പൂച്ചയും പൊന്നും
---------------------------------
യുവജന വേദിയുടെ വാരാന്ത്യ സംവാദം..
സ്ഥലത്തെ പുതിയ താമസക്കാരന്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായിരുന്ന ദിവാകരനും ഒപ്പം ചേര്‍ന്നു
നാട്ടിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ആവും പ്രധാന വിഷയം എന്നു കരുതിയെങ്കിലും കുഞ്ഞച്ചന്റെ (ഷാപ്പുകാരന്‍) ഭാര്യയുടെ സ്വഭാവ ദൂഷ്യത്തില്‍നിന്നുമായിരുന്നു തുടക്കം..
കരയില്‍ പെരുകി വരുന്ന മോഷണം ചര്‍ച്ച ചെയ്യണമെന്ന ദിവാകരന്റെ നിര്‍ദ്ദേശം തുടക്കത്തിലേ തിരസ്ക്കരിക്കപ്പെട്ടു. ആരോ പറത്തിവിട്ട, ഒരു ന്യൂ ജനറേഷന്‍ സിനിമയിലെ സംഭാഷണ ശകലങ്ങള്‍, സംവാദ വേദിയെ ആവേശത്തിലാഴ്ത്തി പാറിനടന്നു.
കുട്ടികളുടെ പാഠപുസ്തകം വൈകുന്നത് ആനുകാലികം എന്ന നിലയില്‍ ചര്‍ച്ചക്കു വിഷയീഭവിക്കുമെന്നു അയാള്‍ ഉറപ്പിച്ചു. പക്ഷേ ചെട്ടിയാരുടെ വീട്ടില്‍ നടന്ന ആഡംബര കല്യാണത്തിന്റെ വിശേഷങ്ങളിലേക്കു സംസാരം കാടുകയറിപ്പോയി
കാര്‍ഷിക വിളകളുടെ വിപണനം സംബന്ധിച്ച ആശയ രൂപീകരണം? ഏയ്,അത് ഉണ്ടായില്ല, സ്ഥലത്തെ ധനികനായ വിദേശ മലയാളിയുടെ 'ലുബ്ധിനെ' ചുറ്റിപ്പറ്റിയായി പിന്നെ ചര്‍ച്ച. സ്വന്തമായി വാഹനമുള്ള അയാള്‍ ചിലപ്പോഴെങ്കിലും കാല്‍നടയായി പോകുന്നതിലുള്ള അമര്‍ഷവും ആട്ടും സംവാദത്തെ വിഴുങ്ങി.
തെരുവ് നായ്ക്കളുടെ ശല്യം ന്യായമായും ഉന്നയിക്കപ്പെടേണ്ടതായിരുന്നു. സമയക്കുറവുകൊണ്ടാവും, റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യം ഭൂമിയുടെ ക്രയവിക്രയത്തില്‍ വരുത്തിയ ഇടിവിലേക്കാണ് ചര്‍ച്ച ചെന്നെത്തിയത്.
വായന ശാലയിലെക്കുള്ള വാര്‍ഷിക പുസ്തക ശേഖരണം? മാഷ് ഏതു യുഗത്തിലാണ് ജീവിക്കുന്നത്? ഇതൊന്നും അടുത്ത കാലത്തെങ്ങും അജണ്ടയില്‍ പെടാത്ത കാര്യങ്ങളാണ്.
വാര്‍ഷീകം ഏകപക്ഷീയമായി എങ്ങനെ നടത്താമെന്നു ഒരു കൂട്ടരും അതെങ്ങനെ തല്ലിപ്പൊളിക്കണമെന്നു മറുപക്ഷവും ചേരി തിരിഞ്ഞു ഗൂഢാലോചന തുടങ്ങി.
എന്തിനോടും ക്ഷുഭിതനായി മാത്രം പ്രതികരിച്ചു ശീലമുള്ള ഒരു യുവാവ് ഷെല്‍ഫില്‍ അടുക്കി വച്ചിരുന്ന പുസ്തകങ്ങളില്‍ ചിലത് താഴേക്ക് വലിച്ചെറിഞ്ഞു.
ഭരണ സമിതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പക്ഷം പിടിച്ചു തല്ലിന്റെ വക്കോളമെത്തി പിരിഞ്ഞു.
എപ്പോഴൊക്കെയോ ചിലത് പറയാന്‍ ആഞ്ഞു പരാജയപ്പെട്ട അയാളെ പുച്ഛ ഭാവത്തില്‍ നോക്കി, "ഇവന്‍ ആരെടാ" എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ട് ഓരോരുത്തരായി പുറത്തേക്കിറങ്ങി.
തടിച്ചുരുണ്ട ഇരുചക്ര വാഹനങ്ങള്‍ ഇടി മുഴങ്ങുന്ന ശബ്ദത്തില്‍ ഓരോന്നായി എങ്ങോട്ടോ പാഞ്ഞു പോയി. ഒരു അഭ്യാസിയുടെ സ്ഥായീഭാവം മുഴുവന്‍ ആവാഹിച്ചു കുടിയിരുത്തിയ ഒരുവന്‍ അയാളെ തട്ടി തട്ടിയില്ല എന്ന മട്ടില്‍ ശരവേഗത്തിലാണ് കടന്നു പോയത്. ഭാഗ്യം ഒന്നും പറ്റിയില്ല. ചായക്കടക്കാരന്‍ ശങ്കരേട്ടന്‍ ആണ് പറഞ്ഞത് ബിവറെജസ് അടയ്ക്കുന്നതിനു മുമ്പുള്ള പാച്ചിലാണതെന്നു. കലികാലം..
nelson
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക