മധുരനാരങ്ങ
രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം അദ്ദേഹം പുറത്തേക്കു പോവാൻ ഒരുങ്ങുകയാണ് .ഓഫീസിൽനിന്നു റിട്ടയർ ചെയ്തുവെങ്കിലും എന്നും അദ്ദേഹത്തിനു തിരക്കു തന്നെയാണ് .ഇപ്പോൾ പെൻഷൻകാർക്കുള്ള മീറ്റിങ്ങും പ്രവർത്തനവുമൊക്കെയായി പോവുന്നു ."വെറുതെ ഇരുന്നാൽ പെട്ടെന്നു വയസാകും പിന്നെ അസുഖങ്ങളും വിടാതെ പിടികൂടും ''അതാണ് അദേഹത്തിൻറെ അഭിപ്രായം .''അപ്പോൾ ഞാനോ ?''ഞാൻ തമാശയായിട്ടു ചോദിച്ചാൽ ഉടൻ വരും മറുപടി .''നിങ്ങൾ സ്ത്രീകൾക്ക് വീട്ടിൽ തന്നെ ഒരുപാടു ജോലിയില്ലേ ?അതുകഴിഞ്ഞു കിട്ടുന്നസമയം ടീവി കണ്ടോ അയല്പക്കകാരോട് സംസാരിച്ചോ മാഗസിനുകൾ വായിച്ചോ തീർക്കലോ ''.മുറ്റത്തേക്കു ഇറങ്ങാൻ ഭാവിച്ചതും അദ്ദേഹം തിരിഞ്ഞുനിന്നു .''സുമേ ഒരു കാര്യം പറയാൻ വിട്ടുപോയി.ഇന്നു ടൗൺഹാളിൽ പെന്ഷനേഴ്‌സിന്റെ ഒരു സമ്മേളനം ഉണ്ട്. അതുകൊണ്ടു ഞാൻ ഊണ് കഴിക്കാൻ ഉണ്ടാവില്ല .എന്നുവച്ചു നീ കഴിക്കാതിരിക്കരുത്. ''പതുക്കെ കവിളിൽ തട്ടി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു .ഞാൻ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി .ഇന്നു ഇനി കാര്യമായി പണിയൊന്നും ഇല്ലല്ലോ എന്നു ഓർത്തുകൊണ്ടാണ് ഞാൻ അകത്തേക്കു കയറിയത് .ഫ്രിഡ്‌ജിൽ കുറച്ചു ചോറുണ്ട് അതു അച്ചാറും തൈരും കൂട്ടി കഴിക്കാം .ടീപ്പോയിൽ പത്രം കിടക്കുന്നതു കണ്ടപ്പോൾ ഞാൻ കയ്യിലെടുത്തുകൊണ്ടു സോഫയിലിരുന്നു .പത്രം പതിവായി വായിക്കുന്ന ശീലമൊന്നും എനിക്കില്ല .രാവിലെ എന്നും അദ്ദേഹം പത്രം അരിച്ചുപെറുക്കി വായിക്കും പിന്നെ വാർത്തകൾ ഓരോന്നായി ഇടക്കിടെ എന്നോടു പറയുകയും ചെയ്യും.പ്രധാനമന്ത്രിയുടെ വിദേശയാത്രമുതൽ തക്കാളിക്ക് വിലകൂടിയതുവരെ ഞാൻ അറിയുന്നത് അങ്ങിനെയാണ്.പത്രം മറിച്ചു നോക്കുമ്പോൾ എല്ലാം രാവിലെ കേട്ട വാർത്തകൾ ആയതിനാൽ എനിക്ക് ഒരു പുതുമയും തോന്നിയില്ല.പേജുകൾ മറിച്ചു ഞാൻ ചരമകോളത്തിലെത്തി .അറിയാത്തമുഖങ്ങളിൽ വെറുതെ സൂക്ഷിച്ചുനോക്കി .പെട്ടെന്നാണ് ഒരു ഫോട്ടോയിൽ എൻറെ കണ്ണുകൾ ചെന്നുനിന്നത് .എവിടെയോ കണ്ടുമറന്നമുഖം .പേര് വായിച്ചപ്പോൾ ഒരു പരിചയവും തോന്നിയില്ല .ഒരു പിടിയും കിട്ടാതെ ഞാൻ ആ ഫോട്ടോയിൽ തന്നെ നോക്കി .അങ്ങിനെ നോക്കിനിൽക്കേ ആ മുഖം എൻറെ ഓർമ്മയിൽ തെളിഞ്ഞുവന്നു .രണ്ടുമാസം മുൻപ് മോൾ നാട്ടിൽ വന്നപ്പോൾ ഞങ്ങൾ ഗുരുവായൂരിൽ പോയിരുന്നു .പോയിട്ടു തിരിച്ചുവരുന്നവഴി ട്രെയിനിൽ വച്ചാണ് ഞാൻ ഇവരെ പരിചയപ്പെട്ടത്. ഞങ്ങളുടെ തൊട്ടുഅടുത്ത സീറ്റിൽ ആയിരുന്നു ഇവർ .ആദ്യമൊന്നും ഞാൻ അവരെ ശ്രദ്ധിച്ചതേയില്ല.ഞങ്ങളുടെ കൊച്ചുമകൾ മീനാക്ഷിയെ പുറത്തുള്ള കാഴ്ചകൾ കാണിച്ചുകൊടുക്കുന്നതിൻറെയും കളിപ്പിക്കുന്നതിന്റെയും തിരക്കിലായിരുന്നു ഞാൻ .അതിനിടയിലും അവർ പുഞ്ചിരിയോടെ മോളെ നോക്കുന്നത് എൻറെ ശ്രദ്ധയിൽപെട്ടിരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ മീനാക്ഷി ഉറങ്ങി .അദ്ദേഹം കയ്യിലുള്ള പത്രം വായിക്കാൻ തുടങ്ങി.മോൾ മൊബൈൽ ഫോണിലേക്കു തിരിഞ്ഞു.അതോടെ ഞാൻ ഒന്നും ചെയ്യാനില്ലാതെ മീനാക്ഷിയുടെ കുഞ്ഞുതുടയിൽ താളമിട്ടു വെറുതെ പുറത്തേക്കു നോക്കിയിരുന്നു."കുഞ്ഞിന് മധുരനാരങ്ങ വേണോ?"കൈയിൽ ഒരു ഓറഞ്ച് നീട്ടികൊണ്ടു ചിരിയോടെ ചോദിക്കുകയാണവർ ."മോൾക്ക് ഓറഞ്ച് കൊടുക്കാറില്ല.അവൾക്കു വേഗം ജലദോഷം വരും.''ഞാൻ പറഞ്ഞപ്പോൾ അവർ ഒരു മങ്ങിയ ചിരിയോടെ അതു ബാഗിലേക്കിട്ടു .എന്നിട്ട് ചോദിച്ചു ഗുരുവായൂരിൽ നിന്നു വരികയാണോ?''ഞാൻ അതേ എന്നു തല ഇളക്കിയപ്പോൾ അവർ പറഞ്ഞു ഞാൻ ഒരാഴ്ചമുമ്പേ പോയിരുന്നു എന്താ തിരക്ക് .ഇടക്കിടക്കു പോവും ഞാൻ .നമുക്കു ഒരു അഭയം കണ്ണനല്ലേയുള്ളു. ഒറ്റക്കാണോ എന്നു ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞു എന്നും ഞാൻ ഒറ്റക്കുതന്നെയാണ് കുട്ടീ .കൃഷ്ണൻ ബുദ്ധിമുട്ടിക്കാതെ അങ്ങോട്ടു കൂട്ടണം എന്നു ഒരു ആഗ്രഹം മാത്രേ ഉള്ളു .അങ്ങിനെയാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങിയത് .വീട്ടിലെ മൂത്തകുട്ടിയായിരുന്നു അവർ.അതുകൊണ്ടു തന്നെ അച്ഛനില്ലാത്ത ആ കുടുംബം അവരുടെ മേൽനോട്ടത്തിലായി .വിവാഹം പോലും മാറ്റിവച്ചു കൂടപ്പിറപ്പുകൾക്കായി ജീവിച്ചു.ഇപ്പോൾ എല്ലാവർക്കും നല്ല ജീവിതം കിട്ടിയപ്പോൾ അവർ ആർക്കും വേണ്ടാത്തവളായി. സ്വന്തമായി ഒരു വീട് പോലും ഇല്ല.അമ്പലങ്ങളിലും ആശ്രമങ്ങളിലും ജീവിച്ചു കാലം കഴിക്കുന്നു.ഞങ്ങൾക്കു ഇറങ്ങേണ്ട സ്റ്റേഷൻ അടുത്തപ്പോൾ ആ ഓറഞ്ച് അവർ വീണ്ടും എൻറെ നേരെ നീട്ടി .ഈ മധുരനാരങ്ങ മോള് കഴിച്ചോളൂ .'ആ കണ്ണിൽ നോക്കിയപ്പോൾ വാങ്ങാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല .അദ്ദേഹത്തിൻറെയും മോളുടെയും പിന്നിൽ ഞാൻ മീനാക്ഷിയെയും എടുത്തു നടക്കുമ്പോൾ അവർ ചിരിയോടെ ഞങ്ങളെത്തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു. സ്റ്റേഷനിൽ നിന്നും ഓട്ടോയിലേക്കു കയറിയതും അദ്ദേഹം ദേഷ്യപ്പെട്ടു ."ഒന്നും ആലോചിക്കില്ല ആരു എന്തു തന്നാലും വാങ്ങിക്കോളും.ഇപ്പോൾ ട്രെയിൻ മുഴുവൻ തട്ടിപ്പുകാരാ .ആ ഓറഞ്ച് ഇപ്പോൾ തന്നെ കളഞ്ഞേക്കു സുമേ ''ഞാൻ പതുക്കെ ബാഗ് തുറന്നു ആ ഓറഞ്ച് എടുത്തു.അപ്പോൾ തന്നെ അദ്ദേഹം എൻറെ കയ്യിൽനിന്നും ആ ഓറഞ്ച് വാങ്ങി റോഡരികിലേക്ക് വലിച്ചെറിഞ്ഞു .അതു ഉരുണ്ടുഉരുണ്ടു പോവുന്നതു ഞാൻ നോക്കിനിന്നതു ചെറിയൊരു വിഷമത്തോടെ ആയിരുന്നു .പിന്നെ തിരക്കിനിടയിൽ ഞാൻ ആ കാര്യം മറക്കുകയും ചെയ്തിരുന്നു.
വീണ്ടും ആ ഫോട്ടോയിലേക്കു ഞാൻ ഒന്നുകൂടി നോക്കിയപ്പോൾ രണ്ടുതുള്ളി കണ്ണുനീർ എൻറെ കണ്ണിൽനിന്നും അടർന്നുവീണു. ഈ കണ്ണുനീർ ഒരു മധുരനാരങ്ങക്കു പകരമാവുമോ എന്നു എനിക്കറിയില്ല .
വീണ്ടും ആ ഫോട്ടോയിലേക്കു ഞാൻ ഒന്നുകൂടി നോക്കിയപ്പോൾ രണ്ടുതുള്ളി കണ്ണുനീർ എൻറെ കണ്ണിൽനിന്നും അടർന്നുവീണു. ഈ കണ്ണുനീർ ഒരു മധുരനാരങ്ങക്കു പകരമാവുമോ എന്നു എനിക്കറിയില്ല .
Jalaja N
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക