നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്ന

അന്ന
സൗഹ്രദങ്ങളുടെ കാര്യത്തിൽ ഞാൻ പണ്ടേ ലക്ഷാധിപതി ആയിരുന്നു കേട്ടോ ...ഏതൊക്കെ തരം കൂട്ടുകാരാണെന്നോ..ചിലവർ ആദ്യം നല്ല കൂട്ടായിരിക്കും ...പിന്നെ തണുത്തുറഞ്ഞു വല്ലപ്പോളും ഒരു കത്തോ ഒരു ടെലിഫോൺ കാളോ
അങ്ങനെ ..എനിക്ക് ചില കൂട്ടുകളുടെ തുടക്കം കണ്ടാലറിയാം ഇതെത്ര വരെ പോകുമെന്ന് അനുഭവം കൊണ്ട് പഠിപ്പിച്ച ഒന്നാണത്..ചില സൗഹ്രദങ്ങൾ ഉണ്ട് മഞ്ഞു പോലെ തണുത്ത് ...ഒരു ചെറു ചിരിയിൽ ഒരു കുശലാന്വേഷണത്തിൽ അങ്ങ് ഒതുങ്ങി ...അങ്ങനെ ..ചിലതു തൊട്ടാവാടി പോലെയാ മുള്ളുമുണ്ട് തൊട്ടാലോ വാടി ദേ കിടക്കുന്നു താഴെ ..മുള്ളു കൊണ്ട് ഒരു കാര്യവുമില്ലന്നെ..അത്രയ്ക്ക് ശക്തി ഒന്നുമില്ല..പിന്നെ അവരേം കൂടി ചുമലിലെടുത്തു നമ്മൾ നടക്കേണ്ടി വരും ..ചിലതു വെള്ളച്ചാട്ടം പോലെയാണ് അടുത്ത് ചെന്ന് നിന്നംൽ നമ്മളേംകൂടി വലിച്ചെടുത്തു ഒഴുകി കടലിൽ കൊണ്ട് പോയി കളയും..അപ്പൊ അത്തരം കൂട്ടുകൾ ഒരു ചിരിയോടെ ദൂരെ നിന്ന് ആസ്വദിച്ചത് മതി .പനിനീർപൂവ് പോലെയുള്ള കൂട്ടുകളുണ്ട് കാണാൻ നല്ല ഭംഗി ..മണത്തോളൂ നല്ല ഗന്ധം..തൊടരുത് തൊട്ടാൽ തീർന്നു മുള്ളു കൊണ്ട് മുറിഞ്ഞു ചോര ഒഴുകും ..തലയാട്ടി അവർ പറയുന്നത് കേട്ടു നിന്നാൽ മതി ഒരു പാട് അടുക്കണ്ട..ചില കൂട്ടുകൾ പ്രണയം പോലെയാണ് അസ്ഥിക്ക് പിടിച്ചു കളയും..സ്നേഹം കൊണ്ട് ശ്വാസം മുട്ടിച്ചു നമ്മുടെ കണ്ണീരുംസങ്കടവും ഒക്കെ ഏറ്റെടുത്തു അങ്ങനെ ..അതും ഒരു പാട് നെഞ്ചോടു ചേർത്ത് പിടിക്കേണ്ട തീയാണത് നമ്മൾ ദഹിച്ചു പോകും ..ചില കൂട്ടുകൾ മഴ പോലെയാണ് നമ്മളെ നനച്ചു തണുപ്പിച്ചു ..അങ്ങനെ നല്ല സുഖമാണത് പക്ഷെ മഴയുടെ പെയ്തു നനയ്ക്കുമ്പോൾ അത് തീർന്നു പോകും എന്നോർക്കുന്നതു നല്ലതാണു..മഞ്ഞ വെയിൽ പോലെയുള്ള സൗഹൃദങ്ങൾ ഉണ്ട് ഇളം വെയിൽപോലെ ..ശുദ്ധമായതു..അതിനെ നെഞ്ചോട് ചേർത്തോളൂ സൂര്യതേജസ് നമ്മളെ ചതിക്കില്ല..ഇത്രയും വായിക്കുമ്പോൾ സ്വാഭാവികമായും വായനക്കാർക്ക് ഒരു സംശയം തോന്നും ഇത്ര ആധികാരികമായി പറയാൻ ഇവൾ ആരപ്പാ ...എന്റെ പൊന്നു സുർത്തുക്കളെ ഒരു പാട് മഴയും കാറ്റും വെയിലും കൊണ്ട് തളര്ന്നു പഠിച്ച പാഠങ്ങളാണ്അത് കൊണ്ട് സൗഹ്രദങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന മുറിവുകൾവേഗം ഉണങ്ങാൻ ഞാൻ ഒരു മൃതസഞ്ജീവനി പ്രയോഗിക്കും എന്താണെന്നോ അപ്പോൾ ഞാൻ എന്റെ പഴയ കാലത്തിലൂടെ വെറുതെ ഒന്ന് നടക്കും നടന്നു തീർത്ത വഴിത്താരകളിലൂടെ അങ്ങനെ ഇന്നലെ സഞ്ചരിച്ചപ്പോൾ കിട്ടിയ ഒരു മുത്താണ് അന്ന ..അന്നയെ ഞാൻ മറന്നതല്ല ഞങ്ങൾ വളരെ ദൂരത്തിലാണ് അന്നക്കു മൊബൈൽ ഫോണില്ല ആർക്കും കത്തെഴുതാനുള്ള അവകാശമില്ല അവൾക്കു കത്ത് വരുന്നത് അവളുടെഭർത്താവിന് ഇഷ്ടവുമില്ല
ഇനി അന്ന ...
ഡിഗ്രി പ്രവേശനത്തിനായി ഒരു മൂന്നു മാസത്തെ ആഇടവേളയിലാണ് ഞാൻ എന്റെ വീട്ടിൽ ആദ്യമായി കുറെ ദിവസം ഒന്നിച്ചു നിന്നതു. അതുവരെ ബോർഡിങ്ങിലായിരുന്നു...രാവിലെ ക്ഷേത്രത്തിൽ പോയി വരുമ്പോൾ ഒരു നീളൻ പാവാടക്കാരി അടുക്കളയുടെ ഭാഗത്തു നിൽപ്പുണ്ട്. കൈയിൽ പാത്രത്തിൽ പാലും ..'അമ്മ കുളിക്കുകയാണ് ..എന്ന് തോന്നുന്നു ..ഞാൻ ഒന്ന് സംശയിച്ചു .."ഇവിടുത്തേക്കുള്ള പാൽ ആണ് ഒഴിച്ചിട്ടു വേഗം പാത്രം തരൂ വേറെയും ഒന്ന് രണ്ടു വീട്ടിൽകൊടുക്കാനുണ്ട് "
ഞാൻ അത് വാങ്ങി ഒഴിച്ച് പത്രം കൊടുത്തു ..ഒന്നും പറയാൻ എന്തോ തോന്നിയില്ല സാധാരണ ഞാൻ അങ്ങനെ അല്ല ചരിത്രവും ഭൂമി ശാസ്ത്രവും പിന്നെ അല്പം കണക്കും കൂടി പറയിച്ചേ വിടൂ ..അതിനൊരു കരണമുണട് ..പാവടക്കാരിക്ക് എന്നേക്കാൾ കുറച്ചു പ്രായ കൂടുതൽ ഉണ്ടാവും ..പക്ഷേ അതല്ലായിരുന്നു യഥാർത്ഥ കാരണം അവളുടെ മുഖത്തിന് രണ്ടു ഭാഗത്തും വലിയ രണ്ടു കറുത്ത പാടുകൾ കാണാമായിരുന്നു പൊള്ളിയിട്ടെന്ന വണ്ണം തടിച്ച രണ്ടു പാട്..
അത് കണ്ടു ഞാൻ കുറച്ചു നേരം സ്തബ്ധയായി പോയി എന്നതാണ് നേര്. ഞാൻ അമ്മയോട് അവളെ കുറിച്ച് ചോദിച്ചു
"അന്ന എന്നാണ് പേര് പുഴക്ക് അക്കരെ ആണ് താമസം ..അവൾക്കു വസൂരി വന്നതാണ് ചെറുപ്പത്തിൽ ..മരിച്ചു എന്ന് കരുതി പായിൽ പൊതിഞ്ഞു പുഴയിൽ ഒഴുക്കൻ പോയതാണത്രേ ..അന്നൊക്കെ അങ്ങനെ ആണത്രേ ചെയ്യാറ് പുഴയിൽ ഒഴുക്കൻ പോയപ്പോൾ അവൾ അനങ്ങി അങ്ങനെ ആണ് ജീവനുണ്ട് എന്ന് തോന്നി എടുത്തതും ..ജീവിച്ചതും.
.കാക്കനാടൻ സാറിന്റെ വസൂരി എന്ന നോവലിൽ വസൂരിയുടെ ഭീകരമുഖം വായിച്ചതു ഓര്മ വന്നു..വസൂരി വന്ന ഒരാളെ ഞാൻ ആദ്യം കാണുകയാണ്..
അന്ന എന്നും വീട്ടിൽ വരുമ്പോൾ ഞാൻ അവൾക്കൊപ്പം പുഴക്കര വരെ നടന്നു പോകും ..അന്നയ്ക്ക് എത്ര നല്ല മുടിയാണെന്നോ മുട്ടു വരെ അതങ്ങനെ കറുത്ത് തഴച്ചു വളർന്നു കിടക്കും ..അതിമനോഹരമായ രൂപലാവണ്യം ആണ് അവൾക്കു.ഏതു വേഷവും ഭംഗി ആണ്. പതിഞ്ഞ ശബ്ദത്തിൽ അന്ന അവളുടെ അമ്മയെക്കുറിച്ചു അച്ഛനെ കുറിച്ചും അച്ചായനെ കുറിച്ചും അനിയനെ കുറിച്ചും ഒക്കെ പറയും എന്നെ വീട്ടിലേക്കു ക്ഷണിക്കും ,,ചില ദിവസങ്ങളിൽ കുറച്ചു ചാമ്പക്ക കരുതിയിട്ടുണ്ടാവും ചില ദിവസങ്ങളിൽ കൊപ്രയുടെ തുണ്ടുകളാവും ..അങ്ങനെ ക്രിസ്മസ് വന്നു ..."എന്റെ വീട്ടിൽ വരണം "അന്ന പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..എന്നെ മറ്റാരുടേം വീട്ടിൽ അച്ഛനോ അമ്മയോ വിടുമായിരുന്നില്ല..അതാണ് ശീലം ..പക്ഷേ ഇത് പറഞ്ഞപ്പോൾ അച്ഛൻ സമ്മതം തന്നു ..അങ്ങനെ ഞാൻ അന്നയുടെ വീട്ടിൽ പോയി .
പുഴക്കരയാണ് ആ വീട് അതിമനോഹരമായ വീട് ധാരാളം ചെടികൾ പൂക്കൾ ,കുറെ പശുക്കൾ ,ഒരു മിൽ ഉണ്ട് എണ്ണ ആട്ടുന്നതു..രണ്ടു വലിയ പട്ടികൾ ഉണ്ട് അത് മാത്രമേ എന്നെ പേടിപ്പിച്ചുള്ളു.താറാവ് കോഴി അങ്ങനെ ഇല്ലാത്തതു ഒന്നുമില്ല.അന്ന് പകൽ മുഴുവൻ ഒന്നിച്ചായിരുന്നു ഞങ്ങൾ...അന്ന കമ്പ്യൂട്ടർ പഠിക്കാൻ പോകുന്നുണ്ട് പകൽ.അച്ഛനോട് പറഞ്ഞു ഞാനും അന്നയ്‌ക്കൊപ്പം കൂടി....ഒരു ദിവസം പതിഞ്ഞ സ്വരത്തിൽ അന്ന പറഞ്ഞു "ഇന്ന് നമ്മുക്ക് ടൗണിൽ പോകണം ഒരാളെ കാണാൻ ഉണ്ട്"
വഴിയരികിൽ അന്ന ഒരാളെ കാത്തു നിന്നു ഞാൻ അല്പം മാറി നിന്നതേ ഉള്ളു ..അത് പ്രണയം ആണെന്ന് എനിക്ക് മനസ്സിലായിരുന്നു.ഒരു ചെറുപ്പക്കാരൻ അന്ന യുടെ അടുത്ത് വന്നു നിൽക്കുന്നതും അവർ സംസാരിക്കുകയും ചെയുന്നു എനിക്കാണേൽനെഞ്ചിടിച്ചിട്ടു ബോധം കേട്ടു താഴെ പോകുമെന്ന് തോന്നി..ഇവൾക്കിത്ര ധൈര്യമുണ്ടായിരുന്നോ ദൈവമേ?
അയാൾ വിനു ...കെഎസ്ആർടിസി യിലാണ് ജോലി ചെയുന്നത് .."ഹിന്ദു ആണോ?" ഞാൻ ഞെട്ടി
"അതെ"ശാന്തമായ ഉത്തരം
"കല്യാണം കഴിക്കുമോ?"
"കഴിക്കും"
"എന്താ ഇത്ര ഉറപ്പു?"
അവൾ എനിക്ക് ഒരു കത്ത് തന്നു ..
.ഇളം റോസ് നിറത്തിലെ കടലാസ്സിൽ നീല മഷി കൊണ്ട് എഴുതിയിരിക്കുകയാണ് എന്റെ ജീവിതത്തിൽ പിന്നീട് പല പ്രണയ ലേഖനങ്ങളും വായിക്കുകയും കൂലിക്കു എഴുതുകയും ചെയ്ത ഒരാൾ എന്ന നിലയിൽ ഞാൻ പറയുന്നു ഇത്രയും മനോഹരമായഒരു പ്രണയ ലേഖനം ഞാൻ വായിച്ചിട്ടില്ല ..ആ എഴുത്തു ആരു കണ്ടാലും കണ്ണും പൂട്ടി പ്രേമിക്കും ..എനിക്ക് സംശയം അതല്ല വിനു നല്ല സുന്ദരനായ യുവാവ് ആണ് ഇയാൾ ഇവളെ പറ്റിക്കുമോ?
അന്നക്കു അവനെ നല്ല വിശ്വാസമായിരുന്നു. എനിക്ക് തീരെ ഇല്ലായിരുന്നു താനും ..അയാളുടെ എഴുത്തുകൾ അയാൾ എഴുതുന്നതാണോ എന്ന് എനിക്ക് സംശയം തോന്നി തുടങ്ങി ..നമ്മുടെ മനസിന്റെ ഒരു തോന്നൽ ചിലപ്പോൾ ശെരി ആവും
ഒരു ദിവസം പതിവ് പോലെ ഞങ്ങൾ പതിവ് സ്ഥലത്തു ചെന്നു അന്നക്കു സുഖമില്ലായിരുന്നത് കൊണ്ട് ഒരു ആഴ്ചയോളം ഞങ്ങൾ ക്‌ളാസ്സിനു പോയിരുന്നില്ല
അയാൾ വന്നില്ല
ദിവസങ്ങൾ പലതായി
ഒരു ദിവസം അയാളുടെ ഓഫീസിൽ ചെന്ന് അന്വേഷിച്ചു
"വിനു നായർ ആണോ "/
നായർ ആണോ മേനോനാണോ ആർക്കറിയാം എന്നാലും മൂളി
"അയാളുടെ വിവാഹം ആയിരുന്നു ഇന്നലെ ലീവിലാ"
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അന്നയുടെ മുഖത്ത് നോക്കി അവളുട മുഖത്തു ഒരു ഭൂകമ്പമുണ്ടായിരിക്കുന്നു പക്ഷെ പെട്ടെന്ന് അവൾ എന്റെ കൈ പിടിച്ചിട്ടു പറഞ്ഞു " പോകാം "
ബസിൽ ഇരിക്കുമ്പോ ഞാൻ ആ കൈയിൽ പിടിച്ചു
"പറയാമാരുന്നു അല്ലെ അമ്മു?
ഇക്കുറി ആ ശബ്ദം ഇടറി
ഞാൻ ഇപ്പോൾ കരയും എന്ന മട്ടിൽ ആയി
"ഒരു വാക്ക് പറയാമായിരുന്നു "അവൾ തനിയെ പറഞ്ഞു
എനിക്ക് ഒന്നും പറയാൻ വന്നില്ല എന്ത് പറയും?
പിന്നീട് അന്ന പഴയതിലും മൂകയായി ..എന്റെ അവധി തീരാറായി അടുത്ത പഠനം ഹോസ്റ്റൽ ശരണം
"അമ്മു എന്നെ മറക്കുമല്ലേ പുതിയ കൂട്ടുകാരെ കിട്ടുമ്പോൾ"
"ഇല്ല "എന്ന വെറും വാക്ക് പറയാൻ തോന്നിയില്ല ...മറന്നേക്കുമാരിക്കും ജീവിതം അങ്ങനെ ആണ് എപ്പോളും പുതുമ തേടി പോകുന്ന മനസുണ്ട് നമുക്ക് ..
പക്ഷെ അന്നയെ എനിക്ക് മറക്കാൻ കഴിഞ്ഞില്ല ...ഒരു പാട് നല്ല കൂട്ടുകാർ എന്റെ ജീവിതത്തിലേക്ക് വന്നു അപ്പോളും അന്നയുടെ പതിഞ്ഞ ഒച്ച എന്റെ ഉള്ളിൽ മുഴങ്ങി കൊണ്ടിരുന്നു
അവൾ എന്ത് മായിക ശക്തി ആണ് എന്നിൽ കാട്ടിയത് എന്ന് എനിക്കിന്നും അറിയില്ല
അടുത്ത അവധിക്കു വരുമ്പോൾ അന്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു ...
വിവാഹത്തിന് അന്ന് എനിക്ക് പരീക്ഷ ആയിരുന്നു
പിന്നീട് ഞാൻ അന്നയെ കാണുന്നത് അന്നയുടെ അച്ഛൻ മരിച്ചപ്പോളാണ്
അന്ന ഒറ്റയ്ക്ക് കിട്ടിയപ്പോൾ എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു ..
."അമ്മു എനിക്കൊന്നു കാണാൻ എന്താഗ്രഹമായിരുന്നെന്നോ ഒരു കത്ത് പോലും അയച്ചില്ലല്ലോ ?
"ഞാൻ അയക്കാം 'അന്ന "ഞാൻ കുറ്റബോധത്തോടെ പറഞ്ഞു
അന്നയുടെ കണ്ണിൽ പേടി നിറഞ്ഞു
"വേണ്ട ഇനി വേണ്ട എന്റെ ഭർത്താവിന് അതൊന്നും ഇഷ്ടമല്ല ...എന്നെ അയാൾക്ക്‌ ഇഷ്ടമല്ല അമ്മു..കുറെ പണത്തിനു വേണ്ടി ആണ് ഈ വിവാഹം നടന്നത് ..എന്നെ അയാൾ പുറത്തു കൊണ്ട് പോവില്ല..നാണക്കേടാണ് എന്ന് പറയും." അവൾ കണ്ണീരു തുടച്ചു
..അമ്മു നമ്മൾ ഒന്നിച്ചു കണ്ട സിനിമകളെ ഞാൻ കണ്ടിട്ടുള്ളു ..പിന്നീട് ഇത് വരെ ഞാൻ ടീവിയിൽ പോലും ഒരു സിനിമ കണ്ടിട്ടില്ല ...അവൾ കണ്ണ് തുടച്ചു ചിരിക്കാൻ ശ്രേമിച്ചു
ഞാൻ അമ്പരന്നു നീക്കുകയാണ് കാരണം അന്ന ഇത്രയും സംസാരിച്ചു ഞാൻ കേട്ടിട്ടില്ല
"അമ്മു നീ സ്നേഹിച്ച പോലെ എന്നെ ആരും സ്നേഹിച്ചിട്ടില്ല ..നന്ദി ഉണ്ടുട്ടോ "
അവൾ എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഉമ്മ വെച്ചു
ഞാൻ എന്റെ വാക്ധോരണിയെല്ലാം നിലച്ച ഒരുനിമിഷമായിരുന്നു അത് പതിവ് പോലെ അവളെ ചേർത്ത് പിടിക്കാനോ ഉമ്മ കൊടുക്കണോ എനിക്ക് സാധിച്ചില്ല..
ഞാൻ നിസ്സഹായായി തീർന്നു ..അവൾക്കു കത്തെഴുതാൻ സാധിക്കില്ല ദൂരെ അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ എങ്ങനെ അറിയും ..അയാൾ അവളെ ഉപദ്രവിക്കാറുണ്ട് എന്ന് അവളുടെ ശരീരത്തിലെ പാടുകൾ എന്നോട് പറഞ്ഞു
ഞാൻ അവളെ സ്നേഹിച്ചിരുന്നു?അതെ അവളായിരുന്നു എന്റെ ആദ്യ സുഹൃത്ത് എല്ലാ അർത്ഥത്തിലും
ഇന്ന് ഒരു പാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും മനസിൽനിറദീപം പോലെ നിൽക്കുന്ന ഒരു മുഖമുണ്ട് അതെന്റെ അന്ന യുടെ മുഖമാണ്
കൂട്ടുകൾ ചിലപ്പോൾ എന്നെ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട്. ഹൃദയം നിറയെ സ്നേഹം കൊടുത്തിട്ടു ഒട്ടും തിരിച്ചു തരാതെ ചിലപ്പോൾ വാക്കുകൾ കൊണ്ട് കുത്തി മുറിവേല്പിച്ചിട്ടു ...ചിലപ്പോൾ ഒഴിവാക്കി നടന്നു മറഞ്ഞു .....അങ്ങനെ ..പക്ഷേ തളരാതെ ഞാൻ പിടിച്ചു നിൽക്കാറുണ്ട് എന്തെന്നോ ...ഒരു വെളിച്ചം ഉള്ളിൽ ഉണ്ട് ദൂരെ എവിടെയോ ഒരു ആളുണ്ട് നമുക്കു വേണ്ടി പ്രാർത്ഥിക്കാൻ നമ്മളെ ഓർക്കാൻ ..എന്നും കാണണ്ട മിണ്ടണ്ട
മനസിലുണ്ടായാൽ മതി ...പ്രാർത്ഥനയിലും, ...അതല്ലേ സ്നേഹം .

Ammu Santhu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot