
ആറരയുടെ പാസഞ്ചർ കടന്നു പോയതോടെ ഏതാണ്ട് വിജനമായ പ്ലാറ്റ്ഫോമിന്റെ അറ്റത്തുള്ള സിമന്റ് ബെഞ്ചിലാണ് ഞാനിരിക്കുന്നത്. ആരോ മറന്ന് വെച്ച സായാഹ്ന പത്രം മറിച്ചു നോക്കുന്നതിനിടയിലാണ് ശോഷിച്ച വലത് കാലും വലിച്ചു കൊണ്ട് അയാൾ നടന്നെത്തിയത്. എനിക്കു മുന്നിൽ വന്നു നിന്ന് കാലങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ ഒരു ചങ്ങാതിയോടെന്ന പോലെ അയാൾ പുഞ്ചിരിച്ചു. അത്രയും ആത്മാർത്ഥമായ ഒരു അഭിവാദനത്തിന് അർഹമായ മറുപടി നൽകാനാവില്ല എന്നുറപ്പുള്ളതിനാൽ ഞാൻ പത്രത്താളിനാൽ മുഖം മറച്ചു കളഞ്ഞു.
"സാറേ...തൃശ്ശൂർക്കുള്ള പാസഞ്ചർ ഇവിടല്ലേ വര്വാ?"
സ്ത്രീകളുടേത് പോലെ സൗമ്യമായിരുന്നു അയാളുടെ ശബ്ദം.
"ഉം... "
ഞാനൊന്നു മൂളുക മാത്രമേ ചെയ്തുള്ളു.
അയാളവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുകയാണ്.
"വണ്ടി വരാൻ ഇനിയുമൊരു മണിക്കൂർ കൂടിയുണ്ടാവും. കുറച്ചൂടെ മുന്നോട്ട് നടന്നാൽ വെയറ്റിങ്ങ് റൂമുണ്ട്"
പോവുകയാണെങ്കിൽ പൊയ്ക്കോട്ടെ എന്ന് കരുതി പറഞ്ഞതാണ്. പക്ഷെ അയാൾക്ക് പോകാനുള്ള ഉദ്ദേശമുണ്ടെന്ന് തോന്നിയില്ല.
ഒറ്റക്കാലിൽ ഊന്നിയുള്ള ആ നിൽപ്പ് കണ്ട് സഹതാപം തോന്നിയിട്ടോ എന്തോ, എന്നെ തന്നെ അദ്ഭുതപ്പെടുത്തി കൊണ്ട്, ഞാൻ സീറ്റിൽ വെച്ച ബാഗ് അരികിലേക്ക് നീക്കി അയാൾക്ക് ഇരിക്കാൻ ഇടമൊരുക്കി കൊടുത്തു.
"ഇനിക്കെല്ലാരേം പേട്യാ..."
മുന്നിലെ ഇരുളിലേക്ക് നോക്കി ആരോടെന്നില്ലാതെ അയാൾ പറഞ്ഞു.
''ക്രൂര മൃഗങ്ങൾ നിറഞ്ഞ കാട്ടിലൂടെ ഒറ്റക്ക് നടക്കുന്ന കുട്ടീടെ മനസ്സാ സാറേ ഇനിക്ക്. ഒരാക്രമണം ഏതു ഭാഗത്ത് നിന്നുണ്ടായാലും തടയാനുള്ള കെൽപ്പെനിക്കില്ല. കള്ളൻമാർക്ക് പിടിച്ചു പറിക്കാൻ മാത്രമൊന്നും എന്റെട്ത്തില്ല. പക്ഷെങ്കില് ആക്രമിക്കാൻ വരുന്നോർക്ക് അതറീലാല്ലോ. ഒറ്റക്കാലും വെച്ച് ജീവിക്കാൻ പെടുന്ന പാട് ഇനിക്കേ അറിയൂ. ഇതീ കൂടുതലൊന്നും താങ്ങാനുള്ള ശേഷിയില്ല."
അയാളുടെ ശബ്ദമിടറിപ്പോയി.
"ഇനിക്കാരേം വിശ്വാസമില്ല സാറേ... "
അയാൾ ബാഗ് മുറുകെ പിടിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ തിളങ്ങി.
"എന്നേയും?"
ക്രൂരമായൊരു പുഞ്ചിരിയോടെയാണ് ഞാനത് ചോദിച്ചത്.
"ഇങ്ങളെ എനിക്ക് വിശ്വാസാ... ഇങ്ങടെ കണ്ണ് കണ്ടാലറിയാ ഇങ്ങളൊര് പഞ്ചപ്പാവാന്ന് "
ശരീരത്തിനും മനസ്സിനും ഒരുപാട് മാറ്റങ്ങൾ വരുത്തിയ കാലം, പക്ഷെ എന്റെ കണ്ണുകളെ തൊടാൻ മറന്നു പോയിരുന്നു. പിറന്ന് വീണ കുഞ്ഞിന്റെത് പോലെ നിഷ്കളങ്കത തുളുമ്പുന്ന കണ്ണുകളിൽ ഒരു തവണയെങ്കിലും നോക്കിയ ആർക്കും എന്നെ അവിശ്വസിക്കാനാകുമായിരുന്നില്ല.
എന്നിലുള്ള കറ കളഞ്ഞ വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണല്ലോ പെങ്ങളുടെ വിവാഹത്തിനായി വീട് പണയപ്പെടുത്തിയും കടം വാങ്ങിയും സ്വരുക്കൂട്ടിയതെല്ലാം അച്ഛനമ്മമാർ എന്നെ സൂക്ഷിക്കാനേൽപ്പിച്ചതും അതുമായി എനിക്ക് നാടു വിടാനായതും. ഒപ്പം ഞാനുമുണ്ടാകും എന്ന അന്ധമായ വിശ്വാസത്തിലാണ് ഗർഭിണിയായ കാമുകി കടലിലേക്കെടുത്തു ചാടിയത്. പോലീസുകാരന് എന്റെ മേലുണ്ടായ വിശ്വാസമാണ് കോടതിയിലേക്കുള്ള വഴിയിൽ രക്ഷപ്പെടുത്തിയത്.
പക്ഷെ എന്ത് കൊണ്ടോ പുഞ്ചിരി തൂകുന്ന ആ നോട്ടം നേരിടാനാകാതെ എന്റെ നിഷ്കളങ്ക മിഴികൾ താഴ്ന്നു പോകുന്നു.
" ഹാ..ഇത്രയൊക്കെ ആയിട്ടും നമ്മൾ പരിചയപ്പെട്ടില്ലല്ലോ. ഞാൻ ശിവൻ. ഇവിടെ ആയിലോട് പഞ്ചായത്തിലെ ക്ലാർക്കാ. വീടും അട്ത്തന്നെ."
അയാളുടെ തണുത്ത കൈപ്പത്തിക്കുള്ളിൽ എന്റെ വിരലുകളമർന്നു. മറുപടിയായി ഞാൻ വായിൽ തോന്നിയ ഒരു പേര് പറഞ്ഞു. സംസാരം അവിടെ അവസാനിക്കട്ടെ എന്ന് കരുതി കീശയിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.
"മുളങ്കുന്നത്ത്കാവിലെ 'കില'യില്ലേ. അവിടെ നാളെ ഒറ്റ ദിവസത്തെ ട്രെയിനിങ്ങുണ്ട്. ഒപ്പമുള്ളോരൊക്കെ നാളെ കാലത്തെ വരൂ. ഒറ്റക്കാലും വെച്ച് മഴേത്തൊക്കെ ഇഴഞ്ഞെത്താൻ വല്യ പാടാ. അതാ ഇന്നേയിങ്ങ് പോന്നേ."
ദു:ഖം കനത്ത് പെയ്യാനൊരുങ്ങുന്ന മുഖം കാണാനായി പാളി നോക്കിയ ഞാൻ ഞെട്ടി. അയാൾക്കെങ്ങനെ ഇങ്ങനെ തുറന്ന് ചിരിക്കാൻ സാധിക്കുന്നു. എനിക്കയാളോട് ഇർഷ്യ തോന്നി.
"അല്ല... ജോലി എവിടെയാന്ന് പറഞ്ഞില്ലല്ലോ?"
ഒറ്റക്കാലൻ വിടാൻ ഭാവമില്ല.
"വക്കീലാ..."
പണ്ടങ്ങനെയൊരു മോഹം കൊണ്ട് നടന്നിരുന്നു എന്നത് സത്യമാണ്. നിമിഷ നേരം കൊണ്ട് ഒന്നാന്തരം കള്ളക്കഥകൾ ചമയ്ക്കാനും അത് ഭംഗിയായി അവതരിപ്പിക്കാനുമുള്ള എന്റെ പാടവം കണ്ട് അഞ്ചാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച പണിക്കര് മാഷാണ് എന്നിൽ നല്ലൊരു വക്കീൽ ഭാവി കണ്ടത്. അമ്മയുടെ അലക്കിയലക്കി നിറം മങ്ങിയ കറുത്ത അടിപ്പാവാട സ്കൂൾ യൂണിഫോമിന് മുകളിൽ ഗൗണായി അണിഞ്ഞു നടന്ന, നായക-പ്രതിനായക ഭേദമന്യേ സ്ക്രീനിൽ കണ്ട വക്കീലന്മാർക്ക് കൈയ്യടിച്ച ഒരു ബാല്യം വിദൂര സ്മൃതിയിലുണ്ട്. ആ ആഗ്രഹം എത്ര കാലം കൊണ്ട് നടന്നെന്നോ എപ്പോൾ ഉപേക്ഷിച്ചുവെന്നോ ഓർക്കുന്നില്ല.
ട്രെയിനിന്റെ വരവറിയിച്ചു കൊണ്ടുള്ള അറിയിപ്പ് കേട്ട് ഞങ്ങൾ എണീറ്റ് മുന്നോട്ട് നടന്നു. അപ്പോൾ ചാറിത്തുടങ്ങിയ മഴ, വണ്ടി പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴേക്കും കോരിച്ചൊരിയാൻ തുടങ്ങിയിരുന്നു. ഓടി വണ്ടിയിൽ കയറിയതിനാൽ കാര്യമായി നനഞ്ഞില്ല. വയ്യാത്ത കാലും വലിച്ചെത്തിയപ്പോഴേക്കും അയാൾ മുഴുവനായും തന്നെ നനഞ്ഞൊലിച്ചിരുന്നു. ട്രെയിൻ പുറപ്പെടാൻ ഇനിയും സമയമുണ്ട്.
"ഞാനീ വേഷമൊന്ന് മാറ്റിയിട്ട് വരാം."
ബാഗിൽ നിന്നും ഒരു തോർത്തും ഷർട്ടുമായി അയാൾ ടോയ്ലെറ്റിലേക്ക് പോയി. അകത്ത് കയറി വാതിലടച്ചു എന്നുറപ്പായതോടെ ഞാനയാളുടെ ബാഗ് പരിശോധിക്കാൻ തുടങ്ങി. മൊബൈലും വാച്ചുമേ വിലപിടിച്ചതായി അതിനകത്തുള്ളു. കൂടാതെ പഴ്സിലും ബാഗിന്റെ രഹസ്യ അറയിലും വസ്ത്രങ്ങൾക്കിടയിലുമായി മൂവായിരത്തി മുന്നൂറ്റിയിരുപത്തിയെട്ട് രൂപ.
പ്ലാറ്റ്ഫോമിന്റെ എതിർവശത്തേക്ക് ചാടിയിറങ്ങി എതിർദിശയിൽ കുതിക്കാൻ കൂകിയാർക്കുന്ന വണ്ടിയിൽ വലിഞ്ഞു കയറുമ്പോൾ ഒരു വിശ്വാസ ഗോപുരം കൂടി തച്ചുടച്ചതിന്റെ നിർവൃതിയിൽ എന്റെ നിഷ്കളങ്ക മിഴികൾ തിളങ്ങി.
By: Naveen S
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക