Slider

#പ്രസവിക്കാതെയും_അമ്മയാകാം

0

ഭവാനിയമ്മയുടെ തവിക്കണ കൊണ്ടുള്ള
അടി പുറത്തുവീണതും അയ്യോ ഉമ്മാ..എന്നും പറഞ്ഞുകൊണ്ട് ജലാല്‍ വെട്ടി തിരിഞ്ഞതും ഒരുമിച്ചായിരുന്നു..
പുറം തടവിക്കൊണ്ട് ജലാല്‍ ഭവാനിയമ്മയെ രൂക്ഷമായൊന്നു നോക്കി..
അമ്മേ...എനിക്ക് ശരിക്കും വേദനിച്ചു ട്ടോ...
അതേയോ...?
വേദനിക്കാൻ വേണ്ടിത്തന്നെയാണ് തല്ലിയത്..
ആ കൊച്ചിനെ വേദനിപ്പിച്ചാൽ നിനക്ക്
എൻറെ അടുത്ത് നിന്ന് ഇനിയും കിട്ടും..
മൂന്ന് വയസ്സല്ലേ ആയിട്ടുള്ളു അവൾക്ക്..
ഈ പ്രായത്തിൽ മക്കൾക്ക് ഇച്ചിരി വികൃതി ഒക്കെ ഉണ്ടാകും.
അതിന് നീ അവളെ ഇങ്ങനെ തല്ലാനൊരുങ്ങിയാലോ...?
ഈ പ്രായത്തിൽ മക്കളോട് സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം തല്ലുകയാണോ ചെയ്യേണ്ടത്...?
ജലാല്‍ ഭവാനിയമ്മയെ തന്നെ കണ്ണെടുക്കാതെ കുറച്ചു സമയം നോക്കി നിന്നു .. എന്നിട്ട്
ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി പോയി..
വിളിച്ചിട്ടും തിരിഞ്ഞുനോക്കാതെ ഇറങ്ങിപ്പോകുന്ന ജലാലിനെയും നോക്കി ഭവാനിയമ്മ വാതിൽ പടിയിൽ തന്നെ നിന്നു..
അവരുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.
കണ്ണീർ തുടച്ചുകൊണ്ട് ഭവാനിയമ്മ
അടുക്കളജോലിയിൽ മുഴുകിയിരിക്കുന്ന റസീനയുടെ അടുത്തേക്ക് ചെന്നു..
മോളേ...റസീ....
അവൻ എങ്ങോട്ടോ ഇറങ്ങിപ്പോയി..
കുട്ടി കരയുന്നത് കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല.. ആ ദേഷ്യത്തില്‍ ഞാനവനെ തല്ലുകയും ചെയ്തു.. വേണ്ടായിരുന്നു ..
അവന്‍ എന്ത് വിചാരിച്ചിട്ടുണ്ടാവും ആവോ...
കണക്കായിപ്പോയി..
അമ്മയൊന്നു മിണ്ടാതിരുന്നേ...
അല്ലെങ്കിലും ഇക്ക ഇപ്പോൾ മോളെ വല്ലാതെ ഉപദ്രവിക്കുന്നുണ്ട്..
ഒന്നു കൊടുത്തത് നന്നായി..
ഇറങ്ങിപ്പോയത് ഓർത്ത് അമ്മ ബേജാറാകേണ്ട.
വിശക്കുമ്പോൾ ഇങ്ങോട്ടുതന്നെ തിരിച്ചു വന്നോളും..
അസ്വസ്ഥമായ മനസ്സുമായി ജലാല്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
പുഴവക്കിലെ മണൽപ്പരപ്പിൽ മലർന്നു കിടന്നു.
ജലാലിന്റെ ചിന്തകൾ നാലുവർഷം
പിറകിലേക്ക് പാഞ്ഞു..
ഇടിമിന്നലിന്റെ അകമ്പടിയോടെ തുള്ളിക്കൊരു കുടമെന്ന രീതിയിൽ മഴ കോരിച്ചൊരിയുന്ന കർക്കിടകത്തിലെ ഒരു ദിവസം..
മൂന്നുമാസം വയറ്റിലുള്ള റസീനയെ ഹോസ്പിറ്റലിൽ കാണിച്ച് തിരിച്ചുവരുമ്പോൾ സമയം രാത്രി പതിനൊന്ന് മണി..
മങ്ങിയ കാഴ്ചയിലും ഹെഡ്‌ലൈറ്റിന്റെ വെട്ടത്തിൽ റസീനയാണ് ആദ്യം കണ്ടത്..
പാലത്തിന്റെ കൈവരിയിൽ പുഴയിലേക്ക് ചാടാൻ ഒരുങ്ങി നിൽക്കുന്ന ഒരു മനുഷ്യരൂപം. മഴയെ അവഗണിച്ച് ആദ്യമിറങ്ങി ഓടിയതും അവൾ തന്നെ.
ആർത്തു കരഞ്ഞു കൊണ്ട് തണുത്തുവിറച്ച് മരവിച്ചു നിൽക്കുന്ന ആ സ്ത്രീരൂപത്തെ
കാറിലേക്ക് വലിച്ചു കയറ്റുമ്പോൾ മരണത്തിൽ നിന്നും ഒരു മനുഷ്യജന്മത്തെ രക്ഷിക്കുക എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ..
മകനും മരുമകളും ചേർന്ന് ശരീരത്തിൽ ഉണ്ടാക്കിവച്ച മുറിപ്പാടുകളേക്കാള്‍ ആഴത്തിലുള്ള മുറിവ് അവരുടെ മനസ്സിലുണ്ടെന്ന് മനസ്സിലായപ്പോൾ അനാഥാലയത്തിൽ വളർന്ന് ഒരു അനാഥ പെൺകുട്ടിയെ തന്നെ കല്യാണവും കഴിച്ച തന്റെ മനസ്സ് അന്ന് വിങ്ങിപ്പൊട്ടിയ പോലെ മറ്റൊരു അവസരത്തിലും നൊമ്പരപ്പെട്ടിട്ടില്ല..
കേട്ടറിഞ്ഞ് അമ്മയെ തിരഞ്ഞു വന്ന
മകനെയും മരുമകളെയും ഭീതിയോടെ
നോക്കിയ ആ അമ്മയുടെ മുഖം ഇന്നും മനസ്സിലുണ്ട്.
പെറ്റുപോയതിനുള്ള പ്രതിഫലം സ്വന്തം പേരിലുള്ള സ്വത്തുവകകൾ തന്റെ പേരിലേക്ക് എഴുതിവാങ്ങി ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്ന മകനെയും മരുമകളെയും നോക്കി
ദൈവം നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് കണ്ണീർ ഒഴുക്കിയ ആ അമ്മയുടെ നിഷ്കളങ്കമായ അമ്മമനസ്സ് ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു..
തന്നെ ഏതെങ്കിലും അഗതിമന്ദിരത്തിൽ കൊണ്ടാക്കി തരാമോ എന്ന ചോദ്യത്തിന് അനാഥരായ എനിക്കും എന്റെ ഭാര്യ റസീനക്കും ഒരമ്മയായി ഇവിടെത്തന്നെ നിന്നൂടേ എന്ന് മറുചോദ്യം ചോദിച്ചപ്പോള്‍ ഞങ്ങളെ കെട്ടിപ്പിടിച്ച് ആർത്തു കരഞ്ഞ ആ മുഖം ഇപ്പോഴും മനസ്സിലുണ്ട്..
ബന്ധുക്കൾ ഇല്ലാത്ത ഞങ്ങൾക്ക് റസീനയുടെ പ്രസവസമയത്ത് ഒരു അമ്മയുടെ അധികാരത്തോടെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്തുതീർത്ത് ഒരു സ്ത്രീക്ക് പ്രസവിക്കാതെയും ഒരു അമ്മയാകാം എന്ന പാഠം പഠിപ്പിച്ചു തരുകയായിരുന്നു..
വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ പൂജാമുറിയിൽ ഇരുന്ന് ആ അമ്മ പ്രാർത്ഥിച്ചിരുന്നത് തന്റെയും കുടുംബത്തിന്റെയും നന്മക്ക് വേണ്ടി മാത്രമായിരുന്നു..
എന്നിട്ടും ഇന്ന് ഞാൻ അവരോട് ചെയ്തത് തെറ്റായി പോയില്ലേ...
പിറകിൽനിന്ന് വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ ഞാൻ ഇറങ്ങിപ്പോന്നപ്പോൾ ആ അമ്മക്ക് ഒരുപാട് വേദനിച്ചിട്ടുണ്ടാകില്ലേ...
ജലാലിന്റെ കവിളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി.
അവൻ എഴുന്നേറ്റ് വീട്ടിലേക്കു നടന്നു.
മുറ്റത്തെത്തിയതും റസീന പുറത്തേക്ക് ഓടിവന്നു..
ഇക്കാ..
നിങ്ങൾ എന്തു പണിയാ കാണിച്ചത്..?
നിങ്ങളെന്തിനാണ് അമ്മയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയത്..
ആ പാവം കരഞ്ഞു തളർന്നു ..
ഇനി ഇങ്ങനെ ചെയ്യരുതേ ഇക്കാ...
റസീ...
ഞാൻ അങ്ങനെയൊന്നും ചിന്തിച്ചില്ലടീ... ജീവിതത്തിൽ ആദ്യമായി അമ്മയുടെ കയ്യിൽ നിന്നും അടി കിട്ടിയപ്പോൾ ഞാൻ എന്തൊക്കെയോ ആയിപ്പോയി..
അമ്മയുടെ കയ്യിൽ നിന്നും അടി വാങ്ങിക്കാനുള്ള ഭാഗ്യം ചെയ്യാത്തവർ ആയിരുന്നില്ലേ നമ്മൾ..
സന്തോഷവും സങ്കടവും എല്ലാം കൂടിച്ചേർന്ന് ഞാൻ കരഞ്ഞു പോകുമോ എന്ന് തോന്നിപ്പോയി.. അതാണ് ഇറങ്ങിപ്പോയത്..
കരഞ്ഞു തുടങ്ങിയിരുന്നു റസീനയെ ചേർത്തുപിടിച്ചുകൊണ്ട് ജലാൽ അമ്മയുടെ റൂമിലേക്ക് ചെന്നു..
പുറം തിരിഞ്ഞുനിൽക്കുന്ന അമ്മയെ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു..
അമ്മ തിരിഞ്ഞിരുന്ന് ജലാലിന്റെ പുറത്തും കവിളിലും തലോടി..
ന്റെ മോന് ഒരുപാട് വേദനിച്ചോ...?
അമ്മയോട് പൊറുക്കെടാ....
ഇനി എന്റെ കുട്ടി ഇങ്ങനെ പറയാതെ ഇറങ്ങി പോകരുത് കേട്ടോ..
അത് എനിക്ക് ഒരുപാട് സങ്കടമുണ്ടാക്കും..
അമ്മക്കത് സഹിക്കാൻ കഴിയില്ല മോനേ...
വിതുമ്പി തുടങ്ങിയിരുന്നു ജലാല്‍ ഒരു പൊട്ടിക്കരച്ചിലിലൂടെ അമ്മയെ കെട്ടിപ്പിടിച്ച് ആര്‍ത്തുകരയുമ്പോഴും റസീനയും അനുമോളും പൊട്ടി കരഞ്ഞുകൊണ്ട് അമ്മയുടെ തോളിലേക്ക് ചായുമ്പോഴും ജാതിയും മതവുമല്ല ഉള്ളിലെ നന്മയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് എന്ന് ഒരിക്കൽ കൂടി തെളിയുകയായിരുന്നു അവിടെ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo