Slider

അച്ഛനോർമ്മകൾ !!

0
Image may contain: 1 person

ഇതൊരു കഥയല്ല. ഓർമ്മക്കുറിപ്പ് ആണെന്ന് പറയാം. ആരെക്കുറിച്ചാണെന്ന് ചോദിച്ചാൽ അങ്ങനെ ഓർത്തുവെക്കാൻ ഒരുപാടുപേരൊന്നും ഇല്ലാത്ത ഒരാളാണ് ഞാൻ. ഒരുപാട് സ്വപ്നങ്ങളും ഓർമകളും സമ്മാനിച്ച്, അവസാനം ഓർമ്മകൾ മാത്രം ബാക്കി ആക്കി പോയ ഒരാളുണ്ട്. എന്റെ അച്ഛൻ.
അച്ഛനെ ഇന്ന് പ്രത്യേകിച്ച് ഓർത്തതൊന്നും അല്ല. മറന്നുപോയവരെ അല്ലെ പ്രത്യേകിച്ച് ഓർക്കേണ്ടതുള്ളൂ. ഇന്നിപ്പോ ഇത് എഴുതാൻ കാര്യം എന്താണെന്നു വെച്ചാൽ, പഴയ ഹിന്ദി സിനിമ "ബോർഡറിലെ "സന്ദേശേ അതേ ഹേ " എന്ന പാട്ടു കേട്ടതുകൊണ്ടാണ്.
അച്ഛനൊപ്പം കേരളത്തിന്‌ വെളിയിൽ ആയതിനാൽ ഞാൻ ആദ്യം സംസാരിച്ചു തുടങ്ങിയ ഭാഷ ഹിന്ദി ആയിരുന്നു. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ അച്ഛനും അമ്മയ്ക്കും പകരം പപ്പയും മമ്മിയും ആയിരുന്നു. എട്ടാം വയസ്സിൽ കേരളത്തിൽ വന്നതിനു ശേഷമാണു അത് പരിണമിച്ച് അച്ഛനും അമ്മയും ആയത്. കുട്ടികാലത്ത് ഒരുപാട് മൂളിനടന്നിട്ടുള്ള പാട്ടാണ് സന്ദേശേ അതേ ഹേ, ചിട്ടി ആതി ഹേ എന്ന്. പക്ഷെ ഇന്ന് ആ പാട്ട് വീണ്ടും കണ്ടപ്പോൾ അച്ഛനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്ന പോലെ.
പട്ടാളക്കാർക്ക് കത്തുകൾ വരുന്നതും, എപ്പോളാ വീട്ടിലേക് വരുന്നേ എന്ന ചോദ്യവുമാണ് പാട്ടിന്റെ ഇതിവൃത്തം. ഞാനും അമ്മയും ഒരുപാട് വട്ടം അച്ഛനോട് ചോദിച്ചിട്ടുള്ള ചോദ്യം. ബോർഡറിൽ ഉള്ള അച്ഛനെ കോൺടാക്ട് ചെയ്യാൻ അന്നൊന്നും ഫോൺ ഇല്ല. എഴുത്ത് തന്നെ ശരണം. നീല കളർ ഇൻലന്റുകൾ എനിക്കിന്നും ഓർമയുണ്ട്. അതിന്റെ പുറക് വശത്ത്, അഡ്രസ് എഴുതുന്നതിന്റെ ചോട്ടിൽ കുറച്ച് സ്ഥലം ബാക്കി ഉണ്ടാവും. അമ്മയ്ക്ക് എഴുതാനുള്ളതൊക്കെ എഴുതിക്കഴിഞ്ഞു അമ്മ ഇൻലന്റ് എനിക്ക് തരും. മലയാളം എഴുതാനറിയാത്ത ഞാൻ, അല്ല, കാര്യമായിട്ട് അന്ന് ഒന്നും എഴുതാൻ അറിയില്ല. ആകെ അഞ്ചാറു വയസ്സല്ലേ ഉള്ളു. കയ്യിൽ ഉണ്ടായിരുന്ന കളർ മുഴുവൻ ആ കൊച്ചു സ്ഥലത്തു വാരി നിറയ്ക്കുമായിരുന്നു ഞാൻ. പൂക്കളും പൂമ്പാറ്റയും ഒക്കെയായി നല്ലൊരു colourful കത്ത്.
അച്ഛൻ അടുത്തില്ലാത്തതിന് ഒരിക്കലും പരാതി തോന്നിയിരുന്നില്ല. കാരണം കൂട്ടുകാരുടെ അച്ചന്മാരും വീട്ടിൽ ഉണ്ടായിരുന്നില്ലലോ. പട്ടാളക്കാരുടെ മക്കൾ വളരെ പ്രീപ്രോഗ്രാമ്ഡ് ആണ്. അവർക്കറിയാം, ഇടയ്ക്കൊക്കെ മാത്രം വരുന്ന ആളാണ് അച്ഛൻ. അച്ഛനത്രയെ ലീവുള്ളു.
അച്ഛൻ വീട്ടിൽ വരുന്നതും ബഹു രസമാണ്. ഒരിക്കലും പറഞ്ഞ തീയതിക്ക് അച്ഛൻ വരില്ല. കാത്തിരുന്ന് കാത്തിരുന്ന് കുഞ്ഞ് മാളൂട്ടി ഉറങ്ങിപ്പോവും. പക്ഷെ പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ അച്ഛൻ അടുത്ത് കിടപ്പുണ്ടാവും. അതൊരു വല്ലാത്ത സന്തോഷമാണ്. ഈയൊരു കാരണം കൊണ്ട്, എന്നും ഉറങ്ങാൻ പോവുന്നതിനു മുൻപ് മനസ്സിൽ ഒരു പ്രതീക്ഷ ഉണ്ടാവും, നാളെ രാവിലെ അടുത്ത് അച്ഛനുണ്ടാവും എന്ന്.
ബോർഡറിൽ 2 കൊല്ലത്തെ പോസ്റ്റിങ്ങ്‌ കഴിഞ്ഞാൽ പിന്നെ, 3 കൊല്ലം അച്ഛൻ ഞങ്ങളുടെ കൂടെ ഉണ്ടാവുമായിരുന്നു. സത്യം പറഞ്ഞാൽ എണ്ണിത്തിട്ടപ്പെടുത്തി 5 കൊല്ലമേ എനിക്ക് അങ്ങനെ അച്ഛന്റെ കൂടെ നില്കാൻ സാധിച്ചിട്ടുള്ളു. പിന്നീട് അമ്മയ്ക്ക് ജോലി കിട്ടിയതിനാൽ ഞങ്ങൾ നാട്ടിൽ വന്നു. അച്ഛനപ്പോഴും ദൂരെയുള്ള ഒരു സ്നേഹമായി. കൊല്ലത്തിൽ രണ്ടു വട്ടം ലീവിന് വരുന്ന, ആ വരുന്ന രണ്ടു മാസം വീട്ടിൽ നിറയെ സ്നേഹം നിറയ്ക്കുന്ന എന്റെ അച്ഛൻ.
അച്ഛനോർമ്മകൾ ഒരുപാടുണ്ട്. ഒരടുക്കും ചിട്ടയും ഇല്ലാതെ ആണ് ഇതെഴുതുന്നത് എന്നെനിക്കറിയാം. പക്ഷെ എന്തുചെയ്യാം. ഓർമ്മകൾ ചിട്ടയോടെ മനസ്സിലേക്ക് വരില്ലല്ലോ.
ഒരിക്കൽ അമ്മയ്ക്ക് വയ്യാത്ത ഒരുദിവസം, ബാഗിൽ ടിഫിൻ വെക്കേണ്ട ഡ്യൂട്ടി അച്ഛനായിരുന്നു. ഞാൻ അന്ന് രണ്ടാം ക്ലാസ്സിലാണ്. എന്തോ തിരക്ക് കാരണം ടിഫിൻ വെക്കാൻ അച്ഛൻ മറന്നുപോയി. അന്നൊക്കെ സ്കൂൾ ഒരുമണി വരെയേ ഉള്ളു. സ്കൂൾ വിട്ടു വന്ന എന്നെ കൂട്ടാൻ ബസ്റ്റോപ്പിൽ അച്ഛൻ ഉണ്ടായിരുന്നു. നേരെ കൊണ്ടുപോയി എനിക്കേറെ ഇഷ്ടപെട്ട സമോസ വാങ്ങിത്തന്നു. അന്നാണ് ആദ്യമായി ഞാൻ fanta കുടിക്കുന്നത്. മിറാന്ഡയും ആവാം. ഓർമയില്ല. രണ്ടിനും ഏതാണ്ട് ഒരേ ടേസ്റ്റ് ആണല്ലോ. ടിഫിൻ വെക്കാൻ മറന്നതിന്റെ ക്ഷമ പറച്ചിലായിരുന്നു അതെന്നു മനസ്സിലാവാൻ പിന്നെയും ഏറെ കാലമെടുത്തു എനിക്ക്.
പിന്നീട്, അനിയത്തികുട്ടി ഉണ്ടായ ദിവസം ഞാൻ ഇന്നും ഓർക്കുന്നു. എന്നെ കൂട്ടാൻ അച്ഛൻ സ്കൂളിൽ വന്നു. നേരെ കൊണ്ടുപോയി എനിക്ക് പുതിയ ഉടുപ്പ് വാങ്ങിത്തന്നു. കുളിപ്പിച്ചു സുന്ദരിയാക്കി, പുത്തൻ ഉടുപ്പ് വിടുവിച്ചു. ഓറഞ്ചു നിറത്തിൽ ഉള്ളൊരു ടീഷർട്ടും ബ്ലൂ കളർ കുഞ്ഞ് ട്രൗസറും. ആ ടീഷർട്ടിന് ഒരു കുഞ്ഞ് തൂങ്ങിക്കിടക്കുന്ന പേഴ്സ് ഉണ്ടായിരുന്നു എന്ന് പോലും എനിക്കിപ്പോളും ഓർമയുണ്ട്. ഇത്രയുമൊക്കെ ചെയ്തതിനു ശേഷമാണു എന്നെ ദേവൂനെ കാണിക്കാൻ അച്ഛൻ കൊണ്ടുപോവുന്നത്. അനിയത്തി എന്നല്ല ഇനി വേറെ ആരുതന്നെ വന്നാലും, നീ കഴിഞ്ഞേ ഉള്ളു എനിക്ക് എന്ന് പറഞ്ഞതായിരുന്നു അതെന്ന് ഇന്ന് എനിക്കറിയാം അച്ഛാ.
ഓർമ്മകൾ വീണ്ടും കുത്തൊഴുക്കിൽ പെടുന്നു. പതിമൂന്നാം പിറന്നനാളിന്റെ സമയത്തു അച്ഛൻ നാട്ടിലുണ്ടായിരുന്നു. പിറ്റേന്ന് പിറന്നാൾദിവസം ഇടാൻ പുതിയ ഉടുപ്പ് മേടിച്ചു. പക്ഷെ മാച്ചിങ് വള കിട്ടിയില്ല. സങ്കടപ്പെട്ട് ഉറങ്ങാൻ പോയ എന്നേം കാത്ത്, പിറ്റേന്ന് രാവിലേ ഉടുപ്പിന് മാച്ചിങ് രണ്ടു ഡസൻ കുപ്പിവളകൾ കാത്തിരിപ്പുണ്ടായിരുന്നു. അച്ഛൻ അങ്ങനെയായിരുന്നു. ഞങ്ങളുടെ ഒരാഗ്രഹവും ഇതുവരെ സാധിച്ചുതരാതിരുന്നിട്ടില്ല. എന്നിട്ട് പിറ്റേന്ന് കളിക്കാൻ പോയപ്പോൾ വളകൾ ബാഗിൽ ഊരിയിട്ടതും പിന്നീട് ഓര്മയില്ലാതെ അതിന്മേൽ പുസ്തകം വെച്ചതും വളകൾ എല്ലാം പൊട്ടിപോയതും ഇന്നും ഓർമയുണ്ട്. അതെ, ഞാൻ ഒരിക്കലും നല്ലൊരു മകൾ ആയിരുന്നില്ല.
അതെന്താ അച്ഛാ അങ്ങനെ എന്ന് ചോദിച്ച കുഞ്ഞ് മനസ്സിനെ, അതെന്താ എന്ന് എപ്പോഴും റീസണോട് കൂടി ഉത്തരങ്ങൾ തന്ന്, നിലനിന്നു പോരുന്ന എല്ലാത്തിനെയും കണ്ണടച്ച് വിശ്വസിക്കേണ്ട കാര്യമില്ല എന്ന് പഠിപ്പിച്ച അച്ഛൻ. കൂടെയുണ്ടായിരുന്ന 21 വർഷം സ്നേഹം മാത്രം തന്ന അച്ഛൻ. ആ അച്ഛൻ ഇപ്പൊ കൂടെയില്ല. ഓരോ രാത്രി തീരുമ്പോഴും, വെള്ളപുതപ്പിച്ച അച്ഛനെ കൊണ്ടുപോവുമ്പോൾ "അച്ഛൻ പോയി അമ്മേ " എന്ന് വാവിട്ടു കരയുന്ന ദേവൂനെയും, എന്നെയും അവളെയും അടക്കിപ്പിടിച്ച് കരയാൻ പോലുമാവാതെ ഇരിക്കുന്ന അമ്മയെയും ആണ് ഓർമ വരാറുള്ളത്.
അത്ര എളുപ്പം ഞങ്ങളെ വിട്ടു പോവണ്ടായിരുന്നു അച്ഛാ. അമ്മയെയും ഞങ്ങളെയും തനിച്ചാക്കിയിട്ട്.

By: Malavika Nambiar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo