ആകാശ പറവകൾ
================
കുറച്ചു ദിവസമായി ഉമ്മാക്ക് ചില മാറ്റങ്ങൾ ഉണ്ടെന്നു ജെസി പറഞ്ഞപ്പോൾ ഞാൻ അതിനെ നിസ്സാരമായി കരുതി.
================
കുറച്ചു ദിവസമായി ഉമ്മാക്ക് ചില മാറ്റങ്ങൾ ഉണ്ടെന്നു ജെസി പറഞ്ഞപ്പോൾ ഞാൻ അതിനെ നിസ്സാരമായി കരുതി.
ഒന്നിച്ചിരിക്കുന്ന അവസരങ്ങളിൽ ഞാനും ഉമ്മയെ ശ്രദ്ധിച്ചപ്പോളാണ് ജെസി പറഞ്ഞതിൽ കാര്യമുണ്ടന്ന് തോന്നിയത്. ഭക്ഷണം കഴിക്കുന്നതിന്റെ ഇടക്ക് ഉമ്മകഴിക്കുന്നത് നിർത്തി നിശബ്ദമായി എങ്ങോട്ടോ നോക്കിയിരിക്കും. ഉമ്മയെ തൊട്ടു വിളിച്ചാൽ ഉറക്കത്തിലെന്ന പോലെ ഞെട്ടിയുണരും, ഒന്ന് ചെറുതായി പുഞ്ചിരിക്കും.
ജെസിയെ അടുക്കളയിൽ പണിയെടുക്കാൻ സമ്മതിക്കാതെ എല്ലാം ഒറ്റക്ക് ചെയ്തിരുന്ന ഉമ്മ. പതിനേഴാം വയസ്സിൽ ഈ വീട്ടിലെ അടുക്കളയിൽ കയറിയതെന്നും, ഇത്രയും കാലം എല്ലാവർക്കും വെച്ചു വിളമ്പി, ഇനി മരിക്കുന്നത് വരെ അല്ലെ എന്ന് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ.
ചിലപ്പോൾ ഉമ്മ ഉപ്പ ഉപയോഗിച്ചിരുന്ന ഉമ്മറത്തെ ചാരുകസേരയിലോ അടുക്കള പുറത്തെ തിണ്ണയിലോ ഇരുന്ന് പുറത്തേക്ക് നോക്കിയിരിക്കുന്നത് കാണാം. മുറ്റത്ത് നടക്കുന്ന മൈനകളെയാണോ, അടക്കാ കിളികളാണോ, വീടിനോട് ചാഞ്ഞു നിൽക്കുന്ന പ്ലാവിലാണോ, അതോ പേര മരത്തിലാണോ അതോ പേര മരത്തിലൂടെ പടർന്നു ഓടിനു മുകളിലൂടെ വള്ളികൾ പടർന്നും, പച്ചയും, പഴുത്തതുമായ തൂങ്ങി കിടക്കുന്ന പാഷൻ ഫ്രൂട്ട് ആണോ, മരച്ചില്ലകളിലൂടെ ഓടിക്കളിച്ചു കരയുന്ന അണ്ണാന്റെ ശബ്ദത്തോടാണോ അതോ തന്നിലേക്ക് തന്നെയാണോ അറിയില്ല.
ചിലപ്പോൾ കവുങ്ങും തോട്ടത്തിലോ, തെങ്ങുകൾക്കിടയിൽ ചുറ്റിയടിക്കുകയും മരങ്ങളെ തലോടുകയും അവകളോട് ഒറ്റക്ക് സംസാരിക്കുന്നത് കാണുമ്പോൾ എന്തോ ഒരു ഭീതി ഉടലെടുക്കാറുണ്ട്.
ഉപ്പ മരിച്ച ഉടനെയാണ് ഇങ്ങനെ ഒരു മാറ്റമെങ്കിൽ വിശ്വസിക്കാം, ഉപ്പയുടെ വിരഹ വേദനയാണെന്നു, ഉപ്പ മരണപെട്ടു മൂന്ന് വർഷമായി ഇപ്പോൾ ഇങ്ങനെ ഒരു മാറ്റത്തിന് കാരണം.
ഇക്കാക്കമാരെയും, ഇത്താത്തമാരെയും വിവരം അറിയിക്കണമെന്ന് ജെസി പറഞ്ഞു തുടങ്ങി.
ഗൾഫിൽ നല്ലൊരു ജോലിയും, കല്യാണം കഴിഞ്ഞു ജെസിയുമായി സ്ഥിരമായി അവിടെ നിൽക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും ഉപ്പയെയും ഉമ്മയെയും സംരക്ഷണം സ്വീകരിക്കാൻ തയ്യാറാകാത്ത സഹോദരന്മാരും, സഹോദരിമാരും. അവരോട് പറഞ്ഞാൽ ഭ്രാന്താശുപത്രിയിൽ കൊണ്ട് പോകാൻ പറയും.
ഭാര്യയോടും മകനോടും കൂടി ഒരുമിച്ചു നിൽക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഉള്ള ജോലിയും കളഞ്ഞു കുറച്ചു കാലം നിൽക്കാൻ തീരുമാനിച്ചത്.
ഭാഗം വെച്ചു അവസാനത്തെ മകനായ തനിക്കു ഈ പഴയ തറവാട് കിട്ടി. ഈ വീട് പൊളിക്കാൻ ആഗ്രഹമില്ലെങ്കിലും എല്ലാ വർഷവുമുള്ള അറ്റകുറ്റപണികൾ ചെയ്ത് നിലനിർത്തുന്ന പണം കൊണ്ട് ഒരു പുതിയ ടെറസ്സ് വീട് വെക്കാം. തിരിച്ചു പോകുന്നതിനു മുൻപ് അങ്ങനെ ഒരു ആലോചന ഉണ്ടെന്നു ഉമ്മയോട് പറഞ്ഞിരുന്നു ഇനി അതിന്റെ വിഷമം ആയിരിക്കുമോ.
ഉമ്മ മുൻപെല്ലാം പറഞ്ഞിരുന്നതായി ഓർക്കുന്നു. ഉപ്പ മരിച്ച വീട്ടിൽ തനിക്കും മരിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു.
വല്ലിമ്മ തന്നോട് സംസാരിക്കാൻ വരാത്തതിലുള്ള സങ്കടം സുഫി മോൻ ഇടക്കിടെ പറഞ്ഞിരുന്നു. അവൻ വല്ലിമ്മയുടെ അടുത്ത് ചെന്നു കുറച്ചു നേരം നിൽക്കും. വല്ലിമ്മ തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് അറിയുമ്പോൾ അവൻ മടങ്ങും. അവന്റെ ചോദ്യങ്ങൾക്കു താനും ജെസിയും എന്ത് ഉത്തരം പറഞ്ഞു സമാധാനിപ്പിക്കുമെന്നു അറിയാതെ കുഴങ്ങി.
രാവിലെ ഉപ്പയുടെ ചാരുകസേരയിൽ കയ്യിൽ ചായ ഗ്ലാസും പിടിച്ചു ദൂരേക്ക് നോക്കിയിരിക്കുന്ന ഉമ്മയെ ഞാൻ പത്ര വായനയുടെ ഇടക്ക് നോക്കി എന്നാൽ ഒരേ ഇരിപ്പിൽ ഒരു ഭാഗത്തേക്ക് മാത്രമല്ല ഉമ്മയുടെ നോട്ടം ചിന്തയിൽ ആണെന്ന് മനസ്സിലായി. ഉമ്മയെ സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടി വരുമോയെന്ന് ഞാൻ ഊഹിച്ചു.
ഉള്ളിൽ എവിടെയോ ഒരു വാത്സല്യം എനിക്ക് തോന്നി. ഉമ്മയുടെ അടുത്തേക്ക് കസേര വലിച്ചിട്ട് ഇരുന്നു. ഉമ്മയുടെ ചുളുങ്ങിയ തൊലിയായ മെലിഞ്ഞ കൈകൾ ഞാൻ എന്റെ കൈകളിൽ എടുത്ത് പതുക്കെ തലോടി കൊണ്ട് സ്നേഹപൂർവ്വം വിളിച്ചു.
"ഉമ്മാ... "
ഉമ്മ പതുക്കെ തല തിരിച്ചു പുഞ്ചിരിച്ചു.
"ഉമ്മാക്ക് എന്ത് പറ്റി... എപ്പോഴും വർത്താനം പറഞ്ഞിരുന്നതാണല്ലോ.. ഇപ്പോൾ എന്തുപറ്റി... "
"ഒന്നൂല്യ ടാ... " വളരെ നിർവികാരമായി പറഞ്ഞു... "ഞാൻ ഓർക്കായിരുന്നു നിന്റെ ഉപ്പ മരിക്കുന്നതിന്റെ കുറച്ചീസം മുന്നെ പറഞ്ഞു... നമ്മക്ക് നല്ല മക്കളുണ്ട് പക്ഷെ ഖൽബിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹമുള്ളവര് ഒരു മോനും, മരുമോളും... നമ്മുടെ അവിവേകം കൊണ്ടല്ലേ അവൾ പോയത്... " ഉമ്മപറഞ്ഞു നിർത്തി. ഉമ്മയുടെ ഉള്ളിലേക്ക് ആണ്ടിറങ്ങിയ കണ്ണിന്റെ കോണിൽ നിന്ന് കണ്ണുനീർ ചാലിട്ടിറങ്ങി... "മോനെ നിക്ക് റസിയാനെ കാണണം... " ഞാൻ ഉമ്മയുടെ കണ്ണീർ തുടച്ചു കാണിച്ചു കൊടുക്കാമെന്നു സമ്മതിച്ചു.
ഉപ്പാക്കും ഉമ്മാക്കും അഞ്ച് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും കൂടി എട്ട് മക്കൾ. റസിയാത്ത മൂത്ത ഇക്ക ജമാലിക്കയുടെ ആദ്യ ഭാര്യ. എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് അവരുടെ കല്യാണം കഴിയുന്നത്. എന്റെ ഇത്താത്തമാരേക്കാളും ഏറ്റവും സ്നേഹം തോന്നിയത് അവരോടായിരുന്നു അത്രക്കും സ്നേഹമുള്ള മനസ്സായിരുന്നു അവർക്ക്.
ബാല്യത്തിൽ തന്റെ കുസൃതിക്കൊത്ത് കളിക്കാനും കുളിപ്പിക്കാനും, ഭക്ഷണം തരാനും ഉമ്മയെക്കാളും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു.
പേരുകേട്ട തറവാട്ടിൽ മൂന്ന് പെണ്മക്കളിലെ മൂത്ത പെൺകുട്ടിയാണ് റസിയാത്ത. തറവാടിന്റെ പേരും മാത്രമല്ല സ്ത്രീധനമായി നല്ലൊരു തുക കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉപ്പ ജമാലിക്കയെ കൊണ്ട് കല്യാണം കഴിപ്പിച്ചത്. എന്നാൽ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകൾ ഉള്ള വീടാണെന്ന് കല്യാണത്തിന് ശേഷമാണ് അറിയുന്നത്.
പറഞ്ഞു ഉറപ്പിച്ചിരുന്ന സ്ത്രീധനം മുഴുവൻ കിട്ടാതായപ്പോൾ ഉപ്പയും ഉമ്മയും റസിയാത്തയെ പലതും പറഞ്ഞു വിഷമിപ്പിച്ചിരുന്നു. കൂടെ കുട്ടികൾ ഉണ്ടാവാൻ കാലതാമസം ഒരു വലിയ കാരണമായി.
മൂത്താപ്പമാരും കുഞ്ഞിപ്പാരും ബന്ധുക്കളും പ്രശ്നം ഏറ്റെടുത്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ചർച്ചകൾക്കും, വാക്ക് തർക്കങ്ങൾക്കും അവസാനം വിവാഹമോചനമെന്ന തീരുമാനത്തിൽ ഉറപ്പിച്ചു.
അന്നും ഇന്നും എന്നെ കൂടുതൽ വിഷമിപ്പിച്ചിരുന്ന ഓർമ്മയാണ് റസിയാത്ത വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന കാഴ്ച.
എൺപത്തി അഞ്ച് വയസ്സായ ഉമ്മാക്ക് ഇപ്പോൾ പെട്ടന്ന് റസിയാത്തയെ ഓർക്കാൻ എന്തായിരിക്കും കാരണം. മരിക്കുന്നതിന് മുൻപ് ഉപ്പാക്ക് ഉണ്ടായ അതെ കുറ്റബോധം ഉമ്മാക്കും തോന്നി തുടങ്ങിയോ..
മാറാലയും പൊടിയും പിടിച്ച വർഷങ്ങളായി ഉപയോഗിക്കാത്ത മര ഗോവണിയിലൂടെ ഞാനും ജെസിയും, സുഫി മോനും കൂടി തട്ടിൻ പുറത്തേക്ക് കയറി ചെന്നു. വർഷങ്ങളായി ഉപയോഗിച്ച് ഉപേക്ഷിച്ച സാധങ്ങൾക്കിടയിൽ റസിയാത്തയെ ഓർക്കാനുള്ള എന്തെങ്കിലും ഉണ്ടെന്നു ഉറപ്പിച്ചു ഞാനും ജെസിയും തിരഞ്ഞു.
ഒരു സാധനവും വലിച്ചെറിയാൻ ഇഷ്ടമില്ലാതിരുന്ന ഉമ്മ എല്ലാം തട്ടിൻ പുറത്ത് സൂക്ഷിച്ചിരുന്നു. ഉമ്മയുടെയും ഉപ്പയുടെയും കല്യാണത്തിന് ശേഷമുള്ളത് മുതൽ ഞങ്ങൾ സഹോദരി സഹോദരന്മാരുടെ ബാല്യകാലം മുതൽ എല്ലാ പേരക്കുട്ടികളും ഉപയോഗിച്ച വസ്ത്രങ്ങൾ, കളിക്കോപ്പുകൾ, പുസ്തകങ്ങൾ അങ്ങനെ പലതും.
ഞങ്ങൾ ജീവിച്ചിരുന്നതിന്റെ പല കാലത്തിൽ ഉണ്ടായിരുന്ന മനസ്സിനെ ഉണർത്തുന്ന പലതും കണ്ടു.
ഇത് വരെ കാണാത്ത കളിക്കോപ്പുകൾ കണ്ടപ്പോൾ സുഫി മോൻ അമിതാവേശത്തോടെ ഇഷ്ടപെട്ടതെല്ലാം മാറ്റി വെച്ചു.
കൂടി കലർന്ന് കിടക്കുന്ന സാധനങ്ങൾക്ക് ഇടയിൽ നിന്ന് ഉദ്ദേശിക്കുന്നത് കിട്ടാൻ വളരെയധികം ശ്രമകരമായ പണിയായിരുന്നു.
പലരുടെയും കല്യാണ ആൽബങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് മുതൽ കളർ വരെ, അവയിൽ നിന്ന് ഒരു ചെറിയ കല്യാണ ആൽബം കിട്ടി. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ. മങ്ങി തുടങ്ങിയ ഫോട്ടോകൾക്കിടയിൽ നിന്ന് ഞങ്ങൾ വധുവരന്മാരെ കണ്ടു. അന്നത്തെ കല്യാണ വസ്ത്രധാരണ രീതികൾ കണ്ടു ജെസി അത്ഭുതപ്പെടുകയും ചിരിക്കുകയും ചെയ്തു. ഇത്രയും സുന്ദരിയായ റസിയാത്തയെ ഉപേക്ഷിച്ചതിൽ ജെസിക്ക് പോലും കഷ്ടം തോന്നി.
റസിയാത്തയുടെ വീടോ, വിലാസമോ അറിയില്ല. എങ്ങനെ കണ്ടു പിടിക്കുമെന്ന് അറിയാതെ ഞങ്ങൾ ചിന്താകുഴപ്പത്തിലായി. ജമാലിക്കക്ക് ചിലപ്പോൾ ഓർമ്മ ഉണ്ടാവുമെങ്കിലും ഇനി ചോദിച്ചാൽ അത് എല്ലാവരും അറിയുകയും വയസ്സായ ഉമ്മയെ പോലെ നിങ്ങൾക്കും ഭ്രാന്ത് ആണെന്ന് പറയും. വയസ്സ് കാലത്തുള്ള ഉമ്മയുടെ ആഗ്രഹം മറ്റുള്ളവർക്ക് ചിലപ്പോൾ ഭ്രാന്തായിരിക്കാം എന്നാൽ ഉമ്മാക്ക്, ഉപ്പയുടെ അവസാന വാക്കും ഒരു പക്ഷെ തങ്ങൾ ചെയ്ത തെറ്റ് തിരുത്തുവാനും മാപ്പ് പറയുവാനുമുള്ള ആഗ്രഹവും ആകാം ഇങ്ങനെ ഒരു തോന്നൽ.
സൂക്ഷമമായ തിരച്ചിലിനൊടുവിൽ ഞങ്ങൾക്ക് അന്നത്തെ കല്യാണ കത്ത് കിട്ടി.
പിറ്റേദിവസം രാവിലെ ഉമ്മയെയും കൂട്ടി ഞങ്ങൾ കത്തിലുള്ള വിലാസത്തിലേക്കുള്ള യാത്ര തിരിച്ചു.
സൂര്യോദയത്തിനു മുൻപുള്ള യാത്ര തിരക്ക് കുറഞ്ഞ വീഥികളും കുറെ കാലത്തിനു ശേഷമുള്ള കൂടികാഴ്ചകളും ആലോചിക്കുമ്പോൾ യാത്രക്ക് തന്നെ ഒരു ആവേശമായിരുന്നു.
തെരുവ് വിളക്കുകൾ കത്തിനിൽക്കുന്ന നഗരത്തിലൂടെ കടന്നുപോകുമ്പോൾ ഇരുട്ട് യാത്ര പറഞ്ഞു തുടങ്ങിയിരുന്നു.
കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും ഇരു വശങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മരങ്ങളും, പച്ചപ്പും, റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന മരക്കൊമ്പുകൾ. ഇടയ്ക്കിടെ കാണുന്ന കതിരിട്ട പാടങ്ങൾ.
ഇടക്ക് ഞാൻ നടുവിലെ കണ്ണാടിയിലൂടെ ഉമ്മയെ നോക്കും. ഉമ്മതികച്ചും ശാന്തമായി താഴ്ത്തി വെച്ച ഗ്ലാസിലൂടെ വരുന്ന തണുപ്പുള്ള കാറ്റും, പ്രകൃതിരമണീയതയും നുകർന്നിരിക്കുന്നു. ഉമ്മാക്ക് ഇങ്ങനെയുള്ള ഒരു യാത്ര ഉപ്പയുടെ കൂടെ ഉണ്ടായിട്ടുണ്ടാവില്ലേ.. ഉപ്പയുടെ കാല ശേഷം ആദ്യമായിരിക്കും ഒരു യാത്ര.
കയറി ചെല്ലുന്ന വീട്ടിൽ റസിയാത്ത ഇല്ലങ്കിൽ ഇനി അഥവാ ആരെന്നു പറഞ്ഞു പരിചയപ്പെടണമെന്നും ഞാനും ജെസിയും കൂടി ചർച്ചകൾ നടത്തുകയായിരുന്നു. എന്നാൽ ഉമ്മഅതൊന്നും ചെവി കൊടുക്കുന്നില്ല. ഉമ്മയുടെ മടിയിൽ സുഫി മോൻ കിടന്നു ഉറങ്ങുന്നു.
ഒൻപത് മണിക്ക് വിലാസത്തിലെ സ്ഥലത്ത് എത്തിയതിനു ശേഷം പലരോടും ചോദിക്കേണ്ടി വന്നു വീട് കണ്ടു പിടിക്കാൻ.
ഇപ്പോഴത്തെ പരിഷ്കാരത്തോടുള്ള ഇരു നില വീട്. വലിയ വലുപ്പത്തിലുള്ള അടഞ്ഞു കിടക്കുന്ന ഗെയ്റ്റ്.
കാർ പുറത്ത് നിർത്തി ഗെയ്റ്റ് തുറന്നു ഞാൻ അകത്തേക്ക് ഒറ്റക്ക് നടന്നു. റോഡിൽ നിന്നും വീട്ടിലേക്ക് കുറച്ചു ദൂരമുണ്ട് നടക്കാൻ. ഇരു വശങ്ങളിലും നിറഞ്ഞു നിൽക്കുന്ന പൂക്കുന്നതും പൂക്കാത്തതുമായ ഭംഗിയുള്ള ചെടികൾ.
കോളിംഗ് ബെല്ലടിച്ചപ്പോൾ പ്രധാന വാതിൽ തുറന്നു. ഒരു മദ്ധ്യവയസ്കൻ വന്നു. ഒറ്റ വെള്ള മുണ്ട് ഉടുത്ത് ഷർട്ടിടാത്ത നെഞ്ചിൽ ധാരാളം മുടികൾ, തലമുടിയും താടിയും നെഞ്ചിലെ രോമങ്ങളും വെളുത്തിരുന്നു. എന്നാൽ ദൃഡവും പുഷ്ടിയുമുള്ള ശരീരം.
കണ്ട നിമിഷം പുഞ്ചിരിയോടെ ഞാൻ സലാം പറഞ്ഞു. സലാം മടക്കുമ്പോൾ അയാളും പുഞ്ചിരിച്ചു.
"കാക്കപറമ്പിൽ മുഹമ്മദ്‌ക്കാടെ മക്കൾ റസിയാത്തയുടെ വീടാണോ. "
"അതെ.... ആരാണ്..? "
"ഞാൻ റസിയാത്തയുടെ ഒരു അകന്ന ബന്ധു ഉമ്മർക്കാടെ മകനാണ്... റസിയാത്തക്കു അറിയും."
അയാൾ അകത്തേക്ക് കഴുത്ത് നീട്ടി വിളിച്ചു 'റസിയാ..'. എന്നോട് ഇരിക്കാൻ പറഞ്ഞു.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം തലയിൽ തട്ടമിട്ട് അതെ തട്ടം കഴുത്തിലൂടെ ചുറ്റിയിരുന്നു. മാക്സിയാണ് വസ്ത്രം. പ്രായം നാല്പതിനോട് അടുത്ത് തടിച്ച ശരീരം. ഞാൻ അവരെയും അവർ എന്നെയും കുറച്ചു നേരം നോക്കി.
"മോൻ എവിടുത്തെതാ.... "
"ഞാൻ ജമാലിക്കയുടെ അനിയനാണ്" അറിയുമോ എന്നറിയാൻ ഞാൻ അവരെ ഒരു നിമിഷം നോക്കി. "എന്റെ പേര് ഫൈസൽ എന്നാണ്..കൊരട്ടിക്കരയിലെ..." റസിയാത്തയുടെ മുഖത്ത് പെട്ടന്ന് ആശ്ചര്യവും അത്ഭുതവും ഒന്നിച്ചു വന്നു.
"ഫൈസി..നീ... വല്യ ചെക്കനായല്ലോ... " റസിയാത്ത എന്റെ അടുത്തേക്ക് വന്നു. ഞാൻ എഴുന്നേറ്റു നിന്നു. റസിയാത്ത എന്റെ തലമുടിയിൽ തലോടി. റസിയാത്തയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
"ഉമ്മ... ഉപ്പ... സുഖമല്ലേ.. "
"ഉപ്പ മരിച്ചു പോയി... ഉമ്മ വന്നിട്ടുണ്ട്.... ഉമ്മാക്ക് റസിയാത്തയെ കാണണമെന്ന് പറഞ്ഞു അതാ ഞാൻ... "
"എന്നിട്ട് ഉമ്മ എവിടെ... " കണ്ണ് നിറഞ്ഞു കൊണ്ട് അവർ ചോദിച്ചു..
"പുറത്ത് കാറിൽ... " ഞാൻ ഗൈറ്റിലേക്കു കൈ ചുണ്ടിയതും. റസിയാത്ത ഇറങ്ങി നടന്നു പിന്നിലായി ഞാനും.
കാറിന്റെ അടുത്ത് എത്തിയതും റസിയാത്ത.. 'ഉമ്മാ.. 'എന്ന് വിളിച്ചു. ഉമ്മ പെട്ടന്ന് ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നു. തന്റെ മുന്നിൽ നിൽക്കുന്ന പഴയ മരുമകളെ കണ്ടതും ഉമ്മയും കരയാൻ തുടങ്ങി.
"അകത്തേക്ക് പോരു...ഇങ്ങനെ കരയുന്നത് ആരെങ്കിലും കണ്ടാൽ എന്തെങ്കിലും വിചാരിക്കും... " എനിക്ക് പിന്നിൽ വന്നു അയാൾ പറഞ്ഞു...
റസിയാത്ത ഉമ്മയെ കാറിൽ നിന്നു പുറത്തിറക്കി പരസ്പരം കെട്ടിപ്പുണർന്നു.
ഉമ്മ റസിയാത്തയുടെ തോളിൽ കയ്യിട്ടും റസിയാത്ത ഉമ്മയുടെ അരയിൽ മുറുകെ പിടിച്ചും ആ വീട്ടിലേക്ക് നടന്നു. അവർക്ക് പിന്നിലായി ഞാനും ജെസിയും. അവർ പോകുന്നത് നോക്കി കൊണ്ട് ജെസി എന്റെ കൈകളിൽ കയറി പിടിച്ചു. ഉമ്മയുടെ ആഗ്രഹ സാഫല്യമുണ്ടായതിൽ എന്നെ മൗനമായി അഭിനന്ദിക്കുന്നതോടപ്പം എന്റെ കൃതജ്ഞതയിൽ പങ്ക് ചേരുകയായിരുന്നു ജെസിയുടെ കൈകളിലെ പിടുത്തമെന്നു ഊഹിച്ചു.
വീടിന്റെ അകത്തേക്ക് കയറുമ്പോൾ ഉമ്മതേങ്ങലിനിടയിലൂടെ പറയുന്നുണ്ടായിരുന്നു... "മോളെ ന്നോട് പൊറുക്കണം... "
"സാരല്യ മ്മാ... എല്ലാം പടച്ചോന്റെ വിധിയാണ്".
ചായ കുടിയുമായി കുറച്ചു സമയം ഞങ്ങൾ അവിടെ ചിലവഴിച്ചു. അകത്തു ഉമ്മയും മരുമക്കളുടെയും സംസാരങ്ങൾ കേട്ടു.
സന്തോഷത്തോടെ യാത്ര പറഞ്ഞു ഞങ്ങൾ പടിയിറങ്ങി. തിരിച്ചുള്ള യാത്രയിൽ ഉമ്മ തീർത്തും സന്തോഷവതിയായിരുന്നു താൻ കടമ നിർവഹിച്ച നിർവൃതിയിൽ പിന്നിലെ തല ചാരി വെച്ച് കണ്ണടച്ച് ഇരുന്നു.
വീട്ടിൽ എത്തി. കാർ നിർത്തിയിട്ടും ഉമ്മ അറിഞ്ഞില്ല. ഞാൻ വിളിച്ചു പലവട്ടം കുലുക്കി വിളിച്ചു. ഉമ്മയുടെ ഉടൽ തണുത്തിരുന്നു.. എന്നേക്കുമായി ഉമ്മ ഉറങ്ങി... ആരും വിളിച്ചാലും വിളികേൾക്കാത്ത ദൂരത്തേക്ക്.
---------------------------
നിഷാദ് മുഹമ്മദ്.
---------------------------
നിഷാദ് മുഹമ്മദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക