Slider

ഒരു ഗുരുവായൂർ ഡയറി

0
Image may contain: 1 person, beard and sunglasses
അങ്ങനെ ഗുരുവായൂർ പോയി, മടങ്ങി വന്നു,തൊഴാൻ അല്ല പോയത് ,ഒരു കല്യാണം കൂടാൻ ആയിരുന്നു, ഇന്റർ സിറ്റിയിൽ ആണ് പോയത് ,എ സീ ചെയർ കാറിൽ കയറിയപ്പോൾ തന്നെ ഞാൻ അസ്വസ്ഥനായി,ആ ഡിസൈൻ ,പൊസിഷൻ എല്ലാം തെറ്റാണെന്ന് ഞാൻ ശ്യാമയോട് പറഞ്ഞു ,ഇങ്ങനെ ഇരുന്നാൽ എങ്ങനെ ഉറക്കം വരും, ഈ ചരിവ് ഉള്ളത് കൊണ്ട് കഴുത്ത് വേദന വരും ,ശ്വാസം കിട്ടാത്ത കാരണം ഉറങ്ങാൻ പാടാണ് ,എന്നൊക്കെ ഞാൻ വലിയ വായിൽ വാചകം അടിച്ചു
രണ്ടു മിനിട്ട് കഴിഞ്ഞു ശ്യാമ നോക്കിയപ്പോൾ ഞാൻ വായും തുറന്ന് ഇരുന്നു ഉറങ്ങുന്നു നാല് ഈച്ചയും രണ്ട് കൊതുകും അകത്തു കയറി ടൂർ നടത്തി തിരിച്ചു പോയത് അറിഞ്ഞില്ലെന്ന് മാത്രമല്ല ,ഒരു ബ്രെഡ് ഓംലറ്റ് ,കണ്ടൈനെർ സഹിതം ശ്യാമ വായിൽ ഇട്ടു തന്നത് പോലും ഞാൻ ഉറക്കത്തിൽ വിഴുങ്ങിയത്രേ ,
അങ്ങനെ രാത്രി പണ്ട്രണ്ടു മണിക്ക് പകുതി ഉറക്കത്തിൽ ഗുരുവായൂർ പോയി ഇറങ്ങി,വിളിക്കാൻ വന്നത് നമ്മുടെ വയർ മുന്നേ നടക്കുന്ന കസിൻ ആണ് , ( വ മു ന ക ,ഇനി അങ്ങനെയേ പറയു ) .വാ മു ന ക യുടെ ചേച്ചിയുടെ മകന്റെ ആണ് കല്യാണം.ഇറങ്ങിയപ്പോഴേ കണ്ടു വെളിയിൽ കാറിനടുത്ത് നില്ക്കുന്ന കസിന്റെ വയർ പ്ലാറ്റ് ഫോമിനകത്ത്, അങ്ങനെ വയറിനെ ഫോളോ ചെയ്തു പോയി ഞങ്ങൾ കാറിൽ കയറി,
അടുത്ത് തന്നെ ഉള്ള ഒരു തടിമാടൻ ഹോട്ടലിൽ എത്തി,കാനൂസ് റെസിഡൻസി ,അടിപൊളി ,സ്റ്റാർ ഹോട്ടൽ, മുറിയിൽ എത്തി ,നല്ല എ സീ റൂം,വേഷം എല്ലാം മാറി മെത്തയിലേക്ക് ചാഞ്ഞപ്പോൾ കതകിൽ മുട്ട്,
ഡും ഡും ഡും
ങേ ഈ അസമയത്ത് ആര്? തുറന്നപ്പോൾ വാ മു ന കായും ഭാര്യയും ,ബാംഗ്ലൂർ നിന്ന് അവര് കാർ ഓടിച്ചു വന്ന വീര കഥ വിവരിക്കാൻ വന്നിരിക്കുന്നു. രാത്രി പന്ത്രണ്ടരക്ക്,കാരണം നേരത്തെ ശ്യാമ ചോദിച്ചിരുന്നല്ലോ യാത്ര എങ്ങനെ ഇരുന്നു എന്ന്
ഞാൻ വാ മുഴുവൻ തുറന്ന് അതി ഭീകര ശബ്ദത്തിൽ കൊട്ട് വാ വിട്ടു, ഉവാാാാ .....ആര് കേൾക്കാൻ ,
വാ മു ന ക തുടങ്ങി, അതായതു ശ്യാമേ, ഞങ്ങൾ ഇന്നലെ കാലത്തെ അഞ്ചു മണിക്ക് ബാംഗ്ലൂർ നിന്ന് കാർ സ്റ്റാർട്ട് ചെയ്തു,
എന്നിട്ട്? ആകാംഷയോടെ ഉള്ള ശ്യാമയുടെ ചോദ്യം,
എന്നിട്ട് അവര് ഫസ്റ്റ് ഗീയർ ഇട്ടു കാർ മുന്നോട്ടെടുത്തു,ഞാൻ മനസ്സിൽ പറഞ്ഞു,പിന്നെ വീണ്ടും ഉറക്കെ കൊട്ട് വാ ഇട്ടിട്ടു ഉറക്കെ പറഞ്ഞു,
അയ്യോ എന്റമ്മേ വയ്യേ,ഞാൻ ചത്തേ....
എന്താ എന്താ ,എല്ലാരും ചോദിച്ചു,
ഉറക്കം വരുന്നു, അയ്യോ ബോധം പോകുന്നു, ഒളിക്കണ്ണിട്ടു നോക്കിയപ്പോൾ വയർ മുന്നിലും വാ മു ന ക യും ഭാര്യയും പുറകിലും ആയി പേടിച്ച് ഓടിപ്പോകുന്നു,
കതകടച്ച ഉടനെ ശ്യാമ പറഞ്ഞു , അജോയ്, അവര് കഥ പറയാൻ വന്നതായിരുന്നു, പാവങ്ങൾ, വെറുതേ കള്ള ഉറക്കം കാണിച്ച് അവരെ ഓടിച്ചല്ലേ,
അപ്പോൾ ഞാൻ പറഞ്ഞു അങ്ങനെ പാതി രാത്രിക്ക് കഥ പറഞ്ഞ് അവരിപ്പൊ സുഖിക്കണ്ട,
ഏ സീയുടെ തണുപ്പിൽ, പതു പതുത്ത മെത്തയിൽ ഞാൻ ഉറങ്ങാൻ കിടന്നു, കുറച്ചു കഴിഞ്ഞ് ശ്യാമ കുളിച്ചിട്ട് അടുത്ത് വന്നു കിടന്നപ്പോൾ ഞാൻ പതുക്കെ തോളിൽ കൈ വെച്ചു,
ശേ അമ്പലത്തിൽ വന്നിട്ട്, ഇങ്ങനെ ആണോ? ഇപ്പൊ ഉറക്കം ഒന്നുമില്ലേ മനുഷ്യാ ?ശ്യാമ ഒറ്റ ചാട്ടം,
ഞാൻ ചോദിച്ചു അമ്പലത്തിലോ? അതിനു നമ്മൾ കല്യാണത്തിന് അല്ലെ വന്നത്? അതുമല്ല ഇവിടെ ആരാ പ്രതിഷ്ട്ട? സാക്ഷാൽ കൃഷ്ണൻ അല്ലെ?
ഞാൻ ഇരുട്ടത്ത്‌ ഒരു കണ്ണടച്ച് കാണിച്ചു,ശ്യാമ അത് കണ്ടില്ല
എന്ത് കുന്തമായാലും ശെരി എന്നെ തൊടണ്ട..
വേണ്ടെങ്കിൽ വേണ്ട, പോ കഴുതേ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ഞാൻ ദേഷ്യത്തിൽ കമഴ്ന്നു കിടന്നു,അറിയാതെ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു...
കാലത്തേ ആറു മണി ആയപ്പോൾ എന്തോ ഒന്ന് കാലിൽ തോണ്ടുന്നു,അയ്യോ എന്റമ്മച്ചീ എന്ന് വിളിച്ചു ഞാൻ ഞെട്ടി ഉണർന്ന് നോക്കിയപ്പോൾ ശ്യാമയാണ് , കാലത്ത് എണീറ്റ്‌ കുളിച്ചു മുല്ലപ്പൂ ചൂടിയ മലയാളിപ്പെണ്‍കൊടി ആയി നിക്കുന്നു, ഉണ്ണിക്കണ്ണനെ കാണാൻ പോണം പോലും,
ഉറക്കം പോയ ദേഷ്യത്തിലും പാതി ഉറക്കപ്പിച്ചിലും ഞാൻ ചാടി എണീറ്റ്‌ കൃഷ്ണൻ നിക്കുന്ന പോസിൽ നിന്നു,കൈ കൊണ്ട് ഓടക്കുഴലും കാണിച്ചു, എന്നിട്ട് പറഞ്ഞു
ഇന്നാ കണ്ടോ കണ്ണനെ ,
ഉടനെ ശ്യാമ പറഞ്ഞു , അയ്യട ഈ വൃത്തികെട്ട കണ്ണനെ അല്ല, സാക്ഷാൽ ഉണ്ണിക്കണ്ണനെ ആണ് കാണേണ്ടത് ,
ആരെ കാണാൻ ആയാലും ശെരി ഏഴു മണി ആവാതെ ഞാൻ എണീക്കുന്ന പ്രശ്നമില്ല എന്ന് പറഞ്ഞു ഞാൻ കട്ടിലിലേക്ക് ഡൈവ് ചെയ്തു , അഞ്ചു മിനിറ്റ് കഴിഞ്ഞു പതുക്കെ തല പൊക്കി നോക്കിയപ്പോൾ ശ്യാമ നിരാശയായി പുറത്തേക്കു നോക്കി ഇരിക്കുന്നു, പോട്ടെ പാവമല്ലേ എന്ന് കരുതി ഞാൻ എണീറ്റ്‌ കുളിച്ചു വന്നു,
കട്ടിലിൽ നീളമുള്ള ഒരു തോർത്ത്‌ ഇരിക്കുന്നു,കസവുള്ള തോർത്ത്‌, അത് മുണ്ടാണ് പോലും എനിക്കുടുക്കാൻ,എന്റെ ശ്യാമേ, ഈ കുന്തത്തിനു നീളം തികയില്ല ,ഞാൻ പാന്റ് ഇട്ടോളാം എന്ന് പറഞ്ഞിട്ട് എവിടെ കേൾക്കാൻ,ഉടുത്തേ പറ്റൂ എന്ന്
അങ്ങനെ അവിടെയും ഇവിടെയും എത്താത്ത മുണ്ടും ഉടുത്തു ഷർട്ടും ഇട്ടു ഞാൻ ചെന്നപ്പോൾ ശ്യാമ പറഞ്ഞു
ഹോ അജോയ് എന്തൊരു ഭംഗി,പൌരുഷം , ഗാംഭീര്യം ,
നട്ടാൽ കിളിർക്കാത്ത നുണ ആണെന്നറിയാമായിരുന്നെങ്കിലും ഞാൻ അത് കേട്ട് ഒരടി പൊങ്ങി പെരുവിരൽ കുത്തി ആണ് അമ്പലത്തിലേക്ക് നടന്നത്,ഒരടി നടക്കുമ്പോൾ മുണ്ടഴിയും, ഉടുക്കും, നടക്കും,പിന്നെയും അഴിയും,ഉടുക്കും അങ്ങനെ ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു,നടക്കുന്ന വഴി ശ്യാമ പറഞ്ഞു
അതാ മഞ്ചു ലാൽ,
ങേ അതാര് മോഹൻ ലാലിൻറെ അനിയത്തിയോ എന്ന് ഞാൻ ആലോചിച്ചു, നോക്കിയപ്പോൾ മഞ്ചുളാൽ ആണ്, അതായതു മഞ്ചുളയാൽ ,ഉടനെ ഞാൻ പറഞ്ഞു ,
ശ്യാമേ മഞ്ചുളയാലിന്റെ കഥ നിനക്കറിയാമോ?
ഇങ്ങോട്ട് വരുന്നുണ്ടോ, ഈ സമയത്താണ് ഒരു കഥ,
എനിക്ക് ദേഷ്യം വന്നു .... നിൽക്കവിടെ, അത്രക്കായോ, ഈ കഥ കേട്ടിട്ട് പോയാൽ മതി, ഞാൻ അലറി,
പുരാണ സിനിമയിൽ ഒക്കെ കഥ പറയുന്ന അപ്പൂപ്പന്മാരെ പോലെ ഞാൻ താടി തടവി, എന്നിട്ട് കണ്ണടച്ച് ആ കഥ പറഞ്ഞു,
ശ്യാമേ, പണ്ട് പണ്ട് മഞ്ചുള എന്നൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു, നിത്യവും അവൾ ആണ് പോലും ഗുരുവായൂരപ്പന് പൂ കെട്ടിയിരുന്നത്, അതീവ ഭക്ത ആയിരുന്നു അവൾ,ഒരു ദിവസം എന്തോ നിസാര കാര്യത്തിന് അവളെ പൂജാരി അമ്പലത്തിൽ നിന്നു ചവിട്ടിയോ ചവിട്ടാതെയോ പുറത്താക്കി,ദുഖിത ആയ അവൾ ഈ ആലിനു കീഴിൽ വന്നിരുന്ന് മാല കെട്ടി കണ്ണനെ മനസ്സിൽ ധ്യാനിച്ച് ആലിൽ അർപ്പിച്ചു, അപ്പോൾ അല്ലെ അത്ഭുതം സംഭവിച്ചത്, അകത്തു പൂജാരി ഇട്ട സ്വർണ്ണ മാലകൾ,നിവേദ്യം ഒന്നും കാണാൻ ഇല്ല,എല്ലാം മഞ്ചുള ഇരുന്ന ആലിൽ വന്നു വീഴുന്നു,കേട്ട പാടെ പശ്ചാത്താപ വിവശനായ പൂജാരിയും സംഘവും ഓടിപ്പിടച്ച്‌ വന്ന് മഞ്ചുളയെ കയ്യോടെ പൊക്കിക്കൊണ്ട് പോയി ഗുരുവായൂർ ദേവസ്വം കമ്മീഷണർ ആക്കി, അന്ന് മുതൽ ഈ ആൽ മഞ്ചുള ആൽ,ശ്യാമേ മഞ്ചുളയാൽ
കഥ തീർത്ത് ഒരു ദീർഘ നിശ്വാസം സൗകര്യം പോലെ നാലായി മുറിച്ചു പുറത്തു വിട്ട ശേഷം ഞാൻ കണ്ണ് തുറന്നു,മുന്നിൽ ശ്യാമയുടെ പൊടി പോലുമില്ല, പകരം കുറെ അമ്മച്ചിമാർ,താഴെ കുത്തിയിരിക്കുന്നു ,
ഇനി അടുത്ത കഥ പറയു സ്വാമീ
അയ്യോ എന്റമ്മച്ചീ ആള് മാറിയെ എന്നും പറഞ്ഞു ഞാൻ ഓടി രക്ഷപ്പെട്ടു,
അമ്പലനടയിൽ ചെന്ന് നോക്കിയപ്പോൾ കല്യാണ ബഹളം നടക്കുന്നു, അതിനിടയിൽ വായും തുറന്നു ശ്യാമ നിൽക്കുന്നു ,149 കല്യാണമേ ഉള്ളു,തീരെ കുറഞ്ഞു പോയി, ഞാൻ മനസ്സിൽ കരുതി,പെണ്ണും ചെറുക്കനും കൂടി ചാടി ഏ ടീ എം കൌണ്ടറിൽ കയറും പോലെ ചാടിക്കയറുന്നു, പൈസ എടുത്തിട്ട് വരും പോലെ കല്യാണം കഴിഞ്ഞു തിരിച്ചിറങ്ങുന്നു,എന്ത് എളുപ്പം,ആള് മാറാനും എളുപ്പം,
എല്ലാം നല്ല സുന്ദരി പെണ്‍ പിള്ളേർ,ആള് മാറി എന്നെ പിടിച്ചാലോ എന്ന ആഗ്രഹത്തിൽ തുപ്പലും ഒലിപ്പിച്ചു ഞാൻ അതിനിടയിൽ പോയി നിന്നു,അപ്പോഴേക്കും ശ്യാമ കൃത്യമായി വന്ന് എന്നെ പൊക്കി, അല്ലെങ്കിലും ഈ പെണ്ണുങ്ങൾക്ക്‌ മനസ്സ് വായിക്കാൻ ഒരു പ്രത്യേക കഴിവാണ്,അങ്ങനെ അമ്പലത്തിൽ കയറാൻ പോയി,ചെന്നപ്പോഴോ ഗുരുവായൂർ മുതൽ കാസർഗോഡ്‌ വരെ ഉണ്ട് ക്യൂ,
കാലത്ത് നാലിന് നിന്നതാ ട്ടോ എന്നൊരു കിളവൻ പറയുന്നു,
ആരെങ്കിലും പറഞ്ഞോ നിക്കാൻ ട്ടോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു,നിന്നു നിന്നു താടിയും മുടിയും വളർന്നവർ,വേരിറങ്ങിയവർ ,അങ്ങനെ ഉള്ള ആൾക്കൂട്ടം. ഞാൻ ശ്യാമയോടു പറഞ്ഞു
എനിക്ക് നിക്കാൻ മടി ഉണ്ടായിട്ടല്ല, പക്ഷെ ഈ ക്യൂ നിന്നു തൊഴുതു ഇറങ്ങുമ്പോൾ നമുക്ക് കൂടാൻ ഉള്ള കല്യാണ പയ്യനും പെണ്ണിനും ഒരു കൊച്ചാവും, അത് വേണോ? നമുക്ക് ഉടനെ വരാം, ഇതിനു വേണ്ടി മാത്രം,തൊഴാൻ വേണ്ടി,അപ്പൊ എത്ര നേരം വേണോ നിന്ന്‌ അകത്തു കയറാം, ഓക്കേ ?
ശ്യാമ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു, ചില ടീ വീ സീരിയലിൽ ദുഷ്ട്ട കഥാപാത്രങ്ങൾ കാണിക്കുന്ന പോലെ ചിരിച്ചു കാണിച്ച ഉടനെ ഞാൻ ക്യാമറയിൽ നോക്കി വില്ലൻ ഭാവങ്ങൾ കാണിച്ചു, തിരിച്ച് ശ്യാമയെ നോക്കി പാവം പോലെ ചിരിച്ചു, പിന്നേം ക്യാമറയിൽ വില്ലൻ ചിരി,അങ്ങനെ ഭാവാഭിനയം തകർക്കവേ പുറകിൽ ആരോ നില്ക്കുന്ന പോലെ ഒരു തോന്നൽ, അയ്യോ തോന്നൽ അല്ല, സാക്ഷാൽ കൃഷ്ണൻ തന്നെ,
നന്ദനത്തിലെ അരവിന്ദിന്റെ അതെ രൂപത്തിൽ,പക്ഷെ ചിരി ഇല്ല,പകരം ദേഷ്യത്തിൽ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു,
ഡാ അലവലാതീ,അജോയ് ,നീയോ എന്നെ തോഴുന്നില്ല,അവളെയും കൂടെ പറഞ്ഞു പറ്റിക്കുവാണല്ലേ ,എനിക്കറിയാം നീ അടുത്ത കാലത്തൊന്നും ഇങ്ങോട്ട് വരാൻ ഉദ്ദേശിക്കുന്നില്ല എന്ന്,നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ,
ഇത്രയും പറഞ്ഞ ശേഷം കൃഷ്ണൻ അന്ന് അരവിന്ദ് ചെയ്ത പോലെ കൈ വിടർത്തി കാണിച്ചു ഒന്ന് കറങ്ങി,എന്നിട്ട് അമ്പലത്തിനകത്തേക്ക് ഓടിപ്പോയി,ഞാൻ കണ്ണും മിഴിച്ചു നില്ക്കുന്ന കണ്ടപ്പോൾ ശ്യാമ ചോദിച്ചു,
എന്താ എന്താ, ...
അപ്പോൾ നന്ദനത്തിലെ ബാലാ മണിയുടെ അതെ ശബ്ദത്തിൽ ഞാൻ വികാരാധീനനായി പറഞ്ഞു,ഞാൻ ..ഞാൻ കണ്ടു,... ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ,
അവിടെ വെച്ച് ക്യാമറ ആകാശത്തേക്ക് അനന്തമായി പൊക്കി, ബാക്ക് ഗ്രൗണ്ടിൽ ഒരു മണിയടി വിത്ത് ശംഘു നാദം ശബ്ദവുമിട്ട് ഈ സിനിമ നിറുത്തെണ്ടതിന് പകരം യഥാർഥ സിനിമയിൽ പ്രിഥ്വിരാജ് ചെയ്യാത്ത ഒരു രസം കൊല്ലി ഐറ്റം ശ്യാമ ചെയ്തു കളഞ്ഞു, നവ്യ നായരെ അനുകരിച്ചു മൂക്ക് തുറന്നു ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്ന എന്റെ മുഖത്ത് നോക്കി ഒരു ചോദ്യം
എന്ത് കണ്ടൂന്നാ? ആ പോയ പെണ്ണിന്റെ പുറകു വശം അല്ലെ? ഞാൻ കണ്ടു വായും തുറന്നു നോക്കുന്നത് വൃത്തികെട്ട മനുഷ്യൻ.....അയ്യേ
അതോടെ കഥ കഴിഞ്ഞു (എന്റെ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo