Slider

നിയോഗം - part-2

0
നിയോഗം - part-2
*********
അയാൾ വരും വരെ ആ വലിയ മരത്തിന്റെ വേര് തടിയിൽ ഇരിക്കുക തന്നെ. വണ്ടി വഴിയിൽ നിന്നും അല്പം ഉള്ളിലേക്ക് കയറ്റി നിർത്തി ആ മരച്ചുവട്ടിൽ ഇരിപ്പുറപ്പിച്ചു. ചുറ്റുമൊന്നു കണ്ണോടിക്കുമ്പോൾ പേരറിയാ ചെടികൾ ചുറ്റും തഴച്ചു വളർന്നു നിൽക്കുന്നു. അതിൽ ഇന്നോളം കണ്ടിട്ടില്ലാത്ത പലതരം പൂക്കളും. കുന്നിൻ മുകളിലേക്ക് നോക്കിയപ്പോൾ കാഴ്ച്ച അവ്യക്തം. കാടിന്റെ ഇരുൾ ഭീതിതം തന്നെ. പലതരം പക്ഷികളുടെ ശബ്ദം. കുയിലുകൾ മറുപാട്ടു കേൾക്കാൻ കൊതിക്കുന്നു എന്നു തോന്നിപ്പോകും പോലെ കൂകി കൊണ്ടേ ഇരിക്കുന്നു. മെല്ലെ ആ താളത്തിൽ ചൂളമടിച്ചപ്പോൾ ദൂരെ കുയിലിനും വാശി കയറി. രസകരം. ചുണ്ടിൽ കുറുമ്പിന്റെ ചിരി പടരുമ്പോൾ ചൂളമടിക്കൊപ്പം മനസ്സ് ഓർമ്മകളെ വാരിക്കൂട്ടി മുന്നിലേക്ക് കുടഞ്ഞിട്ടു.
മുത്തശ്ശിമാവിന്റെ ചുവട്ടിൽ കണ്ണനോടും അപ്പുവിനോടും നീനയോടും രാഖിയോടുമൊപ്പം കുയിൽപാട്ടിനോട് മത്സരിച്ചത്. തോറ്റ് പറന്നു പോകുന്ന കുയിലിനെ കളിയാക്കി ചിരിച്ചത്. മുത്തശ്ശിമാവ് കണ്ണന്റെ വീട്ടുവളപ്പിൽ ആയിരുന്നു. അതായിരുന്നു അവധിക്കാലത്തെ തട്ടകം. മണ്ണപ്പം ചുട്ടും അച്ഛനുമമ്മയും കളിച്ചും കൊത്തങ്കല്
കളിച്ചും മദിച്ചു നടന്ന കാലം.
രാമേട്ടന്റെ കടയിൽ അമ്പത് പൈസ കൊടുത്തു വാടകയ്ക്കെടുക്കുന്ന സൈക്കിൾ ഓടിക്കൽ ആയിരുന്നു എന്റെ ഇഷ്ട വിനോദം. സൈക്കിൾ ഓടിക്കാൻ വേണ്ടി തന്റെ മുന്നിൽ കെഞ്ചുന്ന നീനയുടെ മുഖം കാണാൻ ഏറെ ഇഷ്ടമായിരുന്നു തനിക്ക്. അവളെ ആ കുഞ്ഞു സൈക്കിളിൽ പിന്നിലിരുത്തി പോകുമ്പോൾ ഒരു ഭർത്താവ് ഫീൽ അപ്പോഴേ ഉണ്ടായിരുന്നു ഉള്ളിൽ.
മുത്തശ്ശി മാവ് വീണ്ടും വയസ്സായി കൊണ്ടേ ഇരുന്നു.. ഞങ്ങൾ യൗവനത്തിലേക്കും കടന്നു. ജീവിതം തിരക്കിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ മുത്തശ്ശിമാവും കുയിൽ പാട്ടുകളും രാമേട്ടനും ഓർമ്മകളായി. അല്ല ജീവിതത്തിലെ നന്മകളെ നഷ്ടമായി. പിന്നീടങ്ങോട്ടും തനിക്ക് മാത്രരം നഷ്ടങ്ങൾ.
"കാത്തിരുന്നു മുഷിഞ്ഞോ"?ഓർമ്മകൾ നോവിൻ
ആഴത്തിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോളായിരുന്നു ആ ചോദ്യം മനസിനെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. നോക്കുമ്പോൾ അൽപ്പം കിതപ്പോടെ അയാൾ മുന്നിൽ നിൽക്കുന്നു. മുഖത്തു നേർത്ത ചിരിയുണ്ട് ഇപ്പൊ. ആ തണുപ്പിലും അയാൾ വിയർക്കുന്നുണ്ടോ.
"ഈ വഴി കുറച്ചു നടന്നു മുന്നോട്ട പോവണം എന്റെ വീടെത്താൻ. വണ്ടി പോവില്ല.
അതും പറഞ്ഞു അയാൾ ആ ചാക്ക് കെട്ട് എടുത്തു നടക്കാൻ തുടങ്ങി
"ചേട്ടാ ഞാൻ എത്തിച്ചു തന്നോട്ടെ?
എന്റെ ചോദ്യം കേട്ട് അയാൾ അന്തം വിട്ടുവോ. ഇവന് വേറെ ഒരു പണിയുമില്ലേ എന്നൊരു അർത്ഥം ആ
നോട്ടത്തിൽ ഉണ്ടോ.
അയാൾ ചാക്ക് കെട്ട് നിലത്തിറക്കി വെച്ചു.
പതുക്കെ തലയാട്ടി മുന്നിൽ നടന്നു.
മുകളിലേക്ക് ഒരു ഒറ്റയടി പാതയായിരുന്നു കണ്ടത്. നേർരേഖപോലെയും ഇടയ്ക്ക് കയറ്റിറക്ക ത്തിന്റെ അടയാളം പോലെ യും ആ വഴി കാണപ്പെട്ടു. വര്ഷങ്ങൾ കൊണ്ട് അയാൾ തീർത്തതാവാം ആ ഒറ്റയടിപാത. അതു കാണേക്കാണേ അതു അയാളുടെ ജീവിത രേഖപോലെ എന്നാരോ മന്ത്രിക്കും പോലെ.
ആ വഴി അവസാനിച്ചത് ഓടുമേഞ്ഞ ഒരു കൊച്ചു വീടിനു മുന്നിൽ ആയിരുന്നു. ആ വിജനതയിൽ ഒറ്റയ്ക്ക് ഈ മനുഷ്യൻ എന്തിനു,എങ്ങനെ ജീവിക്കുന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലല്ലോ ആഞ്ജനേയ!!!
മോൻ ഇരിക്ക്, ഞാൻ ഇപ്പൊ വരാം.
അയാൾ അകത്തേക്ക് കയറിപോയെങ്കിലും മോൻ എന്ന വിളി പഴ്സിലെ ചതുരക്കളിയിൽ ചിരിച്ചു നിൽക്കുന്ന എന്റെ ഹീറോയെ ഓർമ്മിപ്പിച്ചു. എന്റെ അച്ഛനെ
സഖാവ് ഹരീന്ദ്രനെ. അച്ഛന്റെ ഓരോ ഓർമ്മയും ഊർജ്ജമാണ്.
നാടിനു വേണ്ടി ഓടി നടക്കുമ്പോളും കുടുംബത്തെ നെഞ്ചോട് അടക്കിപ്പിടിച്ചിരുന്നു എന്നും അച്ഛൻ. അതു കൊണ്ട് തന്നെ അച്ഛന്റെ രാഷ്ട്രീയം എന്റെ ബാല്യത്തെയോ അമ്മയുടെ യൗവനത്തെയോ ബാധിച്ചിരുന്നില്ല. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ അച്ഛനെ സ്വന്തം പാർട്ടിയിൽ തന്നെ
പലരുടെയു കണ്ണിലെ കരടാക്കിയിരുന്നു.
എന്റെ പതിനഞ്ചാമത്തെ വയസ്സിൽ ആരുടെയോ കത്തിപ്പിടിയിൽ തീർന്ന ജന്മം ആയി അച്ഛന്റേത്. അതോടെ അമ്മ എന്റെ കാര്യത്തിൽ സ്വാർത്ഥയായി.
ജനിച്ച നാടും വീടും പിന്നെയൊരു ഇഷ്ടത്തെയും ഉപേക്ഷിച്ചു എന്റെയും പലായനം. നിറയുന്ന രണ്ട് കണ്ണുകളെ മനപ്പൂർവ്വം അവഗണിച്ചു അമ്മയ്ക്ക് വേണ്ടി.
"വലിയ ആലോചനയാണല്ലോ" ചോദ്യം കേട്ട് പരിസര ബോധം വന്നപ്പോഴേക്കും
അയാൾ കയ്യിൽ ചൂട് ചായ വെച്ചു
തന്നിരുന്നു. അയാൾ മുഷിഞ്ഞ ഡ്രസ് ഒക്കെ മാറ്റിയിട്ടുണ്ട്. കുളി കഴിഞ്ഞെന്നു തോന്നുന്നു. ചന്ദ്രിക സോപ്പിന്റെ വാസന. തമിഴർക്ക് ആ സോപ്പ് പ്രിയമാണെന്നു തോന്നുന്നു.
"ചേട്ടനിവിടെ ഒറ്റയ്ക്കാണോ?
"അല്ല.."
"പിന്നെ..?"
"അകത്തു ഒരാൾ കൂടിയുണ്ട്..."
"ആര് !!! ?"
"എന്റെ ഭാര്യ, ഭാരതി"
"എന്നിട്ടെന്താ അമ്മ പുറത്തു വരാത്തത്!!?
"അകത്തേക്ക് വരൂ", അയാൾ എഴുന്നേറ്റ് അകത്തേക്ക് കയറി
കൈയിലെ ചായഗ്ലാസ് മുന്നിലെ ടീപോയിൽ വെച്ചു അകത്തു കയറുമ്പോൾ ആകാംക്ഷ അങ്ങേയറ്റം ഉണ്ടായിരുന്നു.
രണ്ടു മുറികൾ ഉള്ള വീടായിരുന്നു അത്.എല്ലാം നല്ല വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു. ഹാളിൽ നിന്നു തന്നെ വലതു ഭാഗത്തെ റൂമിലേക്ക് അയാൾ നടന്നു. കർട്ടൻ എനിക്ക് അകത്തേക്ക് കയറാനായി നീക്കി വെച്ചു റൂമിലേക്ക് കടന്നോ എന്നു കൈയ്യാൽ ആംഗ്യം കാട്ടി...
കട്ടിലിൽ ഇളം നീല നിറത്തിൽ സാരി ചുറ്റി മെലിഞ്ഞൊരു രൂപം കിടക്കുന്നു.ഇടത് തിരിഞ്ഞു കിടക്കുന്നത് കൊണ്ട് മുഖം വ്യക്തമല്ല. ചോദ്യഭാവത്തിൽ ഞാൻ തിരിഞ്ഞു നോക്കി
"ഭാരതി... നിന്നെ കാണാൻ ഒരാള് വന്നിട്ടുണ്ട്. "
"എന്തിനാ ശ്രീധരേട്ടാ ....വയ്യ എനിക്കാരെയും കാണാൻ" ആ രൂപത്തിൽ
നിന്നും നേർത്ത ചിലമ്പിച്ച സ്വരം ഇടറി വീണു."
"വേണ്ട കിടന്നോട്ടെ" അതും പറഞ്ഞു തിരിഞ്ഞു വാതിലിനു നേരെ നടക്കുമ്പോൾ വീണ്ടും ആ ശബ്ദം
"മോൻ ഏതാ??!!"
മറുപടി പറയാൻ തിരിഞ്ഞതും കണ്മുന്നിലെ കാഴ്ച കണ്ടു ഞെട്ടി വിറങ്ങലിച്ചു.
"ഈശ്വരാ"...ഉള്ളിൽ നിന്നും അറിയാതെ വിളിച്ചു പോയി..
തുടരും.....
✍️സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo