നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അട്ട

Resmi Anuraj എഴുതിയ അട്ട എന്ന കഥ എല്ലാവരും വായിച്ചതാണല്ലോ. അത് വായിച്ചു കഴിഞ്ഞപ്പോൾ അതിന് തുടർച്ച എഴുതാൻ എനിക്ക് ഒരു ആഗ്രഹം ഉണ്ടായി ഞാൻ എഴുതിയതാണ് ഇത്. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
അട്ട
*****
കുഞ്ഞിന്റെ കരച്ചിലിൽ നിന്നും പുറത്തേക്കു വരുന്ന വായു മുരുകന് തന്റെ വലത്തേ ചെവിക്കുള്ളിൽ തണുത്ത കാറ്റ് സ്പർശിക്കും പോലെ അനുഭപ്പെട്ടു. പൂർവാധികം ശക്തിയോടെ കാലിൽ പറ്റിപിടിച്ചിരുന്ന അട്ട ചോര വലിച്ചു കുടിക്കുകയാണ്. ചെറിയ കിതപ്പോടെ മുരുകൻ പുറത്തേക്കു പോയ ഡ്രൈവർ തങ്കപ്പനെ നോക്കി... അയാൾ കടക്കാരനോട് സംസാരിച്ചു നിൽക്കുന്നു. തനിക്കു ചുറ്റും മരണമെന്ന വേട്ടക്കാരൻ നൃത്തം ചെയ്യുന്നത് മുരുകനറിഞ്ഞു.അവൻ മുൻസീറ്റിൽ നിന്നും പണിപ്പെട്ട് തിരിഞ്ഞു ശവങ്ങളെ നോക്കി. സ്ത്രീയാകട്ടെ എഴുന്നേറ്റിരുന്നു ഒരു ചോരകുഞ്ഞിനെ മുലയൂട്ടുന്നു, മുഖം മറച്ചുകൊണ്ട് മുന്നോട്ട് വീണു കിടക്കുന്ന മുടികൾക്കിടയിലൂടെ അവളുടെ കണ്ണുകൾ ജ്വലിക്കുന്നതു മുരുകൻ കണ്ടു. അവളുടെ അടുത്തു കിടന്നിരുന്ന വാസുവാകട്ടെ കണ്ണുകൾ തുറന്ന് തന്നെ നോക്കികൊണ്ടിരിക്കുന്നു. പേടിപ്പെടുത്തുന്ന കാഴ്ച്ചകൾ മുരുകനെ ഭ്രാന്ത്‌ പിടിപ്പിച്ചു. വേദനകൊണ്ട് പുളഞ്ഞ മുരുകൻ കാലിലേക്ക് നോക്കി. കടിച്ചുപിടിച്ചിരുന്ന അട്ട വീർത്തു വീർത്തു പൊട്ടി തെറിക്കാറായി . ഭയത്തോടെ മുരുകൻ ഉച്ചത്തിൽ നിലവിളിക്കുവാൻ ശ്രമിച്ചു പക്ഷേ ശബ്ദം തൊണ്ടയിൽ കുരുങ്ങി കിടന്നു. മരണ വെപ്രാളത്തിൽ മുരുകൻ കൈകൾ ഉയർത്തി ആംബുലൻസിന്റെ ഗ്ലാസിൽ ആഞ്ഞടിച്ചു.
ആംബുലസിനുള്ളിൽ നിന്നും അസാധാരണമായ ശബ്ദം കേട്ട തങ്കപ്പന് എന്തോ പന്തികേട് തോന്നി അയാൾ വളരെ വേഗത്തിൽ റോഡ് മുറിച്ചു കടന്ന് വണ്ടിക്കരികിലേക്ക് വന്നു. ഗ്ലാസ്സിലൂടെ തങ്കപ്പൻ കണ്ടു മരണവെപ്രാളത്തിൽ പുളയുന്ന മുരുകനെ. തങ്കപ്പന്റെ ഉള്ളിൽ ചെറിയൊരു ഭീതിയുണ്ടായെങ്കിലും... എന്തോ വളരെ പെട്ടന്ന് തന്നെ അയാൾ വണ്ടിക്കകത്തേക്ക് ചാടിക്കയറി. അപ്പോഴേക്കും മുരുകൻ അവശനായി സീറ്റിലേക്ക് വീണിരുന്നു.തങ്കപ്പൻ വേഗം തന്നെ ലൈറ്റർ തെളിയിച്ചു മുരുകന്റെ കാലിൽ പറ്റിപ്പിടിച്ചിരിക്കുന്ന അട്ടയുടെ ദേഹത്തേക്ക് ആ ചൂട് പറ്റിച്ചു അല്പസമയം അട്ട കടിയുടെ പിടുത്തം വിട്ട് തറയിലേക്ക് വീണു. കൃഷ്മണികൾ മേലേക്കുന്തി, പല്ലുകൾ കൊരുത്ത്, വായും തുറന്ന് സീറ്റിലേക്ക് വീണ് കിടക്കുന്ന മുരുകന്റെ മുഖത്തേക്ക് അയാൾ കുറച്ചു വെള്ളം തളിച്ച് കൊടുത്തു.വെള്ളതുള്ളികൾ മുഖത്തേക്ക് പതിച്ചതും മുരുകൻ ശക്തിയായി ശ്വാസമെടുത്ത് തുടങ്ങി. കിതച്ചുകൊണ്ട് തന്നെ മുരുകൻ ആ കിടപ്പിൽ നിന്നും എഴുന്നേറ്റ് സീറ്റിലേക്ക് നേരെയിരുന്നു...
"എന്തുപറ്റി....... എന്താ അട്ടകടിച്ചപ്പോൾ പേടിച്ചു പോയോ...." തങ്കപ്പൻ ചോദിച്ചു. "ഏയ്‌ ഒന്നുമില്ല നീ... വണ്ടിയെടുക്കു വേഗം പോകാം ഡോക്ടർ കാത്തിരിക്കുന്നുണ്ടാകും ".... തങ്കപ്പനോട് പറഞ്ഞിട്ട് മുരുകൻ പുറകിലേക്ക് തിരിഞ്ഞു നോക്കി... രണ്ടു ശവങ്ങളും വെള്ളപുതച്ച നിലയിൽ അവിടെ തന്നെയുണ്ട് .തനിക്കെല്ലാം തോന്നിയതാകും എന്ന് മനസ്സിനെ സ്വയം പറഞ്ഞു സമാധാനിപ്പിച്ചിട്ട് ആംബുലൻസിൽ വാസുവിന് കുടിക്കാൻ വാങ്ങി വച്ചിരുന്ന മദ്യകുപ്പി അവൻ വേഗം കൈയെത്തിയെടുത്തു.മൂടി തുറന്ന് വെള്ളം പോലും ചേർക്കാതെ വായിലേക്ക് കമഴ്ത്തി. തങ്കപ്പൻ ആക്‌സിലേറ്ററിൽ കാലമർത്തി ചവിട്ടി. ആംബുലൻസ് ഇരുട്ടിനെ വകഞ്ഞുമാറ്റി റോഡിലൂടെ കുതിച്ചു....
നന്നേ ക്ഷീണം അനുഭവപ്പെട്ടെങ്കിലും മുരുകൻ ആംബുലൻസിൽ നിന്നും ഇറങ്ങി ഡോക്ടറുടെ വീടിന്റെ മുറ്റത്തേക്ക് നടന്നു. ആംബുലൻസിനുള്ളിൽ വച്ച് തനിക്കുണ്ടായ അനുഭവമൊക്കെ മദ്യത്തിന്റെ ലഹരിയിൽ അയാൾ പാടെ മറന്നിരുന്നു . മുരുകൻ കോളിങ് ബെല്ലിൽ വിരലമർത്തി. വളരെ വേഗം തന്നെ വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്കു വന്നു. വടിപോലെ തേച്ചു മിനുക്കിയ പാന്റും, ഷർട്ടും ധരിച്ച് , കഴുത്തിൽ സ്റ്റെതസ്കോപ്പും തൂക്കിയിട്ട് ഭംഗിയായി ചികിയൊതുക്കിയ മുടിയോടുംകൂടി മാത്രം മുരുകൻ കണ്ടിട്ടുള്ള ഡോക്ടറെ ഇപ്പൊ ദേഹം മുഴുവൻ ഭസ്മവും വാരിപ്പൂശി ഒരു വെള്ളമുണ്ട് മാത്രം ഉടുത്തും നിൽക്കുന്നതായി കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്.എന്നാലും ആ ചിരിയെ ഉള്ളിൽ തന്നെ ഉറക്കികിടത്തിയിട്ട് അവൻ ഭവ്യതയോടെ ഡോക്ടറെ നോക്കി നിന്നു.
"എന്താ മുരുകാ നീ വന്നത് അവനെവിടെ വാസു..."ഡോക്ടർ ചുറ്റും കണ്ണോടിച്ചുകൊണ്ട് ചോദിച്ചു...
."അത് സാറേ.... ഒരു സംഭവമുണ്ടായി മോർച്ചറിയിൽ വച്ച് എന്തോ കണ്ടു ഭയന്നതാണെന്ന് തോന്നുന്നു ഞാൻ നോക്കുമ്പോൾ വാസു അതിനുള്ളിൽ ചത്തുകിടക്കുകയായിരുന്നു..." . വളരെ ലാഘവത്തോടെ മുരുകൻ പറഞ്ഞുനിർത്തി .
നെറ്റി ചുളിച്ചു കൊണ്ട് ഡോക്ടർ ചോദിച്ചു "ചത്തു പോയോ..... എന്നിട്ട് താൻ എന്നെ വിളിച്ചു പറയാത്തതെന്താ..
" ഞാൻ സാറിനെ കുറെ പ്രാവശ്യം വിളിച്ചു പക്ഷേ എടുത്തില്ല... അതുകൊണ്ട് സാറിനു ഒരു ശവം കൂടി ഇരിക്കട്ടെ എന്ന് കരുതി വാസുവിന്റെ ബോഡി കൂടി ഇങ്ങോട്ട് കൊണ്ട് വന്നിട്ടുണ്ട്...." ചിരിച്ചുകൊണ്ട് മുരുകൻ പറഞ്ഞു...
ഒറ്റ പൊട്ടി തെറിയായിരുന്നു ഡോക്ടർ..." ആരോട് ചോദിച്ചിട്ടാ ആ ശവം കൂടി ഇങ്ങോട്ട് കൊണ്ട് വന്നത്...ചതിച്ചല്ലോ"... ഡോക്ടറുടെ മുഖം ചുമന്നു തുടുത്തു.....
"അത്.. അത്... "വിക്കി വിക്കി മുരുകൻ എന്തോ പറയുവാൻ തുടങ്ങി... "ഇനി കിടന്ന് ഉരുളണ്ട... ചിന്തിച്ചിട്ടു കാര്യവുമില്ല .. ആ സ്ത്രീയുടെ ശവം മാത്രം വേഗം ഇങ്ങേടുത്തു വാ..." ഡോക്ടർ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.
ശരിയെന്നു തലയാട്ടിയിട്ട് മുരുകൻ ആംബുലൻസിനടുത്തേക്ക് നീങ്ങി. തങ്കപ്പനെ കൂടി വിളിച്ച് ആംബുലൻസിൽ നിന്നും സ്ത്രീയുടെ ശവം അവർ പുറത്തേക്കെടുത്തു. ശവത്തെ വെളിയിലെടുക്കുമ്പോഴും മുരുകൻ ആംബുലൻസിനുള്ളിൽ ആ അട്ടയെ കണ്ണുകൾ കൊണ്ട് പരതുന്നുണ്ടായിരുന്നു .. പക്ഷേ അതിനെ അവിടെയൊന്നും കണ്ടില്ല.
ഡോക്ടർ പാതി തുറന്നിരുന്ന വാതിൽ മുഴുവനായി തുറന്നു കൊടുത്തു ശവം താങ്ങി പിടിച്ചു കൊണ്ട് അവർ ഉള്ളിലേക്ക് കയറി. "ദാ അവിടെ വച്ചോളു.. "ഒരു അടച്ചിട്ടിരുന്ന വാതിൽ ചൂണ്ടി കാണിച്ച് ഡോക്ടർ പറഞ്ഞു.. വാതിൽക്കൽ ശവം ഇറക്കി വയ്ക്കുമ്പോൾ മുരുകന്റെ കണ്ണുകൾ ചുറ്റുമൊന്ന് വീക്ഷിച്ചു.എന്താണവിടെ നടക്കുന്നത്? പക്ഷേ ആസാധാരണമായി ഒന്നും അവനവിടെ കാണാൻ കഴിഞ്ഞില്ല,എന്നാൽ മനുഷ്യശരീരം ദഹിപ്പിക്കുമ്പോൾ ഉണ്ടാകുന്ന നാറ്റം ആ വാതിലിന്റെ വിടവിലൂടെ മൂക്കിലേക്ക് തുളച്ചു കയറുന്നത് അവൻ അറിഞ്ഞു.. "ആ ഇനി നിങ്ങൾ പോയി ആംബുലൻസിൽ ഇരുന്നോ ഞാൻ വിളിക്കാം അപ്പോൾ വന്നാൽ മതി.."ഒരു നിമിഷം പോലും അവരെയവിടെ നിർത്താൻ താല്പര്യമില്ലാത്ത മട്ടിൽ ഡോക്ടർ പറഞ്ഞു.
മദ്യം ഗ്ലാസ്സിലേക്ക് പകരുന്നതിനിടയിൽ മുരുകൻ ചോദിച്ചു.. "തങ്കപ്പാ.. ഇ ഡോക്ടർ ശവം കൊണ്ട് എന്താണ് ചെയ്യുന്നത്..
"ഓ എനിക്കറിയില്ല.....പക്ഷേ കുറെ കഴിയുമ്പോൾ ശവം തിരികെ തരും... "അയാൾ ഒരു കവിൾ മദ്യം കുടിച്ചിറക്കികൊണ്ട് പറഞ്ഞു...
"തിരികെ തരുമോ? എന്നിട്ട് ഇതുവരെയും വാസു ഒറ്റ ശവം പോലും മോർച്ചറിയിലേക്ക് കൊണ്ട് വന്നിട്ടില്ലല്ലോ"....ആശ്ചര്യത്തോടെ മുരുകൻ ചോദിച്ചു...
"അതെങ്ങനെ കൊണ്ടുവരും ഡോക്ടർ പ്രേത്യകം പറഞ്ഞിട്ടുണ്ട് പോകുന്ന വഴിയിൽ ശവങ്ങൾ ചെകുത്താൻ കൊക്കയിലേക്ക് ഉപേക്ഷിക്കണുമെന്ന്... പിന്നെ ഒരു കാര്യം ഡോക്ടറുടെ ഉപയോഗം കഴിഞ്ഞ ശവങ്ങളുടെയെല്ലാം മുലകൾ മുറിച്ചുമാറ്റപ്പെട്ടിരിക്കും ... തങ്കപ്പൻ പറഞ്ഞതുകേട്ട് മുരുകൻ വല്ലാതെ അത്ഭുതപ്പെട്ടു...
അപ്പോൾ ഡോക്ടർ എന്തായിരിക്കും ശവം കൊണ്ട് ചെയ്യുന്നതെന്നവൻ മനസ്സിൽ ചിന്തിച്ചു.എന്നിട്ട് വാസുവിന്റെ ശരീരം കിടക്കുനടുത്തേക്ക് നോക്കി അത് അവിടെ തന്നെ കിടക്കുന്നു.
"ഇനി അല്പമൊന്നുറങ്ങട്ടെ ഡോക്ടർ വിളിക്കുവാൻ ഇനിയും സമയമെടുക്കും "....എന്നും പറഞ്ഞ് തങ്കപ്പൻ കണ്ണുകളടച്ച് സീറ്റിലേക്ക് ചാരി. മുരുകന്റെ മനസ്സിൽ ഡോക്ടർ എന്താണ് ചെയ്യുന്നതെന്ന് അറിയുവാനുള്ള ആഗ്രഹം അമിതമായി . തങ്കപ്പൻ ഉറക്കം പിടിച്ചു എന്ന് മനസ്സിലായപ്പോൾ മുരുകൻ പെൻടോർച്ചും കൈയിലെടുത്തു ശബ്ദമുണ്ടാക്കാതെ വണ്ടിക്കു പുറത്തേക്കിറങ്ങി. മുരുകൻ പുറത്തേക്കിറങ്ങി കഴിഞ്ഞതും വാസുവിന്റെ ശവം മെല്ലെ കണ്ണുകൾ തുറന്ന്...കിടക്കുന്ന കിടപ്പിൽ നിന്നും പതിയെ എഴുന്നേറ്റ്.... ജ്വലിക്കുന്ന കണ്ണുകൾകൊണ്ട് തങ്കപ്പനെ തന്നെ നോക്കുകയായിരുന്നു... ആ സമയം വാസുവിന്റെ വായിൽ നിന്നും ഒരു അട്ട വെളിയിലേക്കുവന്നു ... അത് അവന്റെ ദേഹത്ത് കൂടെ പതിയെ ഇഴഞ്ഞു തറയിലേക്ക് ഇറങ്ങി. തങ്കപ്പന്റെ കാൽ ലക്ഷ്യമാക്കി ചലിക്കുകയായിരുന്നു .
കാലിൽ എന്തോ കുരുങ്ങിയപ്പോൾ ഭയത്തോടെ മുരുകൻ പെൻടോർച്ച് തെളിയിച്ചു നോക്കി പൈപ്പിൽ ഉറപ്പിച്ചിരുന്ന ഓസ്സ് ആയിരുന്നു അത്. അവൻ ഒന്ന് ശ്വാസം വലിച്ചുവിട്ടുകൊണ്ട് കാലുകൾ കൊണ്ട് തന്നെ ഓസ് നീക്കി കളഞ്ഞു.എന്നിട്ട് മുരുകൻ ആ വീടിന്റെ ഓരോ ജനലിന്റരികിലും പോയി ശവം ദഹിപ്പിക്കുന്ന ഗന്ധം വരുന്നുണ്ടോയെന്ന് മണത്തു നോക്കി . രണ്ടു മൂന്നു ജനാല കഴിഞ്ഞപ്പോൾ നാലാമത്തത്തിൽ നിന്നും ആ രൂക്ഷഗന്ധം പുറത്തേക്കു വന്നു.കുറ്റിയിട്ടിട്ടില്ലാതിരുന്ന ആ ജനൽപാളി പതിയെ തുറന്നു മുരുകനകത്തേക്ക് നോക്കി. മുറിയുടെ നാല് മൂലയിലും പന്തങ്ങൾ കൊളുത്തി വച്ചിരിക്കുന്നു, ചെറിയ ഒരു ഹോമകുണ്ഡത്തിൽ നിന്നും പുക ചുരുളുകൾ മുകളിലേക്ക് ഉയരുന്നു. അതിനടുത്തായി തന്നെ ഒന്ന് രണ്ടു വെട്ടിയ മുലകൾ ഒരു വാഴയിലയിൽ വച്ചിരിക്കുന്നു. ഹോമകുണ്ഡത്തിൽ പാതി- വെന്ത അവസ്ഥയിൽ ഒരു മുല പുകഞ്ഞു കൊണ്ടിരിക്കുന്നു. കുറച്ചപ്പുറത്ത് അടുപ്പിൽ വച്ചിരിക്കുന്ന പാത്രത്തിൽ എന്തോ വെട്ടി തിളയ്ക്കുന്നു സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി തിളയ്ക്കുന്നത് ചോരയാണെന്ന് ... കൂടാതെ കളിമണ്ണിൽ തീർത്ത വികൃതരൂപം പൂണ്ട പ്രതിമയിൽ,മനുഷ്യന്റെ കുടൽമാലകൾ പൂമാല പോലെ അണിയിച്ചിരിക്കുന്നു . മുരുകന് അതിനുള്ളിലെ കാഴ്ച്ചകളെല്ലാം കണ്ട് വല്ലാതെ അറപ്പും, പേടിയും തോന്നി.
അവൻ മുറിയിൽ ഡോക്ടറെ മാത്രം കണ്ടില്ല . വാതിൽ തുറക്കുന്ന ശബ്ദം കേട്ട് മുരുകൻ സൂക്ഷിച്ചു നോക്കി ഡോക്ടർ മുറിയുടെ വാതിൽ തുറന്ന് വിവസ്ത്രയാക്കപ്പെട്ട നിലയിൽ സ്ത്രീയുടെ ശവവും വലിച്ചു കൊണ്ട് അകത്തേക്ക് വന്നു. അവളെ ആ പ്രതിമയ്ക്ക് മുന്നിൽ കിടത്തിയിട്ട് .പുകയുന്ന ഹോമകുണ്ഡത്തിലേക്ക് വാഴയിലയിൽ നിന്നും ഒരു മുല കൂടി എടുത്തിട്ടു. ഭീതിയോടുകൂടി മുരുകൻ ഡോക്ടറുടെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കി ആ മുഖത്തൊരു രാക്ഷസഭാവമായിരുന്നപ്പോൾ . പ്രതിമയ്ക്ക് മുന്നിൽ കൈകൾ ഉയർത്തി എന്തൊക്കയോ മന്ത്രങ്ങൾ ഉരുവിട്ടതിനു ശേഷം ഒരു ഭ്രാന്തനെപ്പോലെ ഡോക്ടറൊരു കത്തിയെടുത്ത് സ്ത്രീയുടെ വയർ കീറുവാൻ ആരംഭിച്ചു. ക്രൂരമായ കാഴ്ച്ച മുരുകൻ കണ്ണുകൾ അറിയാതെ ഇറുക്കിയടച്ചു . അല്പസമയം വീണ്ടും കണ്ണ് തുറന്നു ഉള്ളിലേക്ക് നോക്കി. വയറുകീറി അപ്പോഴേക്കും ഡോക്ടർ ഭ്രുണം വെളിയിലെടുത്തിരുന്നു. അതും കൈയിൽ പിടിച്ചുകൊണ്ട് ഉച്ചത്തിൽ അട്ടഹസിച്ചു "എന്റെ രക്തത്തിൽ പിറന്ന കരുവേ നിനക്കുവേണ്ടിയാണ് ഞാൻ കാത്തിരുന്നത്, നിന്നെ എന്റെ ശരീരത്തിലേക്ക് ലയിപ്പിക്കുന്നതോടുകൂടി ഈ ലോകത്തിലെ സകലമാന ആഭിചാര ശക്തികളുടെയും രാജാവ് ഞാനാകും. പിന്നെ ഞാൻ ആരാ ഇ ഭൂമിയുടെ അവകാശി "...അട്ടഹസിച്ചോണ്ട് തന്നെ അയാൾ ഭ്രുണത്തെ തിളയ്ക്കുന്ന ചോരയിലേക്ക് എടുത്തെറിഞ്ഞു. പാത്രത്തിൽ നിന്നും ചോര പലഭാഗത്തേക്കും ചിന്നി തെറിച്ചു. വളരെ വേഗം തന്നെ ശവത്തിന്റെ വയർ തുന്നികെട്ടിയിട്ട് ഡോക്ടർ പ്രതിമയുടെ തലയിൽ കൈ വച്ച് കൊണ്ട് അലറുകയാണ് .. "വരു പുറത്തേക്കു വരു.. നിനക്കായി ഇതാ പുതിയൊരു സ്ത്രീയെ കൊണ്ടുവന്നിരിക്കുന്നു വന്ന് അ ശരീരത്തിലേക്ക് പടർന്നു കയറു, മതിയാവോളം ആസ്വദിക്കു ..."
എന്താണ് നടക്കുന്നത് കുടിച്ച മദ്യത്തിന്റെ ലഹരിയെല്ലാം മുരുകനിൽ നിന്നും ആവിയായി പോയി. അവന് കാലിൽ നിന്നും തലയിലേക്ക് ഒരു പെരുപ്പ് കയറുമ്പോലെ തോന്നി. ഭയം അവനെ ചുറ്റി വരിഞ്ഞു.. മുറിക്കുള്ളിലെ പ്രതിമയിൽ നിന്നും ഒരു രാക്ഷസ രൂപം പുറത്തേക്കു വന്നു.ശരീരം മുഴുവൻ രോമാവൃതമായ ആ രൂപം മനുഷ്യനോ മൃഗമോ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. സ്ത്രീയുടെ ശവം നോക്കി കൂർത്ത പല്ലുകൾ പുറത്ത് കാട്ടി ചിരിക്കുമ്പോൾ അതിന്റെ വായിൽ നിന്നും ഉമിനീര് ദേഹത്തേക്ക് ഒളിച്ചിറങ്ങുന്നുണ്ട്. അത് പതിയെ സ്ത്രീയുടെ ശവത്തിനരികിലായി ഇരുന്നു. പെട്ടന്നാണ് മുരുകന്റെ തോളിൽ ഒരു കൈ വന്നു പതിച്ചത് അവൻ ഞെട്ടി തിരിഞ്ഞു.
ആംബുലൻസിനുള്ളിൽ തങ്കപ്പൻ മരണത്തോട് മല്ലടിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ അവന്റെ കർണ്ണപടം പൊട്ടിപോകുമാറുവിധം ഉച്ചത്തിൽ ആയിരുന്നു. വാസുവിന്റെ ശവം തങ്കപ്പനെ നോക്കികൊണ്ടിരുന്നു.
അയാളുടെ അവസാന തുള്ളി ചോരയും വലിച്ചു കുടിച്ച അട്ട മനുഷ്യനോളം വലുതായി.പിടഞ്ഞു പിടഞ്ഞു അവസാന ശ്വാസവും തങ്കപ്പനിൽ നിന്നും അവസാനിച്ചപ്പോൾ അട്ട തങ്കപ്പന്റെ ശരീരത്തെയും വലിച്ചുകൊണ്ട് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് മറഞ്ഞു....
ഞെട്ടി തിരിഞ്ഞ മുരുകന് അവിടെ ആരെയും കാണുവാൻ കഴിഞ്ഞില്ല. പക്ഷേ തോളിൽ പതിഞ്ഞ കൈയുടെ ബലം കൂടി കൂടി വന്നു... "ആരാ അത്.... " ദയനീയമായി മുരുകൻ ശബ്ദം താഴ്ത്തി ചോദിച്ചു.. "
പേടിക്കണ്ട നീ.. ഇത് ഞാനാണ് വാസു.." അശരീരി പോലെ വാസുവിന്റെ ശബ്ദം അവിടെ മുഴങ്ങി.
"വാസുവോ..". അവൻ ഞെട്ടി പോയി .
"നിന്നെ ഞാൻ ഒന്നും ചെയ്യില്ല പക്ഷേ ഡോക്ടറുടെ പൂജ നീ മുടക്കണും.. ..." വാസുവിന്റെ ശബ്ദം...
"ഞാനോ ഞാൻ എങ്ങനെ മുടക്കുവാനാണ്.. .. ഇതെല്ലാം കണ്ട് എന്റെ നല്ല ജീവൻ പോയി നിൽക്കുകയാണ് ".. മുരുകൻ കെഞ്ചി കൊണ്ട് പറഞ്ഞു ...
"ഒന്നുമില്ല.. അകത്തു കത്തുന്ന പന്തങ്ങൾ കെടുത്തുക ബാക്കി ഞാൻ പിന്നെ പറയാം..." വാസുവിന്റെ ശബ്ദം വീണ്ടും മുഴങ്ങി ....
"എന്തിനു വേണ്ടി.. . ഡോക്ടർ എന്തോ ചെയ്യട്ടെ ചത്തു പോയ നിനെക്കെന്താ.. " ഉറച്ച സ്വരത്തിൽ മുരുകൻ ചോദിച്ചു....
വാസുവിന്റെ പൊട്ടിച്ചിരി അവിടെയാകെ പ്രതിധ്വനിച്ചു "ഇപ്പൊ തന്നെ തങ്കപ്പൻ കൊല്ലപ്പെട്ടു കഴിഞ്ഞു ... പൂജ തുടർന്നാൽ ഒരു പക്ഷേ നീയും കൊല്ലപ്പെടും .. പിന്നെ ഞാനും, നീയും, തങ്കപ്പനും, ഇവിടെ വന്നിട്ടുള്ള മറ്റ് ശവങ്ങളുടെ ആത്മാവുമെല്ലാം നീചനായ ഡോക്റുടെ അടിമയാകും ഒരിക്കലും മോഷം കിട്ടാതെ അയാളുടെ അടിമയായി ഇവിടെ കിടന്നു നരകികേണ്ടി വരും... പൂജ മുടക്കിയാൽ ഒരു പക്ഷേ നിനെക്കെങ്കിലും ജീവൻ തിരിച്ചു കിട്ടും..." വാസു പറഞ്ഞ് നിർത്തി ...
ജീവൻ നഷ്ടപ്പെടുമെന്ന് കേട്ട് ഭയന്ന മുരുകൻ മുറിക്കുള്ളിലെ പന്തങ്ങൾ കെടുത്തുവാൻ മനസ്സിലുറച്ചു. എന്തു ചെയ്യും അവനാകെ നിന്ന് വിറച്ചു ..എന്തെങ്കിലും ചെയ്തില്ലെങ്കിൽ വാസുവിന്റെ പ്രേതം തന്നെ കൊല്ലും. പെട്ടന്നാണ് വരുന്ന വഴിയിൽ കണ്ട ഓസ്സിന്റെ കാര്യം ഓർമ്മയിൽ വന്നത്. പൈപ്പിൽ ഉറപ്പിച്ചിരിക്കുന്ന ഓസ്സിനെ വളരെ വേഗം തന്നെയവൻ ജനലിനരുകിലേക്ക് വലിച്ചുകൊണ്ട് വന്നു. പൈപ്പ് തുറന്നുകൊണ്ടവൻ ജനൽ വഴി ഓസ് കടത്തി മുറിക്കുള്ളിലേക്ക് വെള്ളം പമ്പ് ചെയ്തു.. വെള്ളം മുറിക്കുള്ളിലേക്ക് അടിച്ചു കയറിയതും കത്തികൊണ്ടിരുന്ന പന്തങ്ങൾ അണയുകയും മുറിക്കുള്ളിൽ ഇരുട്ട് വന്നു മൂടുകയും ചെയ്തു.അ നിമിഷം തന്നെ ഓസ്സും താഴെയിട്ടിട്ട് മുരുകൻ ആംബുലൻസിനടുത്തേക്ക് ഓടി...
സ്ത്രീയുടെ ശവത്തെ പ്രാപിച്ചുകൊണ്ടിരുന്ന രൂപം പെട്ടന്ന് അലറി വിളിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു . ഡോക്ടർ ആകട്ടെ പെട്ടന്നുണ്ടായ ഷോക്കിൽ കുറച്ചു നിമിഷം തരിച്ചു നിന്നു പോയി. പെട്ടന്ന് തന്നെ സ്ഥലകാലബോധം തിരിച്ചു പിടിച്ച ഡോക്ടർ മനസ്സിലാക്കി. എന്നെങ്കിലും രണ്ടു ശവങ്ങൾ ഒരുമിച്ചിവിടെ വരുന്നോ അന്ന് ചില അനർത്ഥങ്ങൾ ഉണ്ടാകും.. അതിനുള്ള പരിഹാരം പുറത്തു കിടക്കുന്ന ശവത്തിന്റെ തലയറുത്തു... അതിൽ നിന്നുമുറ്റുന്ന രക്തം ഇ ഹോമകുണ്ഡത്തിൽ ചാലിക്കണും. നിമിഷങ്ങൾ കൊണ്ട് തന്നെ അത് സംഭവിച്ചിരിക്കുകയും വേണും .. അല്ലെങ്കിൽ ഇതുവരെയുണ്ടാക്കിയ എല്ലാ ശക്തിയും..ആ രൂപവുമെല്ലാം നശിക്കും....
ഡോക്ടർ വളരെ വേഗം തന്നെ കത്തിയുമായി റൂമിൽ നിന്നുമിറങ്ങി... "മുരുകാ നീ പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു.. ഒരിക്കലും ഡോക്ടറെ എന്റെ ശവത്തിനടുത്ത് എത്തിക്കരുത് .... മ്മ് വേഗം...എന്തെങ്കിലും ചെയ്യു".. വാസുവിന്റെ ശബ്ദം മുരുകന്റെ ചെവികളിൽ മുഴങ്ങി ...സ്വന്തം ജീവൻ രക്ഷിക്കുവാൻ എന്തിനും തയ്യാറായി നിന്ന മുരുകൻ ആംബുലൻസിൽ നിന്നും ഞൊടിയിടയിൽ ജാക്കി ലിവറുമെടുത്തു കൊണ്ട് പ്രധാന വാതിലിന്റെയരികിൽ വന്നു നിന്നു... ഡോക്ടർ വാതിൽ തുറന്ന് പുറത്തേക്കു ഇറങ്ങിയതും മുരുകൻ ലിവർ വീശിയതും ഒരുമിച്ചായിരുന്നു. അപ്രതീക്ഷിതമായി കാലുകളിൽ അടിയേറ്റ ഡോക്ടർ നിലവിളിച്ചു കൊണ്ട് തറയിലേക്ക് വീണു. "മുരുകാ നിയോ.... നിന്റെ സമയം അവസാനിച്ചെടാ.. .." അലറിക്കൊണ്ട് ഡോക്ടർ പറഞ്ഞു... തറയിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ച ഡോക്ടറുടെ നേരെ .. വീണ്ടും മുരുകന്റെ കൈയിലിരുന്ന ലിവർ പല പ്രാവശ്യം ഉയർന്നു താണു. ഡോക്ടറുടെ നിലവിളി അവിടെയാകമാനം അലയടിച്ചു. . നിമിഷങ്ങൾ കൊണ്ട് തീർക്കേണ്ടത് പൂർത്തീകരിക്കാൻ കഴിയത്ത വിഷമവും, വേദനയും കാരണം ഡോക്ടർ തറയിൽ കിടന്ന് പുളഞ്ഞു ..
ഇ സമയം മുറിക്കുളിലെ രൂപത്തിന് ശക്തി ക്ഷയിച്ച് തപ്പി തടയുകയായിരുന്നു .അതിന്റെ ശരീരത്തിലെ ഓരോ രോമവും ആരോ പിഴുതെറിയും പോലെ ഇളകി വീണു. രൂപം ഇരുട്ടിൽ അലറി വിളിച്ചു. രോമങ്ങൾ പൊഴിയുന്നതിനനുസരിച്ച് അതിന്റെ ശരീരത്തിൽ മുഴകൾ പൊന്തി വന്നു. ഞൊടിയിടയിൽ തന്നെ അത് പൊട്ടുകയും അതിൽ നിന്നും ചലവും, ചോരയും ഒഴുകികൊണ്ടിരിന്നു . ആ രൂപം ചോര ശർദ്ധിക്കുന്നതോടൊപ്പം തന്നെ അതിന്റെ വായിലെ കൂർത്ത പല്ലുകളും ഇളകി തറയിലേക്ക് വീണു..
പെട്ടന്ന് തന്നെ പ്രതിമ ഒരു കുലുക്കത്തോടുകൂടി പൊട്ടിതെറിച്ചു.. അതിൽ നിന്നും തെറിച്ച ചീളുകൊണ്ട് തിളച്ചു കൊണ്ടിരുന്ന ചോര പാത്രം തറയിലേക്ക് കമഴ്ന്നു... ... ആ രൂപം മെല്ലെ അലിഞ്ഞലിഞ്ഞു ഹോമകുണ്ഡത്തിലേക്ക് ലയിച്ചുചേർന്നു . അപ്പോഴേക്കും തറയിൽ വീണ ഭ്രുണത്തിൽ നിന്നും ഒരു അട്ട പൊന്തിവന്നു അത് വളരെ വേഗം ഇഴഞ്ഞു കൊണ്ട് പുറത്തേക്കു നീങ്ങി... സ്ത്രീ തറയിൽ നിന്നും എഴുന്നേറ്റു ചോരകുഞ്ഞിനെ മുലയൂട്ടുവാൻ തുടങ്ങി... ഡോക്ടറുടെ ചെവികളിൽ കുഞ്ഞിന്റെ കരച്ചിൽ വന്നു പതിച്ചു... അയാൾ അലറി വിളിച്ചു കരഞ്ഞു. അപ്പോഴേക്കും അട്ട അയാളുടെ കാലിൽ നിന്നു ചോര വലിച്ചു കുടിച്ചു തുടങ്ങിയിരുന്നു .
മുരുകൻ ഭ്രാന്തനെപോലെ തലയിൽ കൈയ്യുംകൊടുത്ത് തറയിലേക്ക് ഇരുന്നു... പെട്ടന്ന് വീണ്ടും വാസുവിന്റെ ശബ്ദം.." ഇനി ഒന്നുകൂടി ബാക്കി... എത്രയും വേഗം ഈ ശവങ്ങളെല്ലാം ചെകുത്താൻ കൊക്കയിലേക്ക് കൊണ്ടിടണും .. അതോടു കൂടി നീ സ്വതന്ത്രനാകും ..." ഒരു യന്ത്രം കണക്കെ മുരുകൻ മുഴുവൻ ശവങ്ങളും വലിച്ചു കൊണ്ടുവന്ന് ആംബുലൻസിനുള്ളിൽ കയറ്റി... ഡോക്ടർ.. സ്ത്രീ, വാസു, തങ്കപ്പൻ. നാലു ശവങ്ങളും കൊണ്ട് ആംബുലൻസ് കുതിച്ചു പാഞ്ഞു.... പുറകിൽ നിന്നും അശരീരി പോലെ "വേഗം... വേഗം" എന്ന് മുഴങ്ങി കേട്ടുകൊണ്ടിരുന്നു ....
ഏകദേശം ആംബുലൻസ് ചെകുത്താൻ കൊക്കയ്‌ക്ക് സമീപമായി ... പെട്ടന്നാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ മുരുകന്റെ ചെവികളിൽ പതിച്ചത്. മുരുകൻ ഭയത്തോടെ തിരിഞ്ഞു നോക്കി. ആ സ്ത്രീ എഴുന്നേറ്റിരുന്നു ചോരകുഞ്ഞിനെ മുലയൂട്ടുന്നു .. ബാക്കിയുള്ളവർ അതും നോക്കിയിരിക്കുന്നു... ഭീതിയോടെ മുരുകൻ മെല്ലെ കുനിഞ്ഞു കാലിലേക്ക് നോക്കി ഇല്ല അട്ടയെ അവിടെ കാണുവാനില്ലാ ... പെട്ടന്ന് കൈകളിൽ എന്തോ തടഞ്ഞു...മുരുകന്റെ കണ്ണുകൾ താഴെ നിന്നും അങ്ങോട്ട്‌ പാഞ്ഞു. സ്റ്റിയറിങ്ങിൽ അട്ട പറ്റി പിടിച്ചിരിക്കുന്നു ... മുരുകൻ നിലവിളിച്ചു കൊണ്ട് സ്റ്റിയറിങ്ങിൽ നിന്നും കൈകൾ വലിച്ചെടുത്തു ... ആരോ നിയന്ത്രിക്കും പോലെ സ്റ്റിയറിങ് സ്വയം തിരിഞ്ഞു.മുരുകൻ എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ ആ ആംബുലൻസ് ചെകുത്താൻ കൊക്കയിലേക്ക് .. നാലു ശവങ്ങളെയും ..ഒപ്പം മുരുകനെയുംകൊണ്ട് ഇറങ്ങിപോയിരുന്നു .......
ഡിനുരാജ് വാമനപുരം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot