Showing posts with label NaveenS. Show all posts
Showing posts with label NaveenS. Show all posts

ഗുൽമോഹർ തണലിൽ by Naveen S






Name of the Book




ഗുൽമോഹർ തണലിൽ 
Name of the AuthorNAVEEN S
Place of PublicationPlace of Publication: KOTTAKKAL
State / Country: KERALA
ISBN നമ്പർ 9780000101365
പുസ്തകം ലഭിക്കാൻ ബന്ധപ്പെടേണ്ട വിലാസംStreet Address: FB 503, FERN BLOCK, GOLDEN GRAND APTS,
Street Address Line 2: TUMKUR ROAD, YESHWANTPUR
City: BENGALURU
State: KARNATAKA
Zip Code: 560023
Country: India
Phone Number to Contact(91) () 9744991099
പുസ്തകത്തിനെപ്പറ്റിയുള്ള വിവരങ്ങൾ അറുപതോളം കവിതകളുടെ സമാഹാരം. പ്രശസ്ത കവയിത്രി ശ്രീമതി ആര്യാ ഗോപിയുടെ അവതാരികയോടെ ചിത്രരശ്മി ബുക്സ് പുറത്തിറക്കി, 2017 മാർച്ച് 27 ന് കോഴിക്കോട് വെച്ച് ശ്രീ കൽപറ്റ നാരായണൻ പ്രകാശനം നടത്തിയ പുസ്തകം.
പേജുകൾ-63 വില-Rs.60/-

പ്രതീക്ഷ

Image may contain: one or more people, people sleeping, beard and eyeglasses

"പത്തൊക്കെ ഏത് കാലത്തെ ചാർജ്ജാ സാറേ... ഇങ്ങളേത് ലോകത്താ..."
തിങ്ങി നിൽക്കുന്ന സ്ത്രീകൾക്കിടയിൽ കമ്പിയും ചാരി ഇളിച്ചു കൊണ്ട് നിൽക്കുന്ന കണ്ടക്ടറിന് നേരെ പത്ത് രൂപ കൂടി നീട്ടുമ്പോൾ അയാളോർത്തു. ശരിയാണ്. എത്ര കാലമായി കാണണം വീട്ടിലേക്ക് ബസിൽ യാത്ര ചെയ്തിട്ട്. വീട്ടിൽ തന്നെ കാറുകൾ രണ്ടാണ്. കൂടാതെ ഓഫീസ് ക്യാബും. പിന്നെന്തിന് ബസ്സിൽ പോകണം. അതിനാൽ ബസ് ചാർജ്ജ് കൂടിയതൊന്നും അറിഞ്ഞിട്ടില്ല. അല്ലെങ്കിലും ഓഹരി സൂചികയിലെ ഏറ്റക്കുറച്ചിലുകളല്ലാതെ മറ്റൊന്നിന്റെയും വില വ്യതിയാനങ്ങൾ അയാളെ ശ്രദ്ധിക്കാറില്ല.
ആറ് മണിക്കു മുമ്പെ സർവ്വീസ് ചെയ്ത് വണ്ടി ഓഫീസിലെത്തിക്കണമെന്ന് രാവിലെ എടുത്ത് കൊണ്ട് പോവാൻ വന്നയാളോട് പറഞ്ഞതാണ്. വൈകിട്ട് വണ്ടി കാണാതായതിനാൽ വിളിച്ചു നോക്കിയപ്പോഴാണ് പണി കഴിഞ്ഞിട്ടില്ലെന്ന് അറിഞ്ഞത്. നാളെയെ കിട്ടുവത്രെ. ചൂടായപ്പോൾ അവരുടെ വക കുറെ 'ടെക്നിക്കൽ' ന്യായീകരണങ്ങളും. സർവ്വീസ് സെന്ററിന്റെ കസ്റ്റമർ കെയറിലേക്കയച്ച കംപ്ലയിന്റ് മെയിൽ പോയിട്ടില്ലേയെന്ന് അയാൾ ഉറപ്പ് വരുത്തി. ടാക്ലി ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് കാരണം ഓഫീസിലെ സ്ത്രീ ജനങ്ങളെ വീട്ടിലെത്തിക്കാനായി ഓഫീസ് ക്യാബ് വിട്ടു കൊടുക്കുകയും ചെയ്തു. ഏതായാലും റോയിയുടെ കൂടെ സ്റ്റാൻഡ് വരെ പോകാൻ തോന്നിയത് നന്നായി. സീറ്റ് കിട്ടി. ബസിൽ കാല് കുത്താനിടയില്ലാത്ത തിരക്കാണ്.
അയാളുടെ സീറ്റിനരികിൽ ഒരു സ്ത്രീയാണ് നിൽക്കുന്നത്. മുകളിൽ കൈയെത്തിച്ച് പിടിക്കാൻ മാത്രം ഉയരമില്ലാത്തതിനാൽ അയാൾക്ക് മുന്നിലെ കമ്പിയിൽ പിടിച്ചാണ് നിൽപ്പ്. ഇടത് കൈയ്യിലെ വലിയ സഞ്ചിയിൽ ഭാരമുള്ളതെന്തോ ആവണം. ബാലൻസ് തെറ്റി ഇടക്കിടെ അയാളുടെ മേലേക്ക് ചായുന്നുണ്ട്. യുണിഫോം കണ്ടിട്ട് ഏതോ പെട്രോൾ പമ്പിലെ ജോലിക്കാരിയാണ്. പാതിയിലേറെ നരച്ചു കഴിഞ്ഞ മുടിയിൽ വാടിക്കരിഞ്ഞ മുല്ലപ്പൂമാല ഞാന്നു കിടക്കുന്നു. വിയർപ്പിന്റെയും പെട്രോളിന്റെയും മുല്ലപ്പൂവിന്റേതും ചേർന്ന് രൂക്ഷമായ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ട്.
അയാളുടെ മുഖത്തോട് ചേർന്ന് കിടക്കുന്ന ഹാന്റ് ബാഗിൽ കിടന്ന് മൊബൈൽ കരഞ്ഞു വിളിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. ഏതോ ക്രിസ്തീയ ഭക്തി ഗാനമാണ്. ബാഗിലേക്ക് നിസ്സഹായയായി നോക്കുന്നതല്ലാതെ ഫോൺ എടുക്കാൻ അവർക്ക് സാധിക്കുന്നില്ല. ബസ് അടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ കമ്പിയിലെ പിടി വിട്ട് ഒരുവിധം ബാഗ് തുറന്ന് അപ്പോഴും നിലവിളിച്ചു കൊണ്ടിരുന്ന മൊബൈൽ അവർ പുറത്തെടുത്തു. അതോടെ ഉച്ഛസ്ഥായിയിലായ നിലവിളി കേട്ടിടത്തേക്ക് തിരക്കിനിടയിലൂടെ പല കണ്ണുകളും നീണ്ടു.
"മോനേ അമ്മച്ചി ബസിലാടാ...ഇപ്പോ വരാടാ. ഓ... വാങ്ങിച്ചിട്ടുണ്ട്. നീയൊന്ന് സമാധാനപ്പെട്'.... "
ബസ് പെട്ടെന്ന് എടുത്തതോടെ അവർ ബാലൻസ് തെറ്റി മറിഞ്ഞു വീണു.
"അയ്യോ... സോറി... സോറി..."
കമ്പിയിൽ പിടിച്ച് എങ്ങനെയൊക്കെയോ എണീക്കുന്നതിനിടയിൽ അവർ ആരോടെന്നില്ലാതെ ഉരുവിട്ട് കൊണ്ടിരുന്നു. തെറിച്ചു പോയ ഫോൺ രണ്ടു മൂന്നു ഭാഗങ്ങളായി ആരോ എടുത്ത് കൊടുത്തു.
'' ആ സാറായിരുന്നോ..."
എന്റെ മുഖത്തേക്ക് നോക്കി നിറ ചിരിയോടെയാണവർ ചോദിച്ചത്. വീണ്ടും കമ്പിയിൽ പിടിച്ച് നിലയുറപ്പിക്കുന്നതിനിടയിലാണ് അവരെന്നെ കണ്ടതെന്ന് തോന്നുന്നു.
"സാറിനെന്നെ മനസ്സിലായില്ലേ? ഞാനാ കോളേജ് പടിക്കലെ ഇൻഡ്യൻ ഓയിൽ പമ്പിലെയാ.. സാറ് സ്ഥിരം അവിടുന്നല്ലേ പെട്രോളടിക്കുന്നേ... അല്ല ഇന്ന് കാറെടുത്തില്ലേ?"
"ഓ... ഇല്ല സർവ്വീസിന് കൊടുത്തതാ."
അവർ പറഞ്ഞത് ശരിയാണ്. ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും ആ പമ്പിൽ കേറാറുണ്ട്. എന്നാലെന്തോ അവരുടെ മുഖം തീരെ ഓർക്കാനാവുന്നില്ല. അല്ലെങ്കിലും ഇപ്പോൾ ഇടക്കിടെ മാറുന്ന ഡി പി യും പ്രൊഫൈൽ പിക്കുമൊന്നുമല്ലാതെ മുഖങ്ങളൊന്നും മനസ്സിൽ തങ്ങാറില്ല.
"മോനുള്ള ക്രിക്കറ്റ് കിറ്റാ സഞ്ചീല്. ഓനാ ഈ വിളിച്ചോണ്ടിരിക്കുന്നെ. ഇന്നേം നോക്കി ഇപ്പം പടിക്കല് നിക്കുന്നുണ്ടാകും ചെക്കൻ "
ബസ് നിന്നപ്പോൾ അവർ കൈയ്യൊന്ന് നിവർത്തി കൊണ്ട് പറഞ്ഞു. അന്നേരം ലോകം കീഴടക്കിയ ഒരു പോരാളിയുടെ ഭാവം ആ മുഖത്ത് തെളിഞ്ഞതായി അയാൾക്ക് തോന്നി.
"നല്ല കനൊണ്ട് സാധനത്തിന്. വെലേണ്ട്. ആവതുണ്ടായിട്ടൊന്ന്വല്ല. ഇതന്നെ അടുത്ത മാസത്തെ ശമ്പളത്തിന് കൊറച്ച് അഡ്വാൻസായി വാങ്ങീട്ടാ തെകഞ്ഞേ. അച്ഛൻ ഇല്ലാണ്ട വളർന്ന കുട്ടിയാ. എന്നാ ഓനും അയിന്റെ തരം വിട്ട് പെരുമാറീട്ടില്ല. ഇന്റെ ബുദ്ധിമുട്ട് കണ്ടാവണം ചെറുപ്പത്തിലെ വലുതായ പോലെയാ ചെക്കൻ. സാറിനറിയോ, ഇതാ ഓനിന്നോട് ആദ്യായിട്ട് ആവശ്യപ്പെട്ട ഒര് കാര്യം. അതന്നെ കഴിഞ്ഞാഴ്ച്ച ഓന്റെ പിറന്നാളായിട്ട് ഞാനത്രേം നിർബന്ധിച്ചിട്ടാ. പിന്നെ മാഷന്മാരും കൂട്ടാരന്മാരൊക്കെ പറേണത് ഓൻ നല്ലോണം കളിക്കുന്നാ. ജില്ലാ ടീമിലേക്ക് കിട്ടീണ്ടത്രേ. എന്തോ അറീല്ല. എന്നെ കൊണ്ട് ചെയ്യാനാവുന്നത് ചെയ്ത് കൊട്ക്കന്നെ."
അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ. കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന അവരുടെ മുടിയിഴകൾക്ക് അപ്പോൾ മാത്രം വിടർന്ന മുല്ലപ്പൂവിന്റെ സുഗന്ധം.
അയാളോൾക്കുന്നു. മൂന്ന് നാല് ദിവസങ്ങളായി ഒന്നാം ക്ലാസുകാരൻ മകൻ ആവശ്യപെടുന്നു. ഒരു കളർ പെൻസിൽ ബോക്സ്. വരുന്ന ഞായറാഴ്ച്ചയിലെ ഏതോ ഡ്രോയിങ്ങ് കോമ്പറ്റീഷന് വേണ്ടിയാണത്രേ. ദിവസവും കാറിൽ കയറി പുറപ്പെടും വരെ പുറകിൽ വന്ന് ഓർമ്മപ്പെടുത്തും. എന്നാലും ഗെയ്റ്റിൽ തന്നെയും കാത്ത് നിൽക്കുന്ന അവന്റെ പ്രതീക്ഷ മുറ്റുന്ന കണ്ണുകൾ കാണുമ്പോഴേ ഓർമ്മ വരാറുള്ളു. മേലധികാരികളാലും സഹപ്രവർത്തകരാലും പുകഴ്ത്തപ്പെടുന്ന തന്റെ ഓർമ്മശക്തിയെ ഓർത്ത് അയാൾക്ക് ചിരി വന്നു. ഇല്ലെന്ന് പറഞ്ഞാലും കാറിന്റെ ഡേഷ് ബോർഡ് മുഴുവൻ തപ്പിയാലെ അവന് വിശ്വാസമാവുകയുള്ളു. നിറകണ്ണുകളോടെ കിടപ്പ് മുറിയിലേക്ക് പോകുന്ന അവന്റെ മുഖം, കാണാതിരിക്കാനായി അയാൾ മുറിയിൽ കയറി വാതിലടക്കും. സ്ക്രോള് ചെയ്ത് തള്ളിയ വാട്സപ്പ് സന്ദേശങ്ങൾക്കിടയിൽ നിന്നും ഭാര്യയുടെ ഫോണിൽ നിന്നും മകനയച്ച റിമൈന്ററുകൾ അയാൾ പരതിയെടുത്തു.
സ്റ്റോപ്പിൽ നിർത്താനായി ബസ് സ്ലോ ചെയ്തപ്പോൾ അയാൾ പതുക്കെ എണീറ്റു.
"സാറിന്റെ സ്ഥലം ഇവിടാണോ?"
സീറ്റിലേക്ക് ഊർന്നിറങ്ങുന്നതിനിടയിൽ ആ സ്ത്രീ ചോദിച്ചു.
"അല്ല. ഇവിടൊരാളെ കാണണം"
ടൗണിലേക്കുള്ള ബസും കാത്ത് സ്റ്റോപ്പിൽ നിൽക്കുന്ന അയാളുടെ മനസ്സ് നിറയെ ഗേറ്റിൽ അയാളെയും കാത്ത് നിൽക്കുന്ന മകന്റെ പ്രതീക്ഷാനിർഭരമായ മുഖമായിരുന്നു. അയാളുടെ മുഖത്തേക്കപ്പോൾ വീശുന്ന തണുത്ത കാറ്റിന് മുല്ലപ്പൂവിന്റെ ഗന്ധമായിരുന്നു.
By: naveen S

വിശ്വാസം

Image may contain: 1 person, smiling, standing, plant and outdoor

ആറരയുടെ പാസഞ്ചർ കടന്നു പോയതോടെ ഏതാണ്ട് വിജനമായ പ്ലാറ്റ്ഫോമിന്റെ അറ്റത്തുള്ള സിമന്റ് ബെഞ്ചിലാണ് ഞാനിരിക്കുന്നത്. ആരോ മറന്ന് വെച്ച സായാഹ്ന പത്രം മറിച്ചു നോക്കുന്നതിനിടയിലാണ് ശോഷിച്ച വലത് കാലും വലിച്ചു കൊണ്ട് അയാൾ നടന്നെത്തിയത്. എനിക്കു മുന്നിൽ വന്നു നിന്ന് കാലങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ ഒരു ചങ്ങാതിയോടെന്ന പോലെ അയാൾ പുഞ്ചിരിച്ചു. അത്രയും ആത്മാർത്ഥമായ ഒരു അഭിവാദനത്തിന് അർഹമായ മറുപടി നൽകാനാവില്ല എന്നുറപ്പുള്ളതിനാൽ ഞാൻ പത്രത്താളിനാൽ മുഖം മറച്ചു കളഞ്ഞു.
"സാറേ...തൃശ്ശൂർക്കുള്ള പാസഞ്ചർ ഇവിടല്ലേ വര്വാ?"
സ്ത്രീകളുടേത് പോലെ സൗമ്യമായിരുന്നു അയാളുടെ ശബ്ദം.
"ഉം... "
ഞാനൊന്നു മൂളുക മാത്രമേ ചെയ്തുള്ളു.
അയാളവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുകയാണ്.
"വണ്ടി വരാൻ ഇനിയുമൊരു മണിക്കൂർ കൂടിയുണ്ടാവും. കുറച്ചൂടെ മുന്നോട്ട് നടന്നാൽ വെയറ്റിങ്ങ് റൂമുണ്ട്"
പോവുകയാണെങ്കിൽ പൊയ്ക്കോട്ടെ എന്ന് കരുതി പറഞ്ഞതാണ്. പക്ഷെ അയാൾക്ക് പോകാനുള്ള ഉദ്ദേശമുണ്ടെന്ന് തോന്നിയില്ല.
ഒറ്റക്കാലിൽ ഊന്നിയുള്ള ആ നിൽപ്പ് കണ്ട് സഹതാപം തോന്നിയിട്ടോ എന്തോ, എന്നെ തന്നെ അദ്ഭുതപ്പെടുത്തി കൊണ്ട്, ഞാൻ സീറ്റിൽ വെച്ച ബാഗ് അരികിലേക്ക് നീക്കി അയാൾക്ക് ഇരിക്കാൻ ഇടമൊരുക്കി കൊടുത്തു.
"ഇനിക്കെല്ലാരേം പേട്യാ..."
മുന്നിലെ ഇരുളിലേക്ക് നോക്കി ആരോടെന്നില്ലാതെ അയാൾ പറഞ്ഞു.
''ക്രൂര മൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെ ഒറ്റക്ക് നടക്കുന്ന കുട്ടീടെ മനസ്സാ സാറേ ഇനിക്ക്. ഒരാക്രമണം ഏതു ഭാഗത്ത് നിന്നുണ്ടായാലും തടയാനുള്ള കെൽപ്പെനിക്കില്ല. കള്ളൻമാർക്ക് പിടിച്ചു പറിക്കാൻ മാത്രമൊന്നും എന്റെട്ത്തില്ല. പക്ഷെങ്കില് ആക്രമിക്കാൻ വരുന്നോർക്ക് അതറീലാല്ലോ. ഒറ്റക്കാലും വെച്ച് ജീവിക്കാൻ പെടുന്ന പാട് ഇനിക്കേ അറിയൂ. ഇതീ കൂടുതലൊന്നും താങ്ങാനുള്ള ശേഷിയില്ല."
അയാളുടെ ശബ്ദമിടറിപ്പോയി.
"ഇനിക്കാരേം വിശ്വാസമില്ല സാറേ... "
അയാൾ ബാഗ് മുറുകെ പിടിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ തിളങ്ങി.
"എന്നേയും?"
ക്രൂരമായൊരു പുഞ്ചിരിയോടെയാണ് ഞാനത് ചോദിച്ചത്.
"ഇങ്ങളെ എനിക്ക് വിശ്വാസാ... ഇങ്ങടെ കണ്ണ് കണ്ടാലറിയാ ഇങ്ങളൊര് പഞ്ചപ്പാവാന്ന് "
ശരീരത്തിനും മനസ്സിനും ഒരുപാട് മാറ്റങ്ങൾ വരുത്തിയ കാലം, പക്ഷെ എന്റെ കണ്ണുകളെ തൊടാൻ മറന്നു പോയിരുന്നു. പിറന്ന് വീണ കുഞ്ഞിന്റെത് പോലെ നിഷ്കളങ്കത തുളുമ്പുന്ന കണ്ണുകളിൽ ഒരു തവണയെങ്കിലും നോക്കിയ ആർക്കും എന്നെ അവിശ്വസിക്കാനാകുമായിരുന്നില്ല.
എന്നിലുള്ള കറ കളഞ്ഞ വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണല്ലോ പെങ്ങളുടെ വിവാഹത്തിനായി വീട് പണയപ്പെടുത്തിയും കടം വാങ്ങിയും സ്വരുക്കൂട്ടിയതെല്ലാം അച്ഛനമ്മമാർ എന്നെ സൂക്ഷിക്കാനേൽപ്പിച്ചതും അതുമായി എനിക്ക് നാടു വിടാനായതും. ഒപ്പം ഞാനുമുണ്ടാകും എന്ന അന്ധമായ വിശ്വാസത്തിലാണ് ഗർഭിണിയായ കാമുകി കടലിലേക്കെടുത്തു ചാടിയത്. പോലീസുകാരന് എന്റെ മേലുണ്ടായ വിശ്വാസമാണ് കോടതിയിലേക്കുള്ള വഴിയിൽ രക്ഷപ്പെടുത്തിയത്.
പക്ഷെ എന്ത് കൊണ്ടോ പുഞ്ചിരി തൂകുന്ന ആ നോട്ടം നേരിടാനാകാതെ എന്റെ നിഷ്കളങ്ക മിഴികൾ താഴ്ന്നു പോകുന്നു.
" ഹാ..ഇത്രയൊക്കെ ആയിട്ടും നമ്മൾ പരിചയപ്പെട്ടില്ലല്ലോ. ഞാൻ ശിവൻ. ഇവിടെ ആയിലോട് പഞ്ചായത്തിലെ ക്ലാർക്കാ. വീടും അട്ത്തന്നെ."
അയാളുടെ തണുത്ത കൈപ്പത്തിക്കുള്ളിൽ എന്റെ വിരലുകളമർന്നു. മറുപടിയായി ഞാൻ വായിൽ തോന്നിയ ഒരു പേര് പറഞ്ഞു. സംസാരം അവിടെ അവസാനിക്കട്ടെ എന്ന് കരുതി കീശയിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.
"മുളങ്കുന്നത്ത്കാവിലെ 'കില'യില്ലേ. അവിടെ നാളെ ഒറ്റ ദിവസത്തെ ട്രെയിനിങ്ങുണ്ട്. ഒപ്പമുള്ളോരൊക്കെ നാളെ കാലത്തെ വരൂ. ഒറ്റക്കാലും വെച്ച് മഴേത്തൊക്കെ ഇഴഞ്ഞെത്താൻ വല്യ പാടാ. അതാ ഇന്നേയിങ്ങ് പോന്നേ."
ദു:ഖം കനത്ത് പെയ്യാനൊരുങ്ങുന്ന മുഖം കാണാനായി പാളി നോക്കിയ ഞാൻ ഞെട്ടി. അയാൾക്കെങ്ങനെ ഇങ്ങനെ തുറന്ന് ചിരിക്കാൻ സാധിക്കുന്നു. എനിക്കയാളോട് ഇർഷ്യ തോന്നി.
"അല്ല... ജോലി എവിടെയാന്ന് പറഞ്ഞില്ലല്ലോ?"
ഒറ്റക്കാലൻ വിടാൻ ഭാവമില്ല.
"വക്കീലാ..."
പണ്ടങ്ങനെയൊരു മോഹം കൊണ്ട് നടന്നിരുന്നു എന്നത് സത്യമാണ്. നിമിഷ നേരം കൊണ്ട് ഒന്നാന്തരം കള്ളക്കഥകൾ ചമയ്ക്കാനും അത് ഭംഗിയായി അവതരിപ്പിക്കാനുമുള്ള എന്റെ പാടവം കണ്ട് അഞ്ചാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച പണിക്കര് മാഷാണ് എന്നിൽ നല്ലൊരു വക്കീൽ ഭാവി കണ്ടത്. അമ്മയുടെ അലക്കിയലക്കി നിറം മങ്ങിയ കറുത്ത അടിപ്പാവാട സ്കൂൾ യൂണിഫോമിന് മുകളിൽ ഗൗണായി അണിഞ്ഞു നടന്ന, നായക-പ്രതിനായക ഭേദമന്യേ സ്ക്രീനിൽ കണ്ട വക്കീലന്മാർക്ക് കൈയ്യടിച്ച ഒരു ബാല്യം വിദൂര സ്മൃതിയിലുണ്ട്. ആ ആഗ്രഹം എത്ര കാലം കൊണ്ട് നടന്നെന്നോ എപ്പോൾ ഉപേക്ഷിച്ചുവെന്നോ ഓർക്കുന്നില്ല.
ട്രെയിനിന്റെ വരവറിയിച്ചു കൊണ്ടുള്ള അറിയിപ്പ് കേട്ട് ഞങ്ങൾ എണീറ്റ് മുന്നോട്ട് നടന്നു. അപ്പോൾ ചാറിത്തുടങ്ങിയ മഴ, വണ്ടി പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴേക്കും കോരിച്ചൊരിയാൻ തുടങ്ങിയിരുന്നു. ഓടി വണ്ടിയിൽ കയറിയതിനാൽ കാര്യമായി നനഞ്ഞില്ല. വയ്യാത്ത കാലും വലിച്ചെത്തിയപ്പോഴേക്കും അയാൾ മുഴുവനായും തന്നെ നനഞ്ഞൊലിച്ചിരുന്നു. ട്രെയിൻ പുറപ്പെടാൻ ഇനിയും സമയമുണ്ട്.
"ഞാനീ വേഷമൊന്ന് മാറ്റിയിട്ട് വരാം."
ബാഗിൽ നിന്നും ഒരു തോർത്തും ഷർട്ടുമായി അയാൾ ടോയ്ലെറ്റിലേക്ക് പോയി. അകത്ത് കയറി വാതിലടച്ചു എന്നുറപ്പായതോടെ ഞാനയാളുടെ ബാഗ് പരിശോധിക്കാൻ തുടങ്ങി. മൊബൈലും വാച്ചുമേ വിലപിടിച്ചതായി അതിനകത്തുള്ളു. കൂടാതെ പഴ്സിലും ബാഗിന്റെ രഹസ്യ അറയിലും വസ്ത്രങ്ങൾക്കിടയിലുമായി മൂവായിരത്തി മുന്നൂറ്റിയിരുപത്തിയെട്ട് രൂപ.
പ്ലാറ്റ്ഫോമിന്റെ എതിർവശത്തേക്ക് ചാടിയിറങ്ങി എതിർദിശയിൽ കുതിക്കാൻ കൂകിയാർക്കുന്ന വണ്ടിയിൽ വലിഞ്ഞു കയറുമ്പോൾ ഒരു വിശ്വാസ ഗോപുരം കൂടി തച്ചുടച്ചതിന്റെ നിർവൃതിയിൽ എന്റെ നിഷ്കളങ്ക മിഴികൾ തിളങ്ങി.

By: Naveen S

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo