---------------------------------------
അവൾ എന്റെ കൊച്ചു വീട്ടിലേക്ക് വിശേഷങ്ങൾ അന്വേഷിച്ചു വരികയായിരുന്നു.
പുതുതായ താമസക്കാരായതിനാൽ അയൽപക്കത്തുള്ളവരുടെയും , എന്ന് വേണ്ട ആ ഗ്രാമത്തിലെ മുഴുവൻ വിശേഷങ്ങളും അവൾ എനിക്ക് വാതോരാതെ വിളമ്പിത്തരും.
അബ്ദുൽ വാഹിദ് ലബ്ബയുടെ മകൻ ഷാഹിർഷായുടെ നികാഹ് നടന്നതും, ശ്യാമള ചേച്ചിയുടെ വീട്ടിലെ ചുവന്ന പട്ടി അവളെ ഓടിച്ചതും, സഖാവ് കണാരേട്ടൻ പുതിയ സൂപ്പർമാർക്കറ്റ് തുറന്നത്, രമേശനും, അർച്ചനയും തമ്മിലുള്ള പ്രേമം, അങ്ങനെ അവൾക്ക് എന്നോട് പങ്കുവെക്കാൻ അനേകം വിശേഷങ്ങൾ കാണും. അവൾക്ക് മുന്നിൽ കേൾക്കാനിരുന്നു കൊടുത്തു എന്റെ സമയം പാഴാക്കുകയൊന്നും വേണ്ട. അവൾ എന്നോടൊപ്പം കൂടി വീട്ടു ജോലികളിൽ സഹായിച്ചുകൊണ്ട് എല്ലാം പറഞ്ഞുകൊണ്ടിരുന്നോളും . ഞാനൊന്ന് മൂളിക്കൊടുത്താൽ മാത്രം മതി.
അങ്ങനെ അവളെന്റെ കൈ സഹായി കൂടിയായി. എന്റെ പ്രായം തന്നെയാവാം അവൾക്കും.. അല്ലെങ്കിൽ ഒന്നോ രണ്ടോ വയസ്സ് മൂത്തതാണോ ? ഞാൻ അവളോട് വയസ്സ് ചോദിച്ചിരുന്നില്ല. എന്നും വന്നു കയറി എന്റെ സഹോദരിയെപ്പോലെയോ, സുഹൃത്തിനെപ്പോലെയോ പെരുമാറുന്ന അവളോട് പ്രായം ചോദിക്കാൻ ഞാൻ മറന്നു എന്നതാണ് സത്യം.
പതിമൂന്നാം വയസ്സിൽ നസീമയുടെ നികാഹ് കഴിഞ്ഞതാണെന്ന് റുഖിയയാണ് പറഞ്ഞു തന്നത്. റുഖിയ - എന്റെ ഭർത്താവ് ഷാഫിയുടെ മരുമകൾ അവിടെ തന്നെ ജനിച്ചു വളർന്നവളാണ്. അവൾക്ക് നസീമയുടെ കുടുംബത്തെ നല്ലപോലെ അറിയാം.
നസീമയെ കെട്ടിയതൊരു മുഴുക്കുടിയൻ... പതിമൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ നസീമക്കും കെട്ടിയോൻ സുൽഫിക്കും ഭാഗ്യമുണ്ടായില്ല.
ചിലപ്പോൾ എന്തെങ്കിലും ഭക്ഷണപ്പൊതികളുമായാവും എന്റടുത്തേക്കുള്ള അവളുടെ വരവ്.
"ഞാനും ഉമ്മയും കൂടി ഇന്ന് വീട്ടിൽ ഉണ്ടാക്കിയതാ , കുറച്ച് നിനക്ക് തരാൻ ഞാനിങ്ങെടുത്തു"..
"ഭക്ഷണം നല്ല രുചിയുണ്ടായിരുന്നുവെന്ന്" പിന്നീട് അവളെ കാണുമ്പോൾ ഞാൻ കള്ളം പറയും .
വല്ലപ്പോളും മാത്രമേ അവൾ കുളിക്കാറുണ്ടായിരുന്നുള്ളൂ എന്നെനിക്ക് തോന്നിയിട്ടുണ്ട്. എന്റെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ അവളുടെ സഹായം സ്വീകരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.
വീട്ടിൽ സന്ധ്യാ സമയത്ത് മാത്രം ജോലി കഴിഞ്ഞ് എത്താറുള്ള ഷാഫി - ഞാൻ പൂർണ്ണഗർഭിണിയായിരുന്ന സമയത്ത്, പല ദിവസങ്ങളിൽ , ഷാഫി വീട്ടിലെത്തുന്നത് വരെ അവളെനിക്ക് കൂട്ടിരിന്നിട്ടുണ്ട്.
അവളുടെ കുടുംബപാശ്ചാത്തലമൊക്കെ കുഴപ്പമില്ലാത്തതാണെന്ന് റുഖിയ പറഞ്ഞു ഞാനറിഞ്ഞിരുന്നു.
സാമ്പത്തിക ശേഷിയുള്ള രണ്ട് സഹോദരന്മാർ .. കുടുംബപരമായും കുറച്ച് സ്വത്തുവകകളൊക്കെ ഉള്ള ചുറ്റുപാടുകൾ..
വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ, ഭർത്താവിന്റെ വീട്ടിൽ അമ്മായിയമ്മപ്പോരും പകയും വർദ്ധിച്ചപ്പോൾ സുൽഫി അവളുടെ സ്വന്തം ഉമ്മയുടെ അടുത്ത് കൊണ്ട് ചെന്നാക്കി , മൈസൂരിൽ ജോലി ചെയ്യുന്ന ഷാഫി, എല്ലാ മാസവും അവളെ കാണാനെത്തും. രണ്ടോ മൂന്നോ ദിവസങ്ങൾ അവളുടെ കൂടെ കഴിയും, പേരിന് വല്ലതും ചെലവിനുള്ള കാശായി നൽകും.
പെട്ടെന്ന് എന്റെ വീട്ടിലേക്കുള്ള അവളുടെ വരവ് അൽപ്പം കുറഞ്ഞത് പോലെ..
പിന്നെ ആ വരവ് തീരെ നിലച്ചു !, നസീമക്ക് എന്ത് സംഭവിച്ചുവെന്നറിയാനുള്ള ആകാംക്ഷയിൽ ഒരു ദിവസം റുഖിയയോട് ഞാൻ അവളെക്കുറിച്ച് അന്വേഷിച്ചു. അവൾക്കും അറിയില്ല പോലും !
മാസങ്ങൾ പിന്നിട്ടു, അവളെക്കുറിച്ച് പ്രദേശത്തുള്ളവർ തന്നെ മറന്നുവോ ?!,
പെട്ടെന്നൊരുനാൾ അവൾ എന്റെ വീട്ടിലെത്തി !, തലമുടി കുറേഭാഗം കൊഴിഞ്ഞിരിക്കുന്നു, കവിളൊട്ടി,, മുൻപുണ്ടായിരുന്നത്രയും സൗന്ദര്യവും , ശാരീരിക ശുദ്ധിയും ഇല്ലായെന്ന് തോന്നി ! എന്ത് പറ്റി അവൾക്ക് ?
ആരോഗ്യം തീരെ ക്ഷയിച്ചിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും.
ഭക്ഷണം ചോദിച്ചു വാങ്ങുന്നത് പതിവില്ലാത്ത അവൾ, എന്നോട് എന്തെങ്കിലും കഴിക്കാൻ നൽകാൻ ആവശ്യപ്പെട്ടു തുടങ്ങി . വീട്ടിൽ തയ്യാറുണ്ടായിരുന്ന കഞ്ഞിയോ , ദോശയോ ഞാനവൾക്ക് കൊടുക്കും.
ദിവസങ്ങൾ പിന്നിടവേ, അയൽവാസികളാരും അവളെ അവരുടെ വീട്ടിൽ കയറ്റാതെയായി.
അവളെ കാണുമ്പോൾ തന്നെ അവർ വാതിലുകൾ കൊട്ടിയടച്ചു. 'അജ്ഞാത രോഗം ബാധിച്ചവൾ' തങ്ങളുടെ വീട്ടിൽ കയറേണ്ടെന്ന് അവർ അലിഖിത നിയമം പാസ്സാക്കി ..
അവളെ കാണുമ്പോൾ തന്നെ അവർ വാതിലുകൾ കൊട്ടിയടച്ചു. 'അജ്ഞാത രോഗം ബാധിച്ചവൾ' തങ്ങളുടെ വീട്ടിൽ കയറേണ്ടെന്ന് അവർ അലിഖിത നിയമം പാസ്സാക്കി ..
അവൾ വീട്ടിൽ വരാറുണ്ടെന്നറിയാമായിരുന്ന ഷാഫി എന്നെ വിലക്കി .
"കമർബാൻ , നീ ഇനി നസീമയെ വീട്ടിൽ കയറ്റരുത്. കൊച്ചു കുട്ടികളുള്ള വീടാ നമ്മുടേത് , എന്ത് രോഗം പേറിയാ അവളിവിടെയൊക്കെ കറങ്ങി നടക്കുന്നതെന്നറിയാൻ പാടില്ലല്ലോ",
എന്നാലും അവൾക്ക് മുന്നിൽ ഞാൻ വീട് തുറന്നു കൊടുക്കും. എനിക്കാ മനുഷ്യ ജീവിയെ ആട്ടിപ്പായിക്കാൻ മനസ്സ് വരില്ലായിരുന്നു.
ഞാനവൾക്ക് വീട്ടിലുള്ള ഭക്ഷണം നൽകുന്നത് തുടർന്നു .. ഒന്നുമില്ലെങ്കിൽ ചൂടുവെള്ളമെങ്കിലും അനത്തിക്കൊടുക്കും..
ഒരിക്കൽ അവളെന്നോട് ചോദിച്ചു...
"കമർബാൻ , നീ എന്നെയൊന്ന് ആശുപത്രിയിൽ കൊണ്ടുപോകുമോ ? , എന്റെ കയ്യിൽ കാശുമില്ല, കൊണ്ടു പോകാൻ ആരും തയ്യാറുമല്ല , എനിക്ക് തീരെ വയ്യാത്തോണ്ടാ കമർബാൻ "..
എന്റെ കണ്ണിൽ നിന്നുള്ള കണ്ണുനീർത്തുള്ളികളായിരുന്നു , എന്നോടുള്ള അവളുടെ ഏറ്റവും വലിയ ഈ അപേക്ഷക്ക് മറുപടി പറഞ്ഞത്.
മുലകുടിപ്രായത്തിലുള്ള മകനെ വീട്ടിലാക്കിയോ, ഇനി അവനെയും കൂടെ കൂട്ടിയോ നസീമയെ ആശുപത്രിയിൽ കൊണ്ടുപോകാൻ എനിക്ക് സാധ്യമല്ലായിരുന്നുവല്ലോ. കൂടാതെ,
ഷാഫിയുടെ താക്കീതും.. "നസീമയെ വീട്ടിൽ കയറ്റരുതെന്ന് ", എല്ലാറ്റിനുമുപരി , ആശുപത്രി ചെലവിന് എന്റെ കയ്യിൽ ചില്ലിക്കാശുമില്ല !? ഞാൻ ശരിക്കും നിസ്സഹായയായിരുന്നു.
ഷാഫിയുടെ താക്കീതും.. "നസീമയെ വീട്ടിൽ കയറ്റരുതെന്ന് ", എല്ലാറ്റിനുമുപരി , ആശുപത്രി ചെലവിന് എന്റെ കയ്യിൽ ചില്ലിക്കാശുമില്ല !? ഞാൻ ശരിക്കും നിസ്സഹായയായിരുന്നു.
ദുരൂഹമായിരുന്നു അവളുടെ രോഗം!
കുറച്ചു ദിവസങ്ങൾ തന്നെയായി അവളെ ഈ വഴിക്ക് കണ്ടിട്ട്, എന്ത് പറ്റിയോ ആവോ ? അന്ന് രാത്രി ഞാൻ അവളെക്കുറിച്ചും അവൾ എന്നോട് ഇത് വരെ ആവശ്യപ്പെട്ട, ഏക സഹായത്തെക്കുറിച്ചുമെല്ലാം ആലോചിച്ചു, ഉറക്കം വന്നില്ല..
പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് , റുഖിയ എന്റെ വീട്ടിൽ ഓടിപ്പിടിച്ചെത്തി. ധൃതിയിൽ വാതിലിൽ മുട്ടി .
വാതിൽ തുറന്ന എന്നോട് കിതച്ചു കൊണ്ട് പറഞ്ഞു
"നീ ഇതുവരെ അറിഞ്ഞില്ലേ ",
"എന്ത് ?", കാര്യമൊന്നുമറിയാതിരുന്ന ഞാൻ , റുഖിയയുടെ പരവേശം കണ്ടപ്പോൾ ഞെട്ടലോടെ ചോദിച്ചു.
"നമ്മുടെ നസീമ ..അവൾ മരണപ്പെട്ടു .. ",
"നസീമ !! ങ്ഹേ, എപ്പോൾ ? ",
ഞാനിപ്പോളാ അറിഞ്ഞത്, അത്രയൊന്നും സമയമായിട്ടില്ല, നമുക്ക് പോകണ്ടേ അവളെ അവസാനമായി കാണാൻ ",
അവൾക്കെന്തോ അസുഖമുണ്ടെന്നറിയാമെങ്കിലും , ഇത്ര പെട്ടെന്നൊരു മരണം ഞാൻ പ്രതീക്ഷിച്ചതേയില്ല. അല്ലെങ്കിലും മരണം അനുവാദമില്ലാതെ കടന്നു വരുന്ന അതിഥിയല്ലെ... അവസാനമായി നമ്മെ കൂട്ടിക്കൊണ്ടു പോകാൻ..
എന്തോ എനിക്കവളെ ഇഷ്ടമായിരുന്നു.. അതൊരു സഹജീവിയോടുള്ള കരുണയോ, സഹോദരിയോടുള്ള കരുതലോ, സുഹൃത്തിനോടുള്ള സ്നേഹമോ ഒക്കെ ആയിരുന്നു. എന്റെ സാഹചര്യം അവൾക്ക് അനിവാര്യമായിരുന്ന പരിചരണം നൽകാൻ സാധിക്കാത്തതെങ്കിലും ഒരു കുറ്റബോധം പെട്ടെന്ന് എന്നിൽ കുമിഞ്ഞു കൂടി ..
മക്കളെ ഭർത്താവിനെ ഏൽപ്പിച്ചു , ഞാൻ റുഖിയയുടെ കൂടെ നസീമയുടെ വീട്ടിലേക്ക്...
"കഴിഞ്ഞ ഒരു മാസക്കാലം ഭർത്താവ് നസീമയെ നല്ലോണം ശ്രദ്ധിച്ചിരുന്നു.. പക്ഷെ എന്നിട്ടും ഒരു നല്ല ആശുപത്രയിൽ ഇവളെ അവർ കൊണ്ടുപോയില്ല... അവളോടുള്ള, കെട്ടിയോന്റെ കരുതലും ശ്രദ്ധയും വളരെ വൈകിപ്പോയിരുന്നു", നടത്തത്തിനിടയിൽ റുഖിയ പറഞ്ഞു...
അവളോടൊപ്പം അവളുടെ രോഗത്തെക്കുറിച്ചുള്ള ദുരൂഹതയും അവസാനിച്ചതായി ഞാൻ ചിന്തിച്ചു.
മൊസൈക്ക് പാകിയ തറയിൽ ഒരു തുണിയിൽ, കഴുത്തു വരെ പുതപ്പിച്ചെന്ന് വരുത്തി, അവളെ അങ്ങനെ കിടത്തിയിരിക്കുന്നു!! തീരെ ആദരവില്ലാതെ കിടത്തിയിരിക്കുന്ന മൃതദേഹം !.. അവളുടെ മുടികൊഴിഞ്ഞ തലയിലും, മുഖത്തും , വീണു പരിക്കേറ്റു, കുറച്ച് ദിവസങ്ങൾ പഴക്കമുണ്ടെന്ന് തോന്നിച്ച വ്രണങ്ങളിൽ ഈച്ചകൾ വട്ടമിട്ടു കൊണ്ടിരുന്നു .. കൂടുതൽ കണ്ടു നില്ക്കാൻ എനിക്കായില്ല.. അവളുടെ ബന്ധുക്കളെയും ,പ്രദേശത്തെ നാട്ടുകാരെയുമെല്ലാം അറപ്പോടെ നോക്കാൻ തോന്നി എനിക്ക് ..
പൊട്ടിക്കരച്ചിൽ ഒരു വിതുമ്പലിലൊതുക്കി , അവളുടെ വീടിന്റെ അടുക്കള വാതിലിലൂടെ ഞാൻ പുറത്തേക്ക് പാഞ്ഞു...
- മുഹമ്മദ് അലി മാങ്കടവ്
18/09/2019
18/09/2019
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക