Slider

പേരിന്റെ വിശുദ്ധ.

0
പേരിന്റെ വിശുദ്ധ.
എനിക്ക് മാമ്മോദീസ മുങ്ങിയപ്പോൾ നൽകപ്പെട്ട പേരാണ്‌ അൽഫോൻസാ എന്നത്... പക്ഷെ ആ പേരിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കിയത്‌ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു... ഇതുപോലെ ഒരു ജൂലൈ മാസത്തിലെ പഠിത്തമുള്ളൊരു ദിവസം... തിമിർത്തു പെയ്തുകൊണ്ടിരുന്ന മഴയുടെ ഇടവേളയിൽ തെളിഞ്ഞ അല്പായുസ്സായ വെയിലിൽ തിളങ്ങുന്ന പരിസരം.. രാവിലത്തെ ഇന്റർവെൽ കഴിഞ്ഞുള്ള പീരിയഡിൽ ക്ലാസ്സെടുക്കാൻ വന്ന എമിലി സിസ്റ്റർ പതിവില്ലാത്തൊരു ചോദ്യം ചോദിച്ചു.. "നിങ്ങളുടെയാരുടെയെങ്കിലും മാമ്മോദീസാപ്പേര് അൽഫോൻസാ എന്നാണോ ?" ആദ്യം ഒന്നു മടിച്ചെങ്കിലും ഞാൻ പതിയെ എഴുന്നേറ്റു.. വേറെ ആരെങ്കിലും ഉണ്ടോയെന്ന സിസ്റ്ററിന്റെ ചോദ്യത്തിന് ഉത്തരം ലഭിക്കാതിരുന്നതിൽ നിന്നും ഞാൻ മനസ്സിലാക്കി ക്ലാസ്സിലെ ഏക അൽഫോൻസാ ഞാനാണ്‌... എന്നെ ആകെ കൺഫ്യൂഷനിലാക്കിക്കൊണ്ട് സിസ്റ്റർ പറയുകയാണ്‌ പുറത്തു പോയി ഒരു പൂവ് പറിച്ചുകൊണ്ട് വരാൻ... ഞാൻ ഒന്ന് പരുങ്ങി... സ്കൂൾ മുറ്റത്തെ പൂന്തോട്ടത്തിൽ നിന്നും പൂ പറിക്കരുതെന്ന ഹെഡ്മിസ്ട്രെസ്സിന്റെ ഉഗ്രശാസനം നിലവിലുണ്ട്... പിന്നെയുള്ളത് ഓരോ ക്ലാസ്സുകാരും നട്ടുവളർത്തുന്ന കൊച്ചു കൊച്ചു പൂന്തോട്ടങ്ങളാണ്... രണ്ടിടത്തുനിന്നും പൂ പറിക്കാൻ ഭയം എന്നെ അനുവദിക്കാഞ്ഞതിനാലും പൂവില്ലാതെ തിരിച്ചു ക്ലാസ്സിൽ ചെല്ലാൻ എനിക്ക് ധൈര്യമില്ലാതിരുന്നതിനാലും ഞാൻ സ്കൂളിന്റെ പിന്നാമ്പുറത്തുനിന്ന് നട്ടം തിരിഞ്ഞു... അപ്പോഴാണോർത്തത്.. കഞ്ഞിപ്പുരക്ക് സമീപത്തു നിറയെ വളരുന്ന മഞ്ഞപ്പൂക്കളെ കുറിച്ച്... വായിലിട്ടു ചവക്കുമ്പോ ആകെയൊരു പെരുപ്പും മരപ്പുമൊക്കെ തോന്നുന്ന ആ പൂക്കൾ പല്ലുവേദനക്കു നല്ലതാണെന്ന് പറഞ്ഞു എന്റെ ചില സഹപാഠികൾ വായിൽ കടിച്ചു പിടിക്കാറുണ്ടായിരുന്നു... എന്തും വരട്ടെ എന്നുകരുതി ഞാൻ അഞ്ചാറു മഞ്ഞപ്പൂക്കളും പറിച്ചുകൊണ്ട് ക്ലാസ്സിൽ തിരിച്ചെത്തി.. ആ പൂക്കൾ വാങ്ങി വെച്ച സിസ്റ്റർ എന്നെ ക്ലാസിനു മുൻപിൽ പിടിച്ചു നിർത്തിയിട്ട് എല്ലാവരോടുമായി പറഞ്ഞത് അൽഫോൻസാമ്മയെ കുറിച്ചാണ്.. കുടമാളൂരിൽ ജനിച്ചു വളർന്ന് വിശുദ്ധിയുടെ പരിമളം കൊണ്ട് ലോകം മുഴുവൻ അറിയപ്പെട്ട പുണ്യവതി.. അന്നൊരു ജൂലൈ 28 ആയിരുന്നു.. അൽഫോൻസാമ്മയുടെ തിരുനാൾ.. എന്റെ കൂട്ടുകാരും കൂടെ എമിലി സിസ്റ്ററും ഒന്നിച്ചു "ഹാപ്പി ഫീസ്റ്റ് ഡേ ടൂ യു " പാടി വിഷ് ചെയ്തശേഷം ഞാൻ പറിച്ചു കൊണ്ടുവന്ന മഞ്ഞപ്പൂക്കൾ എനിക്ക് സമ്മാനിച്ചപ്പോൾ എന്റെ മനസ്സ് കിളികൾ പാടുന്ന പൂങ്കാവനമായി... അന്ന് തൊട്ടാണ് ഞാൻ അൽഫോൻസാമ്മയെ സ്നേഹിച്ചു തുടങ്ങിയത്... എന്റെ പേരിന്റെ വിശുദ്ധയായി.

Anju 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo