
അമ്മൂട്ടിക്ക് അപ്പേട്ടൻ ന്നെച്ചാ ജീവനാണ്. അമ്പല കോളത്തിന്ടെ കരേലും ആലിന്ടെ തറേലും ക്കെ അപ്പേട്ടൻ കൂട്ടരുടെ കൂടെ സൊറ പറഞ്ഞിരിക്കണത് അമ്മൂട്ടി അമ്പലത്തീ പോമ്പൊക്കെ കാണാറുണ്ട്ച്ചാലും ഒളികണ്ണിട്ടെ നോക്കാറുള്ളു.. പെങ്കുട്ട്യോൾക്ക് നല്ല അടക്കോം ഒതുക്കോം വേണംനാണ് അമ്മമ്മ എപ്പഴും പറയാറ്.. അതോണ്ട് അമ്മൂട്ടി ആരുടേം മുഖത്തു നോകാണ്ടാ നടക്കാ..
ഒരീസം രാവിലെ ദേവിയെ തൊഴാൻ പോണ വഴീല് അമ്മൂട്ടി കാല് തെറ്റി വീണു.. കണ്ട് നിന്നോരൊക്കെ കളിയാക്കി ചിരിച്ചപ്പോ അപ്പേട്ടനാണ് അമ്മൂട്ടിനെ എണീപ്പിച്ചത്.. അമ്മൂട്ടി കണ്ണും നിറച്ചു വീട്ടിലേക്കാണ് ഓടിയതെങ്കിലും ചെന്ന് കേറിയത് അപ്പേട്ടന്റെ മനസിലാണ്...
പൊറകേ നടന്ന് ശല്യം ചെയ്യാണ്ട് അപ്പേട്ടൻ അമ്മേനേം കൂട്ടി വീട്ടിലേക്ക് പെണ്ണ് ചോയ്ക്കാൻ വന്നത് അമ്മൂട്ടിക്ക് പെരുത്തിഷ്ടായി.. വരണ ചിങ്ങത്തില് വേളി നടത്താന്ന് തീരുമാനായപ്പോ അമ്മൂട്ടി അമ്മയെ കെട്ടിപിടിച്ചൊരുമ്മ കൊടുത്തു..
അധികം ആർഭാടൊന്നിലാണ്ട് അപ്പേട്ടൻ അമ്മൂട്ടിനെ താലി കെട്ടി.. അമ്മൂട്ടി വന്നേൽ പിന്നെ വീട് സ്വർഗമായെന്ന് അപ്പേട്ടന്റെ 'അമ്മ എല്ലാരോടും പറയും..
അമ്മൂട്ടി പുലർച്ചെ എണീറ്റ് വീട്ടിലെ പണിയോൾ ഒക്കെ ചെയ്യും.. അപ്പേട്ടനെ പണിക്ക് പറഞ്ഞയച്ച് അമ്മയ്ക്ക് കാലിൽ കൊഴമ്പ് തേച്ച് കൊടുക്കും.. പശൂനെ കറക്കുന്നതും ചാണകം വാരുന്നതും തുണി അലക്കുന്നതും ഒക്കെ അമ്മൂട്ടി ഓടി നടന്ന് ചെയ്യും..
ഉച്ചയ്ക്ക് ഊണ് കഴിഞ് 'അമ്മ മയങ്ങുമ്പോ അമൂട്ടി പത്രം തൊറന്ന് ടാകീസിലെ സിനിമാപേരൊക്കെ നോക്കിയിരിക്കും.. മൂന്ന് മണിയാകുമ്പോ അമ്മൂട്ടി പലഹാരം ഉണ്ടാക്കാൻ ആടുക്കളേല് കേറും.. ശർക്കരേം ചക്കയും കൂട്ടി വഴറ്റി വാഴിലേല് അടയിണ്ടാക്കും.. അപ്പേട്ടന് വന്നാൽ അതും കാപ്പിയും ഉമ്മറത്ത് കൊണ്ടോയി അപ്പേട്ടൻ കഴിക്കണത് നോക്കിയിരിക്കും..
ന്നിട്ട് രണ്ടാളും കൂടി അപ്പേട്ടന്റെ ബൈക്കിൽ ചുറ്റാൻ പോകും..ചിലപ്പോ ടാകീസിലോ അല്ലെങ്കിൽ കായലിന്റെ ഓരത്തോ പോയി ഇരിക്കും...അപ്പേട്ടന്റെ തോളിൽ തല ചായ്ച്ച് ഇരിക്കുമ്പോ അമ്മൂട്ടിക്ക് കൊറേ വിശേഷങ്ങൾ ഉണ്ടാകും പറയാൻ.. അമ്മിണി പശു ഇമ്മിണി കുറുമ്പ് കാണിക്കുന്നുണ്ടെന്നും മച്ചില് പൊടി തട്ടാൻ കേറിയപ്പോ അപ്പേട്ടന്റെ പഴയ കളി കോപ്പ് കണ്ടെന്നും ഒക്കെ..
വീട്ടിലേക്ക് മടങ്ങുമ്പോൾ അമ്മൂട്ടി അപ്പേട്ടന്റെ അരയിലൂടെ കൈ ഇട്ട് ചേർത്ത് പിടിക്കും ന്നിട്ട് കാതില് ഒരു പൂതി പറയും.. മിക്ക ദിവസങ്ങളിലും ഉപ്പിലിട്ട കാരക്കയോ, മാങ്ങയോ, പുളിമിട്ടായിയോ ഒക്കെയാവും അമ്മൂട്ടി പറയാ.. അതുമല്ലെങ്കിൽ കുപ്പിവളയോ വട്ടപൊട്ടോ.. അത് അപ്പേട്ടൻ സന്തോഷത്തോടെ വാങ്ങികൊടുക്കും.. ഒരീസം പക്ഷെ അമ്മൂട്ടിക്ക് പതിവില്ലാത്തൊരു പൂതി..
അമ്മൂട്ടിക്ക് കല്ല് വെച്ച മൂക്കുത്തി വേണത്രെ.. അപ്പൊന്റെ അമ്മൂട്ടിക്ക് നോവൂലെന് ചോയ്ച്ചപ്പോ അമ്മൂട്ടി പറയാ നൊന്താ അപ്പേട്ടൻ ഉമ്മ വെച്ചാ മതീന്ന്..
അമ്മൂട്ടിടെ ആഗ്രഹല്ലേച്ച് അപ്പേട്ടൻ പിറ്റേന്ന് തട്ടാനേം കൂട്ടി വീട്ടി വന്നു.. തട്ടാന്റെ കൈയിലെ പെട്ടി കണ്ടപ്പോ അമ്മൂട്ടി മുട്ട് കൂട്ടി ഇടി തുടങ്ങി.. കുത്താൻ നേരം അമ്മൂട്ടി എണീറ്റ് പറമ്പായ പറമ്പോക്കെ ഓടി.. അപ്പേട്ടൻ പിന്നാലെ ഓടി പോയി അമ്മൂട്ടിയെ തട്ടാന്റെ മുന്നിൽ പിടിച്ചിരുത്തി.. മൂക്ക് കുത്തിയ അമൂട്ടി അമ്മേടെ മടിയിൽ ഏങ്ങി കരഞ്ഞുറങ്ങി..
രണ്ടീസം കഴിഞ്ഞപ്പോ എന്തോ വല്ലായ്മ തോന്നി അമ്മൂട്ടി തൊഴുത്തിൽ തല കറങ്ങി വീണു.. പാല് വാങ്ങാൻ വന്ന ശാന്തമ്മേടത്തി വീണ് കിടക്കണ അമ്മൂട്ടിയെ കണ്ട് നിലവിളിച്ചു...
വിവരമറിഞ്ഞ് അപ്പേട്ടൻ ഓടി വരുമ്പോ അയൽക്കാരി പെണ്ണുങ്ങളും അമ്മൂട്ടിയും അമ്മയും ഒക്കെ ഉമ്മറത്തുണ്ടായിരുന്നു.. അമ്മൂട്ടിയുടെ മുഖത്ത് പതിവിലാത്ത നാണവും.. ഒന്നും മനസിലാവാതെ അപ്പേട്ടൻ അമ്മേടേം അമ്മൂട്ടിയുടേം മുഖത്തേക്ക് മാറി മാറി നോക്കിയപ്പോൾ നാണി തള്ളയാണ് പറഞ്ഞത് അമ്മൂട്ടിക്ക് വിശേഷമുണ്ടെന്ന്..
സ്ഥലകാല ബോധം മറന്ന് അപ്പേട്ടൻ അമ്മൂട്ടിയെ വാരി പുണർന്നപ്പോൾ എല്ലാവരുടേയും കൂടെ ആ ഒറ്റക്കൽ മൂക്കുത്തിയും ചിരിക്കുന്നുണ്ടായിരുന്നു...
സ്നേഹപൂർവ്വം
ഹരിത
ഹരിത
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക