നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യാരെടാ ഇവൾ

Image may contain: 1 person, beard, closeup and indoor


By: AjoyKumar
റെയിൽവേ ട്രെയിനിംഗ് സമയത്ത് കൊള്ളാം എന്ന് തോന്നിയ ഒരു സുന്ദരിയുടെ കയ്യും കാലും പിടിച്ചു വലിച്ചു വല്ല വിധവും കുഴിയിൽ വീഴ്ത്തിയ കാര്യം വീട്ടിൽ അറിയിച്ചപ്പോൾ ആണ് അച്ഛനും അമ്മയും ചോദിച്ചത്
നിനക്ക് ഈ പെണ്ണിനെ തന്നെ വേണോ ,യാരെടാ ഇവൾ ?
വേണം അമ്മാ .ഇവൾ ഒരു നല്ല പെണ്‍കുട്ടി ആകുന്നതാകുന്നു, ഞങ്ങൾ തമ്മിൽ ലവ് ആണ്,
അങ്ങനെ നല്ല പെണ്‍ കുട്ടി ആണെങ്കിൽ നിന്നെ പോലെ ഒരു കോന്തനെ ഇവൾ വരിക്കുമോ?
ഇപ്പോൾ വരിക്കും ,പിന്നെ വരിഞ്ഞു കെട്ടും എന്നാണ് അവൾ പറഞ്ഞത്
എന്നാൽ കെട്ടിക്കോ ലവളെ,
ലോകത്തെ അറിയപ്പെടുന്ന സഭാകമ്പിസ്റ്റും സഭാകമ്പത്തിന്റെ മറുവാക്കും ആയ ഞാൻ കല്യാണം എന്ന് കേട്ടപ്പോൾ അടി മുതൽ മുടി വരെ കിടുകിടാ വിറച്ചു,ആ വിറയൽ കണ്ടു ഭയന്ന അച്ഛനും അമ്മയും പറഞ്ഞു,
ഭഗോതീ ...തമിഴ്‌നാട്ടിൽ വെച്ച് പിടിച്ചാൻ ഇവന് മലമ്പനി.
ഞാൻ പറഞ്ഞു, ആരും പിടിച്ചതല്ല,ഭയം എന്നെ കാർന്നു തിന്നതാ, അല്ലാ അച്ഛാ, അതേയ് ഈ കല്യാണം പോലെ ഉള്ള അനാചാരങ്ങൾ നമുക്ക് വേണോ?നമുക്കൊരു ലീവിങ്ങ് ടുഗതർ ഒക്കെ പോരെ
പുരോഗമനവാദികളെ കണ്ടാൽ പോലും കുളിക്കുന്ന അറുപഴഞ്ചൻ ആയ അച്ഛൻ അലറി
ഭാ... ലിവിംഗ് ടുഗദർ പോയിട്ട് ലീവിങ്ങ് എലോണ്‍ പോലും നടക്കില്ല ഈ വീട്ടിൽ ....
ആ അലർച്ച കേട്ട പാടെ പേടിച്ചു ഒരു മൂരാച്ചി ആയി മാറിയ ഞാൻ പറഞ്ഞു,
ശെരി പിതാശ്രീ ,നിശ്ചയമായും കല്യാണം ആവാം,പക്ഷെ മണ്ഡപം .അതു വേണ്ട..തുണ്ടോ
എന്ത് തുണ്ടോ?
വേണ്ടതുണ്ടോ എന്ന്...വീട്ടിൽ വച്ച് ലളിതയുമായി
ലളിതയുമായോ ?
അല്ല ലളിതമായി...ഒരു രക്തഹാരം അങ്ങോട്ടും ഒരു സ്വർണ്ണ മാല ഇങ്ങോട്ടും ...അങ്ങനെ ഒരു രീതി അല്ലെ നല്ലത്
പറ്റില്ല, കല്യാണ മണ്ഡപം ഉടനടി ബുക്കണം,സദ്യ ഒരുക്കണം,അവരു കൊട്ടണം,നീ കെട്ടണം ,നാട്ടുകാര് ഞെട്ടണം
ശെരി അച്ഛാ,പക്ഷെ ഒരു കണ്ടീഷൻ , മുഹൂർത്തം വെളുപ്പിന് മൂന്നു മണിക്ക് മതി, ബ്രാഹ്മ മുഹൂർത്തം ആവുമ്പോൾ കാണാൻ ആരും വരില്ല,കാശും ലാഭിക്കാം,
ഭാ,മൂന്നു മണിക്കോ? അസാധ്യം, മാത്രമല്ല, നിന്റെ എലിയുടെ പോലത്തെ തല അതിലൊന്നും ഇടുകയും വേണ്ട , അതെല്ലാം ഞങ്ങൾ ക്യാരണവന്മാർ തീരുമാനിക്കും,കഠന്നു പോടാ ,
പാവം ഞാൻ അങ്ങനെ കിടന്നു കൊണ്ട് തന്നെ അകത്തേക്ക് പോയി.കല്യാണ ദിവസം അടുത്ത് വന്നു ,എന്റെ തുള്ളൽപനിയും കൂടിക്കൂടി വന്നു ,ശ്യാമ അവിടെ സ്റെജിൽ കയറി കലക്കാൻ റിമി ടോമിയുടെ തൊലിക്കട്ടി വികസന കോഴ്സിൽ പങ്കെടുക്കുന്നു എന്ന് കൂടി കേട്ടപ്പോൾ ഞാൻ ഒന്നാംതരം ഒരു തുള്ളൽകാരൻ ആയി മാറി, പല ഉൽസവക്കമ്മിറ്റിക്കാരും എന്റെ തുള്ളൽ ബുക്ക് ചെയ്യുക പോലും ചെയ്തു
ഒടുവിൽ കല്യാണ ദിവസം ആയി, ഹർത്താൽ കാരണം ഞാനും അച്ഛനും അമ്മയും അനിയത്തിയും പിന്നെ ശ്യാമയും വീട്ടുകാരും മാത്രം പങ്കെടുക്കുന്ന ഒരു കല്യാണം ആണ് ഞാൻ തലേന്ന് രാത്രി സ്വപ്നം കണ്ടത്, പക്ഷെ കാലത്ത് ഒരു പത്രത്തിലും ഹർത്താൽ ഇല്ല,മഹാപാപികൾ
എല്ലാരുടെയും കയ്യും കാലും പിടിച്ചു കാലത്തേ ഏഴര മണി എന്ന കേട്ടുകേൾവി ഇല്ലാത്ത ഒരു മുഹൂർത്തം ആണ് ഞാൻ ഒപ്പിച്ചെടുത്തത്.ആരും കാണില്ല എന്ന് വിചാരിച്ചു ചെന്നിറങ്ങിയപ്പോൾ ജനസമുദ്രം,
അച്ഛൻ പറഞ്ഞു ഇവിടെ നിക്കാം ഇപ്പൊ അവർ സ്വീകരിക്കാൻ വരും,
ഓഹോ ഉള്ളതൊന്നും പോരാഞ്ഞു ഇനി സ്വീകരണവും ഉണ്ടോ?
ദൂരെ നിന്നും കൊട്ടും നാദസ്വരവും ഒക്കെ കേട്ടപ്പോൾ ഞാൻ പതുക്കെ അടുത്ത് നിന്ന ഒരു കസിനോടു ചോദിച്ചു,
ഡേയ് ,വെറുതെ ആ സ്വീകരണ സമയത്ത് എനിക്ക് പകരം നിനക്ക് ഒന്ന് നിന്നൂടെ, ഒരു പരിപ്പ് വടയും വാങ്ങിച്ചു കൊണ്ട് ഞാൻ ഇപ്പൊ വരാം
അവൻ അന്തം വിട്ടു നോക്കുന്നു,
ഞാൻ അച്ഛനോട് പറഞ്ഞു, അതേയ് , ഈ സ്വീകരണത്തിനൊക്കെ ഞാൻ വേണം എന്ന് നിർബന്ധം ഉണ്ടോ അച്ഛാ, ഇവൻ വേണമെങ്കിൽ ഇവിടെ നിൽക്കാമെന്നു പറയുന്നു , ഞാൻ ജസ്റ്റ്‌ ഒന്ന് ഫോണ്‍ ചെയ്തിട്ട് ഇപ്പൊ വരാം, നിങ്ങൾ വേണമെകിൽ അങ്ങ് കേറിക്കോ,
ഭാ, ഒരു വരൻ ആണെന്ന് പോലും ഓർക്കാതെ അച്ഛൻ എന്റെ തലക്കിട്ടു പടപടാ കൊട്ടി, അതോടെ ഹെയർ സ്റ്റൈൽ മൊത്തം അലങ്കോലമായ ഞാൻ മുഖം വീർപ്പിച്ച് നിന്നു, അങ്ങനെ നിൽക്കവേ കുറെ പെണ്ണുങ്ങളും ആണുങ്ങളും താലപ്പൊലിയും കൊട്ടും കുരവയുമായി വന്നു, കൂടെ ഒരു കുഴിയാനയും, പനിനീര് തളിക്കാൻ ആനയെ കിട്ടാത്തത് കൊണ്ട് പകരം
ഒരു ഹാരം ഇട്ട് ,കയ്യിൽ ഒരു ബൊക്കെയും തന്നു കുറെ പനിനീരും തളിച്ച ശേഷം അവർ സുനാമി കൊണ്ട് പോകുമ്പോലെ എന്നെ പൊക്കി എടുത്തു അകത്തേക്ക് കൊണ്ട് പോയി
അകത്തു ചെന്ന പാടെ ഞാൻ കണ്ണാടി നോക്കി, ഈർക്കിലിൽ വെള്ളക്ക കുത്തി വെച്ച പോലെ ഇരിക്കുന്നു,ഒരു ജുബ്ബയും മുണ്ടും, ചന്ദനക്കുറിയും, എനിക്ക് തന്നെ എന്നെ വെറുത്തു പോയി, സദസിലേക്ക് നോക്കിയ ഞാൻ ഞെട്ടി ,സ്വാതി തിരുനാളും സർ സീപ്പിയും ഉൾപ്പടെ തിരുവനന്തപുരത്ത് അത് വരെ ജീവിച്ചിരുന്നവരും മരിച്ചവരും ആയ എല്ലാവരും അവിടെ ഇരിപ്പുണ്ട്, മാത്രമല്ല സകലരും മാർക്ക്‌ ഇടാൻ വന്ന ജഡ്ജസിനെ പോലെ എന്നെ തുറിച്ചു നോക്കുകയും ചെയ്യുന്നു,
എന്റെ കണ്ണിൽ ഇരുട്ട് കയറി, ശ്യാമയെയും വിളിച്ചു കൊണ്ട് ഒളിച്ചോടിയാലോ? അല്ലാതെ ഈ ജനക്കൂട്ടത്തിനെ അഭിമുഖീകരിക്കാൻ വയ്യ,
അങ്ങനെ മനസ്സിൽ കണക്കു കൂട്ടിക്കൊണ്ടിരിക്കെ ആരോ ഒരാൾ വന്നു പറഞ്ഞു
വാ അനുഗ്രഹം വാങ്ങിക്കാം ,മുഹൂർത്തം ആവാറായി
ആ ആാ.. ആ.. ആാ.. ആാാ... ആരാരാ ആരാ , ഞാൻ ചോദിച്ചു
ഡാ, കല്യാണം ആയപ്പോൾ തന്നെ നീ അച്ഛനെ മറന്നു അല്ലെ
,
അയ്യോ,അച്ഛാ മറന്നതല്ല, എന്റെ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ട്ടപ്പെട്ടു, എന്നോട് ക്ഷമിക്കണമെങ്കിൽ ആകാം,അല്ലേങ്കിൽ ഈ കല്യാണം വേണ്ടെന്നു വെച്ച് ഞാൻ പുറത്തു പോയ്ക്കൊള്ളാം
മിണ്ടരുത് നീ , ഇങ്ങോട്ട് വാ,അനുഗ്രഹം വാങ്ങിക്കാൻ സമയമായി ,അച്ഛൻ കണ്ണ് നേരെ കാണാത്ത തലകറങ്ങുന്ന ഒരു ജീവി ആയ എന്നെയും പിടിച്ചു കൊണ്ട് ആൾക്കൂട്ടത്തിനിടയിലേക്ക് ഓടി
ഞാൻ പറഞ്ഞു അച്ഛാ പതുക്കെ, വല്ലടത്തും തട്ടി മൂക്കാമണ്ട അടിച്ചു വീണാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
അച്ഛൻ പോക്കറ്റിൽ നിന്നും വലിയ ഒരു ലിസ്റ്റ് എടുത്തു പേര് വായിക്കാൻ തുടങ്ങി,തട്ടിയടിച്ചു വീണ വീട്ടിൽ പപ്പനാവൻ നായർ ,മുണ്ട് കീറിയ വീട്ടിൽ പിള്ളച്ചേട്ടൻ, ആരും കയറാവീട്ടിൽ ഗോപാല പിള്ള അണ്ണൻ ,ഓണം കേറാ മൂലയിൽ ലീല ചേച്ചി
അങ്ങനെ വിളിക്കുന്നത്‌ അനുസരിച്ച് എക്സ്പയറി ഡേറ്റ് കഴിഞ്ഞ കുറെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഓരോ മൂലയിൽ ഇരുന്നു കൈ ഉയർത്തി കാണിച്ചു കൊണ്ടിരുന്നു , ആ വരിയിൽ ഉള്ള സകല ആൾക്കാരുടെയും കാൽ ചവിട്ടി പരത്തി കൊണ്ട് ഞാൻ കയറി അനുഗ്രഹം വാങ്ങിച്ചു ,ഒപ്പം ആ ചവിട്ടു
കൊണ്ടവരുടെ ശാപവും
ഒടുവിൽ കുനിഞ്ഞും നിവർന്നും നടു വലിയ ഒരു ശബ്ദത്തോടെ പണി മുടക്കിയപ്പോൾ അടുത്ത് എല്ലാം കണ്ടു നിന്ന ഒരു കസിനോടു ഞാൻ പറഞ്ഞു,
ഡേയ് ഊണ് കഴിക്കാൻ അല്ല ,കല്യാണം കഴിക്കാൻ വന്നതാണ്‌ ഞാൻ അച്ഛന്ടടുത്തു പറ മതീന്ന് ,എന്റെ നടു.....
അപ്പോൾ അച്ഛൻ പറഞ്ഞു, ഒരു പ്രശ്നം, നമ്മുടെ കൂനംമ്മൂട്ടിൽ വീട്ടിലെ പരശുരാമൻ മാമനെ കാണുന്നില്ല ,അനുഗ്രഹം വാങ്ങിച്ചേ പറ്റു, മുൻ കോപി ആണ്,വെട്ടൊന്ന് മുറി രണ്ട്, എന്നിട്ട് ആ മുറി വാടകയ്ക്ക് കൊടുക്കും , അതാണ് ശീലം, ചീത്ത പറഞ്ഞു കണ്ണ് പൊട്ടിച്ചു കളയും,
അങ്ങനെ അങ്ങേരെയും തപ്പി നടപ്പായി, ഞാൻ പറഞ്ഞു അച്ഛാ മുഹൂർത്തം കഴിയാൻ പോണു, അനുഗ്രഹം പിന്നെ വാങ്ങിക്കാം, അങ്ങേർക്കു വേണ്ടി വേണമെങ്കിൽ ശ്യാമയെ തന്നെ വീട്ടിൽ വെച്ച് അടുത്ത ആഴ്ച ഒന്നൂടെ കെട്ടാം
ഭാ അഹങ്കാരീ
അങ്ങനെ പോകവേ കണ്ടു ഒരു അലമാരിയുടെ ഇടയിലൂടെ കസവു മുണ്ടിന്റെ അറ്റം, പോയി തുറന്നു നോക്കിയപ്പോൾ പാത്രങ്ങൾ വെച്ചിരിക്കുന്നതിന്റെ ഇടയിൽ ഒളിച്ചു നിൽക്കുന്നു കൂനംമ്മൂട്ടിൽ വീട്ടിൽ പരശുരാമൻ മാമൻ
അനുഗ്രഹം വാങ്ങീല്ല എന്ന് പരാതി പറയാൻ ഒളിച്ചിരിപ്പാണ് ,അച്ഛനും ഞാനും കൂടെ പുള്ളിയെ പൊക്കി താഴെ ഇറക്കി, സാഷ്ട്ടാംഗം കാലിൽ വീണ് അനുഗ്രഹം വാങ്ങിച്ചു,ചീത്ത വിളിക്കാൻ കിട്ടിയ ചാൻസ് നഷ്ട്ടപ്പെട്ട ദുഃഖത്തിൽ അദ്ദേഹം എന്നെ അനുഗ്രഹിച്ചു
അങ്ങനെ മിഷൻ സക്സസ് ആയ സന്തോഷത്തിൽ ഞാൻ ഒറ്റ ഓട്ടത്തിന് പോയി മണ്ഡപത്തിൽ ചാടിക്കയറി ഇരുന്നു ,അച്ഛൻ പുറകെ കാലും നീട്ടി ഓടി വന്നു ....
ഡാ എന്റെ അനുഗ്രഹം ..എന്റെ അനുഗ്രഹം വാങ്ങിച്ചില്ലെന്ന് .ഡേയ് ...
അപ്പോൾ അവിടെ കർമി ആയ നിന്ന ആൾ പറഞ്ഞു, കയറിയത് കയറി, ഇനി തിരികെ ഇറങ്ങാൻ പറ്റില്ല
എന്റെ അനുഗ്രഹം വാങ്ങിച്ചില്ല,
വാങ്ങിച്ചില്ലെങ്കിൽ വാങ്ങിക്കണ്ട
ഈ സമയം മുഴുവൻ പുറത്തു നിന്ന് റോഡിൽ കൂടി പോയവരെ പോലും "അല്ലാ ഇതാര്, വരണം വരണം" എന്ന് പറഞ്ഞു വിളിച്ചു കേറ്റിക്കൊണ്ടിരുന്ന അമ്മയോട് ആരോ പോയി ചോദിച്ചു
നിങ്ങൾ അല്ലെ കല്യാണ ചെറുക്കൻ കാട്ടിലെ കുറുക്കന്റെ അമ്മ ?
അതെ,അതിനെന്താ ഇപ്പൊ
ദോണ്ടേ, പയ്യൻ കേറി ഇരുന്നും കഴിഞ്ഞു, നിങ്ങൾ ഇവിടെ വായും നോക്കി നിന്നോ, ഇപ്പ കല്യാണം കഴിയും
വാട്ട്‌ ദ ഹെൽ ...എന്നും പറഞ്ഞു അമ്മ തലയിൽ ലൈറ്റും വെച്ച് വഴിയിൽ നിന്നവരെ ഇടിച്ചു തെറുപ്പിച്ച് കൊണ്ട് ഓടി മണ്ഡപത്തിലേക്ക്,മണ്ഡപത്തിൽ ഇരുന്നു വിറച്ചു വീഴാതിരിക്കാൻ വിളക്കിൽ പിടിച്ചു കൊണ്ട് ഇരുന്ന എന്റെ അടുത്ത് വന്ന് അമ്മ അടക്കം പറഞ്ഞു,
ഡായ്, ദിസ്‌ ഇസ് ടൂ മച്ച്,എന്റെ അനുഗ്രഹം വേണ്ടേ നിനക്ക്
അപ്പോൾ അച്ഛൻ ചോദിച്ചു എന്താ? എന്താ രഹസ്യം ?
നിങ്ങൾ അറിഞ്ഞോ? എന്റെ അനുഗ്രഹം വാങ്ങിച്ചില്ലെന്ന് ഇവൻ , അമ്മ പറഞ്ഞു
ഭാ, ഇവിടെ എന്റെ അനുഗ്രഹം പോലും വാങ്ങിച്ചില്ല,അതിനിടക്കാണ്‌, പൊക്കോണം അവിടന്ന്,അച്ഛൻ രണ്ടു ചാട്ടം
ഞാൻ ദേഷ്യപ്പെട്ടു , രണ്ടു പേരും ഒന്ന് മിണ്ടാതെ നിക്കുവോ, എനിക്ക് ഒന്നും കണ്ടൂടാ, ഞാൻ എവിടെ ആണ്,
ആരൊക്കെയോ മണ്ഡപത്തിൽ കയറി ഇരുന്നു പെട്ടി തുറന്നു ശ്യാമയുടെ സാരിയും മാലയും ഒക്കെ പ്രദർശിപ്പിക്കുന്നു, ഞാൻ പറഞ്ഞു അച്ഛാ,സൂക്ഷിച്ചോണം ദോണ്ടേ ആരോ പെട്ടി എടുത്തു തുറന്നു,എല്ലാം കള്ളന്മാർ ആണ്
ഇവന് വട്ടായോ,അച്ഛൻ അമ്മയോട് ചോദിച്ചു, എടാ ആ ഇരിക്കുന്നത് ,വല്യമ്മാവനും ചെറിയമ്മാവനും ഒക്കെ ആണ്, ഇത് ഒരു ചടങ്ങാണ് , നീ ഇത് വരെ കല്യാണത്തിന് ഒന്നും പോയിട്ടില്ലേ?
ആണോ.,എനിക്കൊന്നും കണ്ടു കൂടാ അച്ഛാ, ആ ശ്യാമ എവിടെ, ഒന്ന് വന്ന് തുലക്കാൻ പറ ,
അയ്യയ്യേ,അമ്മക്ക് ചമ്മലായി,ആരെങ്കിലും കേട്ടാൽ എന്തോന്ന് വിചാരിക്കും,
അതല്ല,എനിക്ക് ഇങ്ങനെ ഇവിടെ ഇരിക്കാൻ വയ്യ, അത് കൊണ്ടാണ്
അപ്പോൾ വീണ്ടും കേട്ടു, പീ പ്പീ പ്പീ ഡും ഡും ഡും ....ഓ ഭാഗ്യം, വരുന്നുണ്ട്.ഞാൻ അവിടെ നിന്ന കരയോഗം പ്രസിഡന്റിന്റെ സോഡാക്കുപ്പി കണ്ണാടി അടിച്ചു മാറ്റി വെച്ച് നോക്കി, ശ്യാമ കൂൾ ആയി ഡാൻസൊക്കെ കളിച്ചു വരുന്നു, എന്റമ്മോ.എന്തൊരു ധൈര്യം
കണ്ടു പടിയെടാ , അമ്മ പറഞ്ഞു, അവൻ ഇരുന്നു വിറക്കുന്നു, അവൾ ഡാൻസ് കളിച്ചു വരുന്നു
അപ്പൊ ഞാൻ പറഞ്ഞു, സിമ്പിൾ ആണ് അമ്മെ, എനിക്ക് കിട്ടാൻ പോകുന്നത് ശ്യാമയെ അല്ലെ, അത് കൊണ്ട് ഞാൻ പേടിച്ചു വിറച്ച് ഇരിക്കുന്നു, ശ്യാമക്ക് കിട്ടാൻ പോണത് എന്നെ ആണ്, അത് കൊണ്ട് ആനന്ദ നൃത്തം ചെയ്തു വരുന്നു
അങ്ങനെ ശ്യാമ വന്നു, ഇരുന്നു, ആരോ താലി എടുത്തു തന്നു, ഞാൻ വിറച്ച് കൊണ്ട് പുറകിലേക്ക് താലി കൊണ്ട് പോയി,..അയ്യോ... ആരോ വിളിച്ചു, അത് ശ്യാമ അല്ല, കുനിഞ്ഞ് അനിയത്തിയെ താലി കെട്ടാൻ സഹായിക്കാൻ നിന്ന വേറെ ഏതോ കസിൻ ആണ്,
അയ്യോ സോറി ഞാൻ പറഞ്ഞു,
അങ്ങനെ ഒടുവിൽ താലി കെട്ടി.ശ്യാമ എണീറ്റ്‌ നിന്ന് ഒരു തടിമാടൻ മാല എടുത്തു എന്റെ കഴുത്തിലേക്കു എറിഞ്ഞു, ഞാൻ തിരികെയും, പിന്നെ ഒരു തട്ടത്തിൽ സാരിയും സെറ്റ് മുണ്ടും ഒക്കെ ,അതും കൊടുത്തു കഴിഞ്ഞു ഈ മാലയുടെ ഘനം കാരണം എനിക്ക് എണീക്കാൻ പറ്റുന്നില്ല, പിന്നെ ആരുടെ ഒക്കെയോ സഹായം കൊണ്ട് വല്ലവിധവും എണീറ്റ്‌ നിന്നു
ഇനി എല്ലാവരെയും തൊഴു, കരയോഗക്കാരൻ പറഞ്ഞു ,
ഞാൻ ചോദിച്ചു, ആരെ തൊഴാൻ,
സദസ്സിനെ
ഈ കസേരകളെ മതിയോ ?
,
അങ്ങേരു അന്തം വിട്ടു തിരിഞ്ഞു നോക്കി, ഒരു മനുഷ്യൻ ഇല്ല, എല്ലാം എണീറ്റ്‌ ആഹാരം കഴിക്കാൻ ഓടി, ഒരു മിനിട്ടിനു ശേഷം കരയോഗം പ്രസിഡൻറും സദ്യ കഴിക്കാൻ ഓടി
ആഹാരം എന്ന് ഓർത്തപ്പോൾ പെട്ടെന്ന് ഞാനും ഓടാൻ പോയി, അപ്പൊ അമ്മ പറഞ്ഞു നീ ഇപ്പൊ പോണ്ട, നിനക്ക് വേറെ തരും, അകത്തു വേറെ ചടങ്ങുണ്ട്,
ഓഹോ ഇനി അതും ഉണ്ടോ , എന്നാൽ തീർത്തേക്കാം ,ഞാൻ അകത്തേക്ക് ഓടി , ശ്യാമ പുറകെയും ,
ശ്യാമയുടെ അച്ഛൻ പറഞ്ഞു ,ഇപ്പോഴേ ഇങ്ങനെ ആയോ? അവൾടെ കൈ പിടിച്ചു കൊണ്ട് വേണ്ടേ നീ പോകാൻ,
ഞാൻ പറഞ്ഞു ഐ അം ദി സോറി അമ്മാവാ,
അങ്ങനെ അകത്തു പോയി ഇരുന്നു, ആരോ ഒരു പഴം തന്നു,ഞാൻ ഒരു സെക്കണ്ട് കൊണ്ട് അത് കഴിച്ചു ,നല്ല പഴം,പാളയം തോടൻ ആണോ?
കുന്തം,ശ്യാമ പറഞ്ഞു,
തന്ന ആൾ എന്നെ തുറിച്ചു നോക്കുന്നു, ഇയാൾക്ക് ഒറ്റയ്ക്ക് മിണുങ്ങാൻ തന്നതല്ല,പകുതി പെണ്ണിന് കൊടുക്കണം,ഹോ എന്തൊരു ആക്രാന്തം
എന്തിന്‌ ? അവിടെ ഇഷ്ട്ടം പോലെ ഇരിപ്പുണ്ടല്ലോ,
ഹോ, ഇയാൾടെ കാര്യം, ഡോ ഇത് ഒരു ചടങ്ങാണെന്ന് ,ഇന്നാ ഈ പാല് പകുതി കുടിച്ചിട്ട് പകുതി ശ്യാമക്ക് കൊടുക്കു,
ഞാൻ പാൽ പകുതി ശ്യാമക്ക് കൊടുത്തു
ഇനി ഈ കുങ്കുമം നെറ്റിയിൽ ഇട്ട് കൊടുക്കു
അതെന്താ ശ്യാമ തനിയെ ഇടില്ലേ?
അതല്ല,ചടങ്ങ് ചടങ്ങ്
ഞാൻ ദേഷ്യത്തിൽ അതെടുത്തു ഇട്ട് കൊടുത്തു,
അയ്യോ കണ്ണേ എന്റെ കണ്ണേ ,ശ്യാമ വിളിച്ചു
അങ്ങനെ ഒന്നും ഇപ്പൊ വിളിക്കല്ലേ ശ്യാമേ, അതൊക്കെ ആദ്യ രാത്രിയിൽ മതി
ഒന്ന് പോ മനുഷ്യാ ,എന്റെ കണ്ണ് പോയെ,
അയ്യയ്യോ, ഞാൻ പൊട്ടിട്ടതു കണ്ണിൽ ആയിപ്പോയി, പതുക്കെ ഞാൻ എണീറ്റു, ബാ ശ്യാമേ നമുക്ക് കഴിക്കാൻ പോകാം?
ഉം, ശ്യാമ എണീറ്റു,പതുക്കെ ഊണ് മുറിയിലേക്ക് നടക്കുന്നതിനിടയിൽ ശ്യാമ വിളിച്ചു, അജോയ് ,ഒരു കാര്യം ചോദിക്കട്ടെ?
എന്താണ് അവിടെ ഉള്ള പകുതി പപ്പടം വേണോ?
അതല്ല, നിങ്ങൾ താലി മനപൂർവം ആ പെണ്ണിന്റെ കഴുത്തിൽ കെട്ടാൻ നോക്കിയതല്ലേ,
ങേ ?
ആണ് ..ആണ് ...ആണ്, നിങ്ങടെ നോട്ടം കണ്ടപ്പോഴേ എനിക്ക് തോന്നിയതാണ്,വൃത്തികെട്ട മനുഷ്യൻ, ഇന്ന് രാത്രി അങ്ങോട്ട്‌ വാ.....
ഇടി വെട്ടേറ്റ പോലെ ഞാൻ അവിടെ ഒരു തൂണും ചാരി നിന്നപ്പോൾ വയറും വീർപ്പിച്ചു വന്ന കരയോഗം പ്രസിഡന്റ് ചോദിച്ചു,
അല്ലാ ,എന്താ ആലോചിക്കുന്നത്.....
ഞാൻ പറഞ്ഞു, ഒന്നുമില്ല ...ലൈഫ് ബിഗിൻസ്
എന്ന് വെച്ചാൽ?
വിവാഹം സ്വർഗത്തിൽ നടക്കുന്നു, എന്നല്ലേ
അതെ
പക്ഷെ ഭൂമിയിൽ ആണെങ്കിൽ അത് നടക്കില്ല,പകരം ഓടുകയും ചാടി ചവിട്ടുകയും ചെയ്യും എന്നർത്ഥം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot