നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രിയ ദേവയാനി

എന്റെ ചന്തിയിൽ ചൊട്ടനുറുമ്പ് കടിച്ച ദിവസം ഇന്നലെ പോലെ എനിക്കോർമ്മയുണ്ട്. കടി കൊണ്ട് അടുക്കളപ്പടിയിൽ ഇരുന്നു അലറിക്കരഞ്ഞപ്പോൾ ഓടി വന്നു പരുപരുത്ത കൈകൾ കൊണ്ട് എന്റെ ചന്തിയിൽ വെള്ളം തൊട്ടു തിരുമ്മി, പിന്നെ എന്റെ കരച്ചിൽ മാറ്റാൻ ആ താലൂക്കിലെ എല്ലാ ചൊട്ടനുറുമ്പുകളെയും ഓടി നടന്നു ചവിട്ടിക്കൊന്ന പരുക്കൻ രൂപം..ആറടിക്കടുത്തു പൊക്കവും സ്ഥൂല ഗാത്രവും എണ്ണക്കറുപ്പു നിറവും ഉറച്ച ശബ്ദവും കാൽവെയ്പ്പുകളും.. അതായിരുന്നു ദേവയാനി..ആകെക്കൂടി ഒരു അമിതാബ് ബച്ചൻ ലുക്ക്‌..
എന്റെ കുട്ടിക്കാല ഓർമ്മകളിൽ.. ആഴ്ചയിൽ ഒരു ദിവസം മാത്രം വീട്ടു സഹായത്തിനു വന്നിരുന്ന ദേവയാനിക്ക് ജോലി ഒരു ഹരമായിരുന്നു..വിറകു വെട്ടാനും തേങ്ങാ പൊതിക്കാനും പാതാളകരണ്ടി കൊണ്ട് കിണറ്റിൽ വീണ തൊട്ടിയെ വീണ്ടെടുക്കാനും..കുരുത്തക്കേട്‌ കാണിക്കുന്ന ഞങ്ങളെ ഓടിച്ചിട്ട്‌ പിടിച്ചു അമ്മച്ചിയുടെ മുമ്പിൽ അടിപ്പരുവത്തിൽ നിർത്താനും. അക്കാലത്ത് 30 വയസ്സിനു മേൽ പ്രായമുണ്ടായിരുന്നു അവർക്ക്.
ഒരു ദിവസം രാവിലെ പക്ഷേ ദേവയാനി വന്നത് വളരെ വ്യത്യസ്തമായാണ്..മുടി പിന്നിയിട്ട്, മുല്ലപ്പൂ ചൂടി, കണ്ണെഴുതി, പൊട്ടു തൊട്ട്..
"ദേവയാനി കല്യാണപ്പെണ്ണിനെപ്പോലെ.." ഞാൻ അടുക്കളപ്പടിയിൽ നിന്ന് അലറി..
"മിണ്ടാതെ ചെക്കാ.." നാണത്തോടെ കൈയ്യിലെ സഞ്ചിയിൽ നിന്നും പേരക്കാ എടുത്തു എനിക്ക് തന്നിട്ട് അമ്മച്ചിയോട് രഹസ്യം പറയാൻ തുടങ്ങി..ദേവയാനി രഹസ്യം പറയുന്നു എന്ന് പറഞ്ഞാൽ രണ്ടു മുറിക്കപ്പുറത്തു കേൾക്കാം..
"ഇതിനും മുമ്പ് ഞാൻ കണ്ടിട്ടില്ലാ അമ്മച്ച്യെ..ഏതാണ്ടും കടേല് നിക്ക്വാന്ന് പറഞ്ഞ്..എന്റെ പേരൊക്കെ അറിയാം. ഞാമ്പേരൊന്നും ചോദിച്ചില്ലാ..എന്നെ അടിമുടി വെറക്ക്വാർന്നു. വീട്ടി വന്ന് അച്ഛനോടും ആങ്ങളയോടും ചോദിക്കാമ്പ്രഞ്ഞ്.." ദേവയാനിയുടെ കണ്ണുകളിൽ നാണം ഓടിക്കളിച്ചു..
"നിനക്കിഷ്ട്ടപ്പെട്ടോ ചെക്കനെ.." അമ്മച്ചിയുടെ ചോദ്യത്തിനു ഉത്തരം കൊടുക്കാതെ മുഖം പൊത്തി അവർ ചിരിച്ചു..
"ഈ ചിങ്ങത്തിനു നടത്താനാ പുള്ളി നോക്കുന്നേ..." പിന്നെയും മുഖം പൊത്തി ചിരിച്ചു ദേവയാനി..
ഒരാഴ്ച കഴിഞ്ഞു ഒരു വൈകുന്നേരം ദേവയാനി വീണ്ടും വന്നു. അടുക്കളപ്പടിയിലിരുന്നു അലറിക്കരഞ്ഞു..
"എനിക്ക് പറഞ്ഞിട്ടില്ലാ..വന്നവരോട് പൊക്കോളാൻ പറഞ്ഞു എന്റ്റാങ്ങള..സ്ഥിരം പണിയില്ലാത്രേ . അതൊന്നൂല്ലാ അമ്മച്ച്യെ..അവർക്ക് ഇത് നടത്താൻ താല്പര്യോല്ല..ന്റെ കാശ് മതിയല്ലോ അവർക്ക്..ന്റെ സന്തോഷം കാണണ്ടല്ലോ..നിക്കാരൂല്ലാ അമ്മച്ച്യെ.."
അമ്മച്ചി കൊടുത്ത കപ്പ പുഴുക്ക് മുളക് ചാറില് മുക്കി വായിലിട്ടു ചവക്കുന്നതിനിടയിൽ ദേവയാനി വീണ്ടും അലറിക്കരഞ്ഞു.."നിക്കാരൂല്ല്യാലോ"
"ദേവയാനിക്ക് ഞാനൊണ്ട്.." അവരെ നോക്കി ഞാൻ മെല്ലെ പറഞ്ഞു..
"ദേണ്ടേ ഈ കൊച്ചിനുള്ള സ്നേഹം പോലും ന്ടുടപ്പെറന്നോർക്കില്ലല്ലോ അമ്മച്ച്യെ .." കപ്പക്കഷണം കടിച്ചു പിടിച്ചു ദേവയാനി പിന്നെയും അലറിക്കരഞ്ഞു..
പോകുന്ന വഴി അമ്മച്ചിയോട്‌ രണ്ടു രൂപയും വാങ്ങി "അമ്പലത്തില് എണ്ണയൊഴിക്കണം..ദൈവങ്ങൾക്ക് ന്നെ വേണ്ടേലും നിക്കങ്ങനല്ലാ.." എന്നും പറഞ്ഞു ദേവയാനി പടിയിറങ്ങി പ്പോയി..
പിന്നീട് ദേവയാനി വീട്ടിൽ പണിക്കു വന്നില്ല..വർഷങ്ങൾക്കു ശേഷം ഞാൻ അവരെ വീണ്ടും കണ്ടു..ഇപ്പോൾ മുനിസിപ്പാലിറ്റിയിൽ തൂപ്പു പണിയാണത്രെ. കൂടെ തൂക്കുന്ന സ്ത്രീകളുടെ ഇടയിൽ, തലയെടുപ്പോടെ, ചൂലുമായി നില്ക്കുന്ന ദേവയാനിയെ കാണുമ്പോൾ പഴയ ആ ചൊട്ടനുറുമ്പിനെ ഞാൻ ഓർക്കും. ആ പരുപരുത്ത സ്നേഹത്തെ ഓർക്കും. സ്വാർഥലാഭ കണക്കുകൾക്കിടയിൽ ഉലഞ്ഞു പോയ ആ ജീവിതത്തെ ഓർക്കും.
പ്രിയ ദേവയാനി...ഇത് നിനക്കുള്ള എന്റെ സ്നേഹ സമ്മാനമാണ്..ഇനിയും ഒരു ബാല്യമുണ്ടെങ്കിൽ, അന്നും നീയുണ്ടാവണം കൂട്ടായി..ചൊട്ടനുറുമ്പിനെ ചവിട്ടിക്കൊല്ലാൻ..ഇടക്ക് എന്നെ "കൊച്ചേ"ന്ന് വിളിക്കാൻ..

Moncy

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot