Slider

ഗതികിട്ടാത്തവർ

0
ഗതികിട്ടാത്തവർ
???????????????
അവളൊരാത്മാവായിരുന്നു.
ഗതികിട്ടാത്ത ആത്മാവ് .
ഗതികിട്ടാത്തതെന്താണെന്ന്
അവൾക്കറിയില്ലായിരുന്നു.
പുരോഹിതനെയിങ്ങനെ
പൊല്ലാപ്പു പിടിപ്പിച്ചവൾക്ക്
ഗതിയെങ്ങനെ കിട്ടാനാണ് ?
ഇവളാണിതിനെല്ലാം
കാരണക്കാരിയെന്ന്
പുരോഹിതൻ ദൈവത്തോട്
പറഞ്ഞു കൊടുത്തിട്ടുണ്ടാവും.
ആത്മാവിനൊട്ടുഗതി
കിട്ടാതെ പോയിട്ടുമുണ്ടാകും,
സമുദായപ്പിരിവ്
കൊടുക്കാത്തവന്റെ മകളുടെ
കല്യാണക്കുറി
മുറിക്കാത്തതുപോലെ.
ഗതികിട്ടാത്തതെന്തായാലും
നന്നായി .
ഈ ഭൂമിയിൽ
ഇങ്ങനെ നടക്കാനെന്ത് രസമാണ്.
ഒരു പൂമ്പാറ്റയെ പോലെ
പാറിപ്പറന്ന്
അതിരുകളും
അരുതുകളുമില്ലാതെ ,
കുമ്പസാരിക്കാതെ,
പുഴയിലൊന്ന്
നീന്തിത്തുടിച്ചുകുളിച്ച്
ഒളിക്യാമറകളെ ഭയക്കാതെ ,
എക്സറേ നോട്ടങ്ങളിൽ
തുണിയുരിഞ്ഞു പോവാതെ ,
കുളിച്ചൊരുങ്ങി
പൊട്ടുതൊട്ടു കണ്ണെഴുതി
സുന്ദരിയായി വരുമ്പോൾ
നോക്കി നിന്നു നെടുവീർപ്പിടുന്ന
രക്ഷകർത്താക്കളില്ലാതെ
എന്ത് രസമാണ്
അവളങ്ങനെ പൂത്തുലഞ്ഞ്
നടന്നുകൊണ്ടേ യിരുന്നു.
പിച്ചിക്കുളവും
ക്രിക്കറ്റ് മൈതാനവും കടന്ന്
സ്കൂൾ കാമ്പൗണ്ട്
കഴിഞ്ഞപ്പോഴാണ്
പള്ളിമുറ്റത്തെ
കിണറിന് ചുറ്റും
വല്ലാത്തൊരാൾക്കൂട്ടം.
ദൈവമേ
ഒരു പെൺകുട്ടിയെ
അവരെല്ലാവരും ചേർന്ന്
കിണറ്റിലേക്ക്
തള്ളിയിടുന്നു,
വീണ്ടുമെടുക്കുന്നു
പിന്നെയുമിടുന്നു,
തിരിച്ചെടുത്ത്
തുണിയെല്ലാം പൊക്കി
മുറിവുകളെണ്ണുന്നു.
അയ്യോ പെണ്ണല്ലല്ലോ
അതൊരു ഡമ്മിയാണ്
എന്നെപ്പോലിരിക്കുന്നു.
അവളൊന്ന്
പൊട്ടിച്ചിരിച്ചു.
പെട്ടെന്നാണവൾ
അപ്പനെയോർത്തത് .
അപ്പനിപ്പോൾ
ചായ കുടിക്കാനിറങ്ങിക്കാണും .
ആത്മാവായതുമുതൽ
അതൊരു പതിവാണ് .
അപ്പൻ പുറത്തേക്കിറങ്ങുമ്പോഴെല്ലാം
അവളുമങ്ങു കൂടെയിറങ്ങും .
വഴിയിലങ്ങനെ
അപ്പന്റെ കൈ പിടിച്ചു നടക്കും
പണ്ട് സ്കൂളിൽ പോകും പോലെ .
അപ്പനാളഭിമാനിയാണ്
വഴിയിലെങ്ങുമപ്പൻ
കരയാറേയില്ല
കടിച്ചു പിടിച്ചങ്ങനെ നടക്കും .
ഇന്നിപ്പോ
വഴി നീളെയിങ്ങനെ
ഡമ്മിക്കഥകേട്ടപ്പൻ
തളർന്നിട്ടുണ്ടാവും പാവം
അവളങ്ങനെയോടി വരുമ്പോൾ.
സി ബി ഐ കീ ജയ്
എന്നും പറഞ്ഞ്,
ബലാൽസംഗമൊക്കെഡമ്മിയിൽ തെളിയുമെന്നും പറഞ്ഞ്
ചായക്കടക്കാരനന്തപ്പ -
നടിച്ചു കൊടുത്ത ചായ
കുടിക്കാതെയപ്പൻ
നടന്നു തുടങ്ങുന്നു.
അപ്പന്റെ കൂടെയങ്ങനെ
നടന്നു നടന്നു വരുമ്പഴാണ്
ദാ വരണ്
എന്റെ പഴയ കൂട്ടുകാരി,
കെട്ടിയോന്റെ കൂടെ
ഗൾഫിലായിരുന്ന കുഞ്ഞന്നാമ്മ
കൊച്ചിനെയുമെടുത്ത്.
കുഞ്ഞന്നാമ്മ വന്നു
പിടിച്ചപ്പോൾ
അപ്പനൊന്ന് കടിച്ചു
പിടിച്ചു നോക്കി,
പിന്നെ
എന്റെ മോളെന്ന് പറഞ്ഞ്
അപ്പനവളെ കെട്ടിപ്പിടിച്ചു
കരഞ്ഞപ്പോൾ
ആത്മാവാന്നെങ്കിലും
ഞാനുമങ്ങ് കരഞ്ഞു പോയി .
കുഞ്ഞന്നാമ്മയുടെ കുഞ്ഞിനെ
തെരുതെരെയപ്പൻ
ഉമ്മവെയ്ക്കുമ്പോൾ
പണ്ട് പത്താം ക്ലാസീ വെച്ച്
പ്രേമലേഖനം തന്ന
ജോണിച്ചനെ
ഞാൻ പെട്ടെന്നോർത്തുപോയി
ലാലു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo