
ഞാൻ നിന്നെ പ്രേമിച്ചിട്ടുണ്ട്.
നീ എന്നെപ്രേമിച്ചിട്ടേയില്ല!
എന്നിട്ടും നമുക്കു നമ്മൾ
എത്രപ്രിയപ്പെട്ടവരായിരുന്നു.!
കാലം നമ്മിൽ വരച്ചിട്ട
ജരാനരകളിൽ ഇനിയും നാം
കണ്ടെത്തിയിട്ടില്ല പ്രിയപ്പെട്ടവളെ
നമുക്ക് നമ്മളാരായിരുന്നു എന്നത് .!
ഇണക്കങ്ങളിലും, പിണക്കങ്ങളിലും
നമ്മുടെ യൗവനത്തിന്റെ വസന്തങ്ങൾ
വാടിക്കൊഴിഞ്ഞു പോയപ്പോഴും
വെള്ളിത്തല മുടിയുള്ളവരായ്
നാം മാറിക്കഴിഞ്ഞപ്പോഴും,
വിരൽത്തുമ്പു കൊണ്ടു പോലും
ഒന്നു സ്പർശിച്ചു അശുദ്ധമാക്കിയില്ല
പരസ്പരം ഇക്കാലമത്രയും .!
എന്നെക്കാൾ നിന്നെ പ്രണയിച്ച
മഹാരോഗത്തിനൊപ്പം നീശയിച്ചു .!
മഹാരോഗത്തിനു നിന്നെ വിട്ടു
കൊടുക്കാതിരിക്കാൻ മാത്രമായു്,
അറബു നാടിന്റെ തെരുവുകളിൽ
നായയെ പോലെ ഞാനലഞ്ഞു.
വിയർപ്പിന്റെ വിലക്ക് മരുന്നു വാങ്ങാൻ.!
ഒരു വാക്കു പോലും പറയാതെ
ഒന്നെന്നെ വാരിപ്പുണരാതെ ,
ഒരു പുഞ്ചിരി പോലും തരാതെ ,
മണത്തല പള്ളിയുടെ ഖബറിടത്തിൽ
നീ പോയി ഒളിച്ചതെന്തേ ...?
ഇനിയും വരാത്ത വസന്തങ്ങൾ
നിന്റെ ഖബറിലെ മൈലാഞ്ചിച്ചെടിയിൽ
ഒന്നു വിടർന്നെങ്കിൽ...!
ആത്മാവുകളാകുന്ന പൂമ്പാറ്റകൾ
ആ പൂവിലൊന്ന് വന്നെങ്കിൽ.?!
നിന്നെ പോലെ നിറച്ചാർത്തുകൾ
മേലാപ്പിട്ട ആകാശം പടിഞ്ഞാറെ
മാനത്ത് ഒരുങ്ങുമ്പോൾ പ്രിയേ
ഞാനീ വരികൾ അവസാനിപ്പിക്കുന്നില്ല.!
********************
അസീസ് അറയ്ക്കൽ
ചാവക്കാട് .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക