Slider

ഒരു ടിൻ പൗഡർ...

0
Image may contain: 1 person, smiling, tree, outdoor, closeup and nature

"അപ്പാ, നാളെയാണ് കോളേജിൽ ഒപ്പിടൽ. പത്തു മുതൽ പന്ത്രണ്ടു വരെ....പോണം."
"ഉം..." അപ്പൻ ഒന്നു ഇരുത്തി മൂളി .എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു."അല്ലെങ്കിലും ഒപ്പിടാൻ മാത്രമല്ലേ എന്റെ ആവശ്യം ഉള്ളു. വാ തുറന്നു വല്ലതും പറയാൻ ആ പ്രിൻസി പ്പാളച്ചൻ സമ്മതിക്കോ !!"
അപ്പന്റെ ആത്മഗതത്തിനു പുറകിൽ പ്രിൻസിപ്പൽ, ആന്റണി താണിക്കൽ അച്ചന്റെ ഒരു സൈക്കോളജിക്കൽ മൂവ്മെന്റ് ഉണ്ട്.
എന്നു ഒപ്പിടാൻ പോയാലും അപ്പന്റെ വാചകങ്ങൾ സ്കൂൾ യൂണിഫോം പോലെ എന്നും ഒരുപോലെ!. "ഇവള് ഡാൻസും കൂത്തുമായി നടക്കൊള്ളു അച്ചോ ..വീട്ടിൽ വന്നാൽ ഒന്നും പഠിക്കില്ല.ഇവളുടെ ചേച്ചിമാർഒക്കേം നന്നായി പഠിക്കും. അവരൊക്കെ ക്ലാസ്സിൽ ഫസ്റ്റാണ്.ഇതിനു മാത്രം പഠിപ്പിന്റെ വില അറിയില്ല."
"ആണോ ലിപി!!?" എന്നും പറഞ്ഞു അച്ചൻ കണ്ണടയുടെ ഉള്ളിൽ കൂടി ഒന്നു നോക്കും. എന്നിട്ട് ഏറ്റവും എളുപ്പമുള്ള ഒരു ഇംഗ്ലീഷ് ഗ്രാമർ അങ്ങു ചോദിക്കും.LKG പിള്ളേരുടെ നിലവാരത്തിൽ ഉള്ളത്.ഞാൻ അതിന്റെ ഉത്തരം ടപ്പേന്നു പറയേം ചെയ്യും.
"ആഹാ..ഇംഗ്ലീഷ് കിട്ടിയാൽ പിന്നെ നോ പ്രോബ്ലെം ..ബാക്കി എല്ലാം അവർക്ക് മാനേജ് ചെയ്യാൻ പറ്റും.പിന്നെ .. നമ്മുടെ കുട്ടികളുടെ കഴിവുകളെ നമ്മൾ വളർത്തണ്ടേ?"
അതങ്ങാട് കേൾക്കുമ്പോൾ മാന്യനായ എന്റെ അപ്പൻ കടുപ്പിച്ചു ഒരു ഒപ്പിട്ട് ഇങ്ങിറങ്ങി പോരും.
വീടെത്തിയാൽ അമ്മയോട് അപ്പൻ രണ്ടു പരാതികൾ ആണ് പറയുക..
ഒന്ന്-ഇവളെ അറിയാത്തവരായി ആ കോളേജിൽ ആരുമില്ല.
രണ്ട്-അച്ചൻ ഇവൾക്ക് സപ്പോർട്ട് നിൽക്കുന്നിടത്തോളം കാലം ഇവൾടെ ഡാൻസും കൂത്തും കഥയും കവിതേം ഒന്നും നിൽക്കില്ല.
ഞാൻ ഒരു പഠിപ്പിസ്റ് അല്ല എന്നും.ഒരു ആവറേജ് ബുദ്ധി മാത്രം ഉള്ള കുട്ടിയാ ണെന്നും.ഉഴപ്പലിൽ ആണ് എന്റെ ആനന്ദം എന്നും അറിയാത്തവരായി വീട്ടിലോ നാട്ടിലോ കോളേജിലോ ആരും തന്നെ ഉണ്ടായിരുന്നില്ല.
അപ്പോൾ നിങ്ങൾ ചിന്തിക്കും.... പിന്നെയെന്തു കൊണ്ടു പ്രിൻസിപാളച്ചൻ എന്റെ കാവൽ മാലാഖയെപോലെ എന്നെ കാത്തു പരിപാലി ക്കുന്നു!!??
സ്വാർത്ഥത...വെറും സ്വാർത്ഥത!!.
ഞാൻ പഠിക്കുന്നുണ്ട് എന്ന് എന്റപ്പനെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ...കാരുണ്യ പ്രവർത്തിയായ രോഗി സന്ദര്ശനത്തിന് ... അതായത് , കരുണാഭവനിലെ വൃദ്ധ ജനങ്ങളെ കാണാനും ബുദ്ധിവൈകല്യമുള്ള കുഞ്ഞുങ്ങളെ കാണാനും, കോളേജിൽ നിന്ന് പോകുമ്പോൾ അവർക്ക് വേണ്ടി നൃത്തമാടുന്ന ഈ ഉർവശിയെ കുടുംബ ത്തിൽ നിന്നും വിടുന്നതെങ്ങനെ?. _കോളേജിൽ എന്തെങ്കിലും ഒരു വിശേഷദിനം ഉണ്ടായാൽ ...തട്ടിക്കൂട്ട് പരിപാടികൾക്കു എക്സ്പേർട്ട് ആയ ഇയുള്ളവളെ വിടേണ്ടതല്ലേ!
ഞാൻ കളിക്കുന്നത് ഡാൻസ് അല്ല എന്നും ..അതിന്റെ അകന്ന ബന്ധത്തിലുള്ള ഏതോ ഒരു കലാരൂപം ആണെന്നും എനിക്കറിയാ മെങ്കിലും,എന്റെ തലയാട്ടി ഉള്ള ഡാൻസിന്റെ ഏക ആരാധകനായിരുന്നു താണിക്കൽ അച്ചൻ! മാത്സ് എടുക്കുന്ന മണി മാഷ്എന്റെ പരിപാടിയുള്ള ദിവസം എന്നോട് ചോദിക്കും " ഇന്ന് കുട്ടീടെ ചാട്ടം ല്ല്യേ !!?
പിറ്റേ ദിവസം ഒപ്പിടൽ കർമ്മത്തിനു അപ്പനും ഞാനും അച്ചന്റെ മുൻപിൽ ഹാജരായി.അപ്പൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ അച്ചൻ വേഗം മാർക്ക് ലിസ്റ്റ് നോക്കി പറഞ്ഞു."ആ.. മാർക്കൊന്നും വെല്യ കുഴപ്പമില്ല .കുറച്ചു കൂടി ശ്രദ്ധിക്കണം.ആനുവൽ എക്സാമിന് നല്ല മാർക്ക് വാങ്ങണം കേട്ടോ " .
അച്ചന്റെ പ്രതീക്ഷക്കപ്പുറം എനിക്ക് മാർക്കുണ്ടെങ്കിലും ..എന്റെ അപ്പന്റെ പ്രതീക്ഷക്ക് അനുസരിച്ചുള്ള മാർക്കല്ല എനിക്ക് കിട്ടിയതെന്ന് അപ്പന്റെ മുഖത്തിൽ നിന്നും വ്യക്തം. ബസ് കയറാൻ കോളേജിൽ നിന്നും കോട്ടമുറി ജംഗ്ഷൻ എത്തുന്നവരെ അപ്പൻ പറഞ്ഞത് പെൺകുട്ടികളുടെ ജീവിത ലക്ഷ്യത്തെ കുറിച്ചായിരുന്നു.
നാല് നല്ലക്ഷരം പഠിച്ച് പത്തു പൈസ ഉണ്ടാക്കി സ്വന്തം കാലിൽ നില്ക്കാൻ പഠിക്കണം .അത് കണ്ടിട്ടുള്ള സന്തോഷം കാർന്നോന്മാർക്കും ,ആ പൈസ കൊണ്ടുള്ള സഹായം കെട്ടുന്നവനും കിട്ടണം.
നമ്മുടെ അനുഭവങ്ങളിൽ നിന്നും നമ്മൾ പഠിച്ച പാഠങ്ങൾ ആണല്ലോ മറ്റുള്ളവർക്ക് നമ്മൾ പകർന്നുകൊടുക്കുക.അമ്മയുടെ ടീച്ചർ ഉദ്യോഗത്തിൽ നിന്നും കിട്ടുന്ന പൈസകൊണ്ടുള്ള സഹായം അമ്മയെ കെട്ടിയ അപ്പന് തല്ക്കാലം കിട്ടുന്നുണ്ട്.പിന്നെ മക്കളിൽ നിന്നും കാർന്നോന്മാർക്കു കിട്ടുന്ന സന്തോഷം... അപ്പന്റെ ആറു പെൺമക്കളിൽ നിന്നും എന്തോരം സന്തോഷം അപ്പന് കിട്ടും !!...അതാലോചിച്ചപോൾ ഞാൻ കോരിത്തരിച്ചു പോയി ...
എന്നിട്ട് അവസാനം ഒരു ഉപദേശവും .."ഈ കളികൊണ്ടും കഥകൊണ്ടൊന്നും ഒരു കാര്യവുമില്ല കൊച്ചെ!" .
ഞാൻ ഇത്രയും കഥ നിങ്ങളോടു പറഞ്ഞത് കളി ..അത്ര കളി അല്ലെന്നും, കഥ കൊണ്ട് കാര്യം ഉണ്ടെന്നും അപ്പനെ ബോധ്യപ്പെടു ത്താൻ ഒടേതമ്പുരാൻ ആയിട്ടു എനിക്ക് ഒരു അസുലഭ നിമിഷം തന്നു എന്നറിയി ക്കാനാണ്.
ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുമ്പോൾ ആണ് സംഭവം.
അന്ന് വനിതാ മാസികയിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഒരു കോംപെറ്റിഷൻ ഉണ്ടായിരുന്നു."നിങ്ങളുടെ കോളേജിലെ ആദ്യത്തെ ദിനം" ഇതിനെ പറ്റി ഒരുപേജിൽ കവിയാതെ എഴുതി പ്രിൻസിപ്പലിന്റെ സമ്മതപത്രത്തോടെ അയച്ചു കൊടുത്താൽ , അവർ അത് സെലക്ട് ചെയ്താൽ വനിതയിൽ അത് പ്രസിദ്ധീകരിക്കുകയും സമ്മാനമായി യാർഡ്ലിയുടെ ആയിരം രൂപയ്ക്കു തുല്യമായ പൌഡർ, സ്പ്രേ എന്നിവ സമ്മാനമായി ലഭിക്കുകയും ചെയ്യും .
അന്ന് താണിക്കലച്ചൻ മാറി പകരം സെബി അച്ചനായിരുന്നു പ്രിൻസിപ്പാൾ. " എന്ന് നിന്റെ പുന്നാര വൈദ്യൻ " എന്ന ഹെഡിങ്ങിൽ ഞാൻ കോളേജിലെ ആദ്യ ദിനത്തെക്കുറിച്ച് ഒരു അലക്കു അലക്കി ,അത് ഒപ്പ് ഇടിയ്ക്കാനായി പ്രിൻസിപ്പലിന്റെ അടുത്തുപോയി .ആള് പുതിയത് കാരണം എന്നെ സ്കാൻ ചെയ്തു വരുന്നതേ ഉണ്ടായിരുന്നുള്ളു. കക്ഷി എന്നോട് ചോദിച്ചു " നിനക്ക് എഴുത്തും കുത്തും മാത്രേ ഉള്ളു ? നീ പഠിക്കോ ? "
നുണ പറയുന്നതിൽ മാത്രം നാണം ഉള്ള ഞാൻ സത്യം പറഞ്ഞില്ല..പകരം ഒരു വാഗ്ദാനം കൊടുത്തു " പഠിച്ചോളാം "
അങ്ങനെ ഒപ്പുകിട്ടി .
എന്തൊരത്ഭുതം !! അടുത്ത മാസത്തെ വനിതയിൽ അത് പ്രസിദ്ധീകരിച്ചിരിക്കുന്നു !
കൂട്ടുകാർക്കിടയിലും വീട്ടുകാർക്കിടയിലും എനിക്ക് അത്യാവശ്യം താരപൊലിമ യൊക്കെ കൈവന്നു. പക്ഷെ എന്ന് സമ്മാനം കിട്ടും ? സമ്മാനം കൈപ്പറ്റാനുള്ള ലെറ്റർ അവർ അയക്കുമെന്നാണ് പറഞ്ഞിരി ക്കുന്നത്.ബാങ്കിങ് എടുക്കുന്ന പോൾസൺ സാർ ക്ലാസ്സിൽ വെച്ച് ഇടയ്ക്കിടയ്ക്ക് എന്നെ സമാധാനിപ്പിക്കും. " സമ്മാനം കിട്ടും ലിപി; എന്റെ വീടിന്റെ അടുത്തുള്ള ഒരു കുട്ടി ഇതുപോലെ എഴുതിയിട്ട് അവൾക്കു സമ്മാനം കിട്ടി ." പ്രതീക്ഷയുടെ ചിറകിൽ ഞാൻ കയറി ഇരുന്നു.
എന്നാൽ എന്റെ അപ്പൻ പറഞ്ഞത് " അതൊക്കെ വെല്ല തട്ടിപ്പും ആയിരിക്കും. നീ അത് മറന്നേക്ക് "
ഒരു ദിവസം അപ്പന്റെ പുച്ഛത്തെ കാറ്റിൽ പറത്തികൊണ്ട് എനിക്കു അവരുടെ ക്ഷണകത്ത് വന്നു. അവരുടെ എറണാകുളം ഓഫീസിൽ ചെന്ന് സമ്മാനം കൈപ്പറ്റാൻ. അന്നൊക്കെ എറണാകുളം വളരെ ദൂരെയാണ് ..ഇപ്പോഴല്ലേ അതൊക്കെ 
ഇങ് അടുത്തായത് !!.അപ്പനപ്പഴും സംശയം വിട്ടു മാറിയിരുന്നില്ല .എങ്കിലും ആ അഡ്രസ് തപ്പി പിടിച്ചു അപ്പൻ പോകാമെന്നേറ്റു.
ഓണം കേറാ മൂലയിൽ ഒരു ഉണക്ക ഓഫീസ്‌ അന്വേഷിച്ചു നടന്ന അപ്പൻ കണ്ടെത്തിയത് അംബര ചുംബി ആയ ഒരു ഒന്നാന്തരം ബിൽഡിങ്. സെക്യൂരിറ്റിയോട് കാര്യങ്ങൾ ചികഞ്ഞപ്പോൾ അപ്പനെ ആദരവോടെ ലിഫ്റ്റിൽ കേറ്റി മുകളിലോട്ടു വിട്ടു. എയർകണ്ടീഷൻ ചെയ്ത ഓഫീസിലെ റിസപ്ഷനിൽ അപ്പൻ ആ ലെറ്റർ കാണിച്ചു. സുന്ദരിയായ റീസെപ്ഷനിസ്റ് പ്യൂണിനെ വിളിച്ചു വരുത്തി അപ്പന് ചായ വേണോ ജ്യുസ് വേണോ എന്നൊക്കെ ചോദിച്ചു ആദരിച്ചു.കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരു മാനേജർ സാബ് വന്ന് അപ്പനെ കൈ കൊടുത്തു അഭിവാദ്യം അർപ്പിച്ചു. അടുത്ത സാബ് വന്ന് അഭിനന്ദനങ്ങൾ അർപ്പിച്ചു സമ്മാനം കൈമാറി .ചുറ്റു മുള്ളവർ അസ്സലായി കയ്യടിച്ചു. ഫോട്ടോയും എടുത്തു.
അങ്ങനെ എനിക്ക് കിട്ടേണ്ടിയിരുന്ന അഭിനന്ദനങ്ങൾ എല്ലാം എറ്റ് വാങ്ങി മരുത്വ മല ചുമന്നു വരുന്ന ഹനുമാനെ പോലെ അപ്പൻ സന്ധ്യയോടെ സമ്മാനപ്പെട്ടി യുമായി വീടണഞ്ഞു.
ഞാൻ ഓടി ചെന്ന്‌ ആക്രാന്തം കൊണ്ട് പെട്ടി കുത്തിപൊളിച്ചു.പല തരത്തിലുള്ള പല മണത്തിലുള്ള പൗഡറുകളും സ്പ്രെകളും...പൗഡർ ഓരോന്നായി കുടഞ്ഞു മണത്തു നോക്കി.. സ്പ്രെകൾ മാറി മാറി പൂശി നോക്കി അന്ന് ഞങ്ങളുടെ ആ കൊച്ചു വീട് പലവിധ സുഗന്ധങ്ങളാൽ നിറഞ്ഞു..ഒരു ഗൾഫ്കാരൻ വീട്ടിൽ വന്ന പ്രതീതി!!!.
പിന്നെ ഞാൻ കണ്ടത് അപ്പൻ ധൃതിയിൽ ഒരു കുളി ഒക്കെ പാസ്സാക്കി..പുള്ളി നേരത്തെ മണത്തു നോക്കി ഇഷ്ട്ടപെട്ട ഒരു യാർഡ്‌ലി പൗഡർ എടുത്തു മുഖത്തും കഴുത്തിലും കഷത്തിലും എല്ലാം കുടഞ്ഞിടുന്നു. സ്‌പ്രേ എടുത്തു മൊത്തം ബോഡി അളവിൽ പൂശുന്നു.എന്നിട്ട് പാറപ്പുറത്തേക്കു ഒരൊറ്റ നടത്തം.അപ്പൻ പോയ വഴിയേ മണവും ...മണത്തിന്റെ സോഴ്‌സും അങ്ങാടി മൊത്തം അറിഞ്ഞു.
എനിക്കങ് അഭിമാനിച്ചിട്ടു വയ്യ!!.
ഡിഗ്രി ഫൈനൽ ഇയർ ആയപ്പോഴേക്കും അപ്പന്റെ ശ്വാസകോശം സ്പോഞ്ച് പോലെയായി...സധൈര്യം അപ്പൻ മരണം വരിച്ചു.
വില്ലേജ് ഓഫീസിൽ നിന്നും വിരമിച്ചതിനു ശേഷം അപ്പൻ പല ബിസിനെസും പരീക്ഷിച്ചു. ഏതെങ്കിലും വകുപ്പിൽ കുറച്ചു കാശു കിട്ടിയാൽ അപ്പൻ പറയും.അടുത്ത തവണ ആകട്ടെ ഒരു സ്വർണ്ണ മോതിരം വാങ്ങണം എന്ന്‌.എന്റെ അഞ്ചു ചേച്ചിമാരേം അത്യാവശ്യം സ്വർണ്ണം കൊടുത്തു കെട്ടിയിച്ചയച്ച അപ്പന് ഒരു മോതിരം അങ്ങട് വാങ്ങിയലെന്താ എന്നു പലവട്ടം ഞാൻ ചിന്തിച്ചിട്ടുണ്ട്.അതിന്റെ ഉത്തരം ഞാൻ ഒരു കുടുംബ നാഥ ആയപ്പോൾ എനിക്ക് നല്ലോണം കിട്ടി....മക്കളുടെ സ്വപ്നങ്ങൾ ക്കായി മാറ്റി വെക്കപ്പെടുന്ന മാതാപിതാ ക്കളുടെ ഒരിക്കലും നടക്കാത്ത അല്ലെങ്കിൽ മനപ്പൂർവം നടത്താത്ത സ്വപ്നങ്ങൾ.!
ഇന്ന് അപ്പന്റെ ഏതാഗ്രഹവും നടത്തി കൊടുക്കാൻ ഞങ്ങൾ മക്കൾക്കാകും ..പക്ഷെ അപ്പനില്ല.
തിരിഞ്ഞു നോക്കുമ്പോൾ 20 വർഷം എന്നെ പോറ്റി വളർത്തിയ എന്റെ അപ്പന് എന്റെ അദ്ധ്വാനം കൊണ്ടു എനിക്ക് കൊടുക്കാൻ സാധിച്ചത് എന്താണ് ....ഒരു ടിൻ യാർഡ്‌ലി പൗഡർ അല്ലാതെ.!!??
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo