ഹക്കീം മൊറയൂർ.
പെണ്ണുങ്ങൾ പല തരമുണ്ട്. പല രീതിയിലും എന്നെ സ്വാധീനിച്ചവരുണ്ട്. വേദനിപ്പിച്ചവരുണ്ട്. തല്ലിയവരും തലോടിയവരും ഉണ്ട് .
അവരെയൊന്നുമല്ല
എന്നെ ഞെട്ടിച്ചു കളഞ്ഞ കുറെ സ്ത്രീകൾ ഉണ്ട്. അന്നെന്റെ ഉറക്കം കെടുത്തിയവർ .
ഇന്നും എന്നെ വേട്ടയാടുന്ന മുഖങ്ങളുടെ ഉടമകൾ . അവരിൽ രണ്ടു പേരെ കുറിച്ചാണ് ഇന്നെന്റെ നോവ്.
ഒരു ട്രയിൻ യാത്രയിലാണ് അവളെ ഞാൻ കാണുന്നത്.
താട പത്രിയിൽ ജോലി ചെയ്യുമ്പോൾ
പെട്ടെന്നു നാട്ടിലേക്ക് പോകേണ്ട ഒരാവശ്യം വന്നു. റിസർവ്വ് ചെയ്യാൻ കഴിയാത്തത് മൂലം ജനറൽ കംപാർട്ട്മെന്റിൽ കയറി.
തിക്കും തിരക്കും കൂട്ടി എങ്ങനെയൊക്കെയോ അകത്ത് കയറി പറ്റി.
മുംബെയിൽ നിന്നും കന്യാകുമാരിക്ക് പോവുന്ന ജയന്തി എകസ് പ്രസ് ആണ്. കാലു കുത്താൻ ഇടമില്ലെങ്കിലും ഒരു വിധം അഡ്‌ജസ്റ്റ് ചെയ്ത് നിന്നു. തെലുങ്കത്തികളുടെ തലയിൽ ചൂടിയ പൂക്കളുടെയും ആളുകളുടെ വിയർപ്പിന്റെയും മനം പുരട്ടുന്ന ഗന്ധത്തിനിടയിൽ എന്റെ ബോഡി സ്പ്രേയുടെ മണം മുങ്ങിപ്പോയി.
ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോ കംപാർട്ട്മെന്റിലെ ഒരു കല്യാണ പാർട്ടി ഇറങ്ങി. കിട്ടിയ ഗ്യാപ്പിൽ ഞാൻ ഒരു സീറ്റ് പിടിച്ചു.
അപ്പോഴാണ് ഞാനവരെ കണ്ടത്.
ദൈന്യതയുടെ ആൾരൂപം പോലെ ഒരു പെണ്ണ്. മെലിഞ്ഞ് കവിളൊട്ടി വിളറി വെളുത്ത ഒരു ഹിന്ദിക്കാരി. കൂർത്ത മുഖത്തിലെ മൂക്കുത്തി പോലും വിളറി വെളുത്തു പോയിരുന്നു.
അവരുടെ തൊട്ടടുത്ത് ഒരു പെൺകുട്ടി. പത്തു പതിനഞ്ചു വയസ്സു തോന്നിക്കുന്ന ഇരുനിറക്കാരി. തുറന്ന ജനലിനിടയിലൂടെ അവളുടെ കെട്ടഴിച്ചിട്ട മുടി പറന്നു നടക്കുന്നതു കാണാൻ നല്ല ഭംഗിയായിരുന്നു.
നേരം ഉച്ചയായി ക്കാണും. നല്ല വിശപ്പ്. ട്രയിനിൽ ഇപ്പോൾ വലിയ തിരക്കില്ല. എല്ലാവരും പൊതി ച്ചോറു കഴിക്കുന്ന തിരക്കിലാണ്.
എനിക്ക് വല്ലാത്ത വിശപ്പുണ്ടായിരുന്നു. രാവിലെ കഴിച്ച ദോശയൊക്കെ എപ്പൊഴേ ദഹിച്ചു പോയി. അടുത്ത സ്റ്റേഷനിൽ നിന്ന് ഒരു പൊതി ച്ചോറു വാങ്ങി തിരിഞ്ഞപ്പോഴാണു ആ പെൺകുട്ടി എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്. പൊതിച്ചോറിലേക്കുള്ള അവളുടെ നോട്ടം കണ്ടപ്പോൾ ഞാനത് പുറകിലേക്ക് പിടിച്ചു.
പെട്ടെന്നവൾ നോട്ടം മാറ്റിക്കളഞ്ഞു. എനിക്ക് ഒരു ചെറിയ വല്ലായ്മ തോന്നാതിരുന്നില്ല. ചോറ് കഴിക്കാൻ എടുത്തപ്പോൾ അവൾ വീണ്ടും ഇടം കണ്ണിട്ട് നോക്കി.
അപ്പോഴാണ് അവർ ഒന്നും കഴിച്ചില്ലല്ലോ എന്ന് എനിക്ക് തോന്നിയത്.
ഖാനാ ഖായേംഗെ?
നഹീ ബായ് സാബ് . ശുക്രിയാ
ബോജ്പുരി കലർന്ന ഹിന്ദിയാണ്..
നിർബന്ധിച്ചപ്പോ അവളുടെ കണ്ണു നിറഞ്ഞു.
ചോറ് അവളുടെ കയിൽ കൊടുത്ത് രണ്ട് ചോറ് കൂടെ വാങ്ങി തിരിച്ചു വന്നപ്പോഴേക്കും അവൾ കഴിച്ചു തുടങ്ങിയിരുന്നു..
ചോറ് കഴിച്ചപ്പോൾ ആ സ്ത്രീയുടെ തളർച്ച ഇത്തിരി കൂടിയ പോലെ തോന്നി.
അവരുടെ കൺപീലികൾ നനഞ്ഞിരുന്നു. നന്ദി നിറഞ്ഞ മുഖവുമായി അവർ എന്നെ നോക്കി കുപ്പിയിൽ നിന്നും വെള്ളമെടുത്തു കുടിച്ചു.
എനിക്കും വേണം
ഞാൻ പറഞ്ഞു.
വേണ്ട. എച്ചിലാണ്
പ്രശ്നമില്ല. ഞാൻ കൈ നീട്ടിയപ്പോൾ മനസ്സില്ലാ മനസ്സോടെ വെള്ളക്കുപ്പി എന്റെ നേരെ നീട്ടി.
അവസാനം അവർ അവരുടെ കഥ പറഞ്ഞു.
ബീഹാറിലെ ഏതോ കുഗ്രാമത്തിൽ ജനിച്ചു വളർന്ന് മേൽജാതി ക്കാരനെ പ്രണയിച്ചതിന് ജാതി കോമരങ്ങൾ ചവച്ചു തുപ്പി പുറം കാലു കൊണ്ട് തട്ടി എറിഞ്ഞപ്പോൾ എത്തിപ്പെട്ടത് ബോംബ ചുവന്ന തെരുവിൽ.
കഴപ്പു തീർക്കാൻ വന്ന ആരോ സമ്മാനിച്ചതാണ് കൂടെയുള്ള മകൾ.
പേരു ദുർഗാ ദേവി.
വിട്ടു മാറാത്ത അസുഖം മാറാൻ പ്രാർത്ഥിക്കാൻ തിരുപ്പതിയിൽ പോവുന്നു.
പഴയ പോലെ കസ്റ്റമറെ തൃപ്തിപ്പെടുത്താൻ കഴിയാത്തതിനാൽ ഇപ്പോ വരുമാനമില്ല. കയ്യിൽ പൈസയുമില്ല.
അപ്പോ അതാണ്. തികച്ചും അപരിചിതനായ എന്റെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കാൻ കാരണം.
ദുർഗ്ഗ എന്തു കൊണ്ടോ വലിയ അസ്വസ്ഥയായിരുന്നു. അമ്മയുടെ വിഴുപ്പ് ഒരു പക്ഷേ അവളെ അലോസരപ്പെടുത്തുന്നുണ്ടാവണം.
അപ്പോ ഇപ്പോ വരുമാനം?
എന്റെ ചോദ്യത്തിനു അവർ ഒന്നു പതറി. ദുർഗ്ഗ പെട്ടെന്ന് മുഖം കഴുകാനെന്ന മട്ടിൽ പുറത്തേക്ക് പോയി.
അവൾ ഒരു കടയിൽ ജോലിക്ക് പോവുന്നുണ്ട്.
അവർ പറഞ്ഞു.
പേടിയാണു മോനേ. എന്റെ അനുഭവം എന്റെ മോൾക്ക് ഒരിക്കലും വരാതിരിക്കട്ടെ.
ഞാൻ ആകെ വല്ലാതായി.
അവരുടെ കൈയിൽ തൊട്ടപ്പോ പെട്ടെന്നവർ കൈ വലിച്ചു.
വേണ്ട മോനെ. എന്നെ തൊടണ്ട. ഡോക്ടർ പോലും എന്നെ തൊടാറില്ല.
ഒരു കാലത്ത് എന്നെ തിരക്കി ഒരു പാട് പേർ വന്നിരുന്നു.
ഇന്ന്...
അവർ വിതുമ്പി.
എന്താ അസുഖം.
അവർ ഒന്നും മിണ്ടിയില്ല
അസുഖം എന്താണെന്ന് എനിക്കു മനസ്സിലായിരുന്നു. അതു കൊണ്ടാവും അവർ തൊടണ്ടാ എന്നു പറഞ്ഞത്.
അവരുടെ അടുത്തിരുന്ന തെലുങ്കൻ ഭാര്യയുടെ ചെവിയിൽ എന്തോ പറഞ്ഞു. വെറുപ്പോടെ അവരെ നോക്കിയിട്ട് അവർ എണീറ്റു പോയി.
അയാൾക്ക് ഹിന്ദി അറിയാമായിരിക്കണം.
ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ആൾക്കാരുടെ മനോഭാവത്തിനു ഒരു മാറ്റവും വന്നിട്ടില്ല.
മോൾക്കറിയുമോ?
അറിയാം.
ട്രയിൻ തിരുപ്പതി എത്താറായി. അവർ മുഷിഞ്ഞ ബാഗ് എടുത്തു.
ദുർഗ്ഗ ഇനിയും വന്നിട്ടില്ല.
അവൾ വാതിലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്. പുറം തിരിഞ്ഞു നിൽക്കുന്ന അവളൊരു ശിലാ വിഗ്രഹം പോലെ തോന്നിച്ചു.
ദുർഗ്ഗാ
ഞാൻ വിളിച്ചു.
അവൾ തിരിഞ്ഞു നോക്കി.
ഞാൻ പഴ്സ് തുറന്ന് നൂറിന്റെ നാലഞ്ചു നോട്ടെടുത്തു അവളുടെ നേരെ നീട്ടി.
അവളുടെ മുഖം വിവർണമായി. അവൾ വാങ്ങിയില്ല.
അവളുടെ കൈ പിടിച്ച് നിർബന്ധ പൂർവം ഞാൻ അത് ഏൽപ്പിച്ചു.
നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ അതു വാങ്ങി.
ഒരു പാട് പേർ ഇറങ്ങാനും കയറാനുമുണ്ട്. ട്രയിൻ അൽപ്പ നേരം നിർത്തിയിടുകയും ചെയ്യും.
സീറ്റിൽ ബാഗ് വച്ച് അവരുടെ കൂടെ ഞാനും ഇറങ്ങി. ദോശക്കടയിൽ ദോശയും കാപ്പിയും റെഡിയായിരുന്നു.
ദോശ കഴിച്ച് യാത്ര പറഞ്ഞ് അവർ പോയപ്പോൾ എനിക്ക് എന്തോ വലിയ സന്തോഷം തോന്നി.
തിരിച്ചു വാതിൽ കയറിയതേ ഉള്ളു. അവൾ ഓടി കിതച്ച് വന്നു.
ഭയ്യാ......
കയ്യിലുണ്ടായിരുന്ന ചരട് അവളെന്റെ കയ്യിൽ കെട്ടി തന്നു.
ആദ്യമായിട്ടാണ് ജോലി ചെയ്യാതെ ഒരാൾ പൈസ തരുന്നത്.
ഏങ്ങലടിച്ചു കൊണ്ടവൾ പറഞ്ഞു.
അവൾ എന്റെ കണ്ണിലേക്ക് നോക്കി പിന്നെയും വിളിച്ചു
ഭയ്യാ ....
എന്താണു ജോലി എന്നു ഞാൻ ചോദിച്ചില്ല.
അവളുടെ ആ നോട്ടത്തിൽ എല്ലാം അടങ്ങിയിരുന്നു.
അവളുടെ നോട്ടത്തോളം എന്നെ വേദനിപ്പിച്ച മറ്റൊരു നോട്ടവും ഇതു വരെ ഞാൻ കണ്ടിട്ടില്ല. അവളോളം ആരും എന്റെ ഹൃദയത്തെ കീറി മുറിച്ചിട്ടുമില്ല..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക