നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അടയും ചക്കരയും


Image may contain: 1 person, sitting and indoor
*************************
കണ്ണിൽ ഉറക്കത്തിന്റെ കെട്ടുകൾ മുറുകിത്തുടങ്ങിയപ്പോഴാണ് ഇന്ദിരേച്ചിയുടെ ഉച്ചത്തിലുള്ള കാറിച്ച കേട്ടത്. “അയ്യോ..നാട്ടുകാരെ ഓടിവായോ…. എന്നേ തല്ലിക്കൊല്ലുന്നേ….”.
അപ്പുറത്ത് അമ്മയുടെ മുറിയിൽ ലൈറ്റ് തെളിഞ്ഞു. ഒപ്പം വീടിന്റെ പിന്നാംപുറത്തെ വെളിച്ചവും വീണു. ഹാളിലേക്ക് പടർന്ന വെട്ടത്തിൽ, ചുവരിലെ പെൻഡുലത്തിൽ ഓടുന്ന ക്ളോക്ക് കാണാം. സമയം പതിനൊന്നു നാൽപ്പത് കഴിഞ്ഞിരിക്കുന്നു.
അമ്മയുടെ മുറിയിലെ ജനാല തുറക്കുന്ന ശബ്ദം കേട്ടു.
“എന്നതാടീ കമലേ…” ഇപ്പുറത്തെ മുറിയിൽനിന്ന് ഉറക്കച്ചുവടിന്റെ കരുകരുപ്പോടെ അമ്മൂമ്മ വിളിച്ചുചോദിച്ചു..
“ഓ….ഇന്ദിരയാ… അവിടെ പിന്നേം തൊടങ്ങി” പതിഞ്ഞ ശബ്ദത്തിൽ അമ്മ പറഞ്ഞു.
“ഈ കഴുവേരടമോനേ എന്തോ ചെയ്യുമെന്നുപറ. ആ പെണ്ണിന്റെയൊരു ഗതികേട്.” ഉറക്കം നഷ്ടപ്പെട്ടതിന്റെ മുഷിവോടെ അമ്മൂമ്മ പിറുപിറുത്തു.
വീടിന്റെ തൊട്ടുവടക്കേതിലാണ് ഇന്ദിരേച്ചിയും സുരൻ ചേട്ടനും താമസിക്കുന്നത്. സുരൻ ചേട്ടൻ ചാരായം മോന്തി ലക്കുകെട്ടുവരുന്ന രാത്രികളിൽ ഇത് പതിവാണ്. ഒരു കാരണവുമില്ലാതെ ഇന്ദിരേച്ചിയുടെ മുടിയ്ക്കു കുത്തിപ്പിടിച്ച് വെറുതെ ഇടിയ്ക്കും.
സുരൻ ചേട്ടൻ ആനപാപ്പാനാണ്. അവർക്ക് കുട്ടികളില്ല. ആനയേയും കൊണ്ടുനടന്ന്‌ കൊലപ്പാതിരാത്രിയിലാണ് മിക്കപ്പോഴും സുരൻചേട്ടൻ വീട്ടിൽ വന്നുകയറുന്നത്. വരുമ്പോൾ സ്ഥിരമായി ചാരായം മോന്തിയാണ് വരുന്നത്. തീരെ വെളിവുകെടുന്ന ദിവസങ്ങളിലാണ് ഇന്ദിരേച്ചിയുടെ മുടിക്കുകുത്തിപ്പിടിച്ച് ഇടിയ്ക്കുന്നത്. ഇന്ദിരേച്ചി ഒരു പാവമാണ്. നിന്ന് ഇടിവാങ്ങുവാനേ ആ പാവത്തിനറിയൂ. ഇടയ്‌ക്കെപ്പോഴെങ്കിലും സുരൻചേട്ടന്റെ കയ്യിൽനിന്നും വഴുതി രക്ഷപെടുമ്പോൾ ഓടിക്കയറി വരുന്നത് വീട്ടിലേക്കാണ്. അതിനാണ് അമ്മ വീടിന്റെ പിന്നാമ്പുറത്തെ വെട്ടം ഇട്ടുകൊടുത്തത്.
അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഇന്ദിരേച്ചിയെ വലിയ കാര്യമാണ്. വീട്ടിലെ എന്തുസഹായത്തിനും ഇന്ദിരേച്ചി കൂടെയുണ്ടാകും. അമ്മൂമ്മയുമായി അമ്മ ആശുപത്രിയിൽ കഴിയുന്ന അവസരങ്ങളിലൊക്കെ ഇന്ദിരേച്ചിയാണ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുന്നത്. മുറ്റമടിക്കും, ചോറും കറികളും വച്ച്‌ ആശുപതിയിൽ എത്തിക്കും, തുണിയലക്കും, ചെടിനനയ്ക്കും.രാവിലെ തനിക്ക് കോളേജിൽ പോകുവാൻ വസ്ത്രം ഇസ്തിരിയിട്ട്, കാപ്പികുടിപ്പിച്ച് പറഞ്ഞയക്കും.
കാര്യം പ്ലസ്-ടൂവിലാണ് ഞാൻ പഠിക്കുന്നതെങ്കിലും സുരൻചേട്ടനും ഇന്ദിരേച്ചിക്കും ഞാനിപ്പോഴും അവരുടെ ഉണ്ണിക്കുട്ടനാണ്. കുഞ്ഞുംനാളിൽ ഏതുനേരവും ഞാൻ ഉണ്ണുന്നതും ഉറങ്ങുന്നതും അവരുടെകൂടെ ആയിരുന്നത്രേ. സുരൻചേട്ടന്റെ നെഞ്ചത്തുകിടന്നാണ്‌ ഞാൻ ഉറങ്ങിയിരുന്നതത്രെ.
സത്യത്തിൽ എനിക്കു അമ്മയേക്കാൾ സ്നേഹം ഇന്ദിരേച്ചിയോടാണ്. അമ്മ പലപ്പോഴും പറയാറുണ്ട്, ഇന്ദിരയുണ്ടായിരുന്നതുകൊണ്ടു തന്നെ വളർത്തിയ പാടാടൊന്നും അമ്മ അറിഞ്ഞതേയില്ലെന്ന്. വളർത്താൻ അവൾക്ക് മുലപ്പാലിന്റെ കുറവേ ഉണ്ടായിരുന്നൂട്ടുള്ളൂവെന്ന്. ചുരത്താത്ത മുല തന്റെ വായിൽതിരുകിവച്ചു അവർ തന്റെ കരച്ചിൽഅടക്കിയിട്ടുണ്ടത്രെ. കുരുത്തക്കേടിനു അമ്മ വടിയെടുത്തു തല്ലാൻ വരുന്നത് കണ്ടാൽ ഇന്നും ഇന്ദിരേച്ചിക്ക് നെഞ്ചുപൊടിയും. സങ്കടപ്പെട്ട് ഇടയ്ക്കു ചാടിവീഴും. വായ്ക്ക് രുചിയായി എന്തെങ്കിലും കഴിച്ചാൽ ഒരു പങ്ക് തനിക്കായി മാറ്റിവയ്ക്കും. അമ്മയും ഇന്ദിരേച്ചിയും തമ്മിൽ സൊറപറഞ്ഞിരിക്കുന്ന വേളകളിൽ തന്റെ തല മടിയിൽഎടുത്തുവച്ചുമസ്സാജ് ചെയ്തുതരും. എനിക്ക് വീട്ടിൽനിന്നു എന്തെങ്കിലും കാര്യം സാധിക്കാനുണ്ടെങ്കിൽ ഞാൻ ആദ്യം പറയുക ഇന്ദിരേച്ചിയോടാവും. ഇന്ദിരേച്ചി അത് തഞ്ചംപോലെ അമ്മയുടെ അടുത്ത് അവതരിപ്പിക്കും.
പതിവ് തെറ്റിയില്ല. ജനാലയ്ക്കൽ ഇന്ദിരേച്ചിയുടെ വിളികേട്ടു. അമ്മ കതകു തുറന്നുകൊടുത്തു. അകത്തുകയറി ഇന്ദിരേച്ചി ഒച്ചയടക്കി തേങ്ങി.
“എന്തിനാടീ ഇരുന്നു മോങ്ങുന്നേ. കൈനൂർത്ത് അവന്റെ കരണത്ത് ഒന്നു കൊടുക്കാൻ മേലാഞ്ഞിട്ടാണോ നിനക്ക്.” അമ്മൂമ്മ ദേഷ്യപ്പെട്ടു.
പായ തട്ടിക്കുടഞ്ഞ് വിരിക്കുന്ന ശബ്ദം കേട്ടു.
“അവിടെങ്ങാനും ചുരുണ്ടു കിടക്ക്. കാലത്തു പോയാമതി. എന്നും നീയിങ്ങനെ അവന്റെ കയ്യീന്ന് അടിവാങ്ങിക്കാൻ നിന്നാ നിന്റെഗതി ഇതുതന്നാ, പറഞ്ഞില്ലെന്നുവേണ്ടാ.” അമ്മൂമ്മ പറഞ്ഞു.
പക്ഷേ, എന്തൊക്കെത്തന്നെയായാലും ഇന്ദിരേച്ചിക്ക് സുരൻചേട്ടനെ ജീവനാണ്. അവരുടെ സങ്കടമൊക്കെ നേരം വെളുക്കുന്നതുവരേയുള്ളൂ. നേരം പരപരാന്ന് വെളുക്കുമ്പോഴേക്കും ഇന്ദിരേച്ചി എഴുന്നേറ്റ് വീട്ടിലേക്കു പോകും. ചേട്ടന് വെള്ളമനത്തിക്കൊടുക്കാൻ. അപ്പോഴേക്കും സുരൻചേട്ടന്റെ ഭ്രാന്തും കെട്ടിറങ്ങിയിട്ടുണ്ടാവും. രാത്രിയിൽ കീചകവേഷം കെട്ടിയാടിയ ആളായിരിക്കില്ല അപ്പോൾ. പിന്നെ സുരൻചേട്ടൻ തൂക്കുപാത്രവുമെടുത്ത് നേരെ സൊസൈറ്റിയിലക്ക് പോകും. പാത്രം നിറയെ പാലുവാങ്ങി ഇന്ദിരേച്ചിക്കു കൊടുക്കും. “മോളേ...കാച്ചിക്കുടിക്കെടീ.” പിന്നെ കുറച്ചുദിവസത്തേക്ക് രണ്ടുപേരും അടയും ചക്കരയുംപോലെയാണ്.
അടയും ചക്കരയുമായി ഇരിക്കുന്ന രാത്രികളിൽ സുരൻ ചേട്ടൻ മിതമായേ കുടിക്കൂ. രാത്രിയിൽ വന്നുകഴിഞ്ഞാൽ കുളിക്കാൻ ഇന്ദിരേച്ചി വെള്ളം ചൂടാക്കി കൊടുക്കും. തൊടിയിലെ കൈവരിയില്ലാത്ത കിണറ്റിനരികിലെ അലക്കുകല്ലിലിരുത്തി ഇന്ദിരേച്ചി സുരൻചേട്ടനെ, ആനയുടെ ചൂടും ചൂരുമെല്ലാം തേച്ചിളക്കി കുളിപ്പിക്കും. ആ സമയത്ത് അവിടെനിന്നും ചില അടക്കിപ്പറച്ചിലുകളും സുരൻചേട്ടന്റെ വെടലച്ചിരിയും കേൾക്കാം. ചാരായതിന്റെ ലഹരിയിൽ കുഴഞ്ഞിരിക്കുന്ന സുരൻചേട്ടൻ ആനയെപ്പോലെ ഇടയ്ക്ക് കുറുമ്പുകൾ കാട്ടും. അപ്പോൾ ഇന്ദിരേച്ചി പതംവന്ന ചട്ടക്കാരേപ്പോലെ സുരൻചേട്ടനേ ചട്ടം പറഞ്ഞിരുത്തും. “അടങ്ങിയിരിക്കാൻ…. അടി…. അടി..ആ….”
പുറത്ത് സുരൻചേട്ടൻ ഇന്ദിരേച്ചിയുടെ വീട്ടുകാരെ ഭള്ള് പറയുന്നത് കേട്ടു. അത് പതിവാണ്. അടിയും നിലവിളിയും കഴിഞ്ഞാൽ സുരൻ ചേട്ടൻ നേരേ തിണ്ണയിലേക്ക് കയറിക്കിടക്കും. കുറേനേരം ആരെയെങ്കിലുമൊക്കെ ഭള്ളുപറയും. പിന്നത്തെ വിനോദം ഇഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ ചൊല്ലുക എന്നതാണ്. എ-യിൽ തുടങ്ങി എഫ് വരെ തെറ്റാതെ ചൊല്ലും. പിന്നെ പ്രകാശ വേഗത്തിൽ നേരേ പോകുന്നത് പി-യിലേക്കാണ്. ഡബ്ള്യൂ എന്ന് ഉച്ഛരിക്കുന്നത് കേട്ടാൽ ശ്ശോ…. പറമ്പിൽ പാറിക്കളിക്കുന്ന അടയ്ക്കാക്കുരുവിക്ക് നാണം വരും. അമ്മൂമ്മ പറഞ്ഞുകേട്ടിട്ടുണ്ട്, എട്ടാം ക്‌ളാസിൽ മൂന്നാമത്തെ തവണ തോറ്റപ്പോൾ സാറുമ്മാര് മനപ്പൂർവ്വം തോൽപ്പിച്ചതാണെന്നു പറഞ്ഞു സുരൻചേട്ടൻ നേരേ ആനപ്പണിക്ക് പോയ കഥ.
ചിലപ്പോൾ കിടക്കുന്ന കിടപ്പിൽ പാട്ടുപാടും. അതും ക്‌ളാസിക്കൽ മ്യൂസിക്കിലാണ് കയറിപ്പിടിക്കുന്നത്. പലതും പാടുമെങ്കിലും “എന്തരോ മഹാനു ഭാവലൂ” ആണ് പ്രധാന ഐറ്റം.
സുരൻചേട്ടൻ എന്തുകാണിച്ചാലും ചറ്റുവട്ടത്തുള്ളവർ അതിൽ ഇടപെടില്ല. ഒരിക്കൽ തൊട്ടപ്പുറത്തെ രാമേട്ടൻ ഒന്നിടപെട്ടതാണ്. കള്ളുകുടിച്ചിട്ടുവന്ന് ഇന്ദിരേച്ചിയേ ഇടിക്കുന്നതുകണ്ടപ്പോൾ രാമേട്ടൻ ചെന്ന് ശബ്ദമുയർത്തി. സുരൻചേട്ടൻ രാമേട്ടന്റെ തന്തക്കും തള്ളയ്ക്കും വിളിച്ചു. പിന്നെ കയ്യാങ്കളിയായി. സുരൻചേട്ടൻ രാമേട്ടന്റെ മാറ് മാന്തിക്കീറിവിട്ടു. പോലീസ്‌സ്റ്റേഷനിലേക്ക് കേസ്സുപോയി. വാദിയേയും പ്രതിയേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പോകുന്നതിനുമുമ്പ് സുരൻചേട്ടൻ ഇന്ദിരേച്ചിക്ക് “ലോ പോയിന്റ്” പറഞ്ഞുകൊടുത്തു. “പോലീസുകാര് ചോദിച്ചാൽ അയാള് നിന്നെ കയറിപ്പിടിക്കാൻ വന്നെന്നു പറയണം. അപ്പൊഴാണ് ഞാനവനെ തല്ലിയതെന്നു പറഞ്ഞേക്കണം.” ശങ്കിച്ചു നിന്ന ഇന്ദിരേച്ചിയോട് സുരൻചേട്ടൻ പറഞ്ഞു “അല്ലെങ്കിൽ അവമ്മാരെന്നെ അകത്തുകേറ്റി ഇടിച്ചു ചളുക്കുമെന്ന്” സുരൻ ചേട്ടൻ പറഞ്ഞത് ഇന്ദിരേച്ചി വള്ളിപുള്ളി വിടാതെ സ്റ്റേഷനിൽ പറഞ്ഞു. വാദി പ്രതിയായി. കാര്യമറിയാവുന്ന പോലീസുകാർ സ്റ്റേഷനിൽ പരാതി ഒത്തുതീർപ്പാക്കിവിട്ടു. അതു നന്നായി. ഇല്ലെങ്കിൽ രാമേട്ടൻ ഇന്നും ഉണ്ടതിന്ന് അകത്തുകിടന്നേനേം. സ്റ്റേഷനിൽനിന്നു വന്നിട്ട് രാമേട്ടൻ ആദ്യം ചെയ്തത് ഒരു റോൾ പഞ്ഞി വാങ്ങി വീട്ടിൽ വയ്ക്കുകയായിരുന്നു. അതിനുശേഷം അവിടെ എന്തുനടന്നാലും ചുറ്റുവട്ടത്തുള്ളവർ ചെവികൊടുക്കാറില്ല.
സുരൻചേട്ടനേക്കുറിച്ച് നാട്ടുകാർ പറഞ്ഞു ചിരിക്കാറുള്ള ഒരു സംഭവമുണ്ട്. ഒരിക്കൽ ആനയുമായി നടക്കുന്നതിനിടയിൽ ചാരായം തലയ്ക്കുപിടിച്ചു സുരൻ ചേട്ടൻ വഴിയിൽ കുഴഞ്ഞുവീണു. ഒപ്പം ആനയും നിന്നു. ഇടച്ചങ്ങലപോലുമില്ലാതെ ആന നിൽക്കുന്നതു കണ്ട് ആൾക്കാർ ബഹളമായി. പാപ്പാനെ പിടിച്ച് രണ്ടെണ്ണം കൊടുക്കണമെന്നായി ചിലർ. ചുറ്റുവട്ടത്ത് നടക്കുന്നതൊന്നും അറിയാതെ ബോധംകെട്ട് കിടക്കുകയായിരുന്നു സുരൻചേട്ടൻ. ആളും ബഹളവും ഒക്കെക്കൂടിയായിട്ട് എന്തോ പന്തികേടുതോന്നിയിട്ട് ആന സുരൻചേട്ടന് വിലങ്ങനെ കാവൽ നിന്നു. ഇടയ്ക്ക് തുമ്പിക്കയ്യാൽ പിടിച്ചെഴുന്നേൽപ്പിക്കുവാൻ ആന ഒരു ശ്രമം നടത്തിനോക്കി. പക്ഷേ പിടിച്ചത് സുരൻ ചേട്ടന്റെ കൈലിയ്ക്കാണ്. കൈലിപറിഞ്ഞ് തുമ്പിക്കയ്യിലിരുന്നു. അവിടെ നിന്ന സകലമാന പേരും മൂക്കത്ത് വിരൽവച്ചു ചിരിച്ചു. അവർ പറഞ്ഞു “ശ്ശേ…. ഇവന്അടീലൊരു നിക്കറിട്ടാലെന്താ?.” ഇത് ഒരുതവണയല്ല. ഇതേപോലെ ഒരുപാട് തവണ പലസ്ഥലത്തുവച്ചും അരങ്ങേറിയപ്പോൾ ആനക്ക് അതൊരു ശീലമായി. സുരൻ ചേട്ടൻ വീഴും, ആന കൈലി പറിച്ചെടുക്കും. അപ്പോൾ നാട്ടുകാർക്ക് ഒരുകാര്യം ബോധ്യമായി “ആകാശം ഇടിഞ്ഞുവീണാലും സുരൻ നിക്കറിടില്ല.” അങ്ങനെ നാട്ടുകാർ എന്തൊക്കെയോ അർത്ഥംവച്ച് സുരൻചേട്ടന് ഒരു വട്ടപ്പേരിട്ടു “കരിമുണ്ടൻ”
തിണ്ണയിൽക്കിടന്ന് സുരൻ ചേട്ടൻ എന്തൊക്കെയോ ഉറക്കെ വിളിച്ചുപറയുന്നു. “ഞാനുമെന്റെ ചെറുക്കനുംങ്കൂടെ പകലന്തിയോളം കട്ടപ്പെട്ടിട്ട് വീട്ടിവന്നുകേറി എന്തെങ്കിലുമൊന്ന് പറഞ്ഞുപോയാ അവള് മൊകോം കെറുവിച്ചു എറങ്ങിയൊരു പോക്കാ. അല്ലിയോടാ...രായുമോനേ…” എന്റെ ചെറുക്കനെന്നു പറയുന്നത് ആനയെ ആണ്. “രാജു” എന്നാണ് ആനയുടെ പേര്. വിളിച്ചാൽ കേൾക്കാവുന്ന ദൂരത്തിൽ തൊട്ടുമുകളിലെ പഞ്ചായത്ത് പറമ്പിലെ മാവിലാണ് ആനയെ തളച്ചിട്ടുള്ളത്. അവിടെനിന്നും ആനയുടെ യാതൊരുവിധ പ്രതികരണങ്ങളും കേൾക്കാഞ്ഞിട്ട് സുരൻചേട്ടൻ പറഞ്ഞു. “മിണ്ടെണ്ടാടാ…. മിണ്ടെണ്ടാ… എനിക്കറിയാമെടാ നീ അവടെ സൈഡാ.”
സുരൻ ചേട്ടനും ഇന്ദിരേച്ചിയും സ്നേഹിച്ചു കല്യാണം കഴിച്ചതാണ്. ഒരിക്കൽ ഇന്ദിരേച്ചിയുടെ നാട്ടിലെ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്. ആ തവണത്തെ ഉത്സവ എഴുന്നെള്ളിപ്പിന് ആനയെയുംകൊണ്ട് പോയതാണ് സുരൻചേട്ടൻ. ഇന്ദിരേച്ചിയുടെ വീടിനടുത്തുള്ള പറമ്പിലാണ് ആനയെ കെട്ടിയത്. ഇന്ദിരേച്ചി ആനയ്ക്ക് പഴംകൊടുക്കാൻ പോയതാണ്. ഒന്നാം ദിവസം ഇന്ദിരേച്ചി ആനയ്ക്ക് പഴംകൊടുത്തു. രണ്ടാംദിവസം സുരൻചേട്ടൻ പഴം ചോദിച്ചു വാങ്ങി. മൂന്നാം ദിവസം സുരൻചേട്ടൻ ചോദിക്കാതെതന്നെ ഇന്ദിരേച്ചി പഴം കൊടുത്തു. പത്താം ഉത്സവം ആയപ്പോഴേക്കും പഴം മുഴുവൻ നേരെ സുരൻചേട്ടനും തൊലിമുഴുവൻ ആനയ്ക്കുമായി. ഉത്സവം പിരിഞ്ഞു. എങ്കിലും പിന്നീട് ആ വഴിയിലൂടെ സുരൻചേട്ടൻ ആനയേയും കൊണ്ട് ഒരുപാടുതവണ നടന്നു. അങ്ങനെയൊരിക്കൽ ആനയെയും തെളിച്ചു വരുമ്പോൾ വീട്ടുകാരറിയാതെ ഇന്ദിരേച്ചിയും കൂടെക്കൂടി. ഒരുകയ്യിൽ ആനയുടെ കൊമ്പും മറുകയ്യിൽ ഇന്ദിരേച്ചിയുടെ കയ്യും പിടിച്ച് സുരൻചേട്ടൻ കൂടെയിങ്ങ് കൊണ്ടുപോന്നു.
കരിമുണ്ടൻ എന്ന വട്ടപ്പേര് ആരെങ്കിലും വിളിച്ചാൽ സുരൻചേട്ടന് കലികയറും. പിന്നെ കേൾക്കാൻ കൊള്ളാത്ത ഭാഷയിൽ അവരുടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കും. ഒരിക്കൽ ആനയുമായി റോഡിലൂടെ നടന്നുനിന്നങ്ങുമ്പോൾ കുരുത്തംകെട്ട പിള്ളേർ ആരോ മറഞ്ഞിരുന്ന് വിളിച്ചു, “കരിമുണ്ടോ….…..” അതുകേട്ടതും ആനയെ കൊമ്പിൽ പിടിച്ചുനിർത്തി സൈഡൊതുക്കി. പിന്നെ തിരിഞ്ഞുനിന്ന് ആരോടെന്നില്ലാതെ പൂരത്തെറിവിളി തുടങ്ങി. തെറിയുടെ നിലവാരം കടുത്തുതുടങ്ങിയപ്പോൾ നാട്ടുകാർ കൂടി ബഹളംവച്ചു. “എന്തോന്നിത്… ഇവിടെ പ്രായമായോരും പിള്ളേരൊക്കെയുള്ളതാ”. അവർ പറഞ്ഞു. അതൊന്നും സുരൻചേട്ടൻ ചെവിക്കൊണ്ടില്ല. തെറിയുടെ നിലവാരം കൂട്ടികൊണ്ടേയിരുന്നു. ഒടുവിൽ നാട്ടുകാർ തല്ലാൻ വളഞ്ഞു. സുരൻചേട്ടൻ നേരെ ആനയുടെ നടകൾക്കിടയിൽ സ്ഥാനമുറപ്പിച്ചു. ആനയെപ്പേടിച്ച് ആൾക്കാർ അകന്നുനിന്നു. പിന്നെ അവിടെനിന്നുകൊണ്ട് തെറിയുടെ ഒരു കഥാപ്രസംഗമായിരുന്നു. കഥയിൽ അവരുടെ ചത്തുപോയ കരണവന്മാർ വരെ കഥാപാത്രമായി വന്നു. ഒടുവിൽ, കുഴിയിൽ കിടക്കുന്ന തങ്ങളുടെ പൂർവികർ വടിയും കുത്തിപ്പിടിച്ചു എഴുന്നേറ്റു വന്ന് തങ്ങൾക്കിട്ടു തല്ലുമെന്ന് ഭയന്നപ്പോൾ ആൾക്കൂട്ടം പിരിഞ്ഞുപോയി.
മിലട്ടറിയിൽനിന്നും അവധിക്കു അച്ഛൻ വരുമ്പോൾ രാത്രിയിൽ മുറ്റത്ത് കസേരയിട്ട് സുരൻചേട്ടനൊപ്പം കുപ്പിപൊട്ടിച്ചു കൂടും. വീട്ടിൽ പോത്തിറച്ചി വരട്ടും. അന്ന് സുരൻചേട്ടനും ഇന്ദിരേച്ചിക്കും വീട്ടിലാണ് ഊണ്. കഴിഞ്ഞ തവണ അവധിക്കുവന്നപ്പോഴും പതിവുപോലെ കൂടി. പൂമുഖത്തെ വെളിച്ചം അരണ്ടുവീഴുന്ന മുറ്റത്തു രണ്ടുപേരുംകൂടി ലഹരിയുടെ കുന്നുകയറി. അടുക്കളയിൽ അമ്മയും അമ്മൂമ്മയും ഇന്ദിരേച്ചിയും കൂടി ചിരിയും സംസാരവുമായി കൂടി. ഇരുട്ടത്ത് കുപ്പിയും ഗ്ലാസും തമ്മിൽ കലമ്പി. ഇടയ്ക്ക് കൗമാരപ്രായക്കാരനായ എന്റെ സ്വഭാവത്തേക്കുറിച്ച് അച്ഛൻ തിരക്കി. കള്ളിന്റെ ലഹരി മൂത്തുനിന്ന സുരൻചേട്ടൻ പറഞ്ഞു “അണ്ണാ… അണ്ണനൊന്നുകൊണ്ടും വെഷമിക്കെണ്ടാ…. അവന്റെ കാര്യം നോക്കാൻ ഞാനൊണ്ടിവിടെ.” ഗ്ലാസിലേക്ക് കള്ള് പകർന്നുകൊണ്ടിരുന്ന അച്ഛനെ, കൈ ഏന്തി കുത്തിത്തോണ്ടികൊണ്ട് സുരൻചേട്ടൻ പറഞ്ഞു “ദാണ്ടിങ്ങോട്ടുനോക്ക്….. അവനേ….എന്റെ ചെറുക്കനാ…. ദാണ്ട് …. എന്റെയീനെഞ്ചത്തുകെടന്നു വളന്നോനാ അവൻ. ദാണ്ട്…. ഇങ്ങോട്ടുനോക്ക് എന്റെ ഇന്ദിര അവനെ പെറ്റില്ലന്നേയൊള്ളു അറീമോ?”
“എനിക്കറിയാമെടാ…. നിന്റെസ്നേഹം” അച്ഛൻ പറഞ്ഞു.
നൂർന്നിരുന്ന് കൈലി കാലിനിടയിലേക്കു തിരുകിവച്ചുകൊണ്ട് ‘അണ്ണന് ഒരു കുന്തോം അറിയുകേല’ എന്ന അർത്ഥത്തിൽ സുരൻചേട്ടൻ പറഞ്ഞു “ആ.. അറിയാം…. അണ്ണനു കൊറേ അറിയാം.”
അടുക്കളയിലെ സംസാരം മതിയാക്കി ഇടക്കെപ്പോഴോ പൂമുഖത്തു വന്നിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന അമ്മൂമ്മ പറഞ്ഞു. “എടാ നേരംകൊറെയായി. നിർത്തീൻ”
പിന്നെത്തെ സംസാരമെല്ലാം അടക്കിപ്പിടിച്ചായി. എന്തെങ്കിലും പറഞ്ഞു അമ്മൂമ്മയെ പാട്ടിലാക്കിയെങ്കിലേ കുറച്ചുനേരംകൂടി ഇരിക്കാൻ പറ്റൂ. അതിനുവേണ്ടി സുരൻചേട്ടൻ ഉപായത്തിൽ പറഞ്ഞു, ചേച്ചിയമ്മോ ഓർക്കുന്നുണ്ടോ…. പണ്ട് ഈ അണ്ണന്റെ കൈയ്യേപ്പിടിച്ചാ ഞാൻ ആദ്യമായിട്ട് ഒന്നാംക്‌ളാസ്സിപ്പോയത്. ഓർക്കുന്നുണ്ടോ…
അമ്മൂമ്മ അർദ്ധംവച്ചു നീട്ടിമൂളി. “ഉം….”
“അതെന്നാ ചേച്ചിയമ്മേ അതുപറഞ്ഞപ്പം നീട്ടിയൊരു മൂളല്?”
“അണ്ണനും തമ്പിയുംകൂടി കയ്യുംപിടിച്ചു പഠിക്കാൻ പോയിട്ട് രണ്ടും കിഴുക്കന്മപാടായിപോയല്ലോ എന്നോർത്ത് മൂളിയതാ.”
“ഓ…. അതിനു മൂളാനൊന്നുമില്ല. എന്റെകാര്യം വിട്. ഞാൻ പടിച്ചില്ലേലും അണ്ണൻ പടിച്ചു ഉദ്യോഗക്കാരനായില്ലിയോ?”
“ഉം… പടിച്ചു..പടിച്ചു. അവനെ പത്താംക്‌ളാസ്സ് ഒന്ന് പാസ്സാക്കിഎടുത്തതിന്റെ പാട് എനിക്കേ അറിയൂ.”
സുരൻചേട്ടൻ ഇളിച്ചു ചിരിച്ചു.
“നീ പടിച്ചുപടിച്ചു .. ആനപ്പണിക്കും പോയി. അമ്മൂമ്മ പറഞ്ഞു.”
“ആനേംകൊണ്ട് നടക്കുന്നത് അത്ര നിസാര പണിയല്ല കേട്ടോ …” സുരൻചേട്ടൻ ഒരു ഗുമ്മിന് തട്ടിവിട്ടു.
“ഒന്ന് പോടാ മാറി…. ആനേംകൊണ്ടു നടന്നു…... ആ ആന ചൊവ്വോള്ളതായതുകൊണ്ടു നിന്നെ കൊണ്ടുനടക്കുന്നെന്നു പറ.” അമ്മൂമ്മ തരത്തിനു താങ്ങി.
അതോടുകൂടി സുരൻചേട്ടന്റെ നാവുമടങ്ങിപ്പോയി. അച്ഛൻ കുലുങ്ങി ചിരിക്കുന്നത് കേട്ടു. അത് സുഖിക്കാത്തവണ്ണം സുരൻചേട്ടൻ പറഞ്ഞു “.ഓ..പിന്നേ... ഒന്ന് പോ അണ്ണാ മാറി”. അച്ഛൻ വീണ്ടും ചിരിച്ചു. കുറച്ചുനേരം സുരൻചേട്ടൻ ചിരിക്കാതെ മസിലു പിടിച്ചു നിന്നുനോക്കി. പിന്നെ സഹികെട്ടു കൂടെ ചിരി തുടങ്ങി.
“എടാ നിർത്താൻ.” അമ്മൂമ്മ ദേഷ്യപ്പെട്ടു.
എന്റെ ചേച്ചിയമ്മേ… ആണ്ടിലൊരിക്കലാ ഞാനും അണ്ണനുംകൂടിയൊന്നു കൂടുന്നേ. ഇപ്പഴല്ലിയോ ഒന്ന് മിണ്ടീംപറഞ്ഞുമിരിക്കാൻ പറ്റുന്നേ.
എന്റെ സുരനേ… നീ അവനെ ഇങ്ങനെ സ്നേഹിച്ചു കൊല്ലല്ലേ. അവനിന്നിങ്ങോട്ടു വന്നതേയുള്ളൂ. നേരം കൊറേയായി… അവന്റെ പെമ്പ്രന്നോത്തി ഒരുത്തി ഉണ്ടിവിടെ.
ഇരുട്ടത്ത് സുരൻചേട്ടന്റെ ശ്വാസം പൊട്ടിയ വെടലച്ചിരി കേട്ടു. പിന്നെയും ഗ്ലാസ് കലമ്പി.
എടാ നിർത്തുന്നോ…. അല്ലെങ്കിൽ ഞാനങ്ങോട്ടുവന്ന് എല്ലാംകൂടെടുത്തു വടക്കോട്ടെറിയും.. പറഞ്ഞേക്കാം.
പെട്ടെന്നുതന്നെ കള്ളുസഭ മടക്കിക്കെട്ടി.
അപ്പുറത്തെ മുറിയിൽ അമ്മൂമ്മ കൂർക്കം വലിച്ചു തുടങ്ങി. അമ്മയും ഉറങ്ങിയിട്ടുണ്ടാവും. ഇടയ്ക്കു ഇന്ദിരേച്ചി തേങ്ങലടക്കുന്നതു കേട്ടു. സ്നേഹിക്കാൻ മാത്രമറിയാവുന്ന പാവം ഇന്ദിരേച്ചി. എല്ലാവരെയും ധിക്കരിച്ചു സുരൻചേട്ടനൊപ്പം ഇറങ്ങിവന്നതുകൊണ്ട് തന്നെ തള്ളിക്കളഞ്ഞ സ്വന്തം വീട്ടുകാരേ ഓർത്തു ഉള്ളിൽ തെങ്ങുന്നുണ്ടാവുമോ. തനിക്കു വിലപ്പെട്ടതെല്ലാംതന്നെ നിസ്സാരമായി വലിച്ചെറിഞ്ഞു സ്നേഹിച്ചവന്റെ കൈപിടിച്ച് ഒപ്പം ഇറങ്ങിപ്പോരുമ്പോൾ ആകാശം മുട്ടെ കൂട്ടിവച്ച ജീവിതകിനാവുകൾ ഉടഞ്ഞുപോയതിന്റെ വേദന പേറുന്നുണ്ടാവില്ലേ. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ആശ്വസിച്ചു കെട്ടിപ്പിടിച്ചുറങ്ങുവാൻ ഇല്ലാതെപോയ കുഞ്ഞിക്കാലിനെ ഓർത്തു സങ്കടം ഉണ്ടാവില്ലേ. പേറ്റുനോവറിയാത്ത വയറൊഴിഞ്ഞു അവർ സങ്കടപ്പെടാറില്ലേ. ഉണ്ടാവും. സ്നേഹക്കടലിന് താഴെ ആരുമറിയാതെ ശാന്തമായി കനത്ത നൊമ്പരങ്ങൾ ഉണ്ടാവും.
ഓരോന്ന് ഓർത്തു കിടന്നുറങ്ങിയത് എപ്പോഴാണെന്നറിയില്ല. കാലത്തു താമസിച്ചാണ് എഴുന്നേറ്റത്. അടുക്കളയിൽ അമ്മയുടേയും അമ്മൂമ്മയുടെയും പെരുമാറ്റം കേട്ടു. എഴുന്നേറ്റു അടുക്കളയിലേക്കു ചെന്നു.
ഇന്ദിരേച്ചി പോയോമ്മേ? ഞാൻ ചോദിച്ചു.
“അവള് രാവിലേ പോയി. സുരൻ സൊസൈറ്റീൽ പോയിട്ട് വരുകേം ചെയ്തു.” അമ്മൂമ്മ പറഞ്ഞു. അമ്മ ചിരിച്ചു.
“ഇന്നലെ അവടെ മുഖത്താ അടികൊണ്ടത്. കവിള് വീങ്ങീട്ടൊണ്ട്.” അമ്മ പറഞ്ഞു.
“കണക്കായിപ്പോയി. അവള് കൊള്ളാനായിട്ടു നിന്നിട്ട്. കഴകത്തില്ലാത്തവള്…..” അമ്മൂമ്മ പറഞ്ഞു.
ഞാൻ പുറത്തേക്കിറങ്ങി പൈപ്പിന്റെ ചുവട്ടിൽനിന്നു മുഖം കഴുകുമ്പോൾ ഇന്ദിരേച്ചി മുറ്റമടിക്കുന്നതു കണ്ടു. അമ്മ പറഞ്ഞത് നേരാണ് അവരുടെ മുഖം വീങ്ങിക്കിടപ്പുണ്ട്. പാവം ഇന്ദിരേച്ചി. എനിക്ക് സങ്കടം തോന്നി. എന്തായാലും കുറച്ചു ദിവസത്തേക്ക് കുഴപ്പമില്ല. അടയും ചക്കരയും ഒന്നിച്ചുചേരുന്ന ദിവസങ്ങളാണ് ഇനിയും. അമ്മയുടെ കയ്യിൽനിന്നും കട്ടൻ കാപ്പിവാങ്ങി വാതിൽപ്പടിയിൽ ഇരിക്കുമ്പോഴും ഞാൻ ചിന്തിച്ചത് ഇന്ദിരേച്ചിയെക്കുറിച്ചാണ്.
അടയും ചക്കരയുമായി ദിവസങ്ങൾ നീങ്ങി. അപ്പോഴും ഇന്ദിരേച്ചിയുടെ വീങ്ങിയ മുഖം എന്നിൽ സങ്കടമായി നിറഞ്ഞുനിന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം വീണ്ടും അടയും ചക്കരയും തമ്മിൽ തെറ്റി. പതിവുപോലെ രാത്രീയിൽ ഇന്ദിരേച്ചിയുടെ നിലവിളി കേട്ടു. കിടക്കപ്പായയിൽ എല്ലാവരും എഴുന്നേറ്റു കുത്തിയിരുന്നു. അകത്തെ മുറിയിൽ അമ്മൂമ്മ സുരൻചേട്ടനെ പ്രാകി. എനിക്കും സുരൻചേട്ടനോട് ഉള്ളിൽ ദേഷ്യം തോന്നി. എത്രകാലമായി ആ പാവം ഇതൊക്കെ സഹിക്കുന്നു. ഇന്ദിരേച്ചിയെ ഓർത്ത് ഉള്ളിൽ വല്ലാത്ത നൊമ്പരം തോന്നി.
നേരെചെന്ന് സുരൻചേട്ടന്റെ കൈയ്ക്കുപിടിച്ചാലോ? ഇന്ദിരേച്ചിയെ ഇനി തല്ലരുതെന്നു പറഞ്ഞാലോ? തന്റെ സ്നേഹത്തിനു മുന്നിൽ സുരൻചേട്ടൻ അത് അനുസരിക്കും. ഉറപ്പാണ്. പക്ഷെ അമ്മയും അമ്മൂമ്മയും അറിഞ്ഞാൽ വലിയ പുകിലാകും.
ഇന്ദിരേച്ചിയുടെ നിലവിളി കേട്ടില്ലാപ്പെട്ട് കട്ടിലിൽ കമഴ്ന്നു കിടന്നു. പെട്ടെന്നാണ് ഉള്ളിൽ ഒരു ബുദ്ധിതോന്നിയത്. പതുക്കെ കട്ടിലിൽ നിന്നും എഴുന്നേറ്റു. അമ്മയും അമ്മൂമ്മയും അറിയാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. നിലവിളി തുടരുകയാണ്. വടക്കുവശത്തെ പറമ്പിലൂടെ നടന്നു. അറമ്പിന്റെ അറ്റത്തെ കിണറിന്റെ അരികിലെ കയ്യാല ഇറങ്ങുന്നതു പഞ്ചായത്ത് പറമ്പിലേക്കാണ്. അവിടെ തൊട്ടടുത്തായുള്ള മാവിലാണ് സുരൻചേട്ടൻ ആനയെ കെട്ടിയിരിക്കുന്നത്. അവിടെനിന്നും ആന ഓല ആറ്റി ചവയ്ക്കുന്ന ശബ്ദം കേൾക്കാം. കയ്യാലയിലൂടെ ഊർന്നു താഴേക്കിറങ്ങി. ആളനക്കം കേട്ടിട്ടാവണം ആന ചങ്ങലയനക്കി. തൊട്ടടുത്തായി വളർന്നുനിൽക്കുന്ന കമ്മ്യൂണിസ്റ് പൊന്തയ്ക്കു മറഞ്ഞിരുന്നു. എന്നിട്ടു സ്വരം മാറ്റി ഉറക്കെ നീട്ടിവിളിച്ചു. “കരിമുണ്ടോ …….”
പെട്ടന്ന് അടിയുടെ ഒച്ച നിലച്ചു. നിലവിളിയും. ആകെ ഒരു നിശബ്ദത.
വീണ്ടും നീട്ടിവിളിച്ചു. “കരിമുണ്ടോ …….”
ഒരുനിമിഷത്തെ നിശബ്ദത ഭഞ്ജിച്ചു സുരൻചേട്ടൻ ചോദിച്ചു. “ആർറാ... അത്”.
സംഗതി ഏറ്റിരിക്കുന്നു. താനിട്ട ചൂണ്ടയിൽ സുരൻചേട്ടൻ കൊത്തിയിരിക്കുന്നു. എന്നാലും വിട്ടുകൊടുത്തുകൂടാ. വിളി നിർത്തയാൽ വീണ്ടും ഇടിതുടങ്ങിയെന്നിരിക്കും. അതുകൊണ്ട് വീണ്ടും നീട്ടിവിളിച്ചു “കരിമുണ്ടോ …….”
“ദാണ്ട്രാ കിടക്കുന്നു കരിമുണ്ടൻ” സുരൻചേട്ടൻ പറഞ്ഞു. ഇരുട്ടത്ത് ഒന്നും കാണാൻ സാധിക്കുന്നില്ല. എന്നാലും തനിക്കുനേരെ മുണ്ടുപൊക്കി കാണിച്ചുകൊണ്ടു പറഞ്ഞ ഡയലോഗാണെന്നു മനസിലായി..
വീണ്ടും വിളിച്ചു “കരിമുണ്ടോ …….”
സുരൻചേട്ടൻ വ്യാകരണത്തിന്റെ കെട്ടഴിക്കുവാൻ തുടങ്ങി. “നിന്റെ തന്തയാടാ..”
സുരൻചേട്ടൻ ട്രാക്കിൽ വീണുതുടങ്ങിയിരിക്കുന്നു .
എന്നെ അത്ഭുതപ്പെടുത്തിയ ഒരുകാര്യം, ഇത്രയും നേരം അടികൊണ്ടു നിലവിളിച്ചുകൊണ്ടിരുന്ന അട ഒരു ഉപാധിയുമില്ലാതെ ചക്കരയോട് ചേർന്നതാണ്. ഇന്ദിരേച്ചിയും വിളിച്ചു ചോദിച്ചിരിക്കുന്നു “ ആർക്കടാ ഇത്ര സൂക്കേട്.” എന്ന്. ഞാൻ മനസ്സിൽ പറഞ്ഞു. “യ്യോ…. ഈ ഇന്ദിരേച്ചി ഒരു പൊട്ടിതന്നെ.”
കാര്യങ്ങൾ കുറച്ചുകൂടി കത്താനുണ്ടെന്നു തോന്നി. വീണ്ടും വിളിച്ചു. “കരിമുണ്ടോ …….”
ആഹാ….പിന്നെ തെറിയുടെ ഒരു മലവെള്ളപ്പാച്ചിലായിരുന്നു. എന്റെ അച്ഛനെ, അമ്മയെ അപ്പൂപ്പനെ, അമ്മൂമ്മയെ എന്നുവേണ്ട കുഴിയിൽ കിടന്നുറങ്ങുന്ന എന്റെ താവഴിയിലും തന്തവഴിയിലും ഉള്ള പിതൃപരമ്പരയെ മുഴുവൻ സുരൻചേട്ടൻ നിമിഷനേരംകൊണ്ട് പൊളിച്ചടുക്കി കയ്യിൽതന്നു. എനിക്ക് തൃപ്തിയായി. എന്തായാലും ഇന്ദിരേച്ചി രക്ഷപെട്ടല്ലോ. അതു മതി.
ഞാൻ കാടിന്റെ മറവിൽനിന്നും എഴുനേറ്റു. ഇനിയും അവിടെ നിൽക്കുന്നത് പന്തിയല്ല. സുരച്ചേട്ടൻ അവിടേക്കു കയ്യാല കയറി വരികയാണ്. പതുക്കെ ഞാൻ വടക്കേ കയ്യാല വലിഞ്ഞുകയറി വീട്ടിലേക്കു നടന്നു. അകത്തുകയറി കതകിനു കുറ്റിയിട്ടു. ഹാളിലൂടെ ആരുമറിയാതെ പതുങ്ങി മുറിയിലേക്ക് നീങ്ങുമ്പോൾ അമ്മയും അമ്മൂമ്മയും ചെവി പൊത്തിപ്പിടിച്ചിരിക്കുന്നതു കണ്ടു. ഹാളിലെ ഭിത്തിയിൽ അപ്പൂപ്പന്റെ ഫോട്ടോ ചുവന്ന ലൈറ്റിട്ടു തൂക്കിയിട്ടുണ്ട്. മനപ്പൂർവ്വം അതിലേക്കു നോക്കിയില്ല. നോക്കിയാൽ, അപ്പൂപ്പൻ നാക്കു ചുരുട്ടി വടി നീട്ടിപ്പിടിച്ച് ചോദിച്ചെന്നിരിക്കും “പറേപ്പിക്കാൻഒണ്ടായോനെ... ചത്താലും നീയൊന്നും സ്വസ്ഥത തരുകേലിയോടാ” എന്ന്.
പഞ്ചായത്തു പറമ്പിൽനിന്ന് സുരൻ ചേട്ടന്റെ വാ കേൽക്കുന്നുണ്ട്.
“ഈ പുഴുത്ത തെറി ഇവനിങ്ങനെ ആരെയാ വിളിക്കുന്നത്.” അകത്തു അമ്മൂമ്മ ചോദിക്കുന്നത് കേട്ടു. പാവങ്ങൾ അറിയുന്നില്ലല്ലോ അവരെയൊക്കെത്തന്നെയാണ് സുരൻചേട്ടൻ എടുത്തിട്ടു അലക്കുന്നതെന്ന്. സാരമില്ല, കാര്യങ്ങളുടെ കിടപ്പ് അവരറിഞ്ഞാലല്ലേ കുഴപ്പമുള്ളൂ.
സുരൻ ചേട്ടൻ ആനയോടു ദേഷ്യപ്പെടുകയാണ്. “നീയിങ്ങനെ ഒന്നുമറിയാതെ കുന്തളിച്ചു നിന്നോടാ. കണ്ടവമ്മാര് വന്ന് എന്റെ വട്ടപ്പേരും വിളിച്ചേച്ചു പോയത് നീ കണ്ടോ?”
ശബ്ദമുണ്ടാക്കാതെ കട്ടിലിലേക്ക് കയറിക്കിടന്നു. കുറച്ചുനേരംകൂടി സുരൻ ചേട്ടൻ തെറിവിളിച്ചുകൊണ്ടിരുന്നു. പിന്നെ ബഹളമടങ്ങി.
പിന്നെയും അടയും ചക്കരയും തമ്മിൽ പിണങ്ങുന്ന ഒരുപാടു രാത്രികൾ വന്നു. അപ്പോഴെല്ലാം പഞ്ചായത്തു പറമ്പിലെ പൊന്തക്കാടുകളിൽനിന്ന് “കരിമുണ്ടോ….” എന്ന വിളി ഉയർന്നു. പകരം ഞാൻ തന്തക്കു വിളിയും കേട്ടു. ഇന്ദിരേച്ചി സുരൻചേട്ടന്റെ അടിയിൽനിന്നും രക്ഷപെട്ടു പോവുകയും ചെയ്തു.
താൻ കാരണം തെറികേട്ടു കുഴിയിൽ കിടന്നുറങ്ങുന്ന കാരണപരമ്പരകൾക്ക് തന്നോട് അനിഷ്ടമുണ്ടാകും. സാരമില്ല അടുത്ത കർക്കിടകത്തിലെ ബലി തർപ്പണത്തിന്, നറുക്കിലയില്‍ ഇത്തിരി വലിയ ബലിപിണ്ഡം ഉരുട്ടിവച്ച് പിതൃക്കളോട് പറയാം, തന്നെ കുന്നോളം സ്നേഹിക്കുന്ന ഇന്ദിരേച്ചിക്കുവേണ്ടിയാണ് ഇതൊക്കെയെന്ന്.

BY Santhosh Kumar ( Santhu Gopal)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot