
എന്റെ ഏകാന്ത ദിനങ്ങളിലൊന്നാണ് ഞാനതു കണ്ടത്.
ഒരു കുഞ്ഞിക്കിളി,
ചിറകു മുളയ്ക്കാത്ത ഒരു പിടി മോഹങ്ങളുമായ്,
തന്റെ കുഞ്ഞുകൊക്കിൽ ഒരു പാട് പ്രതീക്ഷകളുമായ്,
എന്റെ ജനാലയ്ക്കരികിൽ.
ചിലപ്പോളൊക്കെ എന്റെ നിദ്രയെ ഭംഗപ്പെടുത്തിക്കൊണ്ട്,
ചിലപ്പോളൊക്കെ എന്റെ ചിന്തകളെ തടസപ്പെടുത്തിക്കൊണ്ട്,
എന്റെ ജനാലയ്ക്കൽ അവളുടെ കുഞ്ഞു ശബ്ദം.
ആട്ടിപ്പായിച്ചിട്ടും പോവാതെ,
എത്ര അകറ്റിയിട്ടും അകലാതെ.
തന്റെ കുഞ്ഞു കണ്ണുകളിൽ എന്നോടുള്ള സ്നേഹവും നിറച്ച്.
സ്നേഹമുള്ള എന്റെ ഒരു നോട്ടത്തിനായ്,
ഈണമില്ലാത്ത എന്റെ ഒരു താരാട്ടിനായ്.
തിരക്കുപിടിച്ച എന്റെ ജീവിതത്തിൽ അവൾക്കു വേണ്ടി മാറ്റി വയ്ക്കാൻ ഒരു നിമിഷമില്ലാതെ ഞാൻ
ഒടുവിൽ
അവളെ ഞാൻ സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും
എന്റെ ചെറിയ ജനാലയ്ക്കരികിൽ നിന്നും
അനന്തവിഹായസിലേക്ക്,
അനന്തവിഹായസിലേക്ക്,
തന്റെ കുഞ്ഞിച്ചിറകുമായ്,
ഒരു പാട് പ്രതീക്ഷകളുമായ്,
തന്നെ കാത്തിരിക്കുന്ന മറ്റൊരു ലോകവും സ്വപ്നം കണ്ട്,
അവൾ പറന്നുയർന്നു.
അവസാനം ഏതോ കാട്ടാളനാൽ തന്റെ രണ്ടു ചിറകുകളുമറ്റ് അവൾ താഴേക്ക് പതിച്ചപ്പോഴും ആ കണ്ണുകൾ എന്നെ തിരയുകയായിരുന്നു.
ജീവൻ വെടിയാത്ത ആ കണ്ണുകൾ എന്നോട് മന്ത്രിക്കുന്നതായി എനിക്കു തോന്നി.
സ്നേഹിക്കാമായിരുന്നില്ലേ എന്നെ ഒരിക്കലെങ്കിലും. എങ്കിൽ ഞാൻ നിന്റെ ജനാല വിട്ട് ചതിക്കുഴികൾ നിറഞ്ഞ ആകാശവും തേടി ഒരിക്കലും പോവിലായിരുന്നല്ലോ.
ആ കുഞ്ഞിക്കിളിയുടെ ചോദ്യത്തിനുള്ള മറുപടിയായ് എന്റെ കണ്ണുകളിൽ നിന്നും ഉതിരുന്ന രണ്ടു തുള്ളി കണ്ണുനീർ മാത്രം പകരം നൽകിക്കൊണ്ട് ആ പഴയ ജനാലയ്ക്കരികിൽ അവളുടെ മടങ്ങി വരവും പ്രതീക്ഷിച്ച് ഞാൻ.
ഇനിയൊരിക്കലും കേൾക്കാനിടയില്ലാത്ത അവളുടെ ശബ്ദത്തിന് കാതോർത്ത്.
ഏകയായ്, അവൾക്കു കേൾക്കുവാൻ മാത്രമായ് ഈണമില്ലാത്ത ഒരു താരാട്ടുപാട്ടുമായ്.........
രഞ്ജിനി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക