാൻ പോയി . സാധാരണ കുറച്ച സമയം ഇരുന്ന് ടിവി കാണാറുള്ളതാണ്, അന്ന് അതും ഉണ്ടായില്ല. എന്തെങ്കിലും പ്രശ്നം അലട്ടുന്നതായി തോന്നിയിട്ടില്ല തോന്നിയിരുന്നില്ല.
പൂർണ്ണിമയുടെയും ജയദേവന്റെയും വീട്ടുകാർ ജയദേവനെ കാണാതായത്തിന്റെ പിറേറ ദിവസം കാലത്ത് വന്നതാണ്. പാടത്തും പറമ്പിലും പണിക്കാരുള്ളതിനാൽ ജയദേവന്റെ അച്ഛനുമമ്മയും തിരിച്ചു പോയി.
വൈകീട്ട് ഏഴുമണി കഴിഞ്ഞപ്പോൾ അടുക്കളയിൽ കയറി. രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി എല്ലാവരും കഴിച്ച് കഴിഞ്ഞ് പാത്രങ്ങൾ കഴുകി വെച്ച് കിടന്നപ്പോൾ അമ്മിണി കൂടെ വന്ന് കിടന്നു.
"അമ്മേ, അച്ഛൻ എടുത്ത ലീവ് ഇന്ന് കഴിഞ്ഞില്ല്യേ, അച്ഛൻ വന്നില്ല്യല്ലോ. എനിക്ക് അച്ഛനെ കാണണം." അമ്മിണി ചിണുങ്ങാൻ തുടങ്ങി.
"അമ്മ ഒന്നും കൂടി ഓർത്ത് നോക്കൂ. അമ്മ്യോട് പറയാണ്ടെ അച്ഛൻ എവിടേം പോവ്വാറില്ലല്ലോ.."
"എന്നോടൊന്നും പറഞ്ഞിട്ടില്ല്യാ മോളെ, ഞാൻ കുറെ ഓർത്തു നോക്കി."
അപ്പു അപ്പോഴേക്കും പൂർണ്ണിമയുടെ മുറിയിലെത്തി അമ്മിണിയോട് കയർത്തു.
"അമ്മിണി, നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഓരോന്ന് ചോദിച്ച് അമ്മയെ വിഷമിപ്പിക്കരുതെന്ന് . നീ കിടന്ന് ഉറങ്ങാൻ നോക്ക്. "
പിന്നെ അമ്മിണി ഒന്നും ചോദിച്ചില്ല. അവൾ അമ്മയെ കെട്ടിപ്പിടിച്ചുകിടന്നു.
അപ്പുവിനും പ്രതീക്ഷയുണ്ടായിരുന്നു അധികം വൈകാതെ അച്ഛൻ തിരിച്ചുവരുമെന്ന്. വൈകുന്നേരം അങ്ങാടിയിൽ മത്തായിയുടെ തയ്യിൽ കടയിൽ അവസാനത്തെ ബസ്സും പോകുന്നതു വരെ കാത്തിരുന്നിരുന്നു. ഇത്രയും ചെറുപ്പത്തിൽ ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ അവന്റെ തോളിൽ ആവുമോ എന്ന ഭയമാണ് കൂടുതൽ അലട്ടുന്നത്.
ഓരോന്ന് ചിന്തിച്ച് എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമ്മയില്ല. കാളിംഗ് ബെൽ കേട്ടാണ് ഉണർന്നത്. മൊബെയിലിൽ നോക്കി, സമയം ഒന്നേമുക്കാൽ ആയിരിക്കുന്നു.
പതിയെ എഴുന്നേറ്റ് തലയിണ എടുത്ത് കിടന്നിരുന്നിടത്ത് വെച്ച് അമ്മിണിയുടെ കൈകൾ തലയിണയിൽ വെച്ചു. അപ്പോഴേക്കും കാളിംഗ് ബെൽ വീണ്ടും ശബ്‌ദിച്ചു. തലമുടി ഒതുക്കിക്കെട്ടി ഉലഞ്ഞ സാരി ശരിയാക്കി മുൻവശത്തെ വാതിൽ തുറന്നു. ഗ്രിൽ ഇട്ട് അടച്ചുറപ്പിച്ച വരാന്തയുടെ വാതിലിനുമുൻപിൽ ഇരുട്ടിന്റെ മറവിൽ ഒരാൾരൂപം. മുഖം ശരിക്കും കാണാനുണ്ടായിരുന്നില്ല. അപ്പോഴേക്കും പുറത്തെമുറിയിൽ നിന്നും അപ്പുവും ഇറങ്ങി വന്നു. സ്ഥലകാലബോധമില്ലാത്ത നിൽക്കുന്ന അമ്മയെ നോക്കി, പിന്നെ ഓടിപ്പോയി ഉമ്മറത്തെ ലൈറ്റ് ഇട്ടു.
“അമ്മേ.. അച്ഛൻ…ദേ അച്ഛൻ വന്നു.. ”
പൂട്ടിയിട്ടിരിക്കുന്ന ഗ്രിൽ തുറന്ന് അപ്പു പുറത്ത് നിന്നുരുന്ന ജയദേവനെ അകത്തേക്ക് കൊണ്ടുവന്ന് വരാന്തയിലെ സോഫയിൽ ഇരുത്തി.
"ഇതെന്തു കോലാ അച്ഛാ? എന്ത് പറ്റി ?" അപ്പു ചോദിച്ചു.
അപ്പോഴാണ് പൂർണ്ണിമയും ജയദേവനെ ശ്രദ്ധിച്ചത്.
ചെളി പുരണ്ട് വ്യത്തികെട്ട ഷർട്ടും, പകുതി നരച്ച താടി, തോളിൽ ഒരു മുഷിഞ്ഞ തുണിസഞ്ചി. അവശനായ അയാൾ സോഫയിൽ തലചായ്ച് ഒന്നും മിണ്ടാതെ ഇരുന്നു. കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അയാൾ സംസാരിക്കാൻ പറ്റാത്തത്രയും ക്ഷീണിതനായിരുന്നു.
"അപ്പു, നീ പോയി ഗീസർ ഓൺ ചെയ്ത് ചൂടുവെള്ളം പിടിക്ക്." പൂർണ്ണിമ അപ്പുവിനോട് പറഞ്ഞു
പുറത്തെ ശബ്ദകോലാഹലം കേട്ട് അപ്പോഴേക്കും പൂർണ്ണിമയുടെ അച്ഛനും അമ്മയും പുറത്തു വന്നു.
"ഭക്ഷണം കഴിച്ചിട്ട് നാല് ദിവസായി, എന്തെങ്കിലും കഴിക്കാൻ ഉണ്ടോ.." അയാൾ പറഞ്ഞൊപ്പിച്ചു.
"ഞാനിപ്പോൾ ദോശയുണ്ടാക്കാം, നീ പോയി അവന് കുളിക്കാൻ ഒന്ന് സഹായിക്ക്." അത്രയും പറഞ്ഞു അമ്മ വേഗത്തിൽ അടുക്കളയിലേക്ക് പോയി.
പൂർണ്ണിമ ജയദേവന്റെ കൈകൾ പിടിച്ച് കിടപ്പുമുറിയിലെ ബാത്റൂമിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും അപ്പു ചൂടുവെള്ളം കൊണ്ട് വെച്ചിരുന്നു.
കുളി കഴിഞ്ഞു വസ്ത്രങ്ങൾ മാറി പുറത്ത് വന്നപ്പോഴാണു് കട്ടിലിൽ അച്ഛൻ വന്നതൊന്നും അറിയാതെ ഉറങ്ങുന്ന അമ്മിണിയെ ശ്രദ്ധിച്ചത്. അയാൾ അമ്മിണിയുടെ കവിളിൽ ഒരുമ്മ കൊടുത്തു. ഗാഢമായ ഉറക്കത്തിലും അച്ഛന്റെ ഉമ്മയുടെ ഊഷ്മളത അമ്മിണി തിരിച്ചറിഞ്ഞു. അവൾ കണ്ണുകൾ തുറന്ന് അച്ഛനെ കണ്ടപ്പോൾ ചാടിയെഴുന്നേറ്റ് അയാളെ കെട്ടിപ്പിടിച്ചു.
"മോളെ, അച്ഛന് വയ്യ, അച്ഛൻ എന്തെങ്കിലും കഴിക്കട്ടെ, നീ കിടന്നോ..." പൂർണ്ണിമ പറഞ്ഞു.
"ഞാൻ അച്ഛന്റെ കൂടെ ഉറങ്ങിക്കൊളാം" അമ്മിണിയുടെ ഉറക്കം പമ്പ കടന്നു. അവൾ എഴുന്നേറ്റു. എല്ലാവരും കൂടി ഡൈനിങ് ടേബിളിനടുത്തേക്ക് പോയി.
അപ്പോഴേക്കും പൂർണ്ണിമയുടെ അച്ഛൻ ഫ്രിഡ്ജിൽ ചിരകി വെച്ചിരുന്ന തേങ്ങയെടുത്ത് പച്ചമുളക് കൂട്ടിയരച്ച് ചട്ണിയുണ്ടാക്കി വെച്ചിരുന്നു. ചൂടോടെ ഉണ്ടാക്കിയ ദോശയും, ചട്ണിയും കൂടെ കുടിക്കാൻ ഹോർലിക്‌സും എടുത്തു.
ദോശ പൊട്ടിച്ച് ആദ്യത്തെ കഷ്ണം അമ്മിണിയുടെ വായിൽ കൊടുത്തു, അടുത്തത് അപ്പുവിനും.
"അവർക്ക് കൊടുക്കാണ്ടെ നിങ്ങള് കഴിക്കൂ." പൂർണ്ണിമ പരിഭവം കലർന്ന ഭാഷയിൽ പറഞ്ഞു.
ഭക്ഷണം കഴിച്ചുകഴിഞ് എല്ലാവരും ഡ്രോയിങ് റൂമിൽ വന്നിരുന്നു.
"ഇനി പറയൂ, എവിട്യായിരുന്നു കഴിഞ്ഞ പത്ത് ദിവസമായി." പൂർണ്ണിമ അറിയാൻ തിടുക്കം കൂട്ടി.
അപ്പുവും, അമ്മിണിയും കഥകേൾക്കാനെന്ന പോലെ രണ്ടുവശത്തും ഇരുന്നു.
"തിങ്കളാഴ്ച്ച ഞാൻ ഓഫിസിൽ നിന്നും ബാങ്കിലെ ചില കാര്യങ്ങൾക്കായി പുറത്തു പോയി. പെട്ടെന്ന് എന്റെ മൂക്കിൽ നിന്നും ചോര വരാൻ തുടങ്ങി. ഇതിനുമുൻപും ഇതുപോലെ ഉണ്ടായിട്ടുണ്ട്. നട്ടുച്ചവെയിലിന്റെ ചൂടേറ്റിട്ടാവാമെന്ന് അറിയാമെങ്കിലും അടുത്തുള്ളൊരു ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു. അദ്ദേഹവും പറഞ്ഞത് ഇത് ചൂടിന്റെ ആവും എന്നാലും സംശയ ദൂരീകരണത്തിനുവേണ്ടി ഒരു രക്തപരിശോധനചെയ്യാൻ പറഞ്ഞു.
അങ്ങിനെ ആ ക്ലിനിക്കിൽ തന്നെ രക്തം പരിശോധിക്കാൻ കൊടുത്ത് ഞാൻ ബാങ്കിലെ പണി തീർക്കാൻ പോയി. തിരിച്ചു ചെന്ന് റിപ്പോർട്ട് വാങ്ങി. റിപ്പോർട്ട് ശേഖരിക്കാൻ വരുന്നയാളോട് ഡോക്ടറെ കാണണം എന്ന് ഒരു നോട്ട് എഴുതിവെച്ചിരുന്നു. ഞാൻ ഡോക്ടറെ കണ്ട് റിപ്പോർട്ട് കാണിച്ചുകൊടുത്തു.
റിപ്പോർട്ടിൽ എന്തോ പന്തികേടുണ്ടെന്ന്ഊഹിച്ചു എന്നും അതെന്താണെന്ന് തുറന്നു പറയണമെന്നും ഞാൻ ഡോക്ടറെ നിർബന്ധിച്ചു. വൈറ്റ് ബ്ലഡ് സെൽ പരാമീറ്ററുകൾ ശരിയല്ല അതിനാൽ കൂടുതൽ പരിശോധനകൾ കഴിഞ്ഞാലേ ശരിയായ രോഗനിർണ്ണയം ചെയ്യാൻ പറ്റു, അതിന് അദ്ദേഹം മറ്റൊരു ഡോക്ടർ വിക്രമൻ നമ്പൂതിരിയുടെ പേരിൽ കത്ത് തന്നു.
ഒരായിരം ചിന്തകൾ മനസ്സിലൂടെ കടന്നുപോയി. ആശുപത്രിയിൽ നിന്നും ഇറങ്ങി മൈതാനം മുറിച്ചുകടന്ന് അമ്പലത്തിന്റെ ആൽത്തറയിൽ നിവർന്ന് കിടന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗൂഗിളിൽ പരതി നോക്കി. കിട്ടിയ ഉത്തരങ്ങൾ കണ്ടപ്പോൾ കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി. ലോകം കീഴ്മേൽ മറിയുകയായിരുന്നു. രക്താർബുദം എന്ന മാരകരോഗത്തിലേക്കാണ് അവ വിരൽ ചൂണ്ടിയത്.
ചികിത്സയില്ലാത്ത ഒരസുഖം, അതിന്റെ ചിലവുകൾ, ഉണ്ടാക്കിയ വീടും സമ്പാദ്യവും എല്ലാം വിറ്റുപെറുക്കി ഒരു ചികിത്സ, എന്നിരുന്നാലും അവസാനം മരണം തന്നെയാവും ഫലം. കാര്യമായിട്ടൊന്നും സമ്പാദിച്ചിട്ടില്ല, ഉള്ളതെല്ലാം വിൽക്കുന്നതിനെപ്പറ്റി ഓർക്കുക കൂടി വയ്യ.
ഒരുവിധം മനസ്സിനെ പാകപ്പെടുത്തി, എല്ലാം ഉപേക്ഷിച്ച് ആരുമറിയാത്ത ഏതെങ്കിലും ഒരു സ്ഥലത്തുപോയി മരണം കാത്ത് കിടക്കുക. മനസ്സിൽ ഒരു ദൃഢനിശ്ചയം ഉടലെടുത്തു. എഴുന്നേറ്റ് അമ്പലനടയിലേക്ക് നോക്കി അയ്യപ്പസ്വാമിയെ മനസ്സിലോർത്തു കൈകൂപ്പി ഒരു നിമിഷം നിന്നു, പിന്നെ നേരെ ഓഫീസിലേക്ക് പോയി. പത്തുദിവസത്തെ ലീവിന് അപേക്ഷിച്ച്, ഓഫീസിൽ നിന്നും ഇറങ്ങി. മൊബൈൽ സിം ഊരിയെടുത്ത് ഓഫീസിലെ അലമാരിയിൽ ഫോൺ വെച്ച് പൂട്ടി. അവിടെനിന്നും നേരെ റെയിൽവേ സ്റ്റേഷനിലേക്ക്.
വരാണസിയിലേക്ക് പോകുന്ന വണ്ടിയിൽ പോകാൻ ടിക്കറ്റ് എടുത്തൂ . വണ്ടി വരാൻ വൈകുന്നതിനാൽ ഞാൻ വിശ്രമമുറിയിൽ കയറി ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ പ്രായം ചെന്ന ഒരാൾ വന്നു അടുത്തിരുന്നു. എവിടെയോ കണ്ടു മറന്ന പോലെ തോന്നി. പരിചയപ്പെട്ടപ്പോൾ ആണറിഞ്ഞത് നമ്മുടെ കോളനിയിൽ തന്നെ താമസിക്കുന്ന പ്രഭാകരന്റെ ഭാര്യാപിതാവ് കേശുനായർ ആണെന്ന് .
എന്റെ അസ്വസ്ഥത കണ്ട അദ്ദേഹം എന്നെപ്പറ്റി ചോദിച്ചു. ഞാൻ എല്ലാ വിവരവും അദ്ദേഹത്തോട് പറഞ്ഞു.
അദ്ദേഹം ശബരിമലയിൽ പോകാൻ തീവണ്ടി കാത്തിരിക്കുകയായിരുന്നു. ജീവിതത്തിൽ ഇതുപോലെ പരീക്ഷണങ്ങളിലൂടെ എല്ലാവർക്കും ഒരിക്കൽ കടന്നു പോകണ്ടി വരുമെന്നും അതിനെ തരണം ചെയ്യാൻ കഴിഞ്ഞാൽ അതാണ് ശരിയായ വിജയം എന്നും മറ്റും അദ്ദേഹം ഉപദേശിച്ചു.
അദ്ദേഹത്തിന്റെ കൂടെ മരുമകൻ വരാൻ ഇരുന്നതാണെന്നും അയാൾക്ക് പെട്ടെന്ന് അസുഖം ആയതിനാൽ അയ്യപ്പദർശനം മുടക്കരുതെന്ന് കരുതി ഇറങ്ങിത്തിരിച്ചതാണെന്നും പറഞ്ഞു.
അദ്ദേഹത്തിന്റെ കൂടെ ശബരി മല ദർശനത്തിന് കൂട്ടുവരാൻ പറ്റുമോ എന്ന് ചോദിച്ചു. വർഷങ്ങളായി ശബരിമല യാത്ര മുടങ്ങിയിരുന്നു. എനിക്കും തോന്നി മരിക്കുന്നതിന് മുൻപ് സ്വാമിയേ കണ്ട് ഒന്ന് പ്രാർത്ഥിക്കാമെന്ന്.
അങ്ങിനെ അദ്ദേഹത്തിന്റെ കൂടെ ശബരിമലയിലേക്ക് പുറപ്പെട്ടു. പോക്കറ്റിൽ കരുതിയ കുറച്ചു രൂപയല്ലാതെ മറ്റൊന്നും എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് എന്നെ അദ്ദേഹം കൊണ്ടുപോകുകയായിരുന്നു. ചെങ്ങന്നൂർ വരെ ട്രെയിനിൽ പോയി പിന്നെ ബസ്സിൽ എരുമേലിയിൽ എത്തി. അവിടെ നിന്നും കരിമലവഴി ശബരിമലയിലേക്ക് നീളുന്ന കാനന പാതയിലൂടെ അദ്ദേഹം എന്നെ കൊണ്ടുപോയി.
പ്രായാധിക്ക്യം മൂലം അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. അതിനാൽ വളരെ പതുക്കെയായിരുന്നു യാത്ര. വഴിനീളെ ഇതിഹാസങ്ങളും ഐതിഹ്യങ്ങളും പറഞ്ഞുതന്നു. വഴിയിൽ ഒക്കെ വിശ്രമിച്ച് , വെള്ളവും പഴങ്ങളും മാത്രം ഭക്ഷിച്ച് ആറാം ദിവസം ശബരിമലയിൽ എത്തി. രണ്ട് ദിവസം അവിടെ ചിലവഴിച്ചു. ആവോളം അയ്യപ്പസ്വാമിയെ കണ്ട് തൊഴുതു. മനസ്സ് നിറഞ്ഞാണ് തിരിച്ചുപോന്നത്. തിരികെ പമ്പയിൽ എത്തിയപ്പോഴേക്കും അദ്ദേഹത്തിന് ക്ഷീണം തുടങ്ങി.
ആ യാത്ര വലിയൊരു ശക്തിയാണ് പകർന്നത്. ജീവിതത്തിൽ ഇനിയും എന്തൊക്കെയോ ചെയ്യാനുണ്ടെന്ന തോന്നൽ. രാത്രി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. ഭാഗ്യത്തിന് കൈയ്യിൽ നൂറു രൂപ മിച്ചമുണ്ടായിരുന്നു. ഒരു ഓട്ടോ പിടിച്ച് അദ്ദേഹത്തെ പ്രഭാകരന്റെ വീട്ടിലേക്ക് കയറ്റി വിട്ട് ആ ഓട്ടോയിൽ തന്നെ ഞാൻ ഇങ്ങുപോന്നു.
എനിക്ക് വല്ലാത്ത ക്ഷീണം പോലെ. എനിക്കൊന്ന് ഉറങ്ങണം. "
"അച്ഛാ, ഞങ്ങൾക്ക് ഈ സ്വത്തും ഭൂമിയുമൊന്നുമല്ല, അച്ഛനാണ് വലുത്. എല്ലാം വിറ്റിട്ടായാലും അച്ഛനെ ഞാൻ ചികിത്സിക്കും . ഞാൻ എനിക്ക് കിട്ടിയ ജോലി സ്വീകരിച്ചു. അച്ഛൻ ഒന്നുകൊണ്ടും പേടിക്കണ്ട.."
അയാൾ മകനെ കെട്ടിപ്പിടിച്ചു. കണ്ടുനിന്ന അമ്മിണിയും ഓടിവന്ന് അച്ഛനെ കെട്ടിപ്പിടിച്ചു.
"അച്ഛന്റെ ആ ടെസ്റ്റ് ചെയ്തതിന്റെ റിപ്പോർട്ട് ഒക്കെ എവിടെയാണ് ? നാളെത്തന്നെ നമുക്ക് ആ ഡോക്ടറേ പോയിക്കാണണം." അപ്പു ചോദിച്ചു.
"എല്ലാം എന്റെ ഓഫീസിൽ മേശയിൽ പൂട്ടി വെച്ചിട്ടുണ്ട്.."
എല്ലാവരും ഉറങ്ങാൻ അവരവരുടെ മുറിയിൽ പോയി. അമ്മിണി അച്ഛന്റെയും അമ്മയുടെയും കൂടെ കിടന്നു.
"നീ ഉറങ്ങിയോ .."
അമ്മിണിയെ ഉറക്കിക്കിടത്തി, കണ്ണടച്ച് കിടന്നിരുന്ന പൂർണ്ണിമയോട് അയാൾ ചോദിച്ചു.
പരിഭവം നിറഞ്ഞ ഒരു മൂളലായിരുന്നു മറുപടി.
"വേണ്ട, എന്നോട് മിണ്ടണ്ട. ഒരു നിമിഷം പോലും എന്നെയും കുട്ടികളെയും കുറിച്ച് നിങ്ങൾ ഓർത്തില്ല. നിങ്ങളുടെ അച്ഛനേയും അമ്മയെയും കുറിച്ചോർത്തില്ല. നിങ്ങളുടെ സ്വത്തും പണവും കണ്ടിട്ടല്ല ഞങ്ങൾ സ്നേഹിച്ചത്.."
"എന്നോട് ക്ഷമിക്ക് പാറൂ.. ഞാൻ ഏതോ മായാലോകത്തായിരുന്നു. ബോധമില്ലാതെ എന്തൊക്കെയോ ചെയ്തുകൂട്ടി.."
പൂർണ്ണിമ അയാളെ കെട്ടിപ്പിടിച്ചു.
"പാറൂ .. ഞാൻ മരിക്ക്വോ ?"
"ഇല്ല്യ ജയേട്ടാ , നിങ്ങൾക്കൊന്നും സംഭവിക്കില്ല്യ, ഇതൊക്കെ മാറും.."
"കുട്ട്യോൾടേം നിന്റെം കൂടെ ജീവിച്ചുമത്യായില്ല ..എനിക്ക് മരിക്കണ്ട പാറൂ...." അയാൾ കൊച്ചുകുട്ടികളെപ്പോലെ വിതുമ്പിക്കരയാൻ തുടങ്ങി.
"ജയേട്ടാ..നിങ്ങൾ ഇങ്ങിനെ തുടങ്ങിയാൽ എങ്ങിന്യാ.. നിങ്ങൾക്കൊന്നും സംഭവിക്കില്ല്യ. ദൈവം നമ്മളെ കൈവിടില്ല്യ..എനിക്കുറപ്പുണ്ട്. നിങ്ങൾ ഇപ്പോൾ ഉറങ്ങൂ. നാളെ കാലത്തു തന്നെ പോയി ആ ഡോക്ടറെ കാണണം."
കാലത്തെഴുന്നേറ്റ് അയാൾ ഷേവ് ചെയ്തു കുളിച്ചുവന്നപ്പോഴേക്കും അമ്മിണി സ്‌കൂളിൽ പോകാൻ തായാറായിട്ടുണ്ടായിരുന്നു. അച്ഛൻ തിരിച്ചുവന്നതിന്റെ സന്തോഷം അവളുടെ ഓരോ പ്രവൃത്തിയിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു.
അപ്പുവും പൂർണ്ണിമയും ജയദേവനും കൂടി ഓഫീസിൽ പോയി ടെസ്റ്റ് റിപ്പോർട്ടും എടുത്ത് ഡോക്ടർ വിക്രമൻ നമ്പൂതിരിയെ കാണാൻ പോയി.
ഡോക്ടറുടെ അസിസ്റ്റന്റ് അവരെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൊണ്ടുപോയി. അല്പസമയം കഴിഞ്ഞപ്പോൾ റൗണ്ടിന് പോയിരുന്ന ഡോക്ടർ നമ്പൂതിരി മുറിയിലേക്ക് വന്നു.
ഡോക്ടർ തന്ന ലെറ്ററും ടെസ്റ്റ് റിപ്പോർട്ടും അദ്ദേഹത്തിന് കൊടുത്തു. ലെറ്റർ തുറന്നു വായിച്ചിട്ട് ചോദിച്ചു.
"മിസ്റ്റർ ജയദേവൻ, നിങ്ങളുടെ ഫോൺ എവിട്യാണ് ?"
"അത് കൈമോശം വന്നുപോയി... എന്തുപറ്റി."
"കഴിഞ്ഞ പത്ത് ദിവസം ആയി നിങ്ങളെ ഇങ്ങോട്ട് റെഫർ ചെയ്ത ഡോക്ടർ ആനന്ദ് എന്നെ ദിവസവും വിളിക്കും നിങ്ങൾ എത്തിയോ എന്നറിയാൻ.."
"എന്ത് പറ്റി ഡോക്ടർ ?"
"നിങ്ങളുടെ രക്തം ഒന്നുകൂടി പരിശോധിക്കണം. അന്ന് ചെയ്ത റിപ്പോർട്ടിൽ എന്തോ പ്രശ്നം ഉണ്ടായിരുന്നു. ജയദേവ് എന്ന അതേ പേരിൽ മറ്റൊരാളും രക്തം കൊടുത്തിരുന്നു. പ്രശ്നം ഒന്നുമില്ലെന്ന് പറഞ്ഞു പോയ അയാൾ രണ്ടു ദിവസം കഴിഞ് വീണ്ടും അഡ്മിറ്റ് ആയി അപ്പോഴാണ് മനസ്സിലായത് റിപ്പോർട്ട് മാറിയിട്ടുണ്ടാവാം എന്ന്, രണ്ടാമതും പരിശോധിച്ചപ്പോൾ അയാൾക്ക് കാൻസർ ആണെന്ന് കണ്ടെത്തി. അന്ന് മുതൽ നിങ്ങളുടെ മൊബൈൽ കിട്ടാൻ ശ്രമിക്കുകയാണ്. നിങ്ങളുമായി ബന്ധപ്പെടാൻ മറ്റൊരു മാർഗ്ഗവും ഇല്ലായിരുന്നു."
വിശ്വസിക്കാൻ പറ്റുന്നതിനും അപ്പുറത്തായിരുന്നു എല്ലാം. ഡോക്ടർ പറഞ്ഞതനുസരിച്ച് വീണ്ടും രക്തം പരിശോധിച്ചു, എല്ലാം നോർമൽ ആണെന്ന് പറഞ്ഞപ്പോൾ ആണ് അവർക്ക് ശ്വാസം നേരെ വീണത്. ആശുപത്രിയിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ മുൻപ് കണ്ട രക്തം പരിശോധിച്ച ആശൂപത്രിയിലെ ഡോക്ടർ ആനന്ദ് അങ്ങോട്ടെത്തി. കുറെ മാപ്പ് പറഞ്ഞു, തെറ്റിന് എന്ത് പ്രായശ്ചിത്തം ചെയ്യാനും അദ്ദേഹം തയ്യാറാണെന്നു പറഞ്ഞുവെങ്കിലും, എല്ലാം ശരിയായല്ലോ എന്ന സന്തോഷത്തിൽ വീട്ടിലേക്ക് തിരിച്ചു.
വീട്ടിൽ അമ്മയേയും അച്ഛനേയും എല്ലാവരെയും ഈ സന്തോഷ വർത്തമാനം അറിയിച്ചു.
തിരികെ പോരുമ്പോൾ അങ്ങാടിയിൽ മൊബൈൽ ഷോപ്പിൽ കയറി പുതിയ സിം വാങ്ങുമ്പോൾ, ബസ്സ് ഇറങ്ങി വരുന്ന പ്രഭാകരനെ കണ്ടു. വൈകുന്നേരം അച്ഛനെ കാണാൻ വീട്ടിൽ വരാം എന്ന് അയാളോട് പറഞ്ഞു.
വൈകീട്ട് പൂർണ്ണിമയെയും കൂട്ടി പ്രഭാകരന്റെ വീട്ടിൽ പോയി. പൂമുഖത്ത് തന്നെ പ്രഭാകരനും അച്ഛനും കാത്തിരിക്കുന്നുണ്ടായിരുന്നു.
കുശലാന്വേഷങ്ങൾക്കിടയിൽ ഭാര്യയെ കണ്ടില്ലല്ലോ എന്ന് പൂർണ്ണിമ ചോദിച്ചു.
"അപ്പോൾ നിങ്ങൾ അറിഞ്ഞില്ലേ, അവള് അവള്ടെ വീട്ടിലാ, അച്ഛൻ മരിച്ചു."
"രജനിയുടെ അച്ഛനോ? എപ്പോൾ" ആകാംക്ഷയോടെ പൂർണ്ണിമ ചോദിച്ചു.
"നാളെയാണ് അടിയന്തിര കർമ്മങ്ങൾ. അതറിഞ്ഞ് വന്നതാണെന്നാണ് ഞാൻ കരുതിയത്. അദ്ദേഹം ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരിക്കുകയായിരുന്നു. കെട്ടുനിറക്കുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറാക്കി അന്ന് ഉച്ചയ്ക്കാണ് പെട്ടെന്ന് ഒരു ഹ്യദയസ്തംഭനം. ആശുപത്രിയിൽ എത്തിയില്ല, അതിനുമുമ്പേ കഴിഞ്ഞു.."
കേശുനായരുടെ ചരമവാർത്ത അച്ചടിച്ചുവന്ന പഴയ പത്രം നീട്ടിക്കൊണ്ട് പ്രഭാകരൻ പറഞ്ഞു.
പത്രവാർത്തയിലെ ഫോട്ടോയിലുള്ള കേശുനായർ തന്നെ നോക്കി ചിരിക്കുന്ന്നതുപോലെ ജയദേവന് തോന്നി.
വീട്ടിലെത്തിയ ഉടനെ പൂർണ്ണിമ അകത്ത് മുറിയിൽ പോയി തലേന്ന് രാത്രി വരുമ്പോൾ ജയദേവന്റെ തോളത്ത് കിടന്നിരുന്ന ബാഗ് പരിശോധിച്ചു, അതിൽ നിന്നും ഒരു ബോട്ടിൽ അരവണയും, ഇലയിൽ പൊതിഞ്ഞു വെച്ച പ്രസാദവും കിട്ടി. പിന്നെ ചെങ്ങന്നൂർ നിന്ന് തൃശ്ശൂർക്ക് ഉള്ള ഒരു ട്രെയിൻ ടിക്കറ്റും...
(അവസാനിച്ചു)
ഗിരി ബി. വാരിയർ
20 സെപ്റ്റംബർ 2019
©copyrights protected
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo