അവൾ

മൂന്നാങ്ങളമാരുമുള്ള പെണ്ണിനെ പ്രേമിച്ചു പോയതായിരുന്നു ഞാൻ ചെയ്ത ആദ്യത്തെ തെറ്റ്..
ആ തെറ്റിന് ഓളുടെ ആങ്ങളമാർ വന്നെന്റെ നെഞ്ചുറപ്പ് ആവോളം പരീക്ഷിച്ചിട്ടുണ്ട്...
പല ഭീഷണികളും അവർ മുഴക്കിയിട്ടുണ്ട്..
എന്നിട്ടും ഞാനവളെ കാണാൻ ശ്രമിച്ചിട്ടുണ്ട് കൂടെ നടന്നിട്ടുമുണ്ട്..
ഭീഷണികളുടെ ഫലമായി
ഓളെ ഞാൻ തന്നെ കെട്ടും എന്ന് പറഞ്ഞതാണ് ഞാൻ ചെയ്ത രണ്ടാമത്തെ തെറ്റ്..
ഒടുക്കം അവളുടെ ആങ്ങളമാർ എന്നെ ചുരുട്ടി മടക്കി പെട്ടിയിലാക്കുമെന്ന അവസ്ഥയിലായി കാര്യങ്ങൾ..
എനിക്കറിയാം അവളുടെ ആങ്ങളമാർക്ക് അവളോടുള്ള ഇഷ്ടവും എന്നോടുള്ള ദേഷ്യവും..
പലചരക്ക് കടയിലിരിക്കുന്ന അച്ഛൻ ഈ കഥയെല്ലാം എങ്ങനെയോ അറിഞ്ഞു..
അന്നു മുതൽ വീട്ടിലിരിക്കപ്പൊറുതി തന്നിട്ടില്ല അച്ഛൻ..
രണ്ടക്ഷരം പഠിക്കാൻ വിട്ടപ്പോൾ മരം കയറി നടന്ന കഥ മുതൽ കൂടെ പഠിച്ചവർ ഡോക്ടറായ കഥ വരെ അച്ഛൻ വീണ്ടും വീണ്ടും പറഞ്ഞു..
എന്റെ മോൻ കൈ വിട്ടു പോയല്ലോ എന്നും പറഞ്ഞ് അമ്മ നെഞ്ചത്തടിച്ചു കരഞ്ഞതു വേറെ..
അവൾ കണ്ണും കയ്യും കാട്ടി എന്റെ മോനെ മയക്കിയതാവും എന്നും പറഞ്ഞ് അമ്മ വീണ്ടും നെഞ്ചത്തടിച്ചതു ഏറെ..
ചേട്ടനാളു ജഗജില്ലിയാണല്ലോ എന്നും പറഞ്ഞ് ഇളയവളുടെ കളിയാക്കൽ വേറെ..
അയലത്തെ പെൺപടകളെല്ലാം വേലിക്കപ്പുറം നിന്ന് ഈ പുകിലൊക്കെ കൊക്ക് തല പൊക്കുന്നത് പോലെ തല പൊക്കി ആസ്വദിക്കുന്നത് കണ്ടപ്പോൾ എനിക്ക് കലി കയറിയത് വേറെ..
ഏതായാലും ആകെ നാറി ഇനി അവൾ മതി എന്റെ മക്കളെ പെറ്റുക്കൂട്ടാനെന്ന് ഞാനും തീരുമാനിച്ചു..
എന്റെ തീരുമാനങ്ങൾക്കൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല. അതൊക്കെ നടന്നു കിട്ടാനാണ് പാടേറെ എന്നൊക്കെ അറിയാം..
വീട്ടിൽ അമ്മയുടെ അനുഗ്രഹമെല്ലാം ഞാൻ തരത്തിൽ വാങ്ങി..
നിന്റെ ഇഷ്ടമതാണേൽ നടക്കട്ടെ എന്നും പറഞ്ഞമ്മ പാതി മനസ്സുമായി സമ്മതിച്ചു..
എന്റെ ഒരുങ്ങിക്കെട്ടൽ കണ്ടപ്പോൾ
അച്ഛനു കാര്യങ്ങൾ ഏറെ ക്കുറെ മനസ്സിലായി..
ചേട്ടൻമാരെ കണ്ടാൽ കിടു കിട വിറക്കണ പെണ്ണിനെയെങ്ങനെയാണ് ഒന്നു ഇറക്കി കൊണ്ട് വരുക എന്നായി പിന്നെത്തെ ആലോചന..
'' ഒളിച്ചോടാനൊന്നും എന്നെ കിട്ടില്ല വേണേൽ വീട്ടിൽ വന്നു ചോദിക്ക് '' എന്ന് പറഞ്ഞെന്നെ കൊലക്കു കൊടുക്കാനിരിക്കുന്നവളെ റജിസ്റ്റർ കല്യാണം കഴിക്കാം എന്നൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നായി എന്റെ ചിന്ത..
രണ്ടും കൽപ്പിച്ച് ഞാൻ അവളുടെ വീട്ടുകാർ അറിയാതെ ഒരു തരത്തിൽ അവളെ വിളിച്ചിറക്കി..
വീടിന്റെ പടി കടക്കുമ്പോഴേക്കും അവളുടെ ആങ്ങള വന്നെന്റെ കഴുത്തിനു കുത്തി നിർത്തി..
അന്നാണവൾ വിഷക്കുപ്പി കാണിച്ച് ഏട്ടൻമാരെ വിരട്ടിയത്..
അന്നാണ് ഞാനില്ലേൽ ചാവുമെന്നവൾ ഭീഷണി മുഴക്കിയത്..
അന്നാണവളുടെ ഏട്ടൻമാർ പ്രണയത്തിന് മുന്നിൽ പതറിയത്..
അവൾക്ക് ഞാൻ ജീവനാണെന്ന് അറിഞ്ഞതും അതെല്ലാം ഞാൻ നേരിൽ കണ്ടതും അന്നാണ്..
അന്നവൾക്ക് ഏട്ടൻമാരുടെ കയ്യിൽ നിന്നും കണക്കിനു കിട്ടി..
കിട്ടിയ തല്ലിലൊന്നും അവളുടെ മനസ്സിന് എള്ളോളം ചാഞ്ചാട്ടം വന്നില്ല..
കൊന്നാലും വേറെ കല്യാണത്തിന് സമ്മതിക്കില്ലെന്നവൾ പറഞ്ഞപ്പോൾ അവളുടെ ഏട്ടൻമാർ അവളെ മുറിയിലിട്ട് പൂട്ടി നോക്കി. പട്ടിണിക്കിട്ടു നോക്കി
എന്നിട്ടും അവൾ ഹൃദയത്തിൽ നിന്നെന്നെ പുറത്താക്കിയില്ല..
എന്നെ തന്നെ മതി എന്ന് പറഞ്ഞവൾ കൈയിലെ ഞരമ്പ് മുറിച്ചപ്പോഴാണ് അവളുടെ വീടും മൂകമായത്..
അവളുടെ ചിരി കളികൾ മാഞ്ഞപ്പോഴാണ് അവളുടെ വീടുറങ്ങിയത്..
അവൾ എന്നും വിതുമ്പി കരഞ്ഞപ്പോഴാണ് അവളുടെ വീട്ടിലൊരു കാർമേഘം പരന്നത്..
അങ്ങനെയാണ് മനസ്സില്ലാ മനസ്സോടെ അവളുടെ കെട്ടു നടത്താനുറച്ചത്..
അവളുടെ ആങ്ങളമാർ എന്നെ തന്നെ മണവാളനായി കണ്ടത്..
കെട്ടിനു മുന്നേ അവരുടെ അനുഗ്രഹം കാലിൽ വീണവൾ വാങ്ങിയിരുന്നു..
ചെയ്തു പോയ എല്ലാ തെറ്റിനും മാപ്പവൾ പറഞ്ഞിരുന്നു..
മണ്ഡപത്തിലേക്ക് അവളുടെ ആങ്ങളമാർ തന്നെ അവളെ ആനയിച്ചു കൊണ്ട് വന്നിരുത്തിയിരുന്നു
അതു കണ്ട് ഞാൻ സന്തോഷിച്ചിരുന്നു..
കെട്ടു കഴിഞ്ഞ് പടിയിറങ്ങുമ്പോൾ അവളുടെ ഏട്ടൻമാരുടെ കണ്ണുകൾ നനഞ്ഞത് ഞാനും കണ്ടിരുന്നു..
അങ്ങനെ എന്റെ നെഞ്ചിനു കുത്തിപ്പിടിച്ചവർ ഇപ്പൊ എനിക്ക് അളിയൻമാരായി..
എന്റെ രണ്ട് കുട്ടികളെയവൾ പെറ്റു.
പണ്ട് എനിക്കിട്ട് തന്നതിനൊക്കെ
അളിയൻമാർക്കിട്ട് ഇടി കൊടുക്കണത് ഇപ്പൊ എന്റെ നാലു വയസ്സുള്ള മോളാണ്..
അമ്മക്ക് കിട്ടിയ തല്ലിനൊക്കെ പ്രതികാരമായി അളിയൻമാരെ കടിച്ചു പൊളിക്കണത് എന്റെ ഇളയ മോനാണ്..
"ക്ഷ " വരപ്പിച്ച ഓളെ ഏട്ടൻമാരെയൊക്കെ ഞങ്ങളുടെ കൊച്ചുങ്ങൾ ഇപ്പൊ " ഋ "വരപ്പിക്കണത് കാണുമ്പോൾ കഴിഞ്ഞതെല്ലാം ലവലേശം മനസ്സിൽ വെക്കാതെ ഞങ്ങളും മായ്ച്ചു തുടങ്ങിയിരുന്നു..
പുതിയൊരു പുലരിയിലേക്ക് ഞാൻ എത്തി നോക്കുമ്പോൾ അടുക്കള ഭാഗത്ത് നിന്ന് അവൾ ഛർദ്ദിക്കുന്നത് ഞാൻ കേട്ടിരുന്നു..
അടുത്ത കൊച്ചിന്റെ ലക്ഷണമാണോടീ എന്ന് ഞാൻ ചോദിച്ചതും അവൾ പറഞ്ഞു "" നാമൊന്ന് നമുക്ക് രണ്ടെന്ന്..."
അതു കേട്ട് ഞാൻ ചിരിക്കുമ്പോൾ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു..
എ കെ സി അലി

ഒടുവിലെ യാത്രക്കായി

ഒടുവിലെ യാത്രക്കായി
"എന്റെടി.... ഞാൻ ഇറാഖിലോ അമേരിക്കയിലോ ഒന്നും അല്ല പോകുന്നെ.. ബാംഗ്ലൂർ ആണ്.."
അഞ്ജു മുഖം വാടി നിൽക്കുന്ന കണ്ട് അക്ഷയ് പറഞ്ഞു.
"അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. "
"നീ ഒന്നും പറയാതെ നിൽക്കുന്നകൊണ്ട പറഞ്ഞേ "
"മ്മം.... ചെന്നുകഴിഞ്ഞു എന്നെ എന്നും വിളിക്കണം ".
"നിന്നെ വിളിക്കാതെ ഞാൻ ആരെ വിളിക്കാൻ.... വന്നു വണ്ടിയിൽ കേറിക്കെ ഞാൻ സ്റ്റാൻഡിൽ കൊണ്ട് വിടാം ".
അവൾ ഒന്നും മിണ്ടാതെ കേറിയിരുന്നു. സ്റ്റാൻഡ് എത്തുന്ന വരെ അവൾ നിശബ്ദയായിരുന്നു. നല്ല വിഷമം ഉണ്ടെന്ന് അവനു അറിയാം. പക്ഷെ തനിക്ക് പോകാതിരിക്കാൻ ആവില്ലല്ലോ....
"ന്നാ ശരിയെടി ഞാൻ വിളിക്കാം. കുറച്ചു പായ്ക്ക് ചെയ്യാനുണ്ട്. പോട്ടെ ".
അവൾ തലയാട്ടി.
അവൻ വണ്ടി തിരിച്ചു പോകുന്നതും നോക്കി അവൾ നിന്നു.
അക്ഷയ് വീടിന്റെ മുറ്റത്തു വണ്ടി കേറ്റിനിർത്തി ഇറങ്ങാൻ തുടങ്ങിയതും ഫോൺ അടിച്ചു. അഞ്ജു ആണ്.
"എന്താടി മോളെ ".
"അക്ഷയ് ഒന്ന് തിരിച്ചു വരുമോ എനിക്ക് ഒന്ന് കാണണം".
അവളുടെ ശബ്ദത്തിലെ വിങ്ങൽ അവനു അറിയാൻ കഴിയുന്നുണ്ടാരുന്നു. അവൻ വണ്ടി തിരിച്ചതും പുറകിൽ നിന്ന്
"ടാ "... ന്നൊരു വിളികേട്ടു.
അമ്മയാണ്.
"ഇപ്പൊ ഇങ്ങോട്ട് വന്നതല്ലേയുള്ളൂ.
അകത്തുപോലും കേറാതെ എങ്ങോട്ടാ... "
"ഇപ്പൊ വരാം അമ്മേ... "
"ഇനിയെങ്ങും പോണ്ട മോനെ അകത്തു കേറിക്കെ.. നാളെ പോവണ്ടേ അല്ലെ ".
"ഞാനിപ്പോ ഇങ്ങെത്തും അമ്മേ ".
പറഞ്ഞതും അവൻ വണ്ടി തിരിച്ചുപോയി.
നോക്കി നിന്നിട്ടും അവനെ കാണാതെ വന്നപ്പോൾ അഞ്ജു ബസിൽ കേറി. വീടിന്റെ അടുത്തുകൂടി ഉള്ള ലാസ്റ്റ് ബസ് ആണ്. ഇനിയും വൈകിയാൽ ശരിയാവില്ല. അതിനു കേറിയില്ലേൽ അക്ഷയും വഴക്ക് പറയും. ഇടവഴിയിലേക്ക് ഒരിക്കൽ കൂടി അവൾ നോക്കി. കണ്ടില്ല.
ബസ് എടുത്തതും അവൻ ഇടവഴി കേറിവരുന്നത് അവൾ കണ്ടു.
അക്ഷയ് വണ്ടി മെയിൻറോഡിലേക്ക് കയറ്റിയതും എതിരെ വന്നൊരു കാർ വന്നു അവന്റെ ബൈക്കിൽ ഇടിച്ചതും ഒരുമിച്ച് ആരുന്നു. അവൻ തെറിച്ചു റോഡിലേക്ക് വീണു. എതിരെ വന്ന ബസ് അവന്റെ ദേഹത്തുകൂടിയാണ് കയറിയിറങ്ങിയത്. അതേ ബസിന്റെ സൈഡ് സീറ്റിൽ ആരുന്നു അഞ്ജു ഇരുന്നതും.
"അക്ഷയ്...." ന്നൊരു നിലവിളി അവളുടെ ഉള്ളിൽ തന്നെ കുടുങ്ങി. കണ്ണിൽ ഇരുട്ട് കയറി ചുറ്റും ഉള്ളത് ഒന്നും പിന്നീട് അവൾ കണ്ടില്ല.
അപ്പോഴേക്കും അവന്റെ ചുറ്റും ആളുകൾ കൂടിയിരുന്നു.
ബഹളം കേട്ടാണ് ജേക്കബ് കടയിൽ നിന്നിറങ്ങി നോക്കിയത്.
"എന്താ ഗോപി എന്താ പറ്റിയെ ".
"ഒരു പയ്യനെ വണ്ടി ഇടിച്ചതാ.. ആശുപത്രിയിൽ കൊണ്ട് പോയി. മരിച്ചുന്നാ കേട്ടെ. ഞാൻ കണ്ടില്ല ".
"അതിന്റെ വിധി അല്ലാതെ എന്താ ".
തിരിഞ്ഞു കടയിൽ കേറുമ്പോഴും വിലപിച്ചതു സ്വന്തം മകനെ ഓർത്തെന്ന് ആ മനുഷ്യൻ അറിഞ്ഞിരുന്നില്ല.
അഞ്ജു കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിൽ ആരുന്നു. അപ്പോഴേക്കും അക്ഷയ്ടെ അടക്കം കഴിഞ്ഞിരുന്നു. എല്ലാം കേട്ടിട്ടും അവളുടെ മുഖത്ത് ഒരു നിർജീവഭാവം ആയിരുന്നു. മനസ് മരവിച്ച ഒരു ശിലകണക്കെ അവൾ ഇരുന്നു. എല്ലാ സ്വപ്‌നങ്ങളും മണ്ണിൽ മൂടി എന്ന് അവൾ തിരിച്ചറിയുകയായിരുന്നു.
"അമ്മേ.... " മകളുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ആലിസ് ഓർമകളിൽ നിന്നും ഉണർന്നത്. അക്ഷയ് മരിച്ചിട്ട് ഇന്ന് രണ്ടു മാസം . ഇതിനിടയിൽ ഇന്നാണ് ആ വിട്ടിൽ ഉച്ചത്തിൽ ഒരു ശബ്ദം കേൾക്കുന്നത്. അതാ വീടിന്റെ നാലു ചുവരിലും ഇടിമുഴക്കം പോലെ പ്രതിധ്വനിക്കുന്നുണ്ടെന്ന് അവർക്ക് തോന്നി.
ആലിസ് മകന്റെ മുറിയിൽ നിന്നെഴുന്നേറ്റ് സ്വന്തം മുറിയിലേക്ക് ചെന്നു. ആൻസി ജേക്കബിന്റെ തല മടിയിൽ വച്ചു കുലുക്കി വിളിക്കുകയാണ്. ആലിസ് ഓടി അരികിലേക്ക് ചെന്നു.
"എന്താ മോളെ എന്താ പറ്റിയെ ".
ആലിസ് വെപ്രാളപെട്ടു.
"അറിയില്ല അമ്മേ ഞാൻ വരുമ്പോൾ പപ്പാ ഇവിടെ നിലത്തു കിടക്കുവാ. അമ്മ ഇവിടെ ഇരിക്ക് ഞാൻ വണ്ടി വിളിച്ചിട്ട് വരാം".
ICU വിന്റെ മുന്നിൽ ഒരു ജീവച്ഛവം കണക്കെ ആലിസ് ഇരുന്നു.
ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നതും ആൻസി അരികിൽ ചെന്നു.
"മകൻ മരിച്ച സ്‌ട്രെയിൻ ആവാം. കാർഡിയാക്ക് അറസ്റ്റ് ആണ്. കുറച്ചു ദിവസം ഈ കിടപ്പ് തുടരും. പേടിക്കണ്ട. ശ്രദ്ധിച്ചാൽ മതി ".
ആൻസി അമ്മയുടെ മുഖത്തേക്ക് നോക്കി. നിറഞ്ഞു വന്ന കണ്ണുകൾ അവൾ തുടച്ചു. ഇനി കരയില്ല എന്ന ഉറപ്പോടെ.
അവൾ അമ്മയുടെ അരികിൽ ചെന്നിരുന്നു അമ്മയെ തന്നോട് ചേർത്തു പിടിച്ചു. ആലിസ് ഒരമ്മയിൽ നിന്നും മാറി മകളുടെ നെഞ്ചിലെക്ക് ചായുമ്പോൾ മകളിലെ അമ്മയെ അവരും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
( യഥാർത്ഥസംഭവുമായി ബന്ധം ഉള്ളത് കൊണ്ട് ഒരുപാട് ഭാവനാന്മകാമായി എഴുതിയിട്ടില്ല. വ്യക്തതക്കുറവ് ഉണ്ടെങ്കിൽ ക്ഷമിക്കണം )

Beema

ആകാശ പറവകൾ

ആകാശ പറവകൾ
================
കുറച്ചു ദിവസമായി ഉമ്മാക്ക് ചില മാറ്റങ്ങൾ ഉണ്ടെന്നു ജെസി പറഞ്ഞപ്പോൾ ഞാൻ അതിനെ നിസ്സാരമായി കരുതി.
ഒന്നിച്ചിരിക്കുന്ന അവസരങ്ങളിൽ ഞാനും ഉമ്മയെ ശ്രദ്ധിച്ചപ്പോളാണ് ജെസി പറഞ്ഞതിൽ കാര്യമുണ്ടന്ന് തോന്നിയത്. ഭക്ഷണം കഴിക്കുന്നതിന്റെ ഇടക്ക് ഉമ്മകഴിക്കുന്നത് നിർത്തി നിശബ്ദമായി എങ്ങോട്ടോ നോക്കിയിരിക്കും. ഉമ്മയെ തൊട്ടു വിളിച്ചാൽ ഉറക്കത്തിലെന്ന പോലെ ഞെട്ടിയുണരും, ഒന്ന് ചെറുതായി പുഞ്ചിരിക്കും.
ജെസിയെ അടുക്കളയിൽ പണിയെടുക്കാൻ സമ്മതിക്കാതെ എല്ലാം ഒറ്റക്ക് ചെയ്തിരുന്ന ഉമ്മ. പതിനേഴാം വയസ്സിൽ ഈ വീട്ടിലെ അടുക്കളയിൽ കയറിയതെന്നും, ഇത്രയും കാലം എല്ലാവർക്കും വെച്ചു വിളമ്പി, ഇനി മരിക്കുന്നത് വരെ അല്ലെ എന്ന് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ.
ചിലപ്പോൾ ഉമ്മ ഉപ്പ ഉപയോഗിച്ചിരുന്ന ഉമ്മറത്തെ ചാരുകസേരയിലോ അടുക്കള പുറത്തെ തിണ്ണയിലോ ഇരുന്ന് പുറത്തേക്ക് നോക്കിയിരിക്കുന്നത് കാണാം. മുറ്റത്ത് നടക്കുന്ന മൈനകളെയാണോ, അടക്കാ കിളികളാണോ, വീടിനോട് ചാഞ്ഞു നിൽക്കുന്ന പ്ലാവിലാണോ, അതോ പേര മരത്തിലാണോ അതോ പേര മരത്തിലൂടെ പടർന്നു ഓടിനു മുകളിലൂടെ വള്ളികൾ പടർന്നും, പച്ചയും, പഴുത്തതുമായ തൂങ്ങി കിടക്കുന്ന പാഷൻ ഫ്രൂട്ട് ആണോ, മരച്ചില്ലകളിലൂടെ ഓടിക്കളിച്ചു കരയുന്ന അണ്ണാന്റെ ശബ്ദത്തോടാണോ അതോ തന്നിലേക്ക് തന്നെയാണോ അറിയില്ല.
ചിലപ്പോൾ കവുങ്ങും തോട്ടത്തിലോ, തെങ്ങുകൾക്കിടയിൽ ചുറ്റിയടിക്കുകയും മരങ്ങളെ തലോടുകയും അവകളോട് ഒറ്റക്ക് സംസാരിക്കുന്നത് കാണുമ്പോൾ എന്തോ ഒരു ഭീതി ഉടലെടുക്കാറുണ്ട്.
ഉപ്പ മരിച്ച ഉടനെയാണ് ഇങ്ങനെ ഒരു മാറ്റമെങ്കിൽ വിശ്വസിക്കാം, ഉപ്പയുടെ വിരഹ വേദനയാണെന്നു, ഉപ്പ മരണപെട്ടു മൂന്ന് വർഷമായി ഇപ്പോൾ ഇങ്ങനെ ഒരു മാറ്റത്തിന് കാരണം.
ഇക്കാക്കമാരെയും, ഇത്താത്തമാരെയും വിവരം അറിയിക്കണമെന്ന് ജെസി പറഞ്ഞു തുടങ്ങി.
ഗൾഫിൽ നല്ലൊരു ജോലിയും, കല്യാണം കഴിഞ്ഞു ജെസിയുമായി സ്ഥിരമായി അവിടെ നിൽക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും ഉപ്പയെയും ഉമ്മയെയും സംരക്ഷണം സ്വീകരിക്കാൻ തയ്യാറാകാത്ത സഹോദരന്മാരും, സഹോദരിമാരും. അവരോട് പറഞ്ഞാൽ ഭ്രാന്താശുപത്രിയിൽ കൊണ്ട് പോകാൻ പറയും.
ഭാര്യയോടും മകനോടും കൂടി ഒരുമിച്ചു നിൽക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഉള്ള ജോലിയും കളഞ്ഞു കുറച്ചു കാലം നിൽക്കാൻ തീരുമാനിച്ചത്.
ഭാഗം വെച്ചു അവസാനത്തെ മകനായ തനിക്കു ഈ പഴയ തറവാട് കിട്ടി. ഈ വീട് പൊളിക്കാൻ ആഗ്രഹമില്ലെങ്കിലും എല്ലാ വർഷവുമുള്ള അറ്റകുറ്റപണികൾ ചെയ്ത് നിലനിർത്തുന്ന പണം കൊണ്ട് ഒരു പുതിയ ടെറസ്സ് വീട് വെക്കാം. തിരിച്ചു പോകുന്നതിനു മുൻപ് അങ്ങനെ ഒരു ആലോചന ഉണ്ടെന്നു ഉമ്മയോട് പറഞ്ഞിരുന്നു ഇനി അതിന്റെ വിഷമം ആയിരിക്കുമോ.
ഉമ്മ മുൻപെല്ലാം പറഞ്ഞിരുന്നതായി ഓർക്കുന്നു. ഉപ്പ മരിച്ച വീട്ടിൽ തനിക്കും മരിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു.
വല്ലിമ്മ തന്നോട് സംസാരിക്കാൻ വരാത്തതിലുള്ള സങ്കടം സുഫി മോൻ ഇടക്കിടെ പറഞ്ഞിരുന്നു. അവൻ വല്ലിമ്മയുടെ അടുത്ത് ചെന്നു കുറച്ചു നേരം നിൽക്കും. വല്ലിമ്മ തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് അറിയുമ്പോൾ അവൻ മടങ്ങും. അവന്റെ ചോദ്യങ്ങൾക്കു താനും ജെസിയും എന്ത് ഉത്തരം പറഞ്ഞു സമാധാനിപ്പിക്കുമെന്നു അറിയാതെ കുഴങ്ങി.
രാവിലെ ഉപ്പയുടെ ചാരുകസേരയിൽ കയ്യിൽ ചായ ഗ്ലാസും പിടിച്ചു ദൂരേക്ക് നോക്കിയിരിക്കുന്ന ഉമ്മയെ ഞാൻ പത്ര വായനയുടെ ഇടക്ക് നോക്കി എന്നാൽ ഒരേ ഇരിപ്പിൽ ഒരു ഭാഗത്തേക്ക് മാത്രമല്ല ഉമ്മയുടെ നോട്ടം ചിന്തയിൽ ആണെന്ന് മനസ്സിലായി. ഉമ്മയെ സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടി വരുമോയെന്ന് ഞാൻ ഊഹിച്ചു.
ഉള്ളിൽ എവിടെയോ ഒരു വാത്സല്യം എനിക്ക് തോന്നി. ഉമ്മയുടെ അടുത്തേക്ക് കസേര വലിച്ചിട്ട് ഇരുന്നു. ഉമ്മയുടെ ചുളുങ്ങിയ തൊലിയായ മെലിഞ്ഞ കൈകൾ ഞാൻ എന്റെ കൈകളിൽ എടുത്ത് പതുക്കെ തലോടി കൊണ്ട് സ്നേഹപൂർവ്വം വിളിച്ചു.
"ഉമ്മാ... "
ഉമ്മ പതുക്കെ തല തിരിച്ചു പുഞ്ചിരിച്ചു.
"ഉമ്മാക്ക് എന്ത് പറ്റി... എപ്പോഴും വർത്താനം പറഞ്ഞിരുന്നതാണല്ലോ.. ഇപ്പോൾ എന്തുപറ്റി... "
"ഒന്നൂല്യ ടാ... " വളരെ നിർവികാരമായി പറഞ്ഞു... "ഞാൻ ഓർക്കായിരുന്നു നിന്റെ ഉപ്പ മരിക്കുന്നതിന്റെ കുറച്ചീസം മുന്നെ പറഞ്ഞു... നമ്മക്ക് നല്ല മക്കളുണ്ട് പക്ഷെ ഖൽബിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹമുള്ളവര് ഒരു മോനും, മരുമോളും... നമ്മുടെ അവിവേകം കൊണ്ടല്ലേ അവൾ പോയത്... " ഉമ്മപറഞ്ഞു നിർത്തി. ഉമ്മയുടെ ഉള്ളിലേക്ക് ആണ്ടിറങ്ങിയ കണ്ണിന്റെ കോണിൽ നിന്ന് കണ്ണുനീർ ചാലിട്ടിറങ്ങി... "മോനെ നിക്ക് റസിയാനെ കാണണം... " ഞാൻ ഉമ്മയുടെ കണ്ണീർ തുടച്ചു കാണിച്ചു കൊടുക്കാമെന്നു സമ്മതിച്ചു.
ഉപ്പാക്കും ഉമ്മാക്കും അഞ്ച് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും കൂടി എട്ട് മക്കൾ. റസിയാത്ത മൂത്ത ഇക്ക ജമാലിക്കയുടെ ആദ്യ ഭാര്യ. എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് അവരുടെ കല്യാണം കഴിയുന്നത്. എന്റെ ഇത്താത്തമാരേക്കാളും ഏറ്റവും സ്നേഹം തോന്നിയത് അവരോടായിരുന്നു അത്രക്കും സ്നേഹമുള്ള മനസ്സായിരുന്നു അവർക്ക്.
ബാല്യത്തിൽ തന്റെ കുസൃതിക്കൊത്ത് കളിക്കാനും കുളിപ്പിക്കാനും, ഭക്ഷണം തരാനും ഉമ്മയെക്കാളും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു.
പേരുകേട്ട തറവാട്ടിൽ മൂന്ന് പെണ്മക്കളിലെ മൂത്ത പെൺകുട്ടിയാണ് റസിയാത്ത. തറവാടിന്റെ പേരും മാത്രമല്ല സ്ത്രീധനമായി നല്ലൊരു തുക കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉപ്പ ജമാലിക്കയെ കൊണ്ട് കല്യാണം കഴിപ്പിച്ചത്. എന്നാൽ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകൾ ഉള്ള വീടാണെന്ന് കല്യാണത്തിന് ശേഷമാണ് അറിയുന്നത്.
പറഞ്ഞു ഉറപ്പിച്ചിരുന്ന സ്ത്രീധനം മുഴുവൻ കിട്ടാതായപ്പോൾ ഉപ്പയും ഉമ്മയും റസിയാത്തയെ പലതും പറഞ്ഞു വിഷമിപ്പിച്ചിരുന്നു. കൂടെ കുട്ടികൾ ഉണ്ടാവാൻ കാലതാമസം ഒരു വലിയ കാരണമായി.
മൂത്താപ്പമാരും കുഞ്ഞിപ്പാരും ബന്ധുക്കളും പ്രശ്നം ഏറ്റെടുത്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ചർച്ചകൾക്കും, വാക്ക് തർക്കങ്ങൾക്കും അവസാനം വിവാഹമോചനമെന്ന തീരുമാനത്തിൽ ഉറപ്പിച്ചു.
അന്നും ഇന്നും എന്നെ കൂടുതൽ വിഷമിപ്പിച്ചിരുന്ന ഓർമ്മയാണ് റസിയാത്ത വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന കാഴ്ച.
എൺപത്തി അഞ്ച് വയസ്സായ ഉമ്മാക്ക് ഇപ്പോൾ പെട്ടന്ന് റസിയാത്തയെ ഓർക്കാൻ എന്തായിരിക്കും കാരണം. മരിക്കുന്നതിന് മുൻപ് ഉപ്പാക്ക് ഉണ്ടായ അതെ കുറ്റബോധം ഉമ്മാക്കും തോന്നി തുടങ്ങിയോ..
മാറാലയും പൊടിയും പിടിച്ച വർഷങ്ങളായി ഉപയോഗിക്കാത്ത മര ഗോവണിയിലൂടെ ഞാനും ജെസിയും, സുഫി മോനും കൂടി തട്ടിൻ പുറത്തേക്ക് കയറി ചെന്നു. വർഷങ്ങളായി ഉപയോഗിച്ച് ഉപേക്ഷിച്ച സാധങ്ങൾക്കിടയിൽ റസിയാത്തയെ ഓർക്കാനുള്ള എന്തെങ്കിലും ഉണ്ടെന്നു ഉറപ്പിച്ചു ഞാനും ജെസിയും തിരഞ്ഞു.
ഒരു സാധനവും വലിച്ചെറിയാൻ ഇഷ്ടമില്ലാതിരുന്ന ഉമ്മ എല്ലാം തട്ടിൻ പുറത്ത് സൂക്ഷിച്ചിരുന്നു. ഉമ്മയുടെയും ഉപ്പയുടെയും കല്യാണത്തിന് ശേഷമുള്ളത് മുതൽ ഞങ്ങൾ സഹോദരി സഹോദരന്മാരുടെ ബാല്യകാലം മുതൽ എല്ലാ പേരക്കുട്ടികളും ഉപയോഗിച്ച വസ്ത്രങ്ങൾ, കളിക്കോപ്പുകൾ, പുസ്തകങ്ങൾ അങ്ങനെ പലതും.
ഞങ്ങൾ ജീവിച്ചിരുന്നതിന്റെ പല കാലത്തിൽ ഉണ്ടായിരുന്ന മനസ്സിനെ ഉണർത്തുന്ന പലതും കണ്ടു.
ഇത് വരെ കാണാത്ത കളിക്കോപ്പുകൾ കണ്ടപ്പോൾ സുഫി മോൻ അമിതാവേശത്തോടെ ഇഷ്ടപെട്ടതെല്ലാം മാറ്റി വെച്ചു.
കൂടി കലർന്ന് കിടക്കുന്ന സാധനങ്ങൾക്ക് ഇടയിൽ നിന്ന് ഉദ്ദേശിക്കുന്നത് കിട്ടാൻ വളരെയധികം ശ്രമകരമായ പണിയായിരുന്നു.
പലരുടെയും കല്യാണ ആൽബങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് മുതൽ കളർ വരെ, അവയിൽ നിന്ന് ഒരു ചെറിയ കല്യാണ ആൽബം കിട്ടി. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ. മങ്ങി തുടങ്ങിയ ഫോട്ടോകൾക്കിടയിൽ നിന്ന് ഞങ്ങൾ വധുവരന്മാരെ കണ്ടു. അന്നത്തെ കല്യാണ വസ്ത്രധാരണ രീതികൾ കണ്ടു ജെസി അത്ഭുതപ്പെടുകയും ചിരിക്കുകയും ചെയ്തു. ഇത്രയും സുന്ദരിയായ റസിയാത്തയെ ഉപേക്ഷിച്ചതിൽ ജെസിക്ക് പോലും കഷ്ടം തോന്നി.
റസിയാത്തയുടെ വീടോ, വിലാസമോ അറിയില്ല. എങ്ങനെ കണ്ടു പിടിക്കുമെന്ന് അറിയാതെ ഞങ്ങൾ ചിന്താകുഴപ്പത്തിലായി. ജമാലിക്കക്ക് ചിലപ്പോൾ ഓർമ്മ ഉണ്ടാവുമെങ്കിലും ഇനി ചോദിച്ചാൽ അത് എല്ലാവരും അറിയുകയും വയസ്സായ ഉമ്മയെ പോലെ നിങ്ങൾക്കും ഭ്രാന്ത് ആണെന്ന് പറയും. വയസ്സ് കാലത്തുള്ള ഉമ്മയുടെ ആഗ്രഹം മറ്റുള്ളവർക്ക് ചിലപ്പോൾ ഭ്രാന്തായിരിക്കാം എന്നാൽ ഉമ്മാക്ക്, ഉപ്പയുടെ അവസാന വാക്കും ഒരു പക്ഷെ തങ്ങൾ ചെയ്ത തെറ്റ് തിരുത്തുവാനും മാപ്പ് പറയുവാനുമുള്ള ആഗ്രഹവും ആകാം ഇങ്ങനെ ഒരു തോന്നൽ.
സൂക്ഷമമായ തിരച്ചിലിനൊടുവിൽ ഞങ്ങൾക്ക് അന്നത്തെ കല്യാണ കത്ത് കിട്ടി.
പിറ്റേദിവസം രാവിലെ ഉമ്മയെയും കൂട്ടി ഞങ്ങൾ കത്തിലുള്ള വിലാസത്തിലേക്കുള്ള യാത്ര തിരിച്ചു.
സൂര്യോദയത്തിനു മുൻപുള്ള യാത്ര തിരക്ക് കുറഞ്ഞ വീഥികളും കുറെ കാലത്തിനു ശേഷമുള്ള കൂടികാഴ്ചകളും ആലോചിക്കുമ്പോൾ യാത്രക്ക് തന്നെ ഒരു ആവേശമായിരുന്നു.
തെരുവ് വിളക്കുകൾ കത്തിനിൽക്കുന്ന നഗരത്തിലൂടെ കടന്നുപോകുമ്പോൾ ഇരുട്ട് യാത്ര പറഞ്ഞു തുടങ്ങിയിരുന്നു.
കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും ഇരു വശങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മരങ്ങളും, പച്ചപ്പും, റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന മരക്കൊമ്പുകൾ. ഇടയ്ക്കിടെ കാണുന്ന കതിരിട്ട പാടങ്ങൾ.
ഇടക്ക് ഞാൻ നടുവിലെ കണ്ണാടിയിലൂടെ ഉമ്മയെ നോക്കും. ഉമ്മതികച്ചും ശാന്തമായി താഴ്ത്തി വെച്ച ഗ്ലാസിലൂടെ വരുന്ന തണുപ്പുള്ള കാറ്റും, പ്രകൃതിരമണീയതയും നുകർന്നിരിക്കുന്നു. ഉമ്മാക്ക് ഇങ്ങനെയുള്ള ഒരു യാത്ര ഉപ്പയുടെ കൂടെ ഉണ്ടായിട്ടുണ്ടാവില്ലേ.. ഉപ്പയുടെ കാല ശേഷം ആദ്യമായിരിക്കും ഒരു യാത്ര.
കയറി ചെല്ലുന്ന വീട്ടിൽ റസിയാത്ത ഇല്ലങ്കിൽ ഇനി അഥവാ ആരെന്നു പറഞ്ഞു പരിചയപ്പെടണമെന്നും ഞാനും ജെസിയും കൂടി ചർച്ചകൾ നടത്തുകയായിരുന്നു. എന്നാൽ ഉമ്മഅതൊന്നും ചെവി കൊടുക്കുന്നില്ല. ഉമ്മയുടെ മടിയിൽ സുഫി മോൻ കിടന്നു ഉറങ്ങുന്നു.
ഒൻപത് മണിക്ക് വിലാസത്തിലെ സ്ഥലത്ത് എത്തിയതിനു ശേഷം പലരോടും ചോദിക്കേണ്ടി വന്നു വീട് കണ്ടു പിടിക്കാൻ.
ഇപ്പോഴത്തെ പരിഷ്കാരത്തോടുള്ള ഇരു നില വീട്. വലിയ വലുപ്പത്തിലുള്ള അടഞ്ഞു കിടക്കുന്ന ഗെയ്റ്റ്.
കാർ പുറത്ത് നിർത്തി ഗെയ്റ്റ് തുറന്നു ഞാൻ അകത്തേക്ക് ഒറ്റക്ക് നടന്നു. റോഡിൽ നിന്നും വീട്ടിലേക്ക് കുറച്ചു ദൂരമുണ്ട് നടക്കാൻ. ഇരു വശങ്ങളിലും നിറഞ്ഞു നിൽക്കുന്ന പൂക്കുന്നതും പൂക്കാത്തതുമായ ഭംഗിയുള്ള ചെടികൾ.
കോളിംഗ് ബെല്ലടിച്ചപ്പോൾ പ്രധാന വാതിൽ തുറന്നു. ഒരു മദ്ധ്യവയസ്കൻ വന്നു. ഒറ്റ വെള്ള മുണ്ട് ഉടുത്ത് ഷർട്ടിടാത്ത നെഞ്ചിൽ ധാരാളം മുടികൾ, തലമുടിയും താടിയും നെഞ്ചിലെ രോമങ്ങളും വെളുത്തിരുന്നു. എന്നാൽ ദൃഡവും പുഷ്ടിയുമുള്ള ശരീരം.
കണ്ട നിമിഷം പുഞ്ചിരിയോടെ ഞാൻ സലാം പറഞ്ഞു. സലാം മടക്കുമ്പോൾ അയാളും പുഞ്ചിരിച്ചു.
"കാക്കപറമ്പിൽ മുഹമ്മദ്‌ക്കാടെ മക്കൾ റസിയാത്തയുടെ വീടാണോ. "
"അതെ.... ആരാണ്..? "
"ഞാൻ റസിയാത്തയുടെ ഒരു അകന്ന ബന്ധു ഉമ്മർക്കാടെ മകനാണ്... റസിയാത്തക്കു അറിയും."
അയാൾ അകത്തേക്ക് കഴുത്ത് നീട്ടി വിളിച്ചു 'റസിയാ..'. എന്നോട് ഇരിക്കാൻ പറഞ്ഞു.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം തലയിൽ തട്ടമിട്ട് അതെ തട്ടം കഴുത്തിലൂടെ ചുറ്റിയിരുന്നു. മാക്സിയാണ് വസ്ത്രം. പ്രായം നാല്പതിനോട് അടുത്ത് തടിച്ച ശരീരം. ഞാൻ അവരെയും അവർ എന്നെയും കുറച്ചു നേരം നോക്കി.
"മോൻ എവിടുത്തെതാ.... "
"ഞാൻ ജമാലിക്കയുടെ അനിയനാണ്" അറിയുമോ എന്നറിയാൻ ഞാൻ അവരെ ഒരു നിമിഷം നോക്കി. "എന്റെ പേര് ഫൈസൽ എന്നാണ്..കൊരട്ടിക്കരയിലെ..." റസിയാത്തയുടെ മുഖത്ത് പെട്ടന്ന് ആശ്ചര്യവും അത്ഭുതവും ഒന്നിച്ചു വന്നു.
"ഫൈസി..നീ... വല്യ ചെക്കനായല്ലോ... " റസിയാത്ത എന്റെ അടുത്തേക്ക് വന്നു. ഞാൻ എഴുന്നേറ്റു നിന്നു. റസിയാത്ത എന്റെ തലമുടിയിൽ തലോടി. റസിയാത്തയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
"ഉമ്മ... ഉപ്പ... സുഖമല്ലേ.. "
"ഉപ്പ മരിച്ചു പോയി... ഉമ്മ വന്നിട്ടുണ്ട്.... ഉമ്മാക്ക് റസിയാത്തയെ കാണണമെന്ന് പറഞ്ഞു അതാ ഞാൻ... "
"എന്നിട്ട് ഉമ്മ എവിടെ... " കണ്ണ് നിറഞ്ഞു കൊണ്ട് അവർ ചോദിച്ചു..
"പുറത്ത് കാറിൽ... " ഞാൻ ഗൈറ്റിലേക്കു കൈ ചുണ്ടിയതും. റസിയാത്ത ഇറങ്ങി നടന്നു പിന്നിലായി ഞാനും.
കാറിന്റെ അടുത്ത് എത്തിയതും റസിയാത്ത.. 'ഉമ്മാ.. 'എന്ന് വിളിച്ചു. ഉമ്മ പെട്ടന്ന് ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നു. തന്റെ മുന്നിൽ നിൽക്കുന്ന പഴയ മരുമകളെ കണ്ടതും ഉമ്മയും കരയാൻ തുടങ്ങി.
"അകത്തേക്ക് പോരു...ഇങ്ങനെ കരയുന്നത് ആരെങ്കിലും കണ്ടാൽ എന്തെങ്കിലും വിചാരിക്കും... " എനിക്ക് പിന്നിൽ വന്നു അയാൾ പറഞ്ഞു...
റസിയാത്ത ഉമ്മയെ കാറിൽ നിന്നു പുറത്തിറക്കി പരസ്പരം കെട്ടിപ്പുണർന്നു.
ഉമ്മ റസിയാത്തയുടെ തോളിൽ കയ്യിട്ടും റസിയാത്ത ഉമ്മയുടെ അരയിൽ മുറുകെ പിടിച്ചും ആ വീട്ടിലേക്ക് നടന്നു. അവർക്ക് പിന്നിലായി ഞാനും ജെസിയും. അവർ പോകുന്നത് നോക്കി കൊണ്ട് ജെസി എന്റെ കൈകളിൽ കയറി പിടിച്ചു. ഉമ്മയുടെ ആഗ്രഹ സാഫല്യമുണ്ടായതിൽ എന്നെ മൗനമായി അഭിനന്ദിക്കുന്നതോടപ്പം എന്റെ കൃതജ്ഞതയിൽ പങ്ക് ചേരുകയായിരുന്നു ജെസിയുടെ കൈകളിലെ പിടുത്തമെന്നു ഊഹിച്ചു.
വീടിന്റെ അകത്തേക്ക് കയറുമ്പോൾ ഉമ്മതേങ്ങലിനിടയിലൂടെ പറയുന്നുണ്ടായിരുന്നു... "മോളെ ന്നോട് പൊറുക്കണം... "
"സാരല്യ മ്മാ... എല്ലാം പടച്ചോന്റെ വിധിയാണ്".
ചായ കുടിയുമായി കുറച്ചു സമയം ഞങ്ങൾ അവിടെ ചിലവഴിച്ചു. അകത്തു ഉമ്മയും മരുമക്കളുടെയും സംസാരങ്ങൾ കേട്ടു.
സന്തോഷത്തോടെ യാത്ര പറഞ്ഞു ഞങ്ങൾ പടിയിറങ്ങി. തിരിച്ചുള്ള യാത്രയിൽ ഉമ്മ തീർത്തും സന്തോഷവതിയായിരുന്നു താൻ കടമ നിർവഹിച്ച നിർവൃതിയിൽ പിന്നിലെ തല ചാരി വെച്ച് കണ്ണടച്ച് ഇരുന്നു.
വീട്ടിൽ എത്തി. കാർ നിർത്തിയിട്ടും ഉമ്മ അറിഞ്ഞില്ല. ഞാൻ വിളിച്ചു പലവട്ടം കുലുക്കി വിളിച്ചു. ഉമ്മയുടെ ഉടൽ തണുത്തിരുന്നു.. എന്നേക്കുമായി ഉമ്മ ഉറങ്ങി... ആരും വിളിച്ചാലും വിളികേൾക്കാത്ത ദൂരത്തേക്ക്.
---------------------------
നിഷാദ് മുഹമ്മദ്.

ഐ . ടി കാലത്തെ പ്രണയം

ഐ . ടി കാലത്തെ പ്രണയം
തിരക്കേറിയ ആ ഐ . ടി നഗരത്തിൽ , കോൺക്രീറ്റ് സൗധങ്ങളാൽ പുതുതായി രൂപമെടുത്ത പാർക്കിലെ പ്രമുഖ കമ്പനിയുടെ ശീതീകരിച്ച ഓഫീസ് മുറിയിലാണ് നിതാ കുര്യനും , അനൂപ് ശങ്കറും ആദ്യമായി കണ്ട് മുട്ടിയത് .
കോഫി വെൻഡിംഗ് മെഷീന്റെ ചുവട്ടിൽ രൂപമെടുത്ത സൗഹൃദം പ്രണയത്തിലേക്ക് വഴിമാറാൻ അവർക്കിടയിൽ അധികം താമസം ഉണ്ടായില്ല .
ലാപ് ടോപ് സ്ക്രീനിലെ വാൾപേപ്പറി നോടൊപ്പം ഋതുക്കളും മാറിയപ്പോൾ , പ്രണയത്തിന്റെ ലഹരിയിൽ അനൂപിന്റെയും , നിതയുടെയും രാവുകൾ വെബ് ക്യാമിലൂടെ സിരകൾക്ക് ചൂട് പകരുന്നതായി തീർന്നു . ബീച്ചിലും , പാർക്കിലും ചുറ്റിതിരിഞ്ഞ അവർക്ക് നാട്ടിലേക്കുള്ള യാത്രയിൽ വോൾവോയിൽ ബ്ലാങ്കറ്റ് ഒന്നു തന്നെ അധികമായിരുന്നു .
അധികം താമസിയാതെ ഈ പ്രണയ രഹസ്യം ആ നഗരത്തിലെ താമസക്കാരിയായ ഇളയ സഹോദരി ഷീലാ സ്റ്റീഫനിലൂടെ നിതയുടെ അച്ഛൻ പ്ലാന്റർ കുര്യന്റെ കാതിലും എത്തി .
തറവാടിയും , പ്രമാണിയും , സത്യ ക്രിസ്ത്യാനിയുമായ കുര്യച്ചന് അന്യ മതസ്ഥനും , പ്രാരാബ്ദക്കാരനുമായ ഒരു വനോടുള്ള തന്റെ മകളുടെ ഈ ബന്ധം തീരെ രസിച്ചില്ല . എങ്ങനെയും അവരെ തമ്മിൽ വേർപിരിച്ച് തന്റെ സുഹൃത്തായ അമേരിക്കാ കാരൻ സൈമണിന്റെ മകനുമായി നിതയുടെ വിവാഹം നടത്താൻ അയാൾ തീരുമാനമെടുത്തു .
അമ്മക്ക് അസുഖമെന്ന് ഫോൺ വന്നതിനാൽ അത്യാവശ്യമായി അനൂപിന് നാട്ടിൽ പോകേണ്ടതായി വന്നു . അതിനാൽ നാട്ടിലേക്കുള്ള ആ തവണത്തെ യാത്രയിൽ അവൻ ഒറ്റക്കേ ഉണ്ടായിരുന്നുള്ളൂ .
നാട്ടിലെത്തിയ അനൂപിനെ പലവട്ടം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് എന്ന മറുപടിയാണ് നിതക്ക് ലഭിച്ചത് .
മൂന്ന് ദിവസങ്ങൾക്ക് ശേഷം അവളുടെ മെയിൽ ഐഡിയിലേക്ക് അനൂപിന്റ ഒരു ഫോട്ടോയും, ഒരു മെഡിക്കൽ റിപ്പോർട്ടും , ഒപ്പം ഒരു സന്ദേശവും എത്തി .
നാട്ടിലെ വലിയ ഒരു ഹോസ്പിറ്റലിലെ ഇന്റൻസ്സീവ് കെയർ യൂണിറ്റിൽ ആധുനിക ഉപകരണങ്ങളാൽ വലയം ചെയ്ത അനുപിന്റെ ചിത്രമായിരുന്നു ആ ഫോട്ടോ .
അതിനോടൊപ്പം ഉണ്ടായിരുന്ന മെഡിക്കൽ റിപ്പോർട്ടിൽ ബ്രെയിൻ റ്റ്യൂമറിന്റെ ഇരയാണ് അവനെന്ന് വായിച്ച നിതക്ക് തല ചുറ്റുന്ന പോലെ തോന്നി .
അവൾക്കുള്ള സന്ദേശത്തിൽ ഇടക്കിടക്ക് തനിക്ക് വരാറുള്ള തലവേദന തന്നെ കാർന്ന് തിന്നുന്ന രോഗമായിരുന്നെന്നും . ഇനി എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുതെന്നും , തന്നെ മറന്ന് മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കണമെന്നും അവൻ എഴുതിയിരുന്നു .
പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ മുഖം വല്ലാതെ മ്ലാനമായിരുന്നു . എന്തൊക്കെയൊ വ്യാകുലതകൾ നിറഞ്ഞ മനസ്സ് രാവുകളിൽ അവളു ഉറക്കം കെടുത്തി .
" ഞാൻ നിന്നെ കാണാൻ വരുന്നു അനൂപ് "
എന്ന് അവന് മെയിൽ ചെയ്തിട്ട് എന്തോ ഒരു ഉറച്ച തീരുമാനവുമായി അവൾ നാട്ടിലേക്ക് തിരിച്ചു .
സ്വന്തം വീട്ടിലേക്ക് പോകാതെ അനൂപിന്റെ വീട്ടിലെത്തിയ അവൾ , ആ കൊച്ച് വീട്ടിൽ എത്തിയപ്പോൾ അനൂപ് അവന്റെ മുറിയിൽ വിശ്രമത്തിലായിരുന്നു .
ആ സമയത്ത് അവിടെ വിവാഹം കഴിഞ്ഞ് ഭർത്താവുപേക്ഷിച്ച അവന്റെ മൂത്ത സഹോദരിയും കുട്ടികളും മാത്രമെ ഉണ്ടായിരുന്നുള്ളൂ , അച്ഛൻ മരണപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന പ്രൈവറ്റ് കമ്പനിയിലെ പ്യൂൺ ജോലി അവന്റെ അമ്മക്ക് ലഭിച്ചതിനാൽ അവർ ആ ജോലിക്ക് പോയിരുന്നു .
അവനരികിൽ കട്ടിലിനരുകിൽ ഇരുന്ന അവൾ അവന്റെ നെറ്റിയിൽ തലോടിക്കൊണ്ട് പ്രണയാർദ്രമായി പറഞ്ഞു .
" അനൂപ് നിന്നെ പിരിയുന്നതിൽ എനിക്ക് കടുത്ത വിഷമം ഉണ്ട് , നീയെന്നും എന്റെ ഹൃദയത്തിലുണ്ടാവും , എങ്കിലും നിന്റെ ഓർമ്മക്കായി നിന്റെ ലാപ്ടോപ്പ് എനിക്ക് തരണം അത് അരികിൽ വെച്ച് വേണം എനിക്ക് ഉറങ്ങാൻ പകരം ഞാൻ എന്റെത് നിനക്ക് തരാം . "
കുറെ നേരം കൂടി അവനരുകിൽ ഇരുന്ന അവൾ പിരിയാൻ നേരം അവന്റെ ലാപ് ടോപ്പ് കൈയ്യിൽ എടുത്ത് ബാഗിൽ വെച്ചശേഷം അവളുടേത് അവന് നൽകി .
മടക്കയാത്രയിൽ അവൾ ആ ലാപ്ടോപ്പിൽ നിന്നും നിന്നും അവരുടെ രഹസ്യ സമാഗമങ്ങളുടെ രേഖകൾ ഡിലിറ്റ് ചെയ്ത് ഭാവി ജീവിതം ഭദ്രമാക്കിയപ്പോൾ , അവൻ തനിക്ക് കുര്യച്ചൻ നല്കിയ അമേരിക്കൻ കമ്പനിയിലെ ജോലിക്കുള്ള ഓർഡർ ,ഷോർട്ട് സൈറ്റ് മൂലം ഉണ്ടായ തലവേദന മാറാനായി പുതുതായി വച്ച കണ്ണടയിലൂടെ വായിച്ച് ഭാവിയെ കുറിച്ചുള്ള സ്വപ്നം നെയ്യുകയായിരുന്നു .
അരുൺ -

നോവൽ🐓🐓ഒടിയൻ വേലു🙊🙊 അദ്ധ്യായം 3

നോവൽ🐓🐓ഒടിയൻ വേലു🙊🙊
അദ്ധ്യായം 3
എന്തോ ശബ്ദം കേട്ടു ചിരുത വീടിനു പുറത്തേക്കിറങ്ങി വന്നു അതെന്തെന്നു നോക്കാൻ .നേരം ഇരുട്ടിത്തുടങ്ങിയിരുന്നു
അല്ല ഈ മനുഷ്യനെന്തിനാ ഇത്ര ആഴത്തിൽ കുഴിവെട്ടണത്
മുറ്റത്തെരു കൈതൂമ്പകൊണ്ട് കുഴിയെടുത്തോണ്ടിരുന്ന വേലുവിനോടു ഇങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്ക്
പക്ഷേ ഭയം വേലുവിനോടുള്ള ബഹുമാനം ഇതൊന്നും അവളെ വാ തുറന്നു ചോദിക്കാൻ അനുവദിച്ചില്ല
ഏതോ വല്ല്യ ഉദ്ധ്യമം കഴിഞ്ഞ പോലെ വേലു കരക്കു കയറി വന്നു
അയാളെയും നോക്കി താടിക്കു കൈകൊടുത്തിരിക്കണ ചിരുതയോടായി അയാൾ ചോദിച്ചു
എന്തിനാവും എന്നാവും ആലോചിക്കണതല്ലേ..?
അവൾ തലയാട്ടി
നിനക്കു കഴിയാത്ത കാര്യം ഞാൻ നടത്തി കാട്ടി തരാം നീയാ കോഴിയെ മൂടണ കൊട്ടയിങ്ങെടുത്തേ..,
വേലു പറയണതൊന്നും ചിരുതക്കു മനസ്സിലായില്ലങ്കിലും അവൾ അകത്തു പോയ് കൊട്ടയെടുത്തോണ്ടു കൊടുത്തു
അതു വാങ്ങി പുരയുടെ ഭിത്തിയിൽ ചാരി വെച്ചു മറ്റൊന്നും പറയാതെ അയാൾ ഇരുളിൽ നടന്നു മറഞ്ഞു
****************************************
അങ്ങാടി മരുന്നുകൾ പദ്യം തെറ്റാതെ കഴിച്ച ശേഷം കിടക്കാനൊരുങ്ങിയ ശ്യാമത്തമ്പുരാട്ടിക്കു തന്റെ ജനലരികിൽ ആരോ നിൽക്കുന്നതു പോലൊരു തോന്നൽ
എന്തു ശബ്ദം കേട്ടാലും അതെന്തെന്നു സ്ഥിഥീകരിച്ച ശേഷമേ തിരിയാവൂ എന്നു അവൾക്കു തമ്പി പണ്ടേ പറഞ്ഞു കൊടിത്തിട്ടുണ്ട്
അതോർത്തവൾ ആരന്നറിയാൻ വാതിൽ തുറന്നു പടിക്കൽ ആരെയും കാണാതെ തിരികെ തോന്നിയതായിരിക്കും എന്നു കരുതി തിരികെ കയറി വാതിൽ ചാരാൻ തുടങ്ങിയപ്പോൾ
ആരോ ഒരാൾ പുറത്തേക്കു നടന്നകലുന്നതവൾ കണ്ടത്
നിൽക്കു ആരാ എന്തു വേണം അവൾ വിളിച്ചു ചോദിച്ചു
അയാൾ ഒന്നു നിന്നു പക്ഷെ തിരിഞ്ഞു നോക്കിയില്ല
ഉമ്മറപ്പടിയിൽ തൂക്കിയിരുന്ന വിളക്കുമൂരി അവൾ അയാൾ നിന്നടുത്തേക്കു നടന്നു
പെട്ടന്നാണു തന്റെ കാലിലൂടെ എന്തോ അരിച്ചു കയറുന്നതായി അവൾക്കു തോന്നിയത്
അവൾ നിലത്തേക്കു നോക്കി
ആരോ മഞ്ഞളിൽ വരച്ചൊരു വട്ടം അതിൽ എരിക്കും ചെമ്പരത്തിപ്പൂക്കളും അവിടിവടെയായിക്കിടക്കുന്നു
കാലിൽ അനുഭവപ്പെട്ടാ തരിപ്പു അവളുടെ ദേഹമാസകലം പടരുന്നതായി അവൾക്കു തോന്നി
ഇപ്പോൾ അവൾ കാണുന്നതു അയാളെ മാത്രമാ ഒന്നും പറയാതവൾ അയാൾക്കു പിന്നാലെ നടന്നു
കൈയ്യിലിരുന്ന വിളക്കു പടിയിറങ്ങും മുൻപു നിലത്തവളുടെ കൈയ്യിൽ നിന്നും പോയിരുന്നു
****************************************
വേലുവിനു പുറമേ ശ്യാമത്തമ്പുരാട്ടി അതും രാത്രിയിൽ കാൽ നടയായി നടന്നു വരുന്നതു കണ്ടതും ചിരുതക്കു അതിശയമായിരുന്നു
അവളോടി ശ്യാമയുടെ അടുത്തു ചെന്നു
എന്താ തമ്പുരാട്ടി...?ഈ വയ്യാണ്ടിരിക്കണ സമയത്തു അതും ഈ രാത്രിയിൽ അടിയന്റെ കൂരയിൽ..?
ചിരുതയുടെ ചോദ്യത്തിനു ഒന്നു തിരിഞ്ഞു കൂടെ നോക്കാതെ ശ്യാമ വേലുവിന്റെ പുറകേ യാന്ത്രികമായി നടന്നകലുന്നതു കണ്ട ചിരുതക്കു ശരിക്കും ഉള്ളിലൊരു ഞെട്ടലാണുണ്ടായത്
അവൾ അവരുടെ പുറകേ നടന്നു ചെന്നു
വേലു ചില മന്ത്രങ്ങൾ ചെല്ലി അവളോടാ കുഴിയിലിറങ്ങുവാൻ കൈകൊണ്ടു കാണിച്ചു
ശ്യാമ ആ നിമിഷം അതനുസരിക്കുന്ന കണ്ട ചിരുത ഒാടി ചെന്നു വേലുവിന്റെ കാലുകളിൽ വീണു
അയ്യോ..,തമ്പുരാട്ടി പാവമാ അവരെ ഒന്നും ചെയ്യരുത് ..
.നിങ്ങൾക്കു ഗർഭിണിയായിരിക്കേ മുളംകൊമ്പിൽ കുത്തിയെടുത്ത ഒരു ഭ്രൂണമല്ലേ വേണ്ടു
ഒന്നല്ല ഒമ്പതെണ്ണം ഞാൻ കൊണ്ടുത്തരാം
തമ്പുരാട്ടി എല്ലാവരുടേയും നൻമ്മ ആഗ്രഹിക്കുന്ന മനസ്സുള്ള പാവമാ
.അവരെ വെറുതേ വിടു...ചിരുത കരഞ്ഞോണ്ടു പറഞ്ഞതു കേട്ടു വേലു അവളുടെ മുഖത്തേക്കു നോക്കി
ശരി നീ പറഞ്ഞിട്ടു കേട്ടില്ലന്നു വേണ്ട.പറഞ്ഞ വാക്കു പാലിക്കുമ്പോൾ ഇവരെ ഞാൻ തിരികെ വിടാം
എന്നും പറഞ്ഞവൻ അവളുടെ കഴുത്തറ്റം മണ്ണിട്ടു മൂടി
ഭിത്തിയിൽ ചാരിയിരുന്ന കൊട്ടയെടുത്തു മൂടാൻ ഒരുങ്ങി
അപ്പോഴേക്കും ശ്യാമ ഉണർന്നിരുന്നു
നിങ്ങളെന്താണു ചെയ്യുന്നേ..,എന്നേ തുറന്നുവിടൂ
ശ്യാമ കരഞ്ഞു കൊണ്ടു പറഞ്ഞു
എന്താ തമ്പ്രാട്ടി പറയണത് ഈ അർത്ഥരാത്രിയിൽ പുലയൻ വേലുവിന്റെ വീട്ടിൽ വന്ന തമ്പുരാട്ടിയെ കുലമഹിമയുള്ള നിങ്ങളുടെ തറവാട്ടുകാർ അകത്തു കേറ്റുമോ?
പടിയടച്ചവർ പിണ്ടം വെക്കും ഭ്രഷ്ടു കൽപ്പിക്കും.അതുമാത്രമല്ല ഇനിയിവിടെ നിങ്ങളുടെ ഒച്ച കേട്ടാൽ കഴുത്തറത്തു കൊന്നു കളയും ഞാൻ വേലു പറഞ്ഞു നിർത്തി
ചിരുതേ..,നിനക്കെന്താ വേണ്ടേ അയ്യോ അദ്ദേഹം വരുമ്പോൾ എന്നെ അവിടെ കണ്ടില്ലങ്കിൽ അയ്യോ എനിക്കു ചിന്തിക്കാനൂടി മേലാ.,,,
അതാ പറഞ്ഞതു ഇപ്പോളവിടെ ആളു കൂടിയിട്ടുണ്ടാവും മിണ്ടാതിരുന്നാൽ ഇവിടെ ജീവിക്കാം.മനസ്സു മാറും വരെ അവിടെക്കിട
ജീവൻ പോകാതിരിക്കാൻ ഭക്ഷണം ഈ വേലു തരും
എന്നും പറഞ്ഞവൻ കൊട്ടയെടുത്തു അവളുടെ തലവഴി മൂടി
എന്തു ചെയ്യണമെന്നറിയാതെ ചിരുത കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അകത്തേക്കു കയറിയ വേലുവിനു പുറകേ ചെന്നു
ശബ്ദമുണ്ടാക്കി ജീവനൂടി കളയണ്ടന്നു കരുതി ശ്യാമ ഒന്നും മിണ്ടാതെ നിന്നു
ഒരു കണക്കിനു വേലു പറഞ്ഞതും ശരിയാ..രാത്രിയിൽ ഇവിടെ പുലയനായ വേലുവുമായി കണ്ടാൽ ഹോ ഒാർക്കാനൂടി മേലാ,,,എപ്പോഴെങ്കിലും സൗകര്യം കിട്ടുകയാണേൽ എവിടേക്കെങ്കിലും പോയൊളിക്കാം തരം പോലെ എന്തെങ്കിലും പറഞ്ഞു വീട്ടിലും കയറാം എന്നവൾ നിനച്ചു
അല്ല നിങ്ങളെന്തു ഭാവിച്ചാ ..?അരിച്ചു വന്ന ദേഷ്യത്തിൽ പരിസരം മറന്നു ചിരുത പൊട്ടി തെറിച്ചു
മിണ്ടാണ്ടു നിന്നോ..എന്റെ കുടുംബത്തോടില്ലാത്ത എന്തു കൂറാടി നിനക്കവരോട് വല്ല കൈ വിഷവും തന്നോ...?
അവൾ അയാളുടെ മുഖത്തേക്കു നോക്കി
നീ പറഞ്ഞ വാക്കു പാലിക്ക് അവർക്കൊരു കുഴപ്പവും ഇല്ലാതെ തിരികെ ഞാൻ എത്തിക്കാം .പക്ഷെ രണ്ടു നാൾ അതു കഴിഞ്ഞാൽ അവരുടെ വയിറ്റിൽ വളരുന്ന കുഞ്ഞിനായ് ഞാനവരെ കൊല്ലും
എന്റെ കണക്കുകൾ പിഴക്കില്ല .എന്റെ പകതീരും വരെ എതിരെ നീ നിന്നാലും ഞാൻ കൊന്നു കളയും...അയാളുടെ മനസ്സിലെ പക മുഴുവനും ആ വാക്കുകളിൽ ഉണ്ടായിരുന്നു
ഉറക്കി കിടത്തിയ കുട്ടികൾ ഉണരണേൽ നീ മനസ്സു വെച്ചേ പറ്റു ചിരുതേ അതിലും വലുതല്ലല്ലോ?ഈ തമ്പുരാട്ടി?
അതെന്റെ മാത്രമല്ലല്ലോ നിങ്ങളുടേയും കൂടിയല്ലേ കൊല്ലുന്നങ്കിൽ രണ്ടു മക്കളേം എന്നേം കൊല്ല്
പകയടങ്ങാത്ത വേലുവിനു ഭാര്യയും മക്കളൂടി പ്രശ്നമല്ല ചിരുതേ പിന്നെയാ ഈ കൊച്ചു തമ്പുരാട്ടി
നിങ്ങളുടെ ഭീക്ഷണി ഇവിടെ നടക്കും തമ്പിയദ്ദേഹം അറിഞ്ഞാൽ
എന്നവൾ പറഞ്ഞു തീരും മുന്നേ കൈപ്പാങ്ങിനു കിട്ടിയ ചിരവ അവളുടെ കഴുത്തിനു വെച്ചു കഴിഞ്ഞിരുന്നു വേലു
കൊന്നു കളയും ഞാൻ ഇതൊന്നും ആരും അറിയാനും പോകുന്നില്ല..എന്നെ ചതിക്കണമെന്നു നിന്റെ മനസ്സിൽ തോന്നിയാൽ നിന്റെ ഈ മക്കളൊരു നാളും ഉണരില്ല എനിക്കെന്തെങ്കിലും പറ്റിയാൽ
എന്നും പറഞ്ഞു വേലു പുറത്തേക്കിറങ്ങാൻ ഭാവിച്ചു
ഒന്നു നിൽക്കു ഇനി എന്നോടിമ്മാതിരി കാര്യങ്ങൾ ചെയ്യാൻ പറയരുത് .എന്റെ മക്കൾക്കും തമ്പുരാട്ടിക്കുമായി നാളെ ഒരേഒരു തവണ നിങ്ങൾക്കായി ഞാൻ മറ്റൊരു ജീവനെടുക്കാം ആദ്യവും അവസാനവുമായി
അതു കഴിഞ്ഞാൽ ഞങ്ങളെ ഉയിരോടെ വിട്ടക്കണം ഞാനും എന്റെ മക്കളും എങ്ങനെങ്കിലും ജീവിച്ചോളാം അതും പറഞ്ഞു മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടി ചിരുത അവളുടെ അഴിഞ്ഞു കിടന്ന മുടി വലിച്ചു വാരി ഉച്ചിയിലേക്കു കെട്ടി വെച്ചു
വേലു ഉള്ളറിഞ്ഞൊന്നു ചിരിച്ചു
****************************************
ഡോ കുറുപ്പേ എന്നും പറഞ്ഞു തമ്പി തുപ്പാക്കിയെടുത്തു
മുകളിൽ നിന്നും ഒരാൾ തലകീഴായി വരുന്നതു പോലവർക്കു തോന്നി
തമ്പി ഉന്നം പിടിക്കും മുൻപേ തെങ്ങിൽ നിന്നും പാഞ്ഞിറങ്ങിയ രൂപത്തിന്റെ കൈയ്യിലായി കഴിഞ്ഞിരുന്നു തുപ്പാക്കി
ഇയാളെങ്ങിനെ നിലത്തു വന്നത് സർക്കസു കാരനോ വല്ലതും ആയിരിക്കും ഇല്ലേൽ ഇതൊക്കെയാവുമോ?
തമ്പിയുടെ മനസ്സ് നിമിഷ നേരം കൊണ്ടാണിങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടിയത്
മുഖം മറച്ച ആ രൂപം തമ്പിക്കു നേരെ തുപ്പാക്കി ചൂണ്ടി
നിലാവിന്റെ വെളച്ചത്തിൽ തമ്പി തിരിച്ചറിഞ്ഞു അയാൾ അതു ചൂണ്ടിപ്പിടിച്ചു പതിയെ പതിയെ അകലുന്നതു
രണ്ടും കൽപ്പിച്ചു കൈയ്യിൽ കിട്ടിയ കല്ലെടുത്തു ഒറ്റ ഏറ്
ഠോ..,,,തുപ്പാക്കിയിലുള്ള ഉണ്ട ലക്ഷ്യമില്ലാതെ ചീറി പാഞ്ഞു
കാലിയായ തുപ്പാക്കി ഭയക്കാതെ തമ്പി അയാളെ ചാടി വട്ടം പിടിച്ചു അവർ പൊരിഞ്ഞ ഗുസ്തി പിടിത്തം നടത്തുന്നതിനിടയിൽ
കുറുപ്പു ഒരു വലിയ കരിംങ്കൽ പൊക്കിയെടുത്തു .
അവരുടെ ഗുസ്തി പിടിക്കുന്നിടത്തേക്കു നടന്നടുത്തു
സർവ്വ ശക്തിയും എടുത്തെരടി തല നോക്കി
കുറുപ്പേ..,,,,
അതു തമ്പി അദ്ദേഹത്തിന്റെ അലർച്ചയല്ലേ..?
ഒരു നിമിഷം കുറുപ്പു എന്തു സംഭവിച്ചന്നറിയാതെ പകച്ചു നിന്നു
തുടരും

Biju

ഒളിച്ചോട്ടം..... (കഥ)


ഒളിച്ചോട്ടം..... (കഥ)
കത്രീന ഫോണിൽ കണ്ണും നട്ടിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി .. ഡേവിഡ് ഇതുവരെ വിളിച്ചിട്ടില്ല ... ഇതുവരെ ഇങ്ങിനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആറുമാസമായി .. തുടർച്ചയായിട്ടുള്ള ശീലമാണ്... എന്തു പറ്റിക്കാണും .... ട്രീസയെ വിളിച്ചു നോക്കണോ.... മനസ്സിൽ എന്തോ വല്ലായ്മകൾ നിറഞ്ഞു......
പെട്ടന്ന് ഫോൺ റിങ്ങ് ചെയ്തു .... ഡേവിഡിന്റെ കോൾ ......
അവൾ ഫോൺ ചെവിയോടു ചേർത്തു.
"ഹലോ.... ".... ഡേവിഡിന്റെ മുഴക്കമുള്ള ശബ്ദം... "എന്തായി ഞാൻ പറഞ്ഞ കാര്യം..."
"അത് .... ഒളിച്ചോടുക എന്നൊക്കെ പറഞ്ഞാൽ ... എനിക്കെന്തോ .... നമുക്ക് ഒന്നുകൂടി ശ്രമിച്ചു നോക്കാം ചിലപ്പോൾ അനുകൂലമായലോ .....?"
കത്രീന പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"കത്രീന ... എനിക്ക് നിന്നെ കൂടാതെ പറ്റില്ല ... ഇനിയും കാത്തിരിന്നിട്ട് എപ്പഴാ ..."
"നാളെ ഞാൻ കാലത്ത് ഇവിടെ നിന്നും ഇറങ്ങും.... കോയമ്പത്തൂർ വന്നിട്ട് വിളിക്കാം അപ്പോൾ നീ വന്നാൽ മതി..... അവിടുന്ന് നമുക്ക് കൊച്ചിക്ക് പോകാം ഞാൻ ജയിംസിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് തൽക്കാലം അവൻ സഹായിക്കും ബാക്കി പിന്നീട് തീരുമാനിക്കാം..... ആർക്കും സംശയം ഇല്ലാതെ അവിടുന്ന് ഇറങ്ങണം ..... ക്രിസയോട് ഒന്നും പറയരുത് ....
അപ്പോൾ നാളെ കാണാം.. " .. ഡേവിഡ് ഫോൺ കട്ട് ചെയ്തു.
കത്രീനയ്ക്ക് എന്തോ ഒരു വിഷമം പോലെ പക്ഷെ ഡേവിഡിനെ ഓർത്തപ്പോൾ അവൾക്ക് ഒരു ഉൻമേഷം ലഭിച്ചു.....
അവൾ കസേരയിലേക്ക് തല താഴ്ത്തി ... മനസ്സിൽ ഡേവിഡിന്റെ മുഖം തെളിഞ്ഞു....
അവൾ ഫോണിൽ ഡേവിഡിന്റെ ചിത്രം എടുത്തു നോക്കി..... തന്റെ പ്രാണനായ ഡേവിഡ്....
ഡേവിഡിനെ ആദ്യമായി കണ്ടത് അവളോർത്തു.... തന്നെ കാണാൻ വന്ന ദിവസം .... അമ്മച്ചിയുടെ നിർബന്ധം കാരണം മാത്രമാണ് ഒരു പെണ്ണുകാണലിന് സമ്മതിച്ചത്..... പക്ഷെ കണ്ടപ്പോൾ ... മനസ്സിൽ ഒരു മോഹം .... മുഴക്കമുള്ള ആ ശബ്ദം അവൾക്കേറെ ഇഷ്ടമായി.
അവൾ ഫോണിൽ അവരുടെ മിന്നുകെട്ടിന്റെ ഫോട്ടോ നോക്കി... പഴയതായതിനാൽ മുഴുവനും ഇല്ല..... എന്നാലും ഡേവിഡ് തെളിഞ്ഞു നിൽക്കുന്നു. കെട്ട് കഴിഞ്ഞ് വളരെ സന്തോഷമായിരുന്നു. ഡേവിഡിന് അത്യാവശ്യം കൃഷിയൊക്കെയുണ്ടായിരുന്നു ഒപ്പം നാടകവും .... എത്രയെത്ര രാവുകൾ താൻ ഡേവിഡിന്റെ കൂടെ നാടകത്തിന് പോയതാണ്..... ഡേവിഡിന്റെ ശബ്ദം കാഴചക്കാരെ പ്രകമ്പനം കൊള്ളിക്കുന്നത് അൽപം അഹങ്കാരത്തോടെ ആസ്വദിച്ചത് കത്രീന കാർത്തു. ട്രീസ ഉണ്ടായതോടെ പിന്നെ താൻ അധികം പോയിട്ടില്ല. ക്രിസ കൂടെ വന്നതോടെ തീരെ നിർത്തി.....
പിന്നീട് ഡേവിഡും നാടകമൊക്കെ നിർത്തി.
പിള്ളാരുടെ പഠിത്തവും കെട്ടും കഴിഞ്ഞതോടെ വീണ്ടും തങ്ങൾ ഒറ്റക്കായി.
ട്രീസ ബാംഗ്ലൂരിലും ക്രിസ കോയമ്പത്തൂരും ആയിരിന്നു. .... അവർക്ക് അവിടെ ഫ്ലാറ്റ് വാങ്ങാനായി തങ്ങൾ താമസിച്ച വീടും സ്ഥലവും വിറ്റു.... വീതം വെച്ചത് ശരിയായ രീതിയല്ല എന്നും പറഞ്ഞ് മക്കളുടെ ഭർത്താക്കൻമാർ വഴക്കിട്ടുപിരിഞ്ഞു.
മക്കൾ രണ്ടു പേരും കൂടി അപ്പനേം അമ്മച്ചിയേയും കൂട്ടത്തിൽ വീതം വെച്ചു.....
ഡേവിഡ് ടീസക്കൊപ്പവും താൻ ക്രിസയുടെ കൂടെയും.
കഴിഞ്ഞ ആറുമാസമായി ...... പറ്റില്ല തനിക്ക് ആ മുഖം കാണാതെ ഇനിയും ജീവിക്കാൻ ....
പിറ്റേന്ന് കാലത്ത് ഡേവിഡ് കോയമ്പത്തൂർ വന്നു. അയാൾക്ക് ക്രിസയെ ഒന്നു കാണണം എന്നുണ്ടായിരുന്നു. പക്ഷെ .....
അയാൾ കത്രീനയെ വിളിച്ചു.....
അരമണിക്കൂറിനകം അവൾ വന്നു.
കൂടിക്കാഴ്ചയിൽ അവരുടെ മിഴികൾ ഈറനണിഞ്ഞു. കത്രീനയുടെ ശോഷിച്ച കൈവിരലുകൾ ആവേശത്തോടെ ഡേവിഡ് കോർത്തു പിടിച്ചു.അവളുടെ കൈത്തണ്ടയിലെ കറുത്ത മറുകിൽ അയാൾ മൃദുവായി തലോടി......
കൊച്ചിയിലേക്കുള്ള കേരള എക്സ്പ്രസിൽ അവർ അവരുടെ പുതിയ ജീവിതത്തിലേക്കുള്ള കാലടികൾ വെച്ചു.
ശ്രീധർ .....

ഏത് പെണ്ണും കൊതിക്കുന്ന ഭര്‍ത്താവ്


ഏത് പെണ്ണും കൊതിക്കുന്ന ഭര്‍ത്താവ്
__________________
" അപ്പുവേട്ടാ, ഞാന്‍ ഒരു കാര്യം തുറന്നങ്ങ് പറയാ, എന്റെ സങ്കല്‍പ്പത്തിലുള്ള ഭര്‍ത്താവ് ഇങ്ങനെന്നും അല്ലട്ടോ"
മീനാക്ഷി നല്ല ചൂടിലായിരുന്നു.അപ്പു അവളെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു
" എന്റെ മീനുക്കുട്ടി, പിന്നെ നിന്റെ സങ്കല്‍പ്പത്തിലുള്ള ഭര്‍ത്താവ് എങ്ങനാ..?"
മീനു അപ്പുവിനെ നോക്കി കണ്ണുരുട്ടി
" എന്തായാലും നിങ്ങളെപ്പോലെ അല്ല"
ഒന്നു നിറുത്തിയിട്ട് അവള്‍ തന്റെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവിനെ കുറിച്ച് വാചാലയായി
" എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്ന, വീട്ടിലെ ജോലി തിരക്കിൽ പെട്ട് നെട്ടോട്ടമോടുന്ന എന്നെ പിറകിലൂടെ വന്ന് കെട്ടിപ്പിടിച്ച് കൊഞ്ചുന്ന, ഞാന്‍ പറയുന്ന സ്ഥലങ്ങളിലെല്ലാം എന്നെ കൊണ്ടു പോകുന്ന, ഈ ലോകത്ത് എന്നെക്കാള്‍ ഏറെ വേറെ ആരെയും സ്നേഹിക്കാത്ത ഒരു ഭര്‍ത്താവിനെയാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നിട്ട് എനിക്ക് കിട്ടിയതോ, ഇതുപോലെ ഒന്നിനും സമയമില്ലാത്ത ഒരാളിനേയും"
അപ്പു മീനുവിനെ സമാധാനിപ്പിച്ചു
" എന്റെ മീനുകുട്ടി, ഞാന്‍ ഈ ഓടി നടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതൊക്കെ നമ്മള്‍ക്ക്‌ വേണ്ടി തന്നെയല്ലേ"
മീനുവിന്റെ മുഖത്ത് പുച്ഛം
" എന്നിട്ട് എന്ത് ഉണ്ടാക്കി എന്നാ പറയുന്നത്, ആകെ ഉണ്ടായിരുന്ന ബൈക്കും വിറ്റു കഴിഞ്ഞയാഴ്ച. ഈ വീട്ടില്‍ അത്രമാത്രം ചിലവൊന്നും ഇല്ല. സത്യം പറ, നിങ്ങള്‍ ഈ കാശൊക്കെ എന്താ ചെയ്യുന്നത്"
മീനുവിന്റെ മുഖം ചുവന്നു
" ഞാന്‍ അറിയാതെ നിങ്ങള്‍ക്ക് എന്താ ഇത്രയും ചിലവ്, നിങ്ങള്‍ ഓടി നടന്ന് അധ്വാനിച്ച് കിട്ടുന്നതിന്റെ കാല്‍ ഭാഗം പോലും നിങ്ങള്‍ ഈ വീടിന് വേണ്ടി ചിലവാക്കുന്നില്ല. എന്തിനാ പൊന്നു പോലെ കൊണ്ടു നടന്ന ആ ബൈക്ക് വിറ്റത്"
അവളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അപ്പു പരുങ്ങി
" അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസ്സിലാകില്ല. ഒരു കുടുംബം മുന്നോട്ട് കൊണ്ടു പോകാനുള്ള പാട് എനിക്കേ അറിയൂ. സാധനങ്ങള്‍ക്ക് ഒക്കെ ഇപ്പോ എന്താ വിലാ"
മീനു അപ്പുവിന്റെ കണ്ണിലേക്ക് ദയനീയമായി ഒന്നു നോക്കി
"അപ്പുവേട്ടൻ എന്താ ഈ പറയണേ, ഈ വീട്ടില്‍ ഞാനും നിങ്ങളും മാത്രല്ലേ ഒള്ളൂ. ഇവിടുത്തെ ചിലവ് എത്ര വരും എന്ന് എനിക്കും അറിയാന്‍ സാധിക്കും. പറയാന്‍ മടിയാവുന്നു, ന്നാലും പറയാ, നല്ലൊരു ഭക്ഷണം ഈ വീട്ടില്‍ ഉണ്ടാക്കിയിട്ട് എത്ര മാസായി എന്ന് അറിയോ ഏട്ടന്"
അപ്പു അവളുടെ മുന്നില്‍ തലതാഴ്ത്തി നിന്നു. മീനു തുടര്‍ന്നു
" എന്നും കോഴി ബിരിയാണി വേണം എന്നൊന്നും ഞാന്‍ പറയണില്ലല്ലോ, വല്ലപ്പോഴും മീനെങ്കിലും വാങ്ങി തന്നൂടെ. എന്റെ വീട്ടില്‍ പോയാ ഞാന്‍ എന്ത് പറഞ്ഞാലും അച്ഛന്‍ മേടിച്ചു തരും. പക്ഷെ ഇപ്പോ എന്നെ വീട്ടിലും പറഞ്ഞയക്കുന്നില്ല. എന്നെ ഇങ്ങനെ കൊല്ലാ കൊല ചെയ്യാന്‍ ഞാന്‍ എന്ത് തെറ്റാ ഏട്ടനോട് ചെയ്തേ"
അവളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രാജീവ് മൗനം പാലിച്ചു. അപ്പുന്റെ മൗനം അവളെ കൂടുതല്‍ ചൊടിപ്പിച്ചു
" സത്യം പറ അപ്പുവേട്ടാ, ഞാന്‍ അറിയാതെ നിങ്ങള്‍ക്ക് വേറെ വല്ല പെണ്ണുങ്ങളോടും അവിഹിത ബന്ധം ഉണ്ടോ. ഉണ്ടെങ്കില്‍ പറഞ്ഞോ, ഞാന്‍ മാറി തരാം"
അപ്പു ഒന്നും പറയാതെ പുറത്തേക്ക് പോയി. അവള്‍ പിന്നെയും എന്തൊക്കെയോ സ്വയം പിറുപിറുത്തു.
അവളെ ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല. കാരണം, അവരുടെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. ആദ്യത്തെ ഒന്നര വര്‍ഷം വളരെ സന്തോഷത്തോടെ ആയിരുന്നു അവര്‍ ജീവിച്ചിരുന്നത്. പക്ഷെ ഈ ആറു മാസമായി അപ്പുവിന് സാരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പഴയത് പോലെ അവളുടെ കൂടെ സമയം ചിലവഴിക്കാറില്ല. മുഴുവന്‍ സമയവും ജോലി ജോലി എന്നും പറഞ്ഞ് ഓടി നടക്കുന്നു. അവള്‍ ആഗ്രഹിക്കുന്ന ആഹാരങ്ങൾ പോലും നൽകാറില്ല. അവന്‍ പറയുന്ന ആഹാരങ്ങളേ കഴിക്കാവൂ. അങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങി അവന്‍ ഈ ആറു മാസമായിട്ട്. അവനിലെ ഈ മാറ്റം അവള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിച്ചില്ലായിരുന്നു.
അപ്പുവിന് മറ്റേതോ പെണ്ണുമായി അവിഹിതം ഉള്ളത് കൊണ്ടാണ് ഈ മാറ്റങ്ങള്‍ എന്ന് മീനുവിന്റെ ചില കൂട്ടുകാരികള്‍ പറയുക കൂടി ചെയ്തപ്പോള്‍ അവള്‍ക്ക് അവനോട് വെറുപ്പായി. അപ്പുന്റെ അവിഹിത ബന്ധം കണ്ടെത്താന്‍ അവള്‍ ശ്രമിച്ചു.
ഒരു ദിവസം അവളുടെ ഫോണിലെ ബാലൻസ് തീർന്നത് കാരണം വീട്ടിലേക്ക് വിളിക്കാന്‍ അവള്‍ അപ്പുന്റെ ഫോണ്‍ ചോദിക്കാന്‍ വീടിന്റെ ടറസിൽ നില്‍ക്കുന്ന അപ്പുവിന്റെ അടുത്തേക്ക് പോയി. ആ സമയം അപ്പു ആരുമായോ വാട്സാപ് ചാറ്റിൽ ആയിരുന്നു. അവന്‍ തനിക്ക് വന്ന വോയ്സ് മെസേജ് കേൾക്കുകയായിരുന്നു. ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു അത്. മീനുവിനെ കണ്ടതും ഫോണ്‍ ഓഫാക്കി പോക്കറ്റിലിട്ടു.
" സത്യം പറ അപ്പുവേട്ടാ, ഏതാ ആ പെണ്ണ്. ആ ഫോണ്‍ ഒന്ന് തന്നേ"
അപ്പു അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു
" ഒന്നു പോ മീനു, അവളുടെ ഒരു സംശയം. അത് എന്റെ കാമുകി ഒന്നും അല്ല. കൂട്ടുകാരന്‍ അയച്ചു തന്ന ഒരു പെണ്‍കുട്ടിയുടെ കോമഡി ഫോണ്‍ സംഭാഷണമാണ്"
അവള്‍ അപ്പുനോട് ഫോണ്‍ ആവശ്യപ്പെട്ടു. പക്ഷെ അവള്‍ എത്ര ചോദിച്ചിട്ടും അവന്‍ ഫോണ്‍ കൊടുക്കാന്‍ കൂട്ടാക്കിയില്ല. മീനുവിന്റെ കണ്ണുകള്‍ നിറഞ്ഞു
" അപ്പോ, അപ്പുവേട്ടൻ എന്നെ ചതിക്കായിരുന്നല്ലേ ഇത്രയും നാള്‍. ഫോണ്‍ തരാന്‍ നിങ്ങള്‍ മടിക്കുന്നതിൽ നിന്നും എനിക്ക് കാര്യങ്ങള്‍ മനസിലാക്കാൻ പറ്റും. ഞാന്‍ അത്ര പൊട്ടി ഒന്നും അല്ല. ഞാന്‍ എന്റെ വീട്ടിലേക്ക് പോവാ. എന്നെ അന്വേഷിച്ച് വരരുത്"
ഇത്രയും പറഞ്ഞ് അവള്‍ തന്റെ വസ്ത്രങ്ങള്‍ എല്ലാം എടുത്ത് പോകാനൊരുങ്ങി.അപ്പു അവളെ തടഞ്ഞെങ്കിലും,‍ അവന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ അവള്‍ കൂട്ടാക്കിയില്ല. അവള്‍ പോകുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനേ അവന് കഴിഞ്ഞൊള്ളൂ.
മീനു വീട്ടിലെത്തി പൊട്ടിക്കരഞ്ഞ് നടന്ന കാര്യങ്ങൾ പറഞ്ഞു. അച്ഛനും അമ്മയും അവളെ ആശ്വസിപ്പിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അപ്പു അവളുടെ വീട്ടിലെത്തി. അപ്പുവിനെ കണ്ടതും അവള്‍ കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി. അമ്മ വീട്ടിനകത്തേക്ക് കയറി. അച്ഛന്‍ അവനെ വെറുപ്പോടെ നോക്കി. വീട്ടിനകത്തേക്ക് കയറാന്‍ ശ്രമിച്ച അവനെ അച്ഛന്‍ തടഞ്ഞു
" വേണ്ട, കയറേണ്ട. വന്ന കാര്യം എന്താ പറഞ്ഞിട്ട് പോവാം"
അപ്പു അച്ഛനെ ദയനീയമായി ഒന്നു നോക്കി, എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു
" ഇല്ല അച്ഛാ, കയറുന്നില്ല. ഞാന്‍ മീനുനെ കൊണ്ടു പോകാന്‍ വന്നതാണ്. അവളെ എന്റെ കൂടെ പറഞ്ഞയക്കണം"
അച്ഛന്റെ മുഖം കോപം കൊണ്ട് വിറച്ചു
" നാണമില്ലല്ലോടാ നായേ നിനക്ക്, സ്വന്തം ഭാര്യ ജീവിച്ചിരിക്കുമ്പോൾ മറ്റൊരു പെണ്ണുമായി ബന്ധം പുലർത്താൻ. നിന്നെപ്പോലെയുള്ള ആഭാസന്റെ കൂടെ ഇനി ഞങ്ങളുടെ മകളെ പറഞ്ഞയക്കില്ല. നമുക്ക് ഇനി കോടതിയില്‍ വെച്ച് കാണാം"
അപ്പുവിന്റെ കണ്ണുകള്‍ നിറഞ്ഞു. പൊട്ടിക്കരയാൻ തോന്നി അവന്, പക്ഷെ തന്റെ മനസ്സിനെ പിടിച്ചു കെട്ടി നിയന്ത്രണത്തിലാക്കി അവന്‍ സംസാരിച്ചു തുടങ്ങി
" വേണ്ട അച്ഛാ, കോടതിയും പോലീസും ഒന്നും വേണ്ട... ഞാന്‍ പോവാം. നിങ്ങളുടെ മകളെ എന്റെ കയ്യില്‍ പിടിച്ചു തരുമ്പോൾ അവളെ ഒരിക്കലും കരയിപ്പിക്കാതെ സന്തോഷത്തോടെ നോക്കാം എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തന്നിരുന്നു. പക്ഷെ ആ ഉറപ്പ് ദൈവത്തിന് അങ്ങട് ഇഷ്ടായില്ല തോന്നുന്നു. സന്തോഷത്തോടെ ജീവിച്ചിരുന്ന ഞങ്ങളുടെ ഇടയിലേക്ക് വിട്ടുമാറാത്ത തലവേദനയുടെ രൂപത്തില്‍ മീനുക്കുട്ടിക്ക് ഒരു കൂട്ടുകാരി വന്നു. ആ തലവേദനയെ ഞങ്ങള്‍ നിസ്സാരമായി കണ്ടെങ്കിലും, അവളെ ചികിത്സിച്ചിരുന്ന എന്റെ സഹപാഠി ആയിരുന്ന ഡോക്ടര്‍ രഞ്ജിനി പറഞ്ഞാണ് ഞാന്‍ ആ സത്യം മനസ്സിലാക്കുന്നത്"
അപ്പു കുറച്ച് സമയം ഒന്നും മിണ്ടിയില്ല.
" എന്റെ മീനുന്റെ ശരീരത്തെ ക്യാന്‍സര്‍ കാർന്ന് തിന്ന് തുടങ്ങിയിരിക്കുന്നു എന്ന്"
അപ്പു കരച്ചിൽ അടക്കാന്‍ പാടുപ്പെട്ടു
" എനിക്ക് അറിയായിരുന്നു അച്ഛാ ഈ വിവരം എന്റെ മീനു അറിഞ്ഞാല്‍ അവള്‍ക്ക് അത് താങ്ങാന്‍ പറ്റില്ല എന്ന്. അതുകൊണ്ടാണ് അവളിൽ നിന്നും ഞാന്‍ ഈ കാര്യം മറച്ചുവെച്ചത്. അവള്‍ പോലും അറിയാതെ ഞാന്‍ അവളെ ചികിത്സിക്കുകയായിരുന്നു അച്ഛാ ഇത്രയും നാള്‍. ഞാന്‍ കാണുന്ന ജോലിക്ക് ഒക്കെ പോയി കാശ് ഉണ്ടാക്കിയതും, എന്റെ ബൈക്ക് വിറ്റതും എല്ലാം എന്റെ മീനുവിനെ ചികിത്സിക്കാനായിരുന്നു. അവള്‍ക്ക് വേണ്ടി ആരുടെയും മുന്നില്‍ കൈ നീട്ടാൻ ഞാന്‍ ഒരുക്കമല്ല"
അച്ഛന്‍ അപ്പുവിന്റെ മുന്നില്‍ മാപ്പ് അപേക്ഷിച്ച് കൈകള്‍ കൂപ്പി നിന്നു.അപ്പു അച്ഛന്റെ കൈകളില്‍ പിടിച്ചു
" അരുത് അച്ഛാ, അച്ഛന്റെ സ്ഥാനത്ത് ഞാനാണെങ്കിലും ഇങ്ങനെയൊക്കെയേ സംഭവിക്കൂ"
അപ്പു ഒന്നു നിറുത്തിയിട്ട് തുടര്‍ന്നു
" അവള്‍ക്ക് ഇറച്ചിയും മീനും ഒന്നും മേടിച്ചു കൊടുക്കാതിരുന്നത് ചികിത്സയുടെ ഭാഗമായിരുന്നു. ആരംഭത്തിൽ തന്നെ അസുഖം മനസ്സിലാക്കാന്‍ സാധിച്ചതിനാൽ, അസുഖം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം എന്ന് ഡോക്ടര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ട്. അന്ന് വാട്സാപിൽ മെസേജ് അയച്ചത് ഡോക്ടര്‍ ആയിരുന്നു. ഒന്നും പറയാന്‍ പറ്റാതെ എന്റെ മീനുക്കുട്ടിക്ക് മുന്നില്‍ ഇത്രയും കാലം ഒന്നിനും കൊള്ളാത്തവനായും, ചതിയനായും എല്ലാം ഞാന്‍ ജീവിച്ചത് അവള്‍ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ആയിരുന്നു"
അപ്പു പറഞ്ഞ് തീര്‍ന്നതും മീനാക്ഷി അവനെ വന്ന് കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.
" എന്തിനാ അപ്പുവേട്ടാ, ഈ പാപിക്ക് വേണ്ടി...? ഉപേക്ഷിക്കായിരുന്നില്ലേ എന്നെ....?"
അപ്പു മീനാക്ഷിയെ ചേര്‍ത്ത് പിടിച്ചു
" ഒരു ആപത്ത് വരുമ്പോള്‍ പാതി വഴിയില്‍ ഉപേക്ഷിക്കാനല്ല നിന്റെ കഴുത്തില്‍ ഞാന്‍ താലി കെട്ടിയത്. ജീവിതകാലം മുഴുവന്‍ ദാ ഇങ്ങനെ ചേര്‍ത്ത് പിടിക്കാനാ"
അപ്പുവിന്റെ മൊബൈല്‍ ശബ്ദിച്ചു. ഡോക്ടര് ആയിരുന്നു അത്
" അപ്പു തലവേദനയുടെ കാര്യവും പറഞ്ഞ് മീനാക്ഷിയെ ചികിത്സിക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു. ഇത് വരെ എല്ലാം പോസിറ്റീവ് ആണ്. അവള്‍ക്ക് നല്ല മാറ്റം ഉണ്ട്. ഇനി ചികിത്സയുടെ രണ്ടാം ഘട്ടമാണ്, അവളുടെ സഹായമില്ലാതെ ‍ഇനി ചികിത്സ മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കില്ല"
ഡോക്ടര്‍ പറഞ്ഞ് തീരും മുന്നേ ഇങ്ങേ തലക്കൽ മീനാക്ഷിയുടെ ശബ്ദം
" ഡോക്ടര്‍ ഒന്നു കൊണ്ടും പേടിക്കേണ്ട, അപ്പുവേട്ടൻ എന്റെ കൂടെയുള്ളപ്പോൾ ഞാന്‍ ഒരിക്കലും തളരില്ല"

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo