Showing posts with label MalayalamThrillerStory. Show all posts
Showing posts with label MalayalamThrillerStory. Show all posts

സൈക്കോപാത്ത് I Short Story I Bindu Pushpan


 അന്നും.. മമ്മ എന്നോടൊന്നും മിണ്ടാതെ, കാറെടുത്ത് എങ്ങോട്ടോ ഓടിച്ചു പോയി. എൻെറ മനസ്സില് ആധിയേറി. രണ്ടുമൂന്ന് മാസമായി പെട്ടെന്നുള്ള പ്രേരണയാൽ വണ്ടിയെടുത്ത് പോകുന്നതൊരു പതിവായിരിക്കുന്നു. ആരെ കാണാനാണെന്നോ, എങ്ങോട്ടാണെന്നോ, യാതൊരു ഊഹവുമില്ല. എപ്പോൾ വരുമെന്നുപോലും നിശ്ചയമില്ല. പപ്പയാണെങ്കിൽ ദുബൈയിലും.
നാല്പത്തിരണ്ട് വയസ്സുണ്ടെങ്കിലും മമ്മ കാണാനിപ്പോഴും ചെറുപ്പമാണ്. പതിനാല് വയസ്സുള്ളൊരു മകനുണ്ടെന്ന് കണ്ടാലാരും പറയില്ല. മെലിഞ്ഞ ശരീരഘടനയ്ക്ക് യോജിക്കുന്ന ജീൻസും കുർത്തിയുമേ ധരിക്കാറുള്ളൂ.. നടക്കുമ്പോൾ തോളൊപ്പം സ്ട്രെയിറ്റ് ചെയ്തിട്ട കറുത്തമുടി അലകളായി ഇളകുന്നത് കാണാനെന്തൊരു ചന്തമാണ്. കൂട്ടുകാരൊക്കെ പറയും ‘അഭീ.. നീയെന്തൊരു ഭാഗ്യവാനാണ്.. അപാര ഫിഗറാണ് നിൻെറ മമ്മയ്ക്കെന്ന്’. അതുകേൾക്കുമ്പോൾ തനിക്കഭിമാനം തോന്നും. ഇത്ര സുന്ദരിയും, വിദ്യാസമ്പന്നയും, ബോൾഡുമായൊരു മമ്മ വേറാർക്കുണ്ട്..? ആരിലും ഒരു കുറവ് ദൈവം വരുത്തുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, തൻെറ മമ്മ കംപ്ലീറ്റിലി പെർഫെക്റ്റാണ്! സ്കൂളിൽ തന്നെ ഡ്രോപ്പ് ചെയ്യാനെത്തുമ്പോള് കൂട്ടുകാരൊക്കെ മിഴിയിമയനക്കാതെ മമ്മയെ നോക്കുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നും.
പെട്ടെന്ന്, ഫോണില് ശ്രീആന്റിയുടെ മുഖം തെളിഞ്ഞു
“അഭിമോനേ.. എന്തുണ്ട് വിശേഷം?”
“അമ്മയില്ലേ..?? അവളെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലല്ലോ?”
“ഇല്ലാന്റീ.. മമ്മയെവിടെയോ പോയേക്കുവാണ്..”
“മോനോടൊന്നും പറഞ്ഞില്ലേ..??”
“ഇല്ലാന്റീ..”
ആന്റിയുടെ സ്വരത്തിൽ വല്ലാത്തൊരു പരിഭ്രമം. മമ്മയുടെ ബെസ്റ്റ് ഫ്രണ്ടാണ് ശ്രീആന്റി. ഇപ്പോൾ പൂനെയിലാണ് താമസം. മമ്മേടെ പഴയ സ്കൂൾ കൂട്ടുകാരെല്ലാം വാട്ട്സ്ആപ്പ് ഗ്രൂപ്പിലുണ്ട്. കോളേജ് ഗ്രൂപ്പ് വേറെയുണ്ടെങ്കിലും അതിലൊന്നും മമ്മയ്ക്കത്ര താൽപര്യമില്ല. ഇവരാണ് യഥാർത്ഥ കൂട്ടുകാരെന്ന് പറയും. കളിയും, ചിരിയും, തമാശയുമൊക്കെയായി മമ്മയെന്നും അവർക്കൊപ്പം ഇരിക്കുന്നത് കാണാം. ചിലപ്പോൾ അർദ്ധരാത്രി കഴിയുംവരെ. എന്നോട് ഡിന്നറ് കഴിച്ചിട്ടു പോയിക്കിടന്ന് ഉറങ്ങിക്കൊള്ളാൻ പറയും. കോവിഡ് കാലമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്കായി സ്വന്തമായൊരു ഫോണും എനിക്ക് കിട്ടിയിരുന്നു. രാത്രി ഞാൻ പപ്പയുമായി ഫോണില് സംസാരിച്ചശേഷം നിർത്തിവെച്ച പബ്ജി ഗെയിം പുന:രാരംഭിക്കും. മമ്മ അന്നേരം വാട്സാപ്പില് ബിസ്സിയായിരിക്കും.
“മോൻ ഊണു കഴിച്ചോ..?”
“ഇല്ലാന്റീ..”
“ഇന്നലത്തെ ഫ്രൈഡ്റെസ് ഒണ്ട്. ചൂടാക്കി വെച്ചിട്ടാ മമ്മ പോയത്”
“മോനെന്നാ പോയി കഴിച്ചോ, സമയം രണ്ടുമണി കഴിഞ്ഞല്ലോ..?? ഞാൻ വിളിച്ചെന്നവളോട് പറയണ്ടാട്ടോ..”
“ഓക്കേ.. ആന്റീ..”
“ബൈ.. മോനൂ..”
‘ആന്റീയെന്തിനാ..വിളിച്ചത്? മമ്മയോട് പറയരുതെന്നും പറഞ്ഞത്?’ മമ്മയെ കിട്ടാതെ വരുമ്പോൾ ആന്റീ സാധാരണ എന്നെയാണ് വിളിക്കാറ്.
ചിന്തകളോരോന്നായി എൻെറ മനസ്സിനെ മഥിക്കാന് തുടങ്ങി. ഈയിടെയായി മമ്മയെന്നെ ഒത്തിരി അവോയ്ഡ് ചെയ്യുന്നു.. കുറച്ചു ദിവസം മുന്നെ, എന്തോ ആവശ്യത്തിന്, മമ്മേടെ മുറീല് ചെന്നപ്പോ കണ്ടകാഴ്ച്ച!! അമ്പരപ്പിക്കുന്നതായിരുന്നു.
‘മമ്മ.. കുളിക്കുവാണേല് ഡോറൊന്ന് അടച്ചൂടെ..’ എന്ന് ചോദിച്ചതിന് കാട്ടിക്കൂട്ടിയ ബഹളം ചില്ലറയൊന്നുമല്ല. 'അതിനിപ്പം ഇവിടാരു വരാനാ.. നീയല്ലേയുള്ളൂ...' എന്നുമുതലാ എൻെറ മമ്മ കാര്യങ്ങളിത്ര നിസാരവൽക്കരിച്ചു കാണാന് തുടങ്ങീത്? എനിക്കതിശയം തോന്നി. അതിനെച്ചൊല്ലിയുണ്ടായ വഴക്കില് രാത്രി മൊത്തം എന്നെ വാഷ്റൂമില് അടച്ചിട്ടു.
"എന്നെ ചോദ്യം ചെയ്യാന് നീയാര്..?? റോയിച്ചായാൻ പോലും എന്നെയിതുവരെ ചോദ്യം ചെയ്തിട്ടില്ല. പിന്നല്ലേ നീ..”
മമ്മ ആക്രോശിക്കുകയായിരുന്നു. ഞാൻ ഭയന്ന് വിറച്ചുപോയി.
"ഞാൻ.. എനിക്കിഷ്ടമുള്ളതൊക്കെ ചെയ്യും. ചോദ്യം ചെയ്യാന് വന്നാലുണ്ടല്ലോ..’ മമ്മ നിന്ന് ഉറഞ്ഞുതുള്ളി.
പിറ്റേന്ന് രാവിലെ ചെയ്ത തെറ്റിനൊക്കെ സോറി പറഞ്ഞു മമ്മയെന്നെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു. അതുകാരണം പപ്പയോടൊന്നും പറഞ്ഞില്ല. ഞങ്ങളുടെ വീടിനടുത്ത് തന്നെ വല്ല്യപപ്പേടെ വീടുണ്ട്. പക്ഷേ, മമ്മയ്ക്ക് അവരെ പഥ്യമല്ല. അവിടെ പോകാനും വിലക്കുണ്ട്. ചിന്തകളെങ്ങും എത്താത്തതിനാൽ ഫ്രൈഡ്റെസും കഴിച്ചിട്ട് ഞാൻ കിടന്നുറങ്ങി.
ഇടിവെട്ടുന്നത് പോലെത്തെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. മുൻവശത്തെ ഡോർ അടഞ്ഞതാണ്. എൻെറ മുറിയിലെ ലെറ്റ് തെളിഞ്ഞു.
“പുറത്തെന്താഡാ ലൈറ്റിടാഞ്ഞത്? നിന്നോടൊരു കാര്യം എത്ര വട്ടം പറയണം..?”
കൈയുർത്തികൊണ്ട് ഈറ്റപ്പുലിയെപ്പോലെ മമ്മ എനിക്കടുത്തേക്ക് പാഞ്ഞു വന്നു.
കാണുന്നത് സ്വപ്നമാണോ, മിഥ്യയാണോ എന്നറിയാതെ ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് കണ്ണുതിരുമ്മി പകച്ചു നോക്കി. അന്നേരം ഡ്രോയിങ്റൂമിൻെറ ചുമരിലിരുന്ന കിളി പുറത്തിറങ്ങി എട്ടുതവണ ചിലച്ചു. എന്നെയും കൂടെ കൂട്ടാത്തതിൻെറ അമർഷം ഞാനറിയാതെ എൻെറ ചലനങ്ങളിലും പ്രകടമായി. അത് മമ്മയെ കൂടുതൽ രോഷാകുലയാക്കി.
പെട്ടെന്ന്, മമ്മയ്ക്കൊരു കോള് വന്നു. മറുതലയ്ക്കൽ ജികെ അങ്കിളിൻെറ കോട്ടുംസൂട്ടുമിട്ട മുഖം സ്ക്രീനില് തെളിഞ്ഞു. ഫോണുമായി മമ്മ കൊടുംങ്കാറ്റുപോലെ മുറിക്ക് പുറത്തേയ്ക്കിറങ്ങി പോയി.
“ഞാനെത്തിയെടാ .. ഞാൻ നിന്നെ പിന്നെ വിളിക്കാം ..”
ആ മൃദുസ്വരം എന്നെയാണ് കൂടുതൽ സന്തോഷിപ്പിച്ചത്. കൃത്യസമയത്ത് അങ്കിളിൻെറ ഫോൺ വന്നില്ലായിരുന്നെങ്കിൽ അടികൊണ്ട് ഞാൻ പുളഞ്ഞേനേ.. നാളെ അങ്കിളിനെ വിളിച്ചൊരു താങ്ക്സ് പറേണം..
ജികെ അങ്കിളും, മമ്മയും, ഇന്ദുവാന്റിയും, ശ്രീആന്റിയുമൊക്കെ ക്ലോസ് ഫ്രണ്ട്സാണ്. അന്ന്, സ്കൂൾ കാലഘട്ടത്തില് മമ്മയ്ക്ക് ബോയിസ്സുമായ് യാതൊരു അടുപ്പവും ഇല്ലായിരുന്നു. ഇപ്പോളാ എല്ലാരുമായി ഫ്രണ്ടലിയായത്. അങ്കിളിന് കാനഡയിലാണ് ജോലി. ലീവിന് വന്നതാ. ഒരുദിവസം അങ്കിൾ രശ്മിയാന്റിയെയും നീനുമോളെയും കൂട്ടി ഇവിടെയും വന്നിരുന്നു. ഡിന്നറും കഴിഞ്ഞിട്ടാ അവര് പോയത്. അന്ന് മമ്മ കിച്ചണില് കയറി എന്തൊക്കെയാ വെച്ചുണ്ടാക്കീത്..! എന്നിട്ടതെല്ലാം ഫോട്ടോയെടുത്ത് ഗ്രൂപ്പിലിട്ടു. മമ്മയും അങ്കിളും കൂടെ ഏതെല്ലാം പോസ്സുകളിൽ നിന്നാ ഫോട്ടോയെടുത്തത്. പെട്ടെന്ന് രശ്മിയാന്റിയുടെ മുഖം കറുത്തവാവ് പോലെ ഇരുളുന്നതും കണ്ടു.
എന്നെ കൂട്ടാതെ ഇതെവിടെയാ എന്നുമെന്നും പോകുന്നതെന്ന് ചോദിക്കണം. കോറോണ കാരണം പുറത്തിറങ്ങിയിട്ട് നാളൊത്തിരിയായി. എന്നെയും കൂടെ കൂട്ടിയാലെന്താ മമ്മയ്ക്ക്..? അവസരം വരട്ടെ.. മൂഡ് നോക്കി ഒക്കെ ചോദിക്കണം.‘മോനോടിപ്പോ, മമ്മയ്ക്കൊരു സ്നേഹോമില്ല..!’ ഞാനറിയാതെ രണ്ടുമൂന്ന് നീർമുത്തുകൾ നിലത്തേയ്ക്ക് വീണു ചിന്നിച്ചിതറി.
ജനലിന് പുറത്തെ കനത്ത ഇരുട്ട് എൻെറ മനസ്സിലേക്കും പതിയെ ചേക്കേറി തുടങ്ങി. ഈയിടെയായി മമ്മയ്ക്കല്പം ദേഷ്യേം കൂടീട്ടൊണ്ട്. മനസ്സിലാരോ.. ഷാർപ്പാകാത്തൊരു പെൻസില് കൊണ്ട് ഏതൊക്കെയോ അവ്യക്തചിത്രങ്ങൾ കോറിയിടുന്നു.. ഒന്നും പൂർണ്ണമാകുന്നില്ല.
മമ്മേടെ ഫേസ്ബുക്കിലെന്നും ജികെഅങ്കിളിനോടൊപ്പമുള്ള പുതിയ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പപ്പയോടുപോലും മമ്മ ഇത്രേം ഇഴുകിച്ചേർന്ന് നിന്ന് കണ്ടിട്ടില്ല. എനിക്കൊന്ന് ഉറക്കെ കരയണമെന്ന് തോന്നി. ഞാൻ പപ്പയെ വല്ലാതെ മിസ്സ് ചെയ്തു.
കുറച്ചു കഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാതെ, മമ്മേടെ മുറീല് ചെല്ലുമ്പോൾ മമ്മ കിടക്കുകയായിരുന്നു. വേഷംപോലും മാറീട്ടില്ല. തൊട്ടടുത്തത് ടേബിളിലിരുന്ന സ്പടിക ഗ്ലാസ്സിലെ സ്വർണ്ണദ്രാവകം കണ്ട് ഞാനമ്പരന്നു.
“മമ്മേ…” പതിയെ ഞാനാ കൈയില് രണ്ടു മൂന്ന് തവണ തട്ടി വിളിച്ചു.
“നിനക്കുള്ള ഫുഡ് പാഴ്സൽ വാങ്ങീ.. പോ..യെഴുത് കഴിച്ചോ..”
കുഴയുന്നുണ്ടായിരുന്നു ആ വാക്കുകൾ.
എനിക്കൊന്ന് ഉച്ചത്തില് അലറി കരയണമെന്ന് തോന്നി. ആരെക്കെയോ ചേർന്നെന്റെ മമ്മയെ എന്നിൽനിന്നും തട്ടിപ്പറിച്ചെടുക്കുന്നു..?
എത്ര സുന്ദരമായിരുന്നു ഞങ്ങളുടെ ജീവിതം.
തുടർന്നും.. സംഭവങ്ങൾ ഓരോന്നായി ആവർത്തിച്ചു കൊണ്ടിരുന്നു. ഒരു ദിവസം മമ്മ പോയിട്ട് തിരിച്ചു വന്നില്ല. പിറ്റേന്നാ വന്നത്. പിന്നീടതൊരു പതിവായി മാറി. മമ്മ അപ്രത്യക്ഷമാകുന്ന ദിവസങ്ങളിലൊക്കെ ശ്രീആന്റിയുടെ ഫോണും കൃത്യമായി എനിക്ക് വന്നിരുന്നു. ആന്റിക്ക് എന്തൊക്കെയോ കാര്യങ്ങള് അറിയാമെന്ന് തോന്നി. ഗത്യന്തരമില്ലാതെ തനിക്ക് ചോദിക്കേണ്ടി വന്നു. ഒത്തിരി നിർബന്ധിച്ചു കഴിഞ്ഞാണ് ആന്റി പറഞ്ഞത്.
ജികെഅങ്കിളിന്റെ വീട്ടിലാണത്രെ മമ്മ സ്റ്റേ ചെയ്യുന്നത്. മമ്മയെ അവിടെല്ലാവർക്കും വല്ല്യ ഇഷ്ടമാണത്രെ! കാറു നിറയെ സാധനങ്ങളുമായാണ് മമ്മ അവിടെ ചെല്ലുന്നത്. രശ്മിയാന്റിയെ മാറ്റി നിർത്തി അവിടുത്തെ കിച്ചണില് കയറി ആഹാരം ഉണ്ടാക്കുകയും സെർവ് ചെയ്യുകയും ചെയ്യുമത്രേ!! ആ ഫോട്ടോസ്സൊക്കെ രണ്ടുപേരും ചേർന്ന് ഗ്രൂപ്പിലിടും. അങ്കിളിന്റെ ളോഹപോലുള്ള ടീഷർട്ടും ബർമുഡയുമൊക്കെ ധരിച്ചുള്ള മമ്മേടെ ഫോട്ടോസ് ഗ്രൂപ്പില് ചർച്ചയാണെന്ന്. ശ്രീആന്റി മമ്മയെക്കുറിച്ചു ഓരോന്ന് പറയുന്നത് കേട്ടപ്പോൾ എനിക്കറപ്പ് തോന്നി.
“മോനോടെനിക്ക് കൂടുതലൊന്നും പറയാനാവില്ല.. ഞങ്ങളൊക്കെ അവളോട് ഒത്തിരി പറഞ്ഞു നോക്കി. ഇതൊന്നും ശരിയല്ലെന്ന്!!. പക്ഷെ, ആര് കേൾക്കാൻ..! നോ..രക്ഷ!!”
“മോൻ വല്ല്യപപ്പയോട് പറഞ്ഞു അവളെ എത്രേം വേഗം നല്ലൊരു ഡോക്ടറെ കാണിക്കണം.”
അതിൻെറ പ്രത്യാഘാതം വളരെ വലുതായിരുന്നു.
“ഇതൊക്കെ നിന്നോടാര് പറഞ്ഞെടാ??”
“ഞാനെനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യും!. എനിക്ക് ശരിയെന്ന് തോന്നുന്നതാ ഞാൻ ചെയ്യുന്നത്. ജികെ എനിക്ക് ബ്രദറാ..! മറ്റുള്ളവരെന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല.”
“മറ്റുള്ളവരെപ്പോലെ നീയുമെന്നെ ചോദ്യം ചെയ്യാറായോ..? ആയോന്ന്..??
ആ ഭാവമാറ്റം കണ്ട് ഞാൻ പകച്ചുപോയി. എനിക്കടുത്തേക്ക് പാഞ്ഞുവന്ന മമ്മ പെട്ടെന്ന് നിലത്തേയ്ക്ക് തളർന്ന് വീണു. അതിശക്തമായി കിതയ്ക്കാൻ തുടങ്ങി.
മമ്മേ ..!!!
പരിഭ്രാന്തയോടെ ഞാനോടിച്ചെന്നു.
മമ്മേടെ മുറിയിൽനിന്നും ഇൻഹേലർ തപ്പിയെടുത്തുകൊണ്ട് വരുമ്പോഴേയ്ക്കും ഒരിറ്റു ശ്വാസത്തിനായി മമ്മ കിടന്ന് പിടഞ്ഞു കൊണ്ടേയിരുന്നു..
സിറ്റി ഹോസ്പിറ്റലിലെ ഐസിയുവിന് പുറത്തേയ്ക്ക് വന്ന ഡോക്റുടെ മുഖമൊട്ടും പ്രസന്നമല്ലായിരുന്നു.
“ആൻസിക്ക് മുമ്പിങ്ങനെ വന്നിട്ടുണ്ടോ ..?”
ഡോക്ർ വല്ല്യപപ്പയോടായി ചോദിച്ചു. അദ്ദേഹമൊന്ന് പരുങ്ങി.
“അവള് വേറെയാ താമസം. ഇത് മോനാ..”
ഞാൻ കയ്യിൽ കരുതിയിരുന്ന മമ്മേടെ ഫയല് ഡോക്ർക്ക് നേരെ നീട്ടി ആകാംഷയോടെ നിന്നു. മെഡിക്കൽ ഫയല് മറച്ചുനോക്കിയ അദ്ദേഹം കണ്ണടയ്‌ക്കിയിലൂടെ എന്നെയൊന്ന് നോക്കി.
“മോനൊന്ന് വന്നേ ....”
“ഞാൻ കാര്യങ്ങളൊന്ന് ചോദിച്ചറിയട്ടെ.. അപ്പച്ചനിവിടെ നിൽക്ക്”
ഡോക്ർ ഫിലിപ്പ് മാത്യു എന്നെയും കൂട്ടി ഐസിയുവിനോട് ചേർന്നുള്ള മുറിയിലേക്ക് പോയി. ഞാൻ വല്ലാതെ ഭയന്ന് വിറച്ചു. കൈകാലുകൾ തളരുന്നത് പോലെ തോന്നി. ആകാശനീല വിരികളുള്ള മുറിയിൽ അദ്ദേഹം എനിക്കഭിമുഖമായി ഇരുന്നു. ശീതികരിച്ചയാ മുറിയിലിരുന്ന് ഞാൻ വല്ലാതെ വിയർത്തു കുളിച്ചു. നനഞ്ഞ ടീഷർട്ട് എൻെറ ദേഹത്തോടൊട്ടി കിടന്നു.
അദ്ദേഹം എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
“മോനേത് ക്ലാസ്സിലാ പഠിക്കുന്നത്..?”
“ഒമ്പതാം ക്ലാസ്സിൽ..”
“മോൻ പേടിക്കണ്ടാ.. മോനറിയാവുന്നതൊക്കെ തുറന്ന് പറയണം. എങ്കിലേ.. നമുക്ക് അമ്മയെ വേഗം സുഖപ്പെടുത്താൻ പറ്റൂ..”
ഞാൻ തലകുലുക്കി.
ഡോക്ർ എന്നോട് ഓരോ കാര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. രാത്രീല് മമ്മയ്ക്ക് ഉറക്കമില്ലാത്തും, സ്ലീപ്പിംഗ് പിൽസ് എടുക്കുന്നതും, ഡ്രിങ്സ് കഴിക്കുന്നതും കാരണമില്ലാത്ത എന്നോട് ദേഷ്യപ്പെടുന്നതുമടക്കം ശ്രീആന്റിയുമായി ഫോണില് സംസാരിച്ചതൊക്കെ എനിക്ക് പറയേണ്ടി വന്നു. ഒടുവിലാ സംസാരം ജികെഅങ്കിളിൽ ചെന്ന് നിന്നു. മമ്മയുടെ ബിഹേവിയറില് അടുത്ത കാലത്തുണ്ടായ മാറ്റം അദ്ദേഹം ശ്രദ്ധയോടെ കേട്ടു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കാറ്റ്പോയൊരു ബലൂണ് പോലെയായി ഞാനും..
“ഓകെ മോനേ.. മോന് ചെന്ന് വല്യപ്പച്ചനോട് എന്നെയൊന്ന് വന്ന് കാണാൻ പറയ്”
വല്ല്യപപ്പയും ഡോക്ടറും തമ്മിലുള്ള സംഭാഷണം ഞാൻ പുറത്തുനിന്നും കാതു കൂർപ്പിച്ചു കേട്ടു.
“നിങ്ങളെന്തൊരു മനുഷ്യനാടോ..? മരുമകളെയും കൊച്ചുമകനേയും ഒറ്റയ്ക്ക് താമസിക്കാന് വിട്ടിട്ട് നിങ്ങളൊന്ന് തിരിഞ്ഞു നോക്കാറുണ്ടോ..?”
ഡോക്ർ വല്ല്യപപ്പയോട് തട്ടിക്കയറി.
“ഇപ്പൊ, ഇങ്ങനൊരു സംഭവം ഉണ്ടായിരുന്നില്ലേൽ ആ കൊച്ചിനെ അവര് കൊന്നേനെ.. !!”
ഞാൻ ഞെട്ടിപ്പോയി !!
കുറേ നേരത്തേക്ക് അകത്തു നിന്ന് അനക്കമൊന്നും കേട്ടില്ല.
“ഹാർട്ടിൻെറ അസുഖം ഉണ്ട്. ശരിതന്നെ.. അതിൻെറ കൂടെയൊരു മെന്റൽ ഡിസോർഡറാണ് ഇപ്പോഴവർ കാണിക്കുന്നത്. ബോധം തെളിഞ്ഞപ്പോൾ തൊട്ട് ആർക്കോ ഫോൺ ചെയ്യണമെന്നും പറഞ്ഞു ഐസിയുവില് കിടന്ന് ബഹളം വെയ്ക്കുകയാണ്.. ”
"നിങ്ങടെ മോന് ഉടനെയെങ്ങാനും ദുബൈയീന്ന് വരുമോ ..?’
വല്ല്യപപ്പയെന്തോ പറയുന്നുണ്ട് കേൾക്കാൻ പറ്റുന്നില്ല.
“ഏതായാലും ഭാഗ്യമെന്ന് വിചാരിച്ചാ മതി. കൊച്ചുമോന് ആപത്തൊന്നും സംഭവിച്ചില്ലല്ലോ”
“ഡോക്ർ ജോയൽ ബ്രിട്ടാസ് എൻെറ കൂട്ടുകാരനാണ്. സൈക്കോളജിയില് പ്രശ്സതനാണ്. ഞാൻ ഫോൺ ചെയ്തിട്ടുണ്ട്. അദ്ദേഹം വന്നൊന്ന് നോക്കട്ടെ, അതിനുശേഷം പറയാം എന്താ വേണ്ടതെന്ന്..”
ഞാൻ തളർന്ന് താഴേക്ക് വീണു പോയേക്കുമെന്ന് തോന്നിയപ്പോൾ പതിയെ വന്നു കോറിഡോറിലെ കസേരയിലിരുന്നു. കുറച്ചു കഴിഞ്ഞു വല്ല്യപപ്പ തിരികെ വന്ന് ആർക്കെക്കെയോ ഫോൺ ചെയ്യുന്നത് കണ്ടു. ഏതോ അവാർഡ് സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ ആരെക്കെയോ എനിക്ക് മുന്നിലൂടെ വന്നുപൊയ്ക്കൊണ്ടിരുന്നു.. ഏതോ നിശബ്ദ ചിത്രങ്ങൾപ്പോലെ..
ഉച്ചകഴിഞ്ഞു ഡോക്ടർ ജോയൽ ബ്രിട്ടാസെത്തി. അതിനും മുമ്പേ ശോശാമ്മച്ചി വലിയൊരു ബാഗുമായി എത്തിയിരുന്നു. വല്ല്യപപ്പയെടുത്ത പ്രൈവറ്റ് റൂമിലിരുന്നുള്ള അവരുടെ സംസാരം മമ്മയ്ക്കെതിരെയുള്ള കുറ്റപ്പെടുത്തലുകളായി പരിണമിച്ചപ്പോൾ അവർക്ക് നടുവിലിരുന്ന് ഞാനൊരു മെഴുകുതിരിയായ് ഉരുകിത്തീർന്നു. ഏറെ നാളുകൾക്ക് ശേഷം ശോശാമ്മച്ചി എനിക്ക് മുന്നിൽ വിളമ്പിവെച്ച ആഹാരം അതേപടി പ്ളേറ്റിൽ തന്നെയിരുന്നു.
‘മാനിക് ഡിപ്രസീവ് സൈക്കോസിസ്’ എന്നൊരു പുതിയ വാക്ക് മമ്മയുടെ മെഡിക്കൽ ഹിസ്റ്ററിയിലേക്ക് കൂട്ടി ചേർക്കപ്പെട്ടു. രണ്ട് ദിവസമായിട്ടും എനിക്കൊന്ന് മമ്മയെ കാണാൻ കഴിഞ്ഞില്ല. മൂന്നാം ദിവസം പപ്പയെത്തി. അന്നേരമാണെനിക്ക് ശ്വാസം നേരെ വീണത്. പപ്പ ഓടിവന്നെന്നെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു.
"മമ്മ.. ഒരു വലിയ ക്രിട്ടിക്കൽ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്.. മോൻ പ്രാർത്ഥിക്കണം..’ അത്ര മാത്രമേ പപ്പയെന്നോട് പറഞ്ഞുള്ളൂ..
“നമ്മുടെ ശരീരത്തിനുണ്ടാകുന്ന പല തരം രോഗങ്ങൾ പോലെയാണ് മാനസിക രോഗങ്ങളും. മനസ്സിൻെറ പല ഘടകങ്ങളും അസുഖാവസ്ഥയിലേക്ക് നീങ്ങാറുണ്ട്. തലച്ചോറിൻെറ വിവിധ ന്യൂറോ ട്രാന്സ്മിറ്ററുകളുടെ അളവിലുണ്ടാകുന്ന കാര്യമായ വ്യതിയാനമാണ് ഡിപ്രഷനടക്കമുള്ള പല മാനസിക പ്രശ്നങ്ങൾക്കും കാരണം. നോർഎഷപ്പിനോഫ്രിന്, ടോപോമിന് തുടങ്ങിയവയുടെ പ്രവർത്തനത്തിലെ മാറ്റങ്ങളാണ് മാനസിക രോഗങ്ങൾക്ക് വഴിയൊരുക്കുന്നത്. വൈകാരികാവസ്ഥയിലെ ഇത്തരം തകരാറാണ് വിഷാദരോഗത്തിലേക്കും, ഉന്മാദാവസ്ഥയിലേക്കും, ഉത്ക്കണ്ഠാരോഗത്തിലേക്കും രോഗിയെ നയിക്കുന്നത്. ഇതും.. അതുപോലൊരു അവസ്ഥയാണ്.
കുടുംബ പശ്ചാത്തലം, മതിയായ സ്നേഹം കിട്ടാതെ വരിക, അന്ധമായ അല്ലെങ്കിൽ അമിത വിശ്വാസം ഒക്കെയാണ് ഇതിന് പിന്നിലുള്ള പ്രധാന ഘടകങ്ങൾ. ഇത്തരത്തിലുള്ള രോഗികൾ അത് കിട്ടുന്നിടത്തേക്ക് നുഴഞ്ഞു കയറും. അവരവരുടെ പരിമിതികൾപോലും മറന്നുപോകും. എന്ത് വില കൊടുത്തും അർഹതയില്ലാത്തത് വെട്ടിപ്പിടിക്കാനവർ ശ്രമിക്കും. അതിന് തടസ്സം നിൽക്കുന്നവരെയൊക്കെ നിഷ്കരുണം ഇല്ലായ്മ ചെയ്യും. അത്തരത്തിലുള്ള ഒരവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങളെത്തി നിൽക്കുന്നത്. ഒന്നും യഥാർത്ഥ ബോധത്തോടെ ചെയ്യുന്നതല്ല. നല്ല സമചിത്തതയോടെ കാര്യങ്ങളെ കാണണം. നിങ്ങള് വിഷമിക്കണ്ട.. ചികിത്സയുണ്ട്. കൃത്യമായ കൗൺസിലിങും, ചികിത്സയും കൊണ്ട് നമുക്കത് മാറ്റിയെടുക്കാം. ചികിത്സയോടൊപ്പം തന്നെ കുടുംബത്തിൻെറ പൂർണ്ണ പിന്തുണയും വേണം. സമ്മതമാണെങ്കിൽ നാളെത്തന്നെ എൻെറ ക്ലിനിക്കിലേക്ക് പോന്നോള്ളൂ.. നിങ്ങൾക്കും മകനും അവിടെ താമസിക്കാനുള്ള അറേഞ്ച്മെന്റും ചെയ്യാം..”
ഡോക്ടർ ബ്രിട്ടാസ് അത്രയും പറഞ്ഞു തീർത്തു പപ്പയുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ഒരായിരം നക്ഷത്രങ്ങള് മിന്നിപ്പൊലിയുന്നത് ഞാൻ കണ്ടു.
“ഞങ്ങൾ നാളെത്തന്നെ വരാം ഡോക്ടർ..”
പപ്പ നന്ദിയോടെ, അദ്ദേഹത്തെ തൊഴുതു. കണ്ണുകൾ ഈറനണിഞ്ഞത് ഞാൻ കാണാതെ മറച്ചു പിടിച്ചു. എനിക്കത് സഹിക്കാനായില്ല.. ഞാൻ വേഗം മുറിയിലേക്ക് ഓടിപ്പോന്നു.
പിറ്റേദിവസം ഞങ്ങൾക്കായൊരു ആംബുലൻസ് ആശുപത്രി മുറ്റത്ത് തയ്യാറായി കിടപ്പുണ്ടായിരുന്നു. ഞങ്ങൾ റെഡിയായി പുറത്തു വന്നപ്പോഴേയ്ക്കും രണ്ട് നേഴ്‌സുമാർ മമ്മയെ വീൽച്ചെയറിലിരുത്തി കൊണ്ട് വന്നു. അവരുടെ കൈ വിടുവിക്കാനായി മമ്മ കുതറുന്നുണ്ടായിരുന്നു. മുടിയൊക്കെ പാറി പറന്ന് അവശയായിരിക്കുന്നു. ഈയൊരു കോലത്തിൽ മമ്മയെ ഞാനാദ്യമായ് കാണുകയാണ്. പെട്ടെന്ന് പപ്പയെ മുന്നിൽ കണ്ട് മമ്മ പകച്ചു നോക്കി.
“എൻെറ ഫോണെവിടെ? എനിക്കിപ്പൊ ജികെ വിളിക്കണം...”
“ആരെങ്കിലും ജികെയൊന്ന് വിളിച്ചു തരുവോ.. പ്ലീസ്..?”
മമ്മ അലമുറയിടുകയാണ്. ഇടയ്ക്ക് നേഴ്‌സുമാരുടെ കൈ വിടുവിക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നെയൊന്ന് നോക്കുന്നു പോലുമില്ല. മമ്മ വേറേതോ ലോകത്താണ്. എനിക്ക് കരച്ചില് വന്നു. പപ്പയെൻെറ തോളിൽ തട്ടി പതിയെ ആശ്വസിപ്പിച്ചു.
“മോൻ വിഷമിക്കണ്ട.. മമ്മയ്ക്ക് പെട്ടെന്ന് സുഖമാകും”
‘ജീസസ്സ് എൻെറ മമ്മയെ വേഗം സുഖപ്പെടുത്തണേ..’ കുരിശ് വരച്ചു കൊണ്ട് ഞങ്ങളും മമ്മയോടൊപ്പം ആംബുലൻസിലേക്ക് കയറി.
ആശുപത്രി മുറ്റത്തെ ലില്ലിപ്പൂക്കൾ ഞങ്ങളെ നോക്കി മെല്ലെ തലയാട്ടി പുഞ്ചിരി തൂകി നിന്നു..
(ബിന്ദു പുഷ്പൻ......✍)

കറുത്ത സൂചികൾ I Short Story I Shefeer Parappath

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അലോഷ്യസ് ഈ നഗരത്തിലുണ്ട്. താൽക്കാലിക താമസസ്ഥലമായ ലോഡ്ജിനും തിരക്കൊഴിഞ്ഞ ആ ചെറിയ റെസ്റ്റോറന്റിനും ഇടയിലെ അയാളുടെ യാത്രകളിൽ ഇടത്താവളങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു ചായക്ക് മാത്രം അവിടെ എത്തിയിരുന്നതുകൊണ്ട് റെസ്റ്റോറന്റിനു പോലും അലോഷ്യസിനോടൊരു മുഷിപ്പു തോന്നാൻ തുടങ്ങിയിരുന്നു.. ആകാശത്തെ ചുംബിച്ചു നിൽക്കുന്ന ക്ലോക്ക് ടവർ, അക്കങ്ങൾക്ക് പകരം പുള്ളിക്കുത്തുകൾ നിറഞ്ഞ അതിലെ ഡയൽ, വലിയ വെളുത്ത ഡയലിൽ കറങ്ങുന്ന കറുത്ത സൂചികൾ, ടവറിന് മുകളിൽ തമ്പടിച്ചിരുന്ന പ്രാവിൻ കൂട്ടങ്ങൾ, വഴിയരികിലെ മഹാഗണി മരത്തിലെ എണ്ണം പറഞ്ഞ കാക്കകൾ, എന്നിങ്ങനെ അയാളുടെ റെസ്‌റ്റോറന്റ് സന്ദർശനത്തിന് സ്ഥിരം കാഴ്ചക്കാരുണ്ടായിരുന്നു.
പതിവ് പോലെ വൈകുന്നേരം അലോഷ്യസ് മുറിയിൽ നിന്നും റെസ്റ്റോറന്റ് ലക്ഷ്യമാക്കി നീങ്ങി. പക്ഷേ ഇത്തവണ ഇരയുടെ മരണക്കുറിപ്പുമായാണ് അയാൾ മുറി വിട്ടിറങ്ങിയത്. പടിഞ്ഞാറ് തല താഴ്ത്താൻ തുടങ്ങിയ സൂര്യൻ ആ വൈകുന്നേരത്തിന് ചുവന്ന ചായം തേച്ചുകൊണ്ടിരുന്നു. നീളൻ ജുബ്ബയുടെ വീർത്തു തൂങ്ങിയ പോക്കറ്റിൽ ഇടക്കിടക്ക് കൈയ്യമർത്തിക്കൊണ്ടയാൾ മുന്നോട്ട് നടന്നു. ചുവന്ന തൊപ്പിയിട്ട ഒരു വൈറ്റ് ബോർഡ് മാർക്കർ പേന, അയാളുടെ പോക്കറ്റിൽ നിന്നും തല ഉയർത്തി നോക്കി. എണ്ണമയം തൊട്ടു തീണ്ടാത്ത ഉള്ളു കുറഞ്ഞ മുടിയിഴകൾ സായന്തനക്കാറ്റിന്റെ ദിശ അറിയിച്ചുകൊണ്ടിരുന്നു.
റെസ്റ്റോറന്റ് എത്തിയതും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അലോഷ്യസ് അതിനകത്തേക്ക് കയറി. തല കുനിച്ചു കൊണ്ട് തന്റെ സ്ഥിരം ഇരിപ്പിടത്തിനടുത്തേക്ക് നീങ്ങി. റെസ്റ്റോറന്റിനകത്തെ പലഹാരത്തട്ടിൽ കുടുങ്ങിയ ഈച്ചകൾ പുറത്തു കടക്കാൻ വെപ്രാളപ്പെടുന്നത് കണ്ടപ്പോൾ അയാൾ ഉള്ളിൽ സന്തോഷിച്ചു.
ഇരിപ്പിടത്തിൽ ഇരുന്നതും അലോഷ്യസിന്റെ കണ്ണുകൾ ഇരയെ തിരഞ്ഞു.
" പതിവ് തെറ്റാതെ റെസ്റ്റോറൻ്റിൽ അവനെത്തിയെന്ന് അയാൾ ഉറപ്പു വരുത്തി. മണിക്കൂറുകൾ മാത്രം ദൈർഘമുള്ള അവൻ്റെ ആയുസ്സിനെയോർത്ത് അയാൾ ഊറിച്ചിരിച്ചു. എന്തു വിധേനയും തന്റെ ജോലിയിന്ന് കൃത്യമായിത്തന്നെ നിറവേറ്റണമെന്ന് അലോഷ്യസ് മനസ്സിൽ ഉറപ്പിച്ചു.
അയാൾ ജുബ്ബയുടെ പോക്കറ്റിൽ നിന്നും ന്യൂസ് പേപ്പർ കൊണ്ട് ചുറ്റിയ പൊതി പുറത്തെടുത്തു. അതിലെ മൂർച്ചയുള്ള കത്തി തിരിച്ചും മറിച്ചും നോക്കിയിട്ട് വീണ്ടുമതിനെ പൊതിഞ്ഞുവച്ചു.
കുറച്ചു സമയം കഴിഞ്ഞതും വെയ്റ്റർ ചായയുമായി എത്തി. മേശപ്പുറത്തെ തൊപ്പിയില്ലാത്ത മാർക്കർ പേനയെ നോക്കി വെയ്റ്റർ ചായ വച്ചു. ഇരയെ കിട്ടിയ സന്തോഷത്തിൽ മൂന്നാലീച്ചകൾ ആ ചായ ഗ്ലാസ്സിനു മുകളിൽ വട്ടമിട്ട് പറക്കാൻ തുടങ്ങി.
പക്ഷേ അലോഷ്യസ് അവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവനുവേണ്ടി എഴുതിയ മരണക്കുറിപ്പിനെയോർത്തപ്പോൾ അയാൾക്ക് സന്തോഷമടക്കാനായില്ല. ചിരിക്കിടയിൽ ചുണ്ടുകൾക്കിടയിൽ നിന്നും ചായ പുറത്തേക്ക് തെറിച്ചു.
"അല്ലെങ്കിലും ഈ ഭൂമിയിൽ ജീവിക്കാൻ അവനെന്തവകാശമുണ്ട്? നീളൻ കണ്ണുകളുള്ള ഭാര്യയെ ഉപേക്ഷിച്ച് വേറൊരുത്തിയുടെ കൂടെ പോയവനല്ലേ അവൻ. കെട്ടുകഴിഞ്ഞ് പെൺകുഞ്ഞിനെ ഉണ്ടാക്കാൻ കാട്ടിയ തിടുക്കവും മനസ്സും അവളെ പോറ്റാൻ കാണിക്കാതിരുന്നവൻ. ഭാര്യയേക്കാൾ തൊലി വെളുപ്പും ശരീരവടിവും കൂടുതലുള്ള വേറൊരുത്തിയെ കണ്ടപ്പോൾ സ്വന്തം ചോരയെ മറന്ന നാറി. ഒടുവിൽ കൂടെ പൊറുപ്പിച്ച മൊതല് തനിനിറം കാണിച്ച് പോയപ്പോൾ കാലം അവനെ നോക്കി കൊഞ്ഞനം കുത്തിയെന്നത് ശരി. ഒടുവിൽ തിരിച്ചറിവിന്റെ പാഠങ്ങൾ പഠിച്ചു എന്നതും മറ്റൊരു സത്യം.. പക്ഷേ ഒത്തിരി വൈകിയില്ലേ.?മിന്നുകെട്ടിയവളെ അവൻ്റെ മുന്നിലെ കുമ്പസാരക്കൂട്ടിലിരുത്താൻ വിടാതെ കർത്താവ് നേരത്തെ വിളിച്ചു. വളർച്ചയുടെ വഴികളിൽ ഒരിക്കൽ പോലും ഒരച്ഛന്റെ സ്നേഹം നൽകിയില്ലെങ്കിലും ഇന്നാ മകളാണ് അവൻ്റെ തുണ.അവന്റെ ചികിൽസക്കായി എത്രയോ പണമവൾ ചെലവിടുന്നു.. പക്ഷേ എന്തിന്..? തീരണം. അല്ല.. തീർക്കണം. അത് കൊണ്ടാണ് തീർക്കാൻ സന്തോഷത്തോടെ ആയുധമെടുത്തത്. ഇങ്ങനെയുള്ളവർ ഭൂമിക്ക് ഭാരമായി ഇവിടെ ഉണ്ടാവാത്തത് തന്നെയാണ് നല്ലത്."
അലോഷ്യസ് അയാളെ നോക്കിക്കൊണ്ട് പിറുപിറുത്തു.
ആയുധപ്പൊതി വീണ്ടും പോക്കറ്റിലാക്കി ഗ്ലാസിലെ ചൂടാറിത്തുടങ്ങിയ ചായ അലോഷ്യസ് ഒറ്റവലിക്ക് കുടിച്ചു. എന്നിട്ട് ദൗത്യം നിറവേറ്റാനുള്ള തിടുക്കത്തിൽ അയാളാ കസേരയിൽ നിന്നെഴുന്നേറ്റു. ആ കണ്ണുകൾ പതിവിലും ചുവന്നിരുന്നു. തന്റെ നീക്കങ്ങൾക്കൊപ്പം ഇരയും നീങ്ങുന്നതയാൾ ശ്രദ്ധിച്ചു.
കുറച്ചു കാലമായി സമയം നോക്കാൻ താൽപര്യം കാണിക്കാതിരുന്ന അയാൾ,പക്ഷേ റെസ്റ്റോറന്റിൽ നിന്നും മടങ്ങുമ്പോഴെല്ലാം ഇരയുടെ മുഖത്തിനൊപ്പം ക്ലോക്ക് ടവറിലെ സമയവും ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അയാളതാവർത്തിക്കുകയും സമയം ഉറപ്പ് വരുത്തുകയും ചെയ്തു.
"സമയം 0630. കൃത്യം നടത്താൻ മുൻകൂട്ടി നിശ്ചയിച്ച സമയം."
എന്നത്തേയും മടക്കത്തിന്റെ സമയം ഇന്നവന്റെ ഒടുക്കത്തെ സമയമാക്കണമെന്നുറപ്പിച്ച് അലോഷ്യസ് ക്ലോക്ക് ടവറിനു നേരേ നടന്നു.
--------------------------------------------------------------------
രണ്ടുനാൾക്കു ശേഷം ക്ലോക്ക് ടവറിന്റെ മുറ്റത്ത് കൂടിയിരുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് ഇൻസ്പെക്ടർ ബെന്നിയും സംഘവുമെത്തി. ആളുകളോട് പുറത്തേക്ക് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കൂടെയുള്ള പോലീസുകാർ പ്രവേശന കവാടത്തിന് കുറുകെയായി ചുവപ്പ് റിബണുകൾ വലിച്ചുകെട്ടി. പൊതുവെ ആരും കടന്നു ചെല്ലാത്ത രണ്ടാം നിലയിലേക്കവർ തെളിവെടുപ്പിനായി നീങ്ങി. ദുർഗന്ധം വമിക്കാൻ തുടങ്ങിയ ശവശരീരത്തിന് മുൻപിലെത്തിയ ബെന്നിയും സംഘവും മൂക്കുപൊത്തിക്കൊണ്ട് തങ്ങളുടെ തൊപ്പിയൂരി.
"ഇയാളെ അവസാനമായി കണ്ടവരുണ്ടോ. എന്തെങ്കിലും വിവരം ലഭിച്ചോ?"
"ഉവ്വ് സർ..രണ്ട് ദിവസം മുൻപ് വൈകുന്നേരം, റോഡിനപ്പുറത്തെ റെസ്റ്റോറന്റിലെ ജീവനക്കാർ ഇയാളെ കണ്ടിരുന്നു. "
ബെന്നിയുടെ ചോദ്യത്തിന് എ.എസ്.ഐ മറുപടി നൽകി.
കുത്തേറ്റ് കിടന്ന ശവശരീരത്തിൽ നിന്നും വാർന്ന ചോര, അൽപം ദൂരെവരെ ചാലിട്ടിരുന്നു. ഉണങ്ങിപ്പിടിച്ച ചോരപ്പാടിൽ അൽപനേരമിരുന്നിട്ട് ഈച്ചകൾ വട്ടമിട്ടു പറന്നുകൊണ്ടിരുന്നു .
കൈയ്യുറ ധരിച്ച പോലീസുകാർ ശവശരീരത്തിലെ കത്തിയൂരിയിട്ട് ചെരിഞ്ഞു കിടന്ന ശവത്തെ നിവർത്തിക്കിടത്തി. ഓക്കാനം വരുത്തുന്ന അസഹ്യമായ ഗന്ധമപ്പോൾ ടവറിന്റെ ആ നിലയാകെ പരന്നു. മനുഷ്യമാംസം കൊത്തിപ്പറിക്കുന്ന കഴുകൻമാരെ ഓർമ്മിപ്പിച്ച, ഈച്ചകൾ പാതി തുറന്ന വായ് ഭാഗത്തും കണ്ണിൻ്റെ മുകളിലും അരിച്ചുകൊണ്ടിരുന്നു.
ഡെഡ്ബോഡിയുടെ പോക്കറ്റിൽ നിന്നും പാതി പുറത്ത് ചാടിയിരുന്ന പേഴ്സ് എ.എസ്.ഐ പുറത്തെടുത്തു. തുറന്നു പരിശോധിക്കുമ്പോൾ ഒരു വെളുത്ത പേപ്പർ അവരുടെ ശ്രദ്ധയിൽ പെട്ടു .
"സർ.. ഈ പേപ്പറൊന്നു നോക്കൂ. ഇതിലൊരു മൊബൈൽ ഫോൺ നമ്പർ കുറിച്ചിട്ടുണ്ട്. ഒരു പക്ഷേ ഈ നമ്പർ...?"
എ.എസ്.ഐ. കൈമാറിയ പേപ്പറിൽ നോക്കിക്കൊണ്ട് ബെന്നി തന്റെ മൊബൈൽ ഡയൽ ചെയ്തു.
" നമ്പർ സ്വിച്ച്ട് ഓഫ് ആണ്! തിരിച്ചറിയൽ രേഖകൾ എന്തെങ്കിലും? "
"ഉവ്വ് സർ. പേഴ്സിൽ നിന്നും പുതുക്കാത്തൊരു ലൈസൻസ് കിട്ടിയിട്ടുണ്ട്. "
"ഓക്കേ. അതിലെ അഡ്രസ്സ് ട്രാക്ക് ചെയ്യണം. പിന്നെ ഈ നമ്പർ ട്രൈ ചെയ്തു കൊണ്ടിരിക്കണം. നമ്പറിനെ കുറിച്ചുള്ള ഡീറ്റൈൽ എടുപ്പിക്കണം. ഫോറൻസിക് പരിശോനകൾക്ക് ശേഷം ബോഡി പോസ്റ്റ്മാർട്ടത്തിനയക്ക്. കത്തിയും ഫോറൻസിക് ലാബിൽ അയക്കണം. പിന്നെ അവസാനം അയാളെ കണ്ടെന്ന് പറയുന്ന റെസ്റ്റോറന്റിലെ ജീവനക്കാരോട് സ്റ്റേഷൻ വരെ വരാൻ പറയണം. റെസ്റ്റോറന്റിൽ പ്രാഥമിക തെളിവെടുപ്പ് നടത്തിയേക്ക്."
"ഓക്കേ സർ."
ബെന്നിയുടെ ഓർഡറുകൾക്ക് എ.എസ്.ഐ. മറുപടി നൽകി.
------------------- ------------------------------------------- - - - - -
അടുത്ത ദിവസം വൈകുന്നേരം,സ്റ്റേഷനിൽ വിളിച്ച് വരുത്തിയ യുവതിക്കും ഡോക്ടർക്കുമൊപ്പം ബെന്നിയും സംഘവും റെസ്റ്റോറന്റിലെത്തി.
"എത്ര നാളായി അയാൾ ഇവിടെ വരാൻ തുടങ്ങിയിട്ട്?''
"ഒരാഴ്ച്ചയായി സർ."
ബെന്നിയുടെ ചോദ്യത്തിന് റെസ്റ്റോറന്റ് ജീവനക്കാരൻ മറുപടി നൽകി.
"സർ.. ദേ ആ കാണുന്ന സീറ്റിലാണ് പുള്ളി സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നെതെന്നാണ് ഇവർ പറയുന്നത്."
എ.എസ്.ഐ. ഇടക്കു കയറി പറഞ്ഞു.
"ഓക്കേ. "
"പിന്നെ. എല്ലാ ദിവസവും 0530 നു തന്നെ ഇവിടെ നിന്നും മടങ്ങിയിരുന്നെന്നും പറയുന്നു."
എ. എസ്. ഐ. പറഞ്ഞു തീർന്നതും ബെന്നി ജീവനക്കാരനോട് ചോദിച്ചു.
"അതെങ്ങനെ തനിക്കിത്ര കൃത്യമായി സമയം മനസ്സിലായി?"
" അത് സർ..ഇവിടെ കാഷ് കൗണ്ടറിലിരുന്നാൽ, ദേ ആ പാതി കെട്ടിയ ചുമരിനിടയിൽ കൂടി ക്ലോക്ക് ടവറിലെ സമയം വ്യക്തമായിക്കാണാം. ഒന്നു രണ്ടു ദിവസമായി അയാൾ ഏകദേശം ഒരേ സമയത്ത് പോകുന്നത് കണ്ടപ്പോഴാണ് ഞാൻ സമയം ശ്രദ്ധിക്കാൻ തുടങ്ങിയത്. അതെ സർ; എല്ലാ ദിവസവും അയാൾ അഞ്ചര മണിക്കു തന്നെയാണ് മടങ്ങിയിരുന്നത്."
ചെറിയ ഭയം കൊണ്ട്, ജീവനക്കാരന്റെ ശബ്ദം അൽപം ഇടറിയിരുന്നു.
ബെന്നി അയാൾ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്ന കസേരക്കടുത്തേക്ക് നടന്നു.
റെസ്റ്റോറന്റിന്റെ വടക്കുഭാഗത്തെ പാതി തുറന്ന ചുമരിന്റെ നടുഭാഗം അൽപം പുറകിലോട്ട് തള്ളിക്കെട്ടിയിരുന്നു. അതിന് മുൻപിലെ വീതി കൂടിയ തൂണിന് പുറകിലായി ഇട്ടിരുന്ന ആ ഒറ്റ കസേര ലക്ഷ്യമാക്കിയാണ് ബെന്നി നീങ്ങിയത്. എന്തോ രസഹ്യം സൂക്ഷിച്ചിരുന്ന കസേരയിൽ ഇരുന്നിട്ട് ബെന്നി റെസ്റ്റോറന്റിന്റെ മറ്റു ഭാഗങ്ങളിലേക്ക് നോക്കി.
അപ്പോഴാണ് അയാളത് ശ്രദ്ധിച്ചത്. ആ കസേരയിൽ ഇരുന്നാൽ റെസ്റ്റോറന്റിലെ മറ്റാരേയും കാണാൻ സാധിക്കില്ല. എന്നു മാത്രമല്ല, മറ്റു ഭാഗങ്ങളിൽ നിന്ന് ആ കസേരയിലേക്ക് നോട്ടവുമെത്തില്ല. തൂണിന്റെ മുകളറ്റം വരെ കണ്ണാടിച്ചില്ല് പൊതിഞ്ഞിരുന്നു. കസേരക്ക് പുറകിലെ ഒരാൾ പൊക്കമുള്ള ചുമരിനിടയിലെ വിടവിൽക്കൂടി ക്ലോക്കിന്റെ പ്രതിബിംബം കണ്ണാടിയുടെ മുകളിൽ വ്യക്തമായിക്കാണുകയും ചെയ്യാം.
ഏകാന്തത ആസ്വദിച്ച് ആ കസേരയിലിരുന്ന് ചൂടു ചായ കുടിച്ചിരുന്ന അയാളുടെ മുഖം ബെന്നി മനസ്സിൽ കണ്ടു.
അപ്പോഴാണ് കസേരക്ക് മുൻപിലെ കണ്ണാടിയുടെ താഴ്ഭാഗത്തായി ചുവന്ന മാർക്കർ പേന കൊണ്ടുള്ള എഴുത്തയാൾ ശ്രദ്ധിച്ചത്. "വിധി സമയം 0630." എന്നെഴുതിയ ചെറിയ അക്ഷരങ്ങൾ.
ബെന്നി കസേരയിൽ നിന്നെഴുന്നേറ്റ് കാഷ് കൗണ്ടറിനടുത്തു നിന്ന യുവതിയെ വിളിച്ചു. മനോരോഗ വിദഗ്ധൻ ഡോ:റെജിയുടെ അരികിൽ നിന്ന ആ യുവതി ബെന്നിക്കരികിലേക്ക് വന്നു.
" നോക്കൂ മേഡം. ഞങ്ങൾക്ക് കിട്ടിയ ഫോൺ നമ്പറിൽ നിന്നും നിങ്ങളെ വിളിച്ചുവരുത്തിയപ്പോൾ തന്നെ ഏകദേശ ചിത്രം ലഭിച്ചിരുന്നു. ബട്ട്, ഈ കൈയ്യക്ഷരങ്ങൾ നിങ്ങളുടെ പപ്പയുടേത് തന്നെയാണോ എന്നു നോക്ക്."
കണ്ണാടിയിലെ എഴുത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ബെന്നി പറഞ്ഞു.
"അതെ സർ.. ഇത് പപ്പ എഴുതിയത് തന്നെയാണ്. "
ഇതു പറഞ്ഞു തീരുമ്പോൾ അവരുടെ ശബ്ദം വല്ലാതെ ഇടറുകയും, കൺമഷിയിട്ട ആ നീളൻ കണ്ണുകളിൽ നിന്നും കണ്ണീർ ചാലിടാനും തുടങ്ങിയിരുന്നു.
ബെന്നി, ഡോക്ടർ റെജിയേയും തന്റെയടുക്കലേക്ക് വിളിച്ചു.
" നോക്കൂ ഡോ: റെജി. നിങ്ങളുടെ പേഷ്യന്റ് അലോഷ്യസിന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ മരണസമയം 0530 നും 0545 നും ഇടയിൽ ആണ്. കത്തിയിലെ വിരലടയാള പരിശോധനാ ഫലം മറിച്ചൊരു സംശയത്തിനും ഇട നൽകുന്നില്ല. നിങ്ങൾ ആ മനുഷ്യന്റെ പേഴ്സിൽ മടക്കിവച്ചിരുന്ന മകളുടെ ഫോൺ നമ്പറിനും അയാളെ രക്ഷിക്കാനായില്ല. ബട്ട് .അത് ഞങ്ങളെ നിങ്ങളിലേക്കെത്താൻ സഹായിച്ചു. പഴയ ലൈസൻസ് അഡ്രസ്സിന് പുറകേ പോയിരുന്നെങ്കിൽ കേസ് കോംപ്ലിക്കേറ്റഡ് ആയേനേ. മേഡം. ഐ ആം റിയലി സോറി. ഐ തിങ്ക്, നൗ എവരി തിംഗ് ഈസ് ക്ലിയർ."
ഡോക്ടറേയും യുവതിയേയും മാറി മാറി നോക്കിയിട്ട് കസേരയിൽ നിന്നും എഴുന്നേൽക്കുമ്പോൾ കണ്ണാടിയിലെ ക്ലോക്കിൻ്റെ പ്രതിബിംബത്തിൽ ബെന്നിയുടെ കണ്ണുകളുടക്കി. പ്രതിബിംബത്തിലപ്പോൾ സമയം ആറ് മണി ആയിരുന്നു. കസേരയിൽ നിന്നും എഴുന്നേറ്റ് പുറകിലെ പാതി തുറന്ന ചുമരിനിടയിൽക്കൂടി അയാൾ ക്ലോക്ക് ടവറിലെ സമയവും നോക്കി. പ്രതിബിംബത്തിലേയും ക്ലോക്ക് ഡയലിലേയും " 6 മണി സമയം " മാറി മാറി നോക്കിയിട്ട് അയാളൊന്ന് പുഞ്ചിരിച്ചു.
യുവതിയെ ആശ്വസിപ്പിച്ച് റെസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ പലഹാരത്തിന്റെ ചില്ലുകൂട്ടിൽ ഒരു ഈച്ച ചത്തു കിടക്കുന്നത് ബെന്നി ശ്രദ്ധിച്ചു. അതേ സമയം ഡോ:റെജി, യുവതിയുടെ കാതിൽ എന്തോ സംസാരിക്കുന്നതയാൾ കണ്ടു. ജീപ്പ് നഗരവീഥിയിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ, റിയർവ്യൂ മിറർ തന്റെ നേരെ തിരിച്ചുവച്ചു കൊണ്ട് കാഴ്ച മറയും വരെ ബെന്നി അവരെ സാകൂതം വീക്ഷിച്ചു. യുവതിയുടെ മനോഹരമായ നീളൻ കണ്ണുകളിലെ ആർദ്രതയും, ഡോക്ടറുടെ കറുത്ത ചുണ്ടുകളിൽ വിരിഞ്ഞ മന്ദസ്മിതവും തമ്മിൽ ചേരുംപടി ചേർക്കാനാകാത്തത് അയാളുടെ നോട്ടത്തിൽ നിന്നും വായിച്ചെടുക്കാമായിരുന്നു.
(അവസാനിച്ചു..)
###ഷെഫീർ പരപ്പത്ത്.###

അരളിപ്പൂക്കൾ (A Road Thriller)



*****************************************
മുഖത്തേക്കടിക്കുന്ന ചൂട് കാറ്റിനെ വകവെയ്ക്കാതെ സതീഷ് ട്രക്ക് ഓടിച്ചുകൊണ്ടിരുന്നു.
വേനൽ ചൂടിൽ ഹൈവേയിലെ ടാർ ഉരുകി തിളക്കുന്നത് പോലെ.
ഇന്ന് വെള്ളിയാഴ്ച, തിങ്കളാഴ്ച ലോഡ് കോയമ്പത്തൂർ എത്തിക്കണം.
രാത്രികാലങ്ങളിൽ എതിരെ വരുന്ന വണ്ടികളുടെ വെളിച്ചം തട്ടാതിരിക്കാൻ ഹൈവേയുടെ മീഡിയനിൽ നട്ടുവളർത്തിയ അരളിച്ചെടികൾ പൊള്ളുന്ന വെയിലിലും തളരാതെ തലയുയർത്തി നിൽക്കുന്നു.
ക്ലീനർ പാണ്ട്യൻ പുറകിലെ സീറ്റിൽ കിടന്നുറങ്ങുകയാണ്. രാജസ്ഥാനിലെ ക്വാറിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാർബിൾ കല്ലുകൾ ഏറ്റി വരുന്ന വഴിയാണ്.
സതീഷും പാണ്ട്യനും പാലക്കാട് സ്വദേശികൾ.
കോയമ്പത്തൂർ ഉള്ള ഒരു ട്രാൻസ്പോർട് കമ്പനിയിൽ ജോലി ചെയ്യുന്നു.
പാണ്ട്യന് ഇനിയും ഹെവി ലൈസൻസ് കിട്ടിയിട്ടില്ല. രണ്ടുമൂന്നു വർഷമായി സതീഷിന്റെ കൂടെ ക്ലീനറായി കൂടിയിട്ട്.
തിങ്കളാഴ്ച രാവിലെ ലോഡ് കടയിൽ എത്തിക്കേണ്ടതുകൊണ്ട് എവിടെയും ദീർഘനേരം നിറുത്താതെ അവർ വന്നു കൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെ നവസാരി എന്ന പട്ടണം കഴിഞ്ഞിരുന്നു.
ഇതേ സ്പീഡിൽ പോയാൽ രാവിലെ മുംബൈ റിങ് റോഡിലെത്താം.
എഞ്ചിന്റെ ചൂടും പുറത്തെ വെയിലും കാരണം , സതീഷ് വിയർത്തു കുളിച്ചിരുന്നു. ഇടയ്ക്കു തുണി കൊണ്ട് പൊതിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലിൽ നിന്നും ഓരോ കവിൾ വെള്ളം കുടിച്ചു. പാണ്ട്യൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു, അല്ലെങ്കിലും ഈ ചൂടിൽ ആർക്കാണ് ഉറങ്ങാൻ കഴിയുക.
"അണ്ണാ വണ്ടി ഏതെങ്കിലും തണലിൽ കുറച്ചു നേരം ഒതുക്കാം. ചൂട് സഹിക്കുന്നില്ല". സതീഷിനും തോന്നി , ശരിയാണ് ഇനി ഈ ചൂടിൽ തൽക്കാലം ഓടിക്കാൻ പറ്റില്ല.
സതീഷ് ട്രക്ക് സർവീസ് റോഡിലേക്കിറക്കി. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു വലിയ ആൽമരം കണ്ടു. വേറൊരു ട്രക്ക് അതിന്റെ ചുവട്ടിൽ പാർക്ക് ചെയ്തിട്ടുണ്ട്. സതീഷ് വണ്ടി തണലുനോക്കി നിർത്തി. പാണ്ട്യൻ റേഡിയേറ്ററിൽ വെള്ളം ഒഴിക്കാൻ പോയി.
മുകളിലെ ക്യാബിനിൽ നിന്നും ഒരു പായും തലയിണയും എടുത്തു. ട്രെക്കിന്റെ അടിയിൽ പായ വിരിച്ചു. പായിൽ കിടന്നപ്പോൾ ഒരു വല്ലാത്ത ദുർഗന്ധം സതീഷിന് അനുഭവപ്പെട്ടു
പഴകിയ ചോരയുടെ അസഹനീയമായ ഗന്ധം. സതീഷ് കണ്ണ് തുറന്നു ചുറ്റുപാടും നോക്കി, പ്രത്യേകിച്ചൊന്നും കണ്ടില്ല. പിന്നെയും കണ്ണടക്കാൻ തുടങ്ങുമ്പോളാണ്, മുകളിൽ വണ്ടിയുടെ ആക്സിൽ റാഡിൽ രക്തകറ കണ്ടത്, രാത്രിയിൽ ഏതെങ്കിലും നായ അടിയിൽ പെട്ട് കാണും. സതീഷ് പായ പതുക്കെ ബാക് വീലിന്റെ അടുത്തേക്ക് നീക്കിയിട്ടു, നിവർന്നു കിടന്നു.
"ഹോ,...... "
നേർമുകളിൽ ബാക്കിലെ വീലിന്റെയും പ്ലേറ്റുകളുടെയും ഇടയിൽ മാംസം പറ്റിപ്പിടിച്ചിരിക്കുന്നു. ഒരു വെളുത്ത ദുപ്പട്ടയും , നീണ്ട മുടിയിഴകളും ആക്സിൽ വീലിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു.
സതീഷ് വണ്ടിയുടെ അടിയിൽ നിന്നും പെട്ടെന്ന് നിരങ്ങി മാറി.
ഏതെങ്കിലും ഡെഡ് ബോഡിക്കു മേലെ വണ്ടി ഏറിയിരിക്കുമോ, രാത്രി രണ്ടു മണി വരെ താൻ തന്നെയാണ് വണ്ടിയോടിച്ചത്. അപ്പോഴൊന്നും വണ്ടി ആരെയെങ്കിലും തട്ടിയതായോർമ്മയില്ല, പാണ്ട്യനെ വിളിച്ചു.
വണ്ടിയുടെ അടിയിലെ രക്ത കറയും മുടിയുമെല്ലാം അവനെ കാണിച്ചു.
"ഇന്നലെ രാത്രി നീയോടിച്ചപ്പോൾ
എന്തിന്റെയെങ്കിലും മുകളിൽ വണ്ടി കയറിയതായി ഓർക്കുന്നുണ്ടോ"
ചോദ്യം കേട്ട് യ പാണ്ട്യന്റെ മുഖം വിളറി വെളുത്തു. അവൻ വിക്കിവിക്കി പറഞ്ഞു.
" അണ്ണൻ വഴക്കു പറയരുത്. പുലരാറായപ്പോൾ വെളുത്ത ഏതോ ഒന്ന് റോഡിന്റെ നടുവിലെ മീഡിയനിൽ നിന്നും പെട്ടെന്നെടുത്തു ചാടി, എനിക്ക് ബ്രേക്ക് ചവിട്ടാൻ സമയം കിട്ടിയില്ല., എന്താണെന്നു ശരിക്കും കണ്ടില്ല.. ഉറക്കപ്പിച്ചായിരുന്നു"
സതീഷ് ആകെ അസ്വസ്ഥനായി. ഇത്രയും കാലം വണ്ടിയോടിച്ചിട്ടും ആരുടേയും ദേഹത്ത് തട്ടിയിട്ടില്ല. ഇനിയിപ്പോ എന്ത് ചെയ്യും. .
"ശരി നീ വണ്ടിയിൽ കയറ്"
സതീഷ് വണ്ടിയെടുത്തു, വിശ്രമിക്കാനുള്ള ആഗ്രഹം അപ്പാടെ പോയി. ഏതോ ഒരു പാവം സ്ത്രീ ഈ ട്രെക്കിന്റെ അടിയിൽ വീണു മരിച്ചിരിക്കുന്നു. ആത്മഹത്യ ചെയ്യാൻ മീഡിയനിലെ ചെടികളുടെ മറയിൽ നിന്നും എടുത്തു ചാടിയതാവാം, അല്ലെങ്കിൽ റോഡ് ക്രോസ് ചെയ്യുമ്പോൾ അറിയാതെ വണ്ടിക്കു മുമ്പിൽ പെട്ടതാകാം. രാത്രി ഇരുട്ടുന്നതു വരെ സതീഷ് തുടർച്ചയായി വണ്ടി ഓടിച്ചു.
പോകുന്ന വഴിയെല്ലാം അവൻ ഒരു നദിയോ നീർച്ചാലോ തിരഞ്ഞുകൊണ്ടേ ഇരുന്നു. വണ്ടിയുടെ അടിയൊന്നു കഴുകണം, ഒരു ശവത്തിന്റെ മുകളിലിരുന്ന് വണ്ടി ഓടിക്കുന്നത് പോലെ തോന്നുന്നു, ആ രക്തകറകൾ അവിടെ ഉള്ളപ്പോൾ സ്വസ്ഥമായി വണ്ടി ഓടിക്കാൻ പറ്റില്ല.
വല്സാട് എന്ന സ്ഥലത്തെത്തിയപ്പോൾ ഔരംഗാ നദിയുടെ കൈവഴി കണ്ടു. വെള്ളം തീരെ കുറവാണ്, എങ്കിലും വണ്ടി നദി തീരത്തേക്ക് നീക്കിയിട്ടു. വണ്ടി ഹെവി ലോഡ്ആയതിനാൽ അധികം ഉള്ളിലേക്ക് പോയില്ല.
പാണ്ട്യനെയും വിളിച്ചു .
ബക്കറ്റിൽ വെള്ളം കൊണ്ട് വന്നു വണ്ടിയുടെ അടിഭാഗം കഴുകി.
പാണ്ട്യൻ ഒരു കോലുകൊണ്ട്, മുടിയും വസ്ത്ര- മാംസ,അവിശിഷ്ടങ്ങളും, ഇളക്കി നീക്കി. പൊട്ടുകമ്മലിട്ട ഒരു കാത് മുടിയുടെ കൂടെ താഴെ വീണു. സതീഷിന് മനംപുരട്ടി.. അവൻ ദൂരെ മാറി നിന്ന് ശർദിക്കാൻ ശ്രമിച്ചു. വെറും ഉമി നീരല്ലാതെ ഒന്നും വെളിയേ വന്നില്ല. കഴുകിക്കഴിഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തവിടെനിന്നും വീണ്ടും പുറപ്പെട്ടു.
സമയം ഏകദേശം പത്തുമണി ആയിട്ടുണ്ടാകണം, വാപി പട്ടണം കഴിഞ്ഞിരിന്നു. ഒരു ധാബയിൽ വണ്ടി നിറുത്തി.
നല്ല വിശപ്പുണ്ടായിരുന്നെങ്കിലും സതീഷിന് ഭക്ഷണം ശരിക്കും കഴിക്കാൻ സാധിച്ചില്ല. പഴകിയ രക്തത്തിന്റെ ഗന്ധവും വണ്ടിയിൽ നിന്ന് അടർന്നു വീണ കമ്മലിട്ട കാതും അവന്റെ മനസ്സിൽ ഇടയ്ക്കിടെ തെളിഞ്ഞു വന്ന് വിശപ്പ് കെടുത്തിയിരുന്നു. വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു.
മുൻപിൽ നീണ്ടു നിവർന്നു കിടക്കുന്ന ഹൈവേ. അറിയാതെയാണെങ്കിലും സംഭവിച്ച ആ അപകടം അവനെയും വല്ലാതുലച്ചിരിക്കുന്നു.
സമയം കളയാൻ അവൻ സതീഷിന്റെ മൊബൈലിലെ പഴയ വാട്സാപ് വീഡിയോകൾ കണ്ടു കൊണ്ടിരുന്നു. എന്തോ കണ്ട് ഭയന്നിട്ടെന്നവണ്ണം സതീഷിന് നേരെ അവൻ മൊബൈൽ നീട്ടി.
"അണ്ണാ ഇത് കണ്ടോ..." സതീഷിന് നേരെ അവൻ മൊബൈൽ നീട്ടി.
"എന്താടാ.. വണ്ടി ഓടിക്കുമ്പോൾ ആണോ മൊബൈലിൽ നോക്കുന്നത്.. " സതീഷ് ദേഷ്യപ്പെട്ടു
"അല്ലണ്ണാ, ദേ ഈ വീഡിയോ ഒന്ന് നോക്ക് .." പാണ്ട്യൻ എന്തോ കണ്ടു ഭയന്നത് പോലെ.
മൊബൈൽ വാങ്ങി, പാണ്ട്യൻ കണ്ട വീഡിയോ ഓൺ ചെയ്തു.
'ഒരു പെൺകുട്ടി ഹൈവേക്കരികിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് മെഡിസിൻ വാങ്ങുന്നു. ആർക്കോ വളരെ അത്യാവശ്യമായി എത്തിക്കേണ്ട മരുന്ന് ആണെന്ന് അവളുടെ തിരക്ക് കണ്ടാലറിയാം. മരുന്നും വാങ്ങി അവൾ ഇരുൾ വീണ് തുടങ്ങിയ റോഡരികുപറ്റി ധൃതിയിൽ നടന്നു.
ആളൊഴിഞ്ഞ ഇടത്തെത്തിയപ്പോൾ
ഒരു കറുത്ത മെഴ്സിഡസ് വാൻ നല്ല വേഗതയിൽ അവളെ കടന്ന് പോയി. കുറച്ചു മുന്നിലായി ആ വാൻ പെട്ടെന്ന് ബ്രേക്കിട്ടു. അവൾ വാനിനരികിലെത്തിയപ്പോൾ അതിന്റെ ഡോർ തുറക്കപ്പെട്ടു, നാല് കരങ്ങൾ അവളെ നിസ്സാരമായി തൂക്കിയെടുത്ത് വാഹനത്തിനുള്ളിലേക്കിട്ടു. അവളുടെ കരച്ചിൽ വാനിനുള്ളിൽ നിന്നുയർന്ന പാശ്ചാത്യ സംഗീതത്തിന്റെ അലകളിൽ മുങ്ങിപ്പോയി. വാൻ ഹൈവേയിലൂടെ വീണ്ടും ഓടി തുടങ്ങി. അവൾ വാങ്ങിയ മരുന്ന് പൊതി റോഡിൽ ചിതറിക്കിടന്നു.
പിന്നീട് വീഡിയോവിൽ കാണുന്നത് ഒരു ട്രെക്ക് ആണ് , അത് ഹൈവേയിലൂടെ ഓടുന്നു. സതീഷ് സൂക്ഷിച്ചു നോക്കി, അതിൽ കാണുന്നത് അവരുടെ ട്രെക്കാണ്. പാണ്ട്യൻ ആണ് ഓടിക്കുന്നത്. പുറകിലത്തെ സീറ്റിൽ കിടന്ന് താൻ ഉറങ്ങുന്നു. വണ്ടി നല്ല വേഗതയിൽ ആണ്. റോഡിനു നടുവിലുള്ള മീഡിയനിൽ ആളുയരത്തിൽ വളർന്നു നിന്ന അരളി ചെടികൾക്കിടയിൽ രണ്ട് പേർ ഒളിഞ്ഞിരിപ്പുണ്ട്. അവരുടെ കാൽക്കീഴിൽ ആദ്യം കണ്ട പെൺകുട്ടിയെ കിടത്തിയിരിക്കുന്നു.
അവൾ വിവസ്ത്രയായിരുന്നു, ദേഹം മുഴുവൻ മുറിപ്പാടുകളുമായ് വേദന സഹിക്കാനാകാതെ ഞെരങ്ങുന്നുണ്ടായിരുന്നു. ഒരു വെളുത്ത ദുപ്പട്ട കൊണ്ട് അവളുടെ കരങ്ങൾ ബന്ധിപ്പിച്ചിരുന്നു. ട്രക്ക് അവരുടെ അടുത്തെത്തിയപ്പോൾ ചെടികൾക്കിടയിൽ നിന്നും അവരാ പെൺകുട്ടിയെ ട്രെക്കിന്റെ മുൻപിലേക്ക് എടുത്തെറിഞ്ഞു. ചക്രങ്ങൾക്കിടയിൽ കുടുങ്ങി കുറച്ചുമാംസപിണ്ഡങ്ങളായി അവളുടെ ശരീരം റോഡിൽ ചിതറി തെറിച്ചു.
ഒരു തേങ്ങലിന്റെ ശബ്ദത്തോടെ ആ വീഡിയോ അവസാനിച്ചു.
സതീഷിന് ഒരു വിറയൽ അനുഭവപ്പെട്ടു. കുറച്ചധികം സമയമെടുത്തു അവന്റെ മനസ്സൊന്ന് ശാന്തമാകാൻ.
വീണ്ടും മൊബൈലിൽ തിരഞ്ഞെങ്കിലും ആ വീഡിയോ അതിൽ ഇല്ലായിരുന്നു. സതീഷ് വീണ്ടും ട്രെക്ക് സ്റ്റാർട്ടാക്കി ഹൈവേയിലേക്കു കയറ്റി പതുക്കെ ഓടിച്ചു തുടങ്ങി.
കാതിൽ ഒരു പെൺകുട്ടിയുടെ തേങ്ങൽ അലയടിക്കുന്നത് പോലെ അവന് തോന്നി.
കുറച്ചു കഴിഞ്ഞു വഴിയരുകിൽ കണ്ട ഒരു കടയുടെ അരുകിൽ വണ്ടി നിറുത്തി.
പുറത്തിറങ്ങി കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി, പാണ്ട്യനും വന്നു. അവർ കടക്കാരനോട് ഒരു കടുംകാപ്പി ചോദിച്ചു.
"ക്യാ മാൽ താ വോഹ്.."
കടയുടെ സൈഡിൽ നിന്നും ഒരു ശബ്ദം കേട്ട് സതീഷും പാണ്ട്യനും നോക്കി. അവർ വീഡിയോവിൽ കണ്ട കറുത്ത വാൻ അവിടെ നിർത്തിയിരിക്കുന്നു. അതിന്റെ പുറകിലത്തെ വാതിൽ തുറന്ന് നാല് യുവാക്കൾ മദ്യപിക്കുന്നു. ഏതോ വലിയ പണചാക്കുകളുടെ മക്കളാവണം.
എങ്ങോ ടൂർ പോകുന്ന വഴിയാവും. എല്ലാവരുടെ കയ്യിലും വില കൂടിയ സിഗരറ്റ് പുകയുന്നു.
മുഖം കഴുകാൻ കടയുടെ പുറകിൽ എത്തിയ സതീഷിന്റെ കാതിൽ അവരുടെ വാക്കുകൾ വീണു. ഹിന്ദി കുറച്ചൊക്കെ സതീഷിനും അറിയാം. ഒരുത്തൻ തന്റെ ഷിർട്ടിന്റെ ബട്ടണുകൾ അഴിച്ചു മറ്റവരെ കാണിക്കുന്നു,
"സാല.. ദേഖോ മേരെ ചാത്തേപ്പെ..... ക്യാ മാൽ താ വോഹ് " നെഞ്ചിലെ നഖക്ഷതങ്ങൾ തൊട്ടുകാണിച്ചുകൊണ്ട് വീരവാദം മുഴക്കുന്നു.
"അവളെ നമുക്കങ്ങു ഗോവക്കു കൊണ്ട് പോകാമായിരുന്നു"
വേറൊരുത്തന് മതിയായിട്ടില്ലാത്തത് പോലെ
സതീഷിന് സിരകളിൽ രക്തം ചൂട് പിടിക്കുന്നത് പോലെ തോന്നി, ഒരു ആയുധത്തിനു വേണ്ടി ചുറ്റും പരതി.
വേണ്ട ഒറ്റയ്ക്ക് ഇവരെ ഒന്നും ചെയ്യാൻ സാധിക്കില്ല.
പാണ്ട്യൻ നിസ്സഹായതയോടെ ചോദിച്ചു
"എന്താ അണ്ണാ ചെയ്യുക"
"നമുക്കെന്താ ചെയ്യാൻ പറ്റുക. ഇവരോടൊക്കെ ദൈവം ചോദിച്ചോളും.... വാ പോകാം."
അവർ ട്രെക്ക് സ്റ്റാർട്ട് ചെയ്തു മുമ്പോട്ടു നീങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ ആ കറുത്ത വാൻ അവരെ ഓവർ ടേക്ക് ചെയ്തു പോയി.
ഉയർന്ന ശബ്ദത്തിൽ പോപ്പ് സംഗീതം അതിൽ നിന്നുയർന്നു.
ട്രെക്ക് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
ഡാഷ് ബോർഡിലിരുന്ന മൊബൈലിൽ ഒരു നീല വെളിച്ചം തെളിഞ്ഞു.
പാണ്ട്യൻ ഫോൺ എടുക്കാൻ കൈ നീട്ടിയപ്പോൾ
അതണഞ്ഞു.
ട്രെക്കിന്റെ സ്പീഡ് കൂടിയത് പാണ്ട്യൻ പറഞ്ഞപ്പോളാണ് സതീഷ് ശ്രദ്ധിച്ചത്.
സ്പീഡോമീറ്റർ സൂചി 100 നു മുകളിൽ കിടന്നു വിറക്കുന്നു.
അവൻ ആക്സിലറേറ്ററിൽ നിന്നും കാലെടുത്തു.
ഇല്ല സ്പീഡ് കുറയുന്നില്ല. ...
ബ്രേക്കിൽ കാലമർത്തി, ബ്രേക്ക് പിടിക്കുന്നില്ല...
സതീഷിന്റെ മുഖത്തെ ഭാവ വിത്യാസം പാണ്ഢ്യനും ശ്രദ്ധിച്ചു.
"എന്താ അണ്ണാ"
"ആക്സിലറേറ്റർ സ്ട്രക്ക് ആയെന്നു തോന്നുന്നു. ബ്രേക്കും പിടിക്കുന്നില്ല, നീ ലെഫ്റ്റിലേക്കു കൈ കാണിക്കു, സൈഡിലേക്ക് ഒതുക്കാമോ എന്ന് നോക്കട്ടെ"
സതീഷ് സ്റ്റിയറിംഗ് ഇടതു വശത്തേക്ക് തിരിക്കാൻ നോക്കി.
ഇല്ല വണ്ടി തിരിയുന്നില്ല....
സ്റ്റിയറിംഗ് വേറെയാരോ തിരിക്കുന്നത് പോലെ താനെ തിരിയുന്നു...
12 ടൺ ലോഡ് കയറ്റിയ ട്രക്ക് ഒരു പന്തയ കാറിനെ പോലെ കുതിക്കുന്നു...
മുമ്പിലുണ്ടായിരുന്ന ചില വാഹനങ്ങളെ അതി വിദഗ്ധമായി ഓവർടേക്ക് ചെയ്യുന്നു....
സതീഷും പാണ്ട്യനും അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു.....
അങ്ങ് ദൂരെ ഒരു ചുവന്ന പൊട്ടു പോലെ ആ കറുത്ത വാനിലെ വെളിച്ചം.
ട്രെക്ക് ആ വാഹനത്തിനടുത്തേക്കു കുതിക്കുകയാണ്....
വാനിൽ നിന്നുള്ള മ്യൂസിക് ഇപ്പോൾ കേൾക്കാം.....
ട്രെക്ക് ഇടതു വശത്തുകൂടി വാനിനെ ഓവർ ടേക്ക് ചെയ്യുന്നു .....
പെട്ടെന്ന് സ്റ്റിയറിംഗ് ഒന്ന് വെട്ടി, വണ്ടി ആകെ ഒന്നുലഞ്ഞു....
റിയർ വ്യൂ മിററിൽ സതീഷ് കണ്ടു ട്രെക്കിന്റെ പുറകു വശം ആ വാനിന്റെ ഇടതു വശത്തു ഒരു തട്ട്..
വാനിന്റെ കൺട്രോൾ പോയി, അത് ഹൈവേയുടെ നടുവിലെ മീഡിയനിൽ തട്ടി എതിർ ദിശയിൽ വന്നുകൊണ്ടിരുന്ന വാഹനങ്ങളുടെ നേർക്ക് ഒരു പന്ത് പോലെ തെറിച്ചു പോകുന്നു. …
ഒരു കൂട്ടിയിടിയുടെ ശബ്ദം ... കൂടെ ചില ആർത്തനാദങ്ങളും.
സതീഷ് സ്റ്റിയറിംഗ് മുറുകെ പിടിച്ചു,
പതുക്കെ ബ്രേക്ക് അമർത്തി നോക്കി.
വണ്ടി തന്റെ നിയന്ത്രണത്തിൽ ആണെന്ന് മനസിലായി. കുറച്ചുകൂടെ മുന്നോട്ട്മാറ്റി വണ്ടി ഒതുക്കി. വണ്ടിയുടെ പുറകിലേക്കെത്തി നോക്കി. ഇല്ല ട്രക്കിന്റെ പുറകുവശത്ത് വാനിൽ തട്ടിയതിന്റെ പാടുകൾ ഒന്നും ഇല്ല.
വണ്ടിയിൽ നിന്നിറങ്ങി അപകടം നടന്ന സ്ഥലത്തേക്ക് നടന്നു.
അവർ എത്തുമ്പോൾ ഒരു ട്രെക്കിന്റെ അടിയിലേക്ക് വാൻ പൂർണമായും ഇടിച്ചു കയറിയിരുന്നു. ആരും രക്ഷപെട്ടിരിക്കില്ല, കുറച്ചു മാറി ഒരനക്കംകണ്ടു അടുത്ത് ചെന്ന് നോക്കി.
മീഡിയനിലെ അരളി ചെടികൾക്കിടയിൽ ഒരു യുവാവിന്റെ ശരീരം. അരയ്ക്കു താഴെ വച്ച് മുറിഞ്ഞു പോയിരിക്കുന്നു.
സതീഷിന്റെ നേരെ കൈ കൂപ്പി അവൻ യാചിച്ചു.
"മുച്ചേ ബചാവോ ഭായ്.." സതീഷ് സൂക്ഷിച്ചു നോക്കി.
കുറച്ചു നേരം മുൻപ് നെഞ്ചിലെ നഖക്ഷതങ്ങൾ സുഹൃത്തുക്കളെ കാണിച്ചു വീരവാദം മുഴക്കിയവൻ, ആന്തരീക അവയവങ്ങൾ എല്ലാം പുറത്തു ചാടികിടക്കുന്നു. ഇനി ഇവനെ രക്ഷിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല.
സതീഷും പാണ്ട്യനും തിരികെ വന്ന് ട്രക്ക് സ്റ്റാർട്ട് ചെയ്തു.
അരളിപ്പൂക്കളിൽ വണ്ടിയുടെ പ്രകാശം പതിച്ചപ്പോൾ അവയിൽ തങ്ങി നിന്ന ചെറു മഞ്ഞു കണങ്ങൾ കണ്ണുനീർത്തുള്ളികൾ പോലെ തിളങ്ങി.
മൊബൈലിൽ വീണ്ടും നീല വെളിച്ചം തെളിഞ്ഞു.... പിന്നെ വിറയലോടെ പതിയെ അണഞ്ഞു..
ആ പെൺകുട്ടിയുടെ ആത്മാവിന് ശാന്തി കിട്ടണേ എന്ന് മനസ്സിൽ ധ്യാനിച്ച് കൊണ്ട് വണ്ടി മുന്നോട്ടെടുത്തു .
കാറ്റിൽ അലിഞ്ഞു പോയ ഒരു തേങ്ങലിന്റെ അലകൾ താണ്ടി ട്രെക്ക് ലക്ഷ്യത്തിലേക്ക് ഓടിക്കൊണ്ടിരുന്നു.
THE END..............
******************************
(Its one of my old Story, have done some editing and republished )
By
Saji.M.Mathews

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo