Showing posts with label MalavikaNambiar. Show all posts
Showing posts with label MalavikaNambiar. Show all posts

അച്ഛനോർമ്മകൾ !!

Image may contain: 1 person

ഇതൊരു കഥയല്ല. ഓർമ്മക്കുറിപ്പ് ആണെന്ന് പറയാം. ആരെക്കുറിച്ചാണെന്ന് ചോദിച്ചാൽ അങ്ങനെ ഓർത്തുവെക്കാൻ ഒരുപാടുപേരൊന്നും ഇല്ലാത്ത ഒരാളാണ് ഞാൻ. ഒരുപാട് സ്വപ്നങ്ങളും ഓർമകളും സമ്മാനിച്ച്, അവസാനം ഓർമ്മകൾ മാത്രം ബാക്കി ആക്കി പോയ ഒരാളുണ്ട്. എന്റെ അച്ഛൻ.
അച്ഛനെ ഇന്ന് പ്രത്യേകിച്ച് ഓർത്തതൊന്നും അല്ല. മറന്നുപോയവരെ അല്ലെ പ്രത്യേകിച്ച് ഓർക്കേണ്ടതുള്ളൂ. ഇന്നിപ്പോ ഇത് എഴുതാൻ കാര്യം എന്താണെന്നു വെച്ചാൽ, പഴയ ഹിന്ദി സിനിമ "ബോർഡറിലെ "സന്ദേശേ അതേ ഹേ " എന്ന പാട്ടു കേട്ടതുകൊണ്ടാണ്.
അച്ഛനൊപ്പം കേരളത്തിന്‌ വെളിയിൽ ആയതിനാൽ ഞാൻ ആദ്യം സംസാരിച്ചു തുടങ്ങിയ ഭാഷ ഹിന്ദി ആയിരുന്നു. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ അച്ഛനും അമ്മയ്ക്കും പകരം പപ്പയും മമ്മിയും ആയിരുന്നു. എട്ടാം വയസ്സിൽ കേരളത്തിൽ വന്നതിനു ശേഷമാണു അത് പരിണമിച്ച് അച്ഛനും അമ്മയും ആയത്. കുട്ടികാലത്ത് ഒരുപാട് മൂളിനടന്നിട്ടുള്ള പാട്ടാണ് സന്ദേശേ അതേ ഹേ, ചിട്ടി ആതി ഹേ എന്ന്. പക്ഷെ ഇന്ന് ആ പാട്ട് വീണ്ടും കണ്ടപ്പോൾ അച്ഛനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്ന പോലെ.
പട്ടാളക്കാർക്ക് കത്തുകൾ വരുന്നതും, എപ്പോളാ വീട്ടിലേക് വരുന്നേ എന്ന ചോദ്യവുമാണ് പാട്ടിന്റെ ഇതിവൃത്തം. ഞാനും അമ്മയും ഒരുപാട് വട്ടം അച്ഛനോട് ചോദിച്ചിട്ടുള്ള ചോദ്യം. ബോർഡറിൽ ഉള്ള അച്ഛനെ കോൺടാക്ട് ചെയ്യാൻ അന്നൊന്നും ഫോൺ ഇല്ല. എഴുത്ത് തന്നെ ശരണം. നീല കളർ ഇൻലന്റുകൾ എനിക്കിന്നും ഓർമയുണ്ട്. അതിന്റെ പുറക് വശത്ത്, അഡ്രസ് എഴുതുന്നതിന്റെ ചോട്ടിൽ കുറച്ച് സ്ഥലം ബാക്കി ഉണ്ടാവും. അമ്മയ്ക്ക് എഴുതാനുള്ളതൊക്കെ എഴുതിക്കഴിഞ്ഞു അമ്മ ഇൻലന്റ് എനിക്ക് തരും. മലയാളം എഴുതാനറിയാത്ത ഞാൻ, അല്ല, കാര്യമായിട്ട് അന്ന് ഒന്നും എഴുതാൻ അറിയില്ല. ആകെ അഞ്ചാറു വയസ്സല്ലേ ഉള്ളു. കയ്യിൽ ഉണ്ടായിരുന്ന കളർ മുഴുവൻ ആ കൊച്ചു സ്ഥലത്തു വാരി നിറയ്ക്കുമായിരുന്നു ഞാൻ. പൂക്കളും പൂമ്പാറ്റയും ഒക്കെയായി നല്ലൊരു colourful കത്ത്.
അച്ഛൻ അടുത്തില്ലാത്തതിന് ഒരിക്കലും പരാതി തോന്നിയിരുന്നില്ല. കാരണം കൂട്ടുകാരുടെ അച്ചന്മാരും വീട്ടിൽ ഉണ്ടായിരുന്നില്ലലോ. പട്ടാളക്കാരുടെ മക്കൾ വളരെ പ്രീപ്രോഗ്രാമ്ഡ് ആണ്. അവർക്കറിയാം, ഇടയ്ക്കൊക്കെ മാത്രം വരുന്ന ആളാണ് അച്ഛൻ. അച്ഛനത്രയെ ലീവുള്ളു.
അച്ഛൻ വീട്ടിൽ വരുന്നതും ബഹു രസമാണ്. ഒരിക്കലും പറഞ്ഞ തീയതിക്ക് അച്ഛൻ വരില്ല. കാത്തിരുന്ന് കാത്തിരുന്ന് കുഞ്ഞ് മാളൂട്ടി ഉറങ്ങിപ്പോവും. പക്ഷെ പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ അച്ഛൻ അടുത്ത് കിടപ്പുണ്ടാവും. അതൊരു വല്ലാത്ത സന്തോഷമാണ്. ഈയൊരു കാരണം കൊണ്ട്, എന്നും ഉറങ്ങാൻ പോവുന്നതിനു മുൻപ് മനസ്സിൽ ഒരു പ്രതീക്ഷ ഉണ്ടാവും, നാളെ രാവിലെ അടുത്ത് അച്ഛനുണ്ടാവും എന്ന്.
ബോർഡറിൽ 2 കൊല്ലത്തെ പോസ്റ്റിങ്ങ്‌ കഴിഞ്ഞാൽ പിന്നെ, 3 കൊല്ലം അച്ഛൻ ഞങ്ങളുടെ കൂടെ ഉണ്ടാവുമായിരുന്നു. സത്യം പറഞ്ഞാൽ എണ്ണിത്തിട്ടപ്പെടുത്തി 5 കൊല്ലമേ എനിക്ക് അങ്ങനെ അച്ഛന്റെ കൂടെ നില്കാൻ സാധിച്ചിട്ടുള്ളു. പിന്നീട് അമ്മയ്ക്ക് ജോലി കിട്ടിയതിനാൽ ഞങ്ങൾ നാട്ടിൽ വന്നു. അച്ഛനപ്പോഴും ദൂരെയുള്ള ഒരു സ്നേഹമായി. കൊല്ലത്തിൽ രണ്ടു വട്ടം ലീവിന് വരുന്ന, ആ വരുന്ന രണ്ടു മാസം വീട്ടിൽ നിറയെ സ്നേഹം നിറയ്ക്കുന്ന എന്റെ അച്ഛൻ.
അച്ഛനോർമ്മകൾ ഒരുപാടുണ്ട്. ഒരടുക്കും ചിട്ടയും ഇല്ലാതെ ആണ് ഇതെഴുതുന്നത് എന്നെനിക്കറിയാം. പക്ഷെ എന്തുചെയ്യാം. ഓർമ്മകൾ ചിട്ടയോടെ മനസ്സിലേക്ക് വരില്ലല്ലോ.
ഒരിക്കൽ അമ്മയ്ക്ക് വയ്യാത്ത ഒരുദിവസം, ബാഗിൽ ടിഫിൻ വെക്കേണ്ട ഡ്യൂട്ടി അച്ഛനായിരുന്നു. ഞാൻ അന്ന് രണ്ടാം ക്ലാസ്സിലാണ്. എന്തോ തിരക്ക് കാരണം ടിഫിൻ വെക്കാൻ അച്ഛൻ മറന്നുപോയി. അന്നൊക്കെ സ്കൂൾ ഒരുമണി വരെയേ ഉള്ളു. സ്കൂൾ വിട്ടു വന്ന എന്നെ കൂട്ടാൻ ബസ്റ്റോപ്പിൽ അച്ഛൻ ഉണ്ടായിരുന്നു. നേരെ കൊണ്ടുപോയി എനിക്കേറെ ഇഷ്ടപെട്ട സമോസ വാങ്ങിത്തന്നു. അന്നാണ് ആദ്യമായി ഞാൻ fanta കുടിക്കുന്നത്. മിറാന്ഡയും ആവാം. ഓർമയില്ല. രണ്ടിനും ഏതാണ്ട് ഒരേ ടേസ്റ്റ് ആണല്ലോ. ടിഫിൻ വെക്കാൻ മറന്നതിന്റെ ക്ഷമ പറച്ചിലായിരുന്നു അതെന്നു മനസ്സിലാവാൻ പിന്നെയും ഏറെ കാലമെടുത്തു എനിക്ക്.
പിന്നീട്, അനിയത്തികുട്ടി ഉണ്ടായ ദിവസം ഞാൻ ഇന്നും ഓർക്കുന്നു. എന്നെ കൂട്ടാൻ അച്ഛൻ സ്കൂളിൽ വന്നു. നേരെ കൊണ്ടുപോയി എനിക്ക് പുതിയ ഉടുപ്പ് വാങ്ങിത്തന്നു. കുളിപ്പിച്ചു സുന്ദരിയാക്കി, പുത്തൻ ഉടുപ്പ് വിടുവിച്ചു. ഓറഞ്ചു നിറത്തിൽ ഉള്ളൊരു ടീഷർട്ടും ബ്ലൂ കളർ കുഞ്ഞ് ട്രൗസറും. ആ ടീഷർട്ടിന് ഒരു കുഞ്ഞ് തൂങ്ങിക്കിടക്കുന്ന പേഴ്സ് ഉണ്ടായിരുന്നു എന്ന് പോലും എനിക്കിപ്പോളും ഓർമയുണ്ട്. ഇത്രയുമൊക്കെ ചെയ്തതിനു ശേഷമാണു എന്നെ ദേവൂനെ കാണിക്കാൻ അച്ഛൻ കൊണ്ടുപോവുന്നത്. അനിയത്തി എന്നല്ല ഇനി വേറെ ആരുതന്നെ വന്നാലും, നീ കഴിഞ്ഞേ ഉള്ളു എനിക്ക് എന്ന് പറഞ്ഞതായിരുന്നു അതെന്ന് ഇന്ന് എനിക്കറിയാം അച്ഛാ.
ഓർമ്മകൾ വീണ്ടും കുത്തൊഴുക്കിൽ പെടുന്നു. പതിമൂന്നാം പിറന്നനാളിന്റെ സമയത്തു അച്ഛൻ നാട്ടിലുണ്ടായിരുന്നു. പിറ്റേന്ന് പിറന്നാൾദിവസം ഇടാൻ പുതിയ ഉടുപ്പ് മേടിച്ചു. പക്ഷെ മാച്ചിങ് വള കിട്ടിയില്ല. സങ്കടപ്പെട്ട് ഉറങ്ങാൻ പോയ എന്നേം കാത്ത്, പിറ്റേന്ന് രാവിലേ ഉടുപ്പിന് മാച്ചിങ് രണ്ടു ഡസൻ കുപ്പിവളകൾ കാത്തിരിപ്പുണ്ടായിരുന്നു. അച്ഛൻ അങ്ങനെയായിരുന്നു. ഞങ്ങളുടെ ഒരാഗ്രഹവും ഇതുവരെ സാധിച്ചുതരാതിരുന്നിട്ടില്ല. എന്നിട്ട് പിറ്റേന്ന് കളിക്കാൻ പോയപ്പോൾ വളകൾ ബാഗിൽ ഊരിയിട്ടതും പിന്നീട് ഓര്മയില്ലാതെ അതിന്മേൽ പുസ്തകം വെച്ചതും വളകൾ എല്ലാം പൊട്ടിപോയതും ഇന്നും ഓർമയുണ്ട്. അതെ, ഞാൻ ഒരിക്കലും നല്ലൊരു മകൾ ആയിരുന്നില്ല.
അതെന്താ അച്ഛാ അങ്ങനെ എന്ന് ചോദിച്ച കുഞ്ഞ് മനസ്സിനെ, അതെന്താ എന്ന് എപ്പോഴും റീസണോട് കൂടി ഉത്തരങ്ങൾ തന്ന്, നിലനിന്നു പോരുന്ന എല്ലാത്തിനെയും കണ്ണടച്ച് വിശ്വസിക്കേണ്ട കാര്യമില്ല എന്ന് പഠിപ്പിച്ച അച്ഛൻ. കൂടെയുണ്ടായിരുന്ന 21 വർഷം സ്നേഹം മാത്രം തന്ന അച്ഛൻ. ആ അച്ഛൻ ഇപ്പൊ കൂടെയില്ല. ഓരോ രാത്രി തീരുമ്പോഴും, വെള്ളപുതപ്പിച്ച അച്ഛനെ കൊണ്ടുപോവുമ്പോൾ "അച്ഛൻ പോയി അമ്മേ " എന്ന് വാവിട്ടു കരയുന്ന ദേവൂനെയും, എന്നെയും അവളെയും അടക്കിപ്പിടിച്ച് കരയാൻ പോലുമാവാതെ ഇരിക്കുന്ന അമ്മയെയും ആണ് ഓർമ വരാറുള്ളത്.
അത്ര എളുപ്പം ഞങ്ങളെ വിട്ടു പോവണ്ടായിരുന്നു അച്ഛാ. അമ്മയെയും ഞങ്ങളെയും തനിച്ചാക്കിയിട്ട്.

By: Malavika Nambiar

അപ്പൂട്ടന്റെ അമ്മ

Image may contain: 1 person, shorts, outdoor and closeup
ഇങ്ങളെന്താ എപ്പോളും വെള്ളസാരി മാത്രം ഉടുക്കുന്നെ? വേറെ കളറൊന്നും ഇഷ്ടല്ലാ?" അപ്പുകുട്ടൻ പതിവുപോലെ തന്റെ ചോദ്യങ്ങളുടെ കെട്ടും കൊണ്ടെന്റെ അടുത്തേക്ക് വന്നു. "അത് അപ്പൂട്ടാ, ആന്റിക് ഈ ഒരു സാരിയല്ലേ ഉള്ളു, അപ്പൊ വേറെന്താ ചെയ്യാ !" വരിയിലെ ആദ്യത്തെ പേഷ്യന്റിന്റെ ഐവി കണക്ട് ചെയ്തുകൊണ്ട് ഞാൻ അവനോടു പറഞ്ഞു. അവനത് കളിയായിട് എടുക്കുമെന്നേ കരുതിയുള്ളൂ, പക്ഷെ അഞ്ചു വയസ്സിന്റെ നിഷ്കളങ്കത
അവന്റെ കണ്ണുകളിലേ തിളക്കം കുറച്ചു. വാടിയ മുഖത്തോടെ അവൻ പറഞ്ഞു, "ന്റെ അമ്മയ്ക്കും ഒരു സാരിയെ ഉള്ളു, എനിക്ക് ഈ ഒരു ഉടുപ്പും !" മുഷിഞ്ഞു മണ്ണുപുരണ്ട ചുവന്ന ഷിർട്ടിലേയ്ക്കും ട്രൗസറിലേയ്ക്കും എന്റെ നോട്ടം പതിഞ്ഞപ്പോൾ ആഹ്ലാദം വീണ്ടെടുത്ത് അവൻ പറഞ്ഞുതുടങ്ങി, "പക്ഷെ ഉണ്ണിമോൾക് രണ്ട് ഉടുപ്പുണ്ടല്ലോ ! അച്ഛൻ വാങ്ങിക്കൊടുത്ത ചുമന്ന പുള്ളിയുള്ള ഒരു വെള്ളം ഉടുപ്പും, പിന്നെ ഒരു പച്ചയും. ഞാൻ പഠിച്ചു വലിയ ആളാവുമ്പോ അമ്മയ്ക്കും ഉണ്ണിമോൾക്കും നിറയെ കുപ്പായം വാങ്ങികൊടുക്കുവല്ലോ ! അപ്പൊ ആന്റിക്കും ഞാൻ കൊറേ കൊറേ സാരി വാങ്ങിത്തരാമെ !"
രൂപയുടെ മൂല്യമോ, ഈ വലിയ ലോകത്തെയോ, ജീവിതം എന്തെന്ന് തന്നെയും അറിയാത്ത ആ ബാല്യം, ഒരുപാട് എന്ന വാക്കിനുപകരം തന്റെ കുഞ്ഞുതലയിൽ കണ്ടെത്തിയതാണ്, "കൊറേ കൊറേ ". തനിക്ക് ഒരു ജോഡി ഉടുപ്പുമാത്രമുണ്ടായിട്ടും, അനിയത്തിക്ക് രണ്ടെണ്ണമുണ്ട് എന്ന സന്തോഷം, വലുതാവുമ്പോൾ അമ്മയ്ക്ക് "കൊറേ കൊറേ " സാരി വാങ്ങികൊടുക്കാനുള്ള ആഗ്രഹം, ഒരിക്കലും കെട്ടടങ്ങാത്ത വിശപ്പ്, അപ്പുക്കുട്ടന്റെ മുഖത്ത് ഒരേസമയം ഒരുപാട് ഭാവങ്ങൾ ആയിരുന്നു. ഒരാഴ്ച മുൻപ് അസുഖം മൂർച്ഛിച്ചു ഏതോ കടത്തിണ്ണയിൽ നിന്ന് ആരോ ഈ ആശുപത്രിയിൽ എത്തിച്ച അവന്റെ അമ്മ പാതി തുറന്ന കണ്ണുകളുമായി അടുത്ത ഇഞ്ചക്ഷനുള്ള തന്റെ ഊഴവും കാത്തു കിടന്നു.
നാലു ദിവസം പഴകിയ ഐവി ക്യാനുലയിലൂടെ അവരുടെ അസുഖം ഒരു രീതിയിലും ഭേദപ്പെടുത്താൻ സാധ്യത ഇല്ലാത്ത മരുന്ന് കുത്തിവെച്ചുകൊണ്ട് ഞാൻ പറഞ്ഞു, "മോൻ വലുതായി ആന്റിക് ഉറപ്പായും സാരി വാങ്ങി തരണേ ". ആവേശത്തോടെ അവൻ പറഞ്ഞു, "തരും തരും ". വേനൽചൂട് സഹിക്കവയ്യാതെ മൂന്നു വയസുള്ള അവന്റെ അനിയത്തി അവന്റെ അമ്മയുടെ അടുത്ത് കിടപ്പുണ്ടായിരുന്നു. വീങ്ങിയ കോശങ്ങളിലൂടെ മരുന്ന് കടന്നുപോയപ്പോൾ അവന്റെ അമ്മയുടെ കൈ ഒന്ന് പിടഞ്ഞുവോ? ചിലപ്പോൾ എനിക്ക് തോന്നിയതാവും. കാരണം, അവർക്ക് അത്രയ്ക്ക് പോലും ജീവൻ ബാക്കിയില്ല എന്ന് എനിക്കറിയാമായിരുന്നു.
മയങ്ങുന്ന അമ്മയുടെ കൈകളിൽ അപ്പുകുട്ടൻ പതിയെ തലോടിക്കൊണ്ടിരുന്നു. വെറും ഒരാഴ്ച മുൻപ് തന്റെ സർക്കാരാശുപത്രിയിലേക്ക് വന്ന ഈ കുരുന്ന് തനിക്കെത്ര പ്രിയപെട്ടവനായിരിക്കുന്നു എന്നോർത്തപ്പോൾ അത്ഭുതം തോന്നി. ചില ബന്ധങ്ങൾ അങ്ങിനെയാണ്, വ്യാഖ്യാനങ്ങളില്ലാതെ, കാരണങ്ങളില്ലാതെ, അങ്ങനെ അങ്ങനെ.
മരുന്നുകൾ നിറച്ച ട്രേയുമായി അടുത്ത പേഷ്യന്റിന്റെ അരികിലേക്കു നീങ്ങുമ്പോൾ ഞാൻ സ്വയം ചോദിച്ചു, അപ്പുവിന്റെ അമ്മ, ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുമോ? "ഇല്ല " എന്ന ഉത്തരം വ്യക്തമായി അറിയാമായിരുന്നിട്ടും വെറുതെ ഒരു ചോദ്യം. അവരുടെ അസുഖത്തിനുള്ള മരുന്ന് ആശുപത്രിയിൽ ഇല്ല. അത് പുറത്തു നിന്നും വാങ്ങാൻ അപ്പുവിന് കഴിയുകയുമില്ല. ഇതൊന്നുമറിയാതെ തന്റെ അമ്മ സുഖപ്പെടും എന്ന വിശ്വാസത്തോടെ ആ കൈകൾ തലോടിക്കൊണ്ടിരുന്ന പിഞ്ചുകരങ്ങളിലേക് ഞാൻ വീണ്ടും നോക്കി. അല്ലെങ്കിൽ ഇനി എന്തെങ്കിലും അത്ഭുതം സംഭവിക്കണം. ദിവസവും ദൈവത്തോട് പ്രാർത്ഥിക്കണം എന്ന് അപ്പുവിനോട് പറഞ്ഞു കൊടുക്കാറുണ്ടെങ്കിലും, ഇത്രയും കാലത്തെ ആശുപത്രി ജീവിതം വെച്ച് ഒന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അസുഖം ഭേദമാവുന്നവർക് നന്ദി പറയാനുള്ള ഒരാൾ മാത്രമാണ് ദൈവം. അസുഖം മാറാത്തവർക്കും മരിക്കുന്നവർക്കും ദൈവം എന്നും അന്യനാണ്.
ഞാൻ ഇങ്ങനെ പലതരം ആലോചനകളിൽ മുഴുകി നിന്നപ്പോൾ ഉച്ചഭക്ഷണം വന്നു. രണ്ടുപേർക്കുള്ള ആഹാരം ആശുപത്രി കൊടുത്തിരുന്നു. പേഷ്യന്റിനും കൂടെയുള്ള ഒരു ബന്ധുവിനും. ചോറും കറികളും നിറച്ച വെല്ല്യ ഉന്തുവണ്ടിയുമായി വരുന്ന കേശവൻ ചേട്ടനെ കണ്ടപ്പോളേക്കും ആവേശത്തോടെ അപ്പു പാത്രമെടുക്കാൻ ഓടി. അവന്റെയും ഉണ്ണിമോൾടെയും ഇപ്പോഴത്തെ ആഹാരം അതാണല്ലോ. അവൻ ആദ്യം ചെന്ന് ഗ്ലാസിൽ അമ്മയ്ക്കുള്ള സൂപ്പ് വാങ്ങിച്ചു. മൂക്കിലിട്ട ട്യൂബിലൂടെ ഗ്ലാസിൽ പകരാവുന്ന ആഹാരമല്ലേ കൊടുക്കാൻ പറ്റു! പിന്നെ മറ്റൊരു കുഞ്ഞു പത്രത്തിൽ അവൻ അവനും ഉണ്ണിമോൾക്കുമുള്ള ആഹാരവും വാങ്ങി. സൂപ്പ് ഗ്ലാസിൽ നിന്ന് ട്യൂബിലേക് ഒഴിച്ചുകൊടുക്കുമ്പോൾ ഞാൻ കണ്ടു, ഉറങ്ങി കിടന്ന ഉണ്ണിമോളേ വിളിച്ചുണർത്തി അപ്പു ഭക്ഷണം വാരി കൊടുക്കുന്നു. അപ്പോൾ ആ കൈകൾക് ഒരുപാട് പ്രായമേറിയതായി തോന്നി എനിക്ക്. അവന്റെ മേലുള്ള ഉത്തരവാദിത്തങ്ങൾ എന്നെ വല്ലാതെ ഭയപ്പെടുത്തി !
അവനെപോലെയുള്ള കുഞ്ഞുങ്ങൾ വേറെയും ഉണ്ടായിരുന്നു. രോഗികൾക്കു കൂട്ടു നിൽക്കുന്നവർ, സ്വയം രോഗികൾ ആയവർ. അവർക്കെല്ലാവര്കും കൈമുതലായി ഉണ്ടായിരുന്നത് കുറെ സ്വപ്‌നങ്ങൾ മാത്രം. അപ്പു പറഞ്ഞത് പോലെ, "കൊറേ കൊറേ സ്വപ്‌നങ്ങൾ "!
സ്വപ്നങ്ങളുടെ ഒരു കുഞ്ഞു കൂട്ടം അവിടെയും ഇവിടെയും ഇരുന്ന് ആഹാരം കഴിച്ചു. സ്വപ്‌നങ്ങൾ ഒക്കെ ഏറെക്കുറെ തകർന്ന ഞങ്ങൾ അവരിൽ ചിലരെ ഊട്ടി, അവരുടെ രോഗികളായ ബന്ധുക്കളെയും.
ഈ ലോകം എത്ര ക്രൂരമെന്ന് ഇവർ അറിയുന്നില്ലലോ എന്ന് ഞാൻ വെറുതെ ഓർത്തു. കഴിഞ്ഞ ദിവസം എനിക്ക് ചോറ് പൊതിയാൻ നേരത്ത്, ഒരു പൊതികൂടെ എടുക്കുന്നത് കണ്ട്, ഇവനുവേണ്ടിയാണെന്ന് ചോദിച്ചറിഞ്ഞ ശേഷം എന്റെ ഭർത്താവ് പറഞ്ഞത് ഇങ്ങനെ, "നേഴ്സ് ആണെന്ന് കരുതി നാട്ടുകാരെ മുഴുവൻ ഊട്ടാൻ നടന്നാലേ, അവസാനം നമ്മുടെ മക്കൾ പട്ടിണി ആവും. ലക്ഷകണക്കിന് ആണല്ലോ മാസാമാസം ശമ്പളം മേടിക്കുന്നത് "!
രണ്ടാമത്തെ ചോറുപൊതി മകളുടെ ബാഗിൽ വെച്ചു ഞാൻ. അപ്പോൾ മനസ്സിൽ വികാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സ്വപ്‌നങ്ങൾ കാട്ടുന്ന ഈ ലോകത്തോടുള്ള വെറുപ്പോ, അവ തകർക്കപെടുമ്പോൾ ഉണ്ടാവുന്ന സങ്കടമോ ഒന്നും എനിക്ക് അനുഭവപ്പെട്ടില്ല. അതൊക്കെ എന്നെ മനസ്സിന്റെ ആഴങ്ങളിൽ കെട്ടടങ്ങിയിരുന്നു.
ആഹാരം കഴിച്ചതിനു ശേഷം അവർ രണ്ടുപേരും അവരുടെ അമ്മയ്ക്കിരുവശവുമായി പറ്റിച്ചേർന്നു കിടന്നു. അപ്പോഴും അപ്പുകുട്ടൻ വാതോരാതെ അവന്റെ അമ്മയോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
വൈകീട്ട് രണ്ടാളും ഉറങ്ങുന്നത് കണ്ടിട്ടാണ് ഞാൻ വീട്ടിലേക് പോയത്. പിറ്റേന്ന് ഞാൻ ചെന്നപ്പോൾ അപ്പുവിന്റെ അമ്മയുടെ ബെഡ് ഒഴിഞ്ഞുകിടന്നു. അപ്പോഴാണ് ഞാൻ ഓർത്തത്, ആ സ്ത്രീയുടെ പേര് എനിക്ക് അറിയില്ലല്ലോ. അമ്മയുടെ പേര് ചോദിച്ചപ്പോൾ "അമ്മ " എന്നുമാത്രമേ അപ്പുവിന് ഉത്തരമുണ്ടായിരുന്നുള്ളു. അമ്മ എവിടെ പോയെന്നറിയാതെ അപ്പുവും ഉണ്ണിമോളും ഒരുകോണിൽ ഭയന്ന് ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും കരഞ്ഞുകൊണ്ട് ഓടിവന്നു അപ്പു പറഞ്ഞു, "അമ്മയെ പെട്ടന്ന് എങ്ങോട്ടോ കൊണ്ടുപോയി ആന്റി, നിക്ക് പേടിയാവുന്നു "!. അവനെ സമാധാനിപ്പിച്ചു അവന്റെ അമ്മയുടെ കാര്യം അന്വേഷിച്ചപ്പോൾ മനസ്സിലായി, അപ്പുവും ഉണ്ണിയും അനാഥരായിരിക്കുന്നു, അവന്റെ അമ്മ വേദനകളുടെ ലോകത്തുനിന്നും പോയിരിക്കുന്നു. ഇതൊന്നും അറിയാതെ ആ കുഞ്ഞുങ്ങൾ അമ്മ വരുന്നതും കാത്തിരുന്നു.
പോസ്റ്റ്‌ മോർട്ടം കഴിഞ്ഞു ബോഡി കിട്ടാൻ ഉച്ചയായി. ഞാൻ എന്നും ആലോചിച്ചിട്ടുണ്ട്, നമുക്കൊക്കെ സ്വന്തം പേരുകളിൽ നിന്നും ബോഡികളാവാൻ ചുരുക്കം സമയം മാത്രം മതി. ഇന്നലെവരെ അവർ അപ്പുവിന്റെ അമ്മ ആയിരുന്നു, ഇന്നവർ വെറും ജഡമാണ്. അപ്പൂട്ടൻ സ്നേഹത്തോടെ തഴുകിയ കൈകൾ മരവിച്ചിരിക്കുന്നു.
ശവം പൊതുശ്‌മശാനത്തിലേക് കൊണ്ടുപോവുമ്പോൾ അപ്പുവിനെയും ഉണ്ണിയേയും ആരോ ആംബുലൻസിൽ കയറ്റി. അല്ലെങ്കിലും രോഗികൾ അല്ലാത്തവർക്ക് ആശുപത്രിയിൽ ഇനിയെന്ത് കാര്യം. ഞാൻ അടുത്തുനിന്ന കേശവൻ ചേട്ടനോട് ചോദിച്ചു, "രാവിലെ മുതൽ പിള്ളേര് പട്ടിണി അല്ലെ, ഉച്ചയൂണ് നമുക്ക് കൊടുത്തൂടെ "? "അതെങ്ങനെയാ സിസ്റ്ററെ ", അയാൾ പറഞ്ഞു "മരിച്ച ഒരാളുടെ ബന്ധുകൾക് ഫുഡ്‌ അലോവെൻസ് ഇല്ലാലോ." മറുത്തൊന്നും ഞാൻ പറഞ്ഞില്ല. ആംബുലൻസിന്റെ അടുത്തേക്ക് ചെന്നപ്പോൾ അപ്പു ചോദിച്ചു, "ഞങ്ങളെ എവിടെയാ ആന്റി കൊണ്ടോവുന്നെ "? എന്ത് മറുപടി പറയും എന്നറിയാതെ കുഴങ്ങിയ എനിക്ക് ഇത്രയേ പറയാൻ സാധിച്ചുള്ളൂ, "മോൻ ഇനി ഇങ്ങോട്ട് മടങ്ങി വരണ്ട ". "അപ്പൊ ഞങ്ങൾക്കിനി ഭക്ഷണം കിട്ടൂല്ല അല്ലെ "? അഞ്ചു വയസ്സിന്റെ നിഷ്കളങ്കത എന്നെ വീണ്ടും തോല്പിച്ചുകൊണ്ട് ചോദിച്ചു. അമ്മ മരിച്ചെന്നുപോലും അറിയാതെ അവൻ ആകെ ചിന്തിച്ചത് തന്റെയും അനിയത്തിയുടെയും വിശപ്പിനെക്കുറിച്ചു മാത്രം !
അവനുവേണ്ടി വാങ്ങിയ ഒരു ജോഡി ഷർട്ടും പാന്റ്സും എന്റെ ഉച്ചഭക്ഷണത്തിന്റെ പൊതിയും അവനെ ഏല്പിച്ചു ഞാൻ തിരിച്ചു നടന്നു. ഒന്നും പറയാതെ, ഒന്ന് കരയാൻ പോലുമാവാതെ. "വലുതാവുമ്പോ സത്യായിട്ടും ആന്റിക് ഞാൻ കൊറേ കൊറേ സാരി വാങ്ങിത്തരുംട്ടോ ". അപ്പു പുറകിൽ നിന്ന് വിളിച്ചുപറഞ്ഞു. എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർത്തുള്ളി താഴെ എത്തുന്നതിനുമുന്നെ പൊടിപറത്തികൊണ്ട് ആംബുലൻസ് പാഞ്ഞുപോയി !

Malavika Nambiar

ശക്തി ശിവനെ പ്രണയിക്കുമ്പോൾ!

ശക്തി ശിവനെ പ്രണയിക്കുമ്പോൾ!
തളിർവെറ്റിലയിൽ അടയ്ക്കയും ഒറ്റരൂപാ നാണയവും വെച്ച് ദക്ഷിണ കൊടുത്തു കാൽ തൊട്ടുതൊഴുതപ്പോൾ നിറുകയിൽ കൈവെച്ചനുഗ്രഹിച്ച മുത്തശ്ശി പറഞ്ഞത് ഇന്നും ഓർക്കുന്നു. "ശിവന്റെ പാതി ശക്‌തിയും, ശക്‌തിയുടെ പാതി ശിവനും എന്ന് മനസ്സിലാകുന്നിടത് മാത്രമേ ഒരു നല്ല ദാമ്പത്യമുള്ളൂ. എന്റെ കുട്ടി അത് മറക്കരുത് ". പുടവചുറ്റി ഒരുങ്ങിയ മനസ്സ് ഒരു നിമിഷം ചിരിച്ചു. ശിവൻ, ഞാൻ ഒരിക്കലും ശിവനെ സ്നേഹിച്ചിട്ടേയില്ല. ശിവപുരാണങ്ങൾ വായിച്ചിട്ടില്ല. ശിവക്ഷേത്രങ്ങളിൽ പോയിട്ടില്ല. എന്തിന്, മനസ്സറിഞ്ഞു ഒരു വട്ടം പോലും ശിവനെ വിളിച്ചിട്ടില്ല. അന്ന് തോന്നി, ശിവൻ എന്ന സങ്കല്പത്തെ കുറിച്ച് ഒന്നും എനിക്ക് അറിയില്ലെന്ന്. ആ ശിവനെയാണ് സ്വന്തം ഭർത്താവിൽ ദർശിക്കാൻ മുത്തശ്ശി പറയുന്നത് !
ജീവിതത്തിൽ എന്നും ഞാൻ തേടിയിരുന്നത് എന്റെ കണ്ണനെ മാത്രം ആയിരുന്നു. ഓർമ വെച്ച നാൾ മുതൽ കേട്ടത് കൃഷ്ണനാമം മാത്രം. കഥകളിലും, കീർത്തനങ്ങളിലും, കാറ്റിലും, പുഴയിലും, മനസ്സിലെ തേങ്ങലിൽ പോലും കണ്ണൻ മാത്രം. ബാല്യം കൗമാരമായപ്പോൾ, ഭക്തി പ്രണയമായി മാറുകയായിരുന്നു. കൃഷ്ണവിഗ്രഹങ്ങളോട് പോലും ജ്വലിച്ചു നിന്ന ആരാധന. ഓരോ പുരുഷമുഖങ്ങളിലും തേടിയത് കണ്ണനെ മാത്രം. ആദ്യമായി പ്രണയിച്ച പുരുഷൻ പോലും അതിനർഹനായത്, അയാളിൽ തന്റെ കണ്ണനെ ദർശിച്ചതുകൊണ്ടു മാത്രം. അങ്ങനെയുള്ള തന്നോടാണ് ഭർത്താവിൽ ശിവനെ ദർശിക്കണം എന്ന് മുത്തശ്ശിയുടെ ഉപദേശം.
അഷ്ടമംഗല്യതാലവുമായി കതിര്മനടപത്തിലേക് കയറി തന്റെ വരനെ കണ്ടപ്പോൾ മനസ്സെന്നോട് ചോദിച്ചു, "വെളുത്തു സുമുഖനായ ഇവനോ ശിവൻ ? ശിവൻ രോഷമാണ് ക്രോധമാണ്, വിനാശമാണ്. ഇവനിൽ നിന്നും തുളുമ്പുന്നത് നൈർമല്യം മാത്രം "!
അന്ന് ഒരു കൃഷ്ണഭക്‌തയുടെ കഴുത്തിൽ ഇനിയും പേരു നിശ്ചയിക്കപ്പെടാത്ത ദേവൻ താലികെട്ടി !
കാതരമായ മനസ്സോടുകൂടെ മണിയറയിൽ കയറുമ്പോഴും, ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു, "ശിവനോ, അതോ കൃഷ്ണനോ ?" എന്റെ കണ്ണനെ പണ്ടേ നഷ്ടമായത്കൊണ്ട് മനസ്സുകൊണ്ട്‌റപ്പിച്ചു, "ശിവൻ തന്നെ "!
പക്ഷെ ശങ്കറിന്റെ, അതായത് നവവരന്റെ സ്ഥായീഭാവം ഞാൻ പ്രതീക്ഷിച്ചപോലെ ക്രോധം ആയിരുന്നില്ല. അനാവശ്യമായ ഒരു ഗൗരവം പോലും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. ഭഗവാന് മാലകെട്ടുന്ന കുട്ടിയുടെ കൈയ്യിലെ തുളസിക്കതിർ പോലെ സ്വയം അനുഭവപെട്ടു എനിക്ക്. ഇതായിരുന്നു ശിവതാണ്ഡവമെങ്കിൽ, അന്ന് അതാടിയത് ലാസ്യരസത്തിൽ ആയിരുന്നു.
നവരസങ്ങളിലെ ലാസ്യവും ശൃംഗാരവും ചേർന്ന നനുത്ത ഭാവങ്ങൾ അദേഹത്തിന്റെ പ്രണയത്തിൽ എന്തിനു കാമത്തിൽ പോലും നിറഞ്ഞുനിന്നു.
കണ്ണനെ നഷ്ടപെട്ട ശിവനെ അന്വേഷിച്ചു തുടങ്ങിയഞാൻ രണ്ടുപേരെയും കണ്ടെത്താൻ കഴിയാത്ത ഒരവസ്ഥയിൽ ആയിരുന്നു.
എങ്കിലുമെന്തോ ശങ്കറിനെ സ്നേഹിക്കാൻ എനിക്ക് കഴിഞ്ഞിരുന്നേയില്ല. പണ്ടെങ്ങൊനഷ്ടപെട്ട എന്റെ കണ്ണനെയോർത് എന്റെ മനസ്സ് വിതുമ്പിക്കൊണ്ടേയിരുന്നു.
അദ്ദേഹത്തിനത് മനസ്സിലായത് കൊണ്ടാണെന്നു തോന്നുന്നു, ഒരിക്കൽ എന്നോട് ചോദിച്ചു, "നീ എന്നെ സ്നേഹിക്കുന്നില്ല അല്ലേ മീര "? ഞാൻ മറുപടിയായി പറഞ്ഞത് ഇത്രമാത്രം, "മീരയ്ക്കൊരിക്കലും ശിവനെ സ്നേഹിക്കാൻ കഴിയില്ലലോ ". ഒന്നും മനസ്സിലാവാതെ ആ പാവം എന്റെ മുഖത്തേയ്ക്കു തന്നെ നോക്കി ഇരുന്നത് ഇപ്പോളും ഞാൻ ഓർക്കുന്നു ! താണ്ഡവങ്ങൾ വീണ്ടും തുടർന്നു. അവയില്ലെല്ലാം എന്റെ ശിവൻ ഒറ്റയ്ക്കായിരുന്നു. ആസ്വാദനം മാത്രമായിരുന്നു ശക്‌തിയുടെ ജോലി.
അങ്ങിനെയൊരിക്കൽ എനിക്ക് നഷ്‌ടമായ എന്റെ കണ്ണൻ എന്നെ തേടി വന്നു. ആധുനികത വേരുകൾ പാകിയ നഗരത്തിൽ, വിരസത മാറ്റാൻ അലയാറുണ്ടായിരുന്ന ഏതോ ഒരു തെരുവിൽ വെച്ച് ഒരിക്കൽ.
രാജീവ്‌ ഒട്ടും മാറിയിട്ടുണ്ടായിരുന്നില്ല. ഒട്ടും. ഒരിക്കൽ ഞാൻ ആരാധിച്ചിരുന്ന, കുസൃതി തുളുമ്പുന്ന അതേ ചിരിയോടു കൂടി എന്റെ അടുത്തു വന്നു കുശലം പറയാൻ ഒട്ടും മടി കാണിച്ചില്ല അയാൾ. ഗോപികമാരുടെ ചേല മോഷ്ടിച്ച അതേ ലാഘവത്തോടുകൂടി എന്റെ ആത്മാവിന്റെ വസ്ത്രമുരിയാൻ അയാൾ വീണ്ടും, "തീവ്രമായി പ്രണയിക്കുന്നവർ കല്യാണം കഴിക്കുന്നതിൽ ഒരർത്ഥവുമില്ല മീര, "എന്നു പറഞ്ഞു എന്നെയും എന്റെ പ്രണയത്തെയും ഒരിക്കൽ ഉപേക്ഷിച്ച അതേ അയാൾ.
പക്ഷെ എന്നിലെ കൃഷ്ണഭക്‌ത വീണ്ടും അയാളെ പൂജിച്ചു തുടങ്ങി. മനസ്സുകൊണ്ട് ഒരായിരം തുളസിമാലകൾ വീണ്ടും കോർകപെട്ടു. ശിവാങ്ങാനത്തിലെ തുളസിക്കതിർ വീണ്ടും കൃഷ്ണന് നേദിക്കപ്പെടുകയായിരുന്നു.
കൂടിക്കാഴ്ചകൾ കൂടി കൂടി വന്നു. കണ്ണനെ കാണാൻ, കണ്ണന്റെ ചിരി കേൾക്കാൻ, ഭക്തിയുടെ ചന്ദനമണിയാന് ശക്തി, ശിവനെ മറക്കുകയായിരുന്നു.
പിന്നീടൊരിക്കൽ ഭക്തി നൽകുന്ന ആനന്ദത്തിന്റെ പാരമ്മ്യതയിൽ നിൽകുമ്പോൾ രാജീവ്‌ അവളോട്‌ നേദ്യം ചോദിച്ചു. കണ്ണനു വേണ്ടിയിരുന്നത് അവളുടെ ശരീരം മാത്രമായിരുന്നു. അന്ന് അവളുടെ ഉള്ളിലെ ശക്തി ഒന്നുവിറച്ചു. കാരണം തന്നിൽ അലിഞ്ഞു ചേരാനുള്ള കണ്ണന്റെ ക്ഷണമായിരുന്നില്ല അത്. ഭഗവാന്റെ കണ്ടില്ലന്നു കത്തിയത് കാമം മാത്രം.
അന്നാദ്യമായി അവൾ അവളുടെ കണ്ണനെ വെറുത്തു. ശിവനോട് ചേരാൻ ശക്തി വെമ്പി. മനസ്സിന്റെ കരിങ്കല്ലറകൾ തുറന്നു കൊട്ടിയടയ്ക്കപ്പെട്ട പ്രണയം പുറത്തേക്കൊഴുകി. കൃഷ്ണവിഗ്രഹം ആദ്യമായി മീര തല്ലിയുടച്ചു.
അന്ന് രാത്രി പണ്ടെങ്ങോ ഞാൻ എഴുതിയ കവിതകൾ വായിച്ചു, ശങ്കർ എന്നോട് ചോദിച്ചു, "ഈ കവിതകളിൽ പോലും പ്രണയം കൃഷ്ണനോട് മാത്രം, മീരയ്ക്കൊരിക്കലും ശിവനെ സ്നേഹിക്കാൻ കഴിയില്ല എന്നു പറഞ്ഞത് ഇപ്പോൾ ഞാൻ മനസ്സിലാകുന്നു ". അന്നാദ്യമായി എന്റെ ശിവന്റെ മുഖം ഇരുണ്ടു. തൃക്കണ്ണ് തുറക്കുമോ എന്നല്ല ഞാൻ ഭയന്നത്, മറ്റു രണ്ടു കണ്ണുകളും നിറയുമോ എന്നതാണ്. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ എനിക്കുറപ്പാണ് ആ കണ്ണീരിൽ ശക്തി എന്നേയ്ക്കുമായി ഇല്ലാതായിപ്പോയേനെ. വല്ലാത്തൊരാവേശത്തോടെ ശങ്കറിനെ തന്നിലേക്കു വലിച്ചടുപ്പിക്കുമ്പോൾ, ശിവനെ പ്രാപിച്ച ശക്തി അതിന്റെ പൂര്ണതയിലേക്കെത്തുകയായിരുന്നു. താണ്ടവം അന്നാടിയത് ശിവനും ശക്‌തിയും ചേർന്ന്. വീണ്ടും ശങ്കർ എന്നോട് ചോദിച്ചു, "നീ എന്നെ സ്നേഹിക്കുന്നുവോ മീര ?", മറുപടിയായി അവനിൽ അലിയുമ്പോൾ ഞാൻ ഉവ്വെന്ന് പറഞ്ഞത് അവൻ കേട്ടുവോ ആവോ. അന്ന് ശിവന്റെ പാതി ശക്‌തിയുടെ, ശക്‌തിയുടെ പാതി ശിവനും ആയിച്ചേരുകയായിരുന്നു !
-സ്നേഹപൂർവ്വം മാളവിക


"സിഗരറ്റ് വലിക്കുന്ന പെൺകുട്ടി "!


"സിഗരറ്റ് വലിക്കുന്ന പെൺകുട്ടി "!
ഘനീഭവിച്ച വെളുത്ത സിഗരെറ്റുപുക ചുരുളുകളായി മേലോട്ടുയരുന്നത് നോക്കി അവൾ മെല്ലെ നെടുവീർപ്പിട്ടു. അദൃശ്യബന്ധനങ്ങൾ ഇല്ലാതെ ആർക്കും പിടികൊടുക്കാതെ, അനന്തമായ സ്വാതന്ത്ര്യത്തിലേക് അലിഞ്ഞില്ലാത്തവനുള്ള ഭാഗ്യം സിദ്ധിച്ച ഒരേഒരു വസ്തു ഇ പുകയാണെന്ന് അവൾക്കു തോന്നി. സ്വയം വിഷം നിറഞ്ഞത് കാരണം ആരാലും മലിനമാക്കപ്പെടാൻ കഴിയാത്ത പുക. ചൂടുകൂടുതലുള്ള രാത്രികളിൽ ഇ പുകയിലെ ഒരു ചുരുളായി മാറാൻ കഴിഞ്ഞെങ്കിൽ എന്നവൾ വെറുതെ ആശിച്ചുപോന്നു !
ചെറുപ്പം മുതലേ സിഗരെറ്റിനോടും അതിന്റെ പുകയോടും അകാരണമായ ഒരിഷ്ടം അവൾ സൂക്ഷിച്ചുപോന്നു. ഉമ്മറക്കോലായിലെ ചാരുകസേരയിൽ ഇരുന്നു, അസാമാന്യ മെയ്‌വഴക്കമുള്ള ഒരു സർക്കസ്സുകാരന്റെ ഗർവോടെ വെളുത്ത പുകയേ വട്ടത്തിലുള്ള ചുരുളകളാക്കി മേലോട്ട് വിടുന്ന അച്ഛനെ അവൾ ആരാധനാപൂർവം നോക്കിക്കണ്ടു. ഉണങ്ങിയ ഓല കഷ്ണങ്ങൾ സിഗരെറ്റെന്ന വ്യാജേന കത്തിച്ചു ചുണ്ടിൽ വെച്ച് കളിക്കുന്നത് അവളുടെ ഒരു പ്രധാന ബാല്യകാല വിനോദം ആയിരുന്നു.
പക്ഷെ ഒരു യഥാർത്ഥ സിഗരെറ്റിനെ അവളെടുത്തറിഞ്ഞത് പിന്നെയും ഒരുപാട് കാലങ്ങൾ കഴിഞ്ഞായിരുന്നു. അന്നുപക്ഷേ അത് എരിഞ്ഞത് മറ്റൊരാളുടെ ചുണ്ടിലായിരുന്നു എന്ന് മാത്രം. എട്ടാം ക്ലാസ്സിലെ വേനലവധിക്കിടയിൽ വീട്ടിൽ തനിച്ചായിപ്പോയ ഒരു ദിനം. അപ്രതീക്ഷിതമായി വന്ന, അവളുടെ വീടുമായി അടുത്ത പരിചയം ഉണ്ടായിരുന്ന ഒരാളുടെ ചുണ്ടുകളിൽ. അന്നാദ്യമായി മറ്റൊരു ശരീരം നമ്മോടു ചേരുമ്പോൾ ഉണ്ടാവുന്ന ഉഷ്ണം അവളറിഞ്ഞു. കുതറിമാറിയതുകൊണ്ട് അന്ന് മുറിഞ്ഞത് അവളുടെ ചുണ്ടുകൾ മാത്രമായിരുന്നു. അതിന്റെ നിരാശ ആ മാന്യദ്ദേഹം തീർത്തത് എരിയുന്ന സിഗരറ്റ് കൊണ്ടവളുടെ കൈത്തലം പൊള്ളിച്ചു കൊണ്ടായിരുന്നു. വാവിട്ടു നിലവിളിച്ചുപോയെങ്കിലും മനസ്സ് മുറിഞ്ഞുണ്ടാവുന്ന വേദനയേക്കാൾ എത്രയോ ചെറുതാണ് ദേഹം മുറിയുമ്പോൾ എന്നവൾ മനസ്സിലാക്കി.
അമ്മയോടിക്കാര്യം പറയാൻ ശ്രമിച്ചെങ്കിലും തന്റെ സത്യത്തിനു അയാളുടെ മാന്യതയെക്കാൾ വലിയ വിലയൊന്നും ഇല്ലെന്നു അവളുടെ അമ്മ തന്നെ അവളെ മനസ്സിലാക്കികൊടുത്തു. ഭാഗ്യം, അന്ന് മുറിഞ്ഞത് അവളുടെ ചുണ്ടുകൾ മാത്രമായിരുന്നു !
പിന്നീട്, അവളൊരു സിഗരറ്റ് കണ്ടത് ആദ്യമായി പ്രണയിച്ച പുരുഷന്റെ ചുണ്ടുകളിൽ. ആറടി ഉയരത്തോടും വിരിഞ്ഞ ശരീരത്തോടും തോന്നിയ ആദ്യ പ്രണയം. "ഞാനിതൊന്ന് വലിച്ചു നോക്കിക്കോട്ടെ എന്ന ചോദ്യത്തിനും, ആയിക്കോട്ടെ എന്ന മറുപടിക്കുമവസാനം ആദ്യമായി അവളേറെ ആഗ്രഹിച്ച ആ വസ്തു അവളുടെ ചുണ്ടുകളിലും എത്തി. നെഞ്ചിൽ ഇരച്ചുകയറിയ ചൂടിനും, ക്ഷണിക്കാതെ വന്ന ചുമയ്‌ക്കും, കണ്ണിൽ നിറഞ്ഞ വെള്ളത്തിനും ഇടയിൽ അവന്റെ കൈകളിപ്പെട്ട അവളുടെ ശരീരം മുറിഞ്ഞുകൊണ്ടേയിരുന്നു. പ്രണയത്തിന്റെ മൂടുപടം ഉള്ളത്കൊണ്ടോ അതോ ആഗ്രഹം സഫലമായത്കൊണ്ടോ എന്നറിയില്ല, അവനവളെ സിഗരറ്റ് വെച്ച് പൊളിച്ചില്ല. പക്ഷെ, എല്ലാറ്റിനുമവസാനം മനസ്സ് നീറിത്തുടങ്ങിയപ്പോൾ അവൾ സ്വയം പൊള്ളിച്ചുകൊണ്ടേയിരുന്നു. ഒന്നല്ല ഒരുപാട് തവണ. അന്ന് മുറിഞ്ഞത് അവളുടെ ചുണ്ടുകൾ മാത്രമായിരുന്നില്ല.
പിന്നീടവളുടെ ജീവിതം ഒരുപാട് സിഗരറ്റുകുറ്റികലാൾ നിയന്ത്രിക്കപ്പെട്ടുതുടങ്ങി. തലച്ചോറിൽഇരച്ചുകയറുന്ന ഉന്മാദത്തിനുവേണ്ടി അവൾ വലിച്ചിരുന്നവയും, ശരീരത്തിന്റെ ഉന്മാദത്തിനുവേണ്ടി മറ്റുള്ളവർ വലിച്ചിരുന്നതുമായ സിഗരറ്റുകൾ അവളെ വീണ്ടും വീണ്ടും പൊള്ളിച്ചുകൊണ്ടേയിരുന്നു. അപ്പോഴൊക്കെ അവൾ ആഗ്രഹിച്ചു, തനിക്കും ആ പുകപോലെ ആവാൻ കഴിഞ്ഞിരുന്നെങ്കിൽ !
സൂര്യനെല്ലി, കിളിരൂർ, തേഞ്ഞിപ്പലം, എന്നിങ്ങനെ ഒരുപാടു സ്ഥലങ്ങൾ പ്രശതമാക്കികൊണ്ടിരുന്ന പെണ്കുട്ടികളിലും,ഗോവിന്ദച്ചാമി കൊന്ന സൗമ്യയിലും, ഡൽഹി പെണ്കുട്ടിയിലുമൊക്കെ അവൾ അവളെത്തന്നെ കണ്ടു ! പുരുഷന്റെ കയ്യിലെ സിഗരറ്റ് കുറ്റികള് മാത്രമാണ് സ്ത്രീകളെന്നവൾക് തോന്നി.
ശരീരത്തിന്റെ സുഖത്തിനു വേണ്ടി എരിഞ്ഞുതീരുന്നവർ.
മാധ്യമങ്ങൾ ഓരോ സംഭവത്തെയും കഴിയുന്നത്ര കാവ്യാത്മകമായും എന്നാൽ ഭീകരത ഒട്ടും ചോർന്നുപോകാതെയും അവതരിപ്പിക്കാൻ നെട്ടോട്ടം ഓടിക്കൊണ്ടിരുന്നപ്പോൾ സ്വന്തം വീട്ടിൽ ചർച്ചകൾ ചൂടുപിടിക്കുന്നത് അവളറിഞ്ഞു. വീട്ടിൽ ഒരു മുതിർന്ന പെൺകുട്ടി ഉണ്ടല്ലോ എന്നതായിരുന്നു അച്ഛന്റെ ആധി, മറിച്ചു അമ്മയുടെ പ്രശ്നം ഈപറഞ്ഞ പെൺകുട്ടികൾ എല്ലാം സ്വന്തം മകളെ പോലെ എന്തുകൊണ്ട് അടക്കത്തിലും ഒതുക്കത്തിലും ജീവിക്കുന്നില്ല എന്നതായിരുന്നു. അമ്മയുടെ കണ്ണിൽ പെണ്ണിന്റെ ശത്രു പെണ്ണുതന്നെയായിരുന്നു. അവളുടെ വസ്ത്രധാരണവും പെരുമാറ്റവും മാന്യമായിരിക്കണമത്രേ. എപ്പോഴും പുരുഷനാൽ അവൾ സംരക്ഷിപ്പെടണമത്രേ. അമ്മയുടെ കണ്ടുപിടുത്തം അവൾക്കേറെ രസകരമായിത്തോന്നി, സിഗരറ്റിന്റെ പുറം ചട്ടയിൽ മാറ്റം വരുത്തിയാൽ, അതിനെ ഇരുമ്പുകൂടുകളിൽ സൂക്ഷിച്ചാൽ ആരും സിഗരറ്റ് വലിക്കില്ല എന്ന് പറയും പോലെ തോന്നി ഇതവൾക്. എത്ര മനോഹരമായ ചിന്ത ! അമ്മയെ സമ്മതിച്ചിരിക്കുന്നു. പക്ഷെ അമ്മ അറിഞ്ഞില്ലാലോ, അവളുടെ ശരീരം ഒരുപാട് സ്ഥലത്തു മുറിഞ്ഞിരിക്കുന്നു എന്ന്, സ്വന്തം മകളും ഒരു സിഗരറ്റ്കുറ്റിയിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്ന് !
ശരീരത്തിൽ പൊളിക്കാൻ ഇടങ്ങൾ ബാക്കിയില്ലാതെ വന്നപ്പോൾ അവൾ തീരുമാനിച്ചു യഥാർത്ഥത്തിൽ സിഗരറ്റ് പുകയാവാൻ.
പിറ്റേന്ന് കാലത്തു, ഒരു പുകച്ചുരുൾപോലെ മുകളിലേക്കുയർന്ന്കൊണ്ടിരുന്ന അവൾ അവളുടെ വീട്ടിൽ നിന്നുയർന്ന പൊട്ടിക്കരച്ചിലുകൾ കേട്ടു. രോദനങ്ങൾ കേട്ടു. തങ്ങളുടെ സിഗരെട്ട്കുറ്റി നഷ്‌ടമായ പുരുഷമുഖങ്ങളിലെ സങ്കടം കണ്ടു. അതിനിടയിൽ സ്ഥാനം തെറ്റിക്കിടന്ന അവളുടെ ഉടുപ്പകൾക്കിടയിലേക് നോക്കി ആരോ പറഞ്ഞു, "ഇ കുട്ടിയുടെ ദേഹത്തെന്താ കുറെ പാടുകൾ ? സിഗരറ്റ് വെച്ച് പൊള്ളിച്ചപോലെ ?" അതുകേട്ടവൾ ചിരിച്ചു, ഉറക്കെയുറക്കെ. അപ്പോൾ അവളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നില്ല !

Malavika

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo