Slider

ചുവന്ന പൂക്കൾ തേടി.....

0

ചുവന്ന പൂക്കൾ തേടി.....
നനഞ്ഞൊട്ടിപ്പിടിച്ച മനസ്സിലെവിടെയോ വീണ്ടും ഒരു കൊടുങ്കാറ്റിനുള്ള കോളൊരുക്കം കേൾക്കുന്നു.
തിരകൾ തിരിച്ചുവരാറില്ല, ഓർമ്മകൾ പിരിഞ്ഞു പോകാറുമില്ല
***
അടുക്കളയിൽ നിന്നും അമ്മയുടെ നെടുവീർപ്പിന്റെ ഗന്ധം പുകയായി തൊടിയിലേക്ക് പരന്നപ്പോൾ അയാൾ വായനശാലയിലേക്ക് ഓടി. മാക്സിം ഗോർക്കിയുടെ 'അമ്മ' ഇന്നും അവിടെ തിരിച്ചെത്തിയിട്ടില്ല. എത്ര തവണ വായിച്ചെന്നു അയാൾക്ക് തന്നെ നിശ്ചയമില്ല. അയാളുടെ സ്വപ്നത്തിലെ അമ്മ പാവേലിന്റെ അമ്മയാണ്.
നെയ്ത്തു പണി കഴിഞ്ഞു അച്ഛൻ നേരെ റേഷൻ ഷാപ്പിൽ പോയി അരിയും തോളിലേന്തി വന്നിട്ട് മുറ്റത്തു നിന്നും വിളിച്ചു :
"കല്യാണിയെ ...ഇതൊന്നു വാങ്ങി വെച്ചാട്ടെ ...നടു വേദനിക്കുന്നു..."
"ങ്ങൾക്ക് എന്താ വേണൂനെ റേഷൻ പീടികയിൽ അയച്ചാൽ ..."
"കല്യാണീ....ചെക്കനെ ബുദ്ധിമുട്ടിക്കേണ്ട...ഓൻ വായിക്കയും പഠിക്കയും ചെയ്യട്ടെ...ഓൻ വല്യ ആളാവുമെടീ ..അന്നേരം നമ്മളെ കഷ്ടവും തീരും"
.
ആകെയുണ്ടായിരുന്ന കുറച്ച് മണ്ണെണ്ണയെടുത്തു വിളക്കിലൊഴിച്ചു അമ്മ അയാളുടെ ഇടുങ്ങിയ കിഴക്കേ മുറിയിൽ കൊണ്ടുവച്ചു.. ..ന്റെ മോൻ..ഓന് നല്ല പണി കിട്ടിയിട്ട് വേണം ഒന്ന് വെളിച്ചത്തിരിക്കാൻ.. അതിനിടക്ക് എന്റെ കണ്ണടപ്പിക്കല്ലേ ഈശ്വരാ ...
അന്ന് അമ്മയുടെ കണ്ണീർ പതിവിലധികം എണ്ണയിൽ വീണു കുതിർന്നതു കൊണ്ടാവാം വിളക്കിന്റെ തിരിനാളത്തിനു ഉപ്പു രസം കൂടിയത്....
പാതിരാത്രി വിളക്കിന്റെ പടുതിരി കത്തുവോളം പുഷ്കിന്റെ കവിതകളിലെ ചുവന്ന പൂക്കൾ തേടി അയാളുടെ മനസ്സ് വോൾഗ നദീ തീരത്ത് മേഞ്ഞു നടന്നു.
വടക്കേടത്തു വീട്ടിൽ തുണി അലക്കിക്കൊടുത്തു വരുന്ന വഴിയിൽ അമ്മ കാൽ വഴുതി വീണു. അച്ഛൻ കുഴമ്പ് പുരട്ടി കാവലിരുന്നു .
പാടവരമ്പത്ത് മാലതിക്ക് നെരൂദയുടെ പ്രണയ വരികൾ ചൊല്ലി കൊടുക്കുകയായിരുന്നു അപ്പോൾ അയാൾ. അവൾ അയാളോട് റേഷനരിയും പയറും ചോദിച്ചു. വായനയുടെ വസന്തം കഴിഞ്ഞാൽ ചുവന്ന പൂക്കൾ സ്വപ്നമായി നൽകാമെന്ന് പറഞ്ഞു നോക്കിയെങ്കിലും അവൾ സമ്മതിച്ചില്ല. അയാളുടെ അമ്മ പിന്നെ എഴുന്നേറ്റിട്ടില്ല. ..
അയാളുടെ കൂടെ വായനശാലയിൽ റഷ്യൻ സാഹിത്യം ചർച്ച ചെയ്തിരുന്ന കുമാരൻ ഒഴിഞ്ഞ പാടത്ത് അച്ഛന്റെ കൂടെ കൃഷിയിറക്കാൻ കൂടി...ചുവന്ന പൂക്കൾക്കൊപ്പം കഞ്ഞിക്ക് കൂട്ടാനുള്ള പയറും അമ്മക്ക് വാങ്ങാനുള്ള മരുന്നും കുമാരൻ സ്വപ്നം കണ്ടു. മാലതി അയാളുടെ ഭാര്യയായി
ചീവീടുകൾ അലമുറയിട്ടു കരയുന്നൊരു കർക്കിടക മാസ രാവിൽ പതിയെ, ശബ്ദമുണ്ടാക്കാതെ അച്ഛൻ മരിക്കുമ്പോൾ അയാൾ രവി മാഷുടെ കൂടെ ആന്റൺ ചെക്കോവിന്റെ വാക്കുകൾ ചേർത്തു വോഡ്‌ക കുടിക്കുകയായിരുന്നു. ഒരുപാട് കുഴക്കുന്ന ചോദ്യങ്ങൾക്ക് ആ രാത്രി അയാൾക്ക് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ടായിരുന്നു. .... . സിൽവിയ പ്ലാതിന്റെ കവിതകളിലെ നിഗൂഢ... ബീഥോവന്റെ നയിന്ത് സിംഫണി.. .കാൾ മാക്സിന്റെ മകൾ ജെന്നിയുടെ പ്രണയവും ആത്‌മഹത്യയും ....വേറെയും വേറെയും...
അയാൾ വീട്ടിലെത്തുമ്പോഴേക്കും കുമാരനും മാലതിയും ചിരട്ടയും വിറകും ചുമന്നു വന്നിരുന്നു.
ചിതക്ക് തീ കൊളുത്തുമ്പോൾ അച്ഛനുപകരം അമ്മയുടെ മുഖമാണ് അയാൾ കണ്ടത്.
കുമാരന്റെ കണ്ണുകളിലെ വിയർപ്പിന്റെ സുഗന്ധവും മാലതിയുടെ കവിളിൽ വിരിഞ്ഞ ചുവന്ന പൂക്കളും എന്നിട്ടും അയാൾ കണ്ടില്ല.
***
പെട്ടെന്ന് ഒരു വലിയ തിര കരയെ തല്ലിത്തകർത്തു കൊണ്ട് വന്നയാളുടെ നരച്ച തലയിലേക്ക് ഉപ്പുവെള്ളത്തുള്ളികൾ തെറിപ്പിച്ചു.
ഭാരമുള്ള കാലുകൾ വലിച്ചിഴച്ചയാൾ എഴുന്നേൽക്കാൻ ശ്രമിച്ചു.
ചോര വാർന്നു വറ്റിയ സൂര്യൻ അയാളോടെന്തോ പറഞ്ഞു. യാത്രാ മൊഴിയാണോ ? അതോ നിസ്സഹായതയോ ? , നിഴലിന്റെ ഒരു നൂലിഴ പോലും ബാക്കി വെക്കാതെ എങ്ങും ഇരുൾ പരന്നു.
ഇരുട്ട് മാത്രം....കൂരിരുട്ട്. ആ കൂരിരുട്ടിൽ അയാൾ ഇതുവരെ കണ്ടെത്തിയ എല്ലാ ഉത്തരങ്ങളും രണ്ടു ചോദ്യങ്ങളിൽ തറച്ചു നിന്നു
എവിടെ നിന്ന് വന്നു താൻ ? ഇനി എങ്ങോട്ടേക്കാണ് പോകുന്നത്
-------------------
(ഹാരിസ് )
കുറിപ്പ് (അറിയാത്തവർക്കായി)
--------------------------------------------------
പാവേൽ - മാക്സിം ഗോർക്കിയുടെ ''അമ്മ' എന്ന നോവലിലെ യിലെ നായകൻ
പുഷ്കിൻ - റഷ്യൻ കവി
ആന്റൺ ചെക്കോവ് - റഷ്യൻ കഥാകൃത്ത്
സിൽവിയ പ്ലാത് - ഇഗ്ലീഷ് എഴുത്തുകാരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo