Showing posts with label ഉണ്ണിമാധവൻ. Show all posts
Showing posts with label ഉണ്ണിമാധവൻ. Show all posts

==="കഥ" - നാം കാത്തിരുന്ന വിപ്ലവം====


==="കഥ" - നാം കാത്തിരുന്ന വിപ്ലവം====
"നല്ലെഴുത്ത്.കോം, തുടങ്ങുമ്പോൾ ഏറ്റവും പ്രാധാന്യം കൊടുത്ത ഒരു ലക്ഷ്യമുണ്ട് . നല്ലെഴുത്തിനൊപ്പം നിൽക്കുന്ന, നല്ല കഴിവുള്ള എഴുത്തുകാരെ ഓൺലൈൻ മീഡിയക്ക് പുറമെ , പ്രിന്റഡ് പബ്ലിഷിംഗ് മേഖലയിലേക്കു കൂടി കൈപിടിച്ചുയർത്തണം. ഓൺലൈൻ എഴുത്തുകാരെ പടിക്കു പുറത്തു നിർത്തുന്ന ശീലമുള്ള സ്ഥലത്ത് ഇതത്ര എളുപ്പമല്ലെന്ന് അധികം വൈകാതെ ഞങ്ങൾക്ക് ബോധ്യമായി.
"നല്ലെഴുത്തുകൾ " എന്ന രചനാ സമാഹാരം, അൻപത്തിയൊന്നു രചയിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കിയത് . അതിനു വേണ്ടി പരിശ്രമിച്ചപ്പോഴാണ്, ഓൺലൈൻ എഴുത്തുകാർക്ക് മലയാള സാഹിത്യത്തിലെ സ്ഥാനക്കുറവ് പിടികിട്ടിയത് .
മികച്ച രചനകളായിരുന്നിട്ടുകൂടി പ്രസിദ്ധീകരിക്കാൻ പല പ്രമുഖ പ്രസിദ്ധീകരണശാലകളും വിസമ്മതിച്ചു. വളരെ വിഷമം തോന്നിയ സന്ദർഭം. സന്തോഷ് ഏച്ചിക്കാനത്തിൻ്റെ പ്രസ്താവന കൂടി വായിച്ചുകണ്ടപ്പോൾ കാര്യങ്ങളുടെ ഏകദേശ രൂപം മനസ്സിലായി
കുറേ ലൈക്കുകളും കമ്മെന്റുകളും കിട്ടി അതിൽ സന്തോഷമടഞ്ഞു തീർന്നു പോകേണ്ടതല്ലാത്ത നിരവധി എഴുത്തുകാർ ഓൺലൈൻ മേഖലയിലുണ്ട് . ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും ഒക്കെയായി ധാരാളം രചനകൾ വരുന്നതിനാൽ, ചർച്ച ചെയ്യപ്പെടുന്നവ , അഥവാ ദീഘകാലം ഓർത്തിരിക്കപ്പെടുന്നവ വളരെക്കുറവാണ് .
"Bridging the gap" - എന്ന ചിന്തയിലേക്ക് ഞങ്ങളെത്തിയത് ഇതിനാലാണ് . ഓൺലൈൻ എഴുത്തുകാർ മുഖ്യധാരാ മാധ്യമങ്ങളിലും അറിയപ്പെട്ടാൽ അതൊരു വിപ്ലവത്തിനു തന്നെ തുടക്കമിട്ടേക്കുമെന്ന് ഞങ്ങളുറച്ചു വിശ്വസിച്ചു .
ഈ അവസരത്തിൽ "കലാകൗമുദി ", ഗൾഫ് മേഖലയിലെ ദിനപ്പത്രങ്ങൾ എന്നിവർ നിലപാടിൽ നല്ല രീതിയിൽ അയവു വരുത്തി. നല്ലെഴുത്തിലെ പല രചയിതാക്കളുടെയും രചനകൾ ആഴ്ചപ്പതിപ്പിലൂടെയും, ദിനപ്പത്രങ്ങളിലൂടെയും അച്ചടിച്ചു വന്നു . (അതൊക്കെ പലപ്പോഴായി പല പോസ്റ്റുകളിലൂടെ ഇവിടെത്തന്നെ നേരത്തെ അറിയിച്ചിട്ടുണ്ട്)
ഇന്ന് ഈ വിപ്ലവം മുൻപോട്ടു കൊണ്ടുപോകാൻ സധൈര്യം മുന്നോട്ടു വന്നിരിക്കുകയാണ് കലാകൗമുദി ഗ്രൂപ്പിൻ്റെ "കഥ " മാസികയും അതിന്റെ അണിയറക്കാരും . സാഹിത്യ രംഗത്ത്, "കഥ " മാസിക ഒരു പുതിയ ചരിത്രം രചിക്കുകയാണ് . നാനൂറാമത് ലക്കത്തിൽ എത്തി നിൽക്കുമ്പോൾ "കഥ " സ്വീകരിച്ച ഈ നിലപാടിന് അണിയറപ്രവർത്തകരോട് നന്ദി പറയുന്നു .
കഴിഞ്ഞ രണ്ടു ലക്കങ്ങളിലും ധാരാളം പുതിയ എഴുത്തുകാരെ / ഓൺലൈൻ എഴുത്തുകാരെ കഥ പരിചയപ്പെടുത്തുകയുണ്ടായി . ഓരോ ലക്കത്തിലും പുതിയ നല്ലെഴുത്തുകാരെ പ്രോത്സാഹിപ്പിക്കും എന്ന വാക്കു പാലിക്കുകയാണ് "കഥയുടെ അമരക്കാർ .
ഈ വിപ്ലവത്തിൽ നമ്മളും പങ്കെടുക്കുക . കൂടുതൽ ഓൺലൈൻ രചയിതാക്കൾ ഇവ്വിധത്തിൽ അറിയപ്പെടട്ടെ. സ്വന്തം സാഹിത്യം ഇവിടെ രേഖപ്പെടുത്തിക്കാണണമെന്നു താല്പര്യമുള്ള ഓൺലൈൻ എഴുത്തുകാർ, "കഥ" മാസികയെ , അവരുടെ ഈ ഉദ്യമത്തെ പിന്തുണക്കുക.
Subscription എടുത്തും, സജീവമായി കഥയ്ക്ക് നിർദ്ദേശങ്ങൾ നൽകിയും അതൊരു മികച്ച സാഹിത്യ മാസികയായി വളർത്തുക . "കഥ "യുടെ ഈ വിപ്ലവം ബാക്കി പ്രസിദ്ധീകരണങ്ങൾക്കു കൂടി പ്രചോദനമാവട്ടെ .
നല്ലെഴുത്തിലെ സജീവ അംഗങ്ങൾ Subscription എടുക്കുക. തങ്ങളുടെ രചനകൾ പ്രസിദ്ധീകരിച്ചു കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ, nallezhutheditor@gmail.com എന്ന ഈമെയിലിൽ അയച്ചാൽ, "കഥ" യിലേക്ക് അയച്ചു കൊടുക്കുന്നതാണ്.
അത്യന്താധുനിക സാഹിത്യം ഒന്നുമല്ലെങ്കിലും, വായനാ സുഖം ഉണ്ടായിരിക്കണം. അക്ഷരത്തെറ്റുകൾ, വികലപ്രയോഗങ്ങൾ , അശ്ലീലം എന്നിവ ഒഴിവാക്കിയിരിക്കണം.
മറ്റെങ്ങും പ്രസിദ്ധീകരിക്കാത്ത രചനകൾ മാത്രം അയക്കുക .രചന അയയ്ക്കുമ്പോൾ, കൂടെ ഫോട്ടോയും ചെറു ജീവചരിത്രക്കുറിപ്പും അയയ്ക്കുക . എല്ലാം ഓപ്പൺ ഫയൽ ആയി മെയിലിൽ തന്നെ ഉൾപ്പെടുത്തി അയയ്ക്കുക .
"കഥ " വളരട്ടെ ...കഥയിലൂടെ നമുക്കും വളരാം.
നന്ദി -- ഉണ്ണി മാധവൻ

:::: മദ്യം V/s ? :::::


സാധാരണക്കാരായ അറേബ്യൻ ജനതയുടെ പ്രത്യേകതയാണ് - " CarelessAttitude ". ഇത് ഗുണകരമായി വരുന്ന ചില സന്ദർഭങ്ങളുണ്ട് . നല്ലത് വരുമ്പോഴും, ദുരന്തങ്ങൾ വരുമ്പോഴും , ഭാവിയെക്കുറിച്ചാലോചിക്കുമ്പോഴും , സർവ്വേശ്വരനായ അല്ലാഹുവിന്റെ അഭീഷ്ടപ്രകാരം നടക്കുന്നുവെന്ന സങ്കൽപ്പത്തിൽ ആശ്വാസം കൊള്ളും. ചുരുക്കത്തിൽ, ഒരുമാതിരി സംഗതികൾക്കൊന്നും അവരെ ദീർഘനാൾ മാനസിക പിരിമുറുക്കത്തിൽ (stress ) തളച്ചിടാനാവില്ല .
ഇതിനു കടക വിരുദ്ധമാണ് നമ്മുടെ കാര്യങ്ങൾ . ഏതു മതത്തിൽ വിശ്വസിച്ചാലും, ചുറ്റുപാടുകളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് ജീവിതം ക്രമീകരിക്കുമ്പോൾ, "വർത്തമാന കാലത്തിലെ താരതമ്യ ചിന്തനം", "ഭാവിയെക്കുറിച്ചുള്ള അമിതമായ ഉൽക്കണ്ഠ" എന്നിങ്ങനെ രണ്ടു ചാലുകളിൽ കൂടി ജീവിതം ചലിക്കാൻ തുടങ്ങും . രണ്ടിനും പാർശ്വഫലം ഒന്നുതന്നെ - Stress.
ഒന്നിലും സംതൃപ്‌തി നേടാനാകാത്ത അവസ്ഥ കൂടിയാകുമ്പോൾ ജീവിതം യുദ്ധസമാനമായി മാറുന്നു.
യഥാർത്ഥത്തിൽ ഇത്രയധികം പിരിമുറുക്കം നമ്മൾ നേരിടേണ്ടതുണ്ടോ എന്നാലോചിക്കുന്നത് നന്നായിരിക്കും . പൂർവ്വികരേക്കാൾ മികച്ച ജീവിതസാഹചര്യമുണ്ടായിട്ടും ഒന്നിലും നമുക്ക് തൃപ്തി പോര.
അമിതമായ മാനസിക പിരിമുറുക്കത്തിലാഴുമ്പോൾ, നാമറിയാതെ മനസ്സ് "Stress Reliever" അഥവാ ആശ്വാസദായകനെ തേടിത്തുടങ്ങും. പലപ്പോഴും പുരുഷന്മാരിൽ ലഹരി ഒരു ആശ്വാസഹേതുവായി വരുന്നതിവിടെയാണ് .
കടുത്ത മാനസിക പിരിമുറുക്കത്തിൽ അകപ്പെട്ട ഒരു വലിയ സമൂഹമാണ് നമ്മുടേത്. കാലങ്ങളായി മദ്യം ഒരു Tension Reliever -ആയി പ്രവർത്തിക്കുന്നുണ്ടെന്നുള്ളത് വാസ്തവം തന്നെയാണ് . ഇതിൻ്റെ ദൂഷ്യഫലങ്ങൾ, അമിതാസക്തി എന്നിവയിലേക്ക് കടക്കുന്നില്ല .
ഇന്നത്തെ നിലയ്ക്ക് ലഹരി ഒഴിവാക്കാൻ മലയാളിക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. വിദേശത്തു നിന്ന് / മിലിട്ടറിയിൽ നിന്ന് നാട്ടിലേക്ക് വരുന്ന സുഹൃത്തിൻ്റെ പെട്ടിയിൽ മദ്യക്കുപ്പി തേടുന്ന ശീലവും, വിമാനയാത്രയ്ക്കിടെ ഓസിനു കിട്ടുന്ന മദ്യം അടിച്ചു "വാളു" വക്കുന്ന പ്രവാസിയും, കയ്യിൽ കാശു തികയാതെ വന്നാൽ ഷെയർ ഇട്ടു വാങ്ങി പൂസാവുന്ന രീതിയും, മദ്യ വിൽപ്പന കേന്ദ്രങ്ങളിലെ നീണ്ട ക്യൂ എന്നിവയും നമുക്ക് ശീലമായിക്കഴിഞ്ഞിരിക്കുന്നു .
ലഹരിയുടെ പോപ്പുലർ മുഖമായ മദ്യം നമ്മുടെ സമൂഹത്തിൽ നിന്നും ഒഴിവാക്കുമ്പോൾ , ഒരു പകരക്കാരൻ അവിടെ ഉദിച്ചുയരും .ചാരായനിരോധനം വന്നപ്പോൾ സ്പിരിറ്റ് വ്യാപാരം ഉഷാറായതോർക്കുക. അതു വരെ, പാർട്ടി / ചെറു മാഫിയകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഗുണ്ടാ പ്രസ്ഥാനം അതോടൊപ്പം വളർന്നതും മറക്കരുത്.
മദ്യം ഒഴിവാക്കപ്പെടുമ്പോൾ , ഇനിയെത്തുക കഞ്ചാവ് , ഹാഷിഷ് പോലെയുള്ള ആഗോള ലഹരിഭീകരന്മാരാവാം. കൊണ്ടുനടക്കാനെളുപ്പം, അനായാസമായി മറച്ചു വയ്ക്കാം, എല്ലാ ജനവിഭാഗത്തേയും ടാർഗറ്റ് ചെയ്യാം, ഉപഭോക്താവ് ഒരിക്കലും വിട്ടുപോകില്ല, സാധനം അന്താരാഷ്ട്ര വിപണിയിൽ നിന്നും കടൽത്തീരങ്ങൾ വഴി വേഗം ഉള്ളിലെത്തിക്കാം എന്നിങ്ങനെ ധാരാളം മെച്ചങ്ങൾ ഈ ഭീകരന്മാരുടെ കച്ചവടത്തിലുണ്ട് .
ലഹരിയിൽ നിന്നും ഒരിക്കലും നാം മാറിനിൽക്കില്ല എന്ന് പ്രതിജ്ഞ എടുത്ത സ്ഥിതിക്ക് താരതമ്യേന കുറഞ്ഞ സാമൂഹികാഘാതം സൃഷ്ടിക്കുന്നതും, ഗുണനിലവാരം കൂടിയതുമായ സാധനങ്ങൾ
ലഭ്യമാക്കിക്കൊടുക്കുന്നതാണ് നല്ലതെന്നു തോന്നുന്നു . Less Alcoholic ബിയർ പാർലറുകളും, Flavored തെങ്ങിൻ കള്ളുമൊക്കെ പരിഗണിക്കാവുന്നതാണ്. ഇതൊക്കെ ലഭ്യമാക്കിയാൽ സമൂഹം അപ്പാടെ തകർന്നു പോകുമെന്നൊന്നും കരുതേണ്ട . അമിതമാവാതെ നോക്കിയാൽ മതിയാകും.
കൂടാതെ , നല്ല ഉപഭോഗാനന്തര സംസ്കാരം എന്തെന്ന് കൂടി പഠിപ്പിച്ചു കൊടുക്കണം . ലളിതമായി പറഞ്ഞാൽ " വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം "
NB : കേരളവും മെക്സിക്കോയും തമ്മിൽ സാമൂഹിക വൈജാത്യം കുറഞ്ഞു വരുന്നുണ്ടത്രേ. ലഹരിയും, കുടിലരാഷ്ട്രീയ തന്ത്രങ്ങളും, മാഫിയകളുടെ സ്വാധീനവും - അങ്ങനെ പലതിലും നമ്മൾ അവരോടൊപ്പമാണ് . ചില കാര്യങ്ങളിൽ വളരെ മുൻപിലും
By: ഉണ്ണി മാധവൻ 06/06/2017

:::മാസ്ക്:::


:::മാസ്ക്:::
മന്ത്‌ലി കോൺഫറൻസിനു വന്നപ്പോൾ ഇങ്ങനെ ഒരു പാര ഞങ്ങളെ കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞില്ല .
ഉച്ചക്ക് ശേഷം എച് 1 എൻ 1 സ്പെഷ്യൽ ക്ലാസ് .
അതും ഡിഎംഒ യുടെ നേതൃത്വത്തിൽ .
രാവിലെ മീറ്റിംഗ് കഴിഞ്ഞ് ബിരിയാണിയും തട്ടി വീട്ടിലേക്കു പോകാറാണ് പതിവ്. ഇതിപ്പോൾ എന്താണാവോ .
" നിങ്ങളെ എല്ലാവരെയും ഞങ്ങൾ മെഡിക്കൽ കോളേജിലെ സർജന്മാരാക്കാൻ പോവുകയാണ് " ക്ലാസ് തുടങ്ങാൻ നേരം ഡിഎംഒ അഭിമാനത്തോടെ പറഞ്ഞു . ആവേശത്തോടെ ക്ലാസ്സ് മുഴുവൻ കേട്ടിരുന്ന ഞങ്ങൾക്ക് അവസാനം ഒരു പൊതി കിട്ടി . ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും, ഹെൽത്ത് സൂപ്പർവൈസർസിനും പൊതികൾ കൊടുത്തുള്ള ശീലമേയുള്ളു . ആദ്യമായി ഒരു പൊതി കിട്ടിയപ്പോൾ പലർക്കും അമ്പരപ്പ്.
“ആരും ഇവിടെ വച്ചു തുറക്കരുത്. സാമ്പിൾ ഇപ്പോൾ കാണിക്കാം” . ഡിഎംഒയുടെ ഗർജ്ജനം ഹാളിൽ മുഴങ്ങി ..
“ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത അമൂല്യ രക്ഷാകവചം . പച്ച നിറത്തിൽ കാണുന്നത് ബാക്ടീരിയ ഫിൽറ്റർ . എച് 1 എൻ 1 ബോധവൽക്കരണത്തിന് പോകുമ്പോൾ അസുഖം നമുക്ക് വരാതിരിക്കാൻ ഇതുപകരിക്കും . ഇത് മുഖത്തിട്ടു കൊണ്ട് വേണം നിങ്ങൾ ഫീൽഡ് വർക്കിനിറങ്ങാൻ . എല്ലാവർക്കും ഒരെണ്ണം വീതം ബഹുമാനപ്പെട്ട സർക്കാർ അനുവദിച്ചിട്ടുണ്ട് .”
അവർ നരച്ചു തുടങ്ങിയ സംസോണിറ്റ് സ്യൂട്ട് ക്കേസിൽ നിന്നും നാലു വാലുള്ള ജീവിയെ തൂക്കിയെടുത്തു പ്രദർശിപ്പിച്ചു.
ഞങ്ങളെല്ലാവരും പരസ്പരം നോക്കിയിരുന്നു പോയി . ഇത്ര വിലമതിക്കാനാവാത്ത സാധനം വീട്ടിൽ കൊണ്ടുപോയി എവിടെ വയ്ക്കും .
പച്ച മാസ്കും മുഖത്തു കെട്ടി നാലുപേരടങ്ങുന്ന ടീം പിറ്റേന്നു മുതൽ തന്നെ വീടുവീടാന്തരം കയറിയിറങ്ങിത്തുടങ്ങി .
രണ്ടാം ദിവസം, വീട്ടിൽ നിന്നും ഹെൽത്ത്‌സെന്ററിലേക്കു പോകാനൊരുങ്ങി ബാഗെടുത്തപ്പോൾ അടുത്തു വച്ചിരുന്ന മാസ്ക് കാണാനില്ല . മുറി മുഴുവൻ അരിച്ചുപെറുക്കി . വരാന്തയിൽ വീണുകിടപ്പുണ്ടോ എന്ന് നോക്കാനായി പുറത്തേക്കിറങ്ങിയ ഞാൻ ഞെട്ടി .
മാസ്ക് ഉപയോഗിച്ച് മൂത്തമകൾ ചെമ്പരത്തിത്താളി അരിച്ചെടുക്കുന്നു .
ദേഷ്യം നിയന്ത്രിക്കാനായില്ല . എൻ്റെ മുഖഭാവം മാറുന്നത് കണ്ട മകൾ പേടിച്ച് അടുക്കളയിലേക്കോടി .
പതിവ് പോലെ ഭാര്യ സഹായം വാഗ്ദാനം ചെയ്തു .
"ഇപ്പൊ ശരിയാക്കിത്തരാം " .
അഞ്ചു മിനുട്ട് ആയിട്ടുണ്ടാവും . കയ്യിലൊരു വെളുത്ത മാസ്കുമായി അവളെത്തി .
സംഭവം കൊള്ളാം . അതിൽ ഞാൻ സൂക്ഷിച്ചു നോക്കി . അച്ഛൻ്റെ ചുവപ്പുകരയുള്ള മുണ്ടിൻ്റെ ഒരറ്റം .
ചെറുതായി വക്കടിച്ചിട്ടുണ്ട് .
ഭാര്യയുടെ ബുദ്ധിയെ പ്രശംസിച്ചു കൊണ്ട് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി .
ഹെൽത്ത് സൂപ്പർവൈസറിനു സംശയം . “എന്നാലും ഉണ്ണി സാറേ , ഇതിൻ്റെ കളർ എങ്ങനെയാ മാറിയത്” .
കൂടുതലൊന്നും വിശദീകരിക്കാൻ നിൽക്കാതെ ഞാൻ മസ്സിൽ പിടിച്ചു നിന്നു.
ബ്രാഹ്മണ സമൂഹ മഠത്തിൻ്റെ പിന്നിലെ വീടുകളിലാണ് അന്നത്തെ ബോധവൽക്കരണം. ഗേറ്റ് തള്ളിത്തുറന്ന് ആദ്യത്തെ വീട്ടിലേക്കു ഞങ്ങൾ കയറി .
മൂക്കളയൊലിപ്പിച്ച് ടയറുമുരുട്ടി ഒരു ചെറിയ പയ്യൻ അല്പം മാറി നിൽപ്പുണ്ടായിരുന്നു . അവൻ കൂടെക്കൂടെ എന്നെ തുറിച്ചു നോക്കിക്കൊണ്ടേയിരുന്നു .
വീടിനകത്തു നിന്ന് സംഗീതം പഠിപ്പിക്കുന്ന ശബ്ദം കേൾക്കാം
കാളിംഗ് ബെൽ അടിച്ച ശേഷം ഞങ്ങൾ അരിപ്പൊടിക്കോലങ്ങളിലൊന്നും കാലു വെക്കാതെ ശ്രദ്ധിച്ചു മാറി നിന്നു .
മുതിർന്നവർ ആരും വന്നില്ല .
ഞാൻ പതിയെ ചെറിയ പയ്യൻ്റെ അടുത്തേക്ക് ചെന്നു .
എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് അവൻ അടുക്കളഭാഗത്തേക്കു നോക്കി വിളിച്ചു കൂവി
“അമ്മാ , അപ്പാവോടെ തിരുട്ടു പോണ കോണകം കിടച്ചാച്ച്”
ചെറുതും വലുതുമായി പത്തിരുപത് തലകൾ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു .
“എങ്കെടാ കിടച്ചത്, ശിങ്കം.. ശൊല്ലെടാ”, കൂട്ടത്തിലെ മുതിർന്ന തല ഞങ്ങളെ ഗൗനിക്കാതെ അന്വേഷണം തുടങ്ങി.
ശിങ്കം എൻ്റെ മാസ്കിനു നേരെ വിരൽ ചൂണ്ടിയത് കണ്ട്, അന്നത്തെ രണ്ടാമത്തെ ഞെട്ടൽ ഞാൻ വിജയകരമായി ഞെട്ടി .
ഞാൻ മുഖത്ത് കെട്ടിയത് അവൻ്റെ അപ്പാവോടെ കോണകമല്ലെന്നു എങ്ങനെ തമിഴിൽ പറയുമെന്നാലോചിച്ചു നിൽക്കുമ്പോൾ മുതിർന്ന തല വീണ്ടും ശബ്ദിച്ചു.
“നീങ്ക കേക്കലയാ , കൊടുത്തിടുങ്കോ”
സഹപ്രവർത്തകരുടെ മുഖത്തും സംശയം നിഴലിച്ചുവോന്നൊരു ചിന്ന ഡൗട്ട് . പിന്നെ താമസിച്ചില്ല. ഉടനെ അതൂരി അവൻ്റെ മുഖത്തേക്കെറിഞ്ഞിട്ടു ഞാൻ വേഗം തടിതപ്പി .
എൻ്റെ കോണകക്കാവ് ദൈവങ്ങളേ...ഇതിലും ഭേദം എച് 1 എൻ 1 പിടിക്കുന്നതായിരുന്നു
By: ഉണ്ണി മാധവൻ -Copyright 02/03/2017

::ശനി ::


::ശനി ::
ഏട്ടനപ്പോഴും ദേഷ്യം മാറിയിരുന്നില്ല . അച്ഛൻ സംസാരം നിർത്തി എഴുന്നേറ്റു. തീന്മേശക്ക് ചുറ്റും മൗനം തളം കെട്ടിക്കിടന്നു.
“നിനക്ക് അച്ഛൻ പറയുന്നത് കേട്ടുകൂടേ”, കൈകഴുകാനെഴുന്നേറ്റ ഏട്ടനെ നോക്കി അമ്മ സൗമ്യമായി പറഞ്ഞു.
“അമ്മ എന്തറിഞ്ഞിട്ടാണ് പറയുന്നത് . ഈ പ്രൊമോഷൻ വേണ്ടാന്ന് വെക്കണമെങ്കിൽ അതിനു മതിയായ കാരണം ബോധിപ്പിക്കണം . കമ്പനിയുടെ ചിലവിൽ കോഴ്സുകൾ ചെയ്ത് കിട്ടിയ പോസ്റ്റാണ് .മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് മാറണമെന്നല്ലേ ഉള്ളൂ . പിന്നെന്തിനാ അച്ഛൻ തടസ്സം പറയുന്നത് . ഏതായാലും ഞാൻ അത് വേണ്ടാന്ന് വെക്കാൻ പോകുന്നില്ല.”
“എടാ , നിനക്ക് കണ്ടകശ്ശനി തുടങ്ങുകയാണ്. അതല്ലേ അച്ഛൻ തടസ്സം പറയുന്നത്” അമ്മ അച്ഛനെ ന്യായീകരിക്കാൻ ശ്രമിച്ചു.
“ഉവ്വ് , അതെനിക്ക് മനസ്സിലായി . പണ്ടൊരിക്കൽ ഇത് പോലെ പറഞ്ഞത് കേട്ടതാണ് ഞങ്ങൾ ഇപ്പോഴും അനുഭവിക്കുന്നത്” . അച്ഛൻ കൂടി കേൾക്കത്തക്കവിധം ഉറക്കെ പറഞ്ഞിട്ട് ഏട്ടൻ മുറിയിലേക്ക് വേഗം നടന്നു പോയി .
ആ വാചകം അമ്മയെയും നിശ്ശബ്ദയാക്കി. അച്ഛന് ജ്യോതിഷത്തിൽ നല്ല പാണ്ഡിത്യമുണ്ട്. പെൻഷനായ ശേഷം ജ്യോതിഷക്ലാസ്സുകൾ എടുക്കുമെങ്കിലും, മറ്റുള്ളവരുടേത് നോക്കി ഫലം പറഞ്ഞിരുന്നില്ല. ആവശ്യം വരുമ്പോൾ വീട്ടിലുള്ളവരുടെയും, അടുത്ത ബന്ധുക്കളുടെയും മാത്രം ഗണിച്ചു പറയും. ഒന്നും ഇതുവരെ തെറ്റിയതായി കേട്ടിട്ടില്ല.
ഏട്ടത്തിയമ്മ ഗർഭം ധരിച്ചപ്പോൾ ആ കുട്ടി ജനിച്ചാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ആധാനസമയം കണക്കുകൂട്ടി അച്ഛൻ പറയുകയുണ്ടായി. മറ്റുള്ളവരുടെ നിർബന്ധം കൂടിയായപ്പോൾ അവരാ കുട്ടിയെ വേണ്ടെന്നു വെച്ചു.
എന്നാൽ അബോർഷന് ശേഷം വന്ന അണുബാധയെ തുടർന്ന്, ഇനി കുട്ടികൾ ഉണ്ടായാൽ ആയുസ്സിനാപത്താകും എന്ന് ഡോക്ടർമാർ പറഞ്ഞതോടെ അച്ഛനോട് ഏട്ടനും ഏട്ടത്തിയമ്മക്കും ദേഷ്യമായി .
ഇപ്പോഴും ഏട്ടത്തിയമ്മ വീട്ടിൽ വരാറില്ല . എന്നോടും അമ്മയോടും വിരോധമൊന്നുമില്ലെങ്കിലും അച്ഛനോട് ഏട്ടത്തിയമ്മയും വീട്ടുകാരും നല്ല അകൽച്ചയിലാണ് .
“എടാ , നീയും കൂടി ഏട്ടൻ്റെ ഒപ്പം പോവണം . ഞാൻ പറഞ്ഞിട്ടാണെന്നു പറയേണ്ട .അവർ ഡൽഹിയിലേക്ക് മാറിയിട്ട് തിരിച്ചു വന്നാൽ മതി . നിനക്ക് ജൂൺ വരെ കോളേജ് അവധിയല്ലേ . അവൾക്കും അവനും അത്ര നല്ല സമയമല്ല.” മുറിയിലേക്ക് വിളിപ്പിച്ച് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ സന്തോഷത്തോടെ തലയാട്ടി . ഒഴിവുകാലം ആസ്വദിക്കാൻ ഒരു നല്ല അവസരം .
ഏട്ടൻ എതിർത്തൊന്നും പറഞ്ഞില്ല . കമ്പ്യൂട്ടർ റിസർവേഷൻ കേരളത്തിൽ വന്നിട്ടില്ലാത്തതിനാൽ എനിക്കും കൂടി ടിക്കറ്റ് ശരിയാക്കാൻ നന്നേ പാടുപെട്ടു .
ആദ്യം ഡൽഹിയിൽ പോയി ഫ്ലാറ്റ് എടുത്തിട്ട് , തിരികെ മുംബൈയിലേക്ക് വന്ന് ഷിഫ്റ്റിംഗ് തുടങ്ങണം . ഇതാണ് പദ്ധതി .
നീണ്ട ട്രെയിൻ യാത്ര ആദ്യമായിട്ടാണ് . അതിൻ്റെ ത്രില്ലിലായിരുന്നു ഞാൻ .
വടക്കേ ഇന്ത്യയിൽ ഏതോ ഒരു വലിയ സ്റ്റേഷൻ എത്തിയപ്പോൾ കുപ്പിയിൽ വെള്ളം നിറയ്ക്കാനായി ഏട്ടൻ പ്ലാറ്റുഫോമിലേക്കിറങ്ങി . ഞാൻ വാതിൽക്കൽ തന്നെ നിന്നു . പ്ലാറ്റഫോമിൻ്റെ ഒരു ഭാഗത്തു വെളിച്ചമില്ല . അപ്പോൾ വന്നു നിന്ന മറ്റൊരു ട്രെയിനിൽ നിന്നും ആളുകൾ ഇരുട്ടത്ത് വളരെ കഷ്ടപ്പെട്ട് വരുന്നത് കണ്ടു .
പെട്ടെന്ന്, വെള്ളം എടുക്കുന്ന സ്ഥലത്ത് ഏട്ടനെ കാണാനില്ല . ഞാൻ പ്ലാറ്റുഫോമിലേക്കിറങ്ങി തിരയാൻ തുടങ്ങി . കംപാർട്മെന്റിൽ കയറിയിട്ടില്ല . അതുറപ്പാണ് . ഏട്ടത്തിയും എൻ്റെയൊപ്പം പ്ലാറ്റഫോമിൽ നടന്നു നോക്കാൻ തുടങ്ങി .
ട്രെയിൻ വിടാൻ സമയമായെന്ന് കാണിച്ചുള്ള ഹോൺ കേട്ട് , ഞങ്ങൾ വേഗം ലഗ്ഗജ് എടുത്ത് പുറത്തിറങ്ങി.
ഏട്ടനെ അപ്പോഴും കാണാനില്ല .
പരിഭ്രാന്തിയുടെ നിമിഷങ്ങൾ.
ടിക്കറ്റ്, ഏട്ടൻ്റെ പേഴ്സ് എന്നിവ ഏടത്തിയമ്മയുടെ കയ്യിലാണ്.
ട്രെയിൻ പോയിക്കഴിഞ്ഞു .
എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല .
അടുത്ത ട്രെയിൻ വന്നതോടെ വീണ്ടും പ്ലാറ്റഫോം നിറഞ്ഞു .
ഏട്ടത്തിയമ്മ പൊട്ടിക്കരയാൻ തുടങ്ങി .
ഞങ്ങൾ വേഗം സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിലേക്ക് നടന്നു . കാര്യം പറഞ്ഞപ്പോൾ ആ തിരക്കിനിടയിലും അയാൾ പെട്ടെന്ന് പ്രൊട്ടക്ഷൻ ഫോഴ്‌സിനെ വിളിച്ചു വരുത്തി . അവർ സ്റ്റേഷൻ പരിസരമാകെ തിരയാൻ തുടങ്ങി .
ഞങ്ങൾ സ്റ്റേഷൻ മാസ്റ്ററുടെ മുറിയുടെ ഒരരികിൽ നിന്നു .
ഒരുപക്ഷേ ഞങ്ങൾ ഇറങ്ങിക്കഴിഞ്ഞിട്ട് ഏട്ടൻ ട്രെയിനിൽ കയറിയിട്ടുണ്ടാവുമോ.
എൻ്റെ മനസ്സിൽ അങ്ങനെ ഒരു ചിന്ത പാഞ്ഞു.
സ്റ്റേഷൻ മാസ്റ്ററോട് സൂചിപ്പിച്ചപ്പോൾ അയാൾ ഉടൻ അടുത്ത സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു . ട്രെയിൻ അവിടെയെത്തുമ്പോൾ അവർ വിവരം അറിയിക്കും . അയാൾ ഞങ്ങളെ സമാധാനിപ്പിക്കാൻ നോക്കി.
ഏട്ടത്തിയമ്മ കരഞ്ഞു തളർന്നു .
പ്രൊട്ടക്ഷൻ ഫോഴ്സ് തിരച്ചിൽ നിർത്തി നിരാശരായി തിരികെയെത്തി . അടുത്ത സ്റ്റേഷനിൽ നിന്ന് മറുപടി കൂടി വന്നതോടെ ഞങ്ങളാകെ തളർന്നു .
ഇനിയെവിടെപ്പോയി അന്വേഷിക്കും .
നാട്ടിലേക്കു വിളിച്ചു പറയാനുള്ള ധൈര്യം ഉണ്ടായില്ല .
നേരം പുലർന്നു . അടുത്ത ഷിഫ്റ്റിലെ മാസ്റ്റർ എത്തി. അപ്പോൾ ഞങ്ങളെ തിരക്കി മറ്റൊരു സ്റ്റേഷനിൽ നിന്നും കാൾ.
വെള്ളമെടുത്തു കൊണ്ടിരുന്ന ഏട്ടൻ, സ്റ്റേഷൻ വിട്ടു തുടങ്ങിയ മറ്റൊരു ട്രെയിനിലാണ് ചാടിക്കയറിയത് . ആ സൂപ്പർഫാസ്റ് ട്രെയിൻ പിന്നീട് നിർത്തിയത് വളരെയകലയുള്ള മറ്റൊരു സ്റ്റേഷനിൽ . ഇതിനിടയിൽ ടിക്കറ്റ് ചെക്കിങ്ങിൽ അകപ്പെട്ടു . ടി ടി ആർ , ഏട്ടൻ പറഞ്ഞതൊന്നും കേൾക്കാൻ തയാറായില്ല .
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന് കൈമാറുമ്പോൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മലയാളി ഇൻസ്‌പെക്ടർ സ്റ്റേഷൻ മാസ്റ്ററോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് വിളിക്കാനായത് .
ഞങ്ങൾ വന്ന ട്രെയ്നിൽ തന്നെയുണ്ട് എന്ന ധാരണയിൽ ഏട്ടൻ മറ്റു സ്റ്റേഷനുകളിൽ വിളിച്ചു കൊണ്ടേയിരുന്നു .
കാര്യങ്ങളറിഞ്ഞപ്പോൾ ഒട്ടൊരു സമാധാനമായി . വൈകുന്നേരത്തോടെ ഏട്ടൻ വീണ്ടും ഞങ്ങൾക്കൊപ്പമെത്തി. ഏട്ടത്തി വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. എങ്ങനെയും തിരികെ നാട്ടിലേക്കു പോകേണമെന്നായി അവർ .
ആരെയൊക്കെയോ വിളിച്ച്‌ ഏട്ടൻ ടിക്കറ്റ് ഏർപ്പാടാക്കി.
നാട്ടിലെത്തിയ ശേഷം രണ്ടാം ദിവസം തന്നെ ഏട്ടൻ വീണ്ടും ഡൽഹിക്കു പോകാൻ ഒരുങ്ങി .
“ചാരവശാൽ കർമ്മഭാവമായ പത്തിലാണ് ശനിയിപ്പോൾ . വളരെ സൂക്ഷിക്കേണ്ട സമയം . ജോലി സംബന്ധമായ പ്രശ്നങ്ങൾ കൂടുതലാവും. ഇവനോട് എത്ര പറഞ്ഞാലും മനസ്സിലാക്കാത്തതെന്താ ”
പതിവ് പോലെ അച്ഛൻ എതിർപ്പുമായി വന്നു. ഏട്ടൻ ഒന്നിനും വഴങ്ങിയില്ല
ഇത്തവണ ഏട്ടത്തിയമ്മ ഒപ്പമില്ല . ഞങ്ങൾ ഫ്ലാറ്റ് ശരിയാക്കിയ ശേഷം അവർ എത്താമെന്നേറ്റു .
പഴയ ആവേശമില്ലായിരുന്നെങ്കിലും യാത്ര ഞാൻ നന്നായി ആസ്വദിച്ചു കൊണ്ടിരുന്നു .
രണ്ടാം ദിവസം വൈകുന്നേരത്തോടെ ആന്ധ്രയിൽ പപ്പായത്തോട്ടങ്ങളുടെ ഇടയിലെവിടെയോ ഏറെ നേരം ട്രെയിൻ നിർത്തിയിട്ടു .
ഏട്ടനെ ഞാൻ അപ്പോഴും ശ്രദ്ധിച്ചു കൊണ്ടേയിരുന്നു .
പാവം . ഊണ് കഴിഞ്ഞു കിടന്നതാണ് .
വിരസതയാർന്ന ആ കാത്തുകിടപ്പിനൊടുവിൽ വണ്ടി നീങ്ങിത്തുടങ്ങി .
ഇരുവശങ്ങളിലും പാറക്കെട്ടുകൾ , ക്വാറികൾ .
ഉണർന്നെഴുന്നേറ്റ്, മുഖം കഴുകാനായിപ്പോയ ഏട്ടൻ വേഗം തിരികെയെത്തി.
മുഖത്ത് ചോര . കർചീഫ് രക്തത്തിൽ കുതിർന്നിരുന്നു.
എനിക്കൊന്നും മനസ്സിലായില്ല . പെട്ടിയിൽ നിന്നും ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു മുഖം പഞ്ഞി കൊണ്ട് തുടക്കുമ്പോൾ കണ്ണിനു താഴെ നീളത്തിൽ മുറിവ് .
രക്തം ഒഴുകുന്നത് നിന്നിട്ടുണ്ട് . മുഖം വല്ലാതെ വീങ്ങിയിരിക്കുന്നു .
കൈയ്യും മുഖവും ടാപ്പിൽ കഴുകിയ ശേഷം വാതിൽക്കലേക്കു നീങ്ങി, പുറത്തെ കാഴ്ചകൾ കാണാൻ തല വെളിയിലേക്കിട്ടതാണ് ഏട്ടൻ.
ആ സമയം പാറമടയുടെ ഇടയിൽ നിന്നും വികൃതിക്കുട്ടികളാരോ ട്രെയിനിലേക്ക് എറിഞ്ഞ കല്ല് കണ്ണിനു തൊട്ടു താഴെ സാരമായ മുറിവുണ്ടാക്കി. ആ സ്ഥലങ്ങളിൽ കല്ലെറിയൽ പതിവുണ്ടത്രേ . നക്സൽ മേഖലയായതിനാൽ ഇതൊന്നും തടയാൻ ആർക്കും കഴിഞ്ഞിട്ടില്ല
അടുത്ത സ്റ്റേഷനിൽ ഇറങ്ങി ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞിട്ട് കേൾക്കാൻ കൂട്ടാക്കിയില്ല . മരുന്നു പുരട്ടി ബാൻഡ് എയ്ഡ് ഒട്ടിച്ചിട്ട് ഏട്ടൻ വീണ്ടും കിടന്നു .
പിറ്റേന്ന് കണ്ണ് നന്നായി വീങ്ങി. കടുത്ത വേദന കൊണ്ട് ഏട്ടൻ പുളഞ്ഞു . കംപാർട്മെന്റിൽ തന്നെയുണ്ടായിരുന്ന ഒരു കുടുംബം തന്ന ബ്രൂഫെൻ അല്പം ആശ്വാസം നൽകി .
ഡൽഹിയിൽ എത്തി കമ്പനിയിൽ റിപ്പോർട്ട് ചെയ്ത ശേഷം ഉടൻ തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആയി .
കരിങ്കൽച്ചീളുകളിലൊന്ന് കണ്ണിനുള്ളിൽ തറച്ചു കയറിയിരിക്കുന്നു . ഉള്ളിൽ അണുബാധയുണ്ടായിരിക്കുകയാണ് .
സർജറി വേണമെന്നു പറഞ്ഞപ്പോഴാണ് നാട്ടിൽ ഈ വിവരം ഞാൻ അറിയിച്ചത്. ഉടനെ തിരിച്ചുവെങ്കിലും ഏട്ടത്തിയമ്മ എത്തും മുൻപ് തന്നെ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു .
നാൽപ്പത് ശതമാനം കാഴ്ച്ച നഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോൾ ഞങ്ങളാകെ തകർന്നു പോയി . അതിലും വിഷമം വന്നത് കമ്പനിയുടെ നിലപാടാണ് .
കമ്പനി വക ക്വാർട്ടേഴ്സിൽ എത്തിയതിൻ്റെ പിറ്റേന്ന് ഗ്രാറ്റുവിറ്റി , മറ്റാനുകൂല്യങ്ങൾ എന്നിവ വാങ്ങി മുപ്പതു ദിവസത്തിനകം കമ്പനി വിടാനുള്ള നോട്ടീസ് ലഭിച്ചു .
ഏട്ടൻ കൂടുതൽ നിശ്ശബ്ദനായി .
കാര്യങ്ങൾ മുഴുവൻ ഞാൻ ഏറ്റെടുത്തു. കമ്പനിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞങ്ങൾ വീണ്ടും നാട്ടിലേക്ക് തിരിച്ചു .
ഒരു മാസത്തെ വിശ്രമത്തിനു ശേഷമാണ് ഏട്ടൻ പുറത്തിറങ്ങിത്തുടങ്ങിയത് . ഇനിയെന്ത് എന്ന ചോദ്യം ഏട്ടനെ വല്ലാതെ അലോസരപ്പെടുത്തുന്നതായി തോന്നി .
ആയിടക്ക് , ബിസിനസ് തുടങ്ങാൻ ഉള്ള പദ്ധതിയുമായി ഏട്ടൻ അച്ഛനെ സമീപിച്ചു .
കണ്ടകശ്ശനി തീരും വരെ യാതൊന്നിനും പോവേണ്ട എന്ന നിലപാടിലായിരുന്നു അച്ഛൻ . അച്ഛൻ്റെ പെൻഷൻ കൊണ്ട് എല്ലാവർക്കും സുഖമായി കഴിയാം എന്ന വാദമൊന്നും ഏട്ടൻ അംഗീകരിച്ചില്ല .
ഏടത്തിയമ്മയുടെ അനുജന് പട്ടണത്തിൽ ഗ്ലാസ് കടയുണ്ട് . അതേപോലെ കുറച്ചുകൂടി വലിയ രീതിയിൽ പട്ടണത്തിൻ്റെ മറ്റൊരു ഭാഗത്തു ഗ്ലാസ് കട തുടങ്ങാനുള്ള ആശയം ഏടത്തിയമ്മയുടെ അച്ഛന്റേതായിരുന്നു.
കമ്പനി വിട്ടപ്പോൾ കിട്ടിയ തുകയുണ്ട് . അല്പം പണം കൂടി ബ്ലേഡിൽ നിന്ന് വാങ്ങിയാൽ ഉടനെ കട തുടങ്ങാം .
ഏട്ടനും ഇത് നന്നായി തോന്നി . എന്നാൽ അച്ഛൻ അപ്പോഴും എതിർത്തു തന്നെ നിന്നു .
പെൻഷൻഫണ്ടിൽ നിന്നും പണം ഏട്ടൻ ചോദിച്ചതോടെ അച്ഛൻ്റെ നിയന്ത്രണം പോയി .
“എന്നെ അനുസരിക്കാത്തവന് എന്തിനാണ് എൻ്റെ കാശ്” എന്തൊക്കെയോ അച്ഛൻ പറയുന്നുണ്ടായിരുന്നു .
അവർക്കിടയിൽ മിണ്ടാതെ ഞാനും അമ്മയും .
കടയുടെ ഉത്ഘാടനത്തിന്റെ തലേന്ന് അച്ഛൻ്റെ അനുഗ്രഹം വാങ്ങാനായി ഏട്ടൻ എത്തി .
നന്നായി വരൂ എന്നു പറഞ്ഞനുഗ്രഹിച്ചയക്കുമ്പോൾ അച്ഛൻ കരഞ്ഞുവെന്നു തോന്നി .
പിറ്റേന്ന് ഞാനും അമ്മയും ഏട്ടൻ്റെ കടയിലേക്ക് പോകാനൊരുങ്ങിയപ്പോഴും അച്ഛന് തീരെ ഉന്മേഷമില്ല .
“അച്ഛൻ വരുന്നില്ലേ ? ഇതെന്താ അമ്പലത്തിൽ പോകുന്ന വേഷം” . ഞാൻ അത്ഭുതപ്പെട്ടു
“എടാ, ഞാൻ വന്നാൽ ശരിയാവില്ല . നീ എന്നെ ശിവക്ഷേത്രത്തിലേക്ക് ഒന്ന് വിട്ടേരെ . ഒരു മൃത്യുഞ്ജയഹോമത്തിൻ്റെ പ്രസാദം വാങ്ങാനുണ്ട്.”
അച്ഛനെ ക്ഷേത്രത്തിലേക്ക് വിട്ടിട്ട് ഞാൻ തിരികെ വന്ന് അമ്മയുമായി പട്ടണത്തിലേക്കു പോയി .
സാമാന്യം വലിയ കട തന്നെയായിരുന്നു അത് . ഏട്ടൻ ഓടിനടക്കുന്നത് കണ്ടു . ധാരാളം ആൾക്കാർ വന്നിട്ടുണ്ട് .
ഉത്ഘാടനം നിർവ്വഹിക്കാൻ സമയമായപ്പോൾ മുനിസിപ്പൽ കൗൺസിലർ എത്തി . പക്ഷേ ഏട്ടനെ കാണാനില്ല .
എല്ലാവരും തിരക്കി നടക്കാൻ തുടങ്ങി .
ഏട്ടത്തിയമ്മയുടെ വിളി കേട്ടാണ് പുറകിലെ വലിയ ഗോഡൗണിലേക്കു ഞങ്ങൾ ഓടിച്ചെന്നത് . ആ ഇരുട്ടുമുറിയിൽ ഏട്ടൻ ബോധരഹിതനായി വീണു കിടക്കുന്നു.
എല്ലാവരും ചേർന്ന് ഉയർത്തി നിർത്തിയപ്പോഴാണ് കണ്ടത് .ഇടതു കാലിൻ്റെ പിൻഭാഗത്ത് ആഴമേറിയ ഒരു മുറിവ് . രക്തം ചീറ്റി ഒഴുകുന്നു . കട്ടിയുള്ള തുണി വച്ചമർത്തി നോക്കിയിട്ടും രക്തം വാർന്നുകൊണ്ടേയിരുന്നു .
ആരുടെയോ കാറിൽ ഉടനെ സമീപത്തുള്ള ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു . രക്തം ഒഴുകുന്നത് തടയാനായി . എങ്കിലും രക്തധമനി മുറിഞ്ഞിട്ടുള്ളതിനാൽ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു .
ഉത്ഘാടനത്തിനെത്തിയവർക്ക് ജ്യൂസ് എടുക്കാൻ വേണ്ടി ഗോഡൗണിൽ കയറിയതാണ് ഏട്ടൻ. ലൈറ്റിൻ്റെ സ്വിച്ച് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതിനിടയിൽ അടുക്കി വച്ചിരുന്ന വലിയ നേർത്ത ഗ്ലാസ് ഷീറ്റിൻ്റെ കോണുകളിൽ തട്ടി കാൽ ആഴത്തിൽ മുറിയുകയായിരുന്നു . ചെരുപ്പിൽ എന്തോ ഒട്ടുന്നതു പോലെ തോന്നിയപ്പോഴാണ് രക്തം ഒലിക്കുന്നതറിഞ്ഞത് . പക്ഷെ അപ്പോഴേക്കും വീണു പോയിരുന്നു .
ഇരുപത്തൊന്നു ദിവസം ഐ സി യു . പിന്നെ വാർഡ് . തുടരെ ശസ്ത്രക്രിയകൾ . അസുഖം ഭേദമായി വീട്ടിലെത്തിയപ്പോൾ ആറു മാസത്തോളം കഴിഞ്ഞു . ഇനി ഒരു വർഷത്തെ കഠിന വിശ്രമം
ബ്ലേഡുകാരിൽ നിന്ന് പണം വാങ്ങിയതിനാൽ കടം കൂടി വന്നു . ഒടുവിൽ ഏട്ടത്തിയുടെ അനുജൻ ആ കട ഏറ്റെടുത്ത് കടങ്ങൾ വീട്ടി .
ഏട്ടൻ കണക്കൊന്നും ചോദിച്ചില്ല .
വീട്ടിൽ വന്നതു മുതൽ ചന്തയിൽ പോയി ഏട്ടന് ഇഷ്ടപ്പെട്ടതൊക്കെ അച്ഛൻ വാങ്ങി വരുന്നത് കണ്ടു .
ദിവസവും ഹനുമാൻ ക്ഷേത്രത്തിലും , ശാസ്താവിൻ്റെ അമ്പലത്തിലും സന്ദർശ്ശനം അച്ഛൻ പതിവാക്കി.
അവർക്കിടയിലെ അകൽച്ച നേർത്തു വരുന്നത് പോലെ . ഒരു വാക്കാൽ പോലും ഏട്ടനെ നോവിക്കാതിരിക്കാൻ അച്ഛനും ശ്രദ്ധിക്കുന്നതു പോലെ തോന്നി. ഏട്ടത്തിയമ്മയും അച്ഛനോട് സംസാരിച്ചു കണ്ടപ്പോൾ , സന്തോഷം വർദ്ധിച്ചു.
ഊണുമേശക്കിരുപുറത്തുമിരുന്നു കൊണ്ട് മൂന്നുപേരും തമാശകൾ പറയുമ്പോൾ , ഉള്ളിൽ അറിയാതെ ഒരങ്കലാപ്പ് . രണ്ടര വർഷക്കാലത്തിൽ ഇനിയും ഒരു വർഷം കൂടി ബാക്കിയുണ്ട്.
കുഴപ്പങ്ങൾ അനേകം നേരിടേണ്ടി വന്നുവെങ്കിലും ഈ നല്ല മാറ്റത്തിന് ശനീശ്വരന് നന്ദി പറഞ്ഞു കൊണ്ട്, ഇനി അടുത്തതെന്താവും എന്ന ആലോചനയിൽ ഞാൻ മുഴുകി.
ഉണ്ണി മാധവൻ - 01/03/2017

::12A:::


::12A:::
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ അഡ്രസ് ഒന്നുകൂടി നോക്കി. രാജീവിനോട് ചോദിച്ചപ്പോൾ അങ്ങനെ ഒരു ഫ്ലാറ്റ് ശ്രദ്ധയിൽ പെട്ടതായി അവനും ഓർമ്മയില്ല. ഏതായാലും പോവുക തന്നെ. ഇരുട്ടും മുൻപ് എത്തിയാൽ കണ്ടുപിടിക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാവില്ല .
സിറ്റിയുടെ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞ് ചതുപ്പു നിലം നികത്തിയെടുത്ത സ്ഥലത്ത്, പണി പൂർത്തിയാവാത്ത ഒരു ഫ്ലാറ്റ് . രണ്ടാം നിലയിലെ പത്താം നമ്പർ ഫ്ളാറ്റിലേക്കുള്ള ചെറിയ പാർസലുമായി ഞങ്ങളവിടെ എത്തി.
ഇരുട്ട് പരന്നു തുടങ്ങിയിരുന്നു .
സെക്യൂരിറ്റി റൂമിൽ ആളുമില്ല, വെളിച്ചവുമില്ല. ഭാഗ്യം, ലിഫ്റ്റുണ്ട്.
ലിഫ്റ്റിലേക്ക് കയറുമ്പോൾ പെട്ടെന്ന് ഒരു ശബ്ദം .
-“അങ്കിൾ , ഞാനും കൂടി”.
ഒരു ചെറിയ കുട്ടി. അഞ്ചു വയസ്സ് പ്രായം വരും. കളിച്ചു ക്ഷീണിച്ചു വരുന്നതു പോലെ തോന്നി. നെറ്റിയിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു . ഞങ്ങളോടൊപ്പം ലിഫ്റ്റിനുള്ളിൽ അവൾ നിഷ്കളങ്കഭാവത്തോടെ നിന്നു
-“മോൾടെ പേരെന്താ. എന്തുപറ്റി നെറ്റിയിൽ?”
രാജീവിൻ്റെ ചോദ്യം കേട്ടപ്പോൾ പെട്ടെന്ന് ആ മുഖത്തു ദേഷ്യം.
“എൻ്റെ പേര് നിസ. തലയിൽ എ സി വീണതാ. ഞാനും ചേച്ചിയും കൂടി കളിക്കുവാരുന്നു . ചോര കണ്ടപ്പോൾ ചേച്ചി ഓടിപ്പോയി അങ്കിൾ. ഞാൻ ഒത്തിരി കരഞ്ഞു.”
-“എ സിയോ?” ഞങ്ങൾക്ക് ചിരി പൊട്ടി. മോൾ ഏതു ഫ്ലോറിലേക്കാണ് . ഞങ്ങളും കൂടെ വരാം.
- “അങ്കിൾ, ഇവിടെ രണ്ടു ഫ്ലോറേയുള്ളൂ . എന്റേത് 12A” .
അപ്പോഴാണ് ഞങ്ങൾ ലിഫ്റ്റിലെ സ്വിച്ചിൽ ശ്രദ്ധിച്ചത്. മൂന്നാം ഫ്ലോറിൻ്റെ സ്വിച്ച് മുതൽ ടേപ്പ് ഒട്ടിച്ചിരിക്കുന്നു.
-“പാർസൽ കൊടുത്തിട്ട് നമുക്കിവളെ 12A യിൽ വിടണം . ഇങ്ങനെ കുട്ടികളെ അപകടകരമായ രീതിയിൽ കളിക്കാൻ വിടരുതെന്ന് അവളുടെ മാതാപിതാക്കളോട് പറയാം . കേൾക്കുന്നെങ്കിൽ കേൾക്കട്ടെ”, രാജീവിന് അരിശം കൂടി വന്നു .
ലിഫ്റ്റിൽ നിന്നും ഇറങ്ങിയ ഉടനെ തന്നെ അവൾ കോറിഡോറിലൂടെ ഓടിപ്പോയി. നിൽക്കാൻ പറഞ്ഞെങ്കിലും തിരിഞ്ഞു പോലും നോക്കിയില്ല.
ഞങ്ങൾ പത്താം നമ്പർ ഫ്ലാറ്റിൻ്റെ കാളിങ് ബെൽ അടിച്ചു . ഏറെ നേരം കാത്തിരുന്നിട്ടും വാതിൽ തുറന്നില്ല . വീണ്ടും ആ പാഴ്സലും കൊണ്ടു വരേണ്ടി വരുമെന്ന് ആലോചിച്ചപ്പോൾ ദേഷ്യം വന്നു .
-“ഇവർ എവിടെപ്പോയെന്നു നിസയുടെ ഫ്ലാറ്റിൽ ചോദിച്ചാലോ’ . രാജീവിൻ്റെ ഐഡിയക്ക് ഞാൻ എതിരു പറഞ്ഞില്ല .
ഞങ്ങൾ ചെല്ലുമ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു . അകത്തു നിന്ന്‌ ഒരു വല്ലാത്ത ദുർഗന്ധം അനുഭവപ്പെട്ടു. കതകിൽ മുട്ടാനാഞ്ഞപ്പോഴേക്കും നിസയുടെ അച്ഛൻ എന്ന് തോന്നിക്കുന്ന ഒരാൾ അവിടെയെത്തി .
-“ഉം , എന്തു വേണം”,
-“ഞങ്ങൾ പത്താം നമ്പറിൽ ഒരു പാർസൽ കൊടുക്കാനായി വന്നതാണ് . അവിടെ ആരും കതകു തുറക്കുന്നില്ല . വിളിക്കാൻ ഫോൺ നമ്പർ റെസിപ്റ്റിൽ കൊടുത്തിട്ടുമില്ല . അവർ എന്നു വരുമെന്ന് അറിയാമോ” . പരമാവധി വിനയത്തോടെ ഞാൻ ചോദിച്ചു .
-“അവിടുത്തെ കാര്യം എന്നോട് ചോദിച്ചാൽ ഞാനെങ്ങനെ അറിയാനാണ് . പോയി സെക്യൂരിറ്റിയോടെങ്ങാനും ചോദിക്ക്.” മര്യാദയില്ലായ്മ ആ സ്വരത്തിൽ നിറഞ്ഞു നിന്നിരുന്നു .
-“മോൾക്ക് എങ്ങനെയുണ്ട്. ഞങ്ങളുടെ ഒപ്പമാണ് അവൾ താഴെനിന്നും വന്നത്. ഡോക്ടറെ കാണിക്കേണ്ടേ . മുറിവിൽ നിന്നും നന്നായി ചോര വരുന്നുണ്ടായിരുന്നല്ലോ .” അയാളെ ഒന്ന് തണുപ്പിക്കുവാൻ വേണ്ടി ഞാൻ ചോദിച്ചു .
=“എൻ്റെ മോൾക്ക് എന്തു കുഴപ്പം?” എന്നിട്ട് തിരിഞ്ഞു നിന്നയാൾ മോളെയെന്ന് ഉറക്കെ വിളിച്ചു . ഉദ്ദേശം പത്തു വയസു പ്രായമുള്ള ഒരു കുട്ടി അവിടെയെത്തി . നിസയുടെ ചേച്ചി ആയിരിക്കുമെന്ന് ഞങ്ങൾ ഊഹിച്ചു.
-“ഇതാണ് എൻ്റെ മകൾ . ഇവൾക്ക് യാതൊരു കുഴപ്പവുമില്ല.”
-“ഞങ്ങൾ നിസയുടെ കാര്യമാണ് പറയുന്നത് . ഈ കുട്ടിയുടെ ഇളയതാവും അല്ലേ.” മുഖത്തൊരു പുഞ്ചിരി വരുത്തി ഞാൻ ചോദിച്ചു .
-“നിസയോ , അവൾ മരിച്ചിട്ടിപ്പോൾ എട്ടു മാസം കഴിഞ്ഞില്ലേ”
ഞങ്ങളൊന്നു ഞെട്ടി . കൂടുതൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ അയാൾ അകത്തു പോയി ഒരു പേപ്പർ കട്ടിങ് എടുത്തുകൊണ്ടു വന്നു . താഴേക്കു വീണ വിൻഡോ എസിയുടെ മൂല തലയിൽ തട്ടി മരിച്ച കുട്ടിയുടെ ഫോട്ടോയും വിവരണങ്ങളും .
രാജീവിൻ്റെ കൈകൾ വിറക്കാൻ തുടങ്ങി . വൃശ്ചിക മാസത്തിലെ തണുപ്പിലും ഞാൻ വിയർത്തു . കണ്ട ഹോളിവുഡ് സിനിമകൾ മനസ്സിലൂടെ കടന്നു പോയി.
“പേടിക്കേണ്ട,” അയാൾ തുടർന്നു. “അവൾ ഇവിടൊക്കെ ഇങ്ങനെ ചുറ്റിത്തിരിയുന്നുണ്ട് . ആരെയും ഉപദ്രവിച്ചിട്ടില്ല .”
അകത്തു നിന്ന് ഉച്ചത്തിൽ ഒരു സ്ത്രീയുടെ തേങ്ങൽ കേട്ട് ആയാളും മുതിർന്ന കുട്ടിയും അകത്തേക്ക് പോയി .
എന്തു ചെയ്യണം എന്നറിയാതെ ഞങ്ങൾ അവിടെ നിന്നു. പുറത്തേക്കു നോക്കുമ്പോൾ ഇരുട്ടിനു കനം കൂടിയിരിക്കുന്നു .
നിസ അവിടെയെങ്ങാനും ഉണ്ടാവുമോ .
പരസ്പരം ഒന്നും സംസാരിക്കാതെ ഞങ്ങൾ പതുക്കെ പടിയിറങ്ങി . ലിഫ്റ്റിലേക്കു നോക്കാൻ പോലും ധൈര്യം ഉണ്ടായില്ല .
പാർക്കിങ് ഏരിയയിൽ നിന്ന് ബൈക്കെടുത്തു തിരിഞ്ഞപ്പോൾ മുന്നിൽ നിസ .
രാജീവിൻ്റെ കൈകൾ വിറക്കുന്നത് ഞാൻ കണ്ടു . എൻ്റെ ഹൃദയം അതി ശക്തിയായി മിടിച്ചു തുടങ്ങി .
-“അങ്കിളേ , ചേച്ചിയെ കണ്ടോ . അവരെല്ലാം കൂടി എന്നെ കൊന്നതാ . ചേച്ചിയെ അവർ കൊല്ലും.” നിസ പിന്നെയും എന്തൊക്കെയാ പറയുന്നുണ്ടായിരുന്നു .
എങ്ങനെയോ രാജീവ് ബൈക്ക് തിരിച്ച് ഗേറ്റിലൂടെ റോഡിലെത്തി .
നല്ല ഇരുട്ടിൽ ബൈക്കിൻ്റെ വെളിച്ചം മാത്രം. മെയിൻ റോഡ് എത്തും വരെ ഞങ്ങൾ ഭയന്ന് വിറച്ചു. എൻ്റെ .വീടെത്തിയപ്പോൾ നേരം നന്നേ വൈകി . രാജീവും എൻ്റെ വീട്ടിൽ തന്നെ കൂടി .
രാത്രി രണ്ടുപേർക്കും ഒരു പോള കണ്ണടക്കാനായില്ല . നിസ , എന്ന കുട്ടി, അഥവാ പ്രേതം പറഞ്ഞത് സത്യമെങ്കിൽ ആരായിരിക്കും കൊന്നത് . ഞങ്ങൾ രാത്രി മുഴുവൻ ചർച്ച ചെയ്തു . ഏതായാലും നിസയുടെ അച്ഛനെ ഈ വിവരം അറിയിക്കണം . ഏന്തെങ്കിലും അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ട് വരട്ടെ .
അവധി ദിനമായിട്ടു കൂടി ഉച്ചക്ക് അവിടേക്കു വീണ്ടും പോകാൻ ഞങ്ങൾ തീരുമാനിച്ചു .
അമ്പലത്തിലെ പൂജാരിയെ രാവിലെ തന്നെ കണ്ട്, ചരടു ജപിച്ചുകെട്ടാനും മറന്നില്ല. വീണ്ടും നിസയെ കണ്ടാലോ . ഓർത്തപ്പോൾ ഭയത്തിൻ്റെ വെള്ളിടി വെട്ടൽ
ഉച്ചക്ക് മുൻപേ ഞങ്ങൾ അവിടെയെത്തി. ഇത്തവണ സെക്യൂരിറ്റി ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു. എക്സ് -മിലിറ്ററി ആണെന്നു തോന്നി. പത്താം നമ്പർ ഫ്ലാറ്റിലേക്ക് പാർസലുമായി വന്നുവെന്നു പറഞ്ഞപ്പോൾ അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി .
-“അവിടെ ഇപ്പോൾ ആരും താമസമില്ല . നിങ്ങൾ വെറുതെ മിനക്കെട്ടുവല്ലോ.”
-“എന്നാൽ ഞങ്ങൾ 12A -യിലെ ചേട്ടനെ ഒന്ന് കണ്ടു ഒരു കാര്യം പറഞ്ഞിട്ട് വരാം.ഇന്നലെ പത്തിൽ പാർസൽ കൊടുക്കാൻ വന്നപ്പോൾ പരിചയപ്പെട്ടിരുന്നു”
-“12A -യിലെ ചേട്ടനോ” . സെക്യൂരിറ്റി ഞങ്ങളെ തുറിച്ചു നോക്കി .
-“അതെ , നിസയുടെ അച്ഛൻ .”
പെട്ടെന്നയാൾ ഞങ്ങളുടെ കൈക്ക് പിടിച്ചു സെക്യൂരിറ്റി റൂമിൻ്റെ അകത്തേക്ക് കൊണ്ട് പോയി . വാതിൽ അടച്ച ശേഷം എന്തൊക്കെയോ ഉരുവിടുന്ന പോലെ തോന്നി .അയാളുടെ ചെയ്തികൾ കണ്ട് ഞങ്ങൾ വീണ്ടും പരിഭ്രാന്തരായി .
-“നിങ്ങളെന്താ പറഞ്ഞത് , 12A യിലെ ചേട്ടനോ . അവിടെ താമസിച്ചിരുന്ന കുടുംബം കൂട്ട ആത്‍മഹത്യ ചെയ്തിട്ട് ഇപ്പോൾ മൂന്നു മാസം ആകുന്നു.”
രാജീവും ഞാനും പരസ്പരം നോക്കി . ഒന്നും മിണ്ടാനാകുന്നില്ല . അയാൾ തുടർന്നു .
-“ഗൾഫിലായിരുന്ന ആ മനുഷ്യൻ ജോലി രാജി വെച്ചു വന്ന മുതലാണ് പ്രശ്നങ്ങളുടെ ആരംഭം .ഇളയ കുട്ടി , നിസ തൻ്റെയല്ല എന്ന വിശ്വാസം അയാളിൽ എങ്ങനെയോ ഉറച്ചിരുന്നു. പണി തീരാത്ത ഫ്ലാറ്റിൻ്റെ ഒരു മുറിയിൽ ഫിറ്റ് ചെയ്യാതെ വച്ചിരുന്ന എ സി തള്ളി നീക്കി അയാൾ താഴെ കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ പുറത്തേക്ക് ഇടുകയായിരുന്നു . മൂത്ത കുട്ടി ഭാഗ്യത്തിന് രക്ഷപെട്ടു . അപകടമരണമെന്നു ആദ്യം കരുതിയെങ്കിലും, പോലീസ് അയാളുടെ വിരലടയാളം എടുത്ത ദിവസം രാത്രി നിസയുടെ അമ്മ ഭക്ഷണത്തിൽ വിഷം കലർത്തി എല്ലാവർക്കും കൊടുക്കുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് ദുർഗന്ധം വരുമ്പോഴാണ് ഇതറിഞ്ഞത് . ഞാൻ ജോലി വിട്ടു . ഇപ്പോൾ തന്നെ വൈകുന്നേരം ഞാൻ വീട്ടിൽ പോകും. ഇനി ഒരു താമസക്കാരൻ പോലുമില്ല.” ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ ശേഷം അയാൾ നിന്ന് കിതച്ചു .
ഭയം അതിൻ്റെ ഉച്ചസ്ഥായിയിൽ ഞങ്ങൾക്ക് ചുറ്റും മുഴങ്ങാൻ തുടങ്ങി . ഇന്നലെ ഞങ്ങൾ ചിലവഴിച്ചത് പ്രേതങ്ങളോടൊപ്പമെന്നു ഓർത്തപ്പോൾ വയറ്റിൽ നിന്നും ഒരു തീജ്വാല പുറത്തേക്കു വരുന്നത് പോലെ .
സെക്യൂരിറ്റിയോട് യാത്രപറഞ്ഞു ഞങ്ങൾ വേഗം ബൈക്കെടുത്തു . ഗേറ്റ് കടന്ന ശേഷം ഞാനൊന്നു തിരിഞ്ഞു നോക്കി.
സെക്യൂരിറ്റി റൂമിലെ ദുർഗന്ധം മുൻപ് എവിടെയോ ...മൂക്കിനു ആ ഗന്ധം നല്ല പരിചയം പോലെ.....
By: ഉണ്ണിമാധവൻ 22/01/17- 12.00 Midnight
NB: ഇതുപോലെ ഒരു സിനിമ ഉണ്ടെന്നു ചില സുഹൃത്തുക്കൾ സൂചിപ്പിക്കുകയുണ്ടായി . കാണുവാൻ ശ്രമിക്കാം .
നടന്ന സംഭവമാണിത് . അല്പം ഭാവന കൂടി കലർത്തിയിരിക്കുന്നു . ഇത് പറഞ്ഞ സുഹൃത്തിന്റെ അഭ്യർത്ഥനപ്രകാരം പ്ലോട്ട് മാറ്റിയിട്ടുണ്ട്.
ടൈംലൈനിൽ മുൻപ് വായിച്ചവരോട് നന്ദിയും, ഒപ്പം - വീണ്ടും പോസ്റ്റ് ചെയ്തതിൽ ക്ഷമയും ചോദിക്കുന്നു

==ശൂന്യം==


==ശൂന്യം==
കത്തിയെരിയും പ്രണയസൗധത്തിൻ്റെ
തെക്കിനി വിണ്ടുകീറുമ്പോൾ കരയുന്ന
മൗനരോഷത്തിൻ്റെ തപ്തനിശ്വാസമെൻ
ബോധമണ്ഡലം തച്ചുതകർക്കുന്നു.
സക്തസ്വപ്നങ്ങൾക്കിടയിലൂടന്നു ഞാൻ
വന്യമോഹങ്ങളെക്കൂർപ്പിച്ചു കുത്തവേ
ചിന്തിയ രക്തപുഷ്പങ്ങളിൽപിടഞ്ഞെന്തു
കേഴുന്നൂ ഹൃദയം,വിമൂകമായ്?
ഉച്ചിമീതെപറക്കുമുന്മാദിതൻ
ഛേദകാരകശീഘ്രനിശ്വാസങ്ങള്‍
ഉള്ളുലയ്ക്കും വ്രണിതഹൃദയത്തിൻ്റെ-
യുള്ളുനീറ്റും, മറുചിന്ത തിളക്കുമ്പോൾ
അഗ്നിപുഷ്പപരാഗം പൊഴിയുന്ന
ജന്മബന്ധന യാമത്തിലെത്രനാൾ
അസ്ഥിപഞ്ജരമായിക്കഴിഞ്ഞു ഞാൻ
മൃത്യു നേരമായ്, ഭിക്ഷ തേടുന്നിതാ.
===ഉണ്ണി മാധവൻ : 11/01/2017

---യക്ഷീ സമക്ഷം---


മഴയുടെ കിതപ്പൊടുങ്ങിയ ഗന്ധം,
മഴവേരുകൾ വരച്ച മൺകോലങ്ങളിൽ
നെയ്ത്തിരി തൻ വർണ്ണ രേഖകൾ. 
ഏഴിലംപാല കാറ്റിലൊന്നുലഞ്ഞു.
പൊഴിഞ്ഞു വീണ സ്നേഹകണങ്ങളുടെ
കുളിരിൽ ആത്മാവിൻ്റെ മൃദു മന്ത്രണം.
എവിടെയായിരുന്നിത്ര നാൾ....
ധമനികളിൽ ധന്യമേളം
ഭ്രാമരവേഗത്തിൻ്റെ ഉന്മാദം
ഒടുവിലെൻ്റെ പ്രണയവും പ്രപഞ്ചവും
നിയതിയുടെ നല്ലോലകളിൽ എഴുതട്ടെ,
ചലനമറ്റ ഓർമ്മകളും, ചില സ്വപ്നങ്ങളും.
ഉണ്ണി മാധവൻ
12.01 am - 12/12/16

നോവ്



മീശയിൽ വെളുത്ത രോമങ്ങൾ ഏറിയിരിക്കുന്നു . കണ്ണാടി പതിച്ച തൂണിൽ പ്രതിബിംബം കണ്ടപ്പോൾ അല്പം കൗതുകം തോന്നി . ലുലുവിൽ അടുത്തിടെയാണ് ഇത്തരം കണ്ണാടികൾ പതിച്ചതെന്നു തോന്നുന്നു . മുൻപ് ശ്രദ്ധയിൽ പെട്ടിട്ടില്ല .
ഞാൻ തലയുയർത്തി നോക്കി. ഭാര്യയും മകനും ഇപ്പോഴും അകത്തെവിടെയോ ഉണ്ട്. ഇരുപതു വർഷത്തെ പ്രവാസത്തിനു ശേഷം ഞങ്ങൾ മടങ്ങുകയാണ്. അവസാന സമയത്തെ പരക്കംപാച്ചിലുകൾ. നാട്ടിൽ കിട്ടാനിടയില്ലാത്ത ചില സാധനങ്ങൾ കൂടി വാങ്ങാനുണ്ട് .
പർച്ചേസിനു പോകുമ്പോൾ ഞാൻ അവരുടെയൊപ്പം കൂടാറില്ല . ക്രെഡിറ്റ് കാർഡും കൊടുത്തകത്തേക്കു പറഞ്ഞയക്കാറാണ് പതിവ് . കൂടെ ചെന്നാൽ വാങ്ങുന്ന കാര്യത്തിൽ തർക്കങ്ങൾ ഉണ്ടാകും . ഞാനും ഭാര്യയും ആ സ്വഭാവം ഇപ്പോഴും വിട്ടിട്ടില്ല. മകനും അമ്മയുടെ പക്ഷത്തായിരിക്കും . വാഗ്‌വാദം ഉച്ചത്തിലായാൽ ആ ദിവസം മുഴുവൻ വിഷമം; അതെന്നെ പിന്തുടരും. എഴുത്തും നടക്കില്ല .
“ഏയ്,രാക്ഷസാ,സുഖമല്ലേ” പരിചയമുള്ള ശബ്ദം കേട്ട് ഞാൻ പെട്ടെന്ന് മുഖമുയർത്തി നോക്കി .
സ്മിത -ആ പഴയ മന്ദസ്മിതവുമായി മുൻപിൽ. നെഞ്ചിലേക്ക് അറിയാതെയൊരു സ്ഫുലിംഗപ്രവാഹം.
ആളാകെ മാറിയിരിക്കുന്നു . എങ്കിലും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല. ഒപ്പം ഭർത്താവും മകനുമുണ്ട് .
-“ അല്ലാ, നിങ്ങളെന്താ ഇവിടെ” , വാക്കുകൾ കിട്ടാതെ ഞാൻ കുഴങ്ങി.
-“പ്രദീപേട്ടന് അബുദാബി സെൻട്രൽ ബ്രാഞ്ചിലേക്കു സ്ഥലം മാറ്റമായി . അങ്ങനെ ബഹറിനോട് കഴിഞ്ഞാഴ്ച വിട പറഞ്ഞു. ഉണ്ണ്യേട്ടൻ മറ്റെന്നാൾ നാട്ടിലേക്കു പോവുകയാണല്ലേ” .
-“ഓ, എങ്ങിനെ അറിഞ്ഞു “
-“പപ്പേച്ചി പറഞ്ഞു . ഞാൻ മിക്കവാറും വിളിക്കും . ഉണ്ണ്യേട്ടൻ്റെ വിവരങ്ങൾ അറിയാൻ വേറെ മാർഗം ഇല്ലല്ലോ”.
പുഞ്ചിരിച്ചു നിന്നതല്ലാതെ പ്രദീപ് ഒന്നും പറഞ്ഞില്ല . ഞാൻ വല്ലാതെയായി. മനസ്സിൻ്റെ ഉള്ളറകളിൽ ഓർമ്മപ്രവാഹം . അതിൻ്റെ തിക്കിലും തിരക്കിലും പെട്ട് എൻ്റെ നാവും.
കൗണ്ടറിൽ ഭാര്യയുടെ തലവട്ടം കണ്ടതോടെ ഞാൻ അവരോടു യാത്ര പറഞ്ഞു . പോകും മുൻപ് നമ്പർ പരസ്പരം കൈമാറാൻ മറന്നില്ല .
എന്തോ തമാശ പറഞ്ഞു ചിരിച്ചു നടന്നകലുന്ന അവരെ അല്പനേരം ഞാൻ നോക്കി നിന്നു. നടക്കുന്നതിനിടയിൽ അവൾ അയാളുടെ കൈത്തണ്ടയിൽ ഒന്നു നുള്ളുന്നതും കണ്ടു .
നുള്ള് ഏറ്റതീ പഴയ പതിനാറുകാരൻ്റെ കൈയ്യിലും.
അമ്പലത്തിണ്ണയിൽ ദാവണിക്കോലങ്ങൾ .
അവക്കൊപ്പം പവിഴമല്ലികൾ വിരിയിച്ച പ്രണയവസന്തം.
എവിടെയാണ് കണക്കുകൂട്ടലുകൾ തെറ്റിയത്. ഡിഗ്രി കഴിഞ്ഞു നിന്നപ്പോൾ ജോലി തേടി ഗൾഫിലേക്ക് പോരാൻ തീരുമാനിച്ചതോ. അതോ ഇഷ്ടപ്പെട്ടവൾ തള്ളിപ്പറഞ്ഞുവെന്നു കേട്ട് തകർന്നിരുന്നതോ
പ്രവാസത്തിലേക്കുള്ള ചുവടുവെപ്പിൽ നഷ്ടപ്പെട്ടതാണ് ഇപ്പോൾ കണ്മുന്നിലൂടെ കടന്നു പോയത്.
ഓർത്തപ്പോൾ വിഷമമേറി വന്നു .
വൈകിട്ട് ക്ലബ്ബിലേക്ക് പോകും വഴിയാണ് അവളുടെ ഫോൺ വന്നത്. എത്ര നേരം സംസാരിച്ചുവെന്നറിയില്ല . ഇരുപതു വർഷത്തെ കഥകൾ. വിങ്ങലുകൾ, പരിഭവങ്ങൾ ഒടുവിൽ ചില ആശ്വസിക്കലുകൾ. തെറ്റിദ്ധാരണകൾ ഓരോന്നായി മാറിവന്നപ്പോൾ മനസൊന്നു പിടഞ്ഞു.
പരസ്പരം അറിയാവുന്ന കുടുംബങ്ങൾ. ജാതിയും മതവും സാമ്പത്തികവും ഒന്നും തടസമായിരുന്നില്ല . എന്നിട്ടും ചിലരെന്തിനാണ് എല്ലാം തകർത്തത് . ഞങ്ങൾക്ക് അതിനപ്പോഴും ഉത്തരം കിട്ടിയിരുന്നില്ല .
നാട്ടിലെത്തി മൂന്നാം നാൾ പപ്പേച്ചിയുടെ കരച്ചിൽ സ്മൈലികളോടൊപ്പം ഒരു വാട്സാപ്പ് മെസ്സേജ്. -വേഗം വരൂ, സ്മിതക്ക് നല്ല സുഖമില്ല. അവർ ഇന്ന് രാവിലെയെത്തിയിട്ടുണ്ട്.
കാറുമെടുത്ത് പപ്പേച്ചിയുടെ വീട്ടിലെത്തി. ആളുകൾ പലവഴിയിൽ നിന്നുമെത്തുന്നു .തൊട്ടടുത്താണ് സ്മിതയുടെ വീട് . നടന്നടുക്കുമ്പോൾ ഹൃദയമിടിപ്പ് വല്ലാതെ കൂടി.
പന്തലിൽ ഓരത്തായി പ്രദീപ്. അടുത്തേക്ക് ചെന്നപ്പോൾ അയാൾ എഴുന്നേറ്റു.
-”അന്ന് നമ്മൾ കണ്ടതിൻ്റെ പിറ്റേന്ന് അസുഖം കൂടി. വാൽവിന് തകരാറ്. ട്രീട്മെന്റിലായിരുന്നു. രക്ഷിക്കാൻ കഴിഞ്ഞില്ല . എന്തെങ്കിലും സംഭവിച്ചാൽ രാക്ഷസനെത്തും വരെ കാക്കണമെന്നവൾ പറഞ്ഞിട്ടുണ്ട് .”
എൻ്റെ രണ്ടു കൈകൾ കൂട്ടിപ്പിടിച്ച് അതിലേക്കു മുഖമൊന്നമർത്തി അയാൾ കൊച്ചുകുട്ടിയെ പോലെ കരഞ്ഞു .
ഞാനെന്തു പറയാൻ. വീടിനകത്തേക്ക് കയറാൻ തോന്നിയില്ല . എത്തിനോക്കിയപ്പോൾ, ദർഭസ്മിതം - “ഏയ് രാക്ഷസാ , നൊന്തുവോ”
By: ഉണ്ണി മാധവൻ

:::അറം പറ്റിയ വരികൾ :::::


Written By: ഉണ്ണിമാധവൻ
===========
പട്ടണക്കാട് പുരുഷോത്തമന്, സുകാമി പ്രകാശ് എഴുതിക്കൊടുത്ത വരി - മനോഹര ഗാനം -- ഒന്ന് കേട്ട് നോക്കൂ
'കണ്ണുനീരെണ്ണയില്‍ കത്തുമെന്‍ ജന്‍മമാം തിരി കെടാറാകുന്നു കണ്ണാ!' എന്നായിപ്പോയി വരി!
2005-ൽ മരണത്തിനു കീഴടങ്ങും മുൻപ് പാടിയ വരികൾ
കണ്ണുനീരെണ്ണയില്‍ - ഈസ്റ്റ് കോസ്റ്റ് ആല്‍ബം- എന്റെ അമ്പാടിക്കണ്ണന്‍. വിജയേട്ടന് ( Eastcoast Vijayan ) നന്ദി ..ഈ മനോഹര ഗാനം ഒരുക്കിയതിൽ
"കണ്ണുനീരെണ്ണയില്‍ കത്തുമെന്‍ ജന്‍മമാം
തിരി കെടാറാകുന്നു കണ്ണാ
നിന്റെ മണിമുരളികയില്‍ നിന്നുതിരുമമൃതമിനി-
യെന്നരുളുമാനന്ദകൃഷ്ണാ?!
ബാല്യത്തില്‍ നീയെന്റെ ചങ്ങാതിയായ്, നമ്മ-
ളമ്പാടിയാക്കിയെന്‍ ഹൃദയം
യൗവ്വനരസങ്ങളില്‍ കുസൃതിമഴ തൂകിനീ
കരളിനു കരുത്തായി നിന്നു
ഞാനുമൊരു ഗോപികാകാന്തനായ്ത്തീര്‍ന്നു-
ഇന്നോളമൊരുമാത്ര പോലുമെന്‍ കണ്ണനെ-
യീയുള്ളവന്‍ പിരിഞ്ഞില്ല
ഇന്നെനിക്കീ വൃദ്ധസദനത്തിനിരുളുണ്ട്
പൊന്നോമനക്കണ്ണനതുപോലുമില്ല
ദൈവമേ, നിന്നെ ഞാനാരെയേല്‍പ്പിക്കും,
നീയോ പരാജിതന്‍, ഞാനോ... കണ്ണാ
നീയോ പരാജിതന്‍ ഞാനോ?"
പരിത്രാണായ....

***മിസ്‌റാബ് ****

By: UnnyMadhavan
               ഇലകളിലൂടെ ഒഴുകിയെത്തുന്ന മഴത്തുള്ളി പോലെയാണ് പ്രണയം......വികാരങ്ങളുടെയും സ്വപ്നങ്ങളുടെയും ചെറുതുള്ളികളെ മാറോടണച്ചു ഇലത്തുമ്പിലൂടെ അവ ഊർന്ന് താഴേക്ക് .........അതിനെ ജീവിതത്തിൻ്റെ ഉള്ളം കൈയ്യിലെക്കെടുക്കുമ്പോഴേക്കും അലിഞ്ഞലിഞ്ഞെവിടെയോ ഇല്ലാതാകുന്നു .
മറ്റു ചില തുള്ളികൾ കൈത്തണ്ടയിൽ തട്ടി താഴേക്കു വീണു ചിതറും.
എൻ്റെ പ്രണയമെന്നാണ് അവയെ ഞാൻ വിളിക്കുക ......
നോക്കി നിൽക്കെ തകർന്നു പോയവ ..............
മൊബൈലിനു അനക്കം വളരെ കുറഞ്ഞിരിക്കുന്നു ... സുഹൃത്തുക്കളുടെ സന്ദേശങ്ങൾ ഇടയ്ക്കിടെ എത്തും. അച്ചൻ രണ്ടു പ്രാവശ്യം വിളിച്ചിരുന്നു . വൈകിട്ട് എത്തുമോയെന്ന് അദ്ദേഹത്തിന് സംശയമുള്ള പോലെ തോന്നി . പോവാതിരിക്കാൻ എനിക്ക് പറ്റില്ലല്ലോ ...
കൂടെ വരാൻ ആരെയാണ് വിളിക്കുക . ജമാൽ തന്നെയാകട്ടെ . മ്യൂസിക് ട്രൂപ്പിൽ എത്തി അധിക നാൾ കഴിയും മുൻപ് ഞങ്ങളെ അടുപ്പത്തിലാക്കാൻ ശ്രമിച്ചയാൾ അല്ലേ .
.പഴയ ചിരിയോർമ്മകൾ വീണ്ടുമെത്തുന്നു.....
ഒരു ചെറിയ മ്യൂസിക് ട്രൂപ്പ് എന്നത് പ്രൊഫസറച്ചൻ്റെ തലയിൽ ഉദിച്ച ആശയമായിരുന്നു
ഓർഫനേജിലെ മുതിർന്ന കുട്ടികൾ , പിന്നെ കോളേജിലെ കുട്ടികൾ .....സെലക്ഷനിൽ കഴിവിന് മാത്രം പ്രാമുഖ്യം കൊടുത്തതിനാൽ ഞാനും എന്റെ സിത്താറും അതിലെത്തി. അവിടെ വെച്ചാണ് അവളേയും അവളിലെ പാട്ടുകാരിയെയും ഞാൻ പരിചയപ്പെട്ടത് ....
സിത്താറിൻ്റെ ആർദ്രതന്ത്രികളിലൂടെ പൊഴിയുന്ന സംഗീതത്തെ അവൾ എന്നും ഇഷ്ടപ്പെട്ടിരുന്നു.......
പ്രണയാർദ്രമായ സായാഹ്നങ്ങൾ ........
ആമിർഖുസ്രുവിനു നന്ദി പറഞ്ഞേറ്റു വാങ്ങിയ സ്വപ്നങ്ങൾ ...
ഉമ്മയും ഉപ്പയും എൻ്റെ നിക്കാഹുറപ്പിച്ച അന്നു മുതൽ യാത്രയിലാണ് ........
എന്റേതല്ലാത്ത ആഘോഷങ്ങൾ എനിക്കായി ഒരുക്കി കാത്തിരിക്കുന്നവർ .
എപ്പോഴോ ഇഷ്ടത്തെ പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഉമ്മ കരച്ചിലിൻ്റെ വക്കത്തെത്തിയിരുന്നു .....
" ങ്ങളെ മയ്യത്ത് എനിക്ക് കാണാൻ വയ്യ .....ഒക്കെ വിട്ടേക്കൂ ", എനിക്ക് അവരെ കൂടുതൽ നിർബ്ബന്ധിക്കാൻ തോന്നിയില്ല .....അന്നെല്ലാം വിഷമങ്ങൾ സിത്താറിലൂടെ പരന്നൊഴുകി .....
പെയ്തു തീർന്ന മഴയുടെ ബാക്കി പടികളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു .
ജമാൽ നടത്തത്തിൻ്റെ വേഗം കുറച്ചു .
"നീ പോയിട്ട് വാ ... പള്ളിയല്ലേ. .. ഞാൻ അങ്ങോട്ടേക്കില്ല"
വരാന്തയുടെ അങ്ങേയറ്റത്ത് ഒരു കോണിലായി അവളുടെ സാരിയുടെ അറ്റം പാറിപ്പറക്കുന്നത് കാണാമായിരുന്നു.
വശങ്ങളിലൂടെ കാറ്റടിച്ചു കുറെ മഴത്തുള്ളികൾ മുഖത്തേക്ക് പാറി വീണു .
കാറ്റിന് എന്നോടെന്തോ പറയാനുണ്ടോ ?
വൃദ്ധസദനത്തിൻ്റെ വശത്തുള്ള മുറിയിൽ ഒന്നും മിണ്ടാനാകാതെ ഞങ്ങൾ ഇരുന്നു .
"മെസ്സേജ് വായിച്ചില്ലേ ?"
"ഉം ..."മൂളലിനൊപ്പം അവളുടെ കൺകോണുകളിൽ നിന്ന് തുള്ളികൾ വീഴാൻ തുടങ്ങി
എനിക്ക് കൂടുതൽ നേരം അത് കണ്ടിരിക്കാനായില്ല
നിശ്ശബ്ദത കനത്തു വന്നു.
"പൊയ്ക്കോട്ടേ .....", എപ്പോഴോ ഞാൻ ചോദിച്ചതിന് മറുപടി ഏങ്ങലുകളായെത്തി.
തിരികെ നടക്കുമ്പോൾ, പുറകിലുയർന്ന തേങ്ങലുകൾ കേൾക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു ....
.
പടിയുടെ താഴെ അച്ചനും കപ്യാരും നിൽപ്പുണ്ടായിരുന്നു.
"കണ്ടോ ? എന്തായി തീരുമാനം ..... ഒരു ഓർഫനായല്ല ഇവിടെ വളർന്നത് . ആ വൃദ്ധസദനം അവളാണ് നോക്കി നടത്തുന്നത്. ഒരു പാവമാണ്.....ഒന്ന് കരയിക്കുക പോലും ചെയ്യാതെയാണ് ....... . അച്ചൻ എന്നേയും ജമാലിനെയും മാറി മാറി നോക്കി.
"നിങ്ങൾക്ക് ഒളിച്ചോടിക്കൂടേ ?" കപ്യാരുടെ ചോദ്യം എവിടെയൊക്കെയോ പോയി തറക്കുന്നുണ്ടായിരുന്നു .
.
"ഞങ്ങൾ ചിരിക്കാൻ ശ്രമിച്ചാൽ ഇവിടെ ഒരുപാട് പേർ കരയും ....അത് കാണാൻ വയ്യച്ചോ ....
ഇതിപ്പൊ , ഞങ്ങൾ രണ്ടാൾ മാത്രം കരഞ്ഞാൽ മതിയല്ലോ.."
കൂടുതൽ പറയാൻ എനിക്ക് കഴിഞ്ഞില്ല .
കാറിനടുത്തേക്ക് നീങ്ങുമ്പോൾ , ഇടയിലെപ്പോഴോ നിന്നു പോയ മഴയൊന്നു പെയ്തിരുന്നെങ്കിലെന്ന് വെറുതേ ആശിച്ചു.
മുഖം പോലുമറിയാതെ കരയാൻ എനിക്കിനി മറ്റു മാർഗ്ഗങ്ങളില്ലല്ലോ.........
NB: Copyright Owned: Do not Copy
Share it.....as it is...

::::::::: ഗന്ധർവ്വയാമങ്ങൾ ::::::::::


By: Nair Unnikrishnan

                  നേരം പാതിരയോടടുക്കുന്നു .അച്ഛമ്മക്ക്‌ രോഗം കലശലായി . അച്ഛൻ ഇനിയും എത്തിയിട്ടില്ല. ഞാനും അമ്മയും മാത്രമാണ്  വീട്ടിൽ ഉള്ളത് . . അടുത്തെങ്ങും മറ്റു വീടുകളില്ല ..വടക്കു ഭാഗത്തെ വേലി അല്പം പൊളിച്ചു വെച്ചിട്ടുണ്ട് . അത് വഴി നൂഴ്ന്നിറങ്ങി വിജനമായ പറമ്പിലൂടെ  അൽപ ദൂരം നടന്നാൽ  മനക്കലേക്കെത്താം.
അമ്മ പറഞ്ഞതനുസരിച്ച് ഞാൻ മനക്കലേക്കു ഓടി. കയ്യിലൊരു ചൂട്ടു കറ്റ  മാത്രം . മനയുടെ ചുറ്റും നടന്ന് കുറേനേരം വിളിച്ചു നോക്കിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല .

" ഉണ്ണീ , അവിടെയാരുമില്ല , അവർ മുത്തച്ഛന്റെ ശ്രാദ്ധത്തിനു പോയിരിക്കയാണ് . ആ റോഡിന് അപ്പുറത്ത് കൊച്ചു നാരായണന്റെ വീടുണ്ട് . അവിടെ ആളുകൾ കാണും . വേഗം പൊക്കോളൂ  " പറമ്പിൽ നിന്ന് ഒരു സ്ത്രീ ശബ്ദം പറയുന്നതു കേട്ടു ഞാനൊന്നു പതറി . എങ്കിലും അച്ഛമ്മയുടെ കാര്യമോർത്തപ്പോൾ കൂടുതൽ അന്വേഷിക്കാൻ നിൽക്കാതെ വേഗം നടന്നു .

ആ സ്ഥലത്തു ഞങ്ങൾ വരുത്തരാണ് . അച്ഛന് ട്രാൻസ്ഫർ കിട്ടി രണ്ടു ദിവസം മുൻപാണ്  പുതിയ വാടക വീട്ടിലേക്ക് എത്തിയത് . റയിൽവെയിലാണ്  അച്ഛന്റെ ജോലി . ഓര്മ വച്ച നാൾ മുതൽ ഞങ്ങൾ വടക്കേ ഇന്ത്യയിൽ തന്നെയാണ് താമസം  . അച്ഛൻ കണ്ടമാനം മദ്യപിക്കും . മറ്റുള്ളവരോട്  വഴക്കുണ്ടാക്കുകയും  ചെയ്യും . ഇക്കാരണത്താൽ,  കുഗ്രാമങ്ങളിൽ തന്നെയായി  എപ്പോഴും  പോസ്റ്റിങ്ങ് .  ഇതാദ്യമായി കേരളത്തിലേക്ക് വരാൻ  കഴിഞ്ഞതിൽ ഞാൻ ഭയങ്കര ത്രില്ലിലായിരുന്നു .അമ്മയെപ്പോഴും പറയുന്ന നമ്മുടെ സ്വന്തം നാട് . അതൊന്നു കാണാനും അടുത്തറിയാനും എന്നും അതിയായ ആഗ്രഹം ഉണ്ടായിരുന്നു.

ആളുകളെ കൂട്ടി വീട്ടിലെത്തിയപ്പോഴേക്കും അച്ഛമ്മയുടെ മരണം സംഭവിച്ചിരുന്നു . അച്ഛൻ എത്തിയിട്ടുണ്ട് . കുടിച്ചു ബോധം തീരെയില്ല . 

അച്ഛമ്മയുടെ മരണാനന്തരകർമ്മങ്ങൾ  ഒക്കെ കഴിഞ്ഞിട്ടൊരു  ദിവസം ആ സ്ത്രീ ശബ്ദത്തെ പറ്റി  എനിക്ക് വീണ്ടും ഓർമ്മ വന്നു . ആരായിരിക്കും അത് ? ഒരുപാട് ചോദ്യങ്ങൾ മനസ്സിലൂടെ കടന്നു പോയി. പാതിരയായപ്പോൾ ഞാൻ അടുക്കള വാതിൽ മെല്ലെ തുറന്നു   പുറത്തിറങ്ങി,  മനക്കലേക്കു നടന്നു...

ചെറിയച്ഛൻ കൊണ്ടുവന്ന പെൻ  ടോർച്ചു മാത്രം കൂട്ടിന് ...

തെങ്ങും കവുങ്ങും കശുമാവും പൂവരശും  നിറഞ്ഞ ആ വലിയ പറമ്പിലൂടെ ശ്രദ്ധയോടെ കാലുകൾ വച്ചു മുന്നോട്ടു നീങ്ങി. എത്തിപ്പെട്ടത് ഒരു വലിയ മരത്തിന്റെ മുന്നിൽ . പെട്ടെന്ന്  കാലുകളിൽ വല്ലാത്ത നനവ്  .. ടോർച്ചടിച്ചു  നോക്കിയപ്പോൾ കുറെ വെളുത്ത പൂക്കൾ കൂട്ടിയിട്ടിരിക്കുന്നു . അതിന്മേലാണ് എന്റെ നിൽപ്പ്  വലതു കാൽ പുറകോട്ടു  വച്ചപ്പോൾ പുറകിൽ നിന്നും, അന്ന് കേട്ട  അതേ  ശബ്ദം ..

."ഉണ്ണീ അതെന്റെയാണ് കേട്ടൊ" ...

ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ സുന്ദരിയായ ഒരു സ്ത്രീ ...വെളുത്ത വസ്ത്രമാണ് വേഷം. ചൈതന്യമുള്ള മുഖം. ചിരിച്ചു കൊണ്ട് നിൽക്കുന്നു......അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് .......നല്ല നിലാവ് അവിടെയാകെ പരന്നിരിക്കുന്നു. കാറ്റിന് വല്ലാത്ത സുഗന്ധം .

"എന്നെ മനസ്സിലായോ ഉണ്ണീ, ......വരൂ  നമുക്കവിടെ ഇരിക്കാം", അല്പമകലെ ചമത മരത്തിന്റെ വലിയ ഇലകൾ നിലത്തു വിരിച്ചു വച്ചിരിക്കുന്നു.    ഒന്നും പറയാനാകാതെ ഞാനും ഒപ്പമിരുന്നു. സ്നേഹം പൊതിഞ്ഞ ചിരി അപ്പോൾ ഞാൻ വ്യക്തമായി കണ്ടു . മരിച്ചു പോയ വല്യേച്ചിയെ പോലെ .

"എവിടെയാ വീട്, പേരെന്താ " ?   എന്റെ ചോദ്യങ്ങൾക്കു ആദ്യം ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി .

"എന്നെ കണ്ടിട്ട് പേടി വരുന്നില്ലേ"..ഇല്ലെന്നു ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

"എന്റെ പേര്, ...... അതറിയണ്ടാട്ടോ, വീട് ..... വലിയ മരം നിൽക്കുന്ന  മനയുടെ നേരെ   വിരൽ ചൂണ്ടിക്കാട്ടി;

 ആ  മുഖത്ത് വീണ്ടും ചിരി പരന്നു.

  മലയാളം കുരച്ചു കുറച്ചു പറയുന്ന എനിക്ക് നാട്ടിലെ പുതിയ സ്കൂളിലും കൂട്ടുകാർ കുറവായിരുന്നു . സിലബസ്സിനാകട്ടെ നല്ല വ്യത്യാസവും ഉണ്ട് . പത്താം തരത്തിന്റെ പാഠ ഭാഗങ്ങൾ അങ്ങിനെ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അച്ഛന്റെ   ബെൽറ്റ് വച്ച് കിട്ടുന്ന അടി ഓർക്കുമ്പോൾ രാത്രി മുഴുവൻ പഠിക്കാൻ ഉപയോഗിക്കും. രാവിലെ അച്ഛൻ പോയിക്കഴിഞ്ഞേ എഴുന്നേൽക്കൂ.......ആ മുഖം; അത്രയും കുറച്ചു കണ്ടാൽ മതിയല്ലോ.

 കൂട്ടുകാർ അധികമില്ലാത്ത എനിക്ക് ഒരാശ്വാസമായിത്തീർന്നു  പുതിയ കൂട്ട്  . മിക്ക ദിവസങ്ങളിലും രാത്രിയിൽ  പഠിച്ചു  തീരുമ്പോൾ , ബുക്ക് മടക്കി വെച്ച് ഞാൻ ആ ചമതയുടെ അരികിലെത്തും. എന്നെയും കാത്ത് അവരവിടെയുണ്ടാകും.

"തനിക്ക് പകല് വന്നൂടെ , രാത്രി ആരെങ്കിലും കണ്ടാൽ വഴക്കു പറയില്ലേ?"...എനിക്ക് ചിലപ്പോൾ അരിശം വരും

"അതെങ്ങെനെയാ ഉണ്ണ്യേ ...പകലല്ലേ ആളുകൾ കാണുക . .പിന്നെ ..... നമ്പൂര്യച്ചൻ കണ്ടാൽ  കഴിഞ്ഞു കാര്യം ".....അവരുടെ മുഖത്ത് വിഷാദം  നിറഞ്ഞു .

പേര് ഞാൻ പിന്നീട് ചോദിച്ചുമില്ല. അവർ എന്നോട് പറഞ്ഞതുമില്ല .

പുരാണ കഥകൾ, സംസ്‌കൃത ശ്ലോകങ്ങൾ ..അങ്ങനെ പോയി അവരുടെ  വിനോദങ്ങൾ.  എനിക്ക് പാടുവാനുണ്ടായിരുന്നത് നിലത്തടിച്ചാൽ മാത്രം പാടുന്ന റേഡിയോയിൽ നിന്ന് കിട്ടുന്ന  വിശേഷങ്ങളായിരുന്നു. പിന്നെ സ്കൂളിലെ കാര്യങ്ങളും,വീട്ടിലെ  വിഷമങ്ങളും.......

മൂന്നാം യാമം കഴിയാറാവുമ്പോൾ  ഞങ്ങൾ വിട പറയും ...
പിന്നെ മറ്റൊരു ദിവസം.
കൂടിക്കാഴ്ചകൾക്കു ഇടവേളകൾ കൂടിയാൽ അവർ നന്നായി പരിഭവിക്കും. അത് കണ്ടിരിക്കാൻ എനിക്കും ആവുമായിരുന്നില്ല.

ഒരിക്കൽ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കവേ, എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു കൊണ്ട്, അതു  വരെ കാണാത്ത ഭാവത്തോടെ അവർ പറഞ്ഞു, " എന്റെ ഗന്ധർവനാണ് നീ, പോരുന്നോ എൻറെയൊപ്പം ?"..

"ഗന്ധർവനോ, അതെന്താണ് ...ആ വാക്ക് അന്നാദ്യമായി കേൾക്കുകയായിരുന്നു...

വീണ്ടും ചിരി .............

എനിക്ക്  അത്ഭുതം തോന്നിയ കാര്യം  മറ്റൊന്നായിരുന്നു . ആ സമയങ്ങളിൽ ഒരിക്കൽ പോലും മഴ പെയ്തിരുന്നില്ല ........
അന്തരീക്ഷം ഞങ്ങൾക്ക് വേണ്ടി തയാറായി മാറി  നിൽക്കുന്ന പോലെ ......
കൂടാതെ ഇത്രയധികം ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിയിട്ടും ഞങ്ങൾ കാണുന്നതും, സംസാരിക്കുന്നതും  ആരും അറിഞ്ഞിരുന്നുമില്ല ......

പത്താം ക്ലാസ്സിലെ വർഷ പരീക്ഷ നടക്കുന്ന സമയം . ദിവസങ്ങളോളം എനിക്ക് അവിടെ പോവാൻ കഴിഞ്ഞില്ല . ഇടയ്ക്കിടെ ഓർമ്മ വരുമെങ്കിലും പോകാനുള്ള സാഹചര്യം ഉണ്ടായില്ല .  അതി രാവിലെ എന്നെ എഴുന്നേൽപ്പിക്കുക എന്നത് അച്ഛനെയും അമ്മയെയും  സംബന്ധിച്ചടത്തോളം ഏറെ ശ്രമകരമായിരുന്നു. അതിനാൽ രണ്ടുപേരും  എന്റെ മുറിയിൽ തന്നെയാണ് കിടന്നിരുന്നത്.

അന്നൊരിക്കൽ,   ഒരു രാത്രിയിൽ,  പഠിച്ചു  കൊണ്ടിരിക്കുമ്പോൾ, എന്റെ മുന്നിലുള്ള ജനാല തനിയെ തുറന്നു വന്നു. ശക്തമായ കാറ്റും മഴയും . വെട്ടി വീഴുന്ന കൊള്ളിയാനുകളുടെ വെള്ളി വെളിച്ചത്തിൽ ജനാലയ്ക്കു പുറത്ത് ഞാൻ  കണ്ടു. വിഷാദം മുട്ടി നിൽക്കുന്ന മുഖം . വേഷമാകെ നനഞ്ഞിരിക്കുന്നു .
"ഉണ്ണി വരണില്യേ ,"....മുഖം കണ്ടപ്പോൾ എനിക്കും വിഷമമായി .  പുസ്തകം അടച്ചു വെച്ചു വാതിൽ തുറക്കാനായി എഴുന്നേറ്റു .

" ആയ് ..നീയിവിടെ നിക്കുവാ ? മൂധേവി ..അശ്രീകരം " ...

മനയ്ക്കലെ വല്യ നമ്പൂരിയച്ഛന്റെ ശബ്ദം പോലെ തോന്നി. പിന്നെ കുറെ മന്ത്രോച്ചാരണങ്ങളും കേട്ടു . ജനാലയിലൂടെ ആ മുഖത്തിന്റെ ദയനീയ ഭാവം കണ്ടു ..... പെട്ടെന്നോടിച്ചെന്നു   വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി നോക്കി .
മഴയുമില്ല , ഇടിയുമില്ല .....
കടുത്ത നിശ്ശബ്ദത മാത്രം.

അച്ഛനും അമ്മയും ഉണരുമോ എന്ന് പേടിച്ച് വേഗം ഞാൻ അകത്തു കയറി. രണ്ടാളും സ്തംഭനം വന്ന പോലെ കിടന്നുറങ്ങുന്നു .

കണ്ടത് സ്വപ്നമാണോ ...

ആകെ സംഭ്രമത്തിലായി ഞാനും .

പിറ്റേന്ന് സ്കൂളിലേക്ക് നടന്നു പോകുമ്പോൾ മനക്കൽ ഭയങ്കര ആൾക്കൂട്ടം . ചെവി വട്ടം പിടിച്ചപ്പോൾ പലതും അറിഞ്ഞു  . വൃദ്ധനായി കിടപ്പായിരുന്ന  നമ്പൂര്യച്ചൻ അർദ്ധരാത്രി പെട്ടെന്നെഴുന്നേറ്റു  വാതിൽ തുറന്നു പുറത്തേക്കു പോയത്രേ . പിന്നെ കണ്ടത് രാവിലെ വികൃത ജഡമായി കുളത്തിൽ കിടക്കുന്നതാണ്  . അദ്ദേഹം വശപ്പെടുത്തി വച്ചിരുന്ന യക്ഷിയാവാം അത് ചെയ്തെതെന്ന് പലരും അടക്കം പറയുന്നുണ്ടായിരുന്നു  തുടർന്നുള്ള ദിവസങ്ങളിൽ ഏതോ ഭയങ്കര ഹോമം അവിടെ നടക്കുന്നു എന്നും  കേട്ടു .

വർഷ പരീക്ഷ കഴിഞ്ഞ ശേഷം ഞാൻ പകലും രാത്രിയുമൊക്കെ ആ പറമ്പിൽ അലഞ്ഞു നടന്നു. ഉണങ്ങിയ ചമതയിലകൾ ചെറു കാറ്റിലൂടെ എന്റെ ഒപ്പം കൂടി .
ആ വലിയ മരത്തിൽ ചുവപ്പു പട്ടു ചുറ്റിയ ആണി അന്നൊന്നും  എന്റെ കണ്ണിൽ പെട്ടിരുന്നില്ല. എപ്പോഴൊക്കെയാ ആ പട്ടു തൂവാല എന്നെ മാടി വിളിച്ചിരുന്നോ ?
അറിയില്ല

ഏറെ നാളുകൾക്കിപ്പുറം, ഒരിക്കൽ വിദേശത്തു നിന്ന് വീട്ടിൽ അവധിക്കു വന്നപ്പോൾ, മന പൊളിക്കുന്ന  ആളുകൾ എത്തിയത് കണ്ടു ഞാനവിടേക്കു  ചെന്നു . വല്യ നമ്പൂരിയച്ചന്റെ സന്തതി പരമ്പരയിൽ അവസാനത്തെ ആൾ, മന വിറ്റു  പോവുകയാണത്രെ ....
പ്രതാപങ്ങൾ എല്ലാം കുറഞ്ഞ വർഷങ്ങൾ കൊണ്ട് ഒടുങ്ങിയിരുന്നു.

പൊളിഞ്ഞു വീഴാൻ ബാക്കിയുള്ള ചില ചുവരുകളിലെ  ജനാലകൾ  എന്തൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു.
ചുറ്റുവട്ടം നടന്നു  കാണുമ്പോൾ വിഷമം   കൺകോണുകളിലെത്തി. അടർന്നു വീഴുന്നിടത്ത് ആ വെളുത്ത പൂക്കൾ ഞാൻ തിരഞ്ഞു .

പൊളിച്ചു മാറ്റിയ കഷ്ണങ്ങൾക്കിടയിൽ എന്റെ കണ്ണുകൾ എന്തൊക്കെയോ തേടിക്കൊണ്ടേയിരുന്നു ......

തിരികെ വീട്ടിലെത്തുമ്പോൾ  ഭാര്യയുടെ ശകാരം . "എപ്പോ നാട്ടിൽ വന്നാലും മനയിലെ മരത്തിന്റെ മൂട്ടിൽ
പോയി നിൽക്കണമല്ലേ .....എന്നാൽപ്പിന്നെ നിങ്ങള്ക്ക് ആ മനയങ്ങു വാങ്ങിക്കൂടാരുന്നോ "

പ്രതീക്ഷകൾ  അവസാനിക്കുന്നില്ല.......

By: Nair Unnikrishnan











ഒരു 70 mm യക്ഷിക്കഥ





പരീക്ഷക്കാലമായതിനാൽ അമ്മ റ്റി വി തുറക്കാൻ സമ്മതിച്ചിരുന്നില്ല. പഠനത്തിന്റെ ഇടയ്ക്കു ബോറടിക്കുമ്പോൾ നേരെ കശുമാവിൻ ചുവട്ടിലേക്കോടും. ഈ ഓട്ടത്തിന് പിന്നിൽ ഒരു രഹസ്യമുണ്ട് . അത്തവണ പരീക്ഷ കഴിഞ്ഞാൽ തീയേറ്ററിൽ പോയി സിനിമ കാണാൻ അച്ഛന്റെ അനുവാദം കിട്ടിയിരുന്നു . അതും സെക്കൻഡ് ഷോ. രാത്രിയിൽ പടം കണ്ടിട്ടു വരുന്നതിൻ്റെ രസം പല കൂട്ടുകാരിൽ നിന്നും കേട്ടിട്ടുണ്ട് . സിനിമ കാണുക എന്നത് മാത്രമല്ല ലക്ഷ്യം. ഊറി വരുന്ന തണുത്ത കാറ്റിലൂടെ, ചൂടുള്ള വറുത്ത കപ്പലണ്ടി കൊറിച്ചു കൊണ്ടുള്ള മടക്കയാത്ര. അതാണ് പ്രധാന ആകർഷണം. അന്നേ ദിവസം മാനത്തു മഴക്കാറ് . മഴ പെയ്യാതിരിക്കാൻ ക്ഷേത്രത്തിലേക്ക് അൻപതു പൈസ നേർച്ച നേരേണ്ടി വന്നു. ബജറ്റ് വീണ്ടും ചുരുങ്ങി. കൂടെ വരാം എന്നേറ്റിട്ടുള്ള കൂട്ടുകാരന്റെ മുഴുവൻ ചിലവും എന്റെ തലയിൽ തന്നെയാണെന്നതും കശുമാങ്ങ വീഴുന്ന ശബ്ദത്തിനോടുള്ള എന്റെ പ്രണയം തീവ്രമാക്കി. ഒരു ധനമന്ത്രിയുടെ ഗമയോടെ, അഥവാ വഴക്കത്തോടെ നിലത്തു, വരവും ചിലവും കൂട്ടുന്നത് ആ ദിനങ്ങളിൽ എന്റെ ഒരു ഹോബി ആയിരുന്നു. അതെ , കശുവണ്ടി വിറ്റു വേണം ബജറ്റ് കമ്മി കുറക്കാൻ. കൂടെ വരാം എന്നേറ്റിരുന്ന സുഹൃത്തു വന്നില്ല,എന്നതൊഴിച്ചാൽ മറ്റു കാര്യമായ തടസ്സങ്ങൾ ഒന്നും വന്നില്ല. സുഹൃത്തിന്റെ സൈക്കിൾ ഉണ്ടാവുമെന്ന് കരുതിയതിനാൽ ഞാൻ നടന്നാണ് അവന്റെ വീട്ടിൽ ചെന്നത്. അച്ഛൻ കുടിച്ചു നല്ല ഫോമിലായിരുന്നതിനാൽ , എന്റെയൊപ്പം വരാൻ അവന്റെ അമ്മ സമ്മതിച്ചില്ല. കൂടുതൽ പറയാൻ നില്ക്കാതെ ഞാൻ റോഡിലേക്ക് ഇറങ്ങി . രാത്രി കാലങ്ങളിൽ ബസ് സർവീസ് ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്നും ഉദ്ദേശം ഇരുപതു മിനുട്ട് റോഡിലൂടെ നടന്നാൽ ടൗണിൽ എത്താം. മാനത്തേക്ക് ഒന്ന് നോക്കി ഞാൻ ആഞ്ഞു നടന്നു. അക്കാലത്ത് ഞങ്ങളുടെ നാട്ടിലെ സിനിമ പ്രേമികളുടെ ഏക ആശ്രയം സുരേഷ് തീയേറ്റർ ആയിരുന്നു. മിക്ക പുതിയ പടങ്ങളും അവിടെ കളിക്കാറുണ്ട്. ഓല കൊണ്ടു മേഞ്ഞ മേൽക്കൂരയുള്ള ആ കെട്ടിടം കാണുന്നത് തന്നെ ഒരു സിനിമ പ്രേമി ആയ എനിക്ക് വല്ലാത്ത ഒരു അനുഭൂതി തന്നിരുന്നു. ചുവരിൽ മഞ്ഞ ചായം പൂശി,സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും പേറി തലയെടുപ്പോടെയുള്ള നിൽപ്പ് പട്ടണത്തിന്റെ മൊത്ത ഭംഗിക്ക് മാറ്റു കൂട്ടിയിരുന്നുവെന്നതിൽ തർക്കമില്ല. ഇന്നത്തെ പോലെ റോഡ് അത്ര വലുതായിരുന്നില്ല . ഒൻപതു മണിക്ക് നടന്നു പോവുമ്പോൾ അങ്ങിങ്ങു വെളിച്ചം ഉണ്ടായിരുന്നു. റോഡിലേക്ക് മറിഞ്ഞു വീണു കിടക്കുന്ന കൈതക്കൂട്ടങ്ങൾ ചിലയിടത്തു ഭയപ്പെടുത്താൻ നോക്കിയെങ്കിലും, മുത്തശ്ശി പഠിപ്പിച്ചു തന്ന ഗണപതി സൂക്തം ഉരുവിട്ടു കണ്ണുകൾ പകുതി അടച്ചു നടത്തത്തിന്റെ വേഗം കൂട്ടി, അവയെ തരണം ചെയ്തു . എന്തു വന്നാലും സിനിമ കണ്ടിട്ടു തന്നെ എന്ന ദൃഢ നിശ്ചയവും നല്ല ധൈര്യം പകർന്നു തന്നു. പകൽ പോകുമ്പോൾ തന്നെ പേടിയുണ്ടാക്കിയിരുന്നത് വാഴപ്പള്ളി ജംഗ്ഷനിലെ വലിയ ആൽമരമായിരുന്നു.നിരവധി ഭീകര കഥകൾ ആ ആൽമരത്തിന്റെ ഇലകൾ മന്ത്രിക്കുന്നത് കേൾക്കാം. ദൂരെ നിന്നു നോക്കുമ്പോൾ , അതിന്റെ നിൽപ്പ് തന്നെ ബാലരമയിലെ ഡാകിനിയെപ്പോലെ ആയിരുന്നു.. സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ ആ ആല്മരത്തിൽ എവിടെയെങ്കിലും യക്ഷിയെ തളച്ച ആണികൾ ഉണ്ടോ എന്നു ഇടം കണ്ണിട്ടു പാളി നോക്കും. മഹാ മാന്ത്രികരുടെ ഇല്ലത്തേക്ക് പോവുന്ന വഴി കൂടിയാണത് .എന്റെ അറിവിൽ തന്നെ പത്തോളം യക്ഷികഥകൾ ആ മരവുമായി ബന്ധപെട്ടു കേട്ടിട്ടുണ്ട് . കൊട്ടകയിൽ എത്തിയപ്പോൾ ഇടി വെട്ടിയവനെ പാമ്പ് കടിച്ച സ്ഥിതിയായി. അവിടെ കളിക്കുന്നത് ശ്രീകൃഷ്ണപ്പരുന്ത്‌ . മോഹൻലാലിന്റെ തീവ്ര ആരാധകനാണെങ്കിലും ആദ്യം ഒന്നു മടിച്ചു. എങ്കിലും സധൈര്യം കയറി. യക്ഷി വരുമ്പോൾ കണ്ണടച്ചും, കൂടുതൽ നിലക്കടല വായിൽ ഇട്ടു കൊറിച്ചും, ഒക്കെ ഒരു വിധം സമയം തീർത്തു. അല്പം ആശ്വാസം കിട്ടിയത് ഇടവേളയിലാണ്. ചിലന്തിവല പിടിച്ച തൂക്കു വിളക്കിന്റെ വെട്ടം ചില്ലറ ധൈര്യമല്ല തന്നത് . പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ, ഞെട്ടിപ്പോയി. റോഡിൽ ലൈറ്റില്ല . കാർമേഘങ്ങൾ ഉള്ളത് കൊണ്ടു ആകാശത്തു ചന്ദ്രൻ ഏതാണ്ട് പൂർണമായി മറഞ്ഞു നിൽക്കുകയാണ് .പാമ്പു കടിച്ചവനെ ഇണപ്പാമ്പു കൂടി കടിച്ച അവസ്ഥയായി . എങ്ങനെ വീട്ടിൽ തിരിച്ചു പോകും . കൊട്ടകയുടെ വെളിയിൽ പെട്രോമാക്സിൻറെ വെട്ടത്തിൽ നിന്ന കടല വിൽപ്പനക്കാരനും പോകാൻ ഒരുങ്ങിയതോടെ എന്റെ ധൈര്യം പമ്പ കടന്നു . ഏതായാലും നടക്കുക തന്നെ. കാർമേഘം മാറുമ്പോൾ കിട്ടുന്ന ചെറിയ വെളിച്ചത്തിൽ റോഡ് കണ്ടു വേണം പോകാൻ. ബാക്കി ഉണ്ടായിരുന്ന കടല വായിലേക്ക് ഇട്ടുകൊണ്ട് വേഗത്തിൽ നടന്നു. വാഴപ്പള്ളി ജംഗ്ഷൻ ആൽമരം എത്താറാകുന്നു എന്ന വിചാരം ഒരു മിന്നൽ പോലെ മനസ്സിലേക്കെത്തി. അതിൽ തളക്കപ്പെട്ട യക്ഷികൾ ശ്രീകൃഷ്ണപ്പരുന്തിലെ രൂപം ധരിച്ചു മനസ്സിലെ കൊട്ടകയിൽ തേര്ഡ് ഷോ തുടങ്ങി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, ഒരു ചിലമ്പിന്റെ ശബ്ദം. ***** ജില്**** ജില്***** . നടക്കുമ്പോൾ എന്നെ പിന്തുടരുന്നുണ്ടോ എന്നു സംശയം.. റോഡിലാണെങ്കിൽ ആരെയും കാണുന്നില്ല. തിരിഞ്ഞു നോക്കാൻ ധൈര്യവുമില്ല. ഒന്നു നിന്നു നോക്കി. ചിലമ്പിന്റെ ശബ്ദവും നിന്നു. ഞാൻ വീണ്ടും നടക്കാൻ തുടങ്ങി. ചിലമ്പിന്റെ താളം കുറേക്കൂടി ഉച്ചത്തിലായി. പിന്നെ ഒന്നും നോക്കിയില്ല. ഒറ്റയോട്ടം . ഓടുമ്പോൾ യക്ഷി പിന്നാലെ തന്നെ. വേഗം കൂടിയപ്പോൾ ശബ്ദവും കൂടി . വീടിനടുത്തുള്ള ക്ഷേത്രപരിസരത്തു എത്തിയപ്പോൾ അല്പം സമാധാനമായി. ദേവിയുടെ അടുത്തു യക്ഷി വരില്ലല്ലോ. ഒന്നു വിശ്രമിക്കാൻ ക്ഷേത്ര മതിലിൽ ചാരി നിൽക്കുമ്പോൾ മറ്റൊരു സംശയം ഉടലെടുത്തു. പണ്ടെങ്ങോ, കൂടിയ ദേവീ ചൈതന്യം കുറയ്ക്കാനായി ചെയ്തെന്നു പറയുന്ന കർമങ്ങളുടെ നിറം പിടിപ്പിച്ച കഥകൾ.... ദേവിയുടെ വരത്തുപോക്കു ഉള്ള സ്ഥലം. വേറൊന്നും ആലോചിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല അമ്മേ എന്നു ഉറക്കെ നിലവിളിച്ചു കരഞ്ഞു കൊണ്ടോടി. വീണ്ടും ചിലമ്പ് പിന്തുടരാൻ തുടങ്ങി വീടെത്തിയപ്പോഴേക്കും ആ തണുത്ത രാത്രിയിലും ഞാൻ വിയർത്തു കുളിച്ചിരുന്നു . ചിലമ്പിന്റെ ശബ്ദം ഉച്ചത്തിലായി . അമ്മാ... കതകു തുറക്കമ്മാ ..എന്നു വിളിച്ചു കതകിൽ തട്ടാനായുമ്പോഴേക്കും അമ്മയും അച്ഛനും കൂടി വാതിൽ തുറന്നിരുന്നു . പടിയിൽ തട്ടി അകത്തേക്ക് തെറിച്ച എന്റെ വീഴ്ച കണ്ടു പോക്കറ്റിൽ നിന്നും ചിതറി വീണ നാണയത്തുട്ടുകൾ തറയിൽ കിടന്ന് ചിരി തുടങ്ങി. ചിലമ്പിന്റെ ശബ്ദമാണ് ആ ചിരിക്കുന്നതെന്നു തിരിച്ചറിയും മുൻപേ എന്റെ ബോധം പോയിരുന്നു. പനിച്ചു കിടന്നതു മൂന്നു ദിവസം. ആ പഴയ നാണയത്തുട്ടുകൾ ഇന്നും എൻ്റെ കൈവശം ഉണ്ട് . ഒരു നനുത്ത പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവ ചിലപ്പോഴൊക്കെ താഴെ വീണു ചിരിക്കാറുമുണ്ട് .

www.nallezhuth.com

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo