Showing posts with label UnnyMadhavan. Show all posts
Showing posts with label UnnyMadhavan. Show all posts

ഗുലവാത്തിലെ താമരകൾ


ഉണ്ണി മാധവൻ-20/06/2019
-----------------പാടങ്ങൾക്കു നടുവിലൂടെ കുലുങ്ങിനീങ്ങുകയായിരുന്നു വണ്ടി. ജോലി നഗരത്തിലായിരുന്നുവെങ്കിലും അവിടുത്തെ താമസം മതിയാക്കി ഗുലവാത്തിലേക്ക് മാറിയിട്ട് അധികനാളുകളായിരുന്നില്ല. രൂപാന്തരംവരുത്തിയ ജിപ്സിവാനുകളിൽ ദിവസവും മുക്കാൽ മണിക്കൂർ നീളുന്ന യാത്ര.
ഒറ്റതിരിഞ്ഞ സീറ്റുകളിൽ ചാരിയിരുന്ന് ഞങ്ങൾ പരസ്പരം നോക്കിച്ചിരിക്കും.
"നിന്‍റെ മൂക്കുത്തിക്കെന്താണ് താമരയല്ലികളുടെ നിറം?!"
മറുപടിയായി അവൾ പുറത്തേക്ക് കൈ ചൂണ്ടി.
വെളിയിൽ നീണ്ടുനിവർന്നുകിടക്കുന്ന താമരപ്പാടങ്ങൾ.
ഉദിച്ചുയർന്നു വരുന്ന സൂര്യന്‍റെ രശ്മികളേറ്റ് തലകുലുക്കി നിൽക്കുന്ന താമരപ്പൂവുകൾ.
ഗുലവാത്തിൻ്റെ സ്വന്തം താമരകൾ!!.
അവ ഉയർത്തിവിട്ട പ്രണയപരാഗങ്ങൾ ഞാനറിഞ്ഞത് എപ്പോളാണ്?
വാരാന്ത്യങ്ങളിൽ കൈകോർത്തുപിടിച്ച്, വിടർന്ന താമരകൾ കൂമ്പിയണയുംവരെ ഞങ്ങൾ പാതയോരത്തിരിക്കും. പിന്നെ, സഞ്ചി നിറയെ താമരവിത്തുകൾ ശേഖരിച്ച് മടങ്ങും.
“എന്തിനാണ് ഇത്രയധികം?”
ആംഗ്യത്തിലൂടെ അവൾ ചോദിക്കുമ്പോൾ ഞാൻ കൈകൾ ആകാശത്തേക്കുയർത്തും.
"ദൂരേ, എന്‍റെ നാട്ടിൽ വീടിനോട് ചേർന്നുള്ള കൊച്ചുപാടത്ത് ഞാനിത് വിതയ്ക്കും. മൂക്കുത്തിയിൽനിന്നു നിന്‍റെ സുന്ദരമുഖം വിടരുന്നതുപോലേ, ഒരുനാൾ അവ മുളച്ചുപൊന്തിവിടർന്നാലോ?''
"പാഗൽ!"
ശബ്ദമില്ലാതെയൊരു വാക്ക് എന്നിലേക്കെറിഞ്ഞിട്ട് നെറ്റിയിൽ കൈകൊണ്ടടിച്ചവൾ മനോഹരമായി ചിരിച്ചപ്പോൾ ഞാൻ സ്നേഹത്തിൻ്റെ താമരവിത്തുകൾ വാരിവിതറി.
പ്രണയത്തിന്‍റെ ഉന്മാദയാനങ്ങളിൽ ഞങ്ങളലയുകയായിരുന്നു.
ഇഷ്ടമാണെന്ന് അവളുടെ കാതിൽ പറഞ്ഞപ്പോളെല്ലാം ഞാൻ കണ്ടു; മൂക്കൂത്തിയിൽ തിളങ്ങുന്ന താമരയല്ലികൾ.
ശബ്ദമില്ലാതെയവൾ സംസാരിക്കുമ്പോൾ, പ്രണയവീചികൾ വന്നാർത്തലച്ചത് എൻ്റെ ഹൃദയത്തിലായിരുന്നു;പ്രണയപൂർവ്വം അതലിഞ്ഞുചേർന്നത് എൻ്റെ സ്വപ്നങ്ങളിലായിരുന്നു.
അവിടെ, നിരവധി പ്രഭാതങ്ങളിൽ ഞങ്ങളെപ്പൊതിഞ്ഞ് ഒരായിരം താമരകൾ വിടർന്നുനിന്നു.
താമരവിത്തുകൾ നിറച്ച സഞ്ചി ഗുലവാത്തിലെ പഴയ വാടകവീട്ടിലാണെന്ന് ഞാനോർത്തത് അമ്മയുടെ സഞ്ചയനത്തിന്‍റെ പിറ്റേന്നാണ്. തിരക്കിനിടയിൽ എടുക്കാൻ മറന്നിരുന്നു.
തിരികെപ്പോക്ക്, അതെന്നാണെന്നു നിശ്ചയമുണ്ടായിരുന്നില്ല. ഒഴിഞ്ഞ പാടത്ത് വിതയ്ക്കാനൊന്നുമില്ലാതെ ഞാൻ നോക്കിനിന്നു.
ഗുലവാത്തിലെ മസ്‌ജിദിന്‍റെ മുന്നിലെ തെരുവിൽ മുനിഞ്ഞുകത്തുന്ന റാന്തൽവിളക്കുകൾ.
വിളവെടുത്ത താമരക്കൊഴുനിലങ്ങളിൽനിന്നെത്തിയ കാറ്റിന്‍റെ തണുപ്പിനെ പ്രതിരോധിച്ച, ചൂടുപകർന്ന ആലിംഗനങ്ങൾ.
മനസ്സിനുള്ളിൽ പണ്ടെങ്ങോ വിതച്ച പലതും നാമ്പെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ജീവിതം തന്ന ഓരോ പ്രഹരങ്ങളിലും ആടിയുലഞ്ഞു നീങ്ങുമ്പോൾ ഒപ്പമുണ്ടായിരുന്നത് കുറേ കടങ്ങളും, ഭാരിച്ച ഉത്തരവാദിത്തങ്ങളും മാത്രം..
നിറമില്ലാത്ത സ്വപ്‌നങ്ങൾ മാത്രം കാണാൻ ശീലിക്കുകയായിരുന്നു അക്കാലത്ത്.
വിദേശത്തെ ജോലി, വിവാഹം; അങ്ങനെ പലതും ജീവിതത്തിലേക്ക് കടന്നുവന്നു.
ഓർമ്മകൾക്കു മീതേ മറവിയുടെ നിഴൽ വീണത് എത്ര പെട്ടെന്നാണ്?!
സകുടുംബം അവധിക്കെത്തിയ നാളുകളിലെ ഒരു പുലർകാലത്താണ് ക്ഷേത്രത്തിലെ പ്രസാദത്തിനിടയിൽനിന്നു കിട്ടിയ താമരമൊട്ടുമായി ഭാര്യ എന്‍റെയടുത്തെത്തിയത്.
കൂമ്പിയുണങ്ങിയ ഒരു മൊട്ട്!!
"ഇത് നമുക്ക് കുഴിച്ചിട്ടാലോ ഉണ്ണിയേട്ടാ?” നിഷ്കളങ്കമായ ചോദ്യം.
അവളെയുംകൂട്ടി ഒഴിഞ്ഞപാടത്തിന്‍റെ കരയിലെത്തിയപ്പോൾക്കണ്ട കാഴ്ച!!
തിങ്ങിനിറഞ്ഞ പോളപ്പായലുകൾക്കിടയില്‍ ഒരു താമരപ്പൂവ്!!
"ഇവിടെയൊരു താമര!! .ഇതെപ്പോൾ മുളച്ചു?"
ആശ്ചര്യത്തോടെ നോക്കിനിന്നുപോയി.
"ഞാനിത് ഇവിടെയിടട്ടേ?”
വരമ്പിന്‍റെ ഓരത്തേക്ക് നീങ്ങിനിന്ന് അവൾ ചോദിച്ചു.
കൈയിൽ അമർത്തിപ്പിടിച്ചിരുന്ന കൂമ്പിയ മൊട്ടിനിടയിൽ മിനുസമാർന്ന താമരയല്ലികൾ.
വീട്ടിലേക്ക് തിരികെ നടക്കുമ്പോൾ ഞാൻ പിന്തിരിഞ്ഞുനോക്കി. വിതറിയ അല്ലികൾ മുളപൊട്ടി, ഒരു വർണ്ണവസന്തം അവിടെയുണ്ടാകുമെന്ന് അവള്‍ ആശിച്ചിട്ടുണ്ടാവാം.
ഗുലവാത്തിലെ കാറ്റിന്‍റെ ഗന്ധം മൂക്കിലേക്കടിച്ചു.
തൊട്ടുമുന്നിൽ ഭംഗിയുള്ള ചിരിയോടെ ഒരു മുഖം തെളിഞ്ഞു.
അവൾ!!.
അവളുടെ മൂക്കുത്തിക്കല്ലുകൾക്ക് ഇളം ചാരനിറം.
ലഹളയിൽ എരിയുന്ന വീടുകൾക്കിടയിലൂടെ പായുന്ന ദേഹങ്ങൾ!!
ചാരങ്ങൾക്കിടയിൽ മറഞ്ഞുകിടക്കാൻ ശ്രമിക്കുന്ന ഒരു മൂക്കൂത്തി!!!
ഉള്ളിൽ വേദനപടർത്തി ചിതറിത്തെറിച്ച താമരയല്ലികൾ കുടഞ്ഞെറിയാൻ കഴിഞ്ഞില്ല. കണ്ണുകൾ നിറയുന്നത് മറ്റുള്ളവർ അറിയാതെയിരിക്കാൻ പാടുപെട്ടു.
ഉച്ചതിരിഞ്ഞ് സ്റ്റേഷനിലെത്തി പൂരിപ്പിച്ച ഫോറം കൗണ്ടറിലേക്ക് നീട്ടി ഞാൻ പറഞ്ഞു: " ബുക്ക് എ ടിക്കറ്റ് ടു ഗുലാവത്ത്‌ പ്ളീസ്."
©ഉണ്ണി മാധവൻ-20/06/2019

ഉണ്ണി മാധവന്റെ ആഗയിലൂടെ ഒരു യാത്ര...

Image may contain: one or more people

നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഒരു വല്ലാത്ത കാലമാണ്.
അല്ലേ...
വൈറൽ ആകാൻ ഉള്ള ആഗ്രഹം നമ്മളിലെല്ലാം വളരെ കൂടിയ ലെവലിൽ അടങ്ങിയിരിക്കുന്നു.. അതിനായി ആരുടെ സ്വകാര്യതയിലേക്കും നമ്മൾ കടന്നുകയറും എന്നായിരിക്കുന്നു.. ഏത് സാഹചര്യവും ശരി തെറ്റുകൾ നോക്കാതെ നമ്മൾ കൈകാര്യം ചെയ്യും എന്നായിരിക്കുന്നു.. അങ്ങനെ കൈകാര്യം ചെയ്യപ്പെട്ട ഒരു മനുഷ്യന്റെ കഥയാണ് ഉണ്ണിമാധവന്റെ ആഗ എന്ന ചെറുകഥാ സമാഹാരത്തിലെ രണ്ടാമത്തെ കഥയായ ഹൈപ്പോ. മകന് വന്നുപെട്ട അപകടത്തിൽ എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള വല്ലാത്തൊരു വെപ്രാളത്തിൽ കയ്യിൽ പണമില്ലാതെ വലഞ്ഞു പോകുന്ന ഒരാൾ.. ആ സാഹചര്യത്തിൽ തന്റെ ജീവൻ നിലനിർത്താനായി ഒരു കുഞ്ഞിന്റെ ഭക്ഷണം കവർന്നു കഴിക്കാൻ ഇടയാകുന്നു.. പല സാഹചര്യങ്ങളിലൂടെ കടന്നുപോയ ശേഷം ഒടുവിൽ കിതച്ചു വലഞ്ഞ് ആശുപത്രിയിൽ അവന്റെ അരികിലെത്തുമ്പോൾ വൈറൽ ആക്കപ്പെട്ട ഒരു വീഡിയോയുടെ ഇരയാണ് താനെന്ന് അയാൾ തിരിച്ചറിയുന്നു...
ചങ്കു പൊട്ടിയല്ലാതെ ഹൈപ്പോ എന്ന കഥ നമുക്ക് വായിച്ചു തീർക്കാനാവില്ല...
ശ്രീ ഉണ്ണിമാധവന്റെ ആദ്യത്തെ ചെറുകഥാ സമാഹാരമാണ് ആഗ. വിവിധ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചുവന്ന കഥകളെല്ലാം കൂടി അതിമനോഹരമായി തുന്നി ചേർത്തിരിക്കുന്നു. പതിനെട്ട് കഥകളാണ് ഈ പുസ്തകം. ഓരോ ഷോർട്ട് ഫിലിമുകൾ കാണുന്നതുപോലെ ഓരോ കഥകളും നമ്മുടെ മുന്നിൽ വന്ന് ഓരോ സാഹചര്യങ്ങൾ അവതരിപ്പിച്ചിട്ട് പോകുന്നു..
നൂറ്റിയൻപത് രൂപ വില. നല്ലെഴുത്തിന്റെ പ്രകാശനം.
പുസ്തകം വായിച്ചു തീർക്കുമ്പോൾ വിസ്മയിപ്പിക്കുന്ന ഏറ്റവും പ്രധാന വസ്തുത ശ്രീ ഉണ്ണിമാധവൻ തന്റെ കഥകൾക്ക്‌ തിരഞ്ഞെടുക്കുന്ന പേരുകളാണ്.. പുസ്തകത്തിന്റെ പേരായ ആഗ തന്നെ ഉദാഹരണം.. പുസ്തകം വായിക്കാൻ ഏറ്റവുമധികം പ്രേരിപ്പിക്കുന്നത് ഈ പേര് തന്നെയാണെന്ന് നിസ്സംശയം പറയാം...
എന്തുകൊണ്ട് ആ പേര് എന്ന് അന്വേഷിച്ചു പോകുമ്പോൾ നമ്മുടെ കണ്ണിൽപ്പെടുന്ന ഒരു ചോദ്യമുണ്ട്.. എത്രയോ ആഗമാർ ചോദിക്കുന്ന ഒരു ചോദ്യം.. ഒരുപാട് പേർ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യം..
"അങ്കിൾ ഈ പ്രണയവും സ്നേഹവും ഒന്നു തന്നെയല്ലേ എന്നിട്ടും ഇത്ര തീവ്രമായ സ്നേഹം എന്താ വീട്ടിൽ ഉണ്ടാവാത്തത്?"
എത്രയോ കുഞ്ഞു പ്രണയങ്ങളുടെ നെഞ്ചുരുക്കങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ആത്മഹത്യകളും ഇനിയും ഉണ്ടാക തന്നെ ചെയ്യും... അല്ലെങ്കിൽ ഉണ്ടാകാതിരിക്കട്ടെ...
തുലാവർഷം എന്ന കഥയിൽ വായനക്കാരനെ പിടിച്ചിരുത്തുന്ന മറ്റൊരു കരവിരുതാണ് കാണുന്നത്... അരസികൻ ആയ ഒരു ഭർത്താവിനോടൊപ്പം ഉള്ള ഒരു ജീവിതം ഭാമയെ മടുപ്പിക്കുന്നുണ്ട്. എങ്കിലും വഞ്ചിക്കുവാൻ അവൾക്ക് ആഗ്രഹമില്ല. അവളെ ഏറ്റവും അധികം ഭ്രമിപ്പിക്കുന്ന, അവളുടെ നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളെ തിരികെ എത്തിക്കുന്ന, ഒരു മഴയിൽ അവളോടൊപ്പം കൂടിയ ഒരു ഗന്ധർവനൊപ്പം അവൾ അവളുടെ സന്തോഷങ്ങളെ തിരികെ എത്തിക്കുന്നു...
മഴയുടെ ഭംഗിയോടൊപ്പം ഭാമയുടെ വികാര വിചാരങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും തുലാവർഷം നമുക്കു മുന്നിൽ മനോഹരമായി ചിത്രീകരിക്കുന്നുണ്ട്...
നാലുമണി പൂവ് എന്ന കഥയിൽ നമ്മുടെ കണ്ണുകൾ ഉടക്കുക കൃത്യം നാലുമണിക്ക് എന്നും പൂക്കുന്ന നാലുമണി പൂക്കളുടെ ഭംഗിയാണ്. ദിനമെന്നോണം മിണ്ടിയിരുന്നവൾ അകലെ നിന്നാണെങ്കിലും, കാണാതെ യാണെങ്കിലും, പ്രണയം ജ്വലിപ്പിച്ചവൾ ജീവിതത്തിൽ ഇനി ഇല്ലെന്ന തിരിച്ചറിവാണ് ഈ കൊച്ചു കഥ.
ഒരു മഴയിലൂടെ തന്നെയാണ് ദിയ ഉണ്ണിയുടെ ജീവിതത്തിലേക്ക് വരുന്നത്. മെസ്സേജ് ടൈപ്പിംഗ് എന്ന ഒരു പ്രതീക്ഷയായി അവൾ അവസാനിക്കുകയും ചെയ്യുന്നു. ഇക്കാലഘട്ടത്തിലെ നേർസാക്ഷ്യം. എത്രയോ ഫേസ്ബുക്ക് സൗഹൃദങ്ങളുടെ ആടി പഴകിയ കഥ.
നിസ്സഹായതയുടെ ആകെത്തുകയാണ് ഫാവർ - ല്യൂബ എന്ന കഥ. ജീവിതത്തിലെ കടുത്ത യാഥാർത്ഥ്യങ്ങൾ ക്കിടയിൽ അവഗണിക്കപ്പെട്ടു പോകുന്ന ഒരു പച്ച മനുഷ്യന്റെ ചിന്തകളാണ് ഈ കഥയിൽ വിവരിക്കുന്നത്. അമ്മ-മകൻ കഥകൾ ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും അമ്മയുടെ മൃതദേഹം മാറോടമർത്തി മേഘങ്ങളിലേക്ക് കാലെടുത്തുവച്ച് മുന്നോട്ടുതന്നെ പോകുന്ന നിസ്സഹായനായ ആ മകൻ നമ്മുടെ ഹൃദയത്തിൽ അവശേഷിക്കുന്ന അല്പം മനുഷ്യത്വത്തെ തൊട്ടുണർത്താതെ പോകില്ല.. രചനയുടെ ഭംഗി അവസാന നിമിഷങ്ങളിൽ കാറ്റിന്റെ ചൂളംവിളിക്കൊപ്പം അയാളുടെ ചെവിയിൽ പതിക്കുന്ന ഫാവർ - ല്യൂബ വാച്ചിന്റെ ശബ്ദത്തോടൊപ്പം നമ്മുടെ മനസ്സിനെ വല്ലാതെ ഭ്രമിപ്പിക്കും...
ചിതറിത്തെറിച്ച് കിടക്കുന്ന മാംസക്കഷണങ്ങൾക്കിടയിൽ പല കഷണങ്ങളായ മൊബൈൽഫോണിലേക്ക് അവസാന പ്രതീക്ഷ എന്നോണം വിളിക്കുന്ന നീല ചുരിദാർ ഇട്ട പെൺകുട്ടിയെ നമ്മൾ എന്ത് പറഞ്ഞ് മനസ്സിൽ നിന്ന് ഇറക്കി വിടും?
മഴയോ മരണമോ ഏതാണ് ഉണ്ണി മാധവന്റെ കഥകളിലെ ഏറ്റവും പ്രധാനപ്പെട്ട ബിംബം എന്ന് വേർതിരിച്ചറിയാൻ ആവില്ല... ഒരുപക്ഷേ ആഗയിലെ മിക്ക കഥകളും തന്നെ സാധാരണ ബുദ്ധിക്ക് പുറത്തുനിന്നാണ് വായിക്കേണ്ടത് എന്ന് നിസ്സംശയം പറയാം. മറ്റു ചിലവ ജീവിതത്തിന്റെ നേർസാക്ഷ്യവും... വായനയുടെ മൂഡും മാനസികാവസ്ഥകളും മാറിവരും.. എങ്കിലും ഒറ്റയിരിപ്പിൽ വായിച്ചു തീർക്കുമ്പോൾ നോവിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന ഓരോ കഥകളും മനസ്സിൽ അവശേഷിപ്പിക്കുക കടുത്ത വിഷാദം തന്നെയായിരിക്കും..
ഓരോ വിഷാദങ്ങളെയും സ്വയം വിശകലനം ചെയ്തു അതിനെല്ലാം പരിഹാരം കണ്ടെത്താനുള്ള ചുമതല വായനക്കാരനിലേക്ക് ഏല്പിച്ചു കൊടുക്കുകയാണ് ഉണ്ണിമാധവൻ ഈ കഥാസമാഹാരത്തിലൂടെ..
അതുകൊണ്ടുതന്നെ ഓരോ വായനയും അതീവ ഹൃദ്യവും വ്യത്യസ്തവും ആയി മാറുന്നു...
അതുതന്നെയാണ് ആഗയുടെ ഭംഗിയും....
രാജീവ് പണിക്കർ.

മെട്രോ (ഒരു ആസ്വാദനം)

No automatic alt text available.


ശ്രീ. ഉണ്ണി മാധവൻ. ( Unni Madhavan)
കാത്തിരിപ്പിന് ഒരു സുഖമുണ്ട്. എന്നാൽ യാത്രയ്ക്കൊരുങ്ങിയിട്ട് ട്രെയിൻ വൈകുമ്പോഴുള്ള കാത്തിരിപ്പ് അത്ര സുഖമുള്ളതാവില്ല. കഴിഞ്ഞ ഒരാഴ്ചയായി ഞാനും അത്തരമൊരു കാത്തിരിപ്പിലായിരുന്നു. കലാകൗമുദി പ്രസിദ്ധീകരണമായ കഥാ മാഗസിന്റെ സെപ്റ്റംബർ ലക്കത്തിനായുള്ള കാത്തിരിപ്പ്..
ക്ഷമയെ കൂടുതൽ പരീക്ഷണത്തിന് വിടാതെ ഇന്നലെ മാഗസിൻ കയ്യിൽ കിട്ടി..
ഇഷ്ടപ്പെട്ട കളിപ്പാട്ടം കയ്യിൽ കിട്ടിയ കൊച്ചു കുട്ടിയുടെ ആവേശത്തോടെ, തിടുക്കത്തിൽ പേജുകൾ മറിച്ചു നാൽപ്പത്തി രണ്ടാമത്തെ പേജിൽ എത്തിച്ചേർന്നു.. ഉണ്ണിമാധവൻ സാറിന്റെ "മെട്രോ" ആ പേജിലായിരുന്നു.. വീണ്ടും വായനയ്ക്ക് പ്രേരിപ്പിക്കുന്ന എന്തൊക്കെയോ നൽകിയത് വ്യത്യസ്തമായ വായനാനുഭവമായിരുന്നു. ഇത്ര മനോഹരമായ വായന നൽകിയ സംതൃപ്തി പങ്കുവെക്കപ്പെടാതെ പോകുന്നത് ശരിയല്ല എന്നൊരു തോന്നൽ..
ഒരു കഥാകൃത്തും അയാളുടെ കഥാപാത്രവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് മെട്രോ. സ്വപ്നനോവലിലെ കഥാപാത്രത്തെ തേടിയിറങ്ങുന്ന കഥാകൃത്ത്, ജോൺ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയും, മൂന്ന് വർഷങ്ങൾ കൊണ്ട് നോവൽ പതിമൂന്ന് അധ്യായങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോൾ കഥാകൃത്തിനോട് പിണങ്ങി ജോൺ പോവുകയും ചെയ്യുന്നു. വിഷമാവസ്ഥയിലായ കഥാകൃത്ത് ജോണിനെ തേടിയിറങ്ങുമ്പോൾ ഒരു സാധാരണ ഇടത്തരം കുടുംബത്തിലെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിക്കുന്ന കഥാപാത്രം കുത്തനെ ഉയർന്ന ജീവിതച്ചിലവുകളിൽ പിടിച്ചു നിക്കാനാകാതെ കഷ്ടപ്പെടുന്നതാണ് കാണുന്നത്.. തന്റെ കഥാപാത്രത്തിന്റെ വിഷമാവസ്ഥയിൽ സങ്കടപ്പെടുന്നുണ്ടെങ്കിലും നോവലിസ്റ്റെന്ന നിലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനവും ജനസമ്മതിയും ജോണിനെ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് തള്ളി വിടാൻ കഥാകൃത്തിനെ നിർബന്ധിതനാകുന്നു. പിന്നെയും ബുദ്ധിമുട്ടുകൾ അലട്ടുന്ന ജോണിനെ കാർ വിറ്റ്, സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാൻ കഥാകൃത്ത് പ്രേരിപ്പിക്കുന്നു. പിന്നീട് അദ്ദേഹം ജോണിനെ കാണുമ്പോൾ സ്റ്റോക്ക് മാർക്കറ്റിലെ ക്രാഷ് മൂലം കടുത്ത സാമ്പത്തിക ബാധ്യതയിൽ അകപ്പെട്ടിരിക്കുന്നതായി അറിയുന്നു. ഓഫീസിൽ നിന്നും മാനേജർ അറിയാതെ അൻപത് ലക്ഷം രൂപ മോഷ്ടിച്ച ജോണിന്റെ നിസ്സഹായവസ്ഥയിൽ കഥാകൃത്ത് വിഷമിക്കുകയാണ്.. പിന്നീട് കഥാകൃത്തിനെയും കൂട്ടി ജോൺ മെട്രോയിൽ കയറി യാത്ര തിരിക്കുന്നു. ആ യാത്രയ്ക്കിടയിൽ കഥാകൃത്ത് ചിന്തിക്കുന്നത് കഥാപാത്രം ആത്മഹത്യ ചെയ്യുമോ എന്നാണ്. മെട്രോയിൽ ഡ്രൈവറുടെ ക്യാബിനിൽ നിന്നും ഒരു അനക്കം കേട്ട് ചെന്നു നോക്കുന്ന കഥാകൃത്ത് കാണുന്നത് ഡ്രൈവറെ ആക്രമിച്ചു വകവരുത്തിയിരിക്കുന്നതാണ്. പിന്നീട് ആ മെട്രോയിൽ യാത്ര ചെയ്തിരുന്ന ഓരോരുത്തരെയുമായി വക വരുത്തുന്ന ജോൺ അവസാനം മെട്രോയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നു. ജോൺ നൽകിയ ആത്മഹത്യാക്കുറിപ്പ് തുറന്ന് നോക്കുന്ന കഥാകൃത്ത് കാണുന്നത് വെറുമൊരു വെള്ളപേപ്പറാണ്. ഈ കൊലപാതകങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദി എന്നറിയുന്ന കഥാകൃത്ത് പേനയെടുത്തു സ്വന്തം ആത്മഹത്യാക്കുറിപ്പ് എഴുതി തുടങ്ങുന്നതോടെ കഥ അവസാനിക്കുന്നു..
ഒരുപാട് തലത്തിൽ വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു കഥയാണ് മെട്രോ.
കഥാപാത്രത്തെ തീവ്രമായി ഉൾക്കൊണ്ടാണ് ഓരോ പാത്രസൃഷ്ടിയും നടക്കുന്നത്. ഒരുവേള കഥാപാത്രവും സൃഷ്ടാവും ഒന്നായി തീരുന്നു. ഇവിടെ കഥ തുടങ്ങുന്നത്, കഥാകാരനിൽ നിന്നും പിണങ്ങിപ്പോകുന്ന കഥാപാത്രത്തോടെയാണ്. ഇത്രനാളും സൃഷ്ടാവിന്റെ തൂലികയിൽ പറ്റിച്ചേർന്നിരുന്ന കഥാപാത്രം പെട്ടന്ന് സ്വാതന്ത്രനാകുന്നത് ഇഷ്ടപ്പെടാതെ, നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന എഴുത്തുകാരൻ വരച്ചു കാണിക്കുന്നത് ആശയ ദൗർലഭ്യമാകാം. അല്ലങ്കിൽ കഥയുടെ മുമ്പോട്ടുള്ള പ്രയാണം നേരിടുന്ന തടസ്സമാകാം.
ഇടത്തരം മലയാളി കുടുംബത്തിലെ പ്രശ്നങ്ങളും സ്വപ്നങ്ങളും ഒരു കഥയ്ക്കുള്ളിലെ കഥയായി വിവരിക്കുന്നതിനൊപ്പം സൂഷ്മമായി കോറിയിട്ട മറ്റൊരുപാട് തലങ്ങൾ "മെട്രോ"എന്ന ചെറുകഥയിൽ ഒളിപ്പിക്കാൻ ശ്രീ. ഉണ്ണിമാധവൻ എന്ന പ്രതിഭയ്ക്ക് കഴിഞ്ഞിരിക്കുന്നു. വായനക്കാർക്ക് ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന ഈ കഥ ഒരു ചെറുകഥ പിന്തുടരുന്ന ചട്ടക്കൂടുകളിൽ നിന്നും ഏറെക്കുറെ സ്വാതന്ത്ര്യമാണ്. വ്യാഖ്യാനത്തെ സ്വതന്ത്രതലത്തിൽ വീക്ഷിക്കാൻ സഹായിക്കുന്ന കുറച്ചേറെ സൂചകങ്ങൾ കഥയിൽ ഉടനീളം ചിതറിക്കിടക്കുന്നുണ്ട്.
പേരിടാത്ത പ്രധാനകഥാപാത്രമായി വരുന്നത് എഴുത്തുകാരൻ തന്നെയാണ്. ഉത്തമപുരുഷാഖ്യാനത്തിൽ പറയുന്ന കഥയിൽ രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ തീവ്രത വിവരിക്കുന്നു. പെയ്ഡ് സ്റ്റോറി എഴുതുന്ന ഒരാൾക്ക് സർഗ്ഗവാസനയെക്കാൾ നിലനിൽപ്പാണ് പ്രധാനം. അതിസങ്കീർണ്ണമായ ജീവിതക്കാഴ്ചകളുടെ നേർചിത്രങ്ങൾ അതേ തീവ്രതയോടെ വിവരിക്കപ്പെടുന്ന ഭാഗങ്ങളിലൊന്നാണ്, ആരെയും അനായാസം ജീവിക്കാൻ അനുവദിക്കാത്ത സാഡിസ്റ്റ് ചിന്താഗതിയുള്ള എഴുത്തുകാരന്റെ കുറ്റബോധത്തോടെയുള്ള ഏറ്റുപറച്ചിൽ. ഈ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് മറ്റുള്ളവരുടെ ജീവിതം കച്ചവടക്കണ്ണോടെ എറിഞ്ഞു കൊടുക്കുന്ന എഴുത്തുകാർ ലക്ഷ്യം വെക്കുന്നത് വ്യക്തിപരമായി അവർക്ക് കിട്ടുന്ന നേട്ടങ്ങളിൽ മാത്രമാണ്. നൊടിയിടയിൽ രൂപം മാറിക്കൊണ്ടിരിക്കുന്ന നഗരച്ചിത്രവും,അതേ നഗരത്തിന്റെ ചതുർമാന സജ്ജീകരണങ്ങളിലെ ആകസ്മിതകളുടെ ചാലുകൾ സൃഷ്ടിക്കപ്പെടുന്നതും ഏതോ മൂലകളിലേക്ക് ഒതുക്കി നിർത്തുവാൻ താല്പര്യപ്പെടുന്നത് പോലെയുള്ള നഗരവികസനവും ഒക്കെ നോവലിൽ സംഭവിക്കുന്ന ഗതിമാറ്റത്തിന്റെയും കഥയിലെ നോവലിസ്റ്റിന്റെ ചിന്തകളുടെയും ദൃഷ്ടാന്തങ്ങളാണ്.
ചൂളം വിളികൾക്കനുസരിച്ചു ജീവിതം ക്രമീകരിക്കാൻ മത്സരിച്ചു കൊണ്ടിരിക്കുന്ന നഗരവാസികൾ, ജീവിതഭാരങ്ങളുടെ കണക്കെടുപ്പിൽ സർഗ്ഗവാസനയെ പണയപ്പെടുത്തി, കഥാപാത്രത്തെ കൂടുതൽ സങ്കീർണ്ണ പ്രശ്നങ്ങളിലേക്ക് വിടാൻ നിർബന്ധിതനാകുന്ന കഥാകൃത്തിലേക്കുള്ള വഴിയാണ്. കഥയുടെ അവസാന ഭാഗത്തേക്ക് വരുമ്പോൾ , കഥാപാത്രം ആത്മഹത്യ ചെയ്യുമോ എന്ന് ഭയക്കുന്ന നോവലിസ്റ്റ് ധീരനായ നായകനെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാലവസാനം ആത്മഹത്യയിൽ അഭയം തേടുന്ന ജോൺ
എന്ന കഥാപാത്രം, സൃഷ്ടികർത്താവിന്റെ കല്പിതമതിൽകെട്ട് സ്വയം തകർക്കുകയാണ്.
മൃതുദേഹങ്ങൾ....
മൂന്ന് ബോഗികൾ...
ഒരു യാത്രക്കാരൻ...
ഈ കൊലപാതകങ്ങൾക്ക് ഒരേയൊരു കാരണം താനാണെന്ന് തെറ്റിദ്ധരിക്കപ്പെടുമെന്ന് ഭയക്കുന്ന എഴുത്തുകാരൻ,
കഥാപാത്രവുമായുള്ള ബന്ധം സ്വയം അവസാനിപ്പിച്ചു സ്വാതന്ത്രനാകാൻ ആഗ്രഹിക്കുന്നുണ്ട്. നോവലിസ്റ്റ്, എഴുത്തുകാരൻ എന്ന ലേബലിൽ നിന്നും പുറത്തുകടക്കുകയാണ് ഒരു ആത്മഹത്യാക്കുറിപ്പിലൂടെ പിന്നീട് അദ്ദേഹം.
അതിൽ നിന്നും ഇനിയൊരിക്കലും വ്യക്തിപരമായ നേട്ടങ്ങൾക്ക് അക്ഷരങ്ങളെ ബലി നൽകില്ലെന്ന് തീരുമാനിച്ചിരുന്നു എന്ന് തോന്നുന്നു. മറ്റൊരാളുടെ ജീവിതം സ്വന്തം അഭിരുചിക്കനുസരിച്ചു കച്ചവടക്കണ്ണോടെ വളച്ചൊടിക്കുന്നവർക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കഥ.
വികസനം കൊണ്ടുവരുന്ന മാറ്റങ്ങളും ആ മാറ്റങ്ങളിലേക്കുള്ള യാത്രയും സ്വാഭാവികതയോടെ വായനക്കാരിൽ അനുഭവിപ്പിക്കുന്നതിൽ ശ്രീ. ഉണ്ണിമാധവൻ എന്ന തൂലികയ്ക്ക് ലളിതമായ ഭാഷയിൽ കഴിഞ്ഞിരിക്കുന്നു. ഈ കഥയിലെവിടെയും നമ്മളിൽ ഓരോരുത്തരെയും കണ്ടുമുട്ടുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത. എഴുത്തുകാരന്റെ ആത്മസംഘർഷങ്ങളും, സാധാരണ മിഡിൽ ക്ലാസ്സ് കുടുംബത്തിന്റെ പ്രശ്നങ്ങളും, നഗരജീവിതത്തിന്റെ നേർകാഴ്ചകളും, യാഥാർഥ്യവും മിഥ്യയും ഇടകലർത്തി പറഞ്ഞിരിക്കുന്ന ഈ കഥ എഴുത്തുകാർക്ക് ഉണ്ടാവേണ്ടുന്ന സാമൂഹിക പ്രതിബദ്ധതയ്ക്ക് ഒരു ചൂണ്ടുപലക കൂടിയാണ്.
ഈ കുറിപ്പിന് അല്പം നീളം കൂടുതലായെന്നു കരുതുന്നുവെങ്കിൽ ഈ കഥ വായിച്ചാൽ അങ്ങിനെ തോന്നില്ലന്ന് വിനയത്തോടെ അറിയിക്കട്ടെ. വായിക്കുംതോറും ആഴത്തിൽ വലിച്ചടുപ്പിക്കുന്ന ഒരു ചുഴിയും, എഴുത്തിനെ ഗൗരവമായി സമീപിക്കുന്നവർക്കൊരു പാഠപുസ്തകവുമാണ് ഈ ചെറുകഥ. പുനർവായന നൽകുന്ന വ്യത്യസ്ത അനുഭവം മറ്റൊരു നേട്ടമാണ്. ഇത്തരമൊരു വ്യത്യസ്തവും മനോഹരവുമായ വായന നമുക്ക് നൽകിയതിൽ അക്ഷരങ്ങളുടെ വന്മരത്തിനോട്, നമ്മുടെ ഉണ്ണിമാഷിനോട്,നന്ദിയോടെ, ആശംസകളോടെ,പ്രാർത്ഥനകളോടെ...
അശ്വതി അരുൺ
20 sep 2018

ശ്രീ ഉണ്ണി മാധവന്റെ കഥ -വ്രതം, ഒരാസ്വാദനം

Image may contain: 2 people, people smiling, text

മനുഷ്യരുടെ കാര്യത്തിൽ എന്ന പോലെ അമ്പലങ്ങളുടെ കാര്യത്തിലും ഉണ്ട് ഉച്ച നീചത്വങ്ങൾ. ചിലയിടങ്ങളിൽ നിലയ്ക്കാത്ത ഭക്ത ജന പ്രവാഹവും കനത്ത വരുമാനവും.മേമ്പൊടിയായി അമ്പലത്തിന്റെ ശ്രേഷ്ഠത വാഴ്ത്തുന്ന ദിവ്യാത്ഭുത കഥകളും.
എന്നാൽ ചില അമ്പലങ്ങളിൽ തീയും തിരിയും ഇല്ലാത്ത, ആളനക്കമില്ലാത്ത അവസ്ഥയും.അവിടെ വിരലിൽ എണ്ണാവുന്ന ഭക്തരും പൂജാരിയും പ്രതിഷ്ഠയും മാത്രം.
അത്തരം ഒരു അമ്പലത്തിലെ ശാന്തിക്കാരനാണ് നായകനായ അയാൾ.
ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും മുഴുകി ജീവിക്കുന്നവൻ.
അത്തരം അവസ്ഥകളിൽ,ഏകാന്തതകളിൽ പൂജാരിയും ദൈവവും തമ്മിൽ ഗാഢമായ ഒരു ആത്മ ബന്ധം രൂപപ്പെടുന്നു.
അങ്ങനെയായിരിക്കണം
അയാൾക്ക്‌ കുഞ്ഞീഷ്ണൻ എന്ന ഭഗവാൻ ശ്രീ കൃഷ്ണൻ ഒരു യഥാർത്ഥ സാന്നിധ്യം തന്നെയായി അനുഭവപ്പെട്ടിരുന്നത്. ചുരുങ്ങിയ വരികളിലൂടെ ആ ആത്മ ബന്ധം കഥാകൃത്ത് നമ്മെ ബോധ്യപ്പെടുത്തുന്നു.
ഭഗവാന്, അദ്ദേഹവും പ്രിയപ്പെട്ടവനായിരുന്നു.
അതുകൊണ്ടാണല്ലോ വിശ്വ മോഹനമായ ആ കള്ളച്ചിരി അയാൾക്ക്‌ മാത്രം ഭഗവാൻ നൽകിയിരുന്നത്.
തനിക്കു പ്രിയപ്പെട്ടവരെ ദാരിദ്ര്യം അനുഭവിപ്പിക്കുക എന്നത് ഭഗവാന്റെ പ്രഖ്യാപിത നയമാണ്. ഭക്തരുടെ ആത്മീയമായ ഉയർച്ചയാണ് ഭഗവാന്റെ ലക്ഷ്യം. അവരുടെ ഭൗതികമായ ഉയർച്ചയല്ല.അതാണ് ഭക്തിയുടെ ലക്ഷ്യം. ഈ വിലപ്പെട്ട പാഠങ്ങളും ഈ കഥയിൽ വരികൾക്കിടയിൽ വായിക്കാവുന്ന വിധത്തിൽ കഥാകാരൻ ഇണക്കിച്ചേർത്തിരിക്കുന്നു. വായനക്കാരുടെ വിജ്ഞാന വിപുലീകരണവും എഴുത്തുകാരന്റെ ഉത്തരവാദിത്തമാണല്ലോ.
വീടിന്റെ ജപ്തി ഭീഷണി നേരിടുന്ന അയാൾ
അതി സമ്പന്നരായ ഭാര്യ വീട്ടുകാരോട് സഹായം ചോദിച്ചു ചെല്ലുന്നു.
"ഇവിടെ പണമുണ്ടാക്കുന്ന യന്ത്രമൊന്നും ഇല്ലെന്ന" മറുപടിയോടൊപ്പം ശാന്തിക്കാരന് അവിടെ നിന്ന് വേളി കൊടുത്തത് അബദ്ധമായെന്ന കുത്തുവാക്കുകളും പറഞ്ഞു കൊണ്ട്
അയാളെ അധിക്ഷേപിച്ചു വിടുന്നു.
ജ്യോതിഷം പഠിച്ചു കൂടുതൽ വരുമാനം നേടുവാനും അവർ അയാളെ ഉപദേശിക്കുന്നുണ്ട്.
ആളുകളെ പറ്റിക്കുന്ന പരിപാടിക്ക് താനില്ലെന്ന് അയാൾ തീരുമാനിക്കുന്നു.
എത്ര കഠിനമായ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിലും, പട്ടിണിയാണെങ്കിലും
ശുദ്ധ ഹൃദയർക്കു അത്‌ സാധിക്കുകയില്ല,മനസ്സ് വരികയുമില്ല.
അതേ സമയം ഉള്ളവന് എത്രകിട്ടിയാലും
തികയില്ല,തൃപ്തിയാവുകയുമില്ല
എന്ന സത്യം ഈ രംഗങ്ങളിലൂടെ കഥാകാരൻ തുറന്നു കാട്ടുന്നു. ഉള്ളവന്റെ ആർഭാടവും അത്യാഗ്രഹവും നിറഞ്ഞ ഈ ലോകത്ത് ഇല്ലാത്തവന്റെ സങ്കടങ്ങൾക്കു എന്നും പുല്ലുവിലയാണല്ലോ...
സിനിമ കാണുവാനുള്ള മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കുവാൻ പണത്തിനായി പോക്കറ്റിലും മേശ വലിപ്പിലും തപ്പി നോക്കുന്ന രംഗം,വിലകുറഞ്ഞ സോപ്പ് ഉപയോഗിക്കുന്നത് കൊണ്ട് വിണ്ടു കീറിയ കൈവെള്ളകളിൽ സ്നേഹപൂർവ്വം ഒന്നമർത്തുമ്പോൾ അയാളുടെ ഭാര്യ വേദനയോടെ കൈ വലിക്കുന്ന രംഗം എന്നിവയൊക്കെ വളരെ വേദനാജനകമായ വികാരങ്ങൾ വായനക്കാരനിൽ ഉണർത്തിവിടുന്നുണ്ട്.
പിന്നീട് സിനിമ കണ്ടു കൊണ്ടിരിക്കേ,സിനിമയിലെ സംഘർഷത്തേക്കാൾ വലിയ സംഘർഷം അയാൾ മനസ്സിൽ അനുഭവിക്കുന്നു.
സിനിമയുടെ ഇടവേളയിൽ മക്കൾ കഴിക്കാനെന്തെങ്കിലും ചോദിച്ചാലോ,എന്നതായിരുന്നു ആ സംഘർഷത്തിനു കാരണം. സിനിമ കണ്ടു പുറത്തിറങ്ങിയപ്പോൾ മസാല ദോശയും വടയും കഴിക്കാൻ മകൾ ആഗ്രഹം പ്രകടിപ്പിക്കുന്നു. സന്ദർഭത്തിനൊത്തുയർന്നു കൊണ്ട് വ്രതം ഉള്ളത് ഓർമയില്ലേ എന്ന് അമ്മ കുട്ടിയോട് ചോദിക്കുന്നു. ഭാര്യയുടെ കണ്ണുകളെ അഭിമുഖീകരിക്കുവാനുള്ള
ശക്തിയില്ലാതെ ആ മുഖത്തേക്ക് അയാൾ പാളി നോക്കുന്നു. അവിടെ അയാൾ സങ്കടങ്ങൾ മാത്രം ദർശിക്കുന്നു.
തൊഴാൻ വരുന്നവരെ നോക്കിക്കൊണ്ട് എന്റെ കൃഷ്ണ നിനക്കവരുടെ പ്രശ്നങ്ങൾ ഒന്ന് തീർത്തു കൊടുത്തു കൂടെ... എന്ന് അയാൾ എന്നും ചോദിക്കാറുണ്ടായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കുഞ്ഞികൃഷ്ണൻ വന്ന് അയാളെയും കുടുംബത്തെയും സങ്കടങ്ങൾ ഇല്ലാത്ത ലോകത്തേക്ക്
കൂട്ടിക്കൊണ്ട് പോകുന്നു.
സമൂഹത്തിൽ അതിജീവനത്തിനായി പൊരുതുന്ന സാധാരണക്കാരന്റെ,പച്ച മനുഷ്യന്റെ കഷ്ടപ്പാടുകളുടെ കാഴ്ചകളിലൂടെയുള്ള ഒരു വലിയ യാത്ര തന്നെയാണ് ഈ കഥയിലൂടെ ശ്രീ Unni Madhavan നടത്തുന്നത്.
വ്രതം എന്ന ഈ ചെറിയ കഥയിലെ
വരികളിലൂടെ,നാം കാണേണ്ടതും അറിയേണ്ടതുമായ കാഴ്ചകളിലേക്ക് ഒരു വലിയ ജാലകം തന്നെ തുറന്നിട്ടിരിക്കുകയാണ് കഥാകൃത്ത് ചെയ്തിരിക്കുന്നത്.
ഓൺലൈൻ എഴുത്തുകാരിലും എഴുതാനറിയുന്നവർ ഉണ്ടെന്നു ലോകം അറിയട്ടെ...
´´´´´´´´´´´´´´´´
സായ് ശങ്കർ, തൃശ്ശൂർ
°°°°°°°°°°°°°°°°°°°°°°°°°
കലാകൗമുദി യുടെ കഥ മാസിക, ജനുവരി ലക്കം, Page 26 ൽ വായിക്കുക ശ്രീ Unni Madhavan ന്റെ കഥ -വ്രതം.
======================

==="കഥ" - നാം കാത്തിരുന്ന വിപ്ലവം====


==="കഥ" - നാം കാത്തിരുന്ന വിപ്ലവം====
"നല്ലെഴുത്ത്.കോം, തുടങ്ങുമ്പോൾ ഏറ്റവും പ്രാധാന്യം കൊടുത്ത ഒരു ലക്ഷ്യമുണ്ട് . നല്ലെഴുത്തിനൊപ്പം നിൽക്കുന്ന, നല്ല കഴിവുള്ള എഴുത്തുകാരെ ഓൺലൈൻ മീഡിയക്ക് പുറമെ , പ്രിന്റഡ് പബ്ലിഷിംഗ് മേഖലയിലേക്കു കൂടി കൈപിടിച്ചുയർത്തണം. ഓൺലൈൻ എഴുത്തുകാരെ പടിക്കു പുറത്തു നിർത്തുന്ന ശീലമുള്ള സ്ഥലത്ത് ഇതത്ര എളുപ്പമല്ലെന്ന് അധികം വൈകാതെ ഞങ്ങൾക്ക് ബോധ്യമായി.
"നല്ലെഴുത്തുകൾ " എന്ന രചനാ സമാഹാരം, അൻപത്തിയൊന്നു രചയിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കിയത് . അതിനു വേണ്ടി പരിശ്രമിച്ചപ്പോഴാണ്, ഓൺലൈൻ എഴുത്തുകാർക്ക് മലയാള സാഹിത്യത്തിലെ സ്ഥാനക്കുറവ് പിടികിട്ടിയത് .
മികച്ച രചനകളായിരുന്നിട്ടുകൂടി പ്രസിദ്ധീകരിക്കാൻ പല പ്രമുഖ പ്രസിദ്ധീകരണശാലകളും വിസമ്മതിച്ചു. വളരെ വിഷമം തോന്നിയ സന്ദർഭം. സന്തോഷ് ഏച്ചിക്കാനത്തിൻ്റെ പ്രസ്താവന കൂടി വായിച്ചുകണ്ടപ്പോൾ കാര്യങ്ങളുടെ ഏകദേശ രൂപം മനസ്സിലായി
കുറേ ലൈക്കുകളും കമ്മെന്റുകളും കിട്ടി അതിൽ സന്തോഷമടഞ്ഞു തീർന്നു പോകേണ്ടതല്ലാത്ത നിരവധി എഴുത്തുകാർ ഓൺലൈൻ മേഖലയിലുണ്ട് . ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും ഒക്കെയായി ധാരാളം രചനകൾ വരുന്നതിനാൽ, ചർച്ച ചെയ്യപ്പെടുന്നവ , അഥവാ ദീഘകാലം ഓർത്തിരിക്കപ്പെടുന്നവ വളരെക്കുറവാണ് .
"Bridging the gap" - എന്ന ചിന്തയിലേക്ക് ഞങ്ങളെത്തിയത് ഇതിനാലാണ് . ഓൺലൈൻ എഴുത്തുകാർ മുഖ്യധാരാ മാധ്യമങ്ങളിലും അറിയപ്പെട്ടാൽ അതൊരു വിപ്ലവത്തിനു തന്നെ തുടക്കമിട്ടേക്കുമെന്ന് ഞങ്ങളുറച്ചു വിശ്വസിച്ചു .
ഈ അവസരത്തിൽ "കലാകൗമുദി ", ഗൾഫ് മേഖലയിലെ ദിനപ്പത്രങ്ങൾ എന്നിവർ നിലപാടിൽ നല്ല രീതിയിൽ അയവു വരുത്തി. നല്ലെഴുത്തിലെ പല രചയിതാക്കളുടെയും രചനകൾ ആഴ്ചപ്പതിപ്പിലൂടെയും, ദിനപ്പത്രങ്ങളിലൂടെയും അച്ചടിച്ചു വന്നു . (അതൊക്കെ പലപ്പോഴായി പല പോസ്റ്റുകളിലൂടെ ഇവിടെത്തന്നെ നേരത്തെ അറിയിച്ചിട്ടുണ്ട്)
ഇന്ന് ഈ വിപ്ലവം മുൻപോട്ടു കൊണ്ടുപോകാൻ സധൈര്യം മുന്നോട്ടു വന്നിരിക്കുകയാണ് കലാകൗമുദി ഗ്രൂപ്പിൻ്റെ "കഥ " മാസികയും അതിന്റെ അണിയറക്കാരും . സാഹിത്യ രംഗത്ത്, "കഥ " മാസിക ഒരു പുതിയ ചരിത്രം രചിക്കുകയാണ് . നാനൂറാമത് ലക്കത്തിൽ എത്തി നിൽക്കുമ്പോൾ "കഥ " സ്വീകരിച്ച ഈ നിലപാടിന് അണിയറപ്രവർത്തകരോട് നന്ദി പറയുന്നു .
കഴിഞ്ഞ രണ്ടു ലക്കങ്ങളിലും ധാരാളം പുതിയ എഴുത്തുകാരെ / ഓൺലൈൻ എഴുത്തുകാരെ കഥ പരിചയപ്പെടുത്തുകയുണ്ടായി . ഓരോ ലക്കത്തിലും പുതിയ നല്ലെഴുത്തുകാരെ പ്രോത്സാഹിപ്പിക്കും എന്ന വാക്കു പാലിക്കുകയാണ് "കഥയുടെ അമരക്കാർ .
ഈ വിപ്ലവത്തിൽ നമ്മളും പങ്കെടുക്കുക . കൂടുതൽ ഓൺലൈൻ രചയിതാക്കൾ ഇവ്വിധത്തിൽ അറിയപ്പെടട്ടെ. സ്വന്തം സാഹിത്യം ഇവിടെ രേഖപ്പെടുത്തിക്കാണണമെന്നു താല്പര്യമുള്ള ഓൺലൈൻ എഴുത്തുകാർ, "കഥ" മാസികയെ , അവരുടെ ഈ ഉദ്യമത്തെ പിന്തുണക്കുക.
Subscription എടുത്തും, സജീവമായി കഥയ്ക്ക് നിർദ്ദേശങ്ങൾ നൽകിയും അതൊരു മികച്ച സാഹിത്യ മാസികയായി വളർത്തുക . "കഥ "യുടെ ഈ വിപ്ലവം ബാക്കി പ്രസിദ്ധീകരണങ്ങൾക്കു കൂടി പ്രചോദനമാവട്ടെ .
നല്ലെഴുത്തിലെ സജീവ അംഗങ്ങൾ Subscription എടുക്കുക. തങ്ങളുടെ രചനകൾ പ്രസിദ്ധീകരിച്ചു കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ, nallezhutheditor@gmail.com എന്ന ഈമെയിലിൽ അയച്ചാൽ, "കഥ" യിലേക്ക് അയച്ചു കൊടുക്കുന്നതാണ്.
അത്യന്താധുനിക സാഹിത്യം ഒന്നുമല്ലെങ്കിലും, വായനാ സുഖം ഉണ്ടായിരിക്കണം. അക്ഷരത്തെറ്റുകൾ, വികലപ്രയോഗങ്ങൾ , അശ്ലീലം എന്നിവ ഒഴിവാക്കിയിരിക്കണം.
മറ്റെങ്ങും പ്രസിദ്ധീകരിക്കാത്ത രചനകൾ മാത്രം അയക്കുക .രചന അയയ്ക്കുമ്പോൾ, കൂടെ ഫോട്ടോയും ചെറു ജീവചരിത്രക്കുറിപ്പും അയയ്ക്കുക . എല്ലാം ഓപ്പൺ ഫയൽ ആയി മെയിലിൽ തന്നെ ഉൾപ്പെടുത്തി അയയ്ക്കുക .
"കഥ " വളരട്ടെ ...കഥയിലൂടെ നമുക്കും വളരാം.
നന്ദി -- ഉണ്ണി മാധവൻ

:::: മദ്യം V/s ? :::::


സാധാരണക്കാരായ അറേബ്യൻ ജനതയുടെ പ്രത്യേകതയാണ് - " CarelessAttitude ". ഇത് ഗുണകരമായി വരുന്ന ചില സന്ദർഭങ്ങളുണ്ട് . നല്ലത് വരുമ്പോഴും, ദുരന്തങ്ങൾ വരുമ്പോഴും , ഭാവിയെക്കുറിച്ചാലോചിക്കുമ്പോഴും , സർവ്വേശ്വരനായ അല്ലാഹുവിന്റെ അഭീഷ്ടപ്രകാരം നടക്കുന്നുവെന്ന സങ്കൽപ്പത്തിൽ ആശ്വാസം കൊള്ളും. ചുരുക്കത്തിൽ, ഒരുമാതിരി സംഗതികൾക്കൊന്നും അവരെ ദീർഘനാൾ മാനസിക പിരിമുറുക്കത്തിൽ (stress ) തളച്ചിടാനാവില്ല .
ഇതിനു കടക വിരുദ്ധമാണ് നമ്മുടെ കാര്യങ്ങൾ . ഏതു മതത്തിൽ വിശ്വസിച്ചാലും, ചുറ്റുപാടുകളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് ജീവിതം ക്രമീകരിക്കുമ്പോൾ, "വർത്തമാന കാലത്തിലെ താരതമ്യ ചിന്തനം", "ഭാവിയെക്കുറിച്ചുള്ള അമിതമായ ഉൽക്കണ്ഠ" എന്നിങ്ങനെ രണ്ടു ചാലുകളിൽ കൂടി ജീവിതം ചലിക്കാൻ തുടങ്ങും . രണ്ടിനും പാർശ്വഫലം ഒന്നുതന്നെ - Stress.
ഒന്നിലും സംതൃപ്‌തി നേടാനാകാത്ത അവസ്ഥ കൂടിയാകുമ്പോൾ ജീവിതം യുദ്ധസമാനമായി മാറുന്നു.
യഥാർത്ഥത്തിൽ ഇത്രയധികം പിരിമുറുക്കം നമ്മൾ നേരിടേണ്ടതുണ്ടോ എന്നാലോചിക്കുന്നത് നന്നായിരിക്കും . പൂർവ്വികരേക്കാൾ മികച്ച ജീവിതസാഹചര്യമുണ്ടായിട്ടും ഒന്നിലും നമുക്ക് തൃപ്തി പോര.
അമിതമായ മാനസിക പിരിമുറുക്കത്തിലാഴുമ്പോൾ, നാമറിയാതെ മനസ്സ് "Stress Reliever" അഥവാ ആശ്വാസദായകനെ തേടിത്തുടങ്ങും. പലപ്പോഴും പുരുഷന്മാരിൽ ലഹരി ഒരു ആശ്വാസഹേതുവായി വരുന്നതിവിടെയാണ് .
കടുത്ത മാനസിക പിരിമുറുക്കത്തിൽ അകപ്പെട്ട ഒരു വലിയ സമൂഹമാണ് നമ്മുടേത്. കാലങ്ങളായി മദ്യം ഒരു Tension Reliever -ആയി പ്രവർത്തിക്കുന്നുണ്ടെന്നുള്ളത് വാസ്തവം തന്നെയാണ് . ഇതിൻ്റെ ദൂഷ്യഫലങ്ങൾ, അമിതാസക്തി എന്നിവയിലേക്ക് കടക്കുന്നില്ല .
ഇന്നത്തെ നിലയ്ക്ക് ലഹരി ഒഴിവാക്കാൻ മലയാളിക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. വിദേശത്തു നിന്ന് / മിലിട്ടറിയിൽ നിന്ന് നാട്ടിലേക്ക് വരുന്ന സുഹൃത്തിൻ്റെ പെട്ടിയിൽ മദ്യക്കുപ്പി തേടുന്ന ശീലവും, വിമാനയാത്രയ്ക്കിടെ ഓസിനു കിട്ടുന്ന മദ്യം അടിച്ചു "വാളു" വക്കുന്ന പ്രവാസിയും, കയ്യിൽ കാശു തികയാതെ വന്നാൽ ഷെയർ ഇട്ടു വാങ്ങി പൂസാവുന്ന രീതിയും, മദ്യ വിൽപ്പന കേന്ദ്രങ്ങളിലെ നീണ്ട ക്യൂ എന്നിവയും നമുക്ക് ശീലമായിക്കഴിഞ്ഞിരിക്കുന്നു .
ലഹരിയുടെ പോപ്പുലർ മുഖമായ മദ്യം നമ്മുടെ സമൂഹത്തിൽ നിന്നും ഒഴിവാക്കുമ്പോൾ , ഒരു പകരക്കാരൻ അവിടെ ഉദിച്ചുയരും .ചാരായനിരോധനം വന്നപ്പോൾ സ്പിരിറ്റ് വ്യാപാരം ഉഷാറായതോർക്കുക. അതു വരെ, പാർട്ടി / ചെറു മാഫിയകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഗുണ്ടാ പ്രസ്ഥാനം അതോടൊപ്പം വളർന്നതും മറക്കരുത്.
മദ്യം ഒഴിവാക്കപ്പെടുമ്പോൾ , ഇനിയെത്തുക കഞ്ചാവ് , ഹാഷിഷ് പോലെയുള്ള ആഗോള ലഹരിഭീകരന്മാരാവാം. കൊണ്ടുനടക്കാനെളുപ്പം, അനായാസമായി മറച്ചു വയ്ക്കാം, എല്ലാ ജനവിഭാഗത്തേയും ടാർഗറ്റ് ചെയ്യാം, ഉപഭോക്താവ് ഒരിക്കലും വിട്ടുപോകില്ല, സാധനം അന്താരാഷ്ട്ര വിപണിയിൽ നിന്നും കടൽത്തീരങ്ങൾ വഴി വേഗം ഉള്ളിലെത്തിക്കാം എന്നിങ്ങനെ ധാരാളം മെച്ചങ്ങൾ ഈ ഭീകരന്മാരുടെ കച്ചവടത്തിലുണ്ട് .
ലഹരിയിൽ നിന്നും ഒരിക്കലും നാം മാറിനിൽക്കില്ല എന്ന് പ്രതിജ്ഞ എടുത്ത സ്ഥിതിക്ക് താരതമ്യേന കുറഞ്ഞ സാമൂഹികാഘാതം സൃഷ്ടിക്കുന്നതും, ഗുണനിലവാരം കൂടിയതുമായ സാധനങ്ങൾ
ലഭ്യമാക്കിക്കൊടുക്കുന്നതാണ് നല്ലതെന്നു തോന്നുന്നു . Less Alcoholic ബിയർ പാർലറുകളും, Flavored തെങ്ങിൻ കള്ളുമൊക്കെ പരിഗണിക്കാവുന്നതാണ്. ഇതൊക്കെ ലഭ്യമാക്കിയാൽ സമൂഹം അപ്പാടെ തകർന്നു പോകുമെന്നൊന്നും കരുതേണ്ട . അമിതമാവാതെ നോക്കിയാൽ മതിയാകും.
കൂടാതെ , നല്ല ഉപഭോഗാനന്തര സംസ്കാരം എന്തെന്ന് കൂടി പഠിപ്പിച്ചു കൊടുക്കണം . ലളിതമായി പറഞ്ഞാൽ " വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം "
NB : കേരളവും മെക്സിക്കോയും തമ്മിൽ സാമൂഹിക വൈജാത്യം കുറഞ്ഞു വരുന്നുണ്ടത്രേ. ലഹരിയും, കുടിലരാഷ്ട്രീയ തന്ത്രങ്ങളും, മാഫിയകളുടെ സ്വാധീനവും - അങ്ങനെ പലതിലും നമ്മൾ അവരോടൊപ്പമാണ് . ചില കാര്യങ്ങളിൽ വളരെ മുൻപിലും
By: ഉണ്ണി മാധവൻ 06/06/2017

:::മാസ്ക്:::


:::മാസ്ക്:::
മന്ത്‌ലി കോൺഫറൻസിനു വന്നപ്പോൾ ഇങ്ങനെ ഒരു പാര ഞങ്ങളെ കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞില്ല .
ഉച്ചക്ക് ശേഷം എച് 1 എൻ 1 സ്പെഷ്യൽ ക്ലാസ് .
അതും ഡിഎംഒ യുടെ നേതൃത്വത്തിൽ .
രാവിലെ മീറ്റിംഗ് കഴിഞ്ഞ് ബിരിയാണിയും തട്ടി വീട്ടിലേക്കു പോകാറാണ് പതിവ്. ഇതിപ്പോൾ എന്താണാവോ .
" നിങ്ങളെ എല്ലാവരെയും ഞങ്ങൾ മെഡിക്കൽ കോളേജിലെ സർജന്മാരാക്കാൻ പോവുകയാണ് " ക്ലാസ് തുടങ്ങാൻ നേരം ഡിഎംഒ അഭിമാനത്തോടെ പറഞ്ഞു . ആവേശത്തോടെ ക്ലാസ്സ് മുഴുവൻ കേട്ടിരുന്ന ഞങ്ങൾക്ക് അവസാനം ഒരു പൊതി കിട്ടി . ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും, ഹെൽത്ത് സൂപ്പർവൈസർസിനും പൊതികൾ കൊടുത്തുള്ള ശീലമേയുള്ളു . ആദ്യമായി ഒരു പൊതി കിട്ടിയപ്പോൾ പലർക്കും അമ്പരപ്പ്.
“ആരും ഇവിടെ വച്ചു തുറക്കരുത്. സാമ്പിൾ ഇപ്പോൾ കാണിക്കാം” . ഡിഎംഒയുടെ ഗർജ്ജനം ഹാളിൽ മുഴങ്ങി ..
“ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത അമൂല്യ രക്ഷാകവചം . പച്ച നിറത്തിൽ കാണുന്നത് ബാക്ടീരിയ ഫിൽറ്റർ . എച് 1 എൻ 1 ബോധവൽക്കരണത്തിന് പോകുമ്പോൾ അസുഖം നമുക്ക് വരാതിരിക്കാൻ ഇതുപകരിക്കും . ഇത് മുഖത്തിട്ടു കൊണ്ട് വേണം നിങ്ങൾ ഫീൽഡ് വർക്കിനിറങ്ങാൻ . എല്ലാവർക്കും ഒരെണ്ണം വീതം ബഹുമാനപ്പെട്ട സർക്കാർ അനുവദിച്ചിട്ടുണ്ട് .”
അവർ നരച്ചു തുടങ്ങിയ സംസോണിറ്റ് സ്യൂട്ട് ക്കേസിൽ നിന്നും നാലു വാലുള്ള ജീവിയെ തൂക്കിയെടുത്തു പ്രദർശിപ്പിച്ചു.
ഞങ്ങളെല്ലാവരും പരസ്പരം നോക്കിയിരുന്നു പോയി . ഇത്ര വിലമതിക്കാനാവാത്ത സാധനം വീട്ടിൽ കൊണ്ടുപോയി എവിടെ വയ്ക്കും .
പച്ച മാസ്കും മുഖത്തു കെട്ടി നാലുപേരടങ്ങുന്ന ടീം പിറ്റേന്നു മുതൽ തന്നെ വീടുവീടാന്തരം കയറിയിറങ്ങിത്തുടങ്ങി .
രണ്ടാം ദിവസം, വീട്ടിൽ നിന്നും ഹെൽത്ത്‌സെന്ററിലേക്കു പോകാനൊരുങ്ങി ബാഗെടുത്തപ്പോൾ അടുത്തു വച്ചിരുന്ന മാസ്ക് കാണാനില്ല . മുറി മുഴുവൻ അരിച്ചുപെറുക്കി . വരാന്തയിൽ വീണുകിടപ്പുണ്ടോ എന്ന് നോക്കാനായി പുറത്തേക്കിറങ്ങിയ ഞാൻ ഞെട്ടി .
മാസ്ക് ഉപയോഗിച്ച് മൂത്തമകൾ ചെമ്പരത്തിത്താളി അരിച്ചെടുക്കുന്നു .
ദേഷ്യം നിയന്ത്രിക്കാനായില്ല . എൻ്റെ മുഖഭാവം മാറുന്നത് കണ്ട മകൾ പേടിച്ച് അടുക്കളയിലേക്കോടി .
പതിവ് പോലെ ഭാര്യ സഹായം വാഗ്ദാനം ചെയ്തു .
"ഇപ്പൊ ശരിയാക്കിത്തരാം " .
അഞ്ചു മിനുട്ട് ആയിട്ടുണ്ടാവും . കയ്യിലൊരു വെളുത്ത മാസ്കുമായി അവളെത്തി .
സംഭവം കൊള്ളാം . അതിൽ ഞാൻ സൂക്ഷിച്ചു നോക്കി . അച്ഛൻ്റെ ചുവപ്പുകരയുള്ള മുണ്ടിൻ്റെ ഒരറ്റം .
ചെറുതായി വക്കടിച്ചിട്ടുണ്ട് .
ഭാര്യയുടെ ബുദ്ധിയെ പ്രശംസിച്ചു കൊണ്ട് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി .
ഹെൽത്ത് സൂപ്പർവൈസറിനു സംശയം . “എന്നാലും ഉണ്ണി സാറേ , ഇതിൻ്റെ കളർ എങ്ങനെയാ മാറിയത്” .
കൂടുതലൊന്നും വിശദീകരിക്കാൻ നിൽക്കാതെ ഞാൻ മസ്സിൽ പിടിച്ചു നിന്നു.
ബ്രാഹ്മണ സമൂഹ മഠത്തിൻ്റെ പിന്നിലെ വീടുകളിലാണ് അന്നത്തെ ബോധവൽക്കരണം. ഗേറ്റ് തള്ളിത്തുറന്ന് ആദ്യത്തെ വീട്ടിലേക്കു ഞങ്ങൾ കയറി .
മൂക്കളയൊലിപ്പിച്ച് ടയറുമുരുട്ടി ഒരു ചെറിയ പയ്യൻ അല്പം മാറി നിൽപ്പുണ്ടായിരുന്നു . അവൻ കൂടെക്കൂടെ എന്നെ തുറിച്ചു നോക്കിക്കൊണ്ടേയിരുന്നു .
വീടിനകത്തു നിന്ന് സംഗീതം പഠിപ്പിക്കുന്ന ശബ്ദം കേൾക്കാം
കാളിംഗ് ബെൽ അടിച്ച ശേഷം ഞങ്ങൾ അരിപ്പൊടിക്കോലങ്ങളിലൊന്നും കാലു വെക്കാതെ ശ്രദ്ധിച്ചു മാറി നിന്നു .
മുതിർന്നവർ ആരും വന്നില്ല .
ഞാൻ പതിയെ ചെറിയ പയ്യൻ്റെ അടുത്തേക്ക് ചെന്നു .
എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് അവൻ അടുക്കളഭാഗത്തേക്കു നോക്കി വിളിച്ചു കൂവി
“അമ്മാ , അപ്പാവോടെ തിരുട്ടു പോണ കോണകം കിടച്ചാച്ച്”
ചെറുതും വലുതുമായി പത്തിരുപത് തലകൾ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു .
“എങ്കെടാ കിടച്ചത്, ശിങ്കം.. ശൊല്ലെടാ”, കൂട്ടത്തിലെ മുതിർന്ന തല ഞങ്ങളെ ഗൗനിക്കാതെ അന്വേഷണം തുടങ്ങി.
ശിങ്കം എൻ്റെ മാസ്കിനു നേരെ വിരൽ ചൂണ്ടിയത് കണ്ട്, അന്നത്തെ രണ്ടാമത്തെ ഞെട്ടൽ ഞാൻ വിജയകരമായി ഞെട്ടി .
ഞാൻ മുഖത്ത് കെട്ടിയത് അവൻ്റെ അപ്പാവോടെ കോണകമല്ലെന്നു എങ്ങനെ തമിഴിൽ പറയുമെന്നാലോചിച്ചു നിൽക്കുമ്പോൾ മുതിർന്ന തല വീണ്ടും ശബ്ദിച്ചു.
“നീങ്ക കേക്കലയാ , കൊടുത്തിടുങ്കോ”
സഹപ്രവർത്തകരുടെ മുഖത്തും സംശയം നിഴലിച്ചുവോന്നൊരു ചിന്ന ഡൗട്ട് . പിന്നെ താമസിച്ചില്ല. ഉടനെ അതൂരി അവൻ്റെ മുഖത്തേക്കെറിഞ്ഞിട്ടു ഞാൻ വേഗം തടിതപ്പി .
എൻ്റെ കോണകക്കാവ് ദൈവങ്ങളേ...ഇതിലും ഭേദം എച് 1 എൻ 1 പിടിക്കുന്നതായിരുന്നു
By: ഉണ്ണി മാധവൻ -Copyright 02/03/2017

::ശനി ::


::ശനി ::
ഏട്ടനപ്പോഴും ദേഷ്യം മാറിയിരുന്നില്ല . അച്ഛൻ സംസാരം നിർത്തി എഴുന്നേറ്റു. തീന്മേശക്ക് ചുറ്റും മൗനം തളം കെട്ടിക്കിടന്നു.
“നിനക്ക് അച്ഛൻ പറയുന്നത് കേട്ടുകൂടേ”, കൈകഴുകാനെഴുന്നേറ്റ ഏട്ടനെ നോക്കി അമ്മ സൗമ്യമായി പറഞ്ഞു.
“അമ്മ എന്തറിഞ്ഞിട്ടാണ് പറയുന്നത് . ഈ പ്രൊമോഷൻ വേണ്ടാന്ന് വെക്കണമെങ്കിൽ അതിനു മതിയായ കാരണം ബോധിപ്പിക്കണം . കമ്പനിയുടെ ചിലവിൽ കോഴ്സുകൾ ചെയ്ത് കിട്ടിയ പോസ്റ്റാണ് .മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് മാറണമെന്നല്ലേ ഉള്ളൂ . പിന്നെന്തിനാ അച്ഛൻ തടസ്സം പറയുന്നത് . ഏതായാലും ഞാൻ അത് വേണ്ടാന്ന് വെക്കാൻ പോകുന്നില്ല.”
“എടാ , നിനക്ക് കണ്ടകശ്ശനി തുടങ്ങുകയാണ്. അതല്ലേ അച്ഛൻ തടസ്സം പറയുന്നത്” അമ്മ അച്ഛനെ ന്യായീകരിക്കാൻ ശ്രമിച്ചു.
“ഉവ്വ് , അതെനിക്ക് മനസ്സിലായി . പണ്ടൊരിക്കൽ ഇത് പോലെ പറഞ്ഞത് കേട്ടതാണ് ഞങ്ങൾ ഇപ്പോഴും അനുഭവിക്കുന്നത്” . അച്ഛൻ കൂടി കേൾക്കത്തക്കവിധം ഉറക്കെ പറഞ്ഞിട്ട് ഏട്ടൻ മുറിയിലേക്ക് വേഗം നടന്നു പോയി .
ആ വാചകം അമ്മയെയും നിശ്ശബ്ദയാക്കി. അച്ഛന് ജ്യോതിഷത്തിൽ നല്ല പാണ്ഡിത്യമുണ്ട്. പെൻഷനായ ശേഷം ജ്യോതിഷക്ലാസ്സുകൾ എടുക്കുമെങ്കിലും, മറ്റുള്ളവരുടേത് നോക്കി ഫലം പറഞ്ഞിരുന്നില്ല. ആവശ്യം വരുമ്പോൾ വീട്ടിലുള്ളവരുടെയും, അടുത്ത ബന്ധുക്കളുടെയും മാത്രം ഗണിച്ചു പറയും. ഒന്നും ഇതുവരെ തെറ്റിയതായി കേട്ടിട്ടില്ല.
ഏട്ടത്തിയമ്മ ഗർഭം ധരിച്ചപ്പോൾ ആ കുട്ടി ജനിച്ചാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ആധാനസമയം കണക്കുകൂട്ടി അച്ഛൻ പറയുകയുണ്ടായി. മറ്റുള്ളവരുടെ നിർബന്ധം കൂടിയായപ്പോൾ അവരാ കുട്ടിയെ വേണ്ടെന്നു വെച്ചു.
എന്നാൽ അബോർഷന് ശേഷം വന്ന അണുബാധയെ തുടർന്ന്, ഇനി കുട്ടികൾ ഉണ്ടായാൽ ആയുസ്സിനാപത്താകും എന്ന് ഡോക്ടർമാർ പറഞ്ഞതോടെ അച്ഛനോട് ഏട്ടനും ഏട്ടത്തിയമ്മക്കും ദേഷ്യമായി .
ഇപ്പോഴും ഏട്ടത്തിയമ്മ വീട്ടിൽ വരാറില്ല . എന്നോടും അമ്മയോടും വിരോധമൊന്നുമില്ലെങ്കിലും അച്ഛനോട് ഏട്ടത്തിയമ്മയും വീട്ടുകാരും നല്ല അകൽച്ചയിലാണ് .
“എടാ , നീയും കൂടി ഏട്ടൻ്റെ ഒപ്പം പോവണം . ഞാൻ പറഞ്ഞിട്ടാണെന്നു പറയേണ്ട .അവർ ഡൽഹിയിലേക്ക് മാറിയിട്ട് തിരിച്ചു വന്നാൽ മതി . നിനക്ക് ജൂൺ വരെ കോളേജ് അവധിയല്ലേ . അവൾക്കും അവനും അത്ര നല്ല സമയമല്ല.” മുറിയിലേക്ക് വിളിപ്പിച്ച് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ സന്തോഷത്തോടെ തലയാട്ടി . ഒഴിവുകാലം ആസ്വദിക്കാൻ ഒരു നല്ല അവസരം .
ഏട്ടൻ എതിർത്തൊന്നും പറഞ്ഞില്ല . കമ്പ്യൂട്ടർ റിസർവേഷൻ കേരളത്തിൽ വന്നിട്ടില്ലാത്തതിനാൽ എനിക്കും കൂടി ടിക്കറ്റ് ശരിയാക്കാൻ നന്നേ പാടുപെട്ടു .
ആദ്യം ഡൽഹിയിൽ പോയി ഫ്ലാറ്റ് എടുത്തിട്ട് , തിരികെ മുംബൈയിലേക്ക് വന്ന് ഷിഫ്റ്റിംഗ് തുടങ്ങണം . ഇതാണ് പദ്ധതി .
നീണ്ട ട്രെയിൻ യാത്ര ആദ്യമായിട്ടാണ് . അതിൻ്റെ ത്രില്ലിലായിരുന്നു ഞാൻ .
വടക്കേ ഇന്ത്യയിൽ ഏതോ ഒരു വലിയ സ്റ്റേഷൻ എത്തിയപ്പോൾ കുപ്പിയിൽ വെള്ളം നിറയ്ക്കാനായി ഏട്ടൻ പ്ലാറ്റുഫോമിലേക്കിറങ്ങി . ഞാൻ വാതിൽക്കൽ തന്നെ നിന്നു . പ്ലാറ്റഫോമിൻ്റെ ഒരു ഭാഗത്തു വെളിച്ചമില്ല . അപ്പോൾ വന്നു നിന്ന മറ്റൊരു ട്രെയിനിൽ നിന്നും ആളുകൾ ഇരുട്ടത്ത് വളരെ കഷ്ടപ്പെട്ട് വരുന്നത് കണ്ടു .
പെട്ടെന്ന്, വെള്ളം എടുക്കുന്ന സ്ഥലത്ത് ഏട്ടനെ കാണാനില്ല . ഞാൻ പ്ലാറ്റുഫോമിലേക്കിറങ്ങി തിരയാൻ തുടങ്ങി . കംപാർട്മെന്റിൽ കയറിയിട്ടില്ല . അതുറപ്പാണ് . ഏട്ടത്തിയും എൻ്റെയൊപ്പം പ്ലാറ്റഫോമിൽ നടന്നു നോക്കാൻ തുടങ്ങി .
ട്രെയിൻ വിടാൻ സമയമായെന്ന് കാണിച്ചുള്ള ഹോൺ കേട്ട് , ഞങ്ങൾ വേഗം ലഗ്ഗജ് എടുത്ത് പുറത്തിറങ്ങി.
ഏട്ടനെ അപ്പോഴും കാണാനില്ല .
പരിഭ്രാന്തിയുടെ നിമിഷങ്ങൾ.
ടിക്കറ്റ്, ഏട്ടൻ്റെ പേഴ്സ് എന്നിവ ഏടത്തിയമ്മയുടെ കയ്യിലാണ്.
ട്രെയിൻ പോയിക്കഴിഞ്ഞു .
എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല .
അടുത്ത ട്രെയിൻ വന്നതോടെ വീണ്ടും പ്ലാറ്റഫോം നിറഞ്ഞു .
ഏട്ടത്തിയമ്മ പൊട്ടിക്കരയാൻ തുടങ്ങി .
ഞങ്ങൾ വേഗം സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിലേക്ക് നടന്നു . കാര്യം പറഞ്ഞപ്പോൾ ആ തിരക്കിനിടയിലും അയാൾ പെട്ടെന്ന് പ്രൊട്ടക്ഷൻ ഫോഴ്‌സിനെ വിളിച്ചു വരുത്തി . അവർ സ്റ്റേഷൻ പരിസരമാകെ തിരയാൻ തുടങ്ങി .
ഞങ്ങൾ സ്റ്റേഷൻ മാസ്റ്ററുടെ മുറിയുടെ ഒരരികിൽ നിന്നു .
ഒരുപക്ഷേ ഞങ്ങൾ ഇറങ്ങിക്കഴിഞ്ഞിട്ട് ഏട്ടൻ ട്രെയിനിൽ കയറിയിട്ടുണ്ടാവുമോ.
എൻ്റെ മനസ്സിൽ അങ്ങനെ ഒരു ചിന്ത പാഞ്ഞു.
സ്റ്റേഷൻ മാസ്റ്ററോട് സൂചിപ്പിച്ചപ്പോൾ അയാൾ ഉടൻ അടുത്ത സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു . ട്രെയിൻ അവിടെയെത്തുമ്പോൾ അവർ വിവരം അറിയിക്കും . അയാൾ ഞങ്ങളെ സമാധാനിപ്പിക്കാൻ നോക്കി.
ഏട്ടത്തിയമ്മ കരഞ്ഞു തളർന്നു .
പ്രൊട്ടക്ഷൻ ഫോഴ്സ് തിരച്ചിൽ നിർത്തി നിരാശരായി തിരികെയെത്തി . അടുത്ത സ്റ്റേഷനിൽ നിന്ന് മറുപടി കൂടി വന്നതോടെ ഞങ്ങളാകെ തളർന്നു .
ഇനിയെവിടെപ്പോയി അന്വേഷിക്കും .
നാട്ടിലേക്കു വിളിച്ചു പറയാനുള്ള ധൈര്യം ഉണ്ടായില്ല .
നേരം പുലർന്നു . അടുത്ത ഷിഫ്റ്റിലെ മാസ്റ്റർ എത്തി. അപ്പോൾ ഞങ്ങളെ തിരക്കി മറ്റൊരു സ്റ്റേഷനിൽ നിന്നും കാൾ.
വെള്ളമെടുത്തു കൊണ്ടിരുന്ന ഏട്ടൻ, സ്റ്റേഷൻ വിട്ടു തുടങ്ങിയ മറ്റൊരു ട്രെയിനിലാണ് ചാടിക്കയറിയത് . ആ സൂപ്പർഫാസ്റ് ട്രെയിൻ പിന്നീട് നിർത്തിയത് വളരെയകലയുള്ള മറ്റൊരു സ്റ്റേഷനിൽ . ഇതിനിടയിൽ ടിക്കറ്റ് ചെക്കിങ്ങിൽ അകപ്പെട്ടു . ടി ടി ആർ , ഏട്ടൻ പറഞ്ഞതൊന്നും കേൾക്കാൻ തയാറായില്ല .
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന് കൈമാറുമ്പോൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മലയാളി ഇൻസ്‌പെക്ടർ സ്റ്റേഷൻ മാസ്റ്ററോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് വിളിക്കാനായത് .
ഞങ്ങൾ വന്ന ട്രെയ്നിൽ തന്നെയുണ്ട് എന്ന ധാരണയിൽ ഏട്ടൻ മറ്റു സ്റ്റേഷനുകളിൽ വിളിച്ചു കൊണ്ടേയിരുന്നു .
കാര്യങ്ങളറിഞ്ഞപ്പോൾ ഒട്ടൊരു സമാധാനമായി . വൈകുന്നേരത്തോടെ ഏട്ടൻ വീണ്ടും ഞങ്ങൾക്കൊപ്പമെത്തി. ഏട്ടത്തി വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. എങ്ങനെയും തിരികെ നാട്ടിലേക്കു പോകേണമെന്നായി അവർ .
ആരെയൊക്കെയോ വിളിച്ച്‌ ഏട്ടൻ ടിക്കറ്റ് ഏർപ്പാടാക്കി.
നാട്ടിലെത്തിയ ശേഷം രണ്ടാം ദിവസം തന്നെ ഏട്ടൻ വീണ്ടും ഡൽഹിക്കു പോകാൻ ഒരുങ്ങി .
“ചാരവശാൽ കർമ്മഭാവമായ പത്തിലാണ് ശനിയിപ്പോൾ . വളരെ സൂക്ഷിക്കേണ്ട സമയം . ജോലി സംബന്ധമായ പ്രശ്നങ്ങൾ കൂടുതലാവും. ഇവനോട് എത്ര പറഞ്ഞാലും മനസ്സിലാക്കാത്തതെന്താ ”
പതിവ് പോലെ അച്ഛൻ എതിർപ്പുമായി വന്നു. ഏട്ടൻ ഒന്നിനും വഴങ്ങിയില്ല
ഇത്തവണ ഏട്ടത്തിയമ്മ ഒപ്പമില്ല . ഞങ്ങൾ ഫ്ലാറ്റ് ശരിയാക്കിയ ശേഷം അവർ എത്താമെന്നേറ്റു .
പഴയ ആവേശമില്ലായിരുന്നെങ്കിലും യാത്ര ഞാൻ നന്നായി ആസ്വദിച്ചു കൊണ്ടിരുന്നു .
രണ്ടാം ദിവസം വൈകുന്നേരത്തോടെ ആന്ധ്രയിൽ പപ്പായത്തോട്ടങ്ങളുടെ ഇടയിലെവിടെയോ ഏറെ നേരം ട്രെയിൻ നിർത്തിയിട്ടു .
ഏട്ടനെ ഞാൻ അപ്പോഴും ശ്രദ്ധിച്ചു കൊണ്ടേയിരുന്നു .
പാവം . ഊണ് കഴിഞ്ഞു കിടന്നതാണ് .
വിരസതയാർന്ന ആ കാത്തുകിടപ്പിനൊടുവിൽ വണ്ടി നീങ്ങിത്തുടങ്ങി .
ഇരുവശങ്ങളിലും പാറക്കെട്ടുകൾ , ക്വാറികൾ .
ഉണർന്നെഴുന്നേറ്റ്, മുഖം കഴുകാനായിപ്പോയ ഏട്ടൻ വേഗം തിരികെയെത്തി.
മുഖത്ത് ചോര . കർചീഫ് രക്തത്തിൽ കുതിർന്നിരുന്നു.
എനിക്കൊന്നും മനസ്സിലായില്ല . പെട്ടിയിൽ നിന്നും ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു മുഖം പഞ്ഞി കൊണ്ട് തുടക്കുമ്പോൾ കണ്ണിനു താഴെ നീളത്തിൽ മുറിവ് .
രക്തം ഒഴുകുന്നത് നിന്നിട്ടുണ്ട് . മുഖം വല്ലാതെ വീങ്ങിയിരിക്കുന്നു .
കൈയ്യും മുഖവും ടാപ്പിൽ കഴുകിയ ശേഷം വാതിൽക്കലേക്കു നീങ്ങി, പുറത്തെ കാഴ്ചകൾ കാണാൻ തല വെളിയിലേക്കിട്ടതാണ് ഏട്ടൻ.
ആ സമയം പാറമടയുടെ ഇടയിൽ നിന്നും വികൃതിക്കുട്ടികളാരോ ട്രെയിനിലേക്ക് എറിഞ്ഞ കല്ല് കണ്ണിനു തൊട്ടു താഴെ സാരമായ മുറിവുണ്ടാക്കി. ആ സ്ഥലങ്ങളിൽ കല്ലെറിയൽ പതിവുണ്ടത്രേ . നക്സൽ മേഖലയായതിനാൽ ഇതൊന്നും തടയാൻ ആർക്കും കഴിഞ്ഞിട്ടില്ല
അടുത്ത സ്റ്റേഷനിൽ ഇറങ്ങി ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞിട്ട് കേൾക്കാൻ കൂട്ടാക്കിയില്ല . മരുന്നു പുരട്ടി ബാൻഡ് എയ്ഡ് ഒട്ടിച്ചിട്ട് ഏട്ടൻ വീണ്ടും കിടന്നു .
പിറ്റേന്ന് കണ്ണ് നന്നായി വീങ്ങി. കടുത്ത വേദന കൊണ്ട് ഏട്ടൻ പുളഞ്ഞു . കംപാർട്മെന്റിൽ തന്നെയുണ്ടായിരുന്ന ഒരു കുടുംബം തന്ന ബ്രൂഫെൻ അല്പം ആശ്വാസം നൽകി .
ഡൽഹിയിൽ എത്തി കമ്പനിയിൽ റിപ്പോർട്ട് ചെയ്ത ശേഷം ഉടൻ തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആയി .
കരിങ്കൽച്ചീളുകളിലൊന്ന് കണ്ണിനുള്ളിൽ തറച്ചു കയറിയിരിക്കുന്നു . ഉള്ളിൽ അണുബാധയുണ്ടായിരിക്കുകയാണ് .
സർജറി വേണമെന്നു പറഞ്ഞപ്പോഴാണ് നാട്ടിൽ ഈ വിവരം ഞാൻ അറിയിച്ചത്. ഉടനെ തിരിച്ചുവെങ്കിലും ഏട്ടത്തിയമ്മ എത്തും മുൻപ് തന്നെ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു .
നാൽപ്പത് ശതമാനം കാഴ്ച്ച നഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോൾ ഞങ്ങളാകെ തകർന്നു പോയി . അതിലും വിഷമം വന്നത് കമ്പനിയുടെ നിലപാടാണ് .
കമ്പനി വക ക്വാർട്ടേഴ്സിൽ എത്തിയതിൻ്റെ പിറ്റേന്ന് ഗ്രാറ്റുവിറ്റി , മറ്റാനുകൂല്യങ്ങൾ എന്നിവ വാങ്ങി മുപ്പതു ദിവസത്തിനകം കമ്പനി വിടാനുള്ള നോട്ടീസ് ലഭിച്ചു .
ഏട്ടൻ കൂടുതൽ നിശ്ശബ്ദനായി .
കാര്യങ്ങൾ മുഴുവൻ ഞാൻ ഏറ്റെടുത്തു. കമ്പനിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞങ്ങൾ വീണ്ടും നാട്ടിലേക്ക് തിരിച്ചു .
ഒരു മാസത്തെ വിശ്രമത്തിനു ശേഷമാണ് ഏട്ടൻ പുറത്തിറങ്ങിത്തുടങ്ങിയത് . ഇനിയെന്ത് എന്ന ചോദ്യം ഏട്ടനെ വല്ലാതെ അലോസരപ്പെടുത്തുന്നതായി തോന്നി .
ആയിടക്ക് , ബിസിനസ് തുടങ്ങാൻ ഉള്ള പദ്ധതിയുമായി ഏട്ടൻ അച്ഛനെ സമീപിച്ചു .
കണ്ടകശ്ശനി തീരും വരെ യാതൊന്നിനും പോവേണ്ട എന്ന നിലപാടിലായിരുന്നു അച്ഛൻ . അച്ഛൻ്റെ പെൻഷൻ കൊണ്ട് എല്ലാവർക്കും സുഖമായി കഴിയാം എന്ന വാദമൊന്നും ഏട്ടൻ അംഗീകരിച്ചില്ല .
ഏടത്തിയമ്മയുടെ അനുജന് പട്ടണത്തിൽ ഗ്ലാസ് കടയുണ്ട് . അതേപോലെ കുറച്ചുകൂടി വലിയ രീതിയിൽ പട്ടണത്തിൻ്റെ മറ്റൊരു ഭാഗത്തു ഗ്ലാസ് കട തുടങ്ങാനുള്ള ആശയം ഏടത്തിയമ്മയുടെ അച്ഛന്റേതായിരുന്നു.
കമ്പനി വിട്ടപ്പോൾ കിട്ടിയ തുകയുണ്ട് . അല്പം പണം കൂടി ബ്ലേഡിൽ നിന്ന് വാങ്ങിയാൽ ഉടനെ കട തുടങ്ങാം .
ഏട്ടനും ഇത് നന്നായി തോന്നി . എന്നാൽ അച്ഛൻ അപ്പോഴും എതിർത്തു തന്നെ നിന്നു .
പെൻഷൻഫണ്ടിൽ നിന്നും പണം ഏട്ടൻ ചോദിച്ചതോടെ അച്ഛൻ്റെ നിയന്ത്രണം പോയി .
“എന്നെ അനുസരിക്കാത്തവന് എന്തിനാണ് എൻ്റെ കാശ്” എന്തൊക്കെയോ അച്ഛൻ പറയുന്നുണ്ടായിരുന്നു .
അവർക്കിടയിൽ മിണ്ടാതെ ഞാനും അമ്മയും .
കടയുടെ ഉത്ഘാടനത്തിന്റെ തലേന്ന് അച്ഛൻ്റെ അനുഗ്രഹം വാങ്ങാനായി ഏട്ടൻ എത്തി .
നന്നായി വരൂ എന്നു പറഞ്ഞനുഗ്രഹിച്ചയക്കുമ്പോൾ അച്ഛൻ കരഞ്ഞുവെന്നു തോന്നി .
പിറ്റേന്ന് ഞാനും അമ്മയും ഏട്ടൻ്റെ കടയിലേക്ക് പോകാനൊരുങ്ങിയപ്പോഴും അച്ഛന് തീരെ ഉന്മേഷമില്ല .
“അച്ഛൻ വരുന്നില്ലേ ? ഇതെന്താ അമ്പലത്തിൽ പോകുന്ന വേഷം” . ഞാൻ അത്ഭുതപ്പെട്ടു
“എടാ, ഞാൻ വന്നാൽ ശരിയാവില്ല . നീ എന്നെ ശിവക്ഷേത്രത്തിലേക്ക് ഒന്ന് വിട്ടേരെ . ഒരു മൃത്യുഞ്ജയഹോമത്തിൻ്റെ പ്രസാദം വാങ്ങാനുണ്ട്.”
അച്ഛനെ ക്ഷേത്രത്തിലേക്ക് വിട്ടിട്ട് ഞാൻ തിരികെ വന്ന് അമ്മയുമായി പട്ടണത്തിലേക്കു പോയി .
സാമാന്യം വലിയ കട തന്നെയായിരുന്നു അത് . ഏട്ടൻ ഓടിനടക്കുന്നത് കണ്ടു . ധാരാളം ആൾക്കാർ വന്നിട്ടുണ്ട് .
ഉത്ഘാടനം നിർവ്വഹിക്കാൻ സമയമായപ്പോൾ മുനിസിപ്പൽ കൗൺസിലർ എത്തി . പക്ഷേ ഏട്ടനെ കാണാനില്ല .
എല്ലാവരും തിരക്കി നടക്കാൻ തുടങ്ങി .
ഏട്ടത്തിയമ്മയുടെ വിളി കേട്ടാണ് പുറകിലെ വലിയ ഗോഡൗണിലേക്കു ഞങ്ങൾ ഓടിച്ചെന്നത് . ആ ഇരുട്ടുമുറിയിൽ ഏട്ടൻ ബോധരഹിതനായി വീണു കിടക്കുന്നു.
എല്ലാവരും ചേർന്ന് ഉയർത്തി നിർത്തിയപ്പോഴാണ് കണ്ടത് .ഇടതു കാലിൻ്റെ പിൻഭാഗത്ത് ആഴമേറിയ ഒരു മുറിവ് . രക്തം ചീറ്റി ഒഴുകുന്നു . കട്ടിയുള്ള തുണി വച്ചമർത്തി നോക്കിയിട്ടും രക്തം വാർന്നുകൊണ്ടേയിരുന്നു .
ആരുടെയോ കാറിൽ ഉടനെ സമീപത്തുള്ള ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു . രക്തം ഒഴുകുന്നത് തടയാനായി . എങ്കിലും രക്തധമനി മുറിഞ്ഞിട്ടുള്ളതിനാൽ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു .
ഉത്ഘാടനത്തിനെത്തിയവർക്ക് ജ്യൂസ് എടുക്കാൻ വേണ്ടി ഗോഡൗണിൽ കയറിയതാണ് ഏട്ടൻ. ലൈറ്റിൻ്റെ സ്വിച്ച് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതിനിടയിൽ അടുക്കി വച്ചിരുന്ന വലിയ നേർത്ത ഗ്ലാസ് ഷീറ്റിൻ്റെ കോണുകളിൽ തട്ടി കാൽ ആഴത്തിൽ മുറിയുകയായിരുന്നു . ചെരുപ്പിൽ എന്തോ ഒട്ടുന്നതു പോലെ തോന്നിയപ്പോഴാണ് രക്തം ഒലിക്കുന്നതറിഞ്ഞത് . പക്ഷെ അപ്പോഴേക്കും വീണു പോയിരുന്നു .
ഇരുപത്തൊന്നു ദിവസം ഐ സി യു . പിന്നെ വാർഡ് . തുടരെ ശസ്ത്രക്രിയകൾ . അസുഖം ഭേദമായി വീട്ടിലെത്തിയപ്പോൾ ആറു മാസത്തോളം കഴിഞ്ഞു . ഇനി ഒരു വർഷത്തെ കഠിന വിശ്രമം
ബ്ലേഡുകാരിൽ നിന്ന് പണം വാങ്ങിയതിനാൽ കടം കൂടി വന്നു . ഒടുവിൽ ഏട്ടത്തിയുടെ അനുജൻ ആ കട ഏറ്റെടുത്ത് കടങ്ങൾ വീട്ടി .
ഏട്ടൻ കണക്കൊന്നും ചോദിച്ചില്ല .
വീട്ടിൽ വന്നതു മുതൽ ചന്തയിൽ പോയി ഏട്ടന് ഇഷ്ടപ്പെട്ടതൊക്കെ അച്ഛൻ വാങ്ങി വരുന്നത് കണ്ടു .
ദിവസവും ഹനുമാൻ ക്ഷേത്രത്തിലും , ശാസ്താവിൻ്റെ അമ്പലത്തിലും സന്ദർശ്ശനം അച്ഛൻ പതിവാക്കി.
അവർക്കിടയിലെ അകൽച്ച നേർത്തു വരുന്നത് പോലെ . ഒരു വാക്കാൽ പോലും ഏട്ടനെ നോവിക്കാതിരിക്കാൻ അച്ഛനും ശ്രദ്ധിക്കുന്നതു പോലെ തോന്നി. ഏട്ടത്തിയമ്മയും അച്ഛനോട് സംസാരിച്ചു കണ്ടപ്പോൾ , സന്തോഷം വർദ്ധിച്ചു.
ഊണുമേശക്കിരുപുറത്തുമിരുന്നു കൊണ്ട് മൂന്നുപേരും തമാശകൾ പറയുമ്പോൾ , ഉള്ളിൽ അറിയാതെ ഒരങ്കലാപ്പ് . രണ്ടര വർഷക്കാലത്തിൽ ഇനിയും ഒരു വർഷം കൂടി ബാക്കിയുണ്ട്.
കുഴപ്പങ്ങൾ അനേകം നേരിടേണ്ടി വന്നുവെങ്കിലും ഈ നല്ല മാറ്റത്തിന് ശനീശ്വരന് നന്ദി പറഞ്ഞു കൊണ്ട്, ഇനി അടുത്തതെന്താവും എന്ന ആലോചനയിൽ ഞാൻ മുഴുകി.
ഉണ്ണി മാധവൻ - 01/03/2017

::12A:::


::12A:::
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ അഡ്രസ് ഒന്നുകൂടി നോക്കി. രാജീവിനോട് ചോദിച്ചപ്പോൾ അങ്ങനെ ഒരു ഫ്ലാറ്റ് ശ്രദ്ധയിൽ പെട്ടതായി അവനും ഓർമ്മയില്ല. ഏതായാലും പോവുക തന്നെ. ഇരുട്ടും മുൻപ് എത്തിയാൽ കണ്ടുപിടിക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാവില്ല .
സിറ്റിയുടെ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞ് ചതുപ്പു നിലം നികത്തിയെടുത്ത സ്ഥലത്ത്, പണി പൂർത്തിയാവാത്ത ഒരു ഫ്ലാറ്റ് . രണ്ടാം നിലയിലെ പത്താം നമ്പർ ഫ്ളാറ്റിലേക്കുള്ള ചെറിയ പാർസലുമായി ഞങ്ങളവിടെ എത്തി.
ഇരുട്ട് പരന്നു തുടങ്ങിയിരുന്നു .
സെക്യൂരിറ്റി റൂമിൽ ആളുമില്ല, വെളിച്ചവുമില്ല. ഭാഗ്യം, ലിഫ്റ്റുണ്ട്.
ലിഫ്റ്റിലേക്ക് കയറുമ്പോൾ പെട്ടെന്ന് ഒരു ശബ്ദം .
-“അങ്കിൾ , ഞാനും കൂടി”.
ഒരു ചെറിയ കുട്ടി. അഞ്ചു വയസ്സ് പ്രായം വരും. കളിച്ചു ക്ഷീണിച്ചു വരുന്നതു പോലെ തോന്നി. നെറ്റിയിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു . ഞങ്ങളോടൊപ്പം ലിഫ്റ്റിനുള്ളിൽ അവൾ നിഷ്കളങ്കഭാവത്തോടെ നിന്നു
-“മോൾടെ പേരെന്താ. എന്തുപറ്റി നെറ്റിയിൽ?”
രാജീവിൻ്റെ ചോദ്യം കേട്ടപ്പോൾ പെട്ടെന്ന് ആ മുഖത്തു ദേഷ്യം.
“എൻ്റെ പേര് നിസ. തലയിൽ എ സി വീണതാ. ഞാനും ചേച്ചിയും കൂടി കളിക്കുവാരുന്നു . ചോര കണ്ടപ്പോൾ ചേച്ചി ഓടിപ്പോയി അങ്കിൾ. ഞാൻ ഒത്തിരി കരഞ്ഞു.”
-“എ സിയോ?” ഞങ്ങൾക്ക് ചിരി പൊട്ടി. മോൾ ഏതു ഫ്ലോറിലേക്കാണ് . ഞങ്ങളും കൂടെ വരാം.
- “അങ്കിൾ, ഇവിടെ രണ്ടു ഫ്ലോറേയുള്ളൂ . എന്റേത് 12A” .
അപ്പോഴാണ് ഞങ്ങൾ ലിഫ്റ്റിലെ സ്വിച്ചിൽ ശ്രദ്ധിച്ചത്. മൂന്നാം ഫ്ലോറിൻ്റെ സ്വിച്ച് മുതൽ ടേപ്പ് ഒട്ടിച്ചിരിക്കുന്നു.
-“പാർസൽ കൊടുത്തിട്ട് നമുക്കിവളെ 12A യിൽ വിടണം . ഇങ്ങനെ കുട്ടികളെ അപകടകരമായ രീതിയിൽ കളിക്കാൻ വിടരുതെന്ന് അവളുടെ മാതാപിതാക്കളോട് പറയാം . കേൾക്കുന്നെങ്കിൽ കേൾക്കട്ടെ”, രാജീവിന് അരിശം കൂടി വന്നു .
ലിഫ്റ്റിൽ നിന്നും ഇറങ്ങിയ ഉടനെ തന്നെ അവൾ കോറിഡോറിലൂടെ ഓടിപ്പോയി. നിൽക്കാൻ പറഞ്ഞെങ്കിലും തിരിഞ്ഞു പോലും നോക്കിയില്ല.
ഞങ്ങൾ പത്താം നമ്പർ ഫ്ലാറ്റിൻ്റെ കാളിങ് ബെൽ അടിച്ചു . ഏറെ നേരം കാത്തിരുന്നിട്ടും വാതിൽ തുറന്നില്ല . വീണ്ടും ആ പാഴ്സലും കൊണ്ടു വരേണ്ടി വരുമെന്ന് ആലോചിച്ചപ്പോൾ ദേഷ്യം വന്നു .
-“ഇവർ എവിടെപ്പോയെന്നു നിസയുടെ ഫ്ലാറ്റിൽ ചോദിച്ചാലോ’ . രാജീവിൻ്റെ ഐഡിയക്ക് ഞാൻ എതിരു പറഞ്ഞില്ല .
ഞങ്ങൾ ചെല്ലുമ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു . അകത്തു നിന്ന്‌ ഒരു വല്ലാത്ത ദുർഗന്ധം അനുഭവപ്പെട്ടു. കതകിൽ മുട്ടാനാഞ്ഞപ്പോഴേക്കും നിസയുടെ അച്ഛൻ എന്ന് തോന്നിക്കുന്ന ഒരാൾ അവിടെയെത്തി .
-“ഉം , എന്തു വേണം”,
-“ഞങ്ങൾ പത്താം നമ്പറിൽ ഒരു പാർസൽ കൊടുക്കാനായി വന്നതാണ് . അവിടെ ആരും കതകു തുറക്കുന്നില്ല . വിളിക്കാൻ ഫോൺ നമ്പർ റെസിപ്റ്റിൽ കൊടുത്തിട്ടുമില്ല . അവർ എന്നു വരുമെന്ന് അറിയാമോ” . പരമാവധി വിനയത്തോടെ ഞാൻ ചോദിച്ചു .
-“അവിടുത്തെ കാര്യം എന്നോട് ചോദിച്ചാൽ ഞാനെങ്ങനെ അറിയാനാണ് . പോയി സെക്യൂരിറ്റിയോടെങ്ങാനും ചോദിക്ക്.” മര്യാദയില്ലായ്മ ആ സ്വരത്തിൽ നിറഞ്ഞു നിന്നിരുന്നു .
-“മോൾക്ക് എങ്ങനെയുണ്ട്. ഞങ്ങളുടെ ഒപ്പമാണ് അവൾ താഴെനിന്നും വന്നത്. ഡോക്ടറെ കാണിക്കേണ്ടേ . മുറിവിൽ നിന്നും നന്നായി ചോര വരുന്നുണ്ടായിരുന്നല്ലോ .” അയാളെ ഒന്ന് തണുപ്പിക്കുവാൻ വേണ്ടി ഞാൻ ചോദിച്ചു .
=“എൻ്റെ മോൾക്ക് എന്തു കുഴപ്പം?” എന്നിട്ട് തിരിഞ്ഞു നിന്നയാൾ മോളെയെന്ന് ഉറക്കെ വിളിച്ചു . ഉദ്ദേശം പത്തു വയസു പ്രായമുള്ള ഒരു കുട്ടി അവിടെയെത്തി . നിസയുടെ ചേച്ചി ആയിരിക്കുമെന്ന് ഞങ്ങൾ ഊഹിച്ചു.
-“ഇതാണ് എൻ്റെ മകൾ . ഇവൾക്ക് യാതൊരു കുഴപ്പവുമില്ല.”
-“ഞങ്ങൾ നിസയുടെ കാര്യമാണ് പറയുന്നത് . ഈ കുട്ടിയുടെ ഇളയതാവും അല്ലേ.” മുഖത്തൊരു പുഞ്ചിരി വരുത്തി ഞാൻ ചോദിച്ചു .
-“നിസയോ , അവൾ മരിച്ചിട്ടിപ്പോൾ എട്ടു മാസം കഴിഞ്ഞില്ലേ”
ഞങ്ങളൊന്നു ഞെട്ടി . കൂടുതൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ അയാൾ അകത്തു പോയി ഒരു പേപ്പർ കട്ടിങ് എടുത്തുകൊണ്ടു വന്നു . താഴേക്കു വീണ വിൻഡോ എസിയുടെ മൂല തലയിൽ തട്ടി മരിച്ച കുട്ടിയുടെ ഫോട്ടോയും വിവരണങ്ങളും .
രാജീവിൻ്റെ കൈകൾ വിറക്കാൻ തുടങ്ങി . വൃശ്ചിക മാസത്തിലെ തണുപ്പിലും ഞാൻ വിയർത്തു . കണ്ട ഹോളിവുഡ് സിനിമകൾ മനസ്സിലൂടെ കടന്നു പോയി.
“പേടിക്കേണ്ട,” അയാൾ തുടർന്നു. “അവൾ ഇവിടൊക്കെ ഇങ്ങനെ ചുറ്റിത്തിരിയുന്നുണ്ട് . ആരെയും ഉപദ്രവിച്ചിട്ടില്ല .”
അകത്തു നിന്ന് ഉച്ചത്തിൽ ഒരു സ്ത്രീയുടെ തേങ്ങൽ കേട്ട് ആയാളും മുതിർന്ന കുട്ടിയും അകത്തേക്ക് പോയി .
എന്തു ചെയ്യണം എന്നറിയാതെ ഞങ്ങൾ അവിടെ നിന്നു. പുറത്തേക്കു നോക്കുമ്പോൾ ഇരുട്ടിനു കനം കൂടിയിരിക്കുന്നു .
നിസ അവിടെയെങ്ങാനും ഉണ്ടാവുമോ .
പരസ്പരം ഒന്നും സംസാരിക്കാതെ ഞങ്ങൾ പതുക്കെ പടിയിറങ്ങി . ലിഫ്റ്റിലേക്കു നോക്കാൻ പോലും ധൈര്യം ഉണ്ടായില്ല .
പാർക്കിങ് ഏരിയയിൽ നിന്ന് ബൈക്കെടുത്തു തിരിഞ്ഞപ്പോൾ മുന്നിൽ നിസ .
രാജീവിൻ്റെ കൈകൾ വിറക്കുന്നത് ഞാൻ കണ്ടു . എൻ്റെ ഹൃദയം അതി ശക്തിയായി മിടിച്ചു തുടങ്ങി .
-“അങ്കിളേ , ചേച്ചിയെ കണ്ടോ . അവരെല്ലാം കൂടി എന്നെ കൊന്നതാ . ചേച്ചിയെ അവർ കൊല്ലും.” നിസ പിന്നെയും എന്തൊക്കെയാ പറയുന്നുണ്ടായിരുന്നു .
എങ്ങനെയോ രാജീവ് ബൈക്ക് തിരിച്ച് ഗേറ്റിലൂടെ റോഡിലെത്തി .
നല്ല ഇരുട്ടിൽ ബൈക്കിൻ്റെ വെളിച്ചം മാത്രം. മെയിൻ റോഡ് എത്തും വരെ ഞങ്ങൾ ഭയന്ന് വിറച്ചു. എൻ്റെ .വീടെത്തിയപ്പോൾ നേരം നന്നേ വൈകി . രാജീവും എൻ്റെ വീട്ടിൽ തന്നെ കൂടി .
രാത്രി രണ്ടുപേർക്കും ഒരു പോള കണ്ണടക്കാനായില്ല . നിസ , എന്ന കുട്ടി, അഥവാ പ്രേതം പറഞ്ഞത് സത്യമെങ്കിൽ ആരായിരിക്കും കൊന്നത് . ഞങ്ങൾ രാത്രി മുഴുവൻ ചർച്ച ചെയ്തു . ഏതായാലും നിസയുടെ അച്ഛനെ ഈ വിവരം അറിയിക്കണം . ഏന്തെങ്കിലും അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ട് വരട്ടെ .
അവധി ദിനമായിട്ടു കൂടി ഉച്ചക്ക് അവിടേക്കു വീണ്ടും പോകാൻ ഞങ്ങൾ തീരുമാനിച്ചു .
അമ്പലത്തിലെ പൂജാരിയെ രാവിലെ തന്നെ കണ്ട്, ചരടു ജപിച്ചുകെട്ടാനും മറന്നില്ല. വീണ്ടും നിസയെ കണ്ടാലോ . ഓർത്തപ്പോൾ ഭയത്തിൻ്റെ വെള്ളിടി വെട്ടൽ
ഉച്ചക്ക് മുൻപേ ഞങ്ങൾ അവിടെയെത്തി. ഇത്തവണ സെക്യൂരിറ്റി ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു. എക്സ് -മിലിറ്ററി ആണെന്നു തോന്നി. പത്താം നമ്പർ ഫ്ലാറ്റിലേക്ക് പാർസലുമായി വന്നുവെന്നു പറഞ്ഞപ്പോൾ അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി .
-“അവിടെ ഇപ്പോൾ ആരും താമസമില്ല . നിങ്ങൾ വെറുതെ മിനക്കെട്ടുവല്ലോ.”
-“എന്നാൽ ഞങ്ങൾ 12A -യിലെ ചേട്ടനെ ഒന്ന് കണ്ടു ഒരു കാര്യം പറഞ്ഞിട്ട് വരാം.ഇന്നലെ പത്തിൽ പാർസൽ കൊടുക്കാൻ വന്നപ്പോൾ പരിചയപ്പെട്ടിരുന്നു”
-“12A -യിലെ ചേട്ടനോ” . സെക്യൂരിറ്റി ഞങ്ങളെ തുറിച്ചു നോക്കി .
-“അതെ , നിസയുടെ അച്ഛൻ .”
പെട്ടെന്നയാൾ ഞങ്ങളുടെ കൈക്ക് പിടിച്ചു സെക്യൂരിറ്റി റൂമിൻ്റെ അകത്തേക്ക് കൊണ്ട് പോയി . വാതിൽ അടച്ച ശേഷം എന്തൊക്കെയോ ഉരുവിടുന്ന പോലെ തോന്നി .അയാളുടെ ചെയ്തികൾ കണ്ട് ഞങ്ങൾ വീണ്ടും പരിഭ്രാന്തരായി .
-“നിങ്ങളെന്താ പറഞ്ഞത് , 12A യിലെ ചേട്ടനോ . അവിടെ താമസിച്ചിരുന്ന കുടുംബം കൂട്ട ആത്‍മഹത്യ ചെയ്തിട്ട് ഇപ്പോൾ മൂന്നു മാസം ആകുന്നു.”
രാജീവും ഞാനും പരസ്പരം നോക്കി . ഒന്നും മിണ്ടാനാകുന്നില്ല . അയാൾ തുടർന്നു .
-“ഗൾഫിലായിരുന്ന ആ മനുഷ്യൻ ജോലി രാജി വെച്ചു വന്ന മുതലാണ് പ്രശ്നങ്ങളുടെ ആരംഭം .ഇളയ കുട്ടി , നിസ തൻ്റെയല്ല എന്ന വിശ്വാസം അയാളിൽ എങ്ങനെയോ ഉറച്ചിരുന്നു. പണി തീരാത്ത ഫ്ലാറ്റിൻ്റെ ഒരു മുറിയിൽ ഫിറ്റ് ചെയ്യാതെ വച്ചിരുന്ന എ സി തള്ളി നീക്കി അയാൾ താഴെ കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ പുറത്തേക്ക് ഇടുകയായിരുന്നു . മൂത്ത കുട്ടി ഭാഗ്യത്തിന് രക്ഷപെട്ടു . അപകടമരണമെന്നു ആദ്യം കരുതിയെങ്കിലും, പോലീസ് അയാളുടെ വിരലടയാളം എടുത്ത ദിവസം രാത്രി നിസയുടെ അമ്മ ഭക്ഷണത്തിൽ വിഷം കലർത്തി എല്ലാവർക്കും കൊടുക്കുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് ദുർഗന്ധം വരുമ്പോഴാണ് ഇതറിഞ്ഞത് . ഞാൻ ജോലി വിട്ടു . ഇപ്പോൾ തന്നെ വൈകുന്നേരം ഞാൻ വീട്ടിൽ പോകും. ഇനി ഒരു താമസക്കാരൻ പോലുമില്ല.” ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ ശേഷം അയാൾ നിന്ന് കിതച്ചു .
ഭയം അതിൻ്റെ ഉച്ചസ്ഥായിയിൽ ഞങ്ങൾക്ക് ചുറ്റും മുഴങ്ങാൻ തുടങ്ങി . ഇന്നലെ ഞങ്ങൾ ചിലവഴിച്ചത് പ്രേതങ്ങളോടൊപ്പമെന്നു ഓർത്തപ്പോൾ വയറ്റിൽ നിന്നും ഒരു തീജ്വാല പുറത്തേക്കു വരുന്നത് പോലെ .
സെക്യൂരിറ്റിയോട് യാത്രപറഞ്ഞു ഞങ്ങൾ വേഗം ബൈക്കെടുത്തു . ഗേറ്റ് കടന്ന ശേഷം ഞാനൊന്നു തിരിഞ്ഞു നോക്കി.
സെക്യൂരിറ്റി റൂമിലെ ദുർഗന്ധം മുൻപ് എവിടെയോ ...മൂക്കിനു ആ ഗന്ധം നല്ല പരിചയം പോലെ.....
By: ഉണ്ണിമാധവൻ 22/01/17- 12.00 Midnight
NB: ഇതുപോലെ ഒരു സിനിമ ഉണ്ടെന്നു ചില സുഹൃത്തുക്കൾ സൂചിപ്പിക്കുകയുണ്ടായി . കാണുവാൻ ശ്രമിക്കാം .
നടന്ന സംഭവമാണിത് . അല്പം ഭാവന കൂടി കലർത്തിയിരിക്കുന്നു . ഇത് പറഞ്ഞ സുഹൃത്തിന്റെ അഭ്യർത്ഥനപ്രകാരം പ്ലോട്ട് മാറ്റിയിട്ടുണ്ട്.
ടൈംലൈനിൽ മുൻപ് വായിച്ചവരോട് നന്ദിയും, ഒപ്പം - വീണ്ടും പോസ്റ്റ് ചെയ്തതിൽ ക്ഷമയും ചോദിക്കുന്നു

==ശൂന്യം==


==ശൂന്യം==
കത്തിയെരിയും പ്രണയസൗധത്തിൻ്റെ
തെക്കിനി വിണ്ടുകീറുമ്പോൾ കരയുന്ന
മൗനരോഷത്തിൻ്റെ തപ്തനിശ്വാസമെൻ
ബോധമണ്ഡലം തച്ചുതകർക്കുന്നു.
സക്തസ്വപ്നങ്ങൾക്കിടയിലൂടന്നു ഞാൻ
വന്യമോഹങ്ങളെക്കൂർപ്പിച്ചു കുത്തവേ
ചിന്തിയ രക്തപുഷ്പങ്ങളിൽപിടഞ്ഞെന്തു
കേഴുന്നൂ ഹൃദയം,വിമൂകമായ്?
ഉച്ചിമീതെപറക്കുമുന്മാദിതൻ
ഛേദകാരകശീഘ്രനിശ്വാസങ്ങള്‍
ഉള്ളുലയ്ക്കും വ്രണിതഹൃദയത്തിൻ്റെ-
യുള്ളുനീറ്റും, മറുചിന്ത തിളക്കുമ്പോൾ
അഗ്നിപുഷ്പപരാഗം പൊഴിയുന്ന
ജന്മബന്ധന യാമത്തിലെത്രനാൾ
അസ്ഥിപഞ്ജരമായിക്കഴിഞ്ഞു ഞാൻ
മൃത്യു നേരമായ്, ഭിക്ഷ തേടുന്നിതാ.
===ഉണ്ണി മാധവൻ : 11/01/2017

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo