ആദ്യരാത്രി


"അകാലത്തിൽ പൊലിഞ്ഞു് പോയ പ്രിയ സുഹൃത്തിന്‌ ആത്മശാന്തി നേർന്ന് കൊണ്ട് പ്രാർത്ഥനയോടെ "
രാത്രി നമസ്കാരം കഴിഞ്ഞ് സുഹൈൽ രക്ഷിതാവിനോട് കൈകളുയർത്തി പ്രാർത്ഥിച്ചു..
ഇന്ന് തന്റെ ആദ്യ രാത്രിയാണ്.. ഒരു യുവാവിനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിലെ മറക്കാനാകാത്ത രാത്രി.. എന്നാൽ തനിക്കിതു് നൊമ്പരത്തിനെറയും കണ്ണീരിന്റെയും രാത്രിയാണ്..
തനിക്ക് മാത്രമല്ല താൻ മിന്ന് കെട്ടിയ പെണ്ണിനും..
നാഥാ ... ഞങ്ങൾക്ക് സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യണേ...
പുറത്ത് ശക്തിയായ മഴയും ഇടിമിന്നലും.. സുഹൈലിന്റെ ഹൃദയത്തിൽ അതിനെക്കാൾ ശക്തിയായ കാറ്റും കോളുമാണ്.. വരാനിരിക്കുന്ന നിമിഷങ്ങളെ എങ്ങിനെ അഭിമുഖീകരിക്കുമെന്നറിയാതെ സുഹൈൽ നീറുകയാണ്..
അവന്റെ ഓർമകൾ ഒരു വർഷം പിന്നിലേക്ക് ഊളിയിട്ടു..
ജേഷ്oൻ ഫാസിൽ ഗൾഫിൽ നിന്ന് നാട്ടിലെത്തിയതു്, തന്നെ വിവാഹം കഴിപ്പിക്കാൻ കൂടിയായിരുന്നു..
ഉമ്മയും ജേഷ്ഠന്മാരും ജേഷ്ഠത്തിയും സഹോദരിയും അളിയനുമൊക്കെ തനിക്ക് വേണ്ടി പെണ്ണന്വേഷിക്കുന്നതിനിടക്കാണ് അപ്രതീക്ഷിതമായി ആ ദുരന്തം തന്റെ കുടുംബത്തിൽ ഒരു ഇടിത്തിയായി വന്ന് ഭവിച്ചതു്.
അന്ന് വീട്ടിൽ എല്ലാവരുമുണ്ടായിരുന്നു.. ഫാസിൽ വന്നതിന് ശേഷം എല്ലാവരും കൂടി കൂടിയതാണ്.. കളിയും തമാശയുമൊക്കെയായി മറക്കാനാകാത്ത ഒരു ദിവസം.. ഫാസിലിന്റെ പൊന്നുമോൻ റയ്യാനായിരുന്നു അന്ന് താരം.. വാപ്പ കൊണ്ടുവന്ന പുത്തനുടുപ്പും കളിക്കോപ്പുമൊക്കെയായി അവൻ എല്ലാവരുടെയും ഹൃദയം കവർന്നു.. വാപ്പ ഗൾഫിലായിരുന്നപ്പോൾ താനായിരുന്നു അവനെല്ലാം.. ചാച്ച യെന്ന് വിളിച്ച് എപ്പോഴും തന്റെ പിന്നാലെയുണ്ടാകും.. വാപ്പയുടെ കുറവ് അവനെ താൻ അറിയിച്ചിരുന്നില്ല..
ചെറുപ്പത്തിലെ വാപ്പ മരിച്ച തന്റെ കുടുംബത്തെ ഒരു കരക്കെത്തിച്ചതു് ഫാസിലിന്റെ കഠിന പ്രയത്നമാണ്.. എന്നും കുടുംബത്തിന് ഒരു ഭാരമായിരുന്ന മൂത്ത ജ്യേഷ്ഠൻമാരെ പോലെ ആയിരുന്നില്ല ഫാസിൽ..
അത് കൊണ്ടു് തന്നെ അവൻ ഉമ്മാക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു... സഹോദരിയെ വിവാഹം ചെയ്തയച്ചതും തന്നെ പഠിപ്പിച്ച് ഒരു നിലയിലാക്കിയതുമെല്ലാം തന്റെ പ്രിയ സഹോദരനാണ്..
ഇപ്പോഴിതാ , അനുജന് നല്ലൊരു വധുവിനെ കണ്ട് പിടിച്ച് വിവാഹം നടത്താൻ കൂടിയാണ് ഈ വരവു്..
ഫാസിലിന്റെ ഭാര്യ ഹസീന ക്ക് താൻ, ഒരു കൂടപ്പിറപ്പിനെ പോലെയാണ്..
തനിക്ക് നല്ലൊരു കുട്ടിയെ തേടിപ്പിടിക്കാൻ ഇത്തയാണ് മുൻകയ്യെടുക്കുന്നത് ..
എല്ലാവരും കൂടി ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് വിശ്രമിക്കുമ്പോളാണ് ഫാസിലിന് ഒരു സുഹൃത്തിന്റെ ഫോൺ കോൾ... വന്നിട്ട് കൂട്ടുകാരെയൊന്നും കണ്ടിട്ടില്ല.. അനുജന്റെ ബൈക്കിന്റെ ചാവിയും വാങ്ങി അവൻ പുറത്തേക്കിറങ്ങി..
ബിരിയാണി കഴിച്ച ക്ഷീണം കൊണ്ട് താൻ ഒന്ന് മയങ്ങിപ്പോയി..
ഉമ്മറത്ത് നിന്ന് കൂട്ട നിലവിളി കേട്ടാണ് സുഹൈൽ പുറത്തേക്ക് ഓടിവന്നതു്..
ഒന്നും മനസ്സിലായില്ല.. ഉമ്മ ബോധംകെട്ട് തറയിൽ വീണ് കിടക്കുന്നു.. ഇത്ത ഒരു പ്രതിമ കണക്കെ നിശ്ചലയായി നിൽക്കുന്നുണ്ട്.. വേഗം ഓടി വന്ന് ഉമ്മാനെ എടുത്ത് അകത്തു് കിടത്തി.. ഉമ്മാക്ക് എന്തോ സംഭവിച്ചെന്നാണ് ആദ്യം കരുതിയതു്.. ജ്യേഷ്ഠത്തിമാരും സഹോദരിയും അലമുറയിട്ട് കരയുന്നു..
അളിയനാണ് കാര്യം പറഞ്ഞത്.. ഇട റോഡിൽ നിന്ന് ശ്രദ്ധിക്കാതെ മെയിൻ റോഡിലേക്കിറങ്ങിയ ഫാസിലിനെ ഒരു ലോറി ഇടിച്ച് തെറിപ്പിച്ചു.. നാട്ടുകാർ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയത്രെ..
സുഹൈലിന്റെ തലച്ചോറിൽ ഒരു സ്ഫോടനം നടന്നു.. വേഗം ഷർട്ട് എടുത്തിട്ട് അളിയനും കുടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..
അക്ഷമയുടെ നിമിഷങ്ങൾ..
അവന്റെ നാവും ഹൃദയവും പ്രാർത്ഥനാ നിരതമായി...
സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയായി വലിയൊരു ജനക്കൂട്ടം.. എല്ലാവരുടെയും മുഖങ്ങളിൽ മ്ലാനത.. സുഹൃത്ത് പ്രകാശ് തന്നെക്കണ്ട് ഓടി വന്നു.. എടാ ഫാസിലിക്ക പോയെടാ.. ഹോസ്പിറ്റലിലെത്തിച്ചപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.. താൻ ആകെ തളർന്ന് പോയി.. ഈ ഭൂമിയിൽ ഒറ്റപ്പെട്ട് പോയ പോലെ ..കണ്ണിൽ ഇരുട്ട് നിറയുന്നു..
നാട്ടിലും ഗൾഫിലും വലിയ സുഹൃത് വലയമുണ്ടായിരുന്നു, ഫാസിലിന്.. ഒരിക്കൽ പരിചയപ്പെട്ടാൽ ആരും മറക്കാത്ത പ്രകൃതം .. സദാ പുഞ്ചിരിക്കുന്ന മുഖം..
എല്ലാവർക്കും നൊമ്പരം സമ്മാനിച്ച് അവൻ പറന്നകന്നു...
ഉമ്മ ആ വീഴ്ചയോടെ സമനില തെറ്റിയ പോലെയായി.. വാപ്പയുടെ സ്ഥാനത്ത് നിന്ന് ഒരു കുടുംബം കൈ പിടിച്ചുയർത്തിയ പൊന്നുമോൻ നഷ്ഠപ്പെട്ടത് ഉൾകൊള്ളാൻ ആ മാതൃഹൃദയത്തിനായില്ല.. ആറു് മാസത്തിനുള്ളിൽ ഞങ്ങൾക്ക് തീരാനൊമ്പരമായി മറ്റൊരു വേർപാടും.. പ്രിയപ്പെട്ട ഉമ്മ..
ഇത്തായുടെയും റയാൻ മോന്റെയും വേദന തന്റെയും വേദനയായി..
ഒരു ദിവസം അളിയൻ അത്യാവശ്യമായി നേരിൽ കാണണമെന്ന് പറഞ്ഞു വിളിച്ചു..
ആകാംക്ഷയോടെയാണ് സഹോദരിയുടെ വീട്ടിലെത്തിയതു്..
കുറച്ച് മൗനം പാലിച്ചതിന് ശേഷം മുഖവുരയില്ലാതെ അളിയൻ പറഞ്ഞു... സുഹൈൽ നിനക്ക് എന്തു് കൊണ്ടു് ഹസീനയെ വിവാഹം കഴിച്ച് കൂടാ?
അങ്ങിനെയെങ്കിൽ ഫാസിലിനോടും അവന്റെ മോനോടും നിനക്ക് ചെയ്യാവുന്ന ഏറ്റവും പുണ്യകരമായ പ്രവർത്തിയായിരിക്കും അത്..
ആ വാക്കുകൾ കേട്ട് ഞെട്ടി തരിച്ചിരിക്കുമ്പോൾ സഹോദരി അടുത്ത് വന്ന് പറഞ്ഞു. നീ നല്ലോണം ആലോചിച്ച് സാവധാനം തീരുമാനിച്ചാൽ മതി. ഹസീന നല്ല കുട്ടിയല്ലെ മോനെ. റയാനും അനാഥനാവില്ല.. നിന്നെ റയാൻ മോന് ജീവനാ..
വീട്ടിലേക്കുള്ള യാത്രയിൽ തന്റെ മനസ്സിൽ ഒരു വടംവലി നടക്കുകയായിരുന്നു.. അളിയനും പെങ്ങളും പറഞ്ഞത് ശരിയാണ്. ജ്യേഷ്ഠന് വേണ്ടി എന്തു് ത്യാഗം സഹിക്കാനും താൻ തയ്യാറാണ്.. എന്നാലും ഇത്തയെ ഒരു ഭാര്യയുടെ സ്ഥാനത്ത് സങ്കൽപിക്കാനേ കഴിയുന്നില്ല.. അവസാനം അവൻ ഒരു തീരുമാനത്തിലെത്തി.. ഇത്താക്ക് നൂറ് ശതമാനം സമ്മതമാണെങ്കിൽ മാത്രം..
ആദ്യമൊന്നും ഇത്ത വഴങ്ങിയില്ല.. സഹോദരിയുടെ മാസങ്ങൾ നീണ്ട ശ്രമഫലമായാണ് അവസാനം അവർ സമ്മതം മൂളിയതു് .. കഴിഞ്ഞ ഏതാനും മാസങ്ങൾ തീർത്തും അന്യരെ പോലെയായിരുന്നു ഞങ്ങളുടെ ജീവിതം. ഇത്ത തന്നിൽ നിന്നും ഒരു പാട് അകലം പാലിച്ചു.. അവസാനം ഇതായിരിക്കും റബ്ബിന്റെ വിധി...
അങ്ങിനെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇന്നായിരുന്നു, ഞങ്ങളുടെ നിക്കാഹ് ..
സമയം പത്ത് മണി കഴിഞ്ഞു. മുസല്ല മടക്കി വെച്ച് സുഹൈൽ എഴുന്നേറ്റു. മനസ്സിന് അൽപം കരുത്ത് ലഭിച്ച പോലെ .. തന്റെ അതേ മാനസികാവസ്ഥയിലായിരിക്കും ഇത്തയും..
അല്ല , അവൻ സ്വയം തിരുത്തി.. ഹസീന .....
ഇന്ന് മുതൽ അവൾ തനിക്ക് ഇത്തയല്ല , ഭാര്യയാണ്...
ബഷീർ വാണിയക്കാട്

ഏകം ,ശരേണ്യം - കഥ ഭാഗം 1, 2


ഏകം ,ശരേണ്യം - കഥ ഭാഗം ഒന്ന് + ഭാഗം -2 . (ചരിത്രത്തോട് ബന്ധിച്ചു ഒരു കഥ )
മൗറീൻ താഴ്‌വരയിലെ കുന്നുകള്‍ക്ക്‌ നടുവിലാണ്‌ അർണാഡോ ആശ്രമം . വിപണന കേന്ദ്രത്തില്‍ നിന്ന്‌ പത്തോളം കിലോമീറ്റര്‍ മാത്രം അകലെയാണ്‌ അത് . മുന്‍കൂര്‍ അനുമതി തേടി യാത്രികര്‍ക്ക്‌ ഇവിടെ താമസിക്കാവുന്നതാണ്‌. വാഹനം രണ്ടു കിലോമീറ്റര് അകലെ വരെയേ പോകാൻ അനുമതിയുള്ളൂ കാൽനടയായി വേണം ആശ്രമത്തിലേക്കു എത്താൻ ഞാൻ വാഹനമിറങ്ങിയപ്പോൾ ഹിമപാതം കഠിനമായിരുന്നു .വഴിയിൽ ആളുകൾ ദ്രിതിവെച്ചു ആശ്രമം ലക്ഷ്യമാക്കി നടക്കുന്നു .
ഞാനും അവരോടൊപ്പം ചേർന്നു .ആശ്രമകവാടത്തിൽ എത്തിയപ്പോൾ പൂർണ മായ വിലാസം എഴുതി നല്കാൻ അവിടത്തെ കാവൽക്കാരൻ ആവശ്യപ്പെട്ടു . അകത്തു കടന്നുചെന്നപ്പോൾ ആശ്രമത്തിന്റെ വടക്കു ഭാഗത്തുള്ള തുറന്ന വിശാലമായ മുറിയിൽ മധ്യത്തിൽ ഗുരുവര്യൻ ഇരിക്കുന്നു . ചുറ്റും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു കൂട്ടം ആളുകൾ അദ്ദേഹം പറയുന്നത് സശ്രദ്ധം ശ്രവിക്കുന്നു . ഞാനും ആ ആൾകൂട്ടത്തിൽ ഒരാളായി .
"ഗുരോ താങ്കൾ തുടർന്നാലും ,"
ഗുരുജി ഏതോ ആലോചനയിലേക്കു വഴുതി വാക്കുകൾ നിന്നപ്പോൾ ആൾകൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു .
പറഞ്ഞു വന്നതിന്റെ തുടർച്ചയെന്നോണം അദ്ദേഹം സംസാരിക്കാൻ ആരംഭിച്ചു .
" ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ജയിലിലാണ് ഞങ്ങളെ പാർപ്പിച്ചത് .തടവുകാർക്ക് ഒരു നിലക്കും രക്ഷപ്പെടാനാവാത്ത വിധം ഭദ്രമായിരുന്നു ആ ജയിലിന്റെ സജ്ജീകരണങ്ങൾ .ജയിലിനു ചുറ്റും കഠിനമായ തണുപ്പുള്ള സമുദ്രമായിരുന്നു . ജയിലാകട്ടെ ഞങ്ങൾക്ക് കുളിക്കാൻ നൽകിയത് ചൂട് വെള്ളവും !
ദിനേന ചൂടുവെള്ളത്തിൽ കുളിച്ചാൽ തണുപ്പ് താങ്ങാനുള്ള ശരീരത്തിന്റെ ശേഷി കുറയുമെത്രെ !
അപ്പോൾ തണുപ്പിൽ തടവുകാർക്ക് കടൽ നീന്തി കടക്കാൻ കഴിയില്ല . ജയിൽ ഉയരം കൂടിയ കമ്പിവേലിയാലും കോൺക്രീറ്റ് മതിലുകളാലും ചുറ്റപ്പെട്ടിരുന്നു .ജയിലിന്റെ ഓരോ മൂലയിലും ഉന്നം പിഴക്കാത്ത നിരവധി കാവല്ഭടന്മാർ സദാസമയവും തോക്കുമായി നിന്നിരുന്നു . ജയിൽ ചാടുന്നവരെ തത്സമയം വെടിവെച്ചിടാൻ അധികാരമുള്ള കാവൽ ഭടന്മാർ !"
"ജയിലനകത്തും സുരക്ഷ ശ്കതമായിരുന്നു .ധാരാളം പോലീസ് ഭടന്മാർ വരാന്തയിൽ റോന്തു ചുറ്റിക്കൊണ്ടിരുന്നു .ആ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നു രക്ഷപെടാൻ ശ്റമിക്കുക എന്നാൽ അത് ഒരാത്മാഹുതിക്ക്‌ ഒരുങ്ങുന്നതിനു തുല്യമാണ്.എന്നാലും ആ ജയിലറയിൽ നിന്ന് പലരും രക്ഷപെടാൻ ശ്രമിച്ചു .ശ്രമിച്ചവരെല്ലാം ഭടന്മാരുടെ വെടിയുണ്ടേക്കു വിധേയമാവുകയോ , തണുത്ത വെള്ളത്തിൽ മരവിച്ചു മൃതിയടയുകയോ ആണുണ്ടായത്" .
ഗുരുജി അത്രയും പറഞ്ഞു ഒന്നു നെടുവീർപ്പിട്ടു .
"അവിടെ കുറ്റവാളികൾക്കായി ഓരോ ചെറിയ ജയിലറകളായിരുന്നു .അടിസ്ഥാന സൗകര്യങ്ങൾ ഓരോന്നിലും ഉണ്ടായിരുന്നു .എന്നാൽ കളിക്കാനുള്ള സൗകര്യവും ലൈബ്രറിയും പൊതുവായിരുന്നു . ഓരോന്നിനും നിശയിക്കപ്പെട്ട സമയമുണ്ടായിരുന്നു .അവിടെ വെച്ചാണ് ഞങ്ങൾ അലനെ പരിചയപ്പെട്ടത് . ഞങ്ങളെക്കാൾ സീനിയർ ആയിരുന്നു ആ ജയിലിൽ അയാൾ . മൂന്ന് വര്ഷം മുമ്ബ് ആ ജയിലിലെത്തി അയാൾക്ക്‌ ആ ജയിലിന്റെ മുക്കും മൂലയും പാരിജയമുണ്ടായിരുന്നു .അവിടുത്തെ ഭൂപ്രകൃതിയും ഘടനയും അയാൾ മനസ്സിലാക്കിയിരുന്നു . അദ്ദേഹത്തെ പരിചയപ്പെട്ടത് മുതലാണ് ഞങ്ങൾ ആ തീരുമാനത്തിൽ എത്തിയത് ."
ഗുരുജി തുടർന്നു .
"തടവുകാർക്ക് പുറമെ ജോലികൾ ചെയ്തു സമ്പാതിക്കാമായിരുന്നു അതിനു അധികൃതർ പ്രത്യേകം പ്രോത്സാഹിപ്പിച്ചു .അലെൻ ക്ലീനിങ് , പെയിന്റിംഗ് തുടങ്ങിയുള്ള തനിക്കാവുന്ന എല്ലാ ജോലികളും ജയിലിൽ ചെയ്തു . ഒരിക്കൽ ജയിൽ ബ്ലോക്കിന്റെ മേൽക്കൂര വൃത്തിയാക്കുമ്പോൾ ഒരു വായു
സഞ്ചാരമാര്ഗം അയാളുടെ ശ്രദ്ധയിൽപെട്ടു .അത് അയാൾ സൂക്ഷമായി പരിശോദിച്ചു ."
"പൊടിപിടിച്ചു വൃത്തികേടായ അതിനുള്ളിലൂടെ ഒരാൾക്ക് കഷ്ടിച്ച് ശരീരം കടത്താം ..അതിലൂടെ കയറിയാൽ ജയിലിന്റെ മേല്ക്കൂരയിൽ എത്താം എന്ന് അലൻ മനസ്സിലാക്കുന്നു ..ഈ പ്ലാൻ അലൻ തന്റെ അടുത്ത സെല്ലിൽ താമസിക്കുന്നഞങ്ങൾ നാലുപേരുമായി പങ്കു വെച്ചു . ...അങ്ങിനെ നാലുപേരും കൂടിച്ചേർന്ന് .ഒരു അവിശ്വസനീയ കഥയുടെ ആരംഭം കുറിക്കുന്നു ."
ഗുരുജി തുടർന്നു .
"ആവശ്യമാണ് കണ്ടു പിടിത്തത്തിന്റെ മാതാവ് എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന രൂപത്തിലായിരുന്നു പിന്നീടുള്ള ഓരോ കണ്ടെത്തലുകളും , ജയിലിനു പിറകെ ആരും ഉപയോഗിക്കാതെ കിടക്കുന്ന ഒരു ചെറിയ ഇടവഴിയുണ്ടായിരുന്നു ,ജയിലിലെ അഴുക്ക് കളയുന പൈപ്പുകൾ കൂട്ടിയിട്ടിരുന്ന ആ വഴിയിലെത്തിയാൽ അതിലൂടെയുള്ള പൈപ്പിൽ പിടിച്ച് കയറി ജയിൽ ബ്ലോക്കിന്റെ മുകളിൽ തങ്ങൾ നേരത്തെ കണ്ടുവെച്ച വെന്റിലേറ്ററിനരികെ എത്താനാകുമെന്നു മനസ്സിലാക്കുന്നു ".
"പക്ഷെ പദ്ധതി നടക്കണമെങ്കിൽ ആദ്യം തങ്ങൾ വസിക്കുന്ന ജയിലിനു പുറത്ത് കടക്കണം ..അതിനുള്ള വഴിയാണ് ആദ്യം അന്വേഷിക്കേണ്ടിയിരുന്നത് ..അതിനുള്ള ഒരു കുറുക്കുവഴി വൈകാതെ കണ്ടെത്തി ..മറ്റൊന്നുമല്ല ഞങ്ങളുടെ ജയിൽ മുറിയിലെ ഒരു ചെറിയ വേന്റിലേറ്റർ തന്നെ .വളരെ ചെറിയ ആ വേന്റിലേറ്റർ 18 ഇഞ്ച് കനത്തിലുള്ള കോണ്ക്രീറ്റ് മതിലിനകത്തായാതിനാൽ അതിനു ചുറ്റുമായി തങ്ങളുടെ ശരീരം കടക്കാനാവശ്യമായ രൂപത്തിൽ ഒരു ദ്വാരം നിർമിക്കണം . അതിനായി കഴിയാവുന്ന ആയുധങ്ങൾ സംഘടിപ്പിച്ചു ..മെസ്സിൽ നിന്നും മോഷ്ടിച്ച സ്പൂണ് ആയിരുന്നു മുഖ്യആയുധം ..
അതാകുമ്പോൾ ഒളിപ്പിക്കാനും എളുപ്പമാണല്ലോ ..സ്പൂണ് ഉപയോഗിച്ച് കോണ്ക്രീറ്റ് കിളക്കുമ്പോൾ ശബ്ദം പുറത്തുള്ള പാറാവുകാർ കേൾക്കാതിരിക്കാൻ ഞങ്ങൾ ഒരു വിദ്യയും പ്രയോഗിച്ചു ,ഒരാൾ
കിളക്കുമ്പോൾ മറ്റേആൾ ഉച്ചത്തിൽ മ്യൂസിക്കിൽ മുഴുകും ..രാത്രി അല്പസമയം സംഗീത ഉപകരണങ്ങൾ വായിക്കാൻ ഞങ്ങൾക്ക് അനുമതിയുണ്ടായിരുന്നു .ഏതു സമയത്തായാലും ഒരാൾ കിളക്കുമ്പോൾ മറ്റേയാൾ കാവൽ നില്ക്കുന്നുണ്ടാകും "
സൂചി വീണാൽ പോലും കേൾക്കുന്ന നിശബദതയാണ് സദസ്സിനു
ഗുരുജി തുടർന്നു
"ഇടനാഴിയിലെ പോലീസ് സെല്ലിന് അടുത്തെത്താനാകുമ്പോൾ കാവൽ നിൽക്കുന്നയാൾ അടുത്തുള്ളവന് പ്രത്യേക സിഗിനൽ കൈമാറും . മാത്രമല്ല കോണ്ക്രീറ്റ് മതിലിൽ ഞങ്ങൾ നടത്തിയ കലാപരിപാടികൾ മറച്ചു വെക്കാനായി മതിലിന്റെയും വേന്റിലെറ്ററിന്റെയും ഒരു കൃത്രിമ രൂപം കാർഡ്ബോർഡിൽ നിർമിച്ചു അതേ നിറത്തിൽ അതിനു ചായവും പൂശി ..ജോലി കഴിഞ്ഞാൻ അത് മേലെ മറച്ചു വെക്കുന്നതിനാൽ ഞങ്ങളുടെ ഈ കുടിൽ വ്യവസായം പുറത്തുനിന്നും വരുന്ന ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല..
നിരവധി മാസങ്ങൾ പിന്നിട്ടപ്പോൾ ഞങ്ങളുടെ ശരീരം കഷ്ടിച്ച് പുറത്ത് കടത്താവുന്ന രൂപത്തിൽ ഒരു ദ്വാരം നിർമ്മിക്കാൻ ഞങ്ങൾക്ക് സാദ്ധ്യമായി .. ഈ പദ്ധതികളെല്ലാം ജയിലിലുള്ള മറ്റു പ്രതികൾക്കും അറിയാമായിരുന്നത്രേ , അവർ സർവ്വരും ആവുന്ന വിധത്തിലൊക്കെ പദ്ധതിയിലുടനീളം ഞങ്ങൾക്ക് സഹായവും ചെയ്തിരുന്നു .
മാസങ്ങളുടെ പരിശ്രമഫലമായി തങ്ങൾ താമസിക്കുന്ന സെല്ലിന്റെ പുറത്തെത്താനുള്ള വഴിയൊരുക്കാൻ സാദ്ധ്യമായി ".
ഗുരുജി തുടർന്നു .
"അതിലൂടെ കടന്നു ജയിൽ ബ്ലോക്കിന്റെ മുകളിലെത്തി നേരത്തെ കണ്ട ഹോളിലൂടെ ജയിലിന്റെ മേല്ക്കൂരയിലെത്തി താഴെ ഇറങ്ങി പുറത്ത്കടന്നാലും തങ്ങളുടെ മുമ്പിലുള്ള കടലിനെ മറികടക്കാൻ കൂടെ ഒരു വിദ്യ കണ്ടെത്തേണ്ടിയിരിക്കുന്നു..രക്ഷപ്പെടാൻ ഏറ്റവും വലിയ തടസ്സം ജയിലിനു ചുറ്റുമുള്ള കടലായിരുന്നു ...നേരത്തെ സൂചിപ്പിച്ച പോലെ അതി കഠിനമായ തണുപ്പുള്ള ജലത്തിൽ നീന്തി കരയിലെത്താം എന്നത് അസാധ്യമാണ് ,അമിതമായ തണുപ്പ് ശരീരത്തെ ഹൈപോതെർമിയ (Hypothermia) എന്ന അവസ്ഥയിലേക്ക് നയിക്കും , ബോധം വരെ നഷ്ടപ്പെട്ട് മരണ കാരണമായെക്കാം , അതിനുള്ള തെളിവാണ് ജോണ്എന്ന തടവുപുള്ളിയുടെ രക്ഷപ്പെടലിന്റെ കഥ , അദ്ദേഹത്തിനു അതിവിദഗ്മായി ജയിലിനു പുറത്ത് കടക്കാനായിരുന്നു, വാർത്ത അധികൃതർ അറിഞ്ഞ ഉടൻ കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ ഉഗ്രതിരച്ചൽ നടത്തി , സ്കോട്ടിനെ കരയിൽ ബോധരഹിതനായി കണ്ടെത്തി ..കരവരെ എത്തിയ അദ്ദേഹത്തെ ഭാഗ്യം തുണച്ചില്ല , ആശുപത്രിയിലെത്തിച്ച് വേണ്ട ചികിത്സ നല്കിയ ശേഷം അദ്ദേഹത്തെ വീണ്ടും അൽക്കട്രാസിലേക്ക് മാറ്റി ".
."ഈ വലിയൊരു പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്ന ചിന്തയിലായിരുന്നു ഞങ്ങൾ .വൈകാതെ അതിനുള്ള ഉത്തരം ജയിൽ ലൈബ്രറിയിൽ നിന്നും അവരെ തേടിയെത്തി . അവിടെയുണ്ടായിരുന്ന ഒരു മെക്കാനിക്കൽ വാരികയിൽ ലൈഫ് ജാക്കറ്റും ചങ്ങാടവും (Raft) ഉണ്ടാക്കുന്നതിനെ വിശദീകരിക്കുന്ന ഒരു ലേഖനം അവർക്ക് തുണയായി .അതിനായി 50 ലേറെ റയിൻകോട്ടുകൾ ജയിലിൽ നിന്ന് മറ്റുള്ളവരുടെ സഹായത്തോടെ മോഷ്ട്ടിച്ചു ..അതു കീറി അതുകൊണ്ട് ചങ്ങാടവും ലൈഫ് ജാക്കറ്റും നിർമിക്കാനുള്ള പ്ലാൻ ആയിരുന്നു "
"
ഗുരുജി തുടർന്നു
"ഇത്രയേറെ റയിൻകോട്ടുകളും നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങളും സുരക്ഷിതമായി ഒളിപ്പിക്കാൻ ഒരിടം വേണം അതിനായി ഞങ്ങൾ തിരഞ്ഞെടുത്ത സ്ഥലം ജയിൽ ബ്ലോക്കിന്റെ മുകൾ വശം തന്നെ , മോഷ്ടിക്കുന്ന ഓരോ ജാക്കറ്റും അവിടെ എത്തിച്ചു , പക്ഷെ ഒരു പ്രശനം ജയിൽ ബ്ലോക്കിന്റെ നേരെ എതിർവശത്തുള്ള ബ്ലോക്കിലെ ഉദ്യോഗസ്ഥന്റെ ഇരിപ്പിടത്തിൽ നിന്നും ബ്ലോക്കിന്റെ മുകൾ വശത്തേക്ക് കാണാൻ സാധിക്കുമായിരുന്നു ," ,
"അയാളുടെ ശ്രദ്ധയെങ്ങാനും അവിടെ പതിഞ്ഞാൽ പദ്ധതി ആകെ പാളും ,അതിനായി അലൻ മറ്റൊരു വിദ്യ പ്രയോഗിച്ചു , ഒരു പക്ഷെ ഈ മുഴുവൻ ഓപറേഷനിലെ ഏറ്റവും വലിയ തന്ത്രം അതായിരുന്നെന്നു പറയാം , ജയിൽ ബ്ലോക്കിന്റെ മേല്ക്കൂര വൃത്തിയാക്കുമ്പോൾ അലൻ ബോധപൂർവ്വം താഴേക്ക് നന്നായി പൊടി പാറ്റിച്ചു ,വല്ലാതെ പൊടി പാറിയപ്പോൾ അടിയിലെ ഉദ്യോഗസ്ഥർ അലെനോട് ദേഷ്യപ്പെട്ടു . വൃത്തിയാക്കുമ്പോൾ അടിയിലേക്ക് പൊടി പാറാതിരിക്കാൻ എന്ന വ്യാജേനെ അലൻ ബ്ലോക്കിന്റെ മേൽഭാഗം ഒരു ബ്ലാങ്കറ്റുകൊണ്ട് മറച്ചുവെച്ചു !! അലന്റെ ഈ വിദ്യയിൽ ജയിലുദ്യോഗസ്ഥർക്ക് അസാധാരണമായി ഒന്നും തോന്നിയതുമില്ല"
"ജയിലിൽ തങ്ങൾ കിടക്കുന്ന കട്ടിലിൽ രൂപത്തിന് സമാനമായ ഒരു ഡമ്മി വെച്ചായിരുന്നു രാത്രിസമയങ്ങളിൽ ജാക്കറ്റ് നിർമ്മാണത്തിനു പോയിരുന്നത് ,ഡമ്മി നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ ജയിലിൽ നിന്നുതന്നെ അവർക്ക് ലഭിച്ചു ., സോപ്പും പേസ്റ്റും പിന്നെ ടിഷ്യുപേപ്പർ, കോണ്ക്രീറ്റ് പൊടി ഇവയായിരുന്നു ഡമ്മി നിർമ്മിക്കാനായി അവർ ഉപയോഗിച്ചിരുന്നത് .ഇതിനായി പലരും അവരെ സഹായിച്ചു , കൂടെ ഒറിജിനാലിറ്റി തോന്നിക്കുവാൻ യഥാർത്ഥ മുടിയും വെച്ചു പിടിപ്പിച്ചു" ,
"ജയിലിലെ ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്ന ഒരാളുടെ സംഭാവനയായിരുന്നു മുടി ,രണ്ടു മാസത്തെ പരിശ്രമഫലമായി ചങ്ങാട ജാക്കറ്റും നിർമ്മാണവും പൂർത്തിയായി . ഭാഗ്യവശാൽ ജയിലിൽ നിന്നും അത്രയേറെ റയിൻകോട്ട് മോഷണം പോയത് ആരുടേയും ശ്രദ്ധയിൽ പെട്ടതുമില്ല !!
ആ ജൂൺ മാസത്തിലെ തിങ്കളാഴ്ച ദിനം , അന്നാണ് കഥയുടെ ക്ലൈമാക്സ് ദിനം.
രാത്രി 9.30 ന് ജയിലിൽ ഉറങ്ങാനായി ലൈറ്റ് അണച്ചപ്പോൾ 4 പേരും രക്ഷപ്പെടാനുള്ള ശ്രമം ആരംഭിച്ചു ".
ഗുരുജി തുടർന്നു .ആളുകൾ ജിഞ്ജാസയോടെ കേട്ടിരുന്നു . പുതിയ ആളുകൾ വന്നു ചേർന്ന് കൊണ്ടിരുന്നു .
"മൂന്നു പേർക്കേ പുറത്തു കടക്കാനായുള്ളൂ .പദ്ധതി പ്ലാൻ ചെയ്ത അലന് വെന്റിലേറ്റർ വഴി പുറത്തെത്താനായില്ല . സമയം വളരെ നിര്ണായകമായതിനാൽ ഞങ്ങൾക്കു കാത്ത് നിൽക്കാനായില്ല .ഞങ്ങൾ ജയിലിനു മുകളിലെത്തി താഴെ ഇറങ്ങി ഉയരമുള്ള കമ്പി വേലി കയറി മറിഞ്ഞു കടൽ തീരത്തെത്തി .ഞങ്ങൾ നിർമ്മിച്ച ചങ്ങാടം അതീവ ജാഗ്രതയോടെ വെള്ളത്തിലിറക്കി ലൈഫ് ജാക്കറ്റും അണിഞ്ഞു സാധ്യമാകുന്ന വേഗത്തിൽ മറു കരയിലേക്ക് നീങ്ങി .കടൽ ശാന്തമായിരുന്നു . ജയിലിൽ എന്തോ സംശയിച്ചെന്നപോലെ വെളിച്ചത്തിന്റെ ചലനമുണ്ടായിരുന്നു . ഇപ്പോൾ അതും ശാന്തമാണ് . സ്വാതന്ത്ര്യത്തിന്റെ ജീവ വായുവിന് തടവറയിലെ വായുവിനേക്കാൾ ഞങ്ങളെ ഉർജ്ജസ്വലരാക്കാൻ കഴിഞ്ഞു . മരണത്തിനും ജീവിതത്തിന്നും ഇടക്കുള്ള നിമിഷങ്ങൾ മാത്രമാണ് ഈ ചങ്ങാടം എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിച്ചു . ഇരുട്ടിൽ ദിശ പോലും നിശ്ചിതമായിരുന്നില്ല .മറുകരയെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല .
ജയിലിന്റെ ചുറ്റുപാടുകളിൽ നിന്ന് ഞങ്ങൾ അകലെയായി . അല്പം മാറി ഒരു കപ്പൽ ശ്രദ്ധയിൽപെട്ടു" .
"ആ ചരക്കു കപ്പലിന്റെ അടുത്തേക്ക് തുഴഞ്ഞു . ആരും ഞങ്ങളെ ശ്രദിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി .അതിന്റെ വശങ്ങളിൽ പിടിപ്പിച്ച ഒരു കൊളുത്തിൽ ചങ്ങാടത്തെ ബന്ധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു . അതുവഴി, പരിശ്രമത്തിലൂടെ ആ ചരക്കു കപ്പലിന്റെ സ്റ്റോർ ഏരിയയിൽ കയറി ഞങ്ങൾ ഒളിച്ചു . വെള്ളമോ ഭക്ഷണമോ ഇല്ലാതെ ആറു രാപകലുകൾ കഴിഞ്ഞു പോയി . നിൽക്കുന്നേടത്തു നിന്ന് ഒന്ന് മാറി നിന്ന് നോക്കുവാനുള്ള ധൈര്യവും ചോർന്നു .ശരീരത്തിന്റെ കരുത്തു അത്രകണ്ട് ദുർബലമായിരുന്നു .
തീക്ഷണമായ ആ അവസ്ഥയിലും മനസ്സ് പ്രതീക്ഷകളിൽ കുളിരണിഞ്ഞു . അവസാനം കപ്പലിന്റെ വേഗത കുറയുന്നത് അനുഭവപ്പെട്ടു . നങ്കൂരമിടാൻ ഒരുങ്ങുകയെണെന്നു മനസ്സിലായി . ഞാൻ ഒന്ന് തോൾ ഉയർത്തി വശങ്ങളിലൂടെ കണ്ടൈനറുകൾക്കിടയിലൂടെ ക്യാബിൻലേക്ക് നോക്കി . അൾ പെരുമാറ്റം ഒന്നും കണ്ടില്ല . മെല്ലെ ഇടുങ്ങിയ പാസ്സേജിലേക്കു ഇറങ്ങി നടന്നപ്പോൾ ക്യാബിൻ ക്രൂയിസിന്റെ യൂണിഫോം അലക്കി അയലിൽ ഉണങ്ങാനിട്ടത് കണ്ടു . പരിസരം നിരീക്ഷിച്ചു മുന്ന് പേർക്കുള്ള വസ്ത്രങ്ങൾ എടുത്തു . ചരക്കു ക്ലീറൻസ് നു വേണ്ടി കപ്പലിലെ ഉദ്യോഗസ്‌ഥർ പോർട്ടിലേക്കു പോയി കഴിഞ്ഞെന്നു തോന്നി .
വളരെ വേഗത്തിൽ ഇവിടെ നിന്നും രക്ഷപ്പെടണം .
ഞങ്ങൾ ഞങ്ങളുടെ ജയിൽ ഡ്രെസ്സുകൾ മാറി കപ്പലിൽ നിന്ന് തരപ്പെടുത്തിയ യൂണിഫോം അണിഞ്ഞു"
തുടരും

By: 
Abdul Rasheed Karani

വെടിയും പുകയും


മോനേ ഷമ്മി നീ എവിടെ പ്പോകുവാ....?
ഞാന്‍ പള്ളിയില്‍ പോകുവാ അമ്മച്ചി...
ഓഹോ ഞാനോര്‍ത്തു നീ പള്ളിയില്‍ പോകുവാണെന്ന് !!
ഷമ്മിക്ക് സംശയം ചെവിക്ക് കുഴപ്പം തനിക്കോ അതോ അമ്മച്ചിക്കോ...?
എടീ..... ജാനുവേ...
എന്തിനാ അമ്മച്ചി ഇത്ര ഉറക്കെ വിളിക്കുന്നെ ഞാന്‍ അടുക്കളയില്‍ ഉണ്ടല്ലോ..!
ജാനു കുറച്ച് ഉറക്കെത്തന്നെ പറഞ്ഞു.
ഓ.. ഞാന്‍ ഉറക്കെ വിളിച്ചതാ കുറ്റം.
നിനക്ക് ചെവികേള്‍ക്കാന്‍ പാടില്ലാത്തതുകൊണ്ടല്ലെ...
ഓഹോ.....ഇപ്പോള്‍ അങ്ങിനെയായോ...?
അമ്മച്ചിക്ക് ഉച്ചക്കെന്താ
കഞ്ഞിയാണോ..?
അതിനിവിടെ ആര് പഞ്ഞി ചോദിച്ചു..?
ദൈവമേ...?
ഈ അമ്മച്ചിക്ക് വെടിവെച്ചാല്‍ പുകയാണല്ലോ....!
എന്നാല്‍ മിണ്ടാതിരിക്കുമോ അതുമില്ല.
അമ്മച്ചി ഷമ്മി പോയോ...
ആരാടീ... ആരാടീ...ചമ്മിപോയത് ഇയ്യിടെയായിട്ട് നിനക്ക് കൂടുന്നുണ്ട്.
അയ്യോ കുഴഞ്ഞല്ലോ...
അമ്മച്ചി ഞാന്‍ അമ്മച്ചീടെ കൊച്ചുമോന്‍ ഷമ്മിയുടെ കാര്യമാ ചോദിച്ചത്.
ങാ.. അവന്‍ പള്ളിയില്‍ പോയി...!
അമ്മച്ചീടെ കൈലി ഇങ്ങുതാ കഴുകിയിടാം..
ഒാ....കൈയ്യിലുണ്ടായിരുന്ന അമ്പതു രൂപയും കൊണ്ടാ അവന്‍ പോയത്.
അമ്മച്ചീടെ കൈയ്യിലുളളതല്ല ചോദിച്ചെ..!
കൈലിമുണ്ട് ...കൈലിമുണ്ട് നനച്ചിടാന്‍..ഹോ
അത് നീ ഇന്നലെ വരാത്തതുകൊണ്ട് ഞാന്‍തന്നെ കഴുകി.
ഉം... ശെരി
എന്നാല്‍ ഞാന്‍ ജേയ്സ്സിയെ ഒന്ന് മാറ്റി കെട്ടീട്ടു വരാം.
ഓ .....അവളും വന്നോ...?
ആര്...?
ഷമ്മിയുടെ പെണ്ണ്.. മേഴ്സ്സി
എന്‍െറ പൊന്നമ്മച്ചീ.......
മേഴ്സ്സിയല്ല...ജേയ്സ്സിപ്പശു....പൈയ്യില്ലേ..പൈ....
അവനെന്താ ഇവിടെ കാര്യം..?
അവനോട് ഈ പറമ്പിനകത്ത് കേറിയേക്കല്ലെന്നല്ലെ ഷമ്മി പറഞ്ഞിരിക്കുന്നെ.
അമ്മച്ചി ആരുടെ കാര്യമാ ഈ പറയുന്നെ.
തെക്കേലെ പൈലിയുടെ ....
എനിക്കുവയ്യ...
ദൈവമെ ഇത് കൈവിട്ടുപോയോ....!!

ഭാര്യ


നാണത്താൽ മുഖം കുനിച്ച്,
ചായക്കോപ്പയൊന്ന് നേരെ നീട്ടികാൽവിരലാൽഇഷ്ടമെന്ന് ചൊല്ലിമഞ്ഞച്ചരടിൽ ബന്ധിതയായി കൂടെ പോന്നോളെ....
നിന്നെ ഭാര്യയെന്നു വിളിച്ചിടുന്നു കാലം.
നിലാവെളിച്ചം മങ്ങി നിന്നിടും നേരം കരിപുരണ്ടൊരടുക്കളയിൽവയറു നിറച്ചു തന്നിടുവാൻ പാടുപെടുന്നോളെനിന്നെ ഭാര്യയെന്നു വിളിച്ചിടുന്നു ലോകം.
ഇരുൾ വീണനേരംഅന്തിക്കൂട്ടിന്ഭർത്താവൊന്ന് വിളിച്ചിടുമ്പോൾകണ്ണുനീരൊന്ന് വീഴ്ത്തിടാതെഓടിയടുത്തിടുമ്പോൾ ഉള്ളം പിടച്ചൊരാ തലയിണപോലും വിളിച്ചിടുന്നു നിന്നെ ഭാര്യയെന്ന്.
നിറവയറിൻ വേദനയറിയാതെ പെറ്റുവളർത്തീടുവാൻദിനമെണ്ണിക്കഴിഞ്ഞിടുമ്പോൾദിനരാത്രങ്ങളും വിളിച്ചിടുന്നു നിന്നെ ഭാര്യയെന്ന്..
എങ്കിലുമൊരാർത്തനാദം പൊഴിച്ചു നിറവയറൊഴിച്ചിടുമ്പോൾകൂട്ടുനിന്ന കിനാക്കളെല്ലാം കൈ കൂപ്പി വിളിച്ചിടുന്നു നിന്നെ അമ്മയെന്ന്.
പെണ്ണൊന്ന് കുഞ്ഞായി പിറന്ന് യുവതിയായി ,
ഭാര്യയായിഅടിവയറിൻ വേദനയറിഞ്ഞുപതിതൻ കിനാവിൽ സ്വപ്നങ്ങളായിഒടുവിലൊരമ്മയാകവേ...വിളിക്കുവാനേറെ സുഖം ഭാര്യയെന്ന വാക്കുതന്നെ.
by: 
Vinu K Mohan

ഒരു പ്രേത കഥ


പ്രേതം... പ്രേതം ഉണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?.. നമ്മൾ എല്ലാരും എപ്പോഴെങ്കിലും ഒക്കെ... അല്ലെങ്കിൽ ഒരിക്കലെങ്കിലും പ്രേതത്തെ ഓർത്തു പേടിച്ചിട്ടല്ലേ? ഉണ്ട്... ഇനി അഥവാ ആരെങ്കിലും ഇല്ല എന്ന് പറഞ്ഞാലും ഞാൻ അത് വിശ്വസിക്കില്ല... ഞാനും പേടിച്ചിട്ടുണ്ട്. എനിക്കിതിലോക്കെ കുറച്ചു വിശ്വാസം .. അല്ല വിശ്വാസം അല്ല... പേടി... പേടിയുണ്ട്. കാരണം എനിക്ക് ശരിക്കും ഒരു പ്രേതാനുഭവം ഉണ്ടായിട്ടുണ്ട്... സത്യം.... എനിക്ക് ഈ അനുഭവം ഉണ്ടായതു നമ്മുടെ തലസ്ഥാന നഗരിയായ അനന്തപുരിയിൽ വച്ചാണ്...വ്വോ.. തന്നെടെ... നമ്മടെ തിരോന്തോരത്ത് വച്ച്…
CA യുടെ ആർട്ടിക്കിൾഷിപ്പ് ചെയ്യുന്ന സമയം.. തിരുവനന്തപുരത്ത് ഒരു ക്ലയിന്റ് ഉണ്ടായിരുന്നു.. ആ ക്ലയിന്റിൽ വർക്ക് ചെയ്യാൻ എനിക്ക് വലിയ താത്പര്യം ആയിരുന്നു.. മറ്റൊന്നും കൊണ്ടല്ല..അത് എനിക്ക് സാമ്പത്തികമായി ഗുണം ചെയ്യന്ന ഒരു ക്ലയിന്റ് ആയിരുന്നു. അവിടെ പോകുന്ന ദിവസങ്ങളിൽ താമസത്തിനും ഭക്ഷണത്തിനും മറ്റുമായി 500 RS എന്റെ ഓഫീസിൽ നിന്നും പിന്നെ 750 RS ക്ലയിന്റിന്റെ കൈയ്യിൽ നിന്നും ദിവസേന കിട്ടുമായിരുന്നു. താമസവും ഭക്ഷണവും കഴിഞ്ഞു ബാക്കി വരുന്നത് എനിക്ക് ഒരു എക്സ്ട്രാ വരുമാനം ആയിരുന്നു. അത് കൊണ്ട് തന്നെ താമസത്തിൻറെയും ഭക്ഷണത്തിന്റെയും ചെലവ് മാക്സിമം കുറക്കാൻ ഞാൻ നോക്കാറുണ്ടായിരുന്നു.
അങ്ങിനെ ഒരിക്കൽ ഞാൻ തിരുവനന്തപുരത്ത് ഓഡിറ്റ്നു പോകുകയാണ്. ഞാൻ സ്ഥിരമായി താമസിക്കാറുള്ള സ്ഥലത്തല്ല ഇത്തവണ താമസിക്കാൻ പോകുന്നത് . എന്റെ ഒരു സുഹൃത്ത് വഴി ഒരു കുറഞ്ഞ വാടകക്ക് വേറൊരു ഹോട്ടൽ ... സോറി ഹോട്ടൽ എന്ന് പറയാൻ പറ്റില്ല... ഒരു ലോഡ് ജ് തരപെട്ടിട്ടുണ്ട് .. അത് വഴി എനിക്ക് ഒരു ദിവസം 50 Rs ലാഭം കിട്ടും.രാവിലെ 8.30 ക്ക് തന്നെ ലോഡ്ജിൽ എത്തി ഞാൻ മുറി എടുത്തു. 2 നിലയുള്ള ലോഡ്ജിൽ ആകെ മുറികൾ ഒരു പത്തു ഇരുപതെണ്ണം കാണും.. ഒരു എൽ ഷേപ്പിൽ ആണ് മുറികൾ ഇരിക്കുന്നത്... അതായതു പടികയറി മുകളിലെ നിലയിൽ വന്നാൽ 7 മുറികൾ ഒരു വശത്ത്.. പിന്നെ ഇടതു വശത്തേക്ക് തിരിഞ്ഞാൽ അവിടെ വീണ്ടും ഒരു മൂന്നുനാല് മുറികൾ. അതിൽ 6 മത്തെ മുറിയാണ് എനിക്ക് കിട്ടിയത് .. അതായതു കോർണറിൽ ഉള്ള ഏഴാമത്തെ മുറിക്കു തൊട്ടു മുൻപുള്ള മുറി.
ബാഗ് മുറിയിൽ വച്ചിട്ട് മുറി പൂട്ടി ഞാൻ ജോലിക്ക് പോകാൻ ഇറങ്ങി .. അപ്പോഴാണ് ഞാൻ തൊട്ടടുത്ത മുറിയുടെ വാതിൽ ശ്രദ്ധിച്ചത്... വാതിൽ പൂട്ടിയിരിക്കുകയാണ് ... അത് മാത്രമല്ല ആ വാതിൽ അവസാനമായി പെയിന്റ് അടിച്ചപ്പോൾ ആ പൂട്ടും ചേർത്താണ് പെയിന്റ് അടിച്ചിരിക്കുന്നത്.. ആ പൂട്ട് പെയിന്റ് കൊണ്ട് വാതിലുമായി കൂടിച്ചേർന്നു ഒട്ടിപ്പിടിച്ച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ ആ മുറിയിൽ ആരും ഇല്ലന്നും.. അത് കഴിഞ്ഞ കുറച്ചു കാലമായി തുറന്നിട്ടേ ഇല്ല എന്നും എനിക്ക് മനസ്സിലായി .. പക്ഷെ എന്തുകൊണ്ടാണ് അവർ അതങ്ങനെ സ്ഥിരമായി അടച്ചിട്ടിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.
വൈകിട്ട് ജോലി കഴിഞ്ഞു ഒരു 7 മണിയോട് കൂടി ഞാൻ തിരിച്ചു മുറിയിൽ എത്തി. ഒന്ന് കുളിച്ചു ഫ്രഷ് ആയതിനു ശേഷം ഞാൻ മുറിയിൽ നിന്ന് വെളിയിൽ ഇറങ്ങി. ആദ്യം അത്താഴം ..പിന്നെ ഒരു സെക്കന്റ് ഷോ.. അത് കഴിഞ്ഞു രാത്രി ഒരു മണിയോട് കൂടി തിരിച്ചു ലോഡ്ജിൽ എത്തി. മുകളിലത്തെ നിലയിലേക്ക് കയറുന്ന പടിയിൽ തീരെ വെളിച്ചം ഇല്ല.. മുകളിലത്തെ നിലയിൽ ഞാൻ മാത്രമാണ് താമസക്കാരൻ എന്ന് എനിക്ക് തോന്നി. ഞാൻ എന്റെ മുറിയുടെ അടുത്ത് എത്തിയപ്പോൾ ആണ് അത് ശ്രദ്ധിച്ചത്.. അടഞ്ഞു കിടക്കുന്ന ഏഴാമത്തെ മുറിയുടെ വെന്റിലെറ്ററിൽ നിന്നും ഒരു ചുവന്ന വെളിച്ചം പുറത്തേക്കു വരുന്നു. പിന്നെ ചില ശബ്ദങ്ങളും. ഞാൻ വീണ്ടും അതിന്റെ വാതിലിലേക്ക് ഒന്ന് കൂടി നോക്കി... എല്ലാം പഴയ പോലെ തന്നെ.. അത് പൂട്ടി തന്നയാണ് ഇരിക്കുന്നത്.. ഞാൻ പെട്ടന്ന് തന്നെ എന്റെ മുറി തുറന്നു അകത്തു കയറി വാതിലടച്ചു . എന്റെ മനസ്സിൽ ഒരു വല്ലാത്ത ഒരു തരം പേടി കടന്നു കയറി.. എന്തൊക്കയോ ചില ദുഃസൂചനകൾ. പേടി കളയാൻ ഞാൻ മുറിയിലെ ലൈറ്റും ടി.വി യും ഓൺ ചെയ്തു..കണ്ണുമടച്ചു കിടന്നുറങ്ങാൻ ശ്രമിച്ചു.
എത്രനേരം അങ്ങനെ കിടന്നു എന്നറിയില്ല.. കുറച്ചു നേരം കഴിഞ്ഞു ഞാൻ വീണ്ടും ഞെട്ടി ഉണർന്നു.. ആകെ ഒരു അസ്വസ്തത... വിയർത്തു കുളിച്ചിരിക്കുന്നു. ഞാൻ സമയം നോക്കി.. 2.45. കുറച്ചു ധൈര്യം സംഭരിച്ചു ഞാൻ മുറിക്കു പുറത്തിറങ്ങി.. ഏഴാമത്തെ മുറിയിലേക്ക് നോക്കി.. ചുവപ്പ് വെട്ടം ഇപ്പോൾ വരുന്നില്ല ... ശബ്ദങ്ങളും കേൾക്കുന്നില്ല.. ഭയപ്പെടുത്തുന്ന നിശബ്ദതയും .. കൂറ്റാക്കൂരിരുട്ടും മാത്രം...
പിറ്റേ ദിവസം ഉറക്കം ഉണർന്നപ്പോൾ നേരം വൈകി.. എത്രയും പെട്ടന്ന് ഓഫീസിൽ എത്തണം... ജോലി ഒരു പാട് ഉണ്ട്.. ഇന്ന് വെള്ളിയഴിച്ചയാണ് .. ഇന്ന് തീർന്നില്ലെങ്കിൽ ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ചയെ പണി തീർക്കാൻ പറ്റുകയുള്ളു .. അത് കൊണ്ട് ഇത്തിരി താമസിച്ചാലും സാരമില്ല ജോലി ഇന്നു തന്നെ തീർക്കണം.. അന്നു ഉച്ച ഭക്ഷണത്തിന് ഇടയ്ക്കു കുശലം പറയുന്ന ഇടയ്ക്കു അവിടുള്ള ഒരു സ്റ്റാഫ് ഞാൻ എവിടയാണ് സ്റ്റേ ചെയ്യുന്നത് എന്ന് ചോദിച്ചു.. ഞാൻ ലോഡ്ജിന്റെ പേര് പറഞ്ഞു.. ആ ദുഷ്ടൻ അപ്പോൾ തന്നെ ഒരു ഞെട്ടിക്കുന്ന വിവരം എന്നോട് പറഞ്ഞു.. ആ ലോഡ്ജിൽ 2 വര്‍ഷം മുൻപ് ഒരാൾ അത്മഹത്യ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ എന്റെ വെറും തോന്നലാണ് എന്ന് കരുതി മറക്കാൻ ശ്രമിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു വിവരം ഞാൻ അറിഞ്ഞത്... ഉള്ള ധൈര്യവും അവിടെ തീര്ന്നു.. രണ്ടു ദിവസത്തെ വാടക മുൻകൂർ കൊടുക്കുകയും ചെയ്തു.. ചെക്ക് ഔട്ട് ചെയ്യാനുള്ള സമയവും ഞാൻ തിരിച്ചെത്തുമ്പോൾ കഴിഞ്ഞിരിക്കും. കാലിന്റെ പെരുവിരലിൽ നിന്നും ഒരു ഭയം എന്നിലേക്ക് അരിച്ചു കയറി.
.അന്ന് ജോലി കഴിഞ്ഞു തിരിച്ചു മുറിയിൽ എത്തിയപ്പോൾ വൈകി. എത്രയും പെട്ടന്ന് കിടന്നുറങ്ങണം .. നേരം വെളുക്കാതെ കണ്ണ് തുറക്കരുത്.. ഇടയ്ക്കു ബാത്റൂമിൽ പോകാൻ പോലും എണീകണ്ട എന്ന് തീരുമാനിച്ചു മുറിയിലേക്ക് കയറുമ്പോൾ ഞാൻ ഓട്ടകണ്ണിട്ടു അടുത്ത മുറിയിലേക്ക് നോക്കി.. അത് പൂട്ടി തന്നെ ഇരിക്കുകയാണ്.മുറിയിൽ കയറി പാർസൽ വാങ്ങിയ ഭക്ഷണം കഴിച്ചു ടി.വിയിൽ ഏതോ ഒരു സിനിമയും വച്ച് ഉറങ്ങാൻ കിടന്നു.. പക്ഷെ ഞാൻ എന്ത് നടക്കരുത് എന്ന് ആഗ്രഹിച്ചോ അത് തന്നെ നടന്നു..
രാത്രി ഒരു 12.30 ക്ക് ഞാൻ ഞെട്ടി എണീറ്റു.. ഉറങ്ങാൻ ശ്രമിച്ചിട്ട് കഴിയുന്നില്ല.. ആകെ ഒരു പരവശം.. ഉള്ളിൽ വല്ലാത്ത ഭയം.. മുറിയുടെ ഉത്തരത്തിൽ നിന്നും ചുവരിൽ നിന്നും ഒക്കെ ചില വികൃത രൂപങ്ങൾ ഇറങ്ങി വരുന്നത് പോലെ എനിക്ക് തോന്നി. ഞാൻ കണ്ണടച്ചു അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു പ്രാർത്ഥിച്ചു.. അപ്പോൾ എനിക്ക് എവിടുന്നോ കുറച്ചു ധൈര്യം കിട്ടി..ഈ പേടിയെ എങ്ങനെയും കീഴ്പെടുത്തണം.. അതിനു ഞാൻ വെളിയിൽ ഇറങ്ങി നോക്കണം.. ഞാൻ നാമം ജപിച്ചുകൊണ്ട് മുറി തുറന്നു പുറത്തിറങ്ങി. ഏഴാമത്തെ മുറിയിൽ നോക്കി വീണ്ടും ആ ചുവന്ന വെളിച്ചവും അവ്യക്തമായ ചില ശബ്ദങ്ങളും.. ഞാൻ മുറിയിൽ കയറി വാതിലടച്ചു നാമം ജപിച്ചു കണ്ണടച്ച് കിടന്നു ..
പിറ്റേ ദിവസം നേരം വെളുക്കുന്നതിനു മുൻപ് ഞാൻ എണീറ്റ്... എത്രയും പെട്ടന്ന് ഈ നശിച്ച മുറി ഒഴിഞ്ഞു വീടിലേക്ക് പോണം.. വേഗം തന്നെ ഞാൻ കുളിച്ചു റെഡി ആയി.. മുറി പൂട്ടി.. ബാഗുമെടുത്ത് താഴേക്ക് നടന്നു.. അവിശ്വസനീയമായ ആ സംഭവങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ട്..ഇല്ല അങ്ങിനെ ഇറങ്ങി പോയാൽ ഒരു സമാധാനവും കിട്ടില്ല ആ മുറി ഒന്നുടെ കാണണം. ഞാൻ തിരിച്ചു നടന്നു.
ഏഴാമത്തെ മുറിയുടെ വാതിലിനുമുന്നിൽ എത്തി. ആ പൂട്ട് ഞാൻ കൈകൊണ്ടു ഞാൻ ഇളക്കാൻ നോക്കി .. പറ്റുന്നില്ല.. അത് ഒട്ടിപ്പിടിചിരിക്കുകയാണ്. ഞാൻ ജനലിലൂടെ അകത്തേക്ക് നോക്കാൻ ശ്രമിച്ചു. ജനൽ അകത്തുനിന്നു അടച്ചിരുന്നതിനാൽ അതും നടന്നില്ല.. ഞാൻ മുന്നോട്ടു നടന്നു ഇടത്തേക്ക് തിരിഞ്ഞു.. ആ ഭാഗത്തെ മുറികളിൽ ആരെങ്കിലും ഉണ്ടോ എന്നറിയാൻ. അപ്പോൾ കണ്ട കാഴ്ച കണ്ടു ഞാൻ തരിച്ചു നിന്നു.
കോർണറിൽ ഉള്ള ആ ഏഴാമത്തെ മുറിക്കു ഈ ഭാഗത്ത് മറ്റൊരു വാതിലുകൂടി ഉണ്ട്.. അത് തുറന്നു കിടക്കുകയാണ്..അകത്തു രണ്ടു ബംഗാളികളും ...
താഴെ റിസപ്ഷനിൽ ചെന്നപോൾ അവിടെ ഉണ്ടായിരുന്ന ആൾ പറഞ്ഞാണ് കാര്യം പിടികിട്ടിയത്. ആ രണ്ടു ബംഗാളികൾ ആ മുറിയിലെ സ്ഥിരതമാസക്കാരന്. രാത്രി ഏതോ ഹോട്ടലിലെ പണി കഴിഞ്ഞു വന്നു മുറിയിലെ ചുവന്ന സീറോവോൾട്ട് ബൾബും ഇട്ടു ഏതോ ബംഗാളി നാടകവും റേഡിയോ യിൽ ഇട്ടു സുഖമായി കിടന്നുറങ്ങുന്നതാണ് ഭയ്യമാരുടെ ദിനചര്യ.. അകത്തു കറങ്ങുന്ന ഫാനിന്റെ യും ക്ലിയർ അല്ലാത്ത ബംഗാളി റേഡിയോ നാടകത്തിന്റെ സൌണ്ടുമാണ് ഞാൻ അവ്യക്തമായി കേട്ടത്.
അത് കേട്ട് ചിരിച്ചു കൊണ്ട് ബാഗും എടുത്തു തിരിഞ്ഞു നടക്കുമ്പോൾ ഞാൻ അയാളോട് പറഞ്ഞു... ഞാൻ വെറുതെ പേടിച്ചു.. ഇവിടെ ഒരാൾ ആത്മഹത്യാ ചെയ്തു എന്നൊക്കയാണ് ഞാൻ കേട്ട കഥകൾ.. അയാൾ അപ്പോൾ പിറകിൽ നിന്ന് ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു... അതൊക്കെ ആളുകള് ചുമ്മാ പറഞ്ഞുണ്ടാക്കുന്നതല്ലേ... "ഞാൻ ആത്മഹത്യാ ചെയ്തതല്ല.. എന്നെ കൊന്നതാണ്... " ഇത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. അപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നില്ല.
ശ്രീരാം. എസ്

ഓർമ്മകൾക്ക് മരണമില്ല.


കണ്ണീരണിഞ്ഞുകൊണ്ടണയുന്നു
കലിതുള്ളി പെയ്യുമൊരു കർക്കടകം
കണ്ണീരിന്നുമുണങ്ങിയിട്ടില്ല
കരളിലെരിയുമൊരു താത വിയോഗം.
കട്ടിക്കണ്ണട കട്ടി മീശ, പാതി നരച്ച മുടിയും ,
കരളിലെന്നും സ്നേഹത്തിൻനാളമാണേ .
കാലചക്രം തിരിഞ്ഞതെത്ര വേഗത്തിൽ
കാലനറുത്തെടുത്തതെന്റെ ജീവൻ .
കർക്കടകപ്പുലരിയിലൊരു വാവു വരവായ്
കറുക, ചന്ദനം, ദര്ഭ ,നാക്കിലയൊരുക്കട്ടേ.
കറ മാറ്റിയെടുക്കണം വെള്ളോട്ടു കിണ്ടി
കളം മയക്കാനിത്തിരി ചാണകവും.
കണ്ണീർപ്പെയ്ത്തിനിടയിലന്നങ്ങു -
കണ്ണടച്ചൊഴുക്കിയൊരസ്ഥിക്കഷണം
കരിമേഘകൂട്ടങ്ങളും അന്നങ്ങു കണ്ണുനീർ തൂവി
കണ്ടുനിന്ന കണ്ണിലും നീർപൊടിഞ്ഞു.
* കങ്കന്റെ ഹുങ്കിനെ പിടിച്ചുകെട്ടാനാവില്ല
കടവിലീറനുടലുമായന്നു തേങ്ങി
കടവുൾ കനിഞ്ഞെങ്കിലിന്നുമാ കൈകൾ
* കങ്കാണിയായെൻ ഇടംവലം കാക്കില്ലേ .
കല്ലെടുത്തൊരടുപ്പൊരുക്കട്ടേ
കണ്ണീരിൽ മുക്കി കഴുകട്ടെ കുത്തരി
കത്തിച്ചു വെയ്ക്കട്ടേ നിലവിളക്കും
കളത്തിലൊരുക്കട്ടേ നാക്കിലയും.
കാക്കയായിന്നച്ഛൻ കരയുന്നു
കറുകനാമ്പെൻ കൈയിൽ വിറയ്ക്കുന്നു
കണ്ണീരുപ്പു ചേർത്തൊരുരുള ഞാൻ
കാലനെ ശപിച്ചൊന്നു നല്കിടട്ടേ .
കാലചക്രമുരുണ്ടിട്ടാണ്ടേഴായ്
കദന ഭാരമായിന്നുമുണ്ടാസ്നേഹ സ്വരങ്ങൾ .
കാലമേ വേദന മാത്രം നല്കാന്നെന്തിനു തന്നു
കലിയിലൊരു മർത്യ വേഷം ?
കർക്കിടകം തുടികൊട്ടി പെയ്യുമീ വേളയിൽ
കിളിമകൾ പാടിയ പാട്ടന്നച്ഛനേറ്റു പാടി
കൺമുന്നിലിന്നുമന്നു ചൊല്ലിയ വാക്കുകൾ
കിളി പാടി "ജാതനാകിൽ വരും സുഖ ദുഃഖവും "
* കങ്കൻ = കാലൻ
കങ്കാണി = മേൽനോട്ടക്കാരൻ
................ #ലിജീഷ് പള്ളിക്കര............

പ്രണയോപഹാരം


മൂന്നു ദിവസത്തെ അവധി ഒരുമിച്ചു കിട്ടിയ സന്തോഷത്തിലാണ് രാവിലെ ഉറക്കമുണർന്നത്.ദിനചര്യകളെല്ലാം കഴിഞ്ഞ് മൊബൈൽ എടുത്തു നോക്കുമ്പോഴാണ് അമ്മ പുറത്തോട്ടിറങ്ങാൻ തയ്യാറായി നിൽക്കുന്നത് കണ്ടത്. കണ്ടപ്പോൾ തന്നെ മനസ്സിലായി അമ്പലത്തിലേക്കാണ് പോക്ക്. അമ്പലത്തിൽ പോവുമ്പോ മാത്രം അമ്മ തന്നെ കൂടെ കൂട്ടില്ല. ആരുടെയും കൂടെ പോവുകയുമില്ല. ചോദിച്ചാ പറയും
"കമ്പനി കൂടി പോവാൻ പറ്റിയ സ്ഥലം അല്ല അമ്പലം. ആരോടും പറയാൻ പറ്റാത്ത സങ്കടങ്ങൾ പറയുന്ന സ്ഥലമാണ്. തൽക്കാലം എന്റെ സങ്കടം ഞാനും ഈശ്വരനും മാത്രം അറിഞ്ഞാ മതി. നീ അറിയണ്ട. നിനക്ക് തീർക്കാൻ പറ്റുന്ന സങ്കടങ്ങൾ ഒക്കെ ഞാൻ നിന്നോടു പറയുന്നുണ്ടല്ലോ.. ഈശ്വരനു തീർക്കാൻ പറ്റുന്നത് ഈശ്വരൻ കേട്ടാ മതി."
ഇറങ്ങാൻ നേരത്ത് കൈയിൽ മൊബൈൽ കണ്ടാൽ എന്നും തരുന്ന ഒരു ഉപദേശവും
"മോളെ ആതിരേ നീ പ്ലസ് വണ്ണിനു പഠിക്കുന്ന ഒരു പെൺകുട്ടിയാണ്. പ്രായത്തേക്കാൾ കൂടുതൽ പക്വത നിനക്ക് ഉണ്ടെന്നു എനിക്ക് അറിയാം. അമ്മയെന്ന നിലയിൽ എനിക്ക് അതിൽ അഭിമാനവും ഉണ്ട്. എന്നാലും പെൺകുട്ടികളുടെ മനസ്സ് എപ്പോഴാ മാറാന്ന് പറയാൻ പറ്റില്ല. ഓരോന്ന് കേൾക്കുമ്പോ മനസ്സിൽ തീയാണ്. ആരാണാവോ ഈ കുന്ത്രാണ്ടം കണ്ടു പിടിച്ചത്."
മുഴുവൻ പറയാൻ സമ്മതിക്കുന്നതിനു മുമ്പ് ഒരു കണ്ണടച്ച് അമ്മക്കൊരു ഫ്ലയിംഗ് കിസ് കൊടുത്തു.
" ഞാൻ വരുന്നതുവരെ ഇതിൽ കുത്തി കൊണ്ടിരിക്കണ്ട. എന്തെങ്കിലും പഠിക്കാൻ നോക്ക്.ഞാൻ വേഗം വരാം " എന്നു പറഞ്ഞ് അമ്മ കാത്തു നിന്ന ഓട്ടോ യിൽ കേറിപ്പോയി.
കുറെ നാളുകൾക്ക് ശേഷമാണ് ഫേസ് ബുക്ക് ഒന്നു തുറന്നു നോക്കിയത്.പതിവു പോലെ കുറെ റിക്വസ്റ്റുകളും മെസേജുകളും. കുറച്ചു സാഹിത്യത്തിൽ താത്പര്യമുള്ളതുകൊണ്ടാണ് ഇതു ഇങ്ങനെ ഇടക്ക് തുറന്നു നോക്കുന്നത്. ഇടക്കു വരുന്ന ചില റോംഗ് മെസേജുകളൊഴിച്ചാൽ ശരിക്കും എഫ് ബി നല്ലൊരു സമയം പോകാൻ പറ്റിയ സംഗതി തന്നെ ആണ്. സ്ഥിരം നോക്കാറുള്ള ഗ്രൂപ്പിലെ പോസ്റ്ററുകൾ വായിക്കുന്നതിനിടയിലാണ് ഒരു കവിത കണ്ണിൽ പെട്ടത്.നല്ല സുന്ദരമായ ഒരു പ്രണയകവിത.ചുരുങ്ങിയ വാക്കുകളിൽ വളരെ നന്നായി എഴുതിയിരിക്കുന്നു. ആ കവിതക്ക് ഒരു പാട് നല്ല അഭിപ്രായങ്ങളും കിട്ടിയിട്ടുണ്ട്.
ആളുടെ പ്രൊഫൈൽ ഒന്നു എടുത്തു നോക്കി. പേര് അനന്തകൃഷ്ണൻ.വീട് പാലക്കാട്. സ്കൂൾ മാഷാണ്.ജനിച്ചവർഷം 1978. നല്ല ഭംഗിയുള്ള താടി.വാത്സല്യം തുടിക്കുന്ന മുഖം. അമ്പരന്നത് റിലേഷൻഷിപ്പ് സിംഗിൾ എന്നു കണ്ടപ്പോഴാണ്. ആളുടെ പോസ്റ്റുകൾ നോക്കിയപ്പോ എല്ലാം മനോഹരം. ചിന്തിപ്പിക്കുന്നവരികൾ. പ്രണയത്തെ കുറിച്ച് എഴുതിയ വരികൾ കണ്ടാൽ ആർക്കും ഒന്നും പ്രണയിക്കാൻ തോന്നും.ഫ്രണ്ട് ലിസ്റ്റ് നോക്കിയപ്പോൾ ഞെട്ടിപ്പോയ്.ആകെ 12 ഫ്രണ്ട്സ് മാത്രം. ഇത്രയധികം ആരാധകർ ഉള്ള ആൾക്ക് വെറും 1 കൂട്ടുകാരോ? എന്തായാലും ഒരു റിക്വസ്റ്റ് അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ റിക്വസ്റ്റ് സ്വീകരിച്ചതായും കണ്ടു.
പിന്നെ കുറച്ചു ദിവസം അയാളുടെ പോസ്റ്റുകളുടെ പുറകേ ആയിരുന്നു.എല്ലാത്തിനും അറിയാവുന്ന രീതിയിൽ അഭിപ്രായങ്ങളും പറഞ്ഞു. പ്രണയത്തെക്കുറിച്ചു മാത്രം അല്ല സകല സ്നേഹ ബന്ധങ്ങളും അയാളുടെ തൂലികയിൽ നിന്നു അടർന്നു വീഴുമ്പോൾ എല്ലാ ബന്ധങ്ങളുടെയും പവിത്രത താൻ കൂടുതൽ തിരിച്ചറിയുകയായിരുന്നു.പരിചയപ്പെടാനുള്ള ആഗ്രഹം മനസ്സിനുള്ളിൽ വീർപ്പുമുട്ടാൻ തുടങ്ങി.തന്നെ പോലെ ഒരു പെൺകുട്ടി അങ്ങോട്ടു മെസേജ് അയച്ചാൽ എന്തെങ്കാലും തെറ്റിദ്ധരിച്ചാലോ.. മറുപടി തന്നില്ലെങ്കിൽ മോശമാവില്ലേ എന്നൊക്കെ ചിന്തിച്ചു വേണ്ടാ എന്നു വെച്ചു. പക്ഷേ ഒരു ദിവസം അമ്മയെക്കുറിച്ചു എഴുതിയ പോസ്റ്റ് കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു. രണ്ടും കൽപിച്ച് ഒരു മെസേജ് അയച്ചു.
"മാഷേ.. സുഖമല്ലേ, പോസ്റ്റുകൾ ഒക്കെ മനോഹരം. ഇനിയും എഴുതുക.ഈശ്വരൻ അനുഗ്രഹിക്കട്ടെ "
അയച്ചുകഴിഞ്ഞ് വല്ലാത്ത വീർപ്പുമുട്ടലായിരുന്നു മനസ്സിൽ. പക്ഷേ പെട്ടെന്നു തന്നെ റിപ്ലേ വന്നു.
"സ്നേഹം...സന്തോഷം...നന്ദി. ശുഭദിനം ആശംസിക്കുന്നു.''
ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. മനസ്സിന് അറിയാതെ തന്നെ ഒരു ആശ്വാസവും...
എല്ലാ കാര്യങ്ങളും അമ്മയോടു തുറന്നു പറയുമെങ്കിലും അനന്തൻ മാഷിന്റെ കാര്യം പറയാൻ തോന്നിയില്ല. അമ്മക്ക് എഴുത്തുകാരെ തീരെ ഇഷ്ടമല്ല.
" അവരു ഭാവന അനുസരിച്ച് ഓരോന്നു എഴുതും. ബാക്കിയുള്ളവർ വേണം ഓരോന്ന് അനുഭവിക്കാൻ " എന്നാണ് അമ്മയുടെ ഭാഷ്യം.
അമ്മയുടെ പല കാര്യങ്ങളും ചിലപ്പോൾ വിചിത്രമായ് തോന്നാറുണ്ട്. റൊമാൻ റിക് ആയിട്ടുള്ള ഒരു പാട്ടുകേൾക്കുന്നതു പോലും അമ്മക്ക് ഇഷ്ടമല്ല. ഓർമ വെച്ച കാലം തൊട്ടു മനസ്സു തുറന്ന് ചിരിക്കുന്നത് കണ്ടിട്ടില്ല. അച്ഛൻ മരിച്ചതിനു ശേഷമാണ് അമ്മ കുറച്ചെങ്കിലും റിലാക്സ് ആയത് എന്ന് പലപ്പോഴും തോന്നാറുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ബൈക്ക് ആക്സിഡണ്ട് ആയിരുന്നു. അന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് കള്ളുകുടിച്ച് വണ്ടി ഓടിക്കരുത് എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല എന്ന്. വലുതായശേഷമാണ് അച്ഛൻ ചെയ്യുന്ന തെറ്റുകളുടെ ആഴം ശരിക്കും മനസ്സിലായി തുടങ്ങിയത്.
പാലക്കാടുള്ള അമ്മയുടെ തറവാടിന് അടുത്തു തന്നെ ആയിരുന്നു അച്ഛന്റെയും തറവാട്. അമ്മ ഇപ്പോളത്തെ പോലെ തന്നെ അന്നും സുന്ദരിയായിരിക്കണം. ശിവരാമൻ ബുള്ളറ്റ് മായ് ഇറങ്ങിയ നാട്ടിലെ പെണ്ണുങ്ങളൊക്കെ ഓടിയൊളിക്കുന്ന ഒരു കാലമുണ്ടായിരുന്നത്രെ. അമ്മയുടെ തറവാടിന്റെ അപ്പോഴത്തെ അവസ്ഥയും അച്ഛന്റെ പണത്തിന്റെയും തറവാട്ടു മഹിമേ ടെം ബലത്തിൽ നടന്നതാണ് ആ കല്യാണം ന്ന് കമലം ചെറിയമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. കല്യാണ ശേഷവും അച്ഛന് മാറ്റം ഒന്നുമുണ്ടായിട്ടില്ല എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അച്ഛൻ പിന്നീട് തൃശൂരിലേക്ക് മാറുകയായിരുന്നു. അച്ഛൻ ഒരിക്കലും അമ്മയോട് സ്നേഹത്തോടെ ഒന്നു പെരുമാറുന്നത് മാത്രം അല്ല ദേഷ്യപ്പെടുന്നതോ ഉപദ്രവിക്കുന്നതോ ചെയ്യുന്നത് കണ്ടിട്ടില്ല. അമ്മയോട് മാത്രം അല്ല തന്നോടും അങ്ങനെ തന്നെ ആയിരുന്നു.അതു കൊണ്ടു തന്നെ അച്ഛൻ എന്ന വികാരം എന്താണെന്ന് ഇതുവരെ അറിയാനും കഴിഞ്ഞിട്ടില്ല.
ദിവസങ്ങൾ കടന്നു പോവുന്നുണ്ട്. ഇതിനിടയിൽ അനന്തൻ മാഷുമായ് കൂടുതൽ അടുത്തു .ഇടക്ക് മാഷ് ചോദിച്ചു. മോൾടെ വീട്ടിൽ ആരൊക്കെ ഉണ്ട്.വീട് എവിടെ ആണ് എന്നൊക്കെ.ഞാൻ എന്റെ സകല കാര്യങ്ങളും ഒരു ലേഖനമാക്കി മാഷിന് അയച്ചുകൊടുത്തു.കൂടെ എന്റെ നല്ലൊരു ഫോട്ടോയും. ഫോട്ടോ കണ്ടതുകൊണ്ടായിരിക്കണം കുറച്ചു നേരത്തിന് മറുപടി ഒന്നും ഇല്ലായിരുന്നു. അതിനു ശേഷം ആദ്യമായി മാഷ് എനിക്കൊരു സ്മൈലി അയച്ചു.കൂടെ മാഷിന്റെ ഒരു ഫോട്ടോയും എന്നിട്ട് ഒരു മെസേജും.
" അച്ഛൻ മരിച്ചു എന്നല്ലേ പറഞ്ഞേ ഇനി അതോർത്ത് സങ്കടം വരുമ്പോ ഈ ഫോട്ടോ നോക്കികോളുട്ടോ.. എനിക്കും ആരും ഇല്ല ഒരു മാസം മുമ്പുവരെ അമ്മയുണ്ടായിരുന്നു കൂടെ. അമ്മയും പോയി. ഇപ്പോ ഞാനും ഒറ്റക്കാണ്. അമ്മക്ക് വേണ്ടിയാണ് അന്ന് ആ പോസ്റ്റ് ഇട്ടത്. മോളും അമ്മയെ ഒരു പാട് സ്നേഹിക്കണം ട്ടോ .പിന്നെ
എത്ര അധികമായാലും ഇനിയും വേണം എന്നു തോന്നുന്ന പകരം വെക്കാനില്ലാത്ത സ്നേഹം തരാൻ ഈ ലോകത്തിൽ അമ്മമാർക്ക് മാത്രമേ കഴിയൂ".
ഒന്നും തിരിച്ചു പറയാൻ കഴിഞ്ഞില്ല. അന്നു രാത്രി ഒറ്റക്കിരുന്നു കുറേ കരഞ്ഞു. സങ്കടം ആണോ സന്തോഷം ആണോ എന്ന് കൃത്യമായ് അറിയാൻ കഴിഞ്ഞില്ല. പക്ഷേ എന്തോ ഒരു സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടായിരുന്നു. കുറെ കാലമായ് തേടികൊണ്ടിരുന്ന ഒരു സാധനം തിരികെ കിട്ടിയ പോലെ.പിന്നെയാണറിഞ്ഞത് മാഷും തൃശൂർ തന്നെ ആണ് വർക്ക് ചെയ്യുന്നത്. അതു കേട്ടപ്പോൾ ഏറെ കാലമായ് നേരിട്ട് കാണാനുള്ള മനസ്സിലെ ആഗ്രഹം തുറന്നു പറഞ്ഞു.
"ഇപ്പോ എന്തായാലും ഒഴിവില്ല. കുറച്ചു ദിവസം കഴിഞ്ഞു കാണാം എന്നായിരുന്നു മറുപടി. കുറച്ചു കഴിഞ്ഞു മാഷ് പറഞ്ഞു. നമുക്ക് കണ്ടാലോ എന്ന്. ഒരു പാട് സന്തോഷമായെങ്കിലും എവിടെ എങ്ങനെ കാണും എന്നോർത്ത് വിഷമമായ്. വല്ല പാർക്കിലോ ബീച്ചിലോ വെച്ച് കാണാം എന്നു പറയും ന്ന് വിചാരിച്ചിരുന്ന എന്റെ ഞെട്ടിച്ചു കൊണ്ട് മാഷ് പറഞ്ഞു. അടുത്ത മലയാളമാസം ഒന്നാം തിയതി ഞാൻ വടക്കുംനാഥ ക്ഷേത്രത്തിൽ വരുന്നുണ്ട്. അന്നു ഒഴിവാണെങ്കിൽ വന്നോളു കാണാം എന്ന്. സന്തോഷം കൊണ്ട് ഒന്നു തുള്ളിച്ചാടാൻ തോന്നി. കാരണം അമ്മ പറഞ്ഞിരുന്നു "മലയാളമാസം ഒന്നിനാണ് നിന്റെ ജന്മനക്ഷത്രം. അന്നു അമ്പലത്തിൽ പോണം. എനിക്കു വരാൻ പറ്റും എന്നു തോന്നുന്നില്ല. കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചോ " എന്ന്.
ഒന്നാം തിയതി രാവിലെ തന്നെ ഞാൻ റെഡിയായ് അമ്മക്കൊരു ഉമ്മയും കൊടുത്ത് അമ്പലത്തിലെത്തി. മാഷ് വന്ന് ഒരുമിച്ചു തൊഴുകാമെന്ന വിചാരത്തോടെ പടപടാന്ന് മിടിക്കുന്ന ഹൃദയവുമായ് ഞാൻ അമ്പലത്തിനു മുന്നിലെ ഒരു മരച്ചുവട്ടിൽ കാത്തു നിന്നു.
അധികനേരം കാത്തിരിക്കേണ്ടി വന്നില്ല. മാഷ് ഒരു ഓട്ടോ യിൽ വന്നിറങ്ങി.ദൂരെ നിന്നു ഒറ്റനോട്ടത്തിൽ തന്നെ മാഷ് എന്നെ തിരിച്ചറിഞ്ഞു. വന്നിട്ടു അധികനേരമായോ സോറിട്ടോ കുറച്ചു വൈകി.വാ നമുക്ക് തൊഴുകാം എന്നു പറഞ്ഞു ഒരു പാട് നാളത്തെ പരിചയമുള്ള പോലെ എന്റെ കൈ പിടിച്ചു ഉള്ളിലേക്കു നടന്നു. മാഷിന്റെ കൈയിൽ രണ്ടു കൈയും പിടിച്ച് ചേർന്നു നടക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. വടക്കുംനാഥന്റ തിരുനടയിൽ അമ്മയെ പോലും മറന്ന് കണ്ണു നിറഞ്ഞ് പ്രാർത്ഥിച്ചതും മാഷിന്റെ ഈ കരുതലും സ്നേഹവും സാമീപ്യവും എന്നും കൂടെ ഉണ്ടാവണെ എന്നു മാത്രം ആയിരുന്നു. വാഴയിലക്കീറിൽ കിട്ടിയ പ്രസാദം മാഷിന്റെ നെറ്റിയിൽ തൊടീക്കുമ്പോൾ മാഷിന്റെ കണ്ണു നിറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ല. തൊഴുതു പുറത്തിറങ്ങി അടുത്തുള്ള ഒരു മരച്ചുവട്ടിൽ ഞങ്ങളിരുന്നു. എന്തെങ്കിലും പറയണം എന്നു കരുതി ഞാൻ ചോദിച്ചു. " മാഷ് എന്താ കല്യാണം വേണ്ടാന്ന് വെച്ചേ .." ഒരു മിനിറ്റ് മൗനമായ് ഇരുന്നു മാഷ് പറയാൻ തുടങ്ങി.
" ഇന്ന് എനിക്കു ഏറ്റവും വലുത് എന്റെ പ്രണയമാണ്. നഷ്ടപ്രണയമാണെങ്കിലും ഇന്നെന്റെ മനസ്സിൽ അതിനു വലിയ സ്ഥാനമാണ്. ഇനി ആരോടും അങ്ങനെ ഒരു ഇഷ്ടം തോന്നില്ല എന്ന തിരിച്ചറിവാണ് ഇപ്പോഴും ഏകനായ് ഇരിക്കുന്നതിന്റെ കാരണം."
മാഷിന്റെ സ്നേഹം നഷ്ടപ്പെടാൻ മാത്രം നിർഭാഗ്യവതിയായിരിക്കും ലെ അവര് എന്ന എന്റെ ചോദ്യത്തിന് മറുപടി കിട്ടാൻ അല്പസമയമെടുത്തു.
''ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ മോള് ഏത് അർത്ഥത്തിൽ എടുക്കും എന്ന് എനിക്ക് അറിയില്ല. പക്ഷേ പറയാതിരിക്കാൻ കഴിയില്ല. ഇപ്പോ പറഞ്ഞ ആ നിർഭാഗ്യവതിയായ സ്ത്രീയേമോൾക്ക് നന്നായി അറിയാം. ഞാൻ നിന്നെ കാണാൻ വന്നതു തന്നെ നിനക്ക് എന്റെ മായയുടെ മുഖച്ഛായ ഉള്ളതുകൊണ്ടാണ്.''
തലയിൽ ഉൽക്ക വീണതുപോലെയാണ് തോന്നിയത്.കാരണം എന്റെ അമ്മയുടെ പേര് മായ എന്നായിരുന്നു.
" അതേ മോളെ അത് നിന്റെ അമ്മ തന്നെ ആയിരുന്നു. പ്രണയമെന്താണെന്ന് അറിഞ്ഞ നാൾ തൊട്ട് പ്രണയിക്കാൻ തുടങ്ങിയവരാണ് ഞങ്ങൾ.ശിവരാമൻ എന്ന മോളുടെ അച്ഛന്റെ കയ്യു ക്കിലും പണത്തിലും തറവാട്ടു കാരണവൻമാരുടെ പിടിവാശിക്കും മുന്നിൽ പിടിച്ചു നിർത്താൻ കഴിയാതെ പോയ ബന്ധം. ഒരു മാസം നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്ന സമയത്താണ് ശിവരാമൻ എല്ലാം തീരുമാനിച്ചതും നടപ്പിലാക്കിയതും. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ..." ഗദ്ഗദം കൊണ്ട് മാഷിന് വാക്കുകൾ പുറത്തു വരുന്നുണ്ടായിരുന്നില്ല.
" നിന്റെ സ്കൂളിൽ എന്റെ ഒരു പരിചയക്കാരനുണ്ട്. നിന്നെക്കുറിച്ചുള്ള എല്ലാ വിവരവും തന്നത് അയാളാണ്. എന്റെ അമ്മ മരിക്കുന്നതിനു മുമ്പ് പറഞ്ഞ അവസാന കാര്യവും ഇതാണ്. ചിലപ്പോൾ നീ അറിഞ്ഞിട്ടുണ്ടാവില്ല. എന്നേക്കാളും നന്നായി കവിത എഴുതുന്നത് നിന്റെ അമ്മയാണ്.എന്നിൽ നിന്നകന്നതോടെ ഒരു വരി പോലും അവൾ എഴുതിയിട്ടുണ്ടാവില്ല എന്ന് എനിക്കറിയാം. എന്നെ ഉപേക്ഷിക്കാൻ മാത്രം എന്തോ ഒരു വലിയ കാര്യം സംഭവിച്ചിട്ടുണ്ട്. അത് എന്താണെന്ന് മാത്രം എനിക്ക് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. ഇനി എന്നോട് മിണ്ടാൻ നീ വരില്ലാ എന്നെനിക്കറിയാം.. മായമ്മ ഒരു പാട് അനുഭവിച്ചിട്ടിട്ടുണ്ട്. മോള് ഒരിക്കലും ഇത് പറഞ്ഞ് അവളെ വേദനിപ്പിക്കരുത്. ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടായെന്നു വരില്ല. മായമ്മയെ ഒന്നു കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. മോൾക്ക് ഇഷ്ടാവില്ല എന്നറിയാവുന്നതുകൊണ്ട് അതിനു മുതിരുന്നില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ " എന്നു പറഞ്ഞു തിരിഞ്ഞ മാഷ് കണ്ണു നിറഞ്ഞൊഴുകുമ്പോഴും ചിരിക്കുന്ന എന്നെ കണ്ട് ഞെട്ടി.
" പതിനേഴാം പിറന്നാളിൽ അച്ഛനെ കിട്ടുന്ന ലോകത്തിലെ ആദ്യത്തെ പെൺകുട്ടി അത് ഞാനായിരിക്കും. എനിക്ക് എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണ് എന്റെ മാഷച്ഛൻ. ഒരിക്കലും ഞാൻ മാഷച്ഛനെ വിട്ടു പോവില്ലാ." എന്നു പറഞ്ഞു ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോൾ ആശ്ചര്യഭരിതനായ് എന്നെ നോക്കി നിൽക്കുന്ന മാഷിനെ ഞാൻ കാണുന്നുണ്ടായിരുന്നു. ലോകം കീഴടക്കിയ സന്തോഷമായിരുന്നു മനസ്സു മുഴുവൻ.
വീട്ടിൽ ചെന്നപ്പോൾ അമ്മ അടുക്കളയിലാണ്. സദ്യ ഉണ്ടാക്കുന്ന തിരക്കിലാണ്. അമ്മേ ഞാൻഡ്രസ് മാറിയിട്ടു വരാം എന്ന് പറഞ്ഞ് നേരെ അമ്മയുടെ മുറിയിലേക്ക് നടന്നു. അവിടെ എനിക്കാവശ്യമുള്ളത് ഉണ്ടാവും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. അവസാനം കിട്ടി. 18 വർഷം മുമ്പുള്ള ഒരു ഡയറി. ആദ്യ പേജിൽ തന്നെ എഴുതിയിരുന്നു."എന്റെ മാത്രം അനന്തൂന് " എന്ന്. കൂടെ മാഷും അമ്മയും ചേർന്നു നിൽക്കുന്ന ഒരു ബ്ലാക്ക് & വൈറ്റ് ഫോട്ടോയും. അതിലെഴുതിയിരിക്കുന്ന പ്രണയ ശകലങ്ങളിൽ നിന്ന് ഞാൻ അമ്മയുടെ മനസ്സ് അറിയുകയായിരുന്നു. മാഷിനെ എത്രത്തോളം അമ്മ സ്നേഹിക്കുന്നുണ്ടെന്നും മനസ്സിലായി.
ഡയറി പുറകിൽ മറച്ചു പിടിച്ചു ഞാൻ അമ്മയുടെ അടുത്തെത്തി. എന്റെ മൊബൈലിലുള്ള മാഷിന്റെ ഫോട്ടോ കാണിച്ചു ചോദിച്ചു. "അമ്മേസത്യം പറയണം ഇതാരാണെന്ന് അറിയോ..?"ഒന്നേ നോക്കിയുള്ളു അമ്മയുടെ കൈയിലിരുന്ന പാത്രം വലിയ ശബ്ദത്തോടെ താഴേക്കു വീണു.കൈയിലുള്ള ഡയറികൂടി കണ്ടപ്പോൾ അമ്മ ശരിക്കും തളർന്നു പോയി. ഒന്നും മിണ്ടാതെ അമ്മയെ ചേർത്തു പിടിച്ചു കുറെ നേരം നിന്നു. കണ്ണുനീർ എന്റെ തോളിലൂടെ അരിച്ചിറങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഇതു വരെ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ അമ്മയോട് തുറന്നു പറഞ്ഞു.
"മോളോട് ഞാൻ ഇനി ഒന്നും മറച്ചുവെക്കുന്നില്ല.അനന്തു പറഞ്ഞതു മുഴുവൻ സത്യമാണ്. മോളുടെ അച്ഛൻ അനന്തൂനെ കൊന്നുകളയും എന്നു പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ കല്യാണത്തിന് സമ്മതിച്ചത്. ഇപ്പോഴും അനന്തൂന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഉണ്ട്.പക്ഷേ ഇപ്പോ എനിക്കു വല്യത് നീയാണ്. നിന്റെ ഭാവി അതിൽ കൂടുതൽ എനിക്ക് ഒന്നുമില്ല". അതു കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു.പിന്നെ പറയാതിരിക്കാൻ കഴിഞ്ഞില്ല.
"എന്റെ നല്ല ഭാവി ആണ് അമ്മ ആഗ്രഹിക്കുന്നതെങ്കിൽ അമ്മ ഞാൻ പറയുന്നത് സമ്മതിക്കണം.കുറ്റം പറയാൻ ഒരുപാട് ബന്ധുക്കൾ ഉണ്ടാവും. ഒരു കുഴപ്പം വന്നാൽ കൂടെ നിൽക്കാൻ ഒരാളും ഉണ്ടാവില്ല. ഇപ്പോഴും ഞാനും അമ്മയും കൂടി നടന്നു പോവുമ്പോൾ അശ്ലീലം കലർന്ന വാക്കുകളും നോട്ടങ്ങളും കൂടുതലും നീളുന്നത് അമ്മയുടെ നേർക്കാണ്.ഇന്നത്തെക്കാലത്ത് നമ്മളെ പോലെ രണ്ട് പെണ്ണുങ്ങൾക്ക് ഒറ്റക്ക് ജീവിക്കാൻ പാടാണ് അമ്മേ.. ഇതെല്ലാം പോട്ടെ അമ്മ പറയാറില്ലേ മനസ്സിന്റെ സന്തോഷമാണ് ഈ ലോകത്തിൽ ഏറ്റവും വലുതെന്ന്. ഇഷ്ടമല്ലാത്തവരുടെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കുന്നതിനെക്കാൾ ഭേദമല്ലേ ഇഷ്ടമുള്ളവരുടെ കൂടെ ഒരുദിവസം ജീവിക്കുന്നത്. എന്നോട് സ്നേഹമുണ്ടങ്കിൽ ഇനി നമുക്ക് മാഷിനോടൊപ്പം ജീവിക്കാൻ അമ്മ സമ്മതിക്കണം". എന്നു പറഞ്ഞു അമ്മയുടെ കാലിൽ വീണ് പൊട്ടിക്കരയുന്ന എനിക്കുറപ്പുണ്ടായിരുന്നു എന്റെ കണ്ണീരു കണ്ടു നിൽക്കാൻ അമ്മക്കു കഴിയില്ലാന്ന്. അമ്മ എന്നെ പിടിച്ചെഴുന്നേൽപിച്ചു മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി. ഉള്ളിലുള്ള വികാരങ്ങൾ മുഴുവൻ കണ്ണീരിന്റെ രൂപത്തിൽ പുറത്തേക്കൊഴുകി.
പിന്നെ താമസിച്ചില്ല. എന്റെ സ്കൂളിലുള്ള മാഷിന്റെ പരിചയക്കാരനെ വിളിച്ചു അഡ്രസ് വാങ്ങി. എന്റെ പിറന്നാൾ ആഘോഷം അവിടെ ആകാലെ അമ്മേ എന്നു പറഞ്ഞപ്പോൾ അമ്മയുടെ മുഖം നാണം കൊണ്ട് ചുവക്കുന്നത് എന്റെ ജീവിതത്തിൽ ആദ്യമായ് കണ്ടു. മാഷിനെ കാണാൻ അമ്മയുടെ ശരീരത്തിലെ ഓരോ അണുവും തുടിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായ്. മാഷിന്റെ വീടിനു മുന്നിൽ ഓട്ടോ നിറുത്തി ഇറങ്ങുമ്പോൾ അമ്മ ചെറുതായ് വിറക്കുന്നുണ്ടായിരുന്നു. കോളിംഗ് ബെൽ അമർത്തി കാത്തിരുന്ന ഞങ്ങളുടെ മുന്നിൽ വാതിൽ തുറക്കപ്പെട്ടു. ഞങ്ങളെ അമ്പരിപ്പിച്ചു കൊണ്ട് കൈയിൽ കത്തിച്ചു വെച്ച നിലവിളക്കുമായ് മുമ്പിൽ എന്റെ മാഷച്ഛൻ.
"എനിക്കറിയാമായിരുന്നു മോളെ നീ ഇന്നു മായമ്മയേം കൂട്ടി ഇവിടെ വരുംന്ന്. പ്രതീക്ഷിച്ചതിലും കുറച്ചു മുമ്പേ വന്നുന്നു മാത്രം." എന്നു പറഞ്ഞു നിലവിളക്ക് അമ്മയുടെ കൈയിൽ കൊടുത്തു നിറകണ്ണുമായ് ഞങ്ങളെ ചേർത്തു പിടിച്ച് അകത്തേക്ക് നടന്നു.
മാഷച്ഛന്റെ അമ്മയുടെ ഫോട്ടോക്കു മുന്നിൽ നിലവിളക്ക് വെച്ചു പ്രാർത്ഥിക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.
" ഇത് എന്റെ പിറന്നാൾ ദിനത്തിൽ എന്റെ അമ്മക്ക് കൊടുക്കുന്ന ഉപഹാരം.അമ്മയുടെയും മാഷിന്റെയും അനശ്വരപ്രണയത്തിന് ഈ പൊന്നുമോൾ കൊടുക്കുന്ന ''പ്രണയോപഹാരം.''
ശുഭം.
# Ajeesh Kavungal#

അനുക്കുട്ടി


നീലക്കടലിലേക്കു കണ്ണു നട്ടിരിക്കുന്ന ആറു വയസുകാരി അനുക്കുട്ടിയെ ചേർത്തുപിടിച്ചു ദേവൻ പറഞ്ഞു, മോളു വാ നമ്മുക്ക് വീട്ടിൽ പോകാം. ഒന്ന് ദേവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അനുക്കുട്ടി, "അങ്കിൾ കുറച്ചു സമയം കൂടി.
സന്ധ്യ മയങ്ങി മഴ മേഘങ്ങൾ ദുഃഖങ്ങൾ കരഞ്ഞു തീർക്കാനായി തയ്യാറെടുത്തു നിൽക്കുന്നു. സൂര്യൻ കടലിലേക്ക് മറഞ്ഞിരിക്കുന്നു. കടലുകാണാൻ എത്തിയവരും, പ്രണയികളെയും കൊണ്ട് സൊറ പറഞ്ഞിരിക്കുവാൻ വന്നവരും അവരവരുടെ കൂരകൾ തേടി യാത്ര തുടങ്ങി. അനുക്കുട്ടി മാത്രം നീലക്കടലിലേക്കു നോക്കി കണ്ണുചിമ്മാതെ ഒരേ ഇരിപ്പ്.
നാഴികകൾ കുറെ ആയിരിക്കുന്നു അവളാ ഇരുപ്പ് തുടങ്ങിയിട്ട്. ഇടക്കൊക്കെ ദൂരേക്ക് ആകാംഷയോടെ നോക്കും. മീൻ പിടിത്തക്കാരുടെ ചെറുവഞ്ചികളും വലിയ ബോട്ടുകളും തീരത്തേക്ക് എത്തിക്കൊണ്ടിരുന്നു.
ദേവൻ വീണ്ടും വിളിച്ചു, മോളെ വാ പോകാം. ഒടുവിൽ മനസ്സില്ലാമനസ്സോടെ അനുക്കുട്ടി എഴുന്നേറ്റു. പോകും വഴി കുഞ്ഞിക്കാടെ ചായക്കടയിൽ കേറി. അത് പതിവാരുന്നതിനാൽ ചായയും പഴംപൊരിയും മുന്നിലേക്ക് വെച്ച് കൊണ്ട് കുഞ്ഞിക്ക അനുകുട്ടിയുടെ മുടിയിൽ തലോടി. ഇന്നും പതിവ് തെറ്റിച്ചില്ല അല്ലെ ദേവാ? എന്ന് പറഞ്ഞുകൊണ്ടു ചായക്കടയിൽ കൊച്ചുവർത്തമാനം പറയാൻ വരുന്ന സ്ഥിരം ആളുകളും. അനുക്കുട്ടി ഒന്നും സംസാരിക്കാതെ പകുതി പഴംപൊരി കഴിച്ചു. പോകാം അങ്കിൾ, “ഇന്നിനി വരില്ലായിരിക്കും" എന്നുപറഞ്ഞു ദേവന് മുൻപേ കടയിൽ നിന്നിറങ്ങി നടന്നു.
മോളുടെ വാശി കൊണ്ടാണ് എന്നും ഈ വരവ് കടൽതീരത്തേക്ക്. തിരികെ ചെല്ലുമ്പോൾ പതിവുപോലെ ശാലിനിയുടെ പരിഹാസം കാണാം. ദേവന്റെ ഭാര്യ ആണ് ശാലിനി. നിങ്ങൾ ഈ നശിച്ചതിനെയും കൊണ്ട് നടന്നോ. സ്വന്തം മക്കളെ പുന്നാരിക്കേണ്ട.
അവൾ പറയുന്നതും സത്യമാണ്. സ്വന്തം മക്കളെ സ്നേഹിക്കുന്നതിലും കൂടുതൽ സ്നേഹം അനുമോളോട് തന്നെ. അവളെ വിഷമിപ്പിക്കാൻ ദേവന് ആവില്ല. താൻ കാരണമാണ് അവളിങ്ങനെ എന്നും കടലിലേക്ക് നോക്കി ഇരിക്കുന്നത്. കുറ്റബോധം ദേവനെ വേട്ടയാടി.
ഓരോന്ന് ആലോചിച്ചു നടന്നു നടന്നു വീട്ടിൽ എത്തി. അനുക്കുട്ടി ഒന്നും മിണ്ടാതെ അവളുടെ മുറിയിലേക്ക് പോയി. ശാലിനി എന്നും ഉള്ള പല്ലവി പാടി തുടങ്ങി. ഇന്നെങ്കിലും ഇവളോടു എല്ലാം തുറന്നു പറയണം മനസ്സിൽ ഉറപ്പിച്ചു വിചാരിച്ചാണ് കിടന്നതെങ്കിലും പറഞ്ഞില്ല. അവൾ എന്ത് വിചാരിക്കും. വേണ്ട പറയണ്ട..
പിറ്റേന്നും പതിവു പോലെ അനുക്കുട്ടിയെയും കൊണ്ട് കടൽ തീരത്തേക്ക്.ഇന്ന് പക്ഷെ ശാലിനിയെയും കൂടെ കൂട്ടി
അനുകുട്ടിയെ സ്ഥിരം സ്ഥലത്തിരുത്തി ദേവൻ പറഞ്ഞു തുടങ്ങി ശാലിനിയോട്. പ്രണയിച്ചുവിവാഹിതരായ തന്റെ കുഞ്ഞുപെങ്ങളെയും ഭർത്താവിനെയും കുറിച്ച്. താൻ ഏറെ സ്നേഹിച്ച കുഞ്ഞുപെങ്ങൾ മാളുവിന്റെ ഇഷ്ടത്തിന് എതിരു നിക്കാതെ മനുവിന് വിവാഹം ചെയ്തുകൊടുത്തു. വിവാഹത്തിന് ശേഷം മനുവിൽ വന്നമാറ്റങ്ങൾ ഒന്നും മാളു ദേവനെ അറിയിച്ചില്ല. അനുകുട്ടി ജനിക്കുന്നത് വരെ ഒന്നും അറിഞ്ഞിരുന്നില്ല ദേവൻ. ഒടുവിൽ കൂട്ടുകാരന് മുന്നിൽ തന്റെ മനുവേട്ടൻ മയക്കുമരുന്നിന്റെ ലഹരിയിൽ തന്നെ ഇട്ടുകൊടുത്തതു ദേവേട്ടനോട് പറയാതിരിക്കാൻ മാളുവിനായില്ല.
പൊന്നു പെങ്ങളുടെ കണ്ണുനീർ കണ്ട ദേവൻ കടൽപ്പാലത്തിൽ വെച്ചു നടന്നതെല്ലാം മനുവിനോട് ചോദിച്ചു .മനു ഒന്നും സമ്മതിക്കാൻ തയ്യാറായിരുന്നില്ല. ദേഷ്യത്തിൽ രണ്ടാളും അടിപിടിയായി.പാലത്തിന്റെ അരികിലേക്ക് ദേവന്റെ അടിയിൽ തെറിച്ച മനു കടലിലേക്ക് കാലുതെന്നി വീണു.പിന്നാലെ അനുക്കുട്ടി യെയും എടുത്തു എല്ലാം കണ്ടുനിന്ന കുഞ്ഞുപെങ്ങൾ മനുവിന് പിന്നാലെ ചാടാനായി പാഞ്ഞു. എങ്ങനെയോ അവളെ പിടിച്ചു എങ്കിലും അനുക്കുട്ടിയെ മാത്രം ദേവന്റെ കൈകളിൽ കിട്ടി. മാളുവും മനുവിന് പിന്നാലെ കടലിന്റെ അടിയിലേക്ക്.
സന്ധ്യ മയങ്ങിയ സമയവും ചാറ്റൽമഴയും ഉണ്ടാരുന്നു ആ ദിവസം ആ കർമ്മത്തിനു സാക്ഷിയായി കറുത്തിരുണ്ട ആകാശവും കടലമ്മയും മാത്രം.ആളുകൾ അതൊരു ആത്മഹത്യ ആണെന്ന് കരുതി.
മോളുടെ കാര്യം ഓർത്തപ്പോൾ ആരോടും സത്യം പറയാനും ആയില്ല ദേവന്. ദേവനല്ലാതെ വേറെ ആരും ഇല്ല അനുക്കുട്ടിയെ നോക്കാനും. അച്ഛനും അമ്മയും എവിടെ എന്നു അനുക്കുട്ടി ചോദിക്കുമ്പോളൊക്കെ മോൾക്ക് മുത്തും പവിഴവും കൊണ്ടുവരാൻ കടലിലേക്ക് പോയി എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.
അച്ഛനും അമ്മയും മുത്തും പവിഴവും കൊണ്ട് വരുന്നതും നോക്കിയാണ് അനുക്കുട്ടിയുടെ ഈ കാത്തിരുപ്പ്. എന്നെങ്കിലും അനുക്കുട്ടി എല്ലാം അറിയുമോ എന്ന ഭയവും ദേവനുണ്ടാരുന്നു.
എല്ലാം ശാലിനിയോട് പറഞ്ഞു തീർന്നതും മാനം കറുത്തിരുണ്ടു മഴയ്ക്ക് കച്ചകെട്ടി.അതുവരെ ദേവന്റെ മനസ്സിൽ നിറഞ്ഞ മഴമേഘവും പെയ്‌യ്തൊഴിഞ്ഞു. ശാലിനി മെല്ലെ ചെന്ന് അനുകുട്ടിയെ ചേർത്തുപിടിച്ചു ദേവന്റെ അരികിലേക്ക് വന്നു. ഒന്നും അറിയാതെ നിന്ന അനുക്കുട്ടിയോട് അച്ഛനും അമ്മയും നാളെ ഉറപ്പായും വരും എന്ന പറഞ്ഞു ശാലിനിയും തന്റെ ദേഷ്യവും പരിഹാസവും ഒക്കെ കളഞ്ഞു ദേവനോടൊപ്പം അനുക്കുട്ടിയെ സ്നേഹിച്ചു. ശാലിനിയുടെയും ദേവന്റെയും സ്നേഹത്തിനു മുന്നിൽ അച്ഛന്റെയും അമ്മയുടെയും വരവും പതിയെ പതിയെ അനുക്കുട്ടിയും മറന്നുതുടങ്ങി. ദേവന്റെയും ശാലിനിയുടെയും മോളായി അനുക്കുട്ടി വളർന്നു.
മഞ്ജു അഭിനേഷ്

ഇത് ഒരു പച്ചയായ അനുഭവക്കുറിപ്പാണ്.


ഉണ്ട് എണീക്കുന്നത് വരെയാണ് ഓണം
പഴമക്കാർ പറഞ്ഞു തഴമ്പിച്ച പല വാക്കുകളും ഇന്ന് തുരുമ്പിച്ച് ഒരു മൂലയിൽ മണ്ണോട് ചേരുന്നുണ്ട്.
കൂട്ടുകുടുംബമായിരുന്നു ഞങ്ങൾ. പിന്നെ മെല്ലെമെല്ലെ മാറാൻ തുടങ്ങി. തിരക്കായി, ഒന്നിനും സമയമില്ലാതായി. അതിനിടയിൽ വിശേഷദിനം നോക്കി തറവാട്ടിൽ വരും അച്ഛമ്മയെ കാണും. തിരിച്ചുപോകും. ആകെക്കൂടി തിരക്ക്.
അതിന്റെ ഇടയിൽ ഞങ്ങളെ തണലത്ത് നിർത്തിയിട്ട് അച്ഛൻ മഴയും വെയിലും കൊള്ളാൻ തുടങ്ങി. ഇനി അച്ഛനില്ലെന്ന ചിന്ത ഞങ്ങൾ മക്കൾ അറിയാൻ തുടങ്ങി. അമ്മയിലൂടെ ഞങ്ങൾ അച്ഛനേയും കണ്ടെത്തുകയായിരുന്നു.
വർഷങ്ങൾ കഴിഞ്ഞു. ഓണമാണ്. അച്ഛനില്ലാത്ത ഓണം.
ഞങ്ങളെ കാണുമ്പോൾ അച്ഛമ്മയുടെ കണ്ണു നിറയാറുണ്ട് പലപ്പൊഴും. ഓർമ്മകൾക്ക് അങ്ങനെയൊരു കഴിവുണ്ട്.
ഹൃദയാഘാതം അച്ഛമ്മയുടേയും ഞങ്ങളുടേയും ഹൃദയത്തിന്റെ ആഘാതമായി തന്നെ മാറി.
എന്നും ഓണം ഉണ്ടാകാൻ അച്ഛമ്മ ആശിക്കാറുണ്ട്. മക്കളേയും ചെറുമക്കളേയും എന്നും കാണാലോ.
ഓണദിവസം രാവിലെ ബഹളമായിരിക്കും തറവാട്ടിൽ.
ഓണസദ്യ ആകുമ്പോളേക്കും കരച്ചിലിന്റെ വക്കത്ത് എത്തും. ഏതെങ്കിലും ഒരു മൂലയിൽ മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായി അച്ഛമ്മ പരിഭവപ്പറച്ചിലാരംഭിക്കും.
അവസാനം ഞങ്ങൾ വന്ന് ഉണ്ണാൻ കൂട്ടികൊണ്ട് അകത്ത് പോകുമ്പോൾ അച്ഛമ്മ പറയും
എന്റെ ഓണം കഴിഞ്ഞൂന്ന്.
ശരിയാണ്. ഓണസദ്യ കഴിഞ്ഞാൽ പിന്നെ ഞങ്ങളെല്ലാവരും ഒത്തുചേരണമെങ്കിൽ അടുത്ത ഓണം വരെ കാക്കണം.
അതുകൊണ്ടായിരിക്കണം പഴമക്കാർ പറയുന്നതും;
ഉണ്ട് എണീക്കുന്നത് വരെ ആണ് ഓണം എന്ന്.
ഉണ്ണി കാഞ്ഞങ്ങാട്

പേരു : മലയാളി

പേരു :മലയാളി
നാടു: ഗോഡ്സ് ഓൺ കണ്ട്രീ സോറീ ഡോഗ്സ് ഓൺ കണ്ട്രീ .
ജോലി :കാര്യമായിട്ടുള്ള ജോലി മറ്റുള്ളവർക്ക് 
പണികൊടുക്കലാണ്‌ ..
ഹോബീസ് :ചുമ്മാ വായിനോക്കി
നടക്കുക ..
പൊതു സ്ഥലങ്ങളിൽ കാർക്കിച്ചു തുപ്പുക ..
റോഡുകളിലേക്കു ബോട്ടിലുകളും മറ്റും വലിച്ചെറിയുക ..
പബ്ലിക് ടോയിലറ്റുകളുടെ ചുവരുകളിലും ട്രെയിനുകളുടെ വിന്ഡോ സീറ്റുകൾക്കരികിലും അശ്ലീല ചിത്രങ്ങളും മൊബൈൽ നമ്പരുകളും
എഴുതി വെക്കുക ..
തിരക്കുള്ള ബസ്സുകളിൽ മുൻവശത്തൂടെ കയറി സ്ത്രീകളെ അറിയാത്ത മട്ടിലുരസിയും തലോടിയും കടന്നു പോവുക ..
ട്രാഫിക് ബ്ലോക്കുള്ള സമയങ്ങളിൽ അനാവശ്യമായി ഹോണടിച്ചു ശല്യമുണ്ടാക്കുക..
കാതടപ്പിക്കുന്ന തെറി വിളിക്കുക ..
"ഹൊ ഇതൊരുപാടുണ്ടല്ലോ .."?
"ഹിഹി ഇതൊക്കെ എന്തു ..
ബാക്കി ചോയ്ക്ക് .."!!
"പൊതു പ്രവർത്തനങ്ങൾ ?
അതെയുള്ളൂ ..
അനാശ്യാസം ഞങ്ങള് വെച്ചു പൊറുപ്പിക്കുല ..
ആണും പെണ്ണും ഒരുമിച്ചു നടക്കുന്ന കണ്ടാൽ അതാരൊക്കെയാന്നു അന്വേഷിച്ചറിയുക ..
സ്‌ത്രീകൾ തനിച്ചു താമസിക്കുന്ന വീടുകളിൽ വന്നു പോവുന്നവരെ നിരീക്ഷിക്കുക ..
അപകടങ്ങളും മറ്റും നടന്നാൽ വീഡിയോസ് ഫോട്ടോസ് ഒക്കെയെടുത്തു വാട്സാപ്പിലൂടെ പ്രചരിപ്പിക്കുക ..
പട്ടാളക്കാരുടെയും പ്രവാസികളുടെയും ഭാര്യമാരെപ്പറ്റി അപവാദങ്ങൾ പറഞ്ഞുണ്ടാക്കുക തുടങ്ങി പല പ്രവർത്തനങ്ങളിലും ഞങ്ങളു മുൻപന്തിയിലാണ്.
ഒളിച്ചോടുന്നത് ഗൾഫുകാരന്റെ ഭാര്യയാണെങ്കിൽ ഫൊട്ടോ സഹിതം വാട്സാപ്പിലൂടെ മാക്സിമം ആളുകളിലെത്തിക്കുകയെന്നതും ഞങ്ങൾ ഭംഗിയായി നിർവഹിച്ചു പോവുന്നു ..
"വേറെ വല്ല ആക്ടിവിട്ടീസും ..?
അങ്ങനെ ചോയ്ച്ചാ പൊതുവെ ഞങ്ങൾക്കു പുച്ഛമാണ് എല്ലാറ്റിനോടും ..
സർക്കാരിനോട് പുച്ഛം ..
മന്ത്രിമാരോടും
എമ്മെല്ലെമാരോടും പുച്ഛം ..
വികസന പ്രവർത്തനങ്ങളോട് പുച്ഛം ..
ബംഗാളികളോട് പുച്ഛം ..
ഗൾഫീന്നു നാട്ടിലെത്തിയാൽ അറബികളോട് പുച്ഛം ..
ഗൾഫ് മതിയാക്കി നാട്ടിലെത്തി കൂലിപ്പണിക്ക് പോവുന്നവരോട് പുച്ഛം അങ്ങനെ പുച്ഛങ്ങളുടെ മൊത്തക്കച്ചവടക്കാരാണ് ഞങ്ങൾ.
"വളരെ സന്തോഷം മിസ്റ്റർ മലയാളി* ഞങ്ങളോട് സഹകരിച്ചതിനു.."
"ഏയ്‌ ഞങ്ങക്കിതൊന്നുമില്ലാണ്ട് ജീവിക്കാൻ പറ്റൂല്ല സാറെ .
സാറിടക്കൊക്കെ വരണം കെട്ടാ.."
"അതിനെന്താ വീണ്ടും കാണാം തീർച്ചയായും.
അതുവരെക്കും വിട "!!
#മലയാളി ഒരു വ്യക്തിയുടെ സാങ്കൽപ്പിക നാമമാണ് ..
ഈ കഥാപാത്രത്തിന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.
അഥവാ ഇനിയെങ്ങനെ തോന്നിയാൽ അതു തീർത്തും കയ്യിലിരിപ്പിന്റെ ഫലമായിരിക്കും.

സോഷ്യൽ മീഡിയ കവരുന്ന രാത്രികൾ.(ചെറു കഥ)


അത്താഴം കഴിച്ച് കിടന്നുറങ്ങാൻ നേരം ഒരു കവിത എഴുതാൻ പേന എടുത്തതാണാ യുവ കവി.പലപ്പോഴും അദ്ദേഹം ആ സമയത്താണ് കവിത എഴുതാറുള്ളത്.പക്ഷേ എന്ത് വിഷയത്തെ കുറിച്ച് കവിത എഴുതണം എന്ന് എത്ര ആലോചിച്ചിട്ടും അദ്ദേഹത്തിന് ഒരു എത്തും പിടിയും കിട്ടുന്നില്ല.....കവിതക്ക് വിഷയം കിട്ടാനായി ബുദ്ധിമുട്ടിയ കവിയോട് തെരുവ് നായകളുടെ ശല്യത്തെ കുറിച്ചോ,
സ്നേഹം വറ്റി വരണ്ട മനുഷ്യരെ കുറിച്ചോ, മഴയില്ലാത്ത തുലാം മാസത്തെ കുറിച്ചോ എഴുതൂ എന്ന് അയാളുടെ ഭാര്യ പറഞ്ഞു.
അപ്പോഴാണ് അയാൾ ഫെയ്സ് ബുക്കും വാട്ട്സാപ്പും തകർക്കുന്ന കുടുംബജീവിതത്തെ പറ്റി ഒരു ചെറിയ കവിത എഴുതിയാലോ എന്ന് ചിന്തിച്ചത്...!
തൊട്ടടുത്ത് കിടക്കുന്ന ഭർത്താവിനെ ശ്രദ്ധിക്കാതെ രാത്രി പന്ത്രണ്ട് മണിവരെ വാട്ട്സാപ്പിലും, ഫെയ്സ്ബുക്കിലും സുഹൃത്തുക്കളുമായും, രഹസ്യ കാമുകീ-കാമുകന്മാരുമായും ചാറ്റ് ചെയ്യുന്ന ഭാര്യമാരെകുറിച്ചും, ഭർത്താക്കന്മാരെ കുറിച്ചും ഒരു എട്ടു വരി കവിയെഴുതി അയാൾ....കവിത എഴുതി തീർന്നപ്പോൾ സമയം പത്ത് മണി കഴിഞ്ഞിരുന്നു...ഭാര്യ ലെെറ്റണച്ച് ഉടനെ കിടന്നുറങ്ങാൻ നിർബന്ധിച്ചെങ്കിലും കാലിക പ്രശസ്തമായ ആ കവിത തന്റേ ഫെയ്സ് ബുക്ക് പേജിൽ ഉടനെ തന്നെ പോസ്റ്റ് ചെയ്യണമെന്ന് തോന്നി ആ യുവ കവിക്ക്...അങ്ങനെ തന്റേ ഫെയ്സ്ബുക്ക് പേജിലും പിന്നെ ഏതാനും ചില ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും അദ്ദേഹം അത് പോസ്റ്റ് ചെയ്ത് കമന്റിനായും ലെെക്കിനായും കാത്തിരുന്നു..കമന്റുകൾക്ക് മറുപടി കൊടുത്തും, ലെെക്കുകളുടെയും, ഷെയറുകളുടെയും എണ്ണം കൂടുന്നതുമെല്ലാം നേക്കിയിരുന്ന് എന്നത്തേയും പോലെ അന്നും സമയം പോയതയാൾ അറിഞ്ഞില്ല.തൊട്ടടുത്ത് കിടക്കുന്ന ഭാര്യയുടെ കൂർക്കം വലി കേട്ടാണ് അയാൾ മൊബൈലിൽ സമയം നോക്കിയത്...അപ്പോ സമയം അർദ്ധ രാത്രി പിന്നിട്ടിരുന്നു....
(റാഫി മേച്ചേരി)

കാമോൺട്ര മഹേഷേ!


എല്ലാരും
"കാണ്ടീ ക്രഷ് "സാഗായും "ക്ലാഷ് ഓഫ് കാനും"
ഒക്കെ കളിക്കുന്പോൾ ഞാൻ
"ഫിൽ ദി ബാഡ് വെൽസ്"
എന്ന ഒരു അടിപൊളി ഗെയിം കളിച്ചു കൊണ്ടിരിക്കുകയാണ്.
ശുദ്ധ മലയാളത്തിൽ പറഞ്ഞാൽ "പൊട്ട കിണർ നികത്തൽ".ഈ പൊട്ട കിണറിന് ഒരു പ്രത്യേകത ഉണ്ട്.എത്ര മണ്ണിട്ടാലും കിണർ തൂർന്നു കിട്ടാൻ വലിയ പാടാണ് അങ്ങിനെ ഇരിക്കെ എന്റെ രണ്ടാമത്തെ കിണർ ഇന്ന് തൂർന്നു.
അതിന്റെ സന്തോഷത്തിലാണ് ഞാൻ.!!
ഇനി രണ്ടു കിണർ കൂടി നിരത്താനുണ്ട്‌.
ഒന്ന് വലുതും ,ഒന്ന് ചെറുതും.
അങ്ങിനെ ഈ ഗേമിൽ ഞാൻ ജയിച്ചാൽ
എനിക്ക് പതിനായിരം ഇന്ത്യൻ രൂപീ മാസം തോറും കിട്ടും....എങ്ങിനെയുണ്ട് ?
കളിക്കുകയാണെങ്കിൽ നയാ പൈസഗുണമുള്ള
ഗെയിം കളിക്കണം.....
വാൽക്കഷ്ണം.;
ഇത് കേട്ട് പ്ലേ സ്റ്റോറിൽ തപ്പാനൊന്നും
പോണ്ട കേട്ടോ!
എന്റെ രണ്ടാമത്തെ
ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്ത സന്തോഷം
പങ്കു വച്ചൂ എന്നെ ഒള്ളൂ...
കാമോൺട്ര മഹേഷേ!
By: rakesh vallittayil

അമ്മയെ ഞാൻ സ്നേഹിച്ചിട്ടുണ്ടോ..­.



അമ്മയെ ഞാൻ സ്നേഹിച്ചിട്ടുണ്ടോ..­..!!! 
ഇല്ല ഞാൻ ഒന്ന് ശ്രദ്ധിച്ചിട്ട് പോലുമില്ല.. അച്ഛന്റെ മരണം കൂടി കഴിഞ്ഞതും അമ്മ ഒറ്റക്കായിരിക്കുന്നു­ ആ വീട്ടിൽ.. ഞാൻ അവിടെ ഉണ്ടായിരുന്നതും ഇല്ലാത്തതും ഒരു പോലെയാണ്.. ഇപ്പോൾ രണ്ടുവർഷമായി തളർന്നു കിടക്കുയാണ്.. എന്നാൽ ഇപ്പോൾ ഞാൻ അമ്മയെ സ്നേഹിക്കുന്നുണ്ട്.. ശ്രദ്ധിക്കുന്നുണ്ട്.­. എനിക്ക് ഒരു കഥയുണ്ട് ചിലപ്പോൾ അതാകാം എന്നെ ഇങ്ങനെയാക്കിയത്...
ഒരു ഇടത്തരം വീട്ടിൽ അമ്മയ്ക്കും അച്ഛനും അഞ്ചാമത്തെ മകനായിട്ടാണ് ഞാൻ ജനിച്ചത് എന്നെക്കാളും മുതിർന്ന മൂന്ന് ചേട്ടന്മാരും ഒരു ചേച്ചിയും... പിന്നീട് എനിക്ക് ഒരു അനിയനും ഉണ്ടായി .. ഞങ്ങൾ അങ്ങനെ ആറുമക്കൾ.. പിറന്നു വീണതേ എനിക്ക് അയാളുടെ ഛായ ആണെന്ന് പലരും പറഞ്ഞു.. അതുകൊണ്ടു തന്നെ ഞാൻ അയാളെ പോലെ ആകും എന്ന് എല്ലാവരും വിശ്വസിച്ചു.. ചെറുപ്പത്തിലെ എന്റെ ചെറിയ കുസൃതികളെല്ലാം അയാളോട് വച്ച് തട്ടിച്ചപ്പോൾ വലിയ തെറ്റുകളായി മാറി.. അമ്മ എന്നും എന്നെ മറ്റുള്ള മക്കളിൽ നിന്നും വേറിട്ടേ കണ്ടിട്ടുള്ളു...
ഇപ്പോൾ അയാൾ ആരാണ് എന്ന് അറിയണം എന്ന് തോന്നുന്നുണ്ടാകും നിങ്ങൾക്ക്.. !! ഞാൻ പറയാം.. എന്റെ അച്ഛന്റെ ചേട്ടനാണ് ഞാൻ ഇടക്ക് പറയുന്ന "അയാൾ"... ഒരിക്കൽ ഒരു കുടുംബവഴക്കിന്റെ പേരിൽ രണ്ടു പേരെ വെട്ടിക്കൊന്ന് ജയിലിൽ പോയ മനുഷ്യൻ.. അതും ഞാൻ ജനിക്കുന്നതിന് എത്രയോ മുന്നേ... അതിന് പിന്നീട് ജനിച്ചു വീണ ഞാൻ എന്ത് തെറ്റാണ് ചെയ്തത്..?? എനിക്ക് അയാളുടെ ഛായയുണ്ടെന്ന് ആരൊക്കെയോ പറഞ്ഞ വാക്കിൽ സ്വഭാവവും അങ്ങനെ ആകും എന്ന് മുദ്ര കുത്തപ്പെട്ടതോ...!!! അമ്മ ചേട്ടന്മാരെയും ചേച്ചിയെയും അനിയനേയും സ്നേഹിച്ചതും ലാളിച്ചതും എന്നോട് വേർതിരിവ് കാണിക്കാൻ തുടങ്ങിയതുമെല്ലാം ഈ ഒരു കാരണത്താൽ ആണോ...!! ആകാം.. അതുകൊണ്ടു തന്നെ ഞാൻ എന്റെ ബാല്യത്തെ വെറുത്തു കൂടെ ആ നശിച്ച ആളെയും...
സ്നേഹിക്കാനും ആശ്വസിപ്പിക്കാനും ആളില്ലാത്തത് കാരണമാകാം പിന്നീട് ഞാൻ ഒരു താന്തോന്നിയായത്... എന്റെ തെറ്റുകൾ മാത്രം കണ്ടവരുടെ ലോകത്തിൽ എന്റെ ചെറിയ ശരികൾ കണ്ട്‌ നല്ലത് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല... അങ്ങനെ പത്താം ക്ലാസ്സ് കഴിഞ്ഞു ITIയിൽ പോയി.. പക്ഷെ പഠിപ്പ് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.. രാഷ്ട്രീയ സംഘർഷം കാരണം സ്കൂളിൽ നിന്നും പുറത്താക്കി... പിന്നീട് അങ്ങോട്ടൊരു മടങ്ങിപ്പോക്ക് ഉണ്ടായില്ല.. പത്തൊൻപതാം വയസ്സിൽ സ്വന്തമായി അധ്വാനിക്കാൻ തുടങ്ങി.. സ്വന്തമായി പണിയെടുത്താണ് ഞാനൊരു മൊബൈൽ പോലും സ്വന്തമാക്കിയത്.. ഒരു ചേട്ടൻ ഡോക്ടർ ,ഒരു ചേട്ടൻ ദുബായിൽ ഒരു കമ്പനിയിൽ മാർക്കറ്റിങ് മാനേജർ , മറ്റൊരു ചേട്ടൻ MBA ക്കാരൻ, ചേച്ചിക്ക് ബാങ്കിൽ ജോലി ,അനിയൻ സായിയിൽ(SAI) വർക്ക് ചെയ്യുന്നു.. ഞാൻ മാത്രം ചെറിയ പണികളുമായി നാട്ടിൽ കൂടി.. വായന അത് ഉണ്ട്.. ഒത്തിരി ഇഷ്ടമാണ്.. എന്റെ പല മുറിവുകൾക്കും മരുന്നായിരുന്നതും അതാണ്...
ഈ സമയത്തായിരുന്നു ഞാൻ അവളെ പരിചയപ്പെടുന്നതും പ്രണയിച്ചു തുടങ്ങിയതും.. ജീവിതത്തിൽ സ്നേഹമെന്തെന്നു അറിയാത്ത എനിക്ക് ആദ്യമായി സ്നേഹം പകർന്നവൾ, സ്നേഹം ഉണ്ടെന്ന് പഠിപ്പിച്ചവൾ.. കിട്ടിയതിന്റെ നൂറ് ഇരട്ടിയായി ഞാൻ അത് തിരിച്ചു നൽകി... എന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ചത് അവളോടുള്ള പ്രണയമായിരുന്നു ..ആ പ്രണയമായിരുന്നു എന്റെ പുസ്തക താളിൽ അക്ഷരക്കുഞ്ഞുങ്ങളായി പിറവിയെടുത്തത് .. എന്നാൽ അവിടെയും വിധി അത് എനിക്ക് നേരെ മുഖം തിരിച്ചു നിന്നു.. ഒരേ ജാതി അല്ലാത്തത് കൊണ്ട് അവളെ വിവാഹം കഴിച്ചു തരാൻ ബുദ്ധിമുട്ടാണെന്ന് വീട്ടുകാർ തീർത്തു പറഞ്ഞു.. ഇറക്കി കൊണ്ട് വരുക.. അത് എന്റെ മനസാക്ഷിക്ക് എതിരായിരുന്നു.. ഇരുപത്തിമൂന്ന് വർഷം പൊന്ന് പോലെ വളർത്തിയ മാതാപിതാക്കളുടെ കണ്ണീർ വീഴ്ത്തി എനിക്ക് സന്തോഷിക്കാൻ കഴിയില്ലായിരുന്നു.. ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെട്ടവന് ഇനി ഒരു അമ്മയുടെയും അച്ഛന്റെയും ശാപം കൂടി ഏറ്റു വാങ്ങാൻ കഴിയാത്തത് കൊണ്ട് അവളെയും വിട്ടുകൊടുത്തു..
എനിക്ക് ഇപ്പോഴും അവളോട് പ്രണയമുണ്ട്.. എന്റെ എഴുത്തുകൾക്ക് വർണ്ണം പകരുന്നത് അവളുടെ ഓർമ്മകളാണ്.. എന്നാൽ ഇപ്പോൾ എല്ലാം മാറിയിരിക്കുന്നു.. അച്ഛൻ മരിച്ചു.. അമ്മ കിടപ്പായിട്ട് രണ്ടുവർഷമായി.. വീട്ടിൽ ഞാനും അമ്മയും മാത്രം അമ്മയെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.. സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.­. അമ്മയ്ക്ക് എന്നെ ഓർത്തു സങ്കടം ഉണ്ട് ഞാൻ ഇങ്ങനെ ഒക്കെ ആകാൻ അറിയാതെയാണെങ്കിലും കാരണക്കാരി ആയി എന്നതിന്റെ പേരിൽ.. പക്ഷെ അമ്മ ഇങ്ങനെ ആകാൻ കാരണം ഞാൻ ആണല്ലോ എന്നൊരു തോന്നൽ ആണ് എന്നെ വേട്ടയാടുന്നത്.. എന്റെ ജീവിതം ഇങ്ങനെ ആയതിൽ എനിക്ക് ദുഖമില്ല.. ജീവിതം ജീവിച്ചു തീർക്കണം അതിന് നല്ല പഠിപ്പും വലിയ ഡിഗ്രികളും വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല.. ജീവിതം എന്നെ പലതും പഠിപ്പിച്ചു.. മുന്നേ ഞാൻ ഒത്തിരി വെറുത്തിരുന്നുവെങ്കി­ലും ഇപ്പോൾ ഞാൻ അമ്മയെയും എന്റെ ജീവിതത്തെയും ഒത്തിരി സ്നേഹിക്കുന്നുണ്ട്..­.
Sajith_Vasudevan(ഉണ്ണി...)

അനസൂയ


" എന്താ എന്റെ മോളേ നീയിങ്ങനെ... ?? എന്നെ എന്തിനാ നീയിങ്ങനെ തീ തീറ്റിക്കുന്നത്.. ങേ.. ?"
കട്ടിലിലേക്കിരുന്നുകൊണ്ട്, അനസൂയയുടെ തലയെടുത്തു മടിയിലേക്കു വച്ചിട്ട് ദേവകിയമ്മ അനസൂയയോട് ചോദിച്ചു. അനസൂയയുടെ കണ്ണുകളിലെ സദാസമയത്തുമുള്ള ചെറിയ ചുവപ്പ് രാശി ഇന്നിപ്പോൾ കുടുതലായിട്ടുള്ളത് ദേവകിയമ്മ ശ്രദ്ധിച്ചു. വലിയ കണ്ണുകൾ. വില്ലുപോലെ വളഞ്ഞിരിക്കുന്ന ത്രെഡ് ചെയ്ത നേർത്ത പുരികങ്ങൾ. ചുവന്നു തുടുത്ത മുഖം. കോപം കൊണ്ട് വിറക്കുന്നതുപോലെയുള്ള ചുവന്നു നീണ്ട നാസിക. ഗോതമ്പും പാലും ചേർന്നതുപോലുള്ള നിറം. നീണ്ട കാലുകൾ. നല്ല ഉയരമുള്ള ഒതുങ്ങിയ ശരീരം. ഇതായിരുന്നു അനസൂയ. അമ്മ പ്രൊഫസർ ദേവകിയമ്മ, ഗവണ്മെന്റ് വിമൻസ് കോളേജിൽ സൈക്കോളജി വിഭാഗത്തിന്റെ മേധാവി ആയിരുന്നു. രണ്ടു വർഷം മുൻപ് റിട്ടയർ ചെയ്തു. അനസൂയയുടെ അച്ഛൻ സിംഗപ്പൂരിലാണ്, അവിടെ ബിസിനസ്സ് ചെയ്യുന്നു.
അനസൂയ ദേവകിയമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് കാലുകൾ നീട്ടിവച്ചു കിടന്നു. ദേവകിയമ്മ അവളുടെ നെറ്റിയിൽ പതിയെ തലോടി. അനസൂയയുടെ കണ്ണുകൾ നിറഞ്ഞു വന്നു. ദേവകിയമ്മ ഓർക്കുകയായിരുന്നു.. ആണായിട്ടും പെണ്ണായിട്ടും ഒരേ ഒരു മകൾ,. അനസൂയ. JNU വിൽ നിന്നും MBA കഴിഞ്ഞിട്ട് ഒരു കൊല്ലമാകുന്നു. ഇവളെയോർത്തു വേദനിക്കാത്ത ദിവസങ്ങളില്ല. ഒരു സൈക്കോളജിസ്റ് ആയ തനിക്കു ഇവളെ മനസ്സിലാകും, പക്ഷെ എല്ലാവർക്കുമാകുമോ.. ? ആൾക്കാരെന്തെല്ലാമാണ് പറയുന്നത്.. ?
എന്റെ കുഞ്ഞിന്റെ ജീവിതം എന്താകുവോ എന്തോ.. എന്റെ തേവരേ.. ! ഒന്നുരണ്ടു പ്രാവശ്യം സുഹൃത്തായ ഡോക്ടർ ഭവാനിയുടെ അടുത്ത് കൗൺസലിങ് നടത്തിയിട്ടും അനസൂയക്ക് ഒരു വ്യത്യാസവുമില്ല. ഇതൊരു രോഗമല്ലെന്നറിയാം.. എന്നാലും... ഞാനൊരമ്മയല്ലേ... !
ഇതവളുടെ വ്യക്തിത്വത്തിന്റെ പ്രശ്നമാണ്. ജന്മനാലുള്ള വ്യക്തിത്വം (Personality ). മനുഷ്യരിൽ അടിസ്ഥാനപരമായി കാണപ്പെടുന്ന നാല് വ്യക്തിത്വങ്ങളിൽ, സ്ത്രീകളിൽ അധികമാർക്കും കാണാത്ത വ്യക്തിത്വമാണ് ദൈവം അവൾക്കു കൊടുത്തത്.. കോളേരിക് പേഴ്സണാലിറ്റി (Choleric personality). ഒരു വ്യത്യസ്ഥമായ സ്വഭാവം (Temperament).
കോളേരിക് പേഴ്സണാലിറ്റി ഉള്ളവർ സാധാരണഗതിയിൽ നല്ല സംഘാടകരും, വാഗ്മികളും, നേതൃനിരയിലെത്തുന്നവരും, സത്യസന്ധരും, 'നേരേവാ നേരെപോ -വെട്ടൊന്ന് തുണ്ടം രണ്ട് ' സ്വഭാവക്കാരും ആയിരിക്കും. സുഹൃത്തുക്കളെക്കാൾ ശത്രുക്കളായിരിക്കും ഇക്കൂട്ടർക്ക് കൂടുതൽ.
അനസൂയ ആള് പാവമാണ്. പക്ഷെ പെട്ടെന്ന് ചൂടാവും, പൊട്ടിത്തെറിക്കും, അതുപോലെ പെട്ടെന്ന് തണുക്കുകയും ചെയ്യും. ശുദ്ധ മനസ്സാണ്. ഉള്ളിൽ കളങ്കമില്ല. മോശമായ എന്ത് കാര്യം കണ്ടാലും ഇടപെടും, തല്ലുണ്ടാക്കും. ആരുടെയും ഒരുതരത്തിലുള്ള വിളച്ചിലും അവളുടെ അടുത്ത് ചെലവാകില്ല.
ഒരാൺകുട്ടിയില്ലാത്ത ഒരുകുറവും അവളിവിടെ വരുത്തിയിട്ടില്ല. ചിലദിവസങ്ങളിൽ സ്ലീവ്‌ലെസ് ബനിയനുമിട്ട്, അച്ഛന്റെ ബുള്ളറ്റ് മോട്ടോർസൈക്കിളുമെടുത്ത്, ശരംപോലെ പാടവരമ്പുകൾക്കിടയിലെ റോഡിലൂടെ ഓടിച്ചു പോകും. അഴിഞ്ഞ മുടിക്കെട്ടു അന്തരീക്ഷത്തിൽ പറക്കുന്നത് കാണാൻ നല്ല ചേലാണ്. അതുകാണുന്ന അപ്പുറത്തെ നാണിത്തള്ള ചോദിക്കും " ടീച്ചറമ്മേ.. മോളെന്താ ഇങ്ങനൊക്കെ.. " മറുപടി ഒരു മന്ദഹാസത്തിൽ ഞാനൊതുക്കും. മിനിഞ്ഞാന്ന് മുകൾനിലയിലെ കുളിമുറിയിൽ കുളിച്ചതിനുശേഷം, അടിവസ്ത്രങ്ങൾ മാത്രം ധരിച്ചുകൊണ്ട് ടെറസ്സിലേക്കു തുണിയുണങ്ങാനിടന് പോകുന്നത് കണ്ടു. ഞാൻ ഓടിച്ചെന്നു ഉന്തിത്തള്ളി മുറിക്കകത്താക്കി കതകടച്ചു. പക്ഷെ അവൾക്കൊരു കൂസലുമില്ലായിരുന്നു. ഒരു പൊട്ടിച്ചിരി മാത്രം. 'Choleric personality carries aggression, energy and passion.' കോളേജിൽ പണ്ട് പഠിപ്പിച്ചതോർത്തു. എന്നാലും ഇങ്ങനുണ്ടോ ഒരു പെണ്ണ്.... !
തന്റേതല്ലാത്ത പലകാര്യങ്ങളിലും കേറി തലയിടും, അല്ലാ.. അതാണല്ലോ ഇന്ന് സംഭവിച്ചത്.. പതിവില്ലാതെ ഇന്ന് ബസിലാണ് അവൾ ടൗണിലേക്ക് പോയത്. തിരക്കുള്ള ബസ്സിൽവച്ച് ഒരു മധ്യവയസ്‌കൻ ഒരു കൗമാരക്കാരിയുടെ പിൻഭാഗത്ത് തോണ്ടുന്നത് അനസൂയ കണ്ടത്രേ. പെൺകുട്ടി അസ്വസ്ഥയും നിസ്സഹായയുമായി കാണപ്പെട്ടു. അനസൂയ തന്നെയാണ് ബെല്ലടിച്ചു വണ്ടി നിർത്തിച്ചത്. ശേഷം, മധ്യവയസ്കന്റെ അടിനാഭി നോക്കി ഒറ്റത്തൊഴി. വയറ് പൊത്തിപ്പിടിച്ചുകൊണ്ടു താഴേക്കിരുന്ന അയാളെ വലിച്ചുപോക്കി എഴുന്നേൽപ്പിച്ചു ഇടിയോടിടി. അയാളുടെ വായിലൂടെ ചോരവന്നു. പോലീസെത്തി മുന്നുപേരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ നിന്നും വിളിച്ചപ്പോഴാണ് ഞാൻ വിവരമറിഞ്ഞത്. താക്കീത് നൽകി പോലീസ് വിട്ടയച്ചു. അതിന് ഞാൻ വഴക്ക് പറഞ്ഞതിനാണ് ഇപ്പോഴത്തെ ഈ കിടപ്പ്. അവൾ കോളേജിൽ പഠിക്കുന്ന കാലത്ത്, സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിന് ഇടയിൽപെട്ട അവളോട് " നീ പെണ്ണാണോടി.. " എന്നൊരുത്തൻ ചോദിച്ചപ്പോൾ, "ഇന്നാ നോക്കടാ.. " എന്ന് പറഞ്ഞുകൊണ്ട് ധരിച്ചിരുന്ന ഉടയാടകൾ മൊത്തം മുകളിലേക്ക് പൊക്കിക്കാണിക്കാൻ തുടങ്ങിയപ്പോൾ, കൂട്ടുകാരി രേഷ്മയാണ് അവളെ പിടിച്ചുവലിച്ചു കൊണ്ട് പോയത്. രേഷ്മയില്ലായിരുന്നെങ്കിൽ... ?!
ദേവകിയമ്മ നെടുവീർപ്പിട്ടു.
പിന്നെയും.. ഒരിക്കൽ വീട്ടിൽ വള വിൽക്കാൻവന്ന ഒരു തമിഴൻ അണ്ണാച്ചിയെ, ഒറ്റ ചവിട്ടിന് മുറ്റത്ത് നിന്ന പതിനെട്ടാംപട്ട തെങ്ങിന്റെ ചുവട്ടിലിട്ടു. അണ്ണാച്ചി വള കയ്യിലിടാൻ കൊടുത്തപ്പോൾ അവളുടെ കൈത്തണ്ടയിൽ അമർത്തി പിടിച്ചുവത്രേ.... !
പിന്നൊരിക്കൽ മേലേക്ക് ചെളിവെള്ളം തെറിപ്പിച്ച് പാഞ്ഞുപോയ പ്രൈവറ്റ് ബസുകാരനെ, തിരിച്ചു വന്നപ്പോൾ ബുള്ളറ്റ് മോട്ടോർസൈക്കിൾ റോഡിനുകുറുകെ വച്ചു തടഞ്ഞുനിർത്തിയിട്ട്, ബസിൽ നിന്ന് പിടിച്ചിറക്കി,
ഒരുതൊട്ടി ചെളി അയാളുടെ തലയിലൂടെ കമഴ്ത്തി. അന്നെന്താരുന്നു ഒരു പുകില്. ആരെങ്കിലും എന്തെങ്കിലും ഇഷ്ടമില്ലാത്തത് ഫോണിലൂടെ പറഞ്ഞാൽ സ്വന്തം ഫോൺ ആണെന്ന് കരുതാതെ എറിഞ്ഞുടക്കും. അങ്ങനെ എത്രയെത്ര ഫോണുകൾ.
കഴിഞ്ഞ വൃശ്ചികത്തിൽ ഒരു കല്യാണം ഏകദേശം ഒത്തുവന്നതാണ്. പെണ്ണുകാണാൻ വന്ന ചെറുക്കനുമായി അകത്തെ മുറിയിലിരുന്ന് സംസാരിക്കുന്നത് കണ്ടിട്ടാണ് ഞാൻ അടുക്കളയിലേക്ക് പോയത്. എന്തോ തച്ചുടക്കുന്ന ശബ്ദവും അവളുടെ ആക്രോശവും കേട്ടാണ് ഞാൻ പെട്ടെന്ന് പുറത്തേക്ക് വന്നത്.. അവിടെ കണ്ട കാഴ്ച.. !! ചെറുക്കന്റെ ഫോൺ എറിഞ്ഞുടക്കപ്പെട്ട നിലയിൽ മുറ്റത്ത് തറയിൽ ചിതറിക്കിടക്കുന്നു. ചെക്കനെ അവൾതന്നെ ബലമായി ഉന്തിത്തള്ളി കാറിൽക്കയറ്റി, ശക്തിയായി ഡോർ വലിച്ചടച്ചു. "ഇനി നിന്നെയീ ഏരിയയിൽ കണ്ടുപോകരുത്.. " അവൾ ആക്രോശിച്ചു. കല്യാണത്തിന് മുൻപ് അവന് അവളുടെ "ഒരു സ്വകാര്യ ഫോട്ടോ " വേണംപോലും.. ഒരു കൺഫർമേഷന്
വേണ്ടിയാണത്രെ... അതാണവളെ ചൊടിപ്പിച്ചത്... ദേവകിയമ്മ ദീർഘനിശ്വാസമുതിർത്തു....
" എന്റെ ദേവൂട്ടിയെന്താ.. ഇത്രേം ചിന്തിക്കുന്നത്.. എന്തിനായിങ്ങനെ വിഷമിക്കുന്നത്.." അനസൂയ അമ്മയുടെ മടിയിൽ നിന്നും തലയുയർത്തി ചോദിച്ചു. "അടുത്തമാസം ഞാനങ്ങു പോവില്ലേ.. ലണ്ടനിൽ... പിന്നെ ദേവ്‌വമ്മ മാത്രം ഇവിടെ.. ഞാൻ ഇങ്ങനെയൊക്കെയാ അമ്മേ.. ഞാൻ എന്നെത്തന്നെ മാറ്റാൻ ഒരുപാട് ശ്രമിച്ചു.. പക്ഷെ നടക്കുന്നില്ലമ്മേ മാറാൻ.. ഈ കാണുന്നതാണ് ഞാൻ. എനിക്ക് മാറാനാവില്ലെന്നു ഞാൻ മനസ്സിലാക്കി. ഞാൻ മാറണമെങ്കിൽ ഞാനില്ലാതാകണം... അതേ മാർഗമുള്ളൂ.. "
അനസൂയ ഒന്നുനിർത്തി. " നീ മിണ്ടാതിരി.. നീ എങ്ങും പോകുന്നില്ല.. നീ മാറുകേം വേണ്ട.. നിന്നെ എനിക്കറിയാം.. നീ എന്റെകൂടെ, എന്റെ കണ്ണടയുന്നതുവരെ, ഇവിടെത്തന്നെ വേണം. "
ദേവകിയമ്മയുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ അനസൂയയുടെ മുഖത്ത് വീണോ... !?
അനസൂയ അവളുടെ ദേവൂട്ടിയെ കെട്ടിപ്പിടിച്ചു...
*************************************************
ബിനു കല്ലറക്കൽ.

ക്രൈം സ്റ്റോറി "സാക്ഷി"


സ്കൂളിലെ ഒരു വിദ്യാർത്ഥി കൊലചെയ്യപ്പെട്ടിരിക്കുന്നു.
ഒരു സമ്പന്ന ബിസിനസ്സ്കാരന്റെ ഏകപുത്രൻ ജീവൻ ജോൺ ആണ് കൊലചെയ്യപ്പെട്ടത്. കൊലയാളിയായി പോലീസ് കണ്ടെത്തിയത് സഹപാഠിയായ ബോബിയെ ആണ്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഇങ്ങനെയാണ്: ജീവൻ, ബോബി, ലിനോ മൂവരും ഇണപിരിയാത്ത കൂട്ടുകാർ. ക്രിക്കറ്റ് കളിക്കിടയിൽ എന്തോ പറഞ്ഞ് പരസ്പരം തർക്കമായി. ബോബി ബാറ്റുകൊണ്ട് ജീവനെ അടിച്ചു. അടികൊണ്ടത് തലയിലായിരുന്നു. തലയിൽ കയ്യമർത്തി ജീവൻ അടുത്തുള്ള കെട്ടിടത്തിന്റെ പിറകിലേക്കോടി. കുറച്ചു സമയം കഴിഞ്ഞിട്ടും ജീവനെ കാണാതെ വന്നപ്പോൾ കൂട്ടുകാർ തിരക്കിച്ചെന്നു. ജീവൻ മരിച്ച്കിടക്കുന്നു. തലയിൽ നിന്നും രക്തം വാർന്നൊഴുകുകയായിരുന്നു. പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പലസമിശങ്ങളും നിലനില്ക്കുന്നതിനാൽ.ബോബിയാണോയെന്ന് പൂർണമായി ഉറപ്പിക്കാൻ സാധിച്ചിട്ടില്ല‌.
തലയിൽ ആഴത്തിലുള്ള മുറിവാണ് മരണകാരണം.
പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.ബോബിയെ റിമാൻഡ്‌ ചെയ്‌തിരിക്കുകയാണ്.
കൂടുതൽ അന്വേഷണത്തിന് വേണ്ടി കേസ്സ്ഫയൽ എസ് പി ദത്തൻ ഏറ്റെടുത്തു..
ജീവൻ കൊലചെയ്യപ്പെട്ട കെട്ടിടത്തിലെ ഗേറ്റിനുമുന്നിൽ ദത്തന്റെ വാഹനത്തിൽ നിന്നുംഹോൺ മുഴങ്ങി.
സമയം "10.5 am"
സെക്യൂരിറ്റി ഗേറ്റുകൾ
മലർക്കെ തുടർന്നു.
"ഹലോ ,നമസ്ക്കാരം."
"വണക്കം സാർ."
"ഞാൻ ദത്തൻ ജീവൻ ജോണിന്റെ കേസ്സ് അന്വേക്ഷിക്കുന്നത് ഞാനാണ്,
എത്രനാളായിവിടെ സെക്യൂരിറ്റിയായിട്ട്".
"സാർ രണ്ടുവർഷം കഴിഞ്ചു."
" എന്താ പേര് ,എവിടെയാ നാട്"
"പേര് മുരുകൻ ,ഊര് പോണ്ടിച്ചേരി ."
"അന്നേക്ക് എന്താ നടന്നത് നീങ്ക പാത്തിറുക്കാ."
"അന്തപ്പക്കം നിലവിളികേട്ടിടിച്ചു, ഞാൻ ഓടിസെന്നു നോക്കുമ്പോൾ അന്തയിടത്തിൽ കൊളന്ത!".
"ഉം.അന്ന് അപരിചിതൻ ആരെങ്കിലും വന്നിരുന്നതായി ഓർക്കുന്നോ"?.
"സാർ അത് cctv ക്യാമറ ഇരിക്ക് ."
"എവിടെയൊക്കെയാണ് ക്യാമറ."
"രണ്ടിടത്തിരിക്ക് ഒന്ന് ഫ്രണ്ട് ഗേറ്റിനു മുന്നിലിരിക്ക് ഒന്ന്‌ അന്തപ്പക്കം".
"വീഡിയോ ഫൂട്ടേജ് കാണണം."
"സെക്യൂരിറ്റി റൂമിലിറിക്ക് സാർ.
അവിടെ പാക്കാം."
ദത്തന്റെ വാഹനം സംഭവം നടന്ന സ്പോട്ടിലേയ്‌ക്ക്‌ സഞ്ചരിച്ചു.
ജീവൻ കൊലചെയ്യപ്പെട്ട കെട്ടിടത്തിൽ നിന്നും
അവരുടെ ഫ്ളാറ്റിലേയ്ക്ക് വലിയ അന്തരമില്ല.
കുട്ടികൾക്കുള്ള പ്ലേയ് ഗ്രൗണ്ട് കുറച്ചുമാറിയാണ്.അവിടെവെച്ചാണ് ജീവന് തലയിൽ അടിയേറ്റത്.മുറിവേറ്റ തലയുമായാണ് ജീവൻ കെട്ടിടത്തിന്റെ പിറകിലോട്ടു വന്നിട്ടുള്ളത്.ഈ പൈപ്പിന് താഴെയാണ് ജീവൻ മരിച്ചു കിടന്നിരുന്നത്. അവിടെ മാർക്ക് ചെയ്‌തിരിക്കുന്നു.തല കഴുകാൻ വന്നതായിരിക്കണമിവിടെ.
കെട്ടിടം കുട്ടികൾ വിശ്രമ കേന്ദ്രമായി ഉപയോഗിക്കാറില്ല.ഡീസലിന്റെ സ്മെല്ല് മൂക്കിലേയ്ക്കടിച്ചു കയറി.ജനറേറ്റർ ഇവിടെയാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് അതിൽനിന്നും മനസ്സിലാക്കി.കെട്ടിടത്തിന്റെ ഒരുഭാഗത്തു നിന്നും വെള്ളമിറ്റിറ്റ് താഴേയ്ക്കു വീഴുന്നു.അപ്പോഴാണ് മുകളിലേയ്ക്ക് ശ്രദ്ധിച്ചിരുന്നത്.
ഫ്ളാറ്റിലേയ്ക്കിവിടെ നിന്നാണ് വെള്ളംപമ്പുചെയ്യുന്നത്.വലിയ ടാങ്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്നു.തിരിച്ചു സെക്യൂരിറ്റി റൂമിലേയ്ക്ക്.
"ജീവൻ ജോൺ കൊലചെയ്യപ്പെട്ട ദിവസത്തെ റെക്കോഡിങ് എടുക്കൂ."
"ഇത് താ."
"ജീവൻ മരണപ്പെടുന്നത് വൈകുന്നേരം അഞ്ചുമണിക്ക്.അപ്പോൾ മൂന്നുമണി മുതൽ പുറത്തുനിന്നും ഫ്ലാറ്റിനകത്തേയ്‌ക്ക്‌
ഇവിടെ താമസ്സമില്ലാത്ത ആരൊക്കെ വന്നിട്ടുണ്ടാകാം."?
"സാർ ഇവരെല്ലാം ഇന്തയിടത്തിൽ താമസിക്കുന്ന ആള്ക്കാറ് താ ."
"സമയം4.5-ന് ഒരാൾവന്നിരുന്നു."
"സാർ ഇത് സാബു
നാൻ താ‌ വിളിച്ചത്.
ഇവിടെ പ്ലംബിംഗ് വേല അവൻതാ പാക്ക്റ.കൊഞ്ചം വേല മേലെ ഇരുന്തത്."
" 4.25 സമയമായപ്പോൾ ഒരുകാർ അകത്തേയ്ക്ക് കയറിയല്ലോ ?"
"മാഡത്തിന്റെ ഓഫീസിൽ വേലപാക്ക്റ രഘുറാം സാർ കാറ്അത് ."
"മേഡം?"
"ഇപ്പോൾ അറസ്റ്റു പണ്ണിയ ബോബി കൊളന്തയുടെ അമ്മ ലിസി."
"രഘുറാം എന്നുമിവിടെ വരുമോ."?
"ഇല്ല സാർ മാസത്തിൽ 3,4 നാൾ വരും."
"ഉം ,രണ്ടുപേരുമാത്രമാണ് ഈ സമയത്തിനുള്ളിൽ പുറത്തുന്നു വന്നിട്ടുള്ളത്.
ഇവർ എപ്പോൾ തിരികെപ്പോയി മുരുകൻ കണ്ടോ? ."
"ഇല്ല സാർ ബഹളത്തിനിടയ്‌ക്കു നാൻ പാക്കലെ."
"ഉം റെക്കോർഡിൽ
രണ്ടുപേരും ഒരേസമയത്താണ്
പുറത്തു പോയിരിക്കുന്നത്.
5.5ന് സാബു വും
5.8ന് രഘുറാം .
ജീവൻമരണപ്പെടുന്നത് 5മണിക്ക് എന്നത് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്.
ഇവർ പുറത്തുപോകുന്ന സമയവും
തമ്മിൽ വലിയ വ്യത്യാസമില്ല.
അപ്പോൾ ജീവൻ കൊലചെയ്യപ്പെട്ടത് ഇവരറിഞ്ഞിരിക്കാനാണ് സാധ്യത.
എന്നിട്ടും വെപ്രാളപ്പെട്ട് പുറത്തുപോയി.
സംഗതി മൊത്തത്തിൽ റോങ്ങാണല്ലോ മുരുകാ. സാബുവിന് എവിടെയാണ് ജോലിയിരുന്നത്?"
"കെട്ടിടത്തിന് മേലെ പൈപ്പ് ലീക്ക് .അത് ശരിപണ്ണുന്നതിനാ അവനെ കൂപ്പിട്ടത്‌."
"5.5-ന്സാബു പുറത്തുപോയത്.സംഭവം നടക്കുമ്പോൾ സാബു അവിടെ‌യുണ്ടായിരുന്നു.
"സാർ ഇപ്പോഴാ ഒരു കാര്യം ന്യാപകത്തിൽ വന്തത്.
സാബു വേലചെയ്‌ത ട്യൂൾസ് മുകളിൽ ഇരുന്തത്.
അന്ന് വേലസെയിത കാസുംവാങ്ങിയില്ല."
" സാബു ഇപ്പോളെവിടെ കാണും,അവന്റെ നമ്പറുണ്ടോ?
"ഇരിക്ക് സാർ."
"അവനെ വിളിക്ക് മുരുകാ .ഈ കേസ്സിന്റെ കാര്യം ഒന്നും അവനോടു സംസാരിക്കരുത്.
പൈപ്പ് ലീക്കായി ഉടനെയെത്തണം ട്യൂൾസ് ഇവിടെയുണ്ട് അത്രമാത്രം സംസാരിച്ചാൽ മതിയാകും."
"ശരി സാർ."
സമയം 1.30 PM കഴിഞ്ഞിരിക്കുന്നു...
"സാബു :മുരുക അണ്ണോ
എന്റെ ട്യൂൾസ് ഇവിടെയായിപ്പോയി."
"ഇവിടെയുണ്ട് സാബു,"
"ആരാ മനസ്സിലായില്ല.?"
"സാബു നീയെല്ലാം മനസ്സിലാക്കാൻ കിടക്കുന്നതേയുള്ളു .എന്റെ പേര് ദത്തൻ ജീവൻ കേസ്സ് അന്വേഷിക്കുന്നത് ഞാനാണ്".
"സാർ അതിനു ഞാനൊരു കുറ്റവും ചെയ്‌തിട്ടില്ല."
"എന്തെങ്കിലും ചെയ്തുവെന്ന് ഞാൻപറഞ്ഞിട്ടില്ലലോ സാബു പിന്നെന്താ?"
"നെഞ്ചിടിപ്പ് കൂടുതലാണല്ലോ സാബു നെഞ്ചിൽ തൊട്ടാലറിയാം.
തെറ്റൊന്നും ചെയ്തില്ലെങ്കിൽ
എന്തായിത്ര ഭയപ്പെടുന്നത്.
ഒന്നും ഒളിച്ചു വയ്ക്കണ്ട തെളിവുകളെല്ലാം നിനക്കെതിരാണ്.അന്നെന്താ സംഭവിച്ചത്?
നിനക്ക് പലകാര്യങ്ങളുമറിയാം.
ജീവന്റെ കൊലയുമായി എന്താബന്ധം?
പോലീസ് മുറയിൽ മാത്രമേ സാബു സത്യം പറയൂ എങ്കിൽ അങ്ങനെയാവട്ടെ.
"വേണ്ട സാർ അന്ന് നടന്നത് എല്ലാം ഞാൻ പറയാം,"
"ഞാനൊരു സാധാരണക്കാരൻ
എനിക്കൊന്നും ചെയ്യാൻ കഴിയില്ല.
ഓട്ടിസം ബാധിച്ച മോളുണ്ടെനിക്ക്.
ഭാര്യ വർഷങ്ങൾക്കുമുൻപേ മരിച്ചു.
എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിന്റെ കാര്യം വാദി പ്രതിയാകുന്ന കാലമാണ്.ഭയത്താലാണ് സാർ എല്ലാം മറയ്ക്കാൻ ശ്രമിച്ചത്."
"സാബു താങ്കളുടെ മനോവിഷമം മനസ്സിലാക്കാൻ കഴിയും.താങ്കൾ നിരപരാധിയാണെങ്കിൽ ഞാനുണ്ടാകും.
അന്ന് എന്താണ് സംഭവിച്ചത്.?
" ഇവിടെ നിന്നും മുരുകൻ ചേട്ടനാണ് ഫോൺവിളിച്ചു‌ പറഞ്ഞത്.
കെട്ടിടത്തിന്റെ മുകളിലെ ടാങ്കിൽനിന്ന് വെള്ളംലീക്കാകുന്നു അങ്ങനെയാ ഞാൻ വന്നത്.ടാങ്കിന്റെമുകളിലായിരുന്നു പെട്ടന്നൊരു നിലവിളികേട്ടാണ് ഞാൻ താഴേക്ക്നോക്കുന്നത്. താഴെ
പൈപ്പിന്റെ ചുവട്ടിൽ പയ്യൻ വീണുകിടക്കുന്നു. ഒരുസ്ത്രീ എന്തോകൊണ്ട് ആഞ്ഞിടിക്കുന്നത് ഞാൻകണ്ടു.ആ സ്ത്രീയുടെ കൂടെ ഒരാളുംകൂടിയുണ്ടായിരിന്നു. അപ്പോൾത്തന്നെ അവർ തിരിച്ചുപ്പോവുകയും ചെയ്‌തു.
എനിക്ക് എന്ത്
ചെയ്യണമെന്നറിയില്ലായിരുന്നു.താഴേക്ക് ഓടിയിറങ്ങിയപ്പോഴേയ്‌ക്കും കുട്ടിചോരയിൽ കുളിച്ചുകിടക്കുന്നു.
ഭയം കൊണ്ടാണ്‌സാർ അവിടെനിന്ന് ഓടിപ്പോയത്".
"ആ സ്ത്രീയെ ഇതിനുമുൻപ് കണ്ടിട്ടുണ്ടോ?."
"ഉണ്ട്, സാർ അവരെയെനിക്കറിയാം."
"ആരാണവർ?"
"സാർ അത് ബോബിയുടെ അമ്മ ലിസി മേഡമാണ്"
"താങ്കൾ നല്ലതുപോലെ കണ്ടോ,അവര്തന്നെയാണോ കണ്ടത്."
"അതെ സാർ അവര്തന്നെയാണ്"
"കൂടെയുള്ളത് ആരാണെന്നറിയാമോ?.
"ഇല്ല സാർ ആരാണെന്നറിയില്ല."
"സാബു നിങ്ങളാണ് ഈ കേസിന്റെ മുഖ്യ സാക്ഷി നിങ്ങള്‍ക്കൊന്നും വാരാതെ ഞാൻ നോക്കും.ധൈര്യമായിരിക്കൂ നിയമത്തിനു മുന്നിലവർക്ക് നല്ല ശിക്ഷവാങ്ങി കൊടുക്കുക
അതാണ് എന്റെ ഉത്തരവാദിത്തം ."
സമയം:4.5 PM
"ഹാലോ എസ്.പി ദത്തൻ
എസ്.ഐ ഷാജി ."
"അതെ സാർ."
"ജീവൻ ജോണിന്റെ കൊലപാതകം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞു."
ബോബിയുടെ അമ്മയെ കസ്റ്റഡിയിലെടുത്തു.വിശദമായ ചോദ്യംചെയ്യലിൽ അവർകുറ്റം സമ്മതിച്ചു.
അവരും രഘുറാമും കൂടിയാണ്.
കൊലപാതകം ആസൂത്രണം ചെയ്‌തത് .
സംഭവമിങ്ങനെ:
മരണപ്പെട്ട ജീവൻജോണിന്റെ ഫ്ലാറ്റും ബോബിയുടെ ഫ്ലാറ്റും അടുത്തടുത്താണ്.
എപ്പോൾ വേണമെങ്കിലും അവരുടെ ഫ്ലാറ്റുകളുടെ റൂമുകളിൽ കയറാനുള്ള സ്വാതന്ത്ര്യം രണ്ടുപേർക്കുംഉണ്ടായിരുന്നു.
അന്നത്തെ ദിവസം ക്രിക്കറ്റ്കളിയ്ക്കുവാൻ വിളിക്കാനായി ജീവൻ ബോബിയുടെ ഫ്ളാറ്റിലേയ്ക്ക് ചെന്നിരുന്നു.അതിനു മുൻപേ ബോബി താഴേഗ്രൗണ്ടിലേയ്ക്ക് പോയിരുന്നു.
പക്ഷേ ജീവൻ അവിടെ കണ്ടത് രഘുറാമും ബോബിയുടെ അമ്മയും കൂടി കിടക്കപങ്കിടുന്നതാണ്.
ജീവൻ കണ്ടെന്നു മനസ്സിലാക്കിയ ബോബിയുടെ 'അമ്മ ലിസിആകെ അസ്വസ്ഥയായി എല്ലാവരും അറിയുമെന്ന ഭയവും.
താഴേക്കിറങ്ങിചെന്ന ജീവൻ ഗ്രൗണ്ടിലായിരുന്ന ബോബിയുടെയടുത്ത്‌ കാര്യം പറയുകയും ചെയ്‌തു.
എന്റെ അമ്മയെ കുറിച്ച് അനാവശ്യം പറഞ്ഞു എന്നാരോപിച്ചു പെട്ടന്ന്ക്ഷുഭിതനായ ബോബി
കൈയിലിരുന്ന ബാറ്റുകൊണ്ടു ജീവൻജോണിന്റെ തലയ്ക്കടിക്കുകയായിരുന്നു.
മുറിവേറ്റതലയുമായി ഗ്രൗണ്ടിൽ നിന്നും കെട്ടിടത്തിന്റെ ബേക്കിലെ പൈപ്പിന്റെ ചുവട്ടിലേയ്ക്കുപോകുന്ന ജീവനെ
ബോബിയുടെ അമ്മ ലിസി കാണുന്നുണ്ടായിരുന്നു.
തന്റെ അവിഹിതബന്ധം മറയ്ക്കുവാൻ വേണ്ടിയും മാനംപോകുമെന്ന ഭയവുമാണ് കൊലപാതത്തിലേയ്ക്ക് അവരിരുവരും തിരിയാൻ കാരണം.
കൊലപാതകത്തിന് ഉപയോഗിച്ച
കമ്പിയും റൂമിൽനിന്നും കണ്ടെടുത്തു.
ചെയ്‌തതെറ്റിനെ മറയ്‌ക്കാൻ വലിയതെറ്റിലേയ്‌ക്ക്
എടുത്തുചാടുമ്പോൾ ഓർക്കുക
ഇതെല്ലാം കണ്ടുകൊണ്ട് മുകളിൽ രണ്ട്
കണ്ണുണ്ടാകു ..
(സാക്ഷി )

ദത്തന്റെ തൊപ്പിയിൽ ഒരുപൊൻതൂവൽ കൂടി.കേസ്സ് ഏറ്റെടുത്തു മണിക്കൂറുകൾ കൊണ്ട് പ്രതികളെ അറസ്റ്റു ചെയ്ത
ദത്തന് മന്ത്രിയുടെ പ്രശംസ..
ദത്തന്റെ ഫോണിൽ റിങ് മുഴങ്ങി
"ഹാലോ
അതെ ദത്തനാണ്."
"കേരളത്തിലെ പലഭാഗത്തും നിന്നും കുട്ടികളെ കാണാതെയാകുന്നുയന്ന
പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്നു.
അന്വേഷണ ചുമതല
താങ്കളെ ഏൽപ്പിക്കാനാണ്
മുകളിൽനിന്നുള്ള ഉത്തരവ്."
തുടരും ...
ശരൺ..(ചെറിയൊരു ശ്രമം)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo