Showing posts with label GirishKKurup. Show all posts
Showing posts with label GirishKKurup. Show all posts

തീവ്രമാനസം


തീവ്രമാനസം
==========
വാത്മീകമാകാൻ,
കൊതിച്ച നിൻ മാനസം
വാർമുകിൽ വന്നു
പുണർന്നിരുന്നോ?
വാതിൽപ്പടിയിൽ
കാലൊച്ച കേൾക്കാതെ
വാസന്ത ചന്ദ്രൻ
ഒളിച്ചിരുന്നോ?
തളിരിട്ടു മൊട്ടിട്ടു
പൂവായ് വിരിഞ്ഞ നിൻ
മനസ്സിലേ
ചെമ്പകച്ചോട്ടിൽ വരാം.
അറിയാതെ പൂവന്നു
സുഗന്ധം പരത്തുമ്പോൾ
അലിവിൻ്റെ കനിയൊഴുകും
പുഴയായിടാം.
ശാന്തമായ് തോന്നുമാ
അരുവിയിൽ, അലകളായ്
വർണ്ണ സ്വപ്നങ്ങൾ
നെയ്തു കൂട്ടാം.
സ്വർണ്ണമത്സ്യങ്ങളായ്
നീന്തിത്തുടിക്കുമ്പോൾ
പുലർ വെയിലിൻ
മധുമന്ദഹാസവും
കണ്ടിരിക്കാം.
ഉണർവിൻ്റെ സൂര്യാംശു
നുകർന്നു തുഴഞ്ഞങ്ങു
അകലെയാ കാണുന്ന
പുഷ്പവനിയിലെത്താം.
അവിടെ നാം
ഹേമന്ത രാവിൽ
ക്കിനാക്കളേ
ഹൃദയങ്ങൾ കൈമാറി
പങ്കുവെക്കാം.
അനാദിയാം കാലത്തെ
സാക്ഷിയാക്കി
ഒരുനുള്ളു സിന്ദൂരം
സീമന്ദ രേഖയിൽ
ചാർത്തി തരാം.
അതികാമമില്ലാത്ത
പ്രണയത്തിൻ
തോണിയിൽ, നിന്നെ......
വിരിമാറിൽ ചേർത്തുറക്കാം..
വിരിമാറിൽ ചേർത്തുറക്കാം.
ജീകേ
08-01-2016 8.10 PM-sa

വികാരമാദിത്യൻ



സാലഭഞ്ജികകൾ ,
തിരി തെളിച്ചു
കാത്തു നിൽക്കുമാ
ഇടനാഴിയിൽ!
ആരെയോ തേടുന്ന
വിക്രമാദിത്യനായ്.
ഹംപിതൻ ഉന്നത
നിലത്തു പണിഞ്ഞൊരാ
കൽമതിനുള്ളിലേ
കൊട്ടാരക്കെട്ടിലും?
കാലൊച്ച കേട്ടൊരാ,
ഇടനാഴി തേടി;
അലയുന്നു ?
ലക്ഷ്യബോധത്തിൻ്റെ
മറയുന്ന ബോധത്തിൽ.;
വഴിപോക്കനായിട്ടു,
നടന്നങ്ങടുത്തതും!
മുന്നിലായ് ഭട്ടിതൻ,
ആശ്വാസ വചനവും,
മുഴങ്ങിയില്ലാ.?
നടന്നങ്ങു കയറണം,
പടികൾ ഉയരേക്കു!
കഴിവില്ല കാലുകൾ,
കോച്ചിവലിക്കുന്നു,
അടിതെറ്റി വീണെന്നാൽ,
അകലുമാ സിംഹാസനം?
എത്തിയാലോ വരം,
തകർന്നങ്ങു വീഴുമീ
സിംഹാസനം, കൊട്ടാരം,
കോട്ട,ക്കൊത്തളങ്ങളും..
കഷ്ടമാം കഠിന,
സംവത്സരങ്ങൾ!
പിൻവിളിയോതുന്നു,
മുന്നോട്ടു പോകുക,
അന്തിയു,മന്ത്യവും,
അദൃശ്യമാം കരങ്ങളാൽ,
മുന്നേ വരച്ചതല്ലോ!
ശേഷിപ്പൂ ഇനിയും,
ആരണ്യകത്തിലേ
വേതാളമോതും കഥകളിൽ
എന്തിനോ, ശേഷിച്ചു,
തകരാതെൻ ശിരസ്സും!
ഒരു വേള, ഒരുവട്ടം
ഉത്തരം, തെറ്റിച്ചു പറയാതെ!
ജന്മജന്മാന്തരങ്ങളായ്,
ഏറ്റുന്നു ശരി നിൻ്റെ
തെറ്റെന്നു ചൊല്ലുവോർ,
കുറ്റങ്ങളെല്ലാം നിന്നിൽ
കാരിരുമ്പാണിയാൽ
തലയാൽ,ത്തറയ്ക്കുവാൻ,
കാരിരുമ്പാണിയാൽ
തലയാൽ,ത്തറയ്ക്കാൻ!
തല തല്ലിത്തറയ്ക്കാൻ ?
ജീകേ
05-1-2017 06.30 AM-SA,

എൻ്റെ നാട്



ഗംഗയൊഴുകും
സിന്ധുവൊഴുകും
കൃഷ്ണ ഗോദാവരീ
ബ്രഹമപുത്രാ,
കാവേരി പെരിയാറും
നിളൊഴുകും നാടെ
ഝലമൊഴുകും നാടെ
ചെനാബോഴുകും നാടേ
പുണ്യസ്സരസ്വതീ
പമ്പ,പെരിയാറും,
നിറഞ്ഞൊഴുകും നാടെ
ഭാരത നാടേ,
പാണ്ഢുവിൻ നാടെ,
ഭരതൻ്റെ നാടേ
പരശു,രാമൻ്റെ നാടേ.
രാമൻ്റെ നാടെ, രാമൻ്റെ നാടേ.
ധവള ജഢയണിയുന്ന
ഹിമവാൻ്റെ നാടേ
ഗോവർദ്ധനം പണ്ടു
കുടയായ നാടേ....
ആഴിതന്മാറിലൊരു-
സേതു തീർത്തൊരെൻ നാടേ
നാനാ മതസ്തർ
കുടികൊള്ളും നാടേ.
യോഗ്യരായ് മാറുവാൻ
യോഗ നല്കിയ നാടേ.
ഹിംസയിൽ,നിന്നഹിംസ
നല്കിയ നാടേ, ഭാരതനാടേ...
ഭരതൻ്റെ ,നാടേ,
വീരഗുപ്തൻ്റെ നാടേ,
അക്ബറിൻ നാടേ,
ജഹാംഗീറിൻ നാടേ,
പുരുവിൻ്റെ നാടേ
പാണ്ണ്യൻ്റെ നാടേ
മൈസൂറിൻ സീംഹമാം
ടിപ്പുവിൻ നാടേ.
വീരമാർത്താണ്ഢനും
ഉയിരേകി നീയേ
വേലു,കുഞ്ഞാലി-
പ്പഴശ്ശിയുടെ നാടേ.
ഭാരതനാടേ, എൻ
പുണ്യ നാടേ..
മഹിതമാം നാടെ
മനോഹര നാടെ
മറവിയാകാതുള്ള
മലയാണ്മ,തൻ നാടേ
അലയാഴി തൻ കൊഞ്ചൽ
കേൾക്കുന്ന നാടെ
ഗോവിനെ പൂജിച്ച
കുര്യൻ്റെ നാടേ.
ശാന്തതയിന്നും
കുടികൊള്ളും നാടേ.
കാലുഷ്യമെല്ലാം
ക്ഷണികമായ്
മാറ്റുന്ന നാടേ..
സുന്ദര നാടേ
സുമംഗളം നേരാം
ഭാരത നാടേ, നീ
പുണ്യമാകുന്നു
നിന്നിൽ ജനിക്കാൻ
നിൻ്റെ പുണ്യം നുകരാൻ
കനിവോടെ ഞങ്ങളെ
പോറ്റി നീയിതുവരെ
അതിനായി ഞങ്ങൾ
പ്രണമിക്കുന്നമ്മേ
ഇനിയുള്ള കാലവും
പ്രണമിക്കുന്നമ്മേ.
ജികെ
29-09-2016 8.00AM

എൻറെ ഗാണ്ഢീവം


എന്നിലുയരുന്ന, ഉറയുന്ന
ദു:ഖങ്ങളെല്ലാം പഴുപ്പിച്ചു
ചിന്തകളാമെൻ്റെ ഭാര'ച്ചുറ്റിക 
കൊണ്ടു നിർത്താ,പ്രഹരങ്ങൾ
ഏകിയൊരു ഗാണ്ടീവം
തീർക്കുന്നൂഇന്നിവിടെ !,
ഞാനെൻ്റെ കല്ലറക്കോലായിൽ
മനസ്സാം ഉലയിലെ
തീ ജ്വലി'പ്പിച്ചങ്ങൂ |
വില്ലു തീർന്ന'വനിയിൽ,
നിന്നെന്നിൽ പതിച്ചൊര-
കക്കണ്ണിൻ നീർക്കണ,
മുരുക്കി ഞാനാ....
നീർ'ക്കമ്പിയിൽ പുതിയൊരു
ഞാണും പണിതീർത്തു.
വില്ലിൻ്റെ അറ്റങ്ങളാ'മെൻ്റെ
മോഹ ധ്രൂവങ്ങൾ'തൻ
അകലങ്ങൾ ബന്ധിച്ചൂ...
വസുധയുടെ മടിയിൽ
നിവർന്നങ്ങു നിൽക്കും
അർജ്ജുനനല്ല ഞാൻ
ഗാണ്ഢീവ'മൊലിയുടെ
തീവ്ര വേഗമളക്കാൻ.
എടുത്തുയർത്താനൊരു
വീരനും വേണ്ട:ഹോ,
എന്നിലേ, തൂങ്ങിയാടും
ബാഹുക്കൾ മതിയെടോ.
കേഴുന്നു ! ഗാണ്ഢീവ
ശരമങ്ങടുക്കു നീ..
വിങ്ങും മനസ്സിലേ,
സനതോഷപ്പുഞ്ചിരി
പൊഴിക്കും മുത്തുമണി-
യലങ്കാരമാക്കി !
അവനാം ശരപഞ്ചരത്തിൽ?,
നിന്നുയിരേല്കും
അമ്പുകൾ..
ഒന്നോന്നായടുക്കി :
പ്രണയത്തിൻ മാസ്മര
പ്രഭയിൽത്തീർത്തൊരാ,
മനസ്സാം ആവനാഴിയിൽ
ഒളിപ്പിച്ചു, നടകൊണ്ടു?
ശിഥില മോഹങ്ങൾ,
പൂക്കാൻ
മടീക്കുമാപ്പൂവാടിയിൽ ;
പുതുമോഹ,പുഷ്പങ്ങൾ,
വിടരുവാൻ,
സഫലമൊരു
ജന്മത്തിൻ
ബാക്കിപത്രം ?,
നവമോഹശരങ്ങളാൽ
വിരിയിച്ചു, പുതുസുഗന്ധം.,
പരത്തുവാനലയുന്ന
പഥികനേ വീണ്ടും?
കണ്ടുമുട്ടും !
നീയേതോ വഴികളിൽ,
വനവീഥിയിൽ
വീണ്ടും?????!!!!!
ജി കെ
22-09-2016 8.30 AM

ഒരു സ്നേഹഗീതം - (ലളിതഗാനം)



എൻ,വലം കൈയ്യിലേ.. ചൂണ്ടാണി
വിരൽത്തുമ്പാൽ
കരിമഷികൊണ്ടു, നിൻ
കണ്ണെഴുതാം
ചാരേയണഞ്ഞൂ നീ..,യനങ്ങാ-.
തിരുന്നെങ്കിൽ
മിഴിപൂട്ടി സ്വപനത്തിൽ ,
അലിഞ്ഞിരുന്നാൽ
എന്നും,മ്മിഴി'പൂട്ടി സ്വപനത്തിൽ
അലിഞ്ഞിരുന്നാൽ
... (എൻ വലം...
വിരൽചേർത്തുവെച്ചു, നിൻ
കേശഭാരത്തിലേ
പിണ'ഞ്ഞങ്ങു, പിണങ്ങുമാ.....
മുടിയിഴകൾ
അരുമയായ് വിരൽ'കോർത്തു
ഇഴപിരി'ച്ചൊരുവേള,
അഴകോലും രൂപത്തിൽ
പിന്നിത്തരാം,
അഴകോലും രൂപത്തിൽ
പിന്നിയിടാം.....
(എൻ വലം..
ഒരുവേള,യോർക്കാതെൻ
കൈവിരൽ മൃദുലമായ്
മൃദുലേ നിൻ കണ്ടത്തിൽ
തൊട്ടനേരം.....
കോരിത്തരിച്ച നിൻ തനു,പുല്കും
അഗ്നിയേ....
ചുണ്ടിണ,യറിയാതെ
നുകർന്നു'വല്ലോ' യെൻ-
ച്ചുണ്ടിണ അറിയാതെ
നുകർന്നു'വല്ലോ....
(എൻ വലം....
സുരഭിലയാമങ്ങൾ എത്ര
കഴിഞ്ഞു 'പോയ്..
സ്വപ്നങ്ങളെല്ലാം പടർന്നു
പോയ് 'മാരിയിൽ..
മഴവില്ലിൻ വർണ്ണങ്ങൾ
ഏകി നീ മാഞ്ഞപ്പോൾ
ഏകാന്തയാമങ്ങൾ പൂക്കുമീ
ശിലകളിൽ....
നിൻച്ചിത്രം കോറി ഞാൻ
കാത്തിരിപ്പായ്
നേർത്തനിൻ പദ,ചലനത്തിനായ്
. 'കാത്തിരിപ്പായ്....
ഇന്നും 'കാത്തിരിന്നൂ
എന്നും 'കാത്തിരിക്കും..
( എൻ വലം...
ജികെ
18-09-2016 1.53PM

പ്രണയിനിക്കൊരു പ്രേമഗീതം


സ്വർണ്ണ,മന്ദാരമോ
വർണ്ണ,മന്ദാരമോ.. നീ
മനസ്സിലെ പേടമാൻ-
മിഴിയാളോ നീ..മനസ്സിലേ
പേട,മാൻ മിഴിയാളോ.....( സ്വർണ്ണ
ഉമ്മറപ്പടിമേലേ
ചിന്തിച്ചിരിക്കുമ്പോൾ
ആരുടെ മുഖമെന്നും
ഓർത്തിടുന്നൂ..ആരുടെ
മുഖമെന്നും ഓർത്തിടുന്നൂ..
നീ,യാരുടെ മുഖ-
മെന്നുമോർത്തിടുന്നൂ.... (സ്വർണ്ണ
കുയിൽക്കിളി നാദമോ
തിരു,ശംഖൊലിയോ നിൻ
ഗളത്തിൽ നിന്നുതിരുമാ
തേൻമൊഴികൾ, എൻ,
കാതിലമരുമീ മുരളീ നാദം
എൻകാതിലമരുമീ......
പ്രേമഗാനം, നിൻ പ്രണയഗീതം... (സ്വർണ്ണ ...

By: 
Girish K. Kurup

മൗനം


ചെറുകാര്യമെന്തേലും കിട്ടിയെന്നാൽ
ഉടനങ്ങു മൗനിയായ് മാറുന്നിതു ചിലർ!
മാസങ്ങളായൊരു മൗനിതൻ മൗനത്തേ
മാറ്റുവാനേറെ ശ്രമിച്ചിട്ടും, മൗനം !
മൗനം വെടിയാതെ, കിന്നരിപ്പാവതൻ
നിഴലാട്ടമാടുന്നു,.വിജനതേ...!
മൗനമിതൊട്ടുമേ ഇല്ലെൻ, പക്ഷിമൃഗാദി
സസ്യജാലലങ്ങൾക്കും, കഠിനമനസ്സില് !
പർവ്വത ശ്രേഷ്ടനും, അരുവിയാറിൻ തീരതതു
നിൽ്ക്കുന്നോ,രരയാലിന്നിലകൾക്കും. !
ഒട്ടുമേ മൗനമതില്ല, നിശ്ചലമാകില്ലൊരിക്കലും
എൻ കണ്ഠനാളവും, തൂലികാ ചലനവും !
ഓണം,വിഷുത്തിരുവാതിര വന്നങ്ങു പോയിടും
മാറില്ല കാലവും,കാറ്റും ഋതുക്കളും, മൗനമാകില്ല.
ജികെ
12-09-2016 4.29AM

പ്രണയ നൊമ്പരങ്ങൾ


നിശാഗന്ധി പൂക്കളേ..
നീലവാനി,ലമ്പിളിയേ....
കണ്ടുവോ, നീ ചൊല്ലുമോ..
അനു,രാഗവിവശനായിരിക്കും
കാമുകനാ,മെൻ്റെ കാതിൽ..(നിശാ..
കണ്ടതില്ല,കണ്ടതില്ല
മണിച്ചിങ്ങമാസ,നിലാവിലെങ്ങും
കെട്ടതില്ല, കേട്ടതില്ല,
അവൾ നൃത്തമാടും നേരമുയരും
നൂപുരത്തിൻ ധ്വനികളൊന്നും..(നിശാ...
എങ്ങു പോയിന്നെങ്ങു പോയീ
കദനമിത്ര,നല്കിടാനായ്.....
പൂക്കടമ്പു പൂത്തു നിൽക്കും
വർണ്ണരാവും, തേങ്ങലോടേ..
കേട്ടിടുന്നെൻ, കാമിനിയേ.....(നിശാ..
ജികെ
09-09-2016 9.41PM

മൃത മാനസങ്ങൾ



എത്തീ, ഞാനീ..ദിക്കറിയാ,ത്തുരുത്തിൽ.
തപ്പിത്തടഞ്ഞങ്ങോട്ടമായ്,ഗോളാകാര-പ്പരപ്പിൽ.
എന്തിനേറെയിനി,യലയണമെടോ
ശങ്കയില്ലാതെ കഴിഞ്ഞതല്ലെ നീ..
മോഹവെമ്പലിൻ്റായം,നയിച്ചെന്നെ, ഇന്നീ
മോഹവർണ്ണങ്ങൾ,പട്ടടതീർത്തൊരീ-
ത്തുരുത്തിൽ,ക്കണ്ട,കാഴ്ചകളിതുവരെ
കാട്ടുന്നൂ ദിക്കറിയാ..ദുരന്തഭൂവിതിൽ!
ആലവട്ടങ്ങൾ,വെഞ്ചാമരങ്ങളോ,
കാവലിന്നു,തീവെട്ടിയേന്തുന്നോർ, 
ആരുമില്ലിന്നു,താരാട്ടുപാടുവാ,നമ്മയുമില്ലെടോ, 
ഇവിടെ കൂട്ടിനു വരുമെന്ന,വൾ വന്നിതില്ലെല്ലോ.
എന്തിനേറെ,ക്കാക്കണം നിന്നെ, ഞാൻ
വെയിലുകാഞ്ഞു തരുക്കളും കരിഞ്ഞെടോ!
അശനിപാതം,പോൽ വർഷവും വന്നെടോ
ഇനിവരുമൊരു തണുവിൽ, വീണ്ടും, തളിരിടാം?
ജികെ
09-09-2016 8.28AM

ഇന്ധന ചിന്തകൾ

By: 
Girish K. Kurup
കരിപിടിച്ചൊരു,ചില്ലതി,നുള്ളിലായി
തേങ്ങിയേങ്ങി,ക്കത്തും ത്തിരിക്കീഴേ
ഊർജ്ജ,മേകാനിനി,യധികമില്ലെന്നോതും
ജലസമാനമാം മണ്ണെണ്ണ കേഴുന്നൂ..🎆
ക്ഷീണമാകുന്നെൻ,തനു, നഷ്ടമാകുന്നെൻ
ഊർജ്ജവും, അധികമായിനി ഏകിയില്ലെങ്കിലോ
മരണമേറ്റിടും, എന്നെയും നിന്നെപ്പോൽ,ഈ വാനവീഥിയിൽ, അലിഞ്ഞങ്ങു ചേർന്നിടും.🎂
വ്യകതമാകുകയില്ലൊരു,നാളും നിൻ ബുദ്ധിയിൽ
എൻമരണയാധാർത്ഥ്യം നിനക്കേകില്ല നേർ-
ബുദ്ധി, പരിതപിച്ചും, പതം പറഞ്ഞും, പതിത-
നായെന്നും, അലയുമേകാകിയായ്...😊
കണ്ടിതെങ്കിലും നീ,യറിയുന്നതെങ്കിലും
അറിവുകെട്ടവനായും നടിക്കുന്നു, എന്തി-
നേറയായ്, ചിന്തിച്ചു കൂട്ടുനാനു, അന്തിയാ-
കുമ്പോൾ, ആരുമില്ലാത്തൊരേകാന്ത മാനസം!😢
വൃദ്ധ ശകടമാണെങ്കിലു,മെന്നുടെ,യാവി-
യാകുന്നൊരൂർജ്ജമുണ്ടെങ്കിലേ, കണ്ണു-
കവിളും വിറപ്പീച്ചു, കുംഭയൊന്നങ്ങെടുത്തു,
മുന്നോട്ടെടോ, ചന്തമേറെക്കാട്ടും,ജരാനരൻ.🎂
ഒന്നു നീയിത,ങ്ങോർത്തങ്ങിരിക്കുക|😊
"കാലമേറേ,ക്കഴിയുന്നതിൻ മുൻപേ
അനുഭവത്തില,ങ്ങാകേണ്ടതൊക്കെയും
അനുഭവത്തിലങ്ങാക്കാൻ മറന്നെന്നാൽ,
തിരികയെത്തില്ല, പോയകാലം, വൃഥാ!'""'😢
ജികെ
05-09-2016 3.46PM

അഹങ്കാര-ദീപിക


ചടുലതാളങ്ങൾ ആടാനറിയില്ല,
കഠിന രാഗങ്ങൾ പാടാനറിയില്ല, കരളു-
പൊട്ടി നീ പാടീട്ടു,മെന്തെടോ,കനി-
വുകാട്ടാതെ കാലം ചിരിക്കുന്നു?
ഭാരവേഷങ്ങൾ, താങ്ങാതെൻ കാലുകൾ
വേച്ചു,വേച്ചങ്ങു പൊയ് പ്പോയ നേരത്തു
ഉദരമാംസത്തിന്നുള്ളിലെ വായു, നീ..
ഈണമോടെ പുറത്തങ്ങെടുത്തെടോ!
മധ്യാഹ്നവെട്ടം ജ്വലിപ്പിച്ചു നീൻകൂടേ
വഴിയിലിന്നൊരു വഴികാട്ടിയായി ഞാൻ
പരിതപിക്ചും ഗൃഹദ്വാരേ ചേർത്തിട്ടു
പരിണതപ്രജ്ഞ'നായി മടങ്ങുന്നു ഞാനെടോ.
ആയിരങ്ങളാം കല്പ,ഫലങ്ങളും
ആയിരപ്പറ നെല്ലും നിറഞ്ഞിട്ടു
ആവണിച്ചിങ്ങം വന്നീ,ദിനത്തിലും
ഉരിയരിക്കഞ്ഞി വെയ്കാൻ വകയില്ലേ!
ആർത്തനാദങ്ങൾ കേൾക്കു,ന്നെൻ
കർണ്ണത്തിൽ, അലമുറയങ്ങു കടലിരമ്പൽ, പോൽ, ആരുമില്ലെടോ സ്വാന്ത്വനംപാടുവാൻ
ആടിത്തീർത്തതു, ചിന്തിക്ക വേണ്ടെടോ:
എങ്കിലും ഒന്നു ഓർമ്മയിൽവെക്കണം
"ഓട്ടക്കീശയിൽ,ച്ചിതലരിക്കും മുന്നേ
ഓർത്തെടുത്തങ്ങു സൂക്ഷിച്ചു വെച്ചൊരാ
മൂഢസ്വർഗ്ഗങ്ങൾ യാഥാർത്ഥ്യമല്ലെടോ.."|||!!!!!!////\\?
ജികെ
04-09-2016 8.09AM

ചിന്താ,ഭംഗങ്ങൾ


ക്ഷണികമാ,മെൻ്റെ ജീവതം, ജീവനും,
കരയുവാനിനി നേരവും ഇല്ലെടോ, 
കരുണ,വറ്റിയ ലോകത്തു ഞാനൊരു
കനലു,കത്തും കരിക്കട്ട,യാണെടോ.
ചിരിവരുന്നേരം, ഒന്നു നീ,യോർക്കണം
കഠിന,മാനസമല്ലാ,തിരുന്നിട്ടും, വന്നു-
ചേർന്നെടോ..അറിയാതെനിക്കുമേ!
വന്നു,ചേരുമേ...വെണ്ണയിലഗ്നിമുത്തം,പോൽ
ഇന്നുറങ്ങി നീ.. നാളേ.., പ്പുലർകാലേ,
കണ്ടിടേണ,മെന്നാർക്കുണ്ടു നിശ്ചയം?
കൺതുറന്നു, നീ കാണുന്നതെല്ലാമേ!
ഇന്നലെക്കണ്ട കാഴചയ,തെന്നെ,ന്തെടോ?
ഓർമവെയ്കണം, ഓർത്തങ്ങിരിക്കണം
ആറടിമണ്ണിന്നവകാശി ഞാനെടോ,
നിന്നെനോക്കീ.. ഞാനൊന്നു ചിരിക്കട്ടെ?
കൂടെ, ഞാനിതങ്ങോർമ്മയിൽ നൽകട്ടേ..?
"കണ്ടു,കണ്ട,ങ്ങിരിക്കും ജനങ്ങളേ..
കണ്ടില്ലെന്നൂ,വരുത്തുന്നതും ഭവാൻ,
മാളിക,മുക,ളേറിയ മന്നൻ്റേ, തോളിൽ-
മാറാപ്പു,കേറ്റുന്നതും ഭവാൻ!"
ജികെ
31-08-2016 8.19 PM

ദുരഭിമാനാവസ്ഥ


യാത്രഞാൻ തുടരുന്നിതെൻ,
ഭാഗഥേയത്തിൻ മൃതജഡം തോളിലേറ്റി-
കാൽനടപ്പാതയിൽ, അരുമയാം മകളെ-
ന്നോരവും പൂകി, ഭയചകിതയാ,യിന്നു!
താണ്ടണം, നീണ്ടൊരുപാതയിൽ
അയിരമനേകായിരം കാതങ്ങൾ!
ഊണില്ലുറക്കമില്ലീ,ത്തോളിലേറും ,
ജഡത്തിനും, കൂടെനീങ്ങും കന്യക്കും?
വഴിവക്കിലായിരം ആൾക്കൂട്ടം നോക്കുന്നു,
ചിട്ടയായ് വന്നങ്ങു ചിത്രം, പിടിപ്പവർ വേറെയും,
ആരും കനിഞ്ഞില്ല, അലിവില്ലാമരവിച്ച മാനസങ്ങൾ
ഒരുതുള്ളിദാഹ,ജലം പോലും, കേട്ടില്ല പൈതലേ|||
അറിവില്ല, അക്ഷരമറിയില്ലെനിക്കോ,യെൻ
പൈതലും, കരയുവാൻ,മാത്രമറിയും കനവേ,
തളരുന്നിതെൻ തനു, താങ്ങിനായി,ച്ചുമടു-
താങ്ങിയും കാഴ്ചയിൽ തെളിവില്ല, ഖരമാനസങ്ങളേ
ജാതികളങ്ങനെ, കോമരംതുള്ളുന്ന ഗ്രാമ-
ങ്ങൾ, കെല്പില്ലെതിർക്കുവാനെൻ ജാതി-
തൻ, അനാചാര,ദുരാചാര ലിഖിതങ്ങൾ'
പിന്നെയെന്തറിഞ്ഞെന്നെയു,മാഘോഷമോ?
ആരോ, കനിഞ്ഞോ,രലിവിലായ്-
വന്നെത്തി, സൈറൺ മുഴക്കുമാ,
വണ്ടിയിൽ കയറ്റി, എത്തിച്ചു ചേർത്തു,
ഞങ്ങളാം മൂന്നുജഡ പഞ്ചരങ്ങളെ!
അറിവില്ലെനിക്കു എഴുതുവാൻ, വായിപ്പാൻ
കൊത്തിപ്പറിക്കരുതെന്നെയും, അമ്മയേം,
കുളിരുള്ളഭിത്തിക്കകത്തി,രുന്നുണ്ടു നീ,
ആർഭാടമാക്കല്ലേ, എന്നുടെ ദൈന്യത:
നവമാധ്യമത്തിൻ ഗുരുക്കൾ നിങ്ങൾ,
ചപലവികാരത്തി,ലുണ്മ മറന്നിടല്ലേ,
വീണ്ടും, ഞാനെന്ന മറയിൽ, ജ്വലിപ്പി-
ക്കരുതു, നിൻ ശുഷ്കമാം ചിന്തകൾ!
എന്നുടെകഥ,മാത്രമല്ല, എല്ലാക്കഥകളും,
പൊലിപ്പിച്ചു, നിന്നാത്മ സംപൃപ്തി,അടയുന്ന-
വേളയിൽ, നീയറിയുന്നതില്ലിതു, ഞങ്ങൾ തൻ,
ആത്മനൊമ്പരങ്ങളും, അമ്മതൻ വേദനയും.
ഞാൻ വഴി, നീയെന്നമ്മയെ മ്ളേശ്ചയാക്കല്ലെ
നീവെറും, കുറുക്കൻ്റെ കൈയ്യിലെ, മുന്തിരിയോ!
അതോ, ഗജത്തിനു നെറ്റിപ്പട്ടമെന്നലങ്കാ-
രമോ, ചെയ്യരുതുനീ, നിൻ്റമ്മയെ മറന്നിട്ടു!!!!!!!
ആഘൊഷമെല്ലാം കഴിഞ്ഞീടും, മറവിയായ്,
മാറീടും, ഞാനും എൻ വേദനയും, നീയും___
മറന്നിടും, അന്നു നീ കാട്ടു,മീക്രൂര-
വിനോദങ്ങൾ, തിരിച്ചടിയാകാതിരിക്കട്ടെ???
സ്മരിക്കുന്നു ഞാനീവേളയിൽ
കടമ്മനിട്ട,തന്നാവാക്കുകൾ
ഓർക്കുക വീണ്ടും, വീണ്ടും
"നിങ്ങളെങ്ങനെ, നിങ്ങളായെന്നു.......||||\!!!!!??"
ജികെ
27-08-2016 10,31 pm

മേഘജാലങ്ങൾ


മഴമേഘജാലങ്ങൾ, കണ്ടു ഞാൻ
അവളുടെ, സ്വാന്ത്വന ഗീതവും കേട്ടൂ..
ജനലരികെ, വിദൂരമാമോർമ്മയിൽ,
ചികയൂന്നൂ...നീ,പൊഴിച്ചൊരുതുള്ളി
മഴനുലിൻ, അന്ത്യചുംബനമേൽക്കാൻ !!
വരുമൊരാ... അവസാന മണിമുത്താം
മഴതതുള്ളീ..നിന്നുടെ പദ,നിസ്വനം,
കേട്ടു ഞാനീ,രാവിൻ മാറിലിനി,
ഓർമ്മകൾ, കൂട്ടായുറങ്ങീടുവാൻ. !!!!!!!!
ജികെ
26-08-2016

മോഹങ്ങൾ


ഇനിയുമീ മലയുടെ
ഉച്ചിയിൽ നിന്നൊന്നു
ഉച്ചത്തിൽ കൂകുവാൻ മോഹം.
കുയിലിൻ്റ എതിർകൂവൽ
കേട്ടിട്ടൂ വീണ്ടും, വാശിയ്ക്കു-
കൂകുവാൻ മോഹം.
ഇനിയുമീപ്പുഴയുടെ
ഓരത്തിരുന്നൊന്നു
കിളിപ്പാട്ടു കേൾക്കുവാൻ മോഹം.
കൂട്ടരിങ്ങെത്തുമ്പോൾ
ഒന്നിച്ചുകൂടി പുഴയിൽ
തിമിർക്കുവാൻ മോഹം.
ഇനിയുമീ.. കടലിൻ്റെ
തീരത്തുവീണ്ടുമെൻ-
കാലടി പതിയ്ക്കുവാൻ മോഹം..
തിരയെത്തി മായ്ക്കുമെൻ
കാലടികൾ നോക്കി
പൊട്ടിച്ചിരിയ്ക്കുവാൻ മോഹം.
ഒരുവേളവീണ്ടും ഓർത്തിടട്ടേ
അവളുടെ മണിമുത്തു പൊഴിയും ചിരിയും
ഈയാഴിതൻ തീരത്തന്നോടിക്കളിച്ചപ്പോൾ
സ്വപ്നങ്ങൾ നെയ്തതുമൊക്കേ...
തിരപുൽകും തീരത്തിൻ
പ്രണയമായിന്നും, അവളുടെ
ഓർമ്മകൾ മുകുളമായ് നില്പ്പൂ,
അതുവീണ്ടും എന്നെന്നു-
മോർക്കുവാൻ മോഹം.
സന്ധ്യാംബരത്തിൽ
ചുവപ്പങ്ങു വീഴുമ്പോൾ
കൂട്ടരുമായൊത്തു
കൂട്ടായി, പഞ്ചാരമണലിൽ
ഒത്തങ്ങുകൂടുവാൻ മോഹം.
രാവേറെയാകുന്നനേരത്തു
അമ്മവിളമ്പിയ, നല്ലമാങ്ങാക്കറി,
തൈരുംകാന്താരിയും ചേർത്തങ്ങുടച്ച
ചമ്ബാവരിക്കഞ്ഞിമോന്തുവാൻ മോഹം.
തടികൊണ്ടു ഭിത്തികൾ
തീർത്തൊരാ മുറിയിലെ.
അവൾവിരിയ്ക്കും കട്ടിലിൽ
സ്പനങ്ങൾ കൂട്ടായുറങ്ങുവാൻ മോഹം..
പുലർകാലെ ഉണരുമ്പോൾ
തുമ്പങ്ങുകെട്ടിയ ഈറൻ-
മുടിയിലെ കാച്ചെണ്ണഗന്ധം
നുകരുവാൻ മോഹം.
ആ അറ്റംകുരുക്കിട്ട
കാർകൂന്തൽക്കെട്ടിലൊരു
തുളസ്സിക്കതിരായിരിക്കുവാൻ മോഹം..
സാദ്ധ്യമാകാത്തൊരീ
മോഹങ്ങളുമായീ.. വീണ്ടും _
മോഹിക്കുവാൻ മാത്രം മോഹം...
എല്ലാം മോഹിക്കുവാൻ മാത്രം മോഹം!!!!!!!
GK
13-07-2016

മൗന വേതാളതാളം


മൗനസാഗരത്തിൻ,
അഗാധതയിലൊരു,
നീർമിഴിച്ചെപ്പിൻ്റുള്ളിൽ,
തുടിക്കും തപ്തഹൃദയത്തിൻ
മിടിക്കുംസ്വനം കേൾക്കുന്നോ!
വിഭ്രമാത്മകമാം,
വിപഞ്ചികതൻ തീരം,
ആ ഹൃദയതാളത്തിൻ,
ആവേഗത്തിര തൻ,
ചുംബനങ്ങൾ, ഇപ്പോഴും,
ഏറ്റുവാങ്ങുന്നതും നീ,
അറിയുന്നുവോ, മൗനമേ!
അകലെ, ആ, ആകാശ-
ച്ചരുവിലെ, പർണ്ണശാലതൻ
ഉൾത്തളത്തിൽ, കാണുന്നൂ,
കേഴും, രണ്ടു പേടമാൻ മിഴികൾ-
ആരേത്തിരയുന്നൂ, ചൊല്ലുമോ..
വിടയായ്, അകലത്തു കാത്തിരിക്കാൻ!?||||||||
ജികെ
21-08-3016 5.33PM

നൊമ്പരപ്പുക്കളേ..


നൊമ്പരപ്പൂക്കളേ...
നിന്നേ.., സിന്ദൂരമണി-
യിക്കും സന്ധ്യയി,തെങ്ങുപോയീ...
അവളുടെ ശോണിമ കവർന്നതാര്.
ചന്ദ്രികയെന്തേ, ചിരിച്ചതില്ലാ..
രാക്കുയിലിന്നും പാടിയില്ലാ...
താരകക്കുട്ടികൾ മിഴിതുറന്നോ
നീർമിഴി കാണാ,തൊളിച്ചിരിപ്പോ..
നീർമിഴി കാണാതെ ഒളിച്ചിരിപ്പോ...
കണ്ടുവോ..നീയന്നു, വാർതിങ്കൾ-
ത്താലത്തിൽ സൂര്യമുഖം, ഏതോ...
നഷ്ടസ്മൃതികളിൽ മൂടിനില്പ്പൂ...
നിന്നെക്കുറിച്ചുള്ള ഓർമ്മകളോ...
കാർമേഘപാളികൾ മറയ്ക്കുന്നതും.
ജികെ
24-08-2016 9.56AM

തീവ്രം ?????


ആരും ചിരിക്കാത്ത
നാടുവേണം, അവിടെ,
ആരാധന,സ്ഥാനങ്ങൾ,
ഒന്നും വേണ്ട, ആങ്യമാം-
ഭാഷയിൽ ആശയം പിറക്കണം,
മൗനമുനികളായ് വാഴണമെല്ലാരും,
ലോലവികാരങ്ങൾ, തീണ്ടരുതാരേയും,
പിന്നെ പ്രണയപുഷ്പങ്ങൾ വിരിഞ്ഞിടേണ്ട ?
ആകുലമാമെൻ, വ്യാകുല ചിന്തകൾ,
കൂമ്പാരമാക്കി, വിൽക്കണം ചന്തയിൽ!
സ്വപ്നങ്ങൾ, പട്ടട തീർക്കുന്ന,
വേനലിൽ, വെന്തുരുകുന്നൊരു,
ആത്മാവു തേടിയലയുന്ന, പാതയിൽ,
കടമെടുത്തൊരു, തൊർത്തും വിരിച്ചിട്ടു,
തെണ്ടണമൊരുനാൾ വരെ, മോക്ഷമാർഗ-
ത്തിലവൾവന്നു മോക്ഷചുംബനം നൽകും വരേ..!?
ജികെ
21-08-2016 6.58PM

ചിങ്ങപ്പെണ്ണ്


By: ജികെ

സന്ധ്യാംബരത്തിേലെ സിന്ദൂരതിലകമോ
നറുവെണ്ണിലാവിൻ കൽഹാരമേ....
പൂർണേന്ദു ചിരിതൂകും ആമ്പൽക്കുളത്തിൽ
ചിങ്ങനിലാവിൽ നീ നീരാട്ടിനെത്തുമോ...
ഓണനിലാവിൽ സഖിമാരുമൊത്തു നീ..
മാവേലിമന്നൻ്റെ വരവും പ്രതീക്ഷിച്ചു,
എത്രദിനങ്ങൾ നീ ഉറങ്ങാൻ മടിച്ചങ്ങു
ആടിയും പാടിയും ആഘോഷമാക്കിയോ..
പുലരിതൻ നെറുകയിൽ കുംങ്കുമ-
രേഖയോ, നിൻ തിരുനെറ്റിതൻ ഐശ്വര്യമോ
നിൻമുഖം കണ്ടങ്ങു നാണിച്ചു തുമ്പയും,
ചെത്തിയും, പൂത്തൊരാ കർണികാരങ്ങളും
ജികെ
18-08-2016

ഗസൽ വരികൾ- ഒരു പരീക്ഷണം


ഗസൽ വരികൾ- ഒരു പരീക്ഷണം.
========================
(ഹിന്ദുസ്ഥാനി രാഗങ്ങൾ നന്ന ,)
ഹൃദയരാഗ കൂസുമമേ...എൻ..,
മധുരവാണീ.... അരുകിലണയൂ....
നിൻ, പൂവദനത്തിലേ.... പൂക്കുമാ,
പുഞ്ചിരീ... കണ്ടോട്ടേ... ഞാൻ....
(ഹൃദയ....്
ഭൃംഗമായ് നുകരില്ലാ.... മധു,
ശലഭമായി പൂം ..പൊടി കവരില്ലാ....
കാറ്റായ് വന്നൂ നിൻസുഗന്ധം പരത്തില്ലാ...
നീർമണിയായി ഞാൻ വേദനയേകില്ലാ...
(ഹൃധയ.....
നിനക്കായ് , ഞാനൊരു മോഹമഞ്ചൽ.
താമരത്തണ്ടിനാൽ പണിഞ്ഞുവെക്കാം, അതി-ലംബുജ,ഇതളുകൾ,ചേർത്തങ്ങു തുന്നിയ പൂമെത്ത മോടിയിലൊരുക്കി വെക്കാം....
(ഹൃദയ...
താരകൾ മാനത്തുണർന്നുവല്ലോ..
ഗന്ധർവ്വയാമം, അടുത്തുവല്ലോ....
രാക്കിളി, നാണത്താൽ മൂളിയല്ലോ ...
നീരാട്ടു കഴിഞ്ഞു നീ എന്നുവരും..
എൻചാരേ.. ഇരിക്കുവാനെന്നു വരും...
(ഹൃദയ...

By: ജി.കെ
14-08-2016 10.02PM

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo