നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒളിച്ചോട്ടം..... (കഥ)


ഒളിച്ചോട്ടം..... (കഥ)
കത്രീന ഫോണിൽ കണ്ണും നട്ടിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി .. ഡേവിഡ് ഇതുവരെ വിളിച്ചിട്ടില്ല ... ഇതുവരെ ഇങ്ങിനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ആറുമാസമായി .. തുടർച്ചയായിട്ടുള്ള ശീലമാണ്... എന്തു പറ്റിക്കാണും .... ട്രീസയെ വിളിച്ചു നോക്കണോ.... മനസ്സിൽ എന്തോ വല്ലായ്മകൾ നിറഞ്ഞു......
പെട്ടന്ന് ഫോൺ റിങ്ങ് ചെയ്തു .... ഡേവിഡിന്റെ കോൾ ......
അവൾ ഫോൺ ചെവിയോടു ചേർത്തു.
"ഹലോ.... ".... ഡേവിഡിന്റെ മുഴക്കമുള്ള ശബ്ദം... "എന്തായി ഞാൻ പറഞ്ഞ കാര്യം..."
"അത് .... ഒളിച്ചോടുക എന്നൊക്കെ പറഞ്ഞാൽ ... എനിക്കെന്തോ .... നമുക്ക് ഒന്നുകൂടി ശ്രമിച്ചു നോക്കാം ചിലപ്പോൾ അനുകൂലമായലോ .....?"
കത്രീന പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"കത്രീന ... എനിക്ക് നിന്നെ കൂടാതെ പറ്റില്ല ... ഇനിയും കാത്തിരിന്നിട്ട് എപ്പഴാ ..."
"നാളെ ഞാൻ കാലത്ത് ഇവിടെ നിന്നും ഇറങ്ങും.... കോയമ്പത്തൂർ വന്നിട്ട് വിളിക്കാം അപ്പോൾ നീ വന്നാൽ മതി..... അവിടുന്ന് നമുക്ക് കൊച്ചിക്ക് പോകാം ഞാൻ ജയിംസിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് തൽക്കാലം അവൻ സഹായിക്കും ബാക്കി പിന്നീട് തീരുമാനിക്കാം..... ആർക്കും സംശയം ഇല്ലാതെ അവിടുന്ന് ഇറങ്ങണം ..... ക്രിസയോട് ഒന്നും പറയരുത് ....
അപ്പോൾ നാളെ കാണാം.. " .. ഡേവിഡ് ഫോൺ കട്ട് ചെയ്തു.
കത്രീനയ്ക്ക് എന്തോ ഒരു വിഷമം പോലെ പക്ഷെ ഡേവിഡിനെ ഓർത്തപ്പോൾ അവൾക്ക് ഒരു ഉൻമേഷം ലഭിച്ചു.....
അവൾ കസേരയിലേക്ക് തല താഴ്ത്തി ... മനസ്സിൽ ഡേവിഡിന്റെ മുഖം തെളിഞ്ഞു....
അവൾ ഫോണിൽ ഡേവിഡിന്റെ ചിത്രം എടുത്തു നോക്കി..... തന്റെ പ്രാണനായ ഡേവിഡ്....
ഡേവിഡിനെ ആദ്യമായി കണ്ടത് അവളോർത്തു.... തന്നെ കാണാൻ വന്ന ദിവസം .... അമ്മച്ചിയുടെ നിർബന്ധം കാരണം മാത്രമാണ് ഒരു പെണ്ണുകാണലിന് സമ്മതിച്ചത്..... പക്ഷെ കണ്ടപ്പോൾ ... മനസ്സിൽ ഒരു മോഹം .... മുഴക്കമുള്ള ആ ശബ്ദം അവൾക്കേറെ ഇഷ്ടമായി.
അവൾ ഫോണിൽ അവരുടെ മിന്നുകെട്ടിന്റെ ഫോട്ടോ നോക്കി... പഴയതായതിനാൽ മുഴുവനും ഇല്ല..... എന്നാലും ഡേവിഡ് തെളിഞ്ഞു നിൽക്കുന്നു. കെട്ട് കഴിഞ്ഞ് വളരെ സന്തോഷമായിരുന്നു. ഡേവിഡിന് അത്യാവശ്യം കൃഷിയൊക്കെയുണ്ടായിരുന്നു ഒപ്പം നാടകവും .... എത്രയെത്ര രാവുകൾ താൻ ഡേവിഡിന്റെ കൂടെ നാടകത്തിന് പോയതാണ്..... ഡേവിഡിന്റെ ശബ്ദം കാഴചക്കാരെ പ്രകമ്പനം കൊള്ളിക്കുന്നത് അൽപം അഹങ്കാരത്തോടെ ആസ്വദിച്ചത് കത്രീന കാർത്തു. ട്രീസ ഉണ്ടായതോടെ പിന്നെ താൻ അധികം പോയിട്ടില്ല. ക്രിസ കൂടെ വന്നതോടെ തീരെ നിർത്തി.....
പിന്നീട് ഡേവിഡും നാടകമൊക്കെ നിർത്തി.
പിള്ളാരുടെ പഠിത്തവും കെട്ടും കഴിഞ്ഞതോടെ വീണ്ടും തങ്ങൾ ഒറ്റക്കായി.
ട്രീസ ബാംഗ്ലൂരിലും ക്രിസ കോയമ്പത്തൂരും ആയിരിന്നു. .... അവർക്ക് അവിടെ ഫ്ലാറ്റ് വാങ്ങാനായി തങ്ങൾ താമസിച്ച വീടും സ്ഥലവും വിറ്റു.... വീതം വെച്ചത് ശരിയായ രീതിയല്ല എന്നും പറഞ്ഞ് മക്കളുടെ ഭർത്താക്കൻമാർ വഴക്കിട്ടുപിരിഞ്ഞു.
മക്കൾ രണ്ടു പേരും കൂടി അപ്പനേം അമ്മച്ചിയേയും കൂട്ടത്തിൽ വീതം വെച്ചു.....
ഡേവിഡ് ടീസക്കൊപ്പവും താൻ ക്രിസയുടെ കൂടെയും.
കഴിഞ്ഞ ആറുമാസമായി ...... പറ്റില്ല തനിക്ക് ആ മുഖം കാണാതെ ഇനിയും ജീവിക്കാൻ ....
പിറ്റേന്ന് കാലത്ത് ഡേവിഡ് കോയമ്പത്തൂർ വന്നു. അയാൾക്ക് ക്രിസയെ ഒന്നു കാണണം എന്നുണ്ടായിരുന്നു. പക്ഷെ .....
അയാൾ കത്രീനയെ വിളിച്ചു.....
അരമണിക്കൂറിനകം അവൾ വന്നു.
കൂടിക്കാഴ്ചയിൽ അവരുടെ മിഴികൾ ഈറനണിഞ്ഞു. കത്രീനയുടെ ശോഷിച്ച കൈവിരലുകൾ ആവേശത്തോടെ ഡേവിഡ് കോർത്തു പിടിച്ചു.അവളുടെ കൈത്തണ്ടയിലെ കറുത്ത മറുകിൽ അയാൾ മൃദുവായി തലോടി......
കൊച്ചിയിലേക്കുള്ള കേരള എക്സ്പ്രസിൽ അവർ അവരുടെ പുതിയ ജീവിതത്തിലേക്കുള്ള കാലടികൾ വെച്ചു.
ശ്രീധർ .....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot