Showing posts with label വിനുകെമോഹൻ. Show all posts
Showing posts with label വിനുകെമോഹൻ. Show all posts

കൊച്ചച്ഛൻ


കൊച്ചിലേ ഒക്കത്തിരുത്തി താരാട്ടു
പാടിത്തന്ന കൊച്ചച്ഛൻ....
ഇന്നിതാ തെക്കേമൂലയിലെ മൂവാണ്ടൻ മാവു
നോക്കിയിരിപ്പൂ.....
ഏകനായി ജീവിച്ച നേരം ജീവിതം
മറന്ന കൊച്ചച്ഛാ എന്തേ നീ
കരയുന്നു.
ആവതു കാലത്തു കൈപിടിക്കാൻ ആളെ
വരുത്താതെ ആർക്കോ വേണ്ടി
ജീവിച്ചനേരം
ഓർത്തില്ല ജീവിതം
നരകയറിയ നേരം തള്ളിപ്പറയുന്നു കാലം
നോക്കുന്നു നിന്നെ രക്തബന്ധങ്ങളിന്ന്
ഒറ്റയാനായി.
കരയരുതേ നീയിനി
പ്രണയം ജീവിതം നശിപ്പിച്ച
നേരം
ഇന്നു നീ കരയുന്നു പുഴുപിടിച്ച മനസ്സിൽ
പിടയ്ക്കുന്ന ഓർമ്മകളേയോർത്ത്.
ഉമ്മറത്തെ ചാരുകസേര ചിരിക്കുന്നു കാലം
മാറ്റിയകോലമോർത്ത്
തെക്കിനിക്കോലായിലെ തെക്കേ മുറി
കരയുന്നു കൊള്ളിവെക്കാൻ
ആരുവരുമെന്നോർത്ത്.
കൊച്ചച്ഛാ നീ കരയല്ലേ
നല്ലകാലം പോയതു നീയറിഞ്ഞാലും
ഇനിയൊരു പെണ്ണിൻ
ചൂരുവേണ്ടെന്ന് അടിവരയിട്ട നിൻ
മനസ്സ്
പതറുന്നു.
മുട്ടിക്കുളങ്ങര കാലിൽത്തടവുവാൻ
അയലത്തെക്കൊച്ചുങ്ങൾ
വരുമ്പോൾ മിഴിനനയുവതെന്തേ
കൊച്ചച്ഛാ....?
കീശയിൽക്കരുതിയ നാരങ്ങാമിഠായി
കൊടുക്കുമ്പോൾ വിതുമ്പിയതെന്തേ
നീ....?
എല്ലാം ഞാൻ അറിയുന്നു നിശബ്ദം
നിശ്ചലമായ വേദിയിൽ അരങ്ങൊഴിയുവാൻ
കാത്തിരിക്കുന്നൊരു കഴിഞ്ഞകാല
വസന്തമേ
കരയല്ലേ നിനക്കു മകനായി ഞാനില്ലേ
അരുകിലൊരു ആത്മാവായി
ഉള്ളിലൊരു കിനാവായി.
by: VinuKmohan

രോദനം


മാമ്പൂപൊഴിഞ്ഞല്ലോ മകനേ...
കണ്ണിമാങ്ങവിരിഞ്ഞല്ലോ...
അങ്കണതൈമാവിൽ പഴം
പാകമാകുവാൻ കാലമായി...
മകനേ നീയുറങ്ങുകയാണോ
എൻ മകനേ നീ ഉറങ്ങുകയാണോ...
ഒന്നു നീ എണീക്കുക...ഒന്നുനീ കണ്ണുതുറക്കുക...
മുലപ്പാലുകിനിയും മാറിടം വേദനിക്കുന്നു മകനേ നീ ഉണരുവാൻ സമയമായോ.....
തെക്കേ പറമ്പിലെ മുറിമാവ് തളിർത്തു...
പതിനെട്ടാം പട്ട തെങ്ങ് ചൊട്ടയൊന്നിട്ടൂ....
മകനേ നിൻറെ കുഴിമാടം
തേങ്ങുന്നു...
ഒന്നു നീ ഉണരുക
പുണരുക എന്നെ വേഗം നീ..
കണ്ണീരുകൊണ്ടു പൂക്കളം തീർത്തമ്മ മടുത്തു ....
കളിക്കോപ്പുകൾ മാറാല പുണർന്നിരിപ്പൂ അലമാരയിൽ...
കുഞ്ഞൻ പട്ടി വഴിയരുകിൽ നോക്കിയിരിക്കുന്നു...
നിൻ പദചലനത്തിനു കാതോർത്ത്..
അച്ഛൻ കിടക്കുന്നു
കരയുന്നില്ല....
ചുറ്റിയ തോർത്തു നനഞ്ഞതു ഞാൻ കണ്ടു...
മകനേ നീ വരുമോ
മാമ്പഴമൊന്നു പൂളി
വയറു നിറച്ചീടുവാനമ്മ
കൈകഴുകുന്നടുക്കളവാതിൽക്കൽ
അമ്മാവൻ ചേലയൊന്നു കൊണ്ടുവന്നല്ലോ
കടലിനക്കരെ നിന്നും..
ഒന്നിട്ടു നോക്കൂ നീ...
പാകമാകും നിനക്ക്
ബട്ടനൊന്നൂരിയാലും
ഇറുകാതെ കിടക്കും മകനേ നിനക്ക്...
ഒന്നു വരുമോ അമ്മാവൻ
വിളിക്കുന്നു വിരുന്നുണ്ണാൻ ചെല്ലാൻ വിളിക്കുന്നു...
മഴക്കാലം വരാൻ നേരമായി
നിറമുള്ള കുടയും നിനക്കായി വാങ്ങിയല്ലോ മാമൻ...
നനയല്ലേ നീ പനി വന്നാലച്ഛനുനൊമ്പരമാകും...
മകനേ ഉണരുക...ഉണരുക..
കാത്തിരിക്കുന്നമ്മ
ബലിക്കാക്ക കാണാതെ മധുരമിട്ടൊരച്ചപ്പവുമായി.

By: Vinu K mohan

ഒരു വിധവ...


മഞ്ഞച്ചരടിൽ മന്ത്രം ചൊല്ലി..
താലിയായത് ഇട്ട നേരം..
പത്നിയായി പോൽ!!
സ്വപ്നങ്ങൾ പലതും കണ്ടുനാൾ അമ്മയാകവേ...
അണിയറയിൽ കുത്തുവാക്കുകൾ...
മോതിരമൂരുവാൻ സമയമായെന്ന്..
പതിയൊന്നുരിയവേ
കേൾക്കാൻ കൊതിച്ചൊരു വാക്കുപോലെ..
പാൽപ്പല്ലുമുളയ്ക്കാക്കൊച്ചിനെ ഒക്കത്താക്കി ഓടുന്നു പത്നി
സ്വഗൃഹം തേടി..
ഓർക്കുന്നില്ലവർ വളരും കിടാവിന് അച്ഛനെന്നു വിളിക്കുവാനാരുമില്ലെന്ന്...
കൊതിതീരെ പുണരുവാനച്ഛനില്ലെന്ന്..
സ്വഗൃഹത്തിലൊരിക്കലന്യയാകുമെന്നു തോന്നിടാതെ
വേലക്കാരിയായി വേഷ്ടി കഴുകുന്നു വിധവയാം മകൾ..
സ്നേഹം തുളുമ്പും സോദരങ്ങൾ
കൂലിയില്ലാ വേലക്കാരിക്കുടു
തുണി കൊടുക്കും നേരം
മച്ചകം നോക്കി വളരുന്നു കൊച്ചൊരെണ്ണം...
അച്ഛനെന്നു വിളിക്കാൻ കൊതിയാകുന്നെന്നു
മുത്തച്ഛനോടു ചൊല്ലവേ
പള്ളി വികാരിയെ നോക്കി നീ അച്ഛനെന്നു വിളിച്ചോളൂ
എല്ലാവർക്കുമച്ഛനല്ലേ വികാരി.
മറുപടി കേട്ടു കരഞ്ഞീടവേ
കണ്ണുനീരുതുടയ്ക്കുവാൻ കൂടെ വരുന്നു പിഴച്ചു പോയൊരു ഭാവി..
ഇവിടേ തെറ്റു ചെയ്തതാര്?
പിറവികൊണ്ട മകനോ...
പോരടിക്കും മാതാവോ...പിതാവോ...?
ഓർക്കുക പാരിൽ പിറന്ന കുഞ്ഞിനു ദൈവങ്ങൾ രണ്ട്..
അതിലൊന്ന് മാതാവ്
പിന്നൊന്ന് പിതാവ്..
ഇതുരണ്ടു മില്ലാതെ വളർന്നെന്നാൽ മാറിടുമവൻ അസുരനായി

By: Vinu K MohaN

ഭാര്യ


നാണത്താൽ മുഖം കുനിച്ച്,
ചായക്കോപ്പയൊന്ന് നേരെ നീട്ടികാൽവിരലാൽഇഷ്ടമെന്ന് ചൊല്ലിമഞ്ഞച്ചരടിൽ ബന്ധിതയായി കൂടെ പോന്നോളെ....
നിന്നെ ഭാര്യയെന്നു വിളിച്ചിടുന്നു കാലം.
നിലാവെളിച്ചം മങ്ങി നിന്നിടും നേരം കരിപുരണ്ടൊരടുക്കളയിൽവയറു നിറച്ചു തന്നിടുവാൻ പാടുപെടുന്നോളെനിന്നെ ഭാര്യയെന്നു വിളിച്ചിടുന്നു ലോകം.
ഇരുൾ വീണനേരംഅന്തിക്കൂട്ടിന്ഭർത്താവൊന്ന് വിളിച്ചിടുമ്പോൾകണ്ണുനീരൊന്ന് വീഴ്ത്തിടാതെഓടിയടുത്തിടുമ്പോൾ ഉള്ളം പിടച്ചൊരാ തലയിണപോലും വിളിച്ചിടുന്നു നിന്നെ ഭാര്യയെന്ന്.
നിറവയറിൻ വേദനയറിയാതെ പെറ്റുവളർത്തീടുവാൻദിനമെണ്ണിക്കഴിഞ്ഞിടുമ്പോൾദിനരാത്രങ്ങളും വിളിച്ചിടുന്നു നിന്നെ ഭാര്യയെന്ന്..
എങ്കിലുമൊരാർത്തനാദം പൊഴിച്ചു നിറവയറൊഴിച്ചിടുമ്പോൾകൂട്ടുനിന്ന കിനാക്കളെല്ലാം കൈ കൂപ്പി വിളിച്ചിടുന്നു നിന്നെ അമ്മയെന്ന്.
പെണ്ണൊന്ന് കുഞ്ഞായി പിറന്ന് യുവതിയായി ,
ഭാര്യയായിഅടിവയറിൻ വേദനയറിഞ്ഞുപതിതൻ കിനാവിൽ സ്വപ്നങ്ങളായിഒടുവിലൊരമ്മയാകവേ...വിളിക്കുവാനേറെ സുഖം ഭാര്യയെന്ന വാക്കുതന്നെ.
by: 
Vinu K Mohan

അച്ഛൻ


വയറ്റാട്ടിതൻ കൈകൾ ചുളിവു വീണനേരം
രാവിലൊരിക്കൽ രക്തം പുരണ്ടിരുന്നു.
പുക്കിൾക്കൊടി മുറിക്കുവാൻ കത്തിതേടവേ
ഇരുളിൽ പിറന്നു വീണ ജൻമം ഞാൻ
പേറുമുറിതൻ വാതിക്കലേറ്റുവാങ്ങുവാനാളില്ലാതെ.
മാറാലവീണ മച്ചിലിരുന്നെട്ടുകാലി ചിരിക്കുന്നു
അച്ഛനങ്ങ് ഒഴുകുന്നു പൊടിയായി
ഈറ്റക്കാടുകൾ തങ്ങും പുഴയിലൂടെ
ബലിക്കാക്കകൾ കരയുന്നില്ല
ചുടലക്കാട്ടിലെ ശവംനാറിപ്പൂക്കൾ വിരിയുന്നില്ല
പകലിലൊരിക്കലും വാടുന്നില്ല താമരമലരുകൾ
മുഖം മറിയാതെ ഒരുതുള്ളിബീജമായി ജീവൻ തന്നുപോയനേരം
നിൻമുഖമോർക്കാത്ത ഭാഗ്യവാനോ ഞാൻ.
രാക്കോഴി കൂകുന്നു
ഇരതേടും കൂമൻ തുറിച്ച കണ്ണുമായി നോക്കവേ
ഭയമാകുന്ന ഒറ്റയ്ക്കിരിക്കുവാൻ.
കിനാക്കൾ വിരിയാത്ത രാവുകളിൽ
മനസ്സിൻ മുറിപ്പാടുകളിൽ
വെച്ചുകെട്ടുമോർമ്മകൾ
വീണ്ടും വീണ്ടും വന്നിടുമ്പോഴച്ഛാ ഓർത്തിടുന്നു
ഭാരമാകുന്നിവിടെ പലർക്കും
കണ്ണുകാണാത്ത ശുനകനായി തപ്പിത്തടയവേ
അറിയുന്നു ഒറ്റപ്പെടലൊരു വേദനമാത്രമെന്ന്.
നപുംസഹങ്ങൾ കണ്ണുനീർവാർക്കും ഭൂമിയിലെ
കിനാവുകാണാത്തൊ പുത്രനെന്ന്..
ഇവിടേ വസന്തമിനി വിരിയാറില്ല
ഓർക്കുവാനാണ്ടിൽ വരും വെറുമൊരു ദിനം മാത്രം. .
അന്ന് പൂണൂലിട്ട് ഇലയില്ലാ കൊമ്പിലിരുന്ന് കരയും ബലിക്കാക്കയെ നോക്കി പറഞ്ഞിടും
ഓർക്കുന്നില്ല നിൻ മുഖം
ശൂന്യമാം മനസ്സുമായി
നരകയറുവാൻ കാത്തിരിക്കും കൂന്തൽ നനയുന്നു വീണ്ടും.
വന്നെത്തും വേറൊരു വർഷത്തിനായി.

by-
Vinu K Mohan

സേതു



മോനേ സേതൂ.....നീ ഉറങ്ങുകയാണോ? ആരൊക്കെയാണ് വന്നതെന്ന് നോക്കിക്കേ? ദേ അപ്പുറത്തെ ചേട്ടൻമാരും ചേച്ചിമാരും പൂമാലകൊണ്ടുവന്നിട്ടുണ്ട് നിനക്ക് ഇടാൻ. കുഞ്ഞുമോനേ നോക്കിക്കേ സേതു കണ്ണുതുറക്കുന്നില്ല എന്താണാവോ? മൂക്കിൽക്കൂടി ചോരയും വരുന്നുണ്ട്.
ഇന്നലെ രാവിലെ പോയതാ മോൻ കഞ്ഞി വിളമ്പിയത് കുടിച്ചിട്ട് പോലും ഇല്ല.അപ്പൻറെ കുഴിമാടത്തിൽ കാടുവളർന്നത് പറിച്ചിട്ട് ബൈക്കുമെടുത്ത് പോയതാ.ദേ ഇപ്പൊ എണീക്കുന്ന് പോലും ഇല്ല.
അമ്മയ്ക്ക് വിശക്കുന്നടാ കുട്ടാ...ആരൊക്കെയോ പറയുന്നു നീ മരിച്ചൂന്ന് കവലയിൽ ഫോട്ടോവെച്ച് സ്മാരകം പണിയും പോലും പൊട്ടൻമാരാ ഇവര്.എൻറെ മോനെന്താ ദൈവാണോ? എല്ലാവർക്കും പൂജിക്കാൻ.
കുറച്ച് കഞ്ഞിയെടുക്കട്ടെ നിങ്ങൾക്കും വേണോ?കൂടിച്ചോ വയറുനിറയെ കൂട്ടാൻ കുറച്ച് ചോരയും കൂടിത്തരട്ടെ.
ഹി..ഹി.....ഹി...മോൻ മരിച്ചൂ...അല്ല ഉറങ്ങുകയാ അവൻ അപ്പൻറെ കൂടെ ഉറങ്ങുകയാണ്.
വലിയവലിയ ആളുകളുടെ കൂടെക്കൂടി അവനെ ഉറക്കിച്ചതാണ്.അന്നിട്ട് അവരൊക്കെ വലിയ നിലയിലായി മോൻ മാത്രം ഇപ്പോ ഉറങ്ങണ കണ്ടില്ലേ..
മെമ്പറേ മോന് ഇനി പണിയെടുക്കാൻ പറ്റില്ല.ഇവൻറെ അപ്പനെ വെട്ടിക്കൊന്നതാ.അന്ന് തൊട്ട് നടക്കുന്നതാ പെൻഷന് ആരും തന്നില്ല.
അന്ന് നീ പൊടിയാ വെറും പൊടി ഇപ്പൊ വലിയ ആളായിരിക്കുന്നു.അന്ന് അപ്പനെ ഒറ്റിയവരുടെ കൂട്ടത്തിൽ നീയും ഉണ്ട് യൂദാസേ...തൂ...തൂ....
ഇറങ്ങിപ്പോടാ നാറീ നിന്നോടാരാ പറഞ്ഞെ പൂമാലായുമായി വരാൻ എൻറെ മോൻ ഉറങ്ങുകയാ എണീക്കുമ്പോൾ അറിയിക്കാം.
ഇവിടെന്താ കല്യാണമാണോ?
ഇറങ്ങിക്കോ എല്ലാരും അല്ലേൽ കുറച്ച് കഞ്ഞി കുടിച്ചിട്ട് പൊയ്ക്കൊ.ഹി..ഹി.
മരം വെട്ടാൻ പാടില്ലാന്ന് നിനക്കറിഞ്ഞുകൂടെ പിന്നെന്തിനാടാ മാവ് മുറിക്കുന്നത് ഇവിടാരേലും ചത്തോ?
ആ മാവില് കാക്ക കൂട് കൂട്ടിയത് കാണാൻ മേലേ കുഞ്ഞുങ്ങളും ഉണ്ട്.അതുങ്ങള് ചത്തുപോയാല് ആ തള്ള കാക്കയുടെ വേദന നിങ്ങൾക്കറിയില്ല.കരച്ചിലോട് കരച്ചിലായിരിക്കും.
ഒന്നു മാറിനിൽക്ക് മോന് ശ്വാസം മുട്ടും. ജാനൂ ചേച്ചിയ്ക്ക് കുറച്ച് കഞ്ഞിവെള്ളം തന്നേ തൊഴിലുറപ്പിൻറെ പൈസ കിട്ടിയിട്ടും ഇല്ല ഈ സാരി ആണേൽ കീറിയും പോയി.മോൻ വാങ്ങിയത് അരികടിയ്ക്കാൻ സരസുൻറെ കടയിൽ കൊടുത്തേക്കുവാണ്.
മോൻ എണീക്കുമ്പോൾ വാങ്ങിക്കൊണ്ടുപോരും പിന്നെ ഞങ്ങള് മോഹൻലാലിൻറെ പുലിമുരുകൻ കാണാൻ പോകും.പിന്നെ ഉടുപ്പി ഹോട്ടലിൽക്കയറി പച്ചക്കറി ബിരിയാണി കഴിയ്ക്കും.
By: 
Vinu K Mohan

വന്ദേ മാതരം



സമയം രാത്രി 10.30 കഴിഞ്ഞിരിക്കുന്നു.മുറിയിൽ ഉറങ്ങാതെ കിടന്നിരുന്ന രാധിക പെട്ടെന്ന് ചാടി എഴുന്നേറ്റു .കോൾ എടുത്ത് അവൾ ചോദിച്ചു എത്ര നേരായി ഞാൻ കാത്തിരിക്കുന്നു ഒന്ന് വിളിച്ചൂടെ? കല്യാണം കഴിഞ്ഞിട്ട് ഒരു മാസം പോലും ആയിട്ടില്ല രാധിക പൊട്ടിക്കരഞ്ഞു.അങ്ങേത്തലയ്ക്കലിൽ നിന്ന് ഒരു പൊട്ടിച്ചിരിയാണ് കേട്ടത്.
ഹ.ഹ..ഹ.രാധികേ നീയെന്നിനാ കരയുന്നത്? ഞാൻ ആരാണെന്ന് നിനക്ക് അറിയുമോ?ലഫ്.കേണൽ മഹേഷ്ചന്ദ്രബോസ് അതുകൊണ്ട് നീ കരയാൻ പാടില്ല.
കാരണം പട്ടാളക്കാർ കരയുകയില്ല.
അമ്മ ഉറങ്ങിയോ?അതോ സീരിയലിൻറെ മുൻപിലോ?
പിന്നെ ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കണം, ഇന്ന് 12 മണിയ്ക്ക് ശേഷം ഒരു ഓപ്പറേഷൻ പ്ലാൻ ചെയ്തിട്ടുണ്ട് പരമരഹസ്യം.
അതും പാക്കിസ്ഥാൻറെ താവളത്തിൽ.അവിടെ ഭീകരരുടെ ഒളിത്താവളങ്ങൾ ഒരുപാടുണ്ട് പോലും.
ഹേയ്...രാധികാ.....എന്താണ് നീയൊന്നും മിണ്ടാത്തത്?
രാജ്യത്തിനുവേണ്ടി പടപൊരുതുന്ന പട്ടാളക്കാരനാണ് ഞാൻ അമ്മയുടേയൊ ഭാര്യയുടേയോ കണ്ണുനീര് ഞാൻ കാണുന്നില്ല.കോടിക്കണക്കിന് ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം.
ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കണം.ഇന്ന് അർദ്ധരാത്രികഴിഞ്ഞ് ഞങ്ങൾ പുറപ്പെടും.ഒരുപക്ഷേ ഒരിക്കലും തിരിച്ച് വരാത്ത യാത്രയായിരിക്കും.അമ്മ ഇതൊന്നും അറിയരുത്.
ഒരുപക്ഷേ ഞാൻ മരിച്ചാൽ അത് വീരമൃത്യുവായിരിക്കും.
ദേശീയപതാകയിൽ പൊതിഞ്ഞ ശരീരം കാണുമ്പോൾ പൊട്ടിക്കരയരുത് പകരം
സിന്ദൂരം മായ്ക്കാതെ നീയെനിക്കൊരു സല്യൂട്ട് തരണം.
തെക്കേപ്പറമ്പിലെ റംബൂട്ടാൻറെ അരുകിലാവണം എനിയ്ക്ക് സ്ഥലമൊരുക്കാൻ.
ഭയം ഇല്ല രാധികാ യൂണീഫോമിട്ട നേരത്ത് ഞങ്ങൾ പട്ടാളക്കാർ കാണുന്നത് നൂറുകണക്കിന് നിസ്സഹായരായ ജനങ്ങളെയാണ് അവരുടെ സുരക്ഷയാണ് മുഖ്യം.
അങ്ങനെ സംഭവിച്ചാൽ ഒരിക്കലും നീ വിധവ എന്ന പദം അലങ്കരിക്കരുത്.വേറെ വിവാഹം കഴിച്ചുകൊള്ളണം.പറഞ്ഞത് കേട്ടല്ലോ?
ഹെലിക്കോപ്ടറുകൾ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. കണ്ണുനിറയാതെ മുഷ്ടിചുരുട്ടി ഒന്ന് ഉറക്കെ പറയടീ നീയൊരു പട്ടാളക്കാരൻറെ ഭാര്യയാണെന്ന്.
പതിവുപോലെ തരാറുള്ള ചുംബനം ഇന്ന് തരരുത് .വെടിയൊച്ച കേൾക്കുമ്പോൾ നീ തന്ന ചുംബനം ഓർമ്മവരും.
ഒരേ ഒരു ലക്ഷ്യം ശത്രു നിഗ്രഹം.
വെയ്ക്കുകയാണ് ഉറങ്ങിക്കൊള്ളൂ ലക്ഷ്യം നിറവേറ്റിയാൽ ഞാൻ വിളിക്കും ഇല്ലെങ്കിൽ ഓർത്തുകൊള്ളുക മുൻപ് ഞാനൊരു പട്ടാളക്കാരൻറെ ഭാര്യയായിരുന്നെന്ന്.
ജയ്ഹിന്ദ്....വന്ദേ മാതരം.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo