നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജന്മാന്തരങ്ങൾ

ജന്മാന്തരങ്ങൾ
-----------------------
കല്യാണ വീട്ടിലെ തലേ ദിവസത്തെ രാത്രിയിൽ പിന്നാമ്പുറത്ത് പെട്ട്രോൾ മാക്സിന്റെ വെളിച്ചത്തിൽ പിറ്റേ ദിവസത്തേക്കുള്ള പോത്തിനെ അറുക്കുന്നതു ചുറ്റും കൂടി നിൽക്കുന്ന കൂട്ടത്തെപോലെയാണ് കിടന്നകിടപ്പിൽ അഹമ്മദ് ഹാജി മൂത്രം പെടുക്കുകയും ഭാര്യ ആമിനുമ്മ പാത്രത്തിലാകുന്നതും കൗതുകത്തോടെ ചുറ്റിലും നോക്കിനിക്കുന്ന കൊച്ചുമക്കളെ കണ്ട നിമിഷം മനസ്സിലേക്ക് മുളപൊട്ടിയ ചിന്ത. ��അഹമ്മദ് ഹാജിയുടെ കാലങ്ങളായി മറക്കപെട്ട നഗ്നമായ രഹസ്യഭാഗത്തെ സസൂഷ്മം നിരീക്ഷിക്കുന്നവരുടെ മുഖങ്ങളിലെ ഭാവമാറ്റങ്ങൾ ബാല്യത്തിൽ നിറഞ്ഞ കുളത്തിൽ ചാടി കുളിക്കുമ്പോൾ മുറിയാൻ അര തോർത്ത് മറ്റുള്ളവരുടെ മുന്നിൽ സ്ഥാന ചലനം സംവിക്കുമ്പോഴുണ്ടായ അതെ നാണത്തെ ഓർത്തങ്കിലും അതെ വേഗതയിൽ ഉള്ളിൽ എരിഞ്ഞ ദേഷ്യം ഉടലാൽ ബദ്ധപ്പെട്ടു ഇളക്കി. ഭർത്താവിന്റെ ഭാവമാറ്റം തിരിച്ചറിഞ്ഞ ആമിനുമ്മ തുണി മറച്ചു കാഴ്ച്ചക്കാരെ ആട്ടിപ്പുറത്താക്കി. �
നേരിയ ചൂടുവെള്ളം തുണിയിൽ മുക്കി പിഴിഞ്ഞ് നിവർത്തി ആമിനുമ്മ കാലങ്ങളായി അറിയുന്ന ഭർത്താവിന്റെ ശരീര ഭൂപ്രദേശത്തിലെ തുടച്ചു നീക്കുന്നതിനിടക്ക് ചില സമയങ്ങളിൽ അറിയാതെയെങ്കിലും നാല് കണ്ണുകൾ സംഗമിക്കാൻ ശ്രമിക്കുമെങ്കിലും അതെ വേഗതയിൽ പിൻവാങ്ങും. നിറഞ്ഞു വീർത്ത കണ്ണുകളിലെ ജലകണങ്ങൾ ഇറ്റുവീഴാൻ തുടിക്കുമ്പോൾ ആമിനുമ്മ തട്ടം കൊണ്ട് തുടച്ചു കളയും. �
എൺപത്തി അഞ്ചു വയസ്സ് വരെ ഇരുകാലിലും, പത്ത് വര്ഷം മൂന്ന് കാലിലും, മൂന്ന് വര്ഷം കിടന്നും ആയിരം ചന്ദ്രന്മാരെ കണ്ടു ജീവിച്ച അഹമ്മദ് ഹാജി പടിയിറങ്ങിയപ്പോൾ പേരകുട്ടികൾക്കു ദുഃഖത്തേക്കാളേറെ തങ്ങളുടെ വലിയുപ്പാപ്പ നൂറു തികക്കായാതെ പോയതിൽ നിരാശയായിരുന്നു.. �
നുണക്കടവ് ദേശത്തെ കാലങ്ങളായി പേരിലും പാരമ്പര്യത്തിലും കീർത്തികെട്ട തറവാടുകളിൽ പ്രമുഖമായ അറക്കൽ അഹമ്മദ് ഹാജി. പരോപകാരിയും നന്മ ഹൃദയത്തിനു ഉടമ. �
ദശകങ്ങൾക്കിപ്പുറം ഹാജിയുടെ കൊച്ചുമകൻ റഫീഖ് അഹമ്മദ് തന്റെ പിതാമാഹനെ ജീവിതത്തെയും, ജീവിച്ച കാലഘട്ടത്തെയും കുറിച്ചുള്ള നോവലിന്റെ ആദ്യ ഖണ്ഡികയായി എഴുതിത്തീർത്തപ്പോൾ തന്റെ പിതാമഹന്റെ ജീവ ചരിത്രത്തിലേക്കുള്ള യാത്രയാണെന്നു ഓർത്തപ്പോൾ ഉടൽ പനി പിടിച്ചപോലെ വെട്ടി വിറച്ചു.
�പിതാമഹന്റെ കൂടെ തോളോടുതോൾ ചേർന്ന് ജീവിച്ചിരുന്നവരായി വർത്തമാന കാലത്ത് അന്വേഷണത്തിൽ ആരും നിലവിലില്ലെന്ന് അറിഞ്ഞപ്പോൾ റഫീഖിന് മനപ്രയാസം തോന്നി. തന്റെ ഉപ്പയുടെ ഓർമ്മകളിൽ നിറഞ്ഞ സൽസ്വഭാവിയായ പിതാമഹൻ ആണെങ്കിലും പ്രദേശവാസികളിലെ തലമൂത്തവരിലൂടെ കേട്ടുകേൾവി അത്ര സുഖമുള്ളതായിരുന്നില്ലെന്ന ഉപ്പയുടെ വാക്കുകളുടെ ഉൾകാന്തിയിൽ ചില രഹസ്യങ്ങൾ മറഞ്ഞരിക്കുന്നുണ്ടന്നു മനസ്സിലാക്കി.
കൊഴിഞ്ഞു പോയ മാസങ്ങളുടെ ഇടവേളകൾക്കുശേഷം ചരിത്രത്തിലേക്ക് വെളിച്ചമേകുന്ന തുറുപ്പു ചീട്ടു യാദൃശ്ചികമായി റഫീക് കണ്ടുകിട്ടി. �
ചീരു. ഉണക്ക കമ്പിന്റെ ബലത്തിൽ വില്ലുപോലെ വളഞ്ഞു നൃത്തം ചെയ്‌തു സായാഹ്നങ്ങളിൽഒച്ചിനെ പോലെ അരിച്ചു പാടവരമ്പത്തൂടെ പോകുന്നത് പലരും കാണുന്ന ദിന കാഴചയാണ്‌.
ആൾപെരുമാറ്റം കുറഞ്ഞ പായലും ചണ്ടിയും നിറഞ്ഞ നമ്പൂതിരി കുളത്തിന്റെ കൈതക്കാടിനു അരികു ചേർന്ന് റഫീഖും തന്റെ ആത്മാർത്ഥ സുഹൃത്ത് രവിയുമായുള്ള സൗഹൃദ സംഭാഷണങ്ങൾക്കിടയിലേക്കു ഈച്ചയായി ചീരു പറന്നിറങ്ങിയത്. �
കാഴ്ചക്ക് ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ കാക്ക കണ്ണുകൾ, ആഴം കൂടിയ പോട്ട കിണറുപോലുള്ള കവിളുകളും, ചുളിഞ്ഞ മടങ്ങിയ തൊലിയുള്ള ദേഹവും, വെള്ള ചായം പൂശിയ കമ്പി മുടിയുള്ള ചീരു. റഫീഖിന്റെ തറപ്പിച്ചുള്ള നോട്ടം ഒറ്റമുണ്ടിനിടയിലൂടെ ആടിക്കളിക്കുന്ന മാറിന് കുറുകെ പ്രയാസപ്പെട്ടു മുണ്ടു വലിച്ചു മറച്ചുപിടിച്ചു കൂമ്പി മന്ദഹസിച്ചു.
''മക്കള്... ഓട്ത്തെ...'' വിറച്ചു കൊണ്ട് ചീരു അവരോടു ചോദിച്ചു..
''അറക്കൽത്തെയാണ്..''
''മമ്മദ്.... ഹാജിയുടെ ....പേരകുട്ടിയാ..''
''ഉം..''
തൊണ്ണ മുഴുക്കെ കാണിച്ചു ചിരിച്ചു ചീരു അവർക്കരികിൽ കാൽ നീട്ടി സന്തത സഹചാരിയെ അടുത്ത് വെച്ച് ഇരുന്നു പറഞ്ഞു തുടങ്ങി ''കുട്ടീടെ ... നോട്ടം കണ്ടപ്പോൾ.. ഹാജിയാരുടെ അതെ മാതിരി..''
റഫീക് ഒരു വഷളൻ ചിരിയോടെ ചോദിച്ചു..''വല്ലുപാപ്പാനെ നന്നായി അറിയോ..?''
''അത് നന്നായി...അറിയോന്നോ... നിങ്ങള് കേട്ട ഹാജിയാര് അല്ല ... ചെക്കൻ മമ്മദ്...'' �
ചീരുവിന്റെ വാക്കുകൾക്കു ഇടവേളയുണ്ടങ്കിലും വെറുമൊരു ജീവിത കഥ മാത്രമല്ല മറഞ്ഞു പോയ കാലഘട്ടത്തിലേക്കുള്ള വാതിലാണ് അവർക്കു മുന്നിൽ തുറന്നു വെച്ചത്.
ജന്മിത്വത്തിന്റെ അധികാരം പിടിമുറുക്കിയ കാലഘട്ടം. അറക്കൽ തറവാടിന്റെ കാരണവർ അബൂബക്കർ മുതലാളി. ആറു പെണ്മക്കൾക്കിടയിൽ പിറന്ന അഹമ്മദ് കാഴ്ചയിൽ സുന്ദരൻ. അഹമ്മദിന്റെ പല ദിവസങ്ങളിലെ അന്തിയുറക്കം പുലയകുടിലായിരുന്നു. നാടൻ വാറ്റ് ചാരായത്തിന്റെ ഒരു സംഘം തന്നെ കൂട്ടുണ്ടായിരുന്നു അയാൾക്ക്. തനിക്കു ഇഷ്ടപെടുന്ന ഏതൊരു പെണ്ണും അയാൾക്ക് വിധേയയാകണമായിരുന്നു ഇല്ലങ്കിൽ തന്റെ മർക്കട മുഷിടിയുള്ള സംഘം ബലമായി കീഴ്‌പ്പെടുത്തി കൊണ്ടുവരും. പ്രദേശവാസികളുടെ പരാതികൾ മുതലാളിയെ ധർമ്മ സങ്കടത്തിലാക്കി. ഒറ്റമകനെ കൂടുതൽ ലാളിച്ചതിന്റെ പ്രതിഫലമാണെന്നു സ്വയം കുണ്ഠിതപ്പെട്ടു.
പേരും പെരുമയുമുള്ള വാരിയത്തൊടി നായർ തറവാട്ടിലെ ഇന്ദിര. സൗന്ദര്യത്തിൽ സ്വർഗത്തിൽ നിന്നിറങ്ങി വന്ന അപ്സരസ്സ്. കടഞ്ഞെടുത്ത ഉടലും, അംഗലാവണ്യവും, നിതംബത്തോളമെത്തുന്ന കേശഭാരം. അവളുടെ സൗന്ദര്യത്തിൽ ആരും ലയിച്ചുപോകും. �
നുണക്കടവ് ദേശത്തെ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവസത്തിനു കുറ്റിക്കാട്ടിലിരുന്നു സംഘവുമായി ചാരായം മോന്തുമ്പോഴാണ് അഹമ്മദിന്റെ നെഞ്ചിലേക്ക് ഇന്ദിര അമ്പായി തറച്ചു കയറിയത്. �
സ്ഥിരം സ്വഭാവത്തോടെ ഇന്ദിരയോട് അടുക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും ബുദ്ധിമതിയായ ഇന്ദിര അഹമ്മദിന്റെ കയ്യിൽ അകപ്പെടാതെ ഒഴിഞ്ഞു മാറി. തന്റെ സന്ത്രങ്ങൾ ഫലിക്കില്ലന്നു മനസ്സിലാക്കിയ അഹമ്മദ് ഇന്ദിരയുടെ പ്രണയത്തിനായുള്ള ശ്രമമായി. അന്ന് വരെ ചെയ്തിരുന്ന എല്ലാ ദുശീല പ്രവൃത്തികളെല്ലാം അവസാനിപ്പിക്കുകയും ഒരു സൽസ്വഭാവിയുടെ പരിവേഷത്തോടെ അവൾക്കു മുന്നിൽ നടക്കാൻ ശ്രമിച്ചെങ്കിലും കുപ്രസിദ്ധനായ അഹമ്മദിനോട് അത്രപെട്ടെന്നൊന്നും സുഭദ്ര വഴപെട്ടില്ല. �
തീർത്തും തോൽവി സമ്മതിക്കാൻ വിസമ്മതിച്ചിരുന്ന അഹമ്മദ് തന്റെ പ്രയത്നം തുടർന്ന് കൊണ്ടിരുന്നു. ചീരുവായിരുന്നു അഹമ്മദിന്റെ പ്രണയ സന്ദേശങ്ങളുടെ ഹംസമായി വർത്തിച്ചത് പിന്നീട്. തുടർച്ചയായ അഹമ്മദിന്റെ പ്രണയാഭ്യർത്ഥനകൾക്കു ഒടുവിൽ ഇന്ദിരയുടെ ഉള്ളിലും മാറ്റങ്ങളുടെ ദിശാ ചലനം സംഭവിച്ചു. �
രഹസ്യ പ്രണയവും സംഗമവും പരസ്യമായി. വിത്യസ്ത മതങ്ങളിൽ പെട്ടവരുടെ പ്രണയത്തെ മതങ്ങളുടെ കണ്ണുകളിലൂടെ കാണുകയും ഒരു ചേരിപ്പോരിന് കോപ്പുകൂട്ടുകയും എന്നാൽ ഇതറിഞ്ഞ അഹമ്മദിന്റെ ബാപ്പ ഇരു ചേരിക്കരുമായി സംസാരിച്ച മദ്യസ്ഥതയിൽ തന്റെ മകനെ ബലമായി പേരുകേട്ട കുടുംബമായ കുന്നത് പറമ്പിൽ കോയ ഹാജിയുടെ മകൾ ആമിനയുമായി നിക്കാഹ് നടത്തി. �
നഷ്ട പ്രണയത്തിന്റെ മാധുര്യമൂറുന്ന ഓർമകളിൽ മുഴുകി തനിക്കൊരു വിവാഹം വേണ്ടെന്ന ശപഥത്തിൽ ഉറച്ചു നിന്ന് ഇന്ദിര. �
കാട് പിടിച്ച തെങ്ങും പറമ്പുകൾക്കിടയിൽ ഒറ്റപെട്ടു പാതിയും ഇടിഞ്ഞു പൊളിയാറായ പ്രേതാലയമെന്നു തോന്നിപ്പിക്കുന്ന വാരിയത്തൊടി തറവാട്. മുറ്റം നിറയെ വർഷങ്ങളിലായി അടിച്ചു വാരാത്ത മാവിന്റെയും പ്ലാവിന്റെയും, കുന്നു കൂടിയ ഇല കൂമ്പാരങ്ങിലൂടെ ചവിട്ടി മെതിച്ചു നടക്കുമ്പോൾ റഫീഖിന്റെ മനസ്സിനുള്ളിൽ ആൾകൂട്ടം നിറഞ്ഞ തറവാടിന്റെ ചിത്രം വിടർന്നു. �
പെടിയും മാറാലയും പിടിച്ച മച്ചും, ചുവരും, തറയും കണ്ടപ്പോൾ റഫീക്കിൽ നിന്നൊരു നെടുവീർപ്പുയർന്നു.
നിശബ്ദമായ അവസ്ഥയെ കീറിമുറിച്ചു അലറി കരഞ്ഞു കൊണ്ട് മുൻവാതിൽ തുറക്കപ്പെട്ടു. �
മെലിഞ്ഞു വളഞ്ഞു അസ്ഥികൂടം മാത്രമായ ഒരു സ്ത്രീ രൂപം. വെളുപ്പിനെ മറന്നു പോയ ചളിപിടിച്ച സാരിയാണവർ ഉടുത്തിരുന്നത്. വട്ട കണ്ണടയിലൂടെ റഫീഖിനെ ഉഴിഞ്ഞു നോക്കുമ്പോൾ തന്റെ കണ്ടത്തലിനെ അവനിൽ നിർവൃതിയായി.
സ്വയം പരിചയപ്പെടുത്തിയപ്പോൾ അവരുടെ കണ്ണുകളിൽ ഈറനണിഞ്ഞു. വർഷങ്ങളായി ഒറ്റപെട്ടു ബന്ധുമിത്രാതികളാൽ തിരസ്കൃതയായ അവരുടെ ഉള്ളിൽ അന്നാദ്യമായി ഒരു പുതുമഴ പെയ്‌തു. �
വീടിനെ വളരെ ദൂരം പിന്നിലാക്കി പാട വരമ്പിലൂടെ അടിതെറ്റാതെ വീഴാതിരിക്കാൻ റഫീഖിന്റെ കൈകളിൽ മുറുകെ പിടിച്ചപ്പോൾ ഇന്ദിരയിൽ ഓർമ്മയുടെ തിരയിളക്കമുണ്ടായി.
അപ്പോൾ ആകാശം മേഘാവൃതമായി സൂര്യനെ മറച്ചു പുതുമഴക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
----------------------
നിഷാദ് മുഹമ്മദ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot