Showing posts with label Binnydas. Show all posts
Showing posts with label Binnydas. Show all posts

ഞാനും എന്റെ ഭാര്യയും


ഞാനും എന്റെ ഭാര്യയും
......................................
ഞങ്ങൾ പ്രണയിച്ചു വിവാഹിതരായി. പ്രണയിക്കുമ്പോൾ ഭ്രാന്തായിരുന്നു. കാണാതിരിക്കാൻ പറ്റുന്നില്ല. മെസേജ് വന്നില്ലെങ്കിൽ വിഷമം. ഫോണിൽ മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന സംസാരം. പ്രണയഗാനങ്ങൾ, സിനിമകൾ., പ്രണയം നിറഞ്ഞൊഴുകുന്ന പുസ്തകങ്ങൾ ഇവരൊക്കെയായിരുന്നു കൂട്ടുകാർ.. തീവ്രമായ ആ പ്രണയം വിവാ ഹത്തിൽ കലാശിച്ചു.....
ഇപ്പോൾ പ്രണയമില്ല പ്രണയ ഗാനങ്ങളുമില്ല... വേറെയും സ്ത്രീകൾ ജീവിതത്തിൽ കടന്നുവന്നു അവൾ അത് മനസിലാക്കാതിരിക്കാൻ അവളെ മതി മറന്നു വീണ്ടും സ്നേഹിച്ചു തുടങ്ങി.അതിനാൽ അവൾക്ക് മറ്റ് സ്ത്രീ കളുമായുള്ള അടുപ്പം സുഹൃദമായി മാത്രേ തോന്നിയുള്ളൂ. അതോടെ ഞാൻ ഹാപ്പി.പിന്നെ കുറെ സൗഹൃദങ്ങൾ , കറക്കം ,മദ്യപാനം അങ്ങനെ ജീവിതം അടിച്ചു പൊളിച്ചു. പകരം അവളെ അഗാധമായി സ്നേഹിച്ചു.അതിലുമപ്പുറം സ്നേഹിക്കുന്ന പോലെ അഭിനയിച്ചു.
ചിലപ്പോൾ എന്തെങ്കിലും മനസിലായപോലെ അവൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ പൊട്ടിത്തെറിക്കും. അതോടെ അവൾ ഫ്ലാറ്റ്. ഇനി അതിലും നിന്നില്ലേൽ കണ്ണൊന്നു നിറച്ചു രണ്ടു സെന്റിഡയലോഗ്. അവൾ വീണ്ടും ഫ്ലാറ്റ്. ഞാൻ വീണ്ടും എന്റെ കുരുത്തക്കേടുകളുമായി മുന്നോട്ട്.
ഒരു ദിവസം ഞാൻ അവളെ ഒന്ന് ഫോണിൽ വിളിച്ചപ്പോൾ ബിസി ആയതിന്റെ പേരിൽ ഞാനവളെ കൊന്നു കൊലവിളിച്ചു. അവൾ പരാതി ഒന്നും പറഞ്ഞില്ല.
ദിനങ്ങൾ കടന്നു പോയി. ഇന്ന് ഞാൻ രോഗാവസ്തയിൽ കട്ടിലിൽ കിടക്കുമ്പോൾ അവളെന്നെ സ്നേഹിച്ചു കൊല്ലുകയാണ്. കുറ്റബോധം എന്നെ വേട്ടയാടിയപ്പോൾ ഞാൻ എല്ലാം തുറന്നു പറഞ്ഞു. അവൾക്ക് ഒരു ദേഷ്യവുമില്ലാതെ എന്റെ കവിളിൽ തലോടി. എന്നിട്ട് പറഞ്ഞു. "എല്ലാം എനിക്കറിയാം ഒരു പക്ഷേ എന്നെപ്പോലെ കുറെ ഭാര്യമാരുണ്ട് ഇങ്ങനെ ,എല്ലാം അറിഞ്ഞിട്ടും ,ഒന്നുമറിയാത്ത പോലെ കാരണം എനിക്ക് അത്രക്ക് ഇഷ്ടമാ നിങ്ങളെ " ആ സമയം മുതലാണ് എന്റെ യഥാർത്ഥ പ്രണയം തുടങ്ങിയത്. വൈകിപ്പോയി എന്നറിയാം......... ബിന്നീദാസ് എം എം

കാത്തിരിപ്പ്


ജോലികഴിഞ്ഞു ക്ഷീണിച്ചവശനായി അയാൾ വീട്ടിലെത്തി. പതിവില്ലാതെ വീടിന്റെ വരാന്തയിൽ അവൾ കാത്തിരിക്കുന്നുണ്ടായിരുന്നു.
'' ഇവളെന്താ പതിവില്ലാതൊരുകാത്തിരിപ്പ് ? അയാൾ മനസിൽ പറഞ്ഞു.
വാരാന്തയിൽ കയറിയതും അവൾ നിശബ്ദയായി മുന്നിൽ വന്നുനിന്ന് കണ്ണുകളിലേക്ക് നോക്കി . പെട്ടെന്ന് അടുത്തുവന്ന് കെട്ടിപ്പിടിച്ചു.
എന്തു പറ്റിയെടി ? ഞാനാകെ വിയർത്തിരിക്കുവാ അയാൾ ദേഷ്യപ്പെട്ടു
അവൾ അയാളെ വരിഞ്ഞുമുറുക്കി. അവളുടെ കണ്ണുനീർ അയാളുടെശരീരത്തിലൂടെ ഒഴുകുമ്പോൾ അയാളറിഞ്ഞു അതൊരാനന്ദക്കണ്ണിരാണെന്ന്. അവൾ പറയാതെ പറഞ്ഞു, താനൊരച്ഛനാകാൻ പോകുന്നുവെന്ന്. അവരുടെ പത്ത് വർഷത്തെ ജീവിതത്തിനൊരുത്തരം. അയാൾ അവളെ വാരിപ്പുണർന്നു.
ദിനങ്ങൾ കഴിയുന്തോറും അവരുടെ സ്വപ്നങ്ങളുടെ ഭ്രൂണം രൂപമാറ്റം വന്ന് ജീവനൊഴുകുന്ന പൊക്കിൾക്കൊടിയിൽ തൂങ്ങിക്കളിച്ചു. ജീവന്റെ ഉൽഭവം ജലത്തിലാണല്ലോ. തന്റെ അമ്മയുടെ ഉദരത്തിലെ ജലത്തിൽ ആ കുഞ്ഞ് നീന്തിക്കളിച്ചു. അകത്ത് നടക്കുന്നതൊന്നുമറിയാതെ അവർ കാത്തിരുന്നു.
ഉറങ്ങാൻ കിടന്ന ഒരോ രാത്രിയിലും പുതിയ അതിഥിയേക്കുറിച്ചവർ സ്വപനങ്ങൾ നെയ്തു. അത് ആൺകുട്ടിയോ? അതോ, പെൺകുട്ടിയോ?വെളുത്തതോ കറുത്തതോ, അച്ഛനേപ്പോലോ അമ്മയേപ്പോലോ...... എന്തായാലും ദൈവം തരുന്നതല്ലേ?
പിന്നീടുള്ള ദിനങ്ങളിൽ അവരുടെ സന്തോഷത്തിന്റെ മുത്തുകൾ നിറച്ച ചെപ്പിൽ ആശങ്കകളുടെ കല്ലുകൾ നിറയാൻ തുടങ്ങി .പ്രസവമായിരിക്കുമോ സിസേറിയൻ ആയിരിക്കുമോ?അന്നന്ന് കഴിയാൻ പാടുപെടുന്ന തങ്ങൾ ആ കുഞ്ഞിനെ എങ്ങനെ വളർത്തും. ചിന്തകളങ്ങനെ കാടുകയറുമ്പോൾ. അതിനെല്ലാം സാക്ഷിയായി ആ വീടിന്റെ മേൽക്കൂരയിലെ ചെറിയ വിടവിലൂടെ പനിമതി പാലൊളി തൂകി നിന്നു .
പെട്ടെന്നാണ് അവൾക്ക് വേദന ഉണ്ടായത്. അയാൾ എവിടെ നിന്നോ ഒരു ഓട്ടോ വിളിച്ച് അവളെ ആശുപത്രിയിലെത്തിച്ചു.ആ പനിമതി കാർമേഘങ്ങളാൽ മൂടപ്പെട്ടു.മഴ ശക്തിയായി പെയ്യാൻ തുടങ്ങി.
അയാൾ ലേബർറൂമിന്റെ മുന്നിൽ അക്ഷമനായി കാത്തിരുന്നു. തന്റെ മനസ് പ്രക്ഷുബ്ദമാകുന്നതയാളറിഞ്ഞു.ഇരിക്കാൻ കഴിയുന്നില്ല, അങ്ങേട്ടുമിങ്ങോട്ടും നടന്നു.
കുറച്ച് സമയങ്ങൾക്കുശേഷം ഡോക്ടർ പുറത്തേക്ക് വന്നു. അയാളുടെ തോളിൽ കൈവച്ചു. വിറയാർന്ന മനസുമായി അയാൾ ശബ്ദിച്ചു -" ഡോക്ടർ ".
"ക്ഷമിക്കണം, പെൺകുട്ടിയായിരുന്നു പക്ഷേ മരിച്ചു പോയി. അമ്മയ്ക്ക് കുഴപ്പമില്ല !". അയാൾ തളർന്നു പോയി. ഹൃദയം പൊട്ടുന്നതു പോലെ, കാതിൽ ഒരു കരിവണ്ട് മൂളുന്നു, ശരീരം ഉള്ളതായി തോന്നുന്നില്ല.
ഡോക്ടർ തുടർന്നു " ഇത് ഒരു സ്വാഭാവിക മരണമല്ല, അയാൾ സംശയത്തോടെ തലയുയർത്തി.ഇത് ആത്മഹത്യയാണ് അവൾ തന്റെ അമ്മയുടെ പൊക്കിൾക്കൊടിയിൽ ആത്മഹത്യ ചെയ്തതാണ്. അയാൾ ചാടിയെണീറ്റു " ഡോക്ടർ എന്നാണീ പറയുന്നത് ?"
അത്രയും സുരക്ഷിതമായ ആ ലോകത്ത് നിന്ന് പുറത്തേക്ക് വരാൻ അവൾക്ക് മനസില്ലായിരുന്നു. തന്റെ ശരീരം പിച്ചിച്ചീന്താൻ നിൽക്കുന്നവരുടെ ലോകത്തേക്ക്, കുടിക്കാൻ വെള്ളമില്ലാത്ത ലോകത്തേക്ക്, ചുട്ടുപൊള്ളുന്ന ഈ ലോകത്തേക്ക് വരാൻ അവൾക്ക് മനസില്ലായിരുന്നു.
പെട്ടെന്ന് ചോര പുരണ്ട ഒരു പൊക്കിൾക്കൊടി അയാളുടെ കഴുത്തിനെ വരിഞ്ഞുമുറുക്കി. ശ്വാസം കിട്ടാതയാൾപിടഞ്ഞു.സർവ്വശക്തിയുമെടുത്ത് അയാൾ കഴുത്തിൽ നിന്ന് അത് വലിച്ചെറിഞ്ഞു .പെട്ടെന്നയാൾ കണ്ണ് തുറന്നു. ആകെ വിയർത്ത് കുളിച്ചിരിക്കുന്നു .അപ്പോഴും ആ പനിമതി പാലൊളി തൂകി നിന്നു. അയാൾ അവളെ നോക്കി. നല്ല ഉറക്കo. അവളുടെ മാതൃത്വത്തിന്റെ ഉദരം അഭിമാനത്തോടെ ഉയർന്നു നിൽക്കുന്നു.
അയാൾആഉദരത്തിൽചെവിയോർത്തു .തന്റെ അമ്മയുടെ ജീവനാഡിയിൽ ആ കുഞ്ഞ് ആടിക്കളിക്കുന്നത് അയാളറിഞ്ഞു..........
ബിന്നീദാസ് .എം എം

വെള്ളം

Image may contain: 1 person, closeup and outdoor

കുറച്ച് മാസങ്ങൾക്ക് മുൻപ് എഴുതിയ ഒരു ചെറിയ കഥ ഇവിടെ പോസ്റ്റ് ചെയ്യുന്നു. വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ---
ഒരു ഡയാലിസിസ് ടെക്നീഷ്യനായ ഞാൻ കണ്ട രോഗികളുടെ വെള്ളത്തോടുള്ള ആഗ്രഹവും ചില ആനുകാലിക സംഭവങ്ങളും
വെള്ളം
അയാൾ പത്രത്തിന്റെ താളുകൾ ദിവസവും ആവേശത്തോടെ നോക്കുമായിരുന്നു, വടംവലി എന്താണന്നറിയുവാൻ. ഒരറ്റത്ത് ഒരു സ്ത്രീ മറുവശത്ത് ഒരു പുരുഷൻ. നടുക്ക് തലയുയർത്തി മുല്ലപെരിയാർ ,ഒരു നാടിനെ മുഴുവൻ ഇല്ലാതാക്കുവാൻ കഴിയുന്ന വെള്ളവുമായി .
ആ വാർത്ത വായിച്ചു കഴിഞ്ഞപ്പോൾ അയാൾക്ക് നല്ല ദാഹം തോന്നി. എന്തായാലും ഒരു ഗ്ലാസ് വെള്ളം കുടിക്കുക തന്നെ .അയാൾ തെല്ലൊരു ഭയത്തോടെ ഒരു ഗ്ലാസ് വെള്ളം ചുണ്ടോടടുപ്പിച്ചു. അപ്പോഴേക്കും ഭാര്യ ആ ആഗ്രഹത്തിന് മങ്ങലേൽപിച്ചു." ഏട്ടന് വെള്ളം കുടിക്കാൻ പാടില്ല എന്നറിയില്ലേ? രാവിലെ ചായ കുടിച്ചതാണ്, അതു മതി." അവൾ അയാളിൽ നിന്ന് ഗ്ലാസ് പിടിച്ചു വാങ്ങി അകത്തേക്ക് നടന്നകന്നു.
വാർത്തകൾ പിന്നെയും മാറി മാറി വന്നു.ചെന്നൈ നഗരം മുഴുവൻ വെള്ളത്തിൽ മുങ്ങിയതും, മഹാരാഷ്ട്ര മുഴുവനും ഒരിറ്റുവെള്ളത്തിനായി കൊതിച്ചതും, പരവൂർ വെടികെട്ടപകടവുമൊക്കെ അയാളുടെ ദിനങ്ങളെ അമ്പരപ്പിച്ചു.
ഇതിലെ ഇരകൾക്കൊക്കെ അവസാന നിമിഷത്തിൽ ആഗ്രഹം ഒന്നായിരിക്കണം, എന്നെപ്പോലെ, " കുടിക്കാനൊരല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ " - അയാൾ മനസിലോർത്തു.
ഒരു പുസ്തക പുഴുവായ അയാൾക്ക് ആട് ജീവിതത്തിലെ നായകനെ ഓർമ്മ വന്നു. മാസങ്ങളോളം കുടിക്കാൻ ഒരു തുള്ളി വെള്ളമില്ലാതെ കഴിയേണ്ടിവന്ന അവസ്ഥ.
കൺമുന്നിൽ വെള്ളം ഉണ്ടായിരുന്നിട്ടും ഒന്നാസ്വദിച്ചു കുടിക്കാൻ കഴിയാതെ ഇനിയുള്ള ജീവിതം.
മറ്റുള്ളവർ എത്ര മാത്രം വെള്ളമാണ് അന്നനാളം എന്ന കുഴലിലൂടെ ആമാശയം എന്ന തടാകത്തിലേക്ക് ഒഴുക്കുന്നത് ! "ഒരിക്കലെങ്കിലും കുറച്ച് വെള്ളമെടുത്ത് ആസ്വദിച്ചു കുടിക്കണം, മതിയാകുവോളം, മരിച്ചാലും സാരമില്ല" അയാളുടെ ചിന്തകളെ ഭംഗിച്ചുകൊണ്ട് ഭാര്യയുടെ ശബ്ദം " ഏട്ടാ, വേഗം റെഡിയാക് .ഡയാലിസിസിന് പോകാൻ നേരമായി". തന്റെആഗ്രഹങ്ങളെ മനസിലൊളിപ്പിച്ച് അയാൾ ഭാര്യയോടൊത്ത് ആശുപത്രിയിലേക്ക് .......
അപ്പോഴും കേരളത്തിന്റേയും തമിഴ്നാടിന്റേയും ആത്മാഭിമാനത്തിന് മുന്നിൽ മുല്ലപ്പെരിയാർ തലയുയർത്തി നിന്നു, നിറവെള്ളവുമായി
............... ബിന്നീദാസ് .എം എം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo